John Wickന്റെ പ്രതികാര കഥ മലയാളത്തിൽ സബാൾട്ടൻ പൊളിറ്റിക്‌സ് പറഞ്ഞാൽ?

ഭൂമിയും സമ്പത്തും കയ്യാളുന്ന സവർണ്ണ നായകത്വങ്ങൾ 'കള'കളാണെന്നും കീഴാള ജനത അതിന്റെ രാഷ്ട്രീയ വിജയം കൈവരിക്കേണ്ടതുണ്ടെന്നും പറയുന്ന ഒരു രാഷ്ട്രീയത്തിന്റെ സിനിമാറ്റിക്കായ ഫാന്റസിയെ അവതരിപ്പിക്കുകയാണ് കളയിലൂടെ വി.എസ്.രോഹിത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം വാജ്പെയ് ഭരണകൂടത്തിന്റെ ഷൈനിങ്ങ് ഇന്ത്യ കാലത്ത്, മംഗലശ്ശേരി നീലകണ്ഡനും പൂവള്ളി ഇന്ദുചൂഢനും നരസിംഹമന്നാടിയാരുമല്ല എന്റെ ഹീറോ എന്ന് രോഹിത് പറഞ്ഞു വെക്കുന്നു. അയാളുടെ ഹീറോ, അട്ടപ്പാടിക്കാരനായ നായാടിയാണ്- പി.ജിംഷാർ എഴുതുന്നു

Dusan Milicന്റെ സെർബിയൻ സിനിമയായ Gucha - Distant Trumpetന്റെ സ്വാധീനം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിൽ ദർശിക്കും പോലെ, Fred Zinnemann സംവിധാനം ചെയ്ത The Day of the Jackal ആഗസ്റ്റ് 1 എന്ന സിബി മലയിൽ സിനിമയിലേക്ക് പരാവർത്തനം ചെയ്തത് പോലെ, Alfred Hitchcockന്റെ വിഖ്യാത ചലച്ചിത്രം Vertigo മാന്നാർ മത്തായി സ്പീക്കിങ്ങ് ആയതുപോലെ, Chad Stahelskiയുടെ John Wickനോട് മൗലികമായ കടപ്പാടുണ്ട്, വി.എസ്.രോഹിത്തിന്റെ കളയിലെ നായാടിയ്ക്ക്.

തന്റെ അരുമയായ പട്ടിയെ കൊന്നതിന് പ്രതികാരത്തിനിറങ്ങുന്ന ജോൺവിക്കിന്റെ കഥ, മലയാളത്തിൽ സാധ്യമാക്കുകയാണ് വി.എസ്.രോഹിത്. ഏറെ ശ്രമകരമായ ഈ അഡാപ്ഷനെ കളർച്ചറലായും പൊളിറ്റിക്കലായും ക്രിയേറ്റീവായും സാക്ഷാത്കരിക്കുന്നു. ലോകത്തിലെ വിവിധ ആശയങ്ങളും ആവിഷ്‌ക്കാരങ്ങളും പുനർനിർമ്മിക്കാനും അപഗ്രഥിക്കാനും അതുവഴി സാമൂഹ്യമാറ്റം നടത്താനും കഴിയുമെന്ന രാഷ്ട്രീയ ഉത്തരവാദിത്വത്തെ, കലാകാരനെന്ന നിലയിൽ സാധ്യമാക്കാൻ John Wick എന്ന സിനിമയുടെ കഥാതന്തുവിനെ ഉപയോഗിക്കുക. ഇന്ന് വർത്തമാന കാല ഇന്ത്യ ആവശ്യപ്പെടുന്ന സബാൾട്ടൻ പൊളിറ്റിക്‌സിലേക്ക്, John Wickന്റെ കഥാതന്തുവിനെ സന്നിവേശിപ്പിക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യത്തിലെ കേരളത്തിലെ ഒരു ഒറ്റപ്പെട്ട ഫ്യൂഡൽ വീടും പരിസരവും തെരഞ്ഞെടുക്കുക. ഇന്ത്യ-പാക്കിസ്ഥാൻ, കാർഗിൽ യുദ്ധം നടക്കുന്ന 1999കളിൽ എക്‌സ് മിലിട്ടറിയായ രവിയുടെ ഷാജി നിവാസിലാണ് കള എന്ന ചലച്ചിത്രം ആരംഭിക്കുന്നത്. സംഘപരിവാർ പ്രത്യേയശാസ്ത്രം അതിന്റെ അധികാരത്തെ ഏറ്റവും പ്രകടമാക്കാൻ തുടങ്ങിയ അക്കാലത്ത് നിന്ന് രോഹിത് ആരംഭിക്കുകയാണ്.

ഈ തുടക്കം തന്നെ കള തികഞ്ഞൊരു രാഷ്ട്രീയ സിനിമയാണെന്ന് പ്രഖ്യാപിക്കുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം വാജ്‌പെയ് ഭരണകൂടത്തിന്റെ ഷൈനിങ്ങ് ഇന്ത്യ കാലത്ത്, മംഗലശ്ശേരി നീലകണ്ഡനും പൂവള്ളി ഇന്ദുചൂഢനും നരസിംഹമന്നാടിയാരുമല്ല എന്റെ ഹീറോ എന്ന് രോഹിത് പറഞ്ഞു വെക്കുന്നു. അയാളുടെ ഹീറോ, അട്ടപ്പാടിക്കാരനായ നായാടിയാണ്.

കളയിൽ ടൊവിനോ തോമസ്
കളയിൽ ടൊവിനോ തോമസ്

മല്ലീശ്വരൻ മുടിയുടെ അധിപനായ മല്ലീശ്വരനെന്ന ദ്രാവിഡ ദൈവമാണ്. അയാൾ വരുന്നത്, John Wickനെ പോലെ തന്റെ അരുമയായ പട്ടിയെ കൊന്നവനോടുള്ള പ്രതികാരത്തിനാണ്!... മാരി സെൽവരാജിന്റെ പരിയേരും പെരുമാൾ, പാ രഞ്ജിത്തിന്റെ കബാലി, തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയിൽ ശക്തമായ സബാൾട്ടൻ പൊളിറ്റിക്‌സ് മുന്നോട്ട് വെക്കുന്നുണ്ട് കള. പറശ്ശിനക്കടവിലെ മുത്തപ്പൻ തന്റെ തോഴനായ പട്ടിയെ കൊന്നതിന് പ്രതികാരം ചെയ്യാൻ വന്നാൽ എങ്ങനെ ഇരിക്കും? എന്നതാണ്, എനിക്ക് കളയുടെ കാഴ്ച. ഈ കാഴ്ചാനുഭവത്തിൽ തന്റെ മുൻചിത്രങ്ങളായ അഡ്‌വഞ്ചേഴ്‌സ് ഓഫ്‌
ഓമനക്കുട്ടൻ, ഇബ്ലീസ്, എന്നിവയുടെ നിലവാരം കളയും പുലർത്തുന്നുണ്ട്. അടുത്ത രോഹിത് സിനിമയും ആദ്യ ദിനം തന്നെ തിയേറ്ററിൽ കാണാൻ ശ്രമിക്കുമെന്ന തീരുമാനത്തെ ഉറപ്പിക്കുന്നുണ്ട്, രോഹിത്തിന്റെ പുതിയ സിനിമയും.

ദീപ മേത്തയുടെ Earth എന്ന സിനിമയിൽ കാമുകിയെ ബലാത്സംഗം ചെയ്ത് കലാപകാരികൾക്ക് ഇട്ടുകൊടുക്കുന്ന പ്രതിനായക വേഷം സ്വീകരിച്ച അമീർഖാനും, വിധേയനിലെ ഭാസ്‌ക്കര പട്ടേലരുടെ മമ്മുട്ടിയുടെ പ്രകടനത്തിനും സമാനമായ തീരുമാനവും നിലപാടും, കളയിലെ ഷാജി എന്ന കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ടൊവീനോ തോമസ് സാധ്യമാക്കുന്നു. തന്നിലെ താരത്തിന്റെ പരിമിത ചിന്തകളെ മറികടന്നെടുത്ത തീരുമാനത്തിനും സിനിമയുടെ രാഷ്ട്രീയ നിലപാടിനോട് സത്യസന്ധമായി കൂടെ നിൽക്കാൻ കാണിച്ച രാഷ്ട്രീയ ധീരതയ്ക്ക് അഭിനന്ദനം രേഖപ്പെടുത്തുന്നു. താരതമ്യേന പുതുമുഖമായ സുമേഷ് മൂറിന്റെ (പതിനെട്ടാം പടി ആദ്യ സിനിമ) നായാടിയുടെ ജീവിതത്തിൽ വില്ലനായി നിൽക്കാനും, ആ സിനിമ നിർമ്മാണത്തിൽ പങ്കാളിയാകാനും കാണിച്ച പക്വതയെ കലാകാരന്റെ രാഷ്ട്രീയ ഉത്തരവാദിത്വമായി തന്നെ രേഖപ്പെടുത്താൻ കഴിയും. വരാനിരിക്കുന്ന ചലച്ചിത്രങ്ങളുടെ ആഖ്യാന കേന്ദ്രത്തിലേക്ക്, കീഴാള ജീവിതങ്ങളെ സ്‌ഫോടനാത്മകമായി എടുത്തുവെക്കാൻ സാധ്യമാകുന്ന തരത്തിൽ തറയൊരുക്കാനുള്ള ശ്രമങ്ങൾക്ക് കയ്യടി കൊടുത്തേ മതിയാകൂ.

അമൽ നീരദിന്റെ വരത്തൻ സിനിമയിലെ നായിക പ്രിയയെ സമീപവാസികൾ ഒളിഞ്ഞുനോക്കുമ്പോൾ, ദൃശ്യ ശബ്ദ വിന്യാസങ്ങളാൽ അനുഭവപ്പെടുന്ന ഒളിഞ്ഞുനോട്ടത്തിന്റെ ഭീതി സൃഷ്ടിക്കുന്ന ആഖ്യാനകൗശലം എഡിറ്റിങ്ങിലും ഛായാഗ്രഹണത്തിലും സംഗീതത്തിലും കളയും പിൻതുടരുന്നുണ്ട്. എന്നാൽ വരത്തനിലെ പോലെ സീനുകളുടെ വളർച്ചയ്ക്ക് അനുസരിച്ച് ചേരുംപടിയല്ല കളയിൽ ഈ ആഖ്യാന കൗശലം പ്രയോഗിക്കപ്പെട്ടത് എന്നതാണ്, പ്രധാന ന്യൂനതയായി അനുഭവപ്പെട്ടത്. കട്ടൻചായയിൽ ഉറുമ്പ് വീണ് കിടക്കുന്നതും, പാത്രം കഴുകുന്നതും, ഇല അനങ്ങുന്നതും വരെ ഭീതിയോടെ കാണിച്ചു കൊണ്ടേയിരിക്കുന്നത് പലപ്പോളും സംവേദനത്തിന് തടസമായി. ആവർത്തിച്ചാവർത്തിച്ചുള്ള ഈ ദൃശ്യവിന്യാസം മിഥുനം സിനിമയിലെ തേങ്ങയുടക്ക് സ്വാമി എന്ന ഫീലിലേക്ക് കൊണ്ടു പോകുന്നുണ്ട്. കാണികളെ സിനിമയിലേക്ക് പ്രവേശിപ്പിക്കാതെ അകറ്റി നിർത്തിയാണ്, ഇടവേളയ്ക്ക് തൊട്ടുമുമ്പ് വരെ സിനിമ നിലകൊള്ളുന്നത്. ഇടവേളയോടെ വേഗം കൈവരിക്കുന്ന സിനിമ പിന്നീട്, മാലപ്പടക്കത്തിന് തീ കൊടുത്ത പോലെ പൊട്ടിത്തെറിച്ച് അവസാനിക്കുന്നു.

കളയുടെ തിയേറ്റർ അനുഭവത്തിന്റെ അഡ്രിനാലിൻ റഷ്, പോരുകോഴികളെ പോലെ പോരടിക്കുന്ന നായകനും പ്രതിനായകനുമാണ്!... സുമേഷ് മൂറും ടൊവീനോ തോമസും അസാമാന്യ മികവ് പുലർത്തുന്ന സംഘടന രംഗങ്ങൾ കളയുടെ പ്രത്യേകതയാണ്. ഏറെ രാഷ്ട്രീയ മാനങ്ങളുള്ള ഒരു ഇടിപ്പടമാണ് കള. അല്ലെങ്കിൽ John Wickന്റെ തദ്ദേശീയ രൂപമാണ് കള.

ഭൂമിയും സമ്പത്തും കയ്യാളുന്ന സവർണ്ണ നായകത്വങ്ങൾ "കള'കളാണെന്നും കീഴാള ജനത അതിന്റെ രാഷ്ട്രീയ വിജയം കൈവരിക്കേണ്ടതുണ്ടെന്നും പറയുന്ന ഒരു രാഷ്ട്രീയത്തിന്റെ സിനിമാറ്റിക്കായ ഫാന്റസിയെ അവതരിപ്പിക്കുകയാണ് വി.എസ്.രോഹിത്. ഈ കാരണം കൊണ്ട് തന്നെ പ്രിയപ്പെട്ട സിനിമയും മറ്റൊരാളോട് കാണാൻ ശുപാർശ ചെയ്യുകയും ചെയ്യുന്ന സിനിമയാണ് "കള'.


Summary: ഭൂമിയും സമ്പത്തും കയ്യാളുന്ന സവർണ്ണ നായകത്വങ്ങൾ 'കള'കളാണെന്നും കീഴാള ജനത അതിന്റെ രാഷ്ട്രീയ വിജയം കൈവരിക്കേണ്ടതുണ്ടെന്നും പറയുന്ന ഒരു രാഷ്ട്രീയത്തിന്റെ സിനിമാറ്റിക്കായ ഫാന്റസിയെ അവതരിപ്പിക്കുകയാണ് കളയിലൂടെ വി.എസ്.രോഹിത്. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം വാജ്പെയ് ഭരണകൂടത്തിന്റെ ഷൈനിങ്ങ് ഇന്ത്യ കാലത്ത്, മംഗലശ്ശേരി നീലകണ്ഡനും പൂവള്ളി ഇന്ദുചൂഢനും നരസിംഹമന്നാടിയാരുമല്ല എന്റെ ഹീറോ എന്ന് രോഹിത് പറഞ്ഞു വെക്കുന്നു. അയാളുടെ ഹീറോ, അട്ടപ്പാടിക്കാരനായ നായാടിയാണ്- പി.ജിംഷാർ എഴുതുന്നു


Comments