'എ ജേണി ടു ഫ്യൂമിഗേറ്റഡ് ടൗൺസ്' ഡോക്യുമെൻററിയിൽ ഫെർനാണ്ടോ സൊളാനസ്

വിഷം തളിച്ച നഗരങ്ങളിലേക്കൊരു യാത്ര;സൊളാനസ്സിന്റെ അവസാന ചിത്രം

വനനശീകരണവും, ഏകവിളത്തോട്ടങ്ങളും, മോൺസാന്റോപോലുള്ള കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനവും അവയോടുള്ള സർക്കാർ സമീപനവും ചെറുകിട കർഷകരുടെ അരികുവത്കരണവും എല്ലാം സമാനതകളുള്ളതുതന്നെ- അർജൻറീനയായാലും ഇന്ത്യയിലായാലും.

പ്രശസ്ത ലാറ്റിനമേരിക്കൻ സംവിധായകനും മൂന്നാം സിനിമയുടെ സൈദ്ധാന്തികനും പ്രയോക്താവുമായ ഫെർനാണ്ടോ സൊളാനസ് വിട പറഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു. 2018ൽ റിലീസ് ചെയ്ത, വിഷം തളിച്ച നഗരങ്ങളിലേക്ക് ഒരു യാത്ര (എ ജേണി ടു ഫ്യൂമിഗേറ്റഡ് ടൗൺസ്) എന്ന ശ്രദ്ധേയമായ ഡോക്യുമെൻററിയാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ രചന. ബർലിൻ, സവോ പൗലോ, ബ്യൂനോസ് ഐറസ്, ഷെഫീൽഡ് മേളകളിൽ അവാർഡു നേടിയ ഈ ചിത്രം കൃഷിയുടെ പേരിൽ നടത്തുന്ന വിഷപ്രയോഗത്തിന്റെ ഭീകരമായ ഭവിഷ്യത്തുകൾ തുറന്നു കാട്ടുന്നു. കൃഷിക്കുവേണ്ടി എന്ന വ്യാജേന നടത്തുന്ന പരിസ്ഥിതി ധ്വംസനത്തിന്റെയും മനുഷ്യരുടെ ആരോഗ്യം തകർക്കുന്ന രാസ വിഷപ്രയോഗത്തിന്റെയും നേർക്കാഴ്ചകളിലേക്ക് അർജന്റീനയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ ക്യാമറ നമ്മെ കൊണ്ടുപോവുന്നു.

സൊളാനസ്സിന്റെ ക്യാമറക്കുമുന്നിൽ പൊട്ടിക്കരഞ്ഞുപോവുന്ന ടീച്ചറും ദൈന്യത്തിന്റെയും നിസ്സഹായതയുടെയും പാരമ്യത്തിലാണ്. സ്‌കൂളിനടുത്തുള്ള സോയാബീൻ പാടങ്ങളിൽ കാലാകാലം വന്ന്​ ആകാശത്തുനിന്ന് വിഷം തളിച്ച് പോവുന്നത് അവർ കണ്ടിട്ടുണ്ട്.

അർജന്റീനയിലെ സോൾട്ട എന്ന പ്രവിശ്യയിൽ നിന്നാണ് സൊളാനസ് യാത്ര ആരംഭിക്കുന്നത്. ലക്ഷക്കണക്കിന് ഏക്കർ ഭൂമിയിലെ മരങ്ങൾ മുഴുവൻ വെട്ടി വെളുപ്പിച്ച ഒരു പ്രദേശം. വൻതോതിൽ സോയബീൻ കൃഷി ചെയ്യാനായിരുന്നു ഈ നശീകരണം. വിശാലമായ കാട്​ വെട്ടിവെളുപ്പിക്കുന്നതും മരക്കുറ്റികൾ കത്തിക്കുന്നതുമാണ് ആദ്യം നാം കാണുക. അർജന്റീന ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളിലൊന്ന് സോയാബീനാണ്. ലോകത്തെ കയറ്റുമതി ചെയ്യപ്പെടുന്ന സോയാബീൻ എണ്ണയുടെ ഏതാണ്ട് പകുതിയും അർജന്റീനയിൽ നിന്നാണ്. ഈ ആവശ്യം നിറവേറ്റാനായി കടുംകൃഷി നടത്തുവാനും അതിൽനിന്ന് പരമാവധി ലാഭം കൊയ്യുവാനും മൊൺസാന്റോ പോലുള്ള ബഹുരാഷ്ട്രക്കമ്പനികൾ അവിടെ മത്സരിക്കുകയാണ്. കൃഷി ചെയ്യാൻ ജനിതകമാറ്റം വരുത്തിയ വിത്തുകളും ചെടികൾക്ക് സ്‌പ്രേ ചെയ്യാൻ ടൺ കണക്കിന് കീടനാശിനികളും തയ്യാറാക്കി അവർ വ്യാപാരം നടത്തുന്നു. പ്രാദേശിക ജനവിഭാഗങ്ങൾ പരമ്പരാഗത കൃഷിയൊക്കെ മതിയാക്കി നഗരങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യുന്ന അവസ്ഥയിലാണ്.

'എ ജേണി ടു ഫ്യൂമിഗേറ്റഡ് ടൗൺസ്' ഡോക്യുമെൻററിയിൽ നിന്ന്

ഇതിൽ പരസ്പരം ബന്ധപ്പെട്ട ഒട്ടേറെ പ്രശ്‌നങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. ഭൂമിക്കുമേലുള്ള വിച്ചി എന്ന പ്രാദേശിക ജനവിഭാഗത്തിന്റെ അവകാശങ്ങളെ അവഗണിച്ചുകൊണ്ടാണ് വനനശീകരണം. അവർ 200 കൊല്ലമായി അവിടെ താമസിക്കുന്നുവെന്ന്​ അവരുടെ മുഖ്യന്മാർ പറയുന്നുണ്ട്. സോയാബീൻ കൃഷി ചെയ്യാൻ വെട്ടിത്തെളിച്ചത് 12 ലക്ഷത്തോളം ഹെക്റ്റർ വനങ്ങളാണ്. വൻ വൃക്ഷങ്ങളോടൊപ്പം ബുൾഡോസറുകൾ ചെറുമരങ്ങളെയും കടപുഴക്കി. വിച്ചികളുടെ ഭക്ഷണത്തിന്റെ മുഖ്യ ഉറവിടം അവയാണ്. വൻകമ്പനികൾ വന്ന് വനമില്ലാതാക്കുമ്പോൾ പ്രാദേശിക - ദേശീയ സർക്കാരുകൾ പ്രദേശവാസികൾക്ക് ഒരു സഹായവും ചെയ്യുന്നില്ല. അവസാനം അവരുടെ അവസ്ഥയിലേക്ക് ചിത്രം തിരിച്ചുവരുന്നുണ്ട്. സോയാബീൻ നട്ട് വളമായും കീടനാശിനിയായും വിഷപ്രയോഗമാണ് പിന്നെയങ്ങോട്ട്. കമ്പനികൾക്ക് ലാഭമുണ്ടാക്കാനുതകുന്ന സങ്കരയിനം വിത്തുകൾ അടുത്ത കൊല്ലത്തേക്ക് സൂക്ഷിക്കാൻ കഴിയില്ല. പിന്നെ വീണ്ടും പുതിയത് വാങ്ങണം. മൊൺസാന്റോയും മറ്റും ലാഭത്തിനായി ജനിതകപരിവർത്തിത വിത്തിറക്കുന്നു. അതിന് വിലയും കൂടുതലാണ്. ഏക വിളത്തോട്ടം തൊഴിലും നശിപ്പിക്കും. കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന ആധുനിക യന്ത്രസംവിധാനങ്ങൾ കൊണ്ട് ഏകവിള എളുപ്പം കൊയ്‌തെടുക്കാം. ഏകവിളയ്ക്ക് വളവും കീടനാശിനിയും കൊടുക്കുന്ന തോത് കൂട്ടിക്കൊണ്ടേയിരിക്കണം. അങ്ങനെ ആകാശത്തുനിന്ന് സ്‌പ്രേ അടിക്കുന്നു. ഈ രാസവിഷങ്ങൾ വെള്ളത്തിൽ കലരുന്നു. ധാരാളം ആളുകളിലെത്തിച്ചേരുന്നു. ഇത്തരം വിവിധ വിഭാഗം ആളുകളുമായി അഭിമുഖമുണ്ട്. ആശുപത്രി വാർഡു സന്ദർശനങ്ങളുണ്ട്.

കൃഷി എന്നത് കാർഷിക വ്യവസായം അഥവാ അഗ്രിബിസിനസായി മാറിക്കഴിഞ്ഞപ്പോൾ അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യപ്പെടുന്നത് പ്രാദേശിക കർഷകരോടും നാട്ടുകാരോടുമുള്ള സംഭാഷണങ്ങളിലൂടെയാണ്.

കൃഷി എന്നത് കാർഷിക വ്യവസായം അഥവാ അഗ്രിബിസിനസായി മാറിക്കഴിഞ്ഞപ്പോൾ അത് നാനാരംഗങ്ങളിലും സാമൂഹിക- പാരിസ്ഥിതിക തലങ്ങളിലും സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യപ്പെടുന്നത് പ്രാദേശിക കർഷകരോടും നാട്ടുകാരോടുമുള്ള സംഭാഷണങ്ങളിലൂടെയാണ്. പ്രദേശവാസികൾക്ക് സ്വന്തം ആവശ്യത്തിനുളള ഭക്ഷണം ഉല്പാദിപ്പിക്കാൻ ഇനി കഴിയില്ലെന്ന് അവർ പറയുന്നു. നിരന്തരമായ കീടനാശിനി പ്രയോഗത്തിലൂടെ കാൻസറും ജനിതക വൈകല്യങ്ങളും പെരുകുന്നതായി ഡോക്ടർമാരും അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. പ്രയോഗിച്ച കളനാശിനികളിൽ ഗ്ലൈഫോസേറ്റ് (റൗണ്ടപ്പ്), ഏജൻറ്​ ഓറഞ്ച്, മെറ്റ് സൾഫ്യൂറോൺ മീഥൈൽ, അട്രാസീൻ എന്നിവയും കീടനാശിനികളിൽ എൻഡോസൾഫാൻ, പൈറിത്രീൻ എന്നീ ഉഗ്രവിഷങ്ങളുൾപ്പെടും.

ഒട്ടേറെ ഇരകളെയും വിദഗ്ദ്ധരേയും നേരിട്ടുകണ്ട് സൊളാനസ് സംസാരിക്കുന്നുണ്ട്. രാജ്യത്തെ ജനതയെ മുഴുവൻ വിഷത്തിലാറാടിക്കുന്നത് തടയുന്നതിൽ പരാജയപ്പെടുന്ന സർക്കാരിനെതിരെ അദ്ദേഹത്തിന് കടുത്ത രോഷമുണ്ട്. വ്യാപകമായി ജനങ്ങളുടെ രക്തത്തിൽ വിഷാംശം കലർന്നിരിക്കുന്നു. വിളകൾക്കുപയോഗിക്കുന്ന രാസവിഷത്തിന്റെ അളവ് തന്റെ രക്തത്തിലും കലർന്നിട്ടുള്ളത് വളരെ അധികമാണെന്ന് പരിശോധന നടത്തി സംവിധായകൻ സമർത്ഥിക്കുന്നുണ്ട്. എന്നാൽ, പ്രസവവാർഡിൽ കിടക്കുന്ന, ജനനവൈകല്യം ബാധിച്ച, നൂറുകണക്കിന് കുട്ടികളുടെ ദയനീയഅവസ്ഥയൊക്കെ കാണുമ്പോൾ ഇതെത്രയോ നിസ്സാരമെന്ന് അദ്ദേഹം കരുതുന്നു.

‘അഗ്രിബിസിനസിന്റെ തിന്മകളെക്കുറിച്ചുള്ള ആദ്യ ഡോക്യുമെന്ററിയല്ല ഇത്- ഫുഡ് ഇൻ കോർപറേറ്റഡ്, ദി വേൾഡ് എക്കോർഡിങ്ങ് ടു മൊൺസാന്റോ, ഔവ്വർ ഡെയ്‌ലി ബ്രെഡ് ഒക്കെ മുമ്പത്തെ ഉദാഹരണങ്ങളാണ് - എന്നാൽ, വിദേശ- കോർപറേറ്റുകമ്പനികൾ വ്യാപകമായി അടിച്ചേല്പിച്ച കൃഷിരീതികൾ മൂലം ഒറ്റ രാജ്യത്തിന് നേരിടുന്ന ദുരിതങ്ങളെന്ത് മാത്രം എന്ന് കാട്ടിത്തരുന്ന ചിത്രമാണിത്.'

ജീവിക്കുന്ന തെളിവുകളുടെയും, ഇരകളുടെ പ്രസ്താവങ്ങളുടെയും, ഫോട്ടോകളുടെയും, പഴയ രേഖകളുടെയും ഒക്കെ പിൻബലത്തോടെ ഈ അന്വേഷണാത്മക ഡോക്യുമെന്ററി വ്യക്തിതലം തൊട്ട് ആഗോളതലം വരെ കാർഷിക രാസവിഷങ്ങൾ ഉളവാക്കുന്ന ദുരന്തഫലങ്ങളെ തുറന്നു കാട്ടുന്നു.

സോയാബീനെന്ന ഒറ്റ വിളയിലൂടെ അർജന്റീനയിലെ വിശാലമായ പാടങ്ങളിൽ നടത്തിയ കാർഷികാധിനിവേശമാണ് സൊളാനസ് തുറന്നു കാട്ടുന്നത്. ഇത്തരത്തിലുള്ള കൃഷി സമ്പ്രദായം മണ്ണിനും മനുഷ്യർക്കും വിനാശകരമാണെന്ന് അദ്ദേഹം കാട്ടിത്തരുന്നു. കൊടുംവിഷങ്ങൾ കൊണ്ട് വികലാംഗരാവുന്ന നവജാത ശിശുക്കൾ തൊട്ട് വൻകിട കോർപറേഷനുകൾക്കുവേണ്ടി സ്വന്തം കൃഷിയിടങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന ചെറുകിട കർഷകർ വരെ വിനാശകരമായ ഈ കൃഷിയുടെ ഇരകളാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരങ്ങളുള്ളവർ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിന്റെഒരു ചിത്രം നമുക്കിതിലൂടെ ലഭിക്കുന്നു. വനനശീകരണം, വിത്തുകളുടെ ജനിതകമാറ്റത്തിലൂടെയുണ്ടാവുന്ന വിഷമതകൾ, കീടനാശിനികൾ, കളനാശിനികൾ തുടങ്ങിയവ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഏല്പിക്കുന്ന ആഘാതങ്ങൾ ഇവയിലെല്ലാം കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. സൊളാനസ്സിന്റെ ഇതര ചിത്രങ്ങളിലെന്നതു പോലെ ഇതിലുമുള്ളത് മനുഷ്യത്വത്തിലൂന്നിയ, നമ്മെ അസ്വസ്ഥരാക്കുന്ന, രാഷ്ട്രീയമായ ഒരു കാഴ്ചപ്പാടാണ്. ജീവിക്കുന്ന തെളിവുകളുടെയും, ഇരകളുടെ പ്രസ്താവങ്ങളുടെയും, ഫോട്ടോകളുടെയും, പഴയ രേഖകളുടെയും ഒക്കെ പിൻബലത്തോടെ ഈ അന്വേഷണാത്മക ഡോക്യുമെന്ററി വ്യക്തിതലം തൊട്ട് ആഗോളതലം വരെ കാർഷിക രാസവിഷങ്ങൾ ഉളവാക്കുന്ന ദുരന്തഫലങ്ങളെ തുറന്നു കാട്ടുന്നു.

പത്ത് ഭാഗങ്ങളായാണ് സ്പഷ്ടവും വ്യക്തവുമായി തന്റെപ്രമേയങ്ങൾ സൊളാനസ് ഇതിൽ അവതരിപ്പിക്കുന്നത്. ദുരന്തത്തിന്റെ നടുവിലേക്ക് തന്നെയാണ് അദ്ദേഹം എടുത്തുചാടുന്നത്. ഭൂമിയുടെ ആദ്യ അവകാശികളായ വിച്ചി ജനവിഭാഗം ഇപ്പോൾ വേലികൾക്കപ്പുറത്താണ് കഴിയുന്നത്. ആകാശത്തിൽനിന്ന് തളിക്കുന്ന രാസവിഷമഴ ഒഴിവാക്കാൻ പലരും പ്രദേശം വിട്ട് മറ്റ് ഗ്രാമങ്ങളിലേക്ക് താമസം മാറ്റുകയോ കുടിയൊഴിഞ്ഞു പോവുകയോ ചെയ്തു. അവരുടെ ഭക്ഷണത്തിന്റെ ഉറവിടമാണ് നശിപ്പിക്കപ്പെട്ടത്. വിശപ്പും വിഷംതളിയേറ്റതിന്റെ രോഗങ്ങളുമായി അപ്രത്യക്ഷരാകാൻ വിധിക്കപ്പെട്ടവരാണവർ. അവരുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഡോക്ടറെയോ അദ്ധ്യാപകനെയോ കണ്ടിട്ടില്ല. കുടിവെള്ളമടക്കം പ്രശ്‌നമായ സ്ഥിതിക്ക് അവരുടെ അതിജീവനം തന്നെ ഭീഷണി നേരിടുന്നു. സർക്കാരിനോടും ഭൂവുടമകളോടുമുള്ള അവരുടെ സഹായാഭ്യർത്ഥനകളും ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്നു.

സൊളാനസ്സിന്റെ ക്യാമറക്കുമുന്നിൽ പൊട്ടിക്കരഞ്ഞുപോവുന്ന ടീച്ചറും ദൈന്യത്തിന്റെയും നിസ്സഹായതയുടെയും പാരമ്യത്തിലാണ്. സ്‌കൂളിനടുത്തുള്ള സോയാബീൻ പാടങ്ങളിൽ കാലാകാലം വന്ന്​ ആകാശത്തുനിന്ന് വിഷം തളിച്ച് പോവുന്നത് അവർ കണ്ടിട്ടുണ്ട്. സോയാബീൻ തോട്ടങ്ങൾക്കുചുറ്റുമുള്ള ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങൾക്കും അർബുദമുൾപ്പെടെയുള്ള ശ്വാസകോശ സംബന്ധവും രക്തസംബന്ധവുമായ രോഗങ്ങളുണ്ട്. കാർഷിക വിഷങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഗർഭമലസലുകളും വികലാംഗ ശിശുക്കളുടെ ജനനവും വ്യാപകമാണെന്ന് ശിശുരോഗ വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു പരിസ്ഥിതി- കൃഷി വിദഗ്ദ്ധൻ പറയുന്നു: ‘ഏറ്റവും ഫലപുഷ്ടിയുള്ള ഭൂമിയിലാണ് ദശലക്ഷക്കണക്കിന് ഹെക്റ്ററിൽ സോയാബീൻ ഉല്പാദിപ്പിക്കുന്നത്. ആവാസവ്യവസ്ഥയുടെയും ജൈവവൈവിദ്ധ്യത്തിന്റെയും വിനാശം മാത്രമല്ല ഇതിന്റെ ഫലമായുണ്ടാവുന്നത്. ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒഴിഞ്ഞുപോക്ക് കൂടിയാണ്. രണ്ടു ലക്ഷം കാർഷികവിളത്തോട്ടങ്ങളും ഏഴു ലക്ഷം തൊഴിലുകളുമാണ് 1990 കളിൽ അർജന്റീനയ്ക്ക്​ ഇല്ലാതായത്. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങൾ, വിദ്യാലയങ്ങൾ, നാട്ടിൻപുറത്തെ വീടുകൾ എന്നിവ വഴിയോരക്കാഴ്ചകളാണ്. കീടങ്ങൾ, ജന്തുക്കൾ, ചിത്രശലഭങ്ങൾ എന്ന് വേണ്ട പക്ഷികൾക്ക് പോലും ഇനി അതിജീവിക്കാൻ കഴിയില്ല. തേനീച്ച വളർത്തലും മറ്റും തീർത്തും ഇല്ലാതായിക്കഴിഞ്ഞു. '

മൊൺസാന്റോയെപ്പറ്റി മാധ്യമങ്ങൾ ഒന്നും മിണ്ടില്ല. ടി.വിയും റേഡിയോയും പരിപാടികൾ നടത്തുന്നത് അവർ സ്​പോൺസർ ചെയ്തിട്ടാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയം ഇപ്പോൾത്തന്നെയുള്ളതിനാൽ ഇരകളും ഒന്നും മിണ്ടില്ല.

മൊൺസാന്റോയും ബി.എ.എസ്.എഫുമാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദികൾ. അവരാണ് എഴുപതുകളിൽ ഗ്ലൈഫോസേറ്റ് എന്ന കളനാശിനി വികസിപ്പിച്ചെടുത്തത്. അവരുടെ സോയാബീൻ ഒഴികെ മറ്റൊരു സസ്യത്തിനും ഇതിനെ പ്രതിരോധിക്കാൻ കഴിയില്ല. ഇതിന്റെ പേറ്റൻറ്​ കാലാവുധി തീർന്നപ്പോൾ പുതിയ ഒരിനം സോയ വികസിപ്പിച്ച് അതിന്റെ വിത്ത്​ അവർ സൗജന്യമായി ഒപ്പം വിതരണം ചെയ്തു. പേറ്റൻറ്​ കാലഹരണപ്പെട്ടത് മറികടക്കാനുള്ള തന്ത്രമായിരുന്നു ഇത്. സർക്കാർ ഇതിലൊന്നും ഇടപെട്ടില്ല. തന്നെയുമല്ല ബൊളിവിയ, പരാഗ്വെ തുടങ്ങിയ അയൽരാജ്യങ്ങളിൽ പുതിയ വിത്ത് വിതരണം ചെയ്യാൻ അവർ അനുവദിക്കുകയും ചെയ്തു. സോയ ഉപ്പാദനത്തിലെ അനിയന്ത്രിതമായ വളർച്ച വില ഇടിയുന്നതിനും പ്രതിസന്ധിക്കുമിടയാക്കി. ഒരു ലക്ഷത്തോളം ചെറുകിട ഉല്പാദകർക്ക് അവരുടെ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടപ്പോൾ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും വൻകിട ഭൂവുടമകളും അതിന്റെ ഗുണഭോക്താക്കളായി.

മൊൺസാന്റോയെപ്പറ്റി മാധ്യമങ്ങൾ ഒന്നും മിണ്ടില്ല. ടി.വിയും റേഡിയോയും പരിപാടികൾ നടത്തുന്നത് അവർ സ്​പോൺസർ ചെയ്തിട്ടാണ്. ജോലി നഷ്ടപ്പെടുമെന്ന ഭയം ഇപ്പോൾത്തന്നെയുള്ളതിനാൽ ഇരകളും ഒന്നും മിണ്ടില്ല. സർക്കാരും കാർഷിക വ്യവസായവും എപ്പോഴും സഖ്യത്തിലാണ്. ഭൂവുടമകളും നീതിന്യായവ്യവസ്ഥകളും പൊലീസും ഒക്കെ ചേർന്ന സഖ്യം നേരിടേണ്ടി വരുമ്പോൾ എന്തെങ്കിലും മാറ്റത്തിനെന്നല്ല, രക്ഷപ്പെടാൻപോലും ഇരകൾക്ക് അവസരമില്ല.

കീടനാശിനികളും കാർഷിക വിഷങ്ങളും കൊണ്ടുള്ള മലിനീകരണം നേരിട്ട് വിഷം തളിച്ച സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ധ്രുവപ്രദേശത്തും ഓരോ വ്യക്തിയുടെയും രക്തത്തിൽപ്പോലും കീടനാശിനികൾ എത്തിയിരിക്കുന്നു. മണ്ണിലൂടെ ചെടിയിലെത്തുന്ന വിഷങ്ങളെ ചുമമാ അങ്ങ് കഴുകിക്കളയാനാവില്ല. ഇതിന്റെ ഫലമോ? ഭക്ഷ്യവസ്തുക്കളിലും ജോലിസ്ഥലങ്ങളിലും വെള്ളത്തിലും രാസവിഷം കലരാൻ തുടങ്ങിയ 20ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ആഗോളതലത്തിൽ കാൻസറുകളുടെ എണ്ണം കുത്തനെ കൂടുന്ന പ്രതിഭാസമുണ്ടായി.

റൊസാറിയോവിലെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകരും 200 വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വിഷപ്രയോഗം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്.

ഡയറ്റർ വിച്ചോറെക് എന്ന ചലച്ചിത്ര നിരൂപകൻ പറയുന്നു: ‘കൂടി വരുന്ന രോഗങ്ങളും കൃഷിയിൽ പ്രയോഗിക്കുന്ന രാസവിഷങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ പഠനങ്ങളെ - ഉദാഹരണത്തിന്​ പാർക്കിൻസൺ, അൾഷിമേഴ്സ്, ഗ്ലൈഫോസേറ്റ് ബാധ മൂലമുള്ള കാൻസറുകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ - സർക്കാരും പ്രാദേശിക രാഷ്ട്രീയാധികൃതരും, സർവകലാശാലാ അധികാരികളും, മാധ്യമങ്ങൾ പോലും, ഒതുക്കി നിശ്ശബ്ദമാക്കുകയാണ്. സർവകലാശാലകൾ കമ്പനികളുടെ ഓർഡറുകളെ സാമ്പത്തികമായി ആശ്രയിക്കുന്നതിനാൽ ശാസ്ത്രഗവേഷണഫലങ്ങളെ കമ്പനികൾ സ്വാധീനിക്കും. സുരക്ഷിതത്വമില്ലാത്ത തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ, ഇങ്ങനെ മലിനീകരണം മൂലം മരിച്ചുകൊണ്ടിരിക്കുന്നവരെല്ലാം വ്യവസായത്തിന്റെ ലാഭത്തിനുവേണ്ടിയാണ് മരിക്കുന്നത് എന്ന വസ്തുതയും നിശ്ശബ്ദമാക്കപ്പെടുകയാണ് എന്നാണ്​ സൊളാനസ് ഓർമ്മിപ്പിക്കുന്നത്.'

എങ്കിലും എല്ലാം ഇരുളല്ല. ഇതിനെതിരായ പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും ദിശാസൂചകങ്ങളും ചിത്രത്തിലുണ്ട്. റൊസാറിയോവിലെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകരും 200 വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വിഷപ്രയോഗം നടന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. ഒരു ലക്ഷം പേരെ നിരീക്ഷണ വിധേയമാക്കി. ഇതിന് നേതൃത്വം നൽകിയ ഡാമിയൻ വെർസനാസി പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കണം: മൊൺസാന്റോയെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യുന്ന സമയത്ത് തെളിവ് നൽകാൻ ഈ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർവകലാശാലാധികൃതർ അവരുടെ ഓഫീസുകൾ അടച്ചുപൂട്ടുകയും ഉപകരണങ്ങൾ സൂക്ഷിച്ച മുറികൾക്ക് ചങ്ങലയിട്ട് തടസ്സപ്പെടുത്തുകയും ചെയ്തു എന്ന വസ്തുതയാണിത്. എങ്കിലും പുതിയൊരു ഉല്പാദന കേന്ദ്രം ആരംഭിക്കാൻ മൊൺസാന്റോ പദ്ധതിയിട്ടപ്പോൾ ജനങ്ങളുടെ എതിർപ്പുമൂലം അവരത് ഉപേക്ഷിക്കാൻ നിർബന്ധിതരായി.

രാഷ്ട്രീയമായ പരിപ്രേക്ഷ്യമുള്ള ജൈവപരിഹാരങ്ങളിലേക്കാണ് സംവിധായകൻ വിരൽ ചൂണ്ടുന്നത്.

ജൈവരീതിയിൽ ഭക്ഷണമുല്പാദിപ്പിക്കുന്ന ഹൊറിസോണ്ടെ സൂർ എന്ന സ്ഥാപനം സൊളാനസ് സന്ദർശിക്കുന്നുണ്ട്. കുറച്ച് നിലമുള്ള ഒരു കുടുംബത്തിന് അവർക്കാവശ്യമുള്ള ഭക്ഷണത്തിന്റെ വലിയൊരു പങ്ക് സ്വന്തം വിഭവങ്ങളുപയോഗിച്ചുതന്നെ പരിസ്ഥിതിചക്രത്തിനൊപ്പിച്ച്​ ജൈവമായി ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് അത് തെളിയിക്കുന്നു. സമ്മിശ്രകൃഷിയാണ് രാസകൃഷിയെക്കാൾ എന്തുകൊണ്ടും മെച്ചം; ചെലവു കുറഞ്ഞതും.
പൈറ്റിറ്റി എന്ന മറ്റൊരു പാരിസ്ഥിതിക കൃഷി ഗ്രൂപ്പ് ജൈവവൈവിദ്ധ്യത്തിൽ ഊന്നുന്നു. ഇറക്കുമതി ചെയ്ത ധാന്യങ്ങളോ എണ്ണവിത്തോ അവർ ഒഴിവാക്കുന്നു. കള പറിച്ചു കളയാറില്ല. രാസവളങ്ങളും കീടനാശിനിയുമില്ല. നാച്ചുറലേസാ വിവാ എന്ന മറ്റൊരു പ്രൊജക്റ്റ് 700 അംഗങ്ങളുള്ള, ജൈവ ഭക്ഷണമുത്പാദിപ്പിക്കുന്ന സഹകരണ സംരംഭമാണ്. രാഷ്ട്രീയമായ പരിപ്രേക്ഷ്യമുള്ള ജൈവപരിഹാരങ്ങളിലേക്കാണ് സംവിധായകൻ ഇതിലൂടെയെല്ലാം വിരൽ ചൂണ്ടുന്നത്.

ചിത്രത്തെക്കുറിച്ച് റോയ് സ്റ്റാഫോർഡ് പറയുന്നു: ‘പ്രാദേശിക ജനതയെ എങ്ങനെ വീണ്ടും അരികുവത്കരിക്കുകയും അദൃശ്യരാക്കുകയും ചെയ്യുന്നു എന്നതിന്റെ വിശദാംശങ്ങൾ ഞാനിതിൽ നിന്നാണ് പഠിച്ചത്. ആവാസവ്യവസ്ഥയുടെ നാശം ആഗോള പ്രശ്‌നമാണ് (തെക്കു കിഴക്കനേഷ്യയിലെ പാമോയിൽത്തോട്ടങ്ങൾ ഇതേ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.)’

ആഗോളവത്കൃതമായ ഇന്നത്തെ അവസ്ഥയിൽ വനനശീകരണവും, ഏകവിളത്തോട്ടങ്ങളും, മോൺസാന്റോപോലുള്ള ബഹുരാഷ്ട്ര കോർപറേറ്റ് കമ്പനികളുടെ പ്രവർത്തനവും അവയോടുള്ള സർക്കാർ സമീപനവും ചെറുകിട കർഷകരുടെയും കീഴാള ജനതയുടെയും അരികുവത്കരണവും എല്ലാം സമാനതകളുള്ളതുതന്നെ- അർജൻറീനയായാലും ഇന്ത്യയിലായാലും. എൻഡോസൾഫാൻ പോലുള്ള രാസവിഷ ഇരകളോടുള്ള ഔദ്യോഗിക സമീപനവും ഇതുപോലെ തന്നെ. ഇക്കാര്യം രാഷ്ട്രീയമായ ഉൾക്കാഴ്ചയോടെ രേഖപ്പെടുത്തുകയാണ് സൊളാനസ് ഈ മികച്ച ചിത്രത്തിലൂടെ ചെയ്തിട്ടുള്ളത്. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments