‘അപൂര്‍ണ്ണത്തിന്റെ ഭംഗി: പുതിയ ജനാധിപത്യ മുന്‍കൈയുകളുടെ ആത്മബോധം' എന്ന കുറിപ്പില്‍ ടിയെന്‍ ജോയ് ബി ജെ പി യ്‌ക്കെതിരായ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമുന്നണി നിരയില്‍ കോണ്‍ഗ്രസ്സിന് പ്രധാന പങ്കുവേണം എന്നെഴുതുന്നുണ്ട്. അതു സ്വപ്നം കാണുന്നുണ്ട്. ഹിന്ദുത്വഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം എന്തുചെയ്യണം എന്നു ചര്‍ച്ച ചെയ്യുന്നിടത്താണ് ഫാഷിസത്തെ ജീവിതംകൊണ്ടു പ്രതിരോധിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച് നജ്മല്‍ ബാബുവായി മാറിയ ജോയ് ഒരു ദശകത്തിന് മുമ്പ് ഇതെഴുതുന്നത്.വിവിധ തലത്തിലുള്ള പൊതുതെരഞ്ഞെടുപ്പുകളില്‍ അനേകം തവണ പരാജയപ്പെടുത്തപ്പെട്ടിട്ടും സംഘപരിവാര്‍ കേരളത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നതിന്റെ അടിസ്ഥാനം എന്താവും? ഓരോ ഘട്ടത്തിലും പുതിയ സ്റ്റോറീസുമായി എത്തി സാധ്യതകളെ ജ്വലിപ്പിച്ചു നിര്‍ത്താന്‍ ആത്മവിശ്വാസം നല്‍കുന്ന കാര്യങ്ങള്‍ എന്തൊക്കയാണവര്‍ ഇതുവരെയുള്ള രാഷ്ട്രീയപ്രയോഗങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടാവുക? ഒരു ഗ്രാമപഞ്ചായത്ത് മെമ്പര്‍ പേലും ഇല്ലാതിരുന്ന വിദൂരഭൂതകാലത്തും വിരലിലെണ്ണാവുന്ന ജനപ്രതിനിധികള്‍ മാത്രം ഉണ്ടായി വന്ന സമീപഭൂതകാലത്തും ഭാരതീയ ജനസംഘവും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടിയും അവസാനിക്കാത്ത ആസക്തിയോടെയും പ്രതീക്ഷയോടേയും കേരളക്കരയില്‍ ആധിപത്യമുറപ്പിക്കാനുള്ള പോരാട്ടത്തിനിറങ്ങുന്നത് എന്തു മനസ്സില്‍ വച്ചാവും എന്ന ആലോചനയാണ് ഈ കുറിപ്പിന് ആധാരം. ഇടതുപക്ഷത്തിനും ഇതര മതേതര പ്രസ്ഥാനങ്ങള്‍ക്കും അജയ്യമായ ശക്തിയുണ്ടെന്ന് പറയപ്പെടുന്ന മലയാളനാടിനെ സംബന്ധിച്ച് സംഘപരിവാര്‍ ദി കേരള സ്റ്റോറി എന്ന ചലച്ചിത്രവുമായി വന്ന പശ്ചാത്തലത്തിലാണ് ഈ ചിന്തകള്‍ പങ്കുവെക്കുന്നത്.
സംഘപരിവാരിന്റെ കേരള കഥകള്‍ ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ പ്രയോഗിക്കുന്ന നറേറ്റീവുകളില്‍ നിന്ന് വ്യത്യസ്തമാകേണ്ടതുണ്ട് എന്ന് ഒരോ കാലത്തേയും കേരള അനുഭവങ്ങളില്‍ നിന്ന് സംഘപരിവാര്‍ പഠിച്ചിട്ടുണ്ട്. ഈ പഠനത്തിന്റെ ഫലങ്ങളാണ് സിനിമയായും പുത്തന്‍ കൂട്ടുകെട്ടുകളായും ന്യൂനപക്ഷമത വിഭാഗങ്ങളുടെ ആഘോഷങ്ങളിലും മതാചാരചടങ്ങുകളിലുമൊക്കെയുള്ള സാന്നിദ്ധ്യമായും നേതാക്കളുടെ വീടുകയറലായും ദളിതുകളെ ചേര്‍ത്തുപിടിക്കാനുള്ള ശ്രമങ്ങളായും ആവിഷ്‌കൃതമാവുന്നത്. കേരളീയ സവിശേഷതകളോടെയുള്ള ഹിന്ദുത്വപരിവാരത്തിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങളെ ചലിപ്പിക്കുന്നത് പലപ്പോഴും കേന്ദ്രനേതൃത്വമാണ്. കേരളത്തില്‍ മാത്രമായി പ്രവര്‍ത്തിച്ചാല്‍ കേരളം പിടിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തില്ല എന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ദേശിയതലത്തില്‍ തന്നെ പ്രചാരം കൊടുക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍. ഇന്ത്യയ്ക്കു പുറത്തും ആഗോളമലയാളി സമൂഹത്തെ ലക്ഷ്യമാക്കി ഭരണകൂടത്തിന്റെ ഒത്താശയോടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചുവരുന്നതായാണ് വാര്‍ത്തകള്‍.
ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രമേയത്തിലൂടേയും ആഖ്യാനരീതിയിലൂടേയും സംഘപരിവാര്‍ നടത്തുന്ന പ്രയോഗം സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ കേരളത്തിലെ ഹൈന്ദവ-ക്രിസ്ത്യന്‍ മതവിശ്വാസികളുടെ മാനസികവ്യാപാരങ്ങളെ വഴിതിരിച്ചുവിടാനും മലിനപ്പെടുത്താനും നടത്തുന്ന ശ്രമങ്ങള്‍ ബോധ്യപ്പെടും. മതബോധനത്തിനും മതവിദ്യാഭ്യാസത്തിനും ഹൈന്ദവസമൂഹം പ്രാധാന്യം കൊടുക്കുന്നില്ല എന്നും അതിനാലാണ് (സംഘപരിവാര്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുന്ന) ലൗ ജിഹാദ് സംഭവിക്കുന്നതെന്നും സിനിമ ഉദ്‌ബോധിപ്പിക്കാന്‍ ശ്രമിക്കുന്നു. മതാചാരങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള ഹിന്ദു/ക്രിസ്ത്യന്‍ കുടുംബങ്ങളിലെ വീട്ടന്തരീക്ഷം മതാചാരബദ്ധമായ ജീവിതം നയിക്കുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് കടന്നുകയറാന്‍ അവസരമൊരുക്കുന്നു എന്ന് സിനിമ പറയുന്നു. ഇവിടെ കമ്യൂണിസ്റ്റ് പശ്ചാത്തലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സിനിമ പ്രത്യേകം ശ്രദ്ധവച്ചിട്ടുണ്ട്. കേരളീയ സമൂഹത്തിന്റെ മതേതര പ്രതിബദ്ധമായ ഇടതുപക്ഷ മനസ്സിനെയാണ് സംഘപരിവാര്‍ പൊളിക്കാന്‍ ശ്രമിക്കുന്നത് എന്നു കാണാം. മുസ്ലിം പൊതുശത്രു എന്ന നറേറ്റിവ് സ്ഥാപിക്കുന്നതിനായി ചതിക്കപ്പെടുന്നവരില്‍ ശാലിനി ഉണ്ണികൃഷ്ണനും ഗീതാഞ്ജലിക്കും ഒപ്പം നിമ മാത്യു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ അധികരിച്ച് തയ്യാറാക്കിയ ചലച്ചിത്രം എന്ന മുന്നുരയോടെയും പിന്നുരയോടേയും പ്രദര്‍ശത്തിനെത്തിയ സിനിമയില്‍ മുസ്ലിം വിരുദ്ധപ്രയോഗങ്ങളുടെ മേഖല വിപുലീകരിക്കാന്‍ ലക്ഷ്യമിട്ട് ലൗ ജിഹാദിന്റേയും കമ്യൂണല്‍ ജിഹാദിന്റേയും ദൃശ്യങ്ങള്‍ കൃത്രിമമായി ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുരോധമായി ഉള്‍പ്പെടുത്തിയതാണ് സിനിമയിലെ ഈ ഊന്നലുകള്‍.
സുദിപ്‌തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി എന്ന സിനിമ കൂടുതലായും കേരളത്തിനു പുറത്താണ് പ്രദര്‍ശിപ്പിക്കുന്നതും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നതും. കേരള സമൂഹത്തെക്കുറിച്ചുള്ള സംഘപരിവാര്‍ നറേറ്റിവുകളെ അരക്കിട്ടുറപ്പിക്കാനുള്ള ഈ പ്രയോഗത്തിന് വലിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. കേന്ദ്രഭരണകൂടത്തിന്റെ ഭാവിയിലെ കേരള ഇടപെടലുകള്‍ക്ക് ഇതര സംസ്ഥാനജനതയ്ക്കിടയില്‍ മുന്‍കൂറായി കാരണങ്ങളും ന്യായീകരണങ്ങളും സൃഷ്ടിച്ചെടുക്കുക എന്ന അജണ്ട ഉണ്ടായിരിക്കാം. ജമ്മു കാശ്മീരിനെ വെട്ടിമുറിക്കാനും പ്രത്യേക പദവി ഇല്ലാതാക്കാനുമുള്ള നിയമനിര്‍മ്മാണം നടത്തിയതിനുമുമ്പ് സംസ്ഥാനം ഭീകരരെ പിന്തുണയ്ക്കുന്ന ജനത അധിവസിക്കുന്ന ഇടമാണെന്ന സംഘി കഥകള്‍ വ്യാപകമായിരുന്നു. മുഖ്യധാര മാധ്യമങ്ങള്‍ അതേറ്റുപാടുകയാണ് ഉണ്ടായത്. ബഹുസ്വരമായ കേരള സമൂഹത്തെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്ന തരത്തില്‍ സിനിമ നിര്‍മ്മിച്ച് നികുതിയിളവുകളോടെ പ്രദര്‍ശിപ്പിക്കുന്നതിലും ചില സമ്മതി നിര്‍മ്മാണ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളതെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ഇവിടേയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പിന്തുണ സംഘപരിവാറിന് ലഭിക്കുന്നു. കേരളത്തിലെ മതേതര ചേരിയെ ഭിന്നിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ എളുപ്പം വിജയിക്കാനിടയില്ലെന്ന് മുന്‍പ്രയോഗങ്ങളില്‍ നിന്ന് മനസ്സിലാക്കിയ സംഘപരിവാര്‍ നേതൃത്വം അതിന്റെ സൈദ്ധാന്തികപ്രയോഗങ്ങളെ വൈവിധ്യവല്‍ക്കരിക്കുന്നതായാണ് ഇതില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. സംഘപരിവാറിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാവുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രം ഒന്നിച്ചാല്‍ മതിയെന്ന തീര്‍പ്പുകളില്‍ വിശ്രമിക്കുന്നവരാണ് കേരളത്തിലെ മതേതരചേരി എന്ന വാസ്തവം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
ഇടതുപക്ഷത്തിന് ഗണനീയമായ സ്വാധീനമുള്ള കേരള ജനതയ്ക്കിടയിലും മുസ്ലിംഭീതി പടര്‍ത്തി വ്യാപകമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു . അതു ഭാവിയില്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന് സംഘപരിവാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ആ ദിശയിലുള്ള പരീക്ഷണങ്ങളാണ് ദി കേരള സ്റ്റോറി എന്ന സിനിമയില്‍ എത്തി നില്‍ക്കുന്നത്. അതിനിയും മുന്നോട്ടു കൊണ്ടുപോവാന്‍ തന്നെ സംഘപരിവാര്‍ ശ്രമിക്കും. ഹിന്ദുത്വ സാംസ്‌കാരിക ദേശീയതയുടെ വക്താക്കള്‍ക്ക് കൃത്യമായി അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യം, ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും സാംസ്‌കാരിക മണ്ഡലത്തില്‍ ഇടതു ആശയഗതികള്‍ പിന്‍പറ്റുന്നവര്‍ അല്ല എന്നുള്ളതാണ്. കൂലിക്കൂടുതലിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളടക്കമുള്ള സാമ്പത്തിക സമരങ്ങളില്‍ പങ്കെടുക്കുകയും വര്‍ഗ്ഗ ബഹുജനസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നവരില്‍ സംഘി ആശയങ്ങള്‍ ആന്തരവല്‍ക്കരിച്ചവരായുണ്ട് ഏറെ പേര്‍ ഈ കേരളത്തില്‍. അവരില്‍ സംഘപരിവാര്‍ ധൈഷണികര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. സമുദായങ്ങള്‍ക്കിടയ്ക്ക് വിദ്വേഷം വളര്‍ത്തി ധ്രൂവീകരണം സൃഷ്ടിക്കാന്‍ ഒരു ഭാഗത്ത് കഠിന ശ്രമം നടത്തുമ്പോള്‍ മറ്റൊരു ഭാഗത്ത് ഇത്തരക്കാരെ സംഘി ക്യാമ്പുകളിലേയ്ക്ക് ആകര്‍ഷിക്കാനും ഉറപ്പിച്ചുനിര്‍ത്താനുമുള്ള പ്രയോഗങ്ങള്‍ നടത്തുകയാണവര്‍.
കേരളത്തെ സംബന്ധിച്ചുള്ള സംഘപരിവാറിന്റെ ഇനിയും അസ്തമിക്കാത്ത പ്രതീക്ഷകളുടെ അടിസ്ഥാനങ്ങളിലൊന്ന് കോണ്‍ഗ്രസിനും സി.പി.ഐ.എംനും ഇടയിലുള്ള ശത്രുതാപരമായ ബന്ധമാണ് എന്ന് സൂക്ഷ്മനോട്ടത്തില്‍ കാണാം. അഖിലേന്ത്യാ തലത്തില്‍ ബി ജെ പി ക്കെതിരായി ഈ രണ്ടു പാര്‍ട്ടികളും യോജിക്കുമ്പോഴും കേരളത്തില്‍ അതിന് തടസ്സങ്ങളേറെയാണെന്നും അതു മുതലെടുക്കാന്‍ കഴിയുമെന്നും അവര്‍ക്കറിയാം. തെരഞ്ഞെടുപ്പുകളില്‍ ആഞ്ഞുപിടിച്ചിട്ടും പതിനാറ് ശതമാനത്തിലധികം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാത്ത കേരള സംഘപരിവാറിന് അതിനി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന വണ്ണം എന്തു മാറ്റമാണ് പ്രതീക്ഷിക്കാന്‍ കഴിയുന്നത്? പുതിയ സഖ്യശക്തികളെ പാട്ടിലാക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അഖിലേന്ത്യാ നേതൃത്വം കേരള നേതൃത്വത്തിന്റെ അറിവോടെയും അല്ലാതെയും നടത്തുന്നുണ്ടെന്നത് വാസ്തവം. അപ്പോഴും അതിലൊരു പ്രതീക്ഷ ഉണ്ടാക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ രണ്ട് മതേതര പാര്‍ട്ടികള്‍ രണ്ടു ചേരിയായി നിലയുറപ്പിച്ചിരിക്കുന്നു എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. ബി ജെ പി സ്ഥാനാര്‍ത്ഥി ജയിക്കാന്‍ സാധ്യത വരുന്ന ഒരു സന്ദര്‍ഭമുണ്ടായാല്‍ ശത്രുത മറന്ന് ഈ രണ്ടു കക്ഷികളും കൈകോര്‍ക്കും എന്ന് അടുത്ത കാലത്തായി ഉണ്ടായ അറിവ് സംഘപരിവാറിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ജയിച്ചുകയറിയേക്കും എന്ന സാധ്യത വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ വന്നപ്പോള്‍ സി പി ഐ എം അനുഭാവികള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനു വേണ്ടി ആഗ്രഹിച്ചത് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഘികളെ ചില യാഥാര്‍ത്ഥ്യങ്ങള്‍ അതു ബോധ്യപ്പെടുത്തുകയും അതവരെ വലിയതോതില്‍ നിരാശപ്പെടുത്തുകയും ചെയ്തിരിക്കണം.
കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും അണികളിലുമുള്ള അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് സംഘപരിവാറിനെ കേരളത്തില്‍ പ്രതീക്ഷാനിര്‍ഭരമാക്കുന്ന മറ്റൊരു ഘടകം. വിമോചനസമര കാലഘട്ടത്തില്‍ സ്വായത്തമാക്കിയ ഈ മാനസികനില ഇപ്പോഴും തുടരുന്നുണ്ട്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ പോലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തങ്ങളുടെ ഇടതുപക്ഷ വിരോധം കയ്യൊഴിഞ്ഞിരുന്നില്ല. ഈ മാനസികനിലയില്‍ വ്യാപരിക്കുന്ന കോണ്‍ഗ്രസുകാര്‍ ഒരു ഘട്ടമെത്തുമ്പോള്‍ കമ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നതിന് ഫലപ്രദമായ സംവിധാനം സംഘപരിവാറാണെന്നു മനസ്സിലാക്കാനും തങ്ങളോടൊപ്പം ചേരാനും സാധ്യത നിലനില്‍ക്കുന്നതായി അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ ഈ ദിശയില്‍ വലിയ തോതില്‍ ഒഴുക്കു സംഭവിച്ചിട്ടില്ലെങ്കിലും അതിനുള്ള അന്തരീക്ഷം പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല. കല്‍പ്പറ്റയില്‍ മെയ് മാസമാദ്യം നടന്ന കെ.പി.സി.സി ലീഡേഴ്‌സ് മീറ്റ് സി.പി.ഐ.എം പ്രധാന ശത്രുവാണെങ്കിലും സംഘപരിവാറാണ് തങ്ങളുടെ മുഖ്യശത്രു എന്നു പ്രഖ്യാപിച്ചിച്ചതായി വാര്‍ത്ത കാണുന്നു. ഇതു സമീപനത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നുവെങ്കില്‍ സ്വാഗതാര്‍ഹമാണ്.
മുഖ്യ ഇടതുപാര്‍ട്ടിയായ സി പി ഐ എം ചില കാര്യങ്ങളില്‍ ഇപ്പോഴും തുടരുന്ന അന്ധമായ കോണ്‍ഗ്രസ് വിരോധവും കേരളത്തിന്റെ ചുമതലയുള്ള സംഘപരിവാര്‍ മാനേജര്‍മാര്‍ക്ക് ആവേശമുണ്ടാക്കുന്ന കാര്യമാണ്. ബി.ജെ.പി യാണ് ഇന്ന് ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ മുഖ്യരാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടയാളപ്പെടുത്തുമ്പോഴും ദശകങ്ങളായി തുടരുന്നതും പരിചയിച്ചതുമായ കോണ്‍ഗ്രസ് വിരോധവും എതിര്‍പ്പും ഉപേക്ഷിക്കാന്‍ വിമുഖത കാട്ടുന്ന സി.പി.ഐ.എം അണികള്‍ ഭാവിയെ ഉറ്റുനോക്കുന്ന സംഘപരിവാര്‍ തിങ്ക് ടാങ്കുകളില്‍ സൃഷ്ടിക്കുന്ന ഉണര്‍വ് ചെറുതല്ല. കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്- സി പി ഐ എം യോജിപ്പ് ഉണ്ടാവാന്‍ പേകുന്നില്ലെന്നും ഉണ്ടായാല്‍ രണ്ടു പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും സംഘപരിവാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതു തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും അവര്‍ കണക്കുകൂട്ടുന്നു. ആധുനിക തൊഴിലാളിവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടിലുള്ള മുതലാളിത്ത വിമര്‍ശനത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഭൂരിപക്ഷം മനുഷ്യരും ഇടതുപക്ഷത്തോട് ഐക്യപ്പെട്ടു നില്‍ക്കുന്നത് എന്ന വസ്തുത പ്രധാനമാണ്. മുതലാളിത്ത വളര്‍ച്ചയിലുള്ള പെറ്റിബൂര്‍ഷ്വ യാതനയുടെ ഫലമായി പാര്‍ട്ടിയോട് ഐക്യദാര്‍ഢ്യപ്പെടുന്ന അണികളുടെ ബോധം മധ്യവര്‍ഗ്ഗ ആശങ്കകളെ കേന്ദ്രീകരിച്ചുള്ള സംഘപരിവാറിന്റെ വൈകാരിക പ്രയോഗങ്ങളുടെ മുമ്പില്‍ ദുര്‍ബലമാകും. നിരന്തരം പുതുക്കപ്പെടുന്ന സംഘി നെറേറ്റീവുകളെ മറികടക്കാന്‍ ഇടതുപക്ഷം വേണ്ടത്ര പുതുക്കപ്പെടുന്നില്ല എന്ന വാസ്തവവുമുണ്ട്. ഒ ബി സി ഹിന്ദുത്വവും കീഴാള ഹിന്ദുത്വവും തരാതരം പ്രയോഗിക്കാന്‍ സംഘപരിവാറിന് രാജ്യത്തു മുഴുവന്‍ ഇന്ന് കഴിയുന്നുണ്ട്.
കേരളത്തിലെ ന്യൂനപക്ഷപാര്‍ട്ടികളെപ്പോലും തങ്ങളുടെ ചേരിയില്‍ കൊണ്ടുവരാനുള്ള സാധ്യത ആരായാന്‍ സംഘപരിവാറിന് കഴിയുന്നുണ്ട്. സമ്പന്നവര്‍ഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ മത സാമുദായിക പാര്‍ട്ടികളെയാണ് സംഘപരിവാറിന് ലക്ഷ്യം വെക്കാന്‍ കഴിയുക. ഒരു ഭാഗത്ത് തങ്ങളുടെ അധീനതയിലുള്ള അന്വേഷണ ഏജന്‍സികള്‍ വഴിയുള്ള ഭീഷണിയും മറുഭാഗത്ത് മുസ്ലിംപേടി ഉത്പാദിപ്പിച്ചുമാണ് വിവിധ ക്രിസ്ത്യന്‍സഭാ വിഭാഗങ്ങളേയും സ്ഥാപനങ്ങളേയും വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. അതില്‍ ചെറിയ വിജയങ്ങള്‍ അവര്‍ നേടിയിട്ടുമുണ്ട്. ചങ്ങാത്തമുതലാളിത്തത്തിന്റെ പ്രയോക്താക്കളായ സംഘവരിവാര്‍ സമ്പന്നവര്‍ഗ്ഗ താത്പര്യങ്ങള്‍ കൈമുതലായുള്ള മുസ്‌ളിങ്ങളുടേത് ഉള്‍പ്പെടെയുള്ള ഇതര ന്യൂനപക്ഷപ്രസ്ഥാനങ്ങളേയും വലവീശിപ്പിടിക്കാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. കോര്‍പ്പറേറ്റ് ഹിന്ദുത്വയുടെ ചില പോപ്പുലിസ്റ്റ് സമീപനങ്ങള്‍ വഴി ന്യൂനപക്ഷ-ദളിത്-ആദിാസി-കീഴാള വിഭാഗങ്ങളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ സംഘപരിവാര്‍ കേരളത്തിലും കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുഖ്യധാര പ്രതിപക്ഷകക്ഷി നേതാക്കളില്‍ കോര്‍പ്പറേറ്റ് അദാനി-ഫാഷിസ്റ്റ് മോദി സഖ്യത്തെ ഇന്ന് ഏറ്റവും ഫലപ്രദമായി തുറന്നുകാട്ടുന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആണെന്നത് ഒരു വാസ്തവമാണ്. ഈ വാസ്തവത്തെ മനസ്സിലാക്കുന്നവരാണ് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ അടിത്തട്ടു ജനത എന്നതിനാലാണ് സംഘപരിവാറിന് തങ്ങളുടെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതുവരെ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോയത്.
സംഘപരിവാറിന്റെ വൈവിധ്യപൂര്‍ണ്ണമായ നിരവധി ആഖ്യാനങ്ങളുടേയും പ്രയോഗങ്ങളുടേയും തുടര്‍ച്ചയായാണ് ദി കേരള സ്റ്റോറി എന്ന സിനിമയും പുറത്തുവന്നിട്ടുള്ളത്. അതിനിയും തുടരുകയും ചെയ്യും. കേരളം പിടിക്കാനുള്ള സംഘപരിവാറിന്റെ നിലയ്ക്കാത്ത ആസക്തിയോടെയുള്ള പ്രയോഗങ്ങളും അതിലവര്‍ പുലര്‍ത്തുന്ന നിതാന്തജാഗ്രതയും കൂടുതല്‍ ആഴത്തിലും സൂക്ഷ്മതയിലും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കേരളീയ സമൂഹത്തിലെ മതേതര-ഇടതുപക്ഷ രാഷ്ട്രീയ പ്രയോഗങ്ങളില്‍ സംഭവിച്ച സമഗ്രതയില്ലായ്മയും വിട്ടുവീഴ്ചകളും തങ്ങളുടെ നിതാന്ത പരിശ്രമത്തിന് എന്നെങ്കിലും ഫലം ലഭിക്കാതിരിക്കില്ല എന്ന ചിന്തയില്‍ ജോലി ചെയ്യാന്‍ ഒരു കേരളീയസംഘിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. എല്ലാത്തരം മതമൗലികവാദത്തോടും മതതീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും അതേ സമയം എല്ലാ മതവിശ്വാസികളുടേയും വിശ്വാസസ്വാതന്ത്ര്യത്തിനും ഭരണാഘടനാദത്തമായ അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുകയും ചെയ്യുക മതേതര കക്ഷികളുടെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ചും ഇടതുപക്ഷ കക്ഷികളുടെ. തെരഞ്ഞടുപ്പിലെ നേട്ടം ലാക്കാക്കി ഇതില്‍ വരുത്തുന്ന ഏതൊരു നേര്‍പ്പിക്കലും സുവര്‍ണ്ണാവസരമായി സംഘപരിവാര്‍ പരിഗണിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യും. എല്ലാ മതങ്ങളിലേയും യാഥാസ്ഥിതിക വിഭാഗങ്ങളുടെ ഒരു കോര്‍ഡിനേഷന്‍ ആശയതലത്തില്‍ സംഘപരിവാര്‍ പരോക്ഷമായി നടത്താറുണ്ട്. അതിലേക്ക് മതവിശ്വാസികളെ ധ്രുവീകരിച്ച് എത്തിച്ച് രക്ഷകരായി ചമഞ്ഞ് മുതലെടുക്കാന്‍ കേന്ദ്രഭരണം കൈയിലുള്ള സംഘപരിവാര്‍ നിരന്തരം ശ്രമിക്കുന്നുമുണ്ട്. ഭിന്നങ്ങളായ തന്ത്രങ്ങളും അടവുകളുമാണ് സംഘപരിവാര്‍ ഇക്കാര്യത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നു കാണാം. മതേതര കക്ഷികള്‍ പുലര്‍ത്തിയ ജാഗ്രത വലിയ വിജയങ്ങള്‍ സംഘപരിവാറിന് സമ്മാനിക്കുന്ന സ്ഥിതി സംജാതമാക്കിയില്ല എന്നേയുള്ളൂ. ഈ ജാഗ്രതയില്‍ സുഷിരങ്ങള്‍ സൃഷ്ടിക്കാനാണ് ഹിന്ദുത്വശക്തികള്‍ പുതിയ സ്റ്റോറീസിലൂടെ ആഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നതും.