ബൂർഷ്വാ നാഗരികത ആത്യന്തികമായി കിരാതത്വത്തിലേക്കും നരഭോജിത്വത്തിലേക്കുമാണ് നയിക്കുന്നത് എന്ന് ചലച്ചിത്രമാധ്യമത്തിലൂടെ, ആ മാധ്യമത്തെയുൾപ്പെടെ പ്രശ്‌നവത്കരിച്ചുകൊണ്ട്, സമർത്ഥിക്കുന്ന ചിത്രമാണ് ഗോദാർദിന്റെ വീക്കെൻഡ്.
റൊലാങ്ങും ഒരു സുഹൃത്തും ടെറസിലിരുന്നു സംസാരിക്കുന്നതാണ് ഗോദാർദിന്റെ വീക്കെൻഡ് എന്ന സിനിമയുടെ തുടക്കം. താഴെ റോഡിൽ ഒരു നിസ്സാര കാറപകടം. അതിൽ നിന്നിറങ്ങിയ പുരുഷനും സ്ത്രീയും മറ്റേ കാറിന്റെ ഡ്രൈവറെ ഇടിച്ചും തൊഴിച്ചും ബോധം കെടുത്തുന്നു. അടുത്ത സീനിൽ നമ്മൾ കാണുന്നത് ബ്രായും പാന്റീസുമിട്ടു മേശപ്പുറത്തിരിക്കുന്ന കോറീൻ അവളുടെ ലൈംഗികാനുഭവം ഭർത്താവ് റൊലാങ്ങിനോടു വിരസമായി വിവരിക്കുന്നതാണ്. കോറീന്റെ അച്ഛനെ കൊന്ന് അയാളുടെ സമ്പത്ത് കൈക്കലാക്കാനുള്ള യാത്രയിലാണ് റൊലാങ്ങും കൊറീനും.
വാരാന്ത്യം ആഘോഷിക്കാൻ നഗരം വിട്ടുപോകുന്നവരുടെ കാറുകൾ തീർക്കുന്ന നീണ്ട നിരകളുണ്ടാക്കുന്ന ട്രാഫിക് ജാമിന്റെ ദൃശ്യമാണ് അടുത്തത്. ഇതിനിടയിലൂടെ തന്റെ സ്‌പോർട്‌സ് കാർ ഓടിച്ചു മുന്നിലെത്തിക്കാൻ റൊലാങ്ങ് പാടുപെടുന്നുണ്ട്. ഡ്രൈവർമാർ ഭ്രാന്തു പിടിച്ചപോലെ ഹോണടിക്കുന്നു; ചീത്ത വിളിക്കുന്നു; കാറിലിരുന്ന് മറ്റു പലതിലും വ്യാപൃതരാവുന്നു; പരസ്പരം ശപിക്കുന്നു. ഒടുവിൽ റൊലാങ്ങ് അറ്റത്തെത്തുന്നു. വലിയ ഒരപകടം നടന്ന് ശവങ്ങൾ റോഡിൽ ചിതറിക്കിടപ്പുണ്ട്. അതൊന്നും ഗൗനിക്കാതെ അയാൾ മുന്നോട്ട് കുതിക്കുന്നു.
ഒരു ചെറുപട്ടണത്തിലെ മറ്റൊരു വാഹനാപകടരംഗമാണ് അടുത്ത സീൻ. ഒരു ട്രാക്ടർ സ്‌പോർട്‌സ് കാറിലിടിച്ച് അതോടിച്ചിരുന്ന ചെറുപ്പക്കാരൻ മരിച്ചു. കാറിലുള്ള അയാളുടെ ഗേൾഫ്രണ്ട് ട്രാക്ടർ ഓടിച്ച കൃഷിക്കാരനെ തെറിവിളിക്കുന്നു. വഴക്കിനിടയിൽ അവൾ പറയുന്നുണ്ട്; ‘ഞങ്ങൾക്ക് പണമുണ്ട് എന്നതാണ് നിന്റെ പ്രശ്‌നം.' ജീവിതം ആസ്വദിക്കാൻ സൗകര്യമുള്ള വർഗത്തിൽപ്പെട്ടതിന്റെ ധാർഷ്ട്യവും കർഷകനോടുള്ള പുച്ഛവും അവളുടെ ഓരോ വാക്കിലുമുണ്ട്. ‘ഞാനും ട്രാക്ടറുമില്ലെങ്കിൽ നിങ്ങൾക്കൊന്നും ഭക്ഷണമുണ്ടാവില്ല' എന്നയാൾ പ്രതിവചിക്കുന്നു. അപകടം കണ്ടിട്ടും നിർത്താതെ ഓടിച്ചുപോയ ദമ്പതികളെ അവർ പഴിക്കുന്നു. ‘അങ്ങനെ കടന്നുപോകാമോ അവർ? നമ്മളെല്ലാം, മാർക്‌സ് പറഞ്ഞതുപോലെ, സഹോദരന്മാരല്ലേ?' എന്നയാൾ; ‘ജൂതന്മാർ, വൃത്തികെട്ട ജൂതന്മാർ' എന്നവൾ.
കൊറീന്റെയും റൊലാങ്ങിന്റെയും കാറപകടത്തിൽ തകർന്നപ്പോൾ ആ ഫ്രഞ്ച് നാട്ടിൻപുറത്ത് അവർ ഏതെങ്കിലും വാഹനത്തിനായി ശ്രമിക്കുന്നുണ്ട്. റോഡിലുടനീളം തകർന്ന കാറുകളും ശവങ്ങളുമാണ്. കാറിന്റെ സംസ്‌കാരം കൂട്ടത്തോടെയുള്ള സ്വയംവിനാശത്തിന് കാരണമാവുന്നുണ്ട്. അപകടത്തിൽ മരിച്ച ആളുടെ ഡിസൈനർ വസ്ത്രം സ്വന്തമാക്കാൻ കോറീൻ ശ്രമിക്കുന്നതും കാണാം. കൂട്ടിയിടിച്ചു തകർന്ന തന്റെ കാറിനടിയിൽനിന്ന് പുറത്തുകടക്കാൻ റൊലാങ്ങ് പാടു പെടുമ്പോഴും അത് ഗൗനിക്കാതെ കോറീൻ വിളിച്ചു കരയുന്നത് തന്റെ ബാഗ് പോയതിനെക്കുറിച്ചാണ്: ‘സഹായിക്കണേ! എന്റെ ഹെർമിസ് ബാഗ്!'
റൊലാങ്ങ് ദമ്പതികൾക്ക് കാറ് നഷ്ടപ്പെട്ടതിനെ തുടർന്നുവരുന്ന സീനുകൾ മിക്കതും റിയലിസത്തോട് വിടപറഞ്ഞ്, ‘സർറിയൽ' എന്നോ ‘അസംബന്ധം' എന്നോ വിശേഷിപ്പിക്കാവുന്ന ശൈലിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. 18ാം നൂറ്റാണ്ടിലെ വേഷത്തിൽ കടന്നുവരുന്ന, ഫ്രഞ്ച് വിപ്ലവത്തിലെ ഒരു പ്രമുഖനായിരുന്ന, ലൂയി അന്റൊയിനെ അവർ കണ്ടുമുട്ടുന്നു. ‘സ്വാതന്ത്ര്യം, കുറ്റകൃത്യം പോലെതന്നെ, അക്രമത്തിൽ നിന്നാണ് പിറക്കുന്നത്; നന്മ തിന്മയിൽനിന്ന് ഉടലെടുക്കുംപോലെ. പോരാട്ടം നീളും. സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തെ കൊല്ലും. മനുഷ്യനാണ് സമൂഹം സൃഷ്ടിച്ചതെന്ന് ആർക്കെങ്കിലും വിശ്വസിക്കാൻ കഴിയുമോ? ഇല്ല. പ്രകൃതിയുടെ വിവേകവും വിശ്രാന്തിയും മടുത്ത് മനുഷ്യൻ ദുഃഖിതനും ഭ്രാന്തനുമാകാൻ ആഗ്രഹിക്കുന്നു' എന്നാണയാൾ പറയുന്നത്. സിനിമയുടെ പിന്നീടുവരുന്ന ഇരുണ്ട ക്ലൈമാക്‌സിന് പറ്റിയ സ്വരമാണ് ഇതിലുള്ളത്.
സീൻ ആൻഡ് ഒയീസ് വിമോചനമുന്നണി റൊളാങ്ങ് കോറീൻ ദമ്പതികളെ ബന്ദികളാക്കുന്നു. ചെണ്ട കൊട്ടി, ശരീരത്തിൽ ചായം തേച്ച് ബന്ദികളെ റേപ്പ്ചെയ്യുന്ന കൂട്ടരാണ് ഈ ഹിപ്പി ‘വിപ്ലവകാരികൾ'. ക്യാമ്പിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച റൊളാങ്ങിനെ അവർ കശാപ്പു ചെയ്ത് കുശിനിക്കാരന്റെ പാത്രത്തിലിടുന്നു. കൊറീനും കാൽഫോൺ എന്ന ഗോറില്ലാ നേതാവും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന അവസാനരംഗത്തിൽ സംഭാഷണം ഇങ്ങനെയാണ്:
കോറീൻ: മോശമല്ല.
കാൽ ഫോൺ: ശരിതന്നെ, പന്നിയെ ഞങ്ങൾ ഇംഗ്ലീഷ് ടൂറിസ്റ്റുകളുടെ അവശിഷ്ടങ്ങളുമായി മിക്‌സ് ചെയ്തു.
കോറീൻ: റോളിലുള്ളവരുടെയൊ?
കാൽ ഫോൺ: അതെ. നിന്റെ ഭർത്താവിന്റെ അവശിഷ്ടങ്ങളും അതിൽ കാണും.
കോറീൻ: തിന്നുകഴിഞ്ഞാൽ പിന്നെ എനിക്ക് അതിനെപ്പറ്റി ഒട്ടും വേവലാതിയില്ല.
നരഭോജിത്വത്തിലേക്ക് നയിച്ച ‘വിപ്ലവ'മായിരുന്നു ഈ ഗോറില്ലകളുടേത്. മാർക്‌സിസ്റ്റുകാർ വിഭാവനം ചെയ്യുന്ന വിപ്ലവപ്രസ്ഥാനം നാഗരികതയുടെ നേട്ടങ്ങളിൽ വിശ്വാസമർപ്പിക്കുന്നു. വ്യാവസായികസമൂഹത്തിന്റെ പൊതു ഉടമസ്ഥതയ്ക്കുള്ള ഒരു മുൻ ഉപാധി എന്ന നിലയിലാണ് മുതലാളിത്തം ഉത്പാദന മാർഗങ്ങളെ മാറ്റിമറിക്കുന്നത്. എന്നാൽ, ഉത്പാദനോപാധികളെ സമൂഹനന്മയ്ക്കുവേണ്ടി യുക്തിസഹമായി പ്രയോജനപ്പെടുത്തുക എന്നതാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. ഫ്രഞ്ച് ഇടതുപക്ഷത്തിന്റെ സമീപനത്തിൽനിന്നു ഭിന്നമായി, വീക്കെൻഡിൽ ഗോദാർദ് നാഗരികതയുടെ ഇരുണ്ട മറുവശത്തെക്കുറിച്ച് കൂടുതൽ ആശങ്ക പ്രകടിപ്പിക്കുന്നു. ഏതോ നാഗരികപൂർവ ഭൂതകാലത്തിലേതാണ് അവസാനരംഗങ്ങളിലെ ആളുകളുടെ പെരുമാറ്റം. ‘എപ്പോഴാണ് നാഗരികത ആരംഭിച്ചത്?' എന്ന് കോറീൻ നേരത്തെ ചോദിക്കുന്നുണ്ട്. എംഗൽസിന്റെ കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്നിവയുടെ ഉദ്ഭവം എന്ന പുസ്തകത്തിൽ നാഗരികതയെക്കുറിച്ചു പറയുന്ന ഭാഗങ്ങൾ വിവരിക്കുന്ന ഒരു ഭാഗം സൗണ്ട് ട്രാക്കിൽ കേൾക്കുമ്പോൾ ദുഃസ്വപ്ന സമാനമായ ഭീകരകാഴ്ചകളിലൂടെയാണ് ക്യാമറ നമ്മെ കൊണ്ടുപോകുന്നത്. സോഷ്യലിസം അനിവാര്യമായും വിജയിക്കുമെന്ന വിശ്വാസം ഗോദാർദ് അതേപോലെ പങ്കിടുന്നുണ്ടോ എന്ന് വ്യക്തമല്ല.
‘നിങ്ങൾ സിനിമയിലോ യാഥാർത്ഥ്യത്തിലോ?' എന്ന ചോദ്യം ഒരു ഡ്രൈവർ അതിനിടയിൽ ഉയർത്തുന്നുണ്ട്. കർഷകന്റെ ഫാമിൽ പിയാനോവിൽ മൊസാർട്ടിന്റെ സംഗീതം വായിക്കുന്നത് ശ്രവിക്കുന്ന കൃഷിക്കാരുടെ ഷോട്ടുകളുണ്ട്. തുടർന്ന് ഒരു നീഗ്രോവും അൾജീരിയക്കാരനും ചേർന്ന് ആക്രിവണ്ടിയിൽ മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടുപോയി തള്ളുന്നതിന്റെ ദൃശ്യങ്ങളും അതിനിടയിലുള്ള പ്രഭാഷണങ്ങളുമുണ്ട്. ‘ഞങ്ങൾ കറുത്തവർ അമേരിക്കയോട് യുദ്ധത്തിലാണ് ' എന്നവർ പറയുന്നു. നാഗരികത, വർഗരഹിത സമൂഹം, സൈനിക ജനാധിപത്യം തുടങ്ങിയവയെപ്പറ്റി കത്തുന്ന കാറിനടുത്തിരുന്ന് പുസ്തകത്തിൽ നോക്കി ഒരാൾ വായിക്കുന്ന ഷോട്ടുകൾ കാണാം.
നായിക അമ്മയെ കൊല്ലുമ്പോൾ അവരുടെ ചോര തൊലിയുരിഞ്ഞ ഒരു മുയലിന് മേൽ പെയിൻറ് പോലെ ചൊരിയുകയാണ്. പിന്നെ പന്നിയുടെ തലയറുക്കുന്ന ദൃശ്യത്തിലേക്കും താറാവിന്റെ തലയറുക്കുന്ന ദൃശ്യത്തിലേക്കും ക്യാമറ പോകുമ്പോൾ അസഹ്യമായ ഈ യഥാർത്ഥ കാഴ്ചകൾ കാണാൻ കഴിയാതെ മിക്ക പ്രേക്ഷകരും കണ്ണ് പിൻവലിക്കും. വിപ്ലവകാരികളായ ഹിപ്പികൾ തോക്ക് ചൂണ്ടിയും വെടിവച്ചും ഭീഷണിപ്പെടുത്തി ഏതാനും പേരെ പിടിച്ചുകൊണ്ടു പോവുന്നു. അതിനിടയിൽ തോക്ക് ചൂണ്ടുന്ന സ്ത്രീയോട് ഒരാൾ പറയുന്നുണ്ട്, ‘50 മില്യൺ ബാങ്കിലുണ്ട്. അതിൽ പകുതി തരാം.' തുടർന്ന് ‘സപ്തംബറിലെ കൂട്ടക്കൊല' എന്ന ഖണ്ഡത്തിൽ റൊളാങ്ങിനെ കൊല്ലുന്ന ദൃശ്യമാണ് വരുന്നത്; കൊല്ലപ്പെട്ടവരെ പാചകം ചെയ്ത് ഭക്ഷിക്കുന്ന ദൃശ്യവും.
‘സമൂഹത്തിന്റെ നാളിതുവരെയുള്ള ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണ് . മർദ്ദകരും മർദ്ദിതരും നിരന്തരം പരസ്പരം എതിർത്തുകൊണ്ടിരുന്നു; ചിലപ്പോൾ തുറന്നും, ചിലപ്പോൾ ഒളിഞ്ഞും. ഈ സംഘർഷം സമൂഹത്തെ വിപ്ലവാത്മകമായി പുനഃസ്സംഘടിപ്പിക്കുന്നതിലോ സംഘർഷത്തിലേർപ്പെട്ട വർഗങ്ങളുടെ പൊതുവായ നാശത്തിലോ ആണ് കലാശിച്ചത് ' എന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ആശയത്തെ വ്യാഖ്യാനിക്കാനുള്ള ഒരു ശ്രമം ഗൊദാർദ് നടത്തുന്നുണ്ട്.
‘മുതലാളിത്ത വ്യവസ്ഥയെ തകർക്കുന്നതിൽ തൊഴിലാളി വർഗം പരാജയപ്പെടുകയാണെങ്കിൽ എല്ലാ വർഗങ്ങളുടെയും നാശമായിരിക്കും അതിന്റെ ഫലം. ‘തൊഴിലാളിവർഗം ഭരണവർഗ്ഗത്തെ നേരിടാൻ കെല്പ് നേടുന്നില്ലെങ്കിൽ, ഈ ദൗത്യം നിറവേറ്റാൻ കഴിവുള്ള ഒരു പാർട്ടി കെട്ടിപ്പടുക്കുന്നില്ലെങ്കിൽ, ഭക്തിനാടകം നടത്തുന്ന ഔദ്യോഗിക ഇടതുപക്ഷം സങ്കല്പിക്കുന്നതാവില്ല നമ്മുടെ ഭാവി; മറിച്ച് വീക്കെൻഡിനൊടുവിലെ അവസ്ഥ പോലിരിക്കും’ എന്ന് ഒരു അമേരിക്കൻ നിരൂപകൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
താൻ മാർക്‌സിസ്റ്റല്ലെന്നും മാർക്‌സിനെ വായിച്ചിട്ടില്ലെന്നും ആൻഡ്രൂ സാരിസുമായുള്ള അഭിമുഖത്തിൽ ഗോദാർദ് പറയുന്നുണ്ട്. മാവോ, കൊക്കക്കോള എന്നിവയൊക്കെ കുട്ടിക്കുഴച്ച് പ്രകോപനപരമായി താൻ മാർക്‌സിസത്തെപ്പറ്റി സംസാരിക്കാറുണ്ട്. 1965 ൽ കഹ്യേ ദു സിനിമയുമായുള്ള അഭിമുഖത്തിൽ, ഫ്രഞ്ചു സിനിമയിൽ കമ്യൂണിസ്റ്റുകാരില്ലെന്ന് ഗോദാർദ് പറയുകയുണ്ടായി: ‘അത് അസാദ്ധ്യമാണ്. ആരെങ്കിലും കമ്യൂണിസ്റ്റ്കാരന്റെ ജീവിതത്തെപ്പറ്റി സിനിമയെടുത്താൽ അയാൾക്ക് പാർട്ടിയിൽനിന്ന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരും.'
മുതലാളിത്ത വ്യവസ്ഥ അങ്ങേ അറ്റം ദുഷിച്ചതാണെന്നതിൽ അദ്ദേഹത്തിന് ഒട്ടും സംശയമില്ല. എന്നാൽ ആ വ്യവസ്ഥയെ പിഴുതെറിയുക ആരായിരിക്കും എന്നതിലാണ് സംശയം. യൂറോപ്പിൽ പലയിടങ്ങളിലും എന്നതുപോലെ ഫ്രാൻസിലും കമ്യൂണിസ്റ്റ് പാർട്ടി മുതലാളിത്ത വ്യവസ്ഥയുമായി വിട്ടുവീഴ്ച ചെയ്ത ഒന്നായിരുന്നു. മുതലാളിവർഗത്തിന്റെ പരമ്പരാഗത ശത്രുക്കളെല്ലാം ആ വ്യവസ്ഥയുമായി ഇണങ്ങി സഹവർത്തിത്വത്തിലായിരുന്നു. അതിനാൽ തൊഴിലാളികളെ മാറ്റത്തിന്റെ വക്താക്കളായി കാണാൻ പ്രയാസമായിരുന്നു. കർഷക മുന്നേറ്റങ്ങളിൽ പ്രതീക്ഷയർപ്പിച്ച കാല്പനിക വിപ്ലവകാരികളോടാണ് വ്യവസായത്തൊഴിലാളികളോടല്ല, 1968ലെ വിദ്യാർത്ഥി കലാപത്തിനുശേഷം ഗോദാർദ് ആഭിമുഖ്യം കാണിച്ചത്.
‘അമേരിക്കയുടെ ജീവിതരീതി പിന്തുടർന്ന ഫ്രഞ്ച് ബൂർഷ്വാസിയുടെ കപടനാട്യങ്ങൾക്കെതിരെയുള്ള ഒരു ആക്രോശ' മാണ് ഈ സിനിമയെന്ന് ജെയിംസ് കെൻഡ്രിക്ക് എന്ന നിരൂപകൻ ചൂണ്ടിക്കാട്ടുന്നു; ചരിത്രം, സാഹിത്യം സംസ്‌കാരം ഇവയെ പരാമർശിക്കുന്ന ഒരു പ്രഹേളികയുണ്ടാക്കി ആധുനികനാഗരികതയെ വിമർശിക്കുന്ന ചിത്രമാണത്. ഒരു കോമിക്ക് ഹൊറർ ഫിലിമിലൂടെ സിവിൽ സമൂഹത്തിന്റെ തകർച്ച അവതരിപ്പിക്കുന്ന ഗോദാർദ് ‘ക്രൂരത കണ്ട് ചിരിക്കുവാൻ പ്രേക്ഷകരെ ക്ഷണിക്കുക'യാണെന്ന് ജെ. ഹോബർമാൻ നിരീക്ഷിക്കുന്നു; അസംബന്ധമായ അവതരണ ശൈലിയുടെ കാര്യത്തിൽ ഗോദാർദിനെ ബെക്കറ്റിനോട് താരതമ്യപ്പെടുത്താവുന്നതാണ്.
കാറുകൾ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് ബൂർഷ്വാ അധഃപതനത്തിന്റെയും അക്രമത്തിന്റെയും പ്രതീകമായാണ്. ഉപഭോഗ സംസ്‌കാരത്തിന്റെ ദൃഷ്ടാന്തവുമാണവ. ഗതാഗതം എന്ന ആവശ്യത്തെ മുൻനിർത്തി വിവിധ വിഭാഗങ്ങൾക്കായി പ്രത്യേകതരം കാറുകളുണ്ടാക്കുന്ന കമ്പനികളും അവയുടെ ഉല്പാദന ശൃംഖലകളും അസംബ്ലി ലൈനുകളുമെല്ലാം എങ്ങനെ ചൂഷണാത്മകമായി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് പരിചിന്തനങ്ങളുണ്ട്. ചലനസ്വാതന്ത്ര്യം എന്ന മൗലികാവകാശം നിഹനിച്ച് ഒരു മർദ്ദനോപാധിയായി കാർ മാറുന്നതെങ്ങിനെ എന്ന് ചിത്രം കാട്ടിത്തരുന്നു. ഓരോ ആളും കാറുപയോഗിക്കുമ്പോൾ അതിന്റെ ഉപയോഗമൂല്യം നഷ്ടപ്പെടുന്നുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കുകളും കാറോട്ടവും മനുഷ്യരുടെ സമയം മെനക്കെടുത്തുന്നു. ഈ ചിത്രത്തിനുശേഷം എട്ടു വർഷം കഴിഞ്ഞ്, മോട്ടോർ കാറിന്റെ പ്രത്യയശാസ്ത്രം എന്ന ലേഖനത്തിൽ ഫ്രഞ്ച് ചിന്തകനായ ആന്ദ്രേ ഗോർസ് 1975 ൽ ചൂണ്ടിക്കാട്ടിയത് ഉദ്ധരിക്കുന്നത് ഇവിടെ പ്രസക്തമാണ്: ‘‘കൂട്ടക്കാറോട്ടം ഒരു തരത്തിൽ നിത്യജീവിതത്തിനുമേൽ ബൂർഷ്വാ പ്രത്യയശാസ്ത്രത്തിന്റെ പരമമായ വിജയം സാധിച്ചെടുക്കുന്നു. അത് ഓരോരുത്തർക്കും മറ്റുള്ളവരുടെയെല്ലാം ചെലവിൽ വ്യക്തിപരമായ ആനുകൂല്യങ്ങൾ നേടാമെന്ന മിഥ്യാസങ്കല്പം ഊട്ടി വളർത്തുന്നു. തനിക്ക് തോന്നിയ വേഗതയിൽ കാറോടിച്ചുപോവുന്നതിന് വിഷമം സൃഷ്ടിക്കുന്ന മറ്റെല്ലാവരെയും വഴിമുടക്കികളായി കണക്കാക്കി, ആലങ്കാരിക ഭാഷയിൽ ഓരോ നിമിഷവും അവരെ ‘കൊല്ലുന്ന' ഡ്രൈവറുടെ ക്രൂരവും ആക്രമണോത്സുകവുമായ സ്വാർത്ഥം ബൂർഷ്വാ സ്വഭാവം സാർവത്രികമായതിന്റെ ലക്ഷണമാകുന്നു.’’
ഈ ആശയത്തിന്റെചലച്ചിത്രഭാഷ്യം വീക്കെൻഡിൽ സ്പഷ്ടമാണ്.
സ്വാർത്ഥതാല്പര്യത്തിനായി മുന്നിലുള്ള എല്ലാറ്റിനെയും ഇടിച്ചുനിരത്തിയും തകർത്തും മനുഷ്യരെ അനാഥരാക്കി മുന്നേറുന്ന ബൂർഷ്വാ നാഗരികത ആത്യന്തികമായി കിരാതത്വത്തിലേക്കും നരഭോജിത്വത്തിലേക്കുമാണ് നയിക്കുന്നത് എന്ന് ചലച്ചിത്രമാധ്യമത്തിലൂടെ, ആ മാധ്യമത്തെയുൾപ്പെടെ പ്രശ്‌നവത്കരിച്ചുകൊണ്ട്, സമർത്ഥിക്കുന്ന ചിത്രമാണ് ഗോദാർദിന്റെ വീക്കെൻഡ്. ▮