‘കിരീടം’ സിനിമയിലെ സവർണത: ഒരു വിയോജിപ്പ്​

സവർണ പാരമ്പര്യത്തിന്റെ ഗതകാല സ്മരണകളാണോ ‘കിരീട’ത്തിലെ കത്തിയെ/ഹിംസയെ സൃഷ്ടിക്കുന്നത്? അതൊ മറ്റെന്തെങ്കിലും കൂടി ചർച്ച ചെയ്യേണ്ടതുണ്ടോ? എൺപതുകളിലെ മുഖ്യധാരാ സിനിമകളെക്കുറിച്ച്​ യാക്കോബ് തോമസ് ‘ട്രൂ കോപ്പി’യിൽ എഴുതുന്ന പഠനപരമ്പരയിൽ, കിരീടം എന്ന സിനിമയെക്കുറിച്ചുള്ള വിശകലനത്തിന്​ ഒരു വിയോജിപ്പ്​.

രിണാമത്തിന്റെ ഏതോ ദശകളിൽ മനുഷ്യൻ സ്വായത്തമാക്കിയ അറിവാണ് മൂർച്ചയേറിയ ആയുധം അഥവാ കത്തി. മറ്റു ജീവിവർഗ്ഗത്തിനുമേൽ അധീശത്വം സ്ഥാപിച്ച് മുന്നേറാൻ കത്തി മനുഷ്യരെ സഹായിച്ചു. ദൂരത്തെ വേഗമെന്ന ആശയം കൊണ്ട് മറികടന്ന ആയുധങ്ങളുടെ പരിണാമത്തിൽ തോക്ക് പുതിയ അതിഥി. പ്രതിയോഗിയുടെ കൈയ്യകലത്തിൽ നിന്നുമാത്രം അക്രമിക്കാനാകുന്ന കത്തിയിൽ നിന്ന്​ അജ്ഞാതമായ ദൂരത്തിലേക്ക് തോക്ക് വളർന്നു. എന്നാൽ അതേ കാരണം കൊണ്ടുതന്നെയാകാം കത്തി നൽകുന്ന ദൃശ്യപരമായ ഭീകരത ഇപ്പോഴും മനുഷ്യനെ ഭയപ്പെടുത്തുന്നത്.

ഒരു ഉദാഹരണം പറയുകയാണെങ്കിൽ വരത്തൻ എന്ന സിനിമയിൽ നായകനായ എബി പ്രതികരിച്ചു തുടങ്ങുന്നത് പ്രതിയോഗിയുടെ കൈത്തണ്ടയിൽ കത്തി കയറ്റിക്കൊണ്ടാണെന്നത് വെറും യാദൃച്​ഛികതയല്ല ആ ദൃശ്യം പ്രേക്ഷകന് സമ്മാനിക്കുന്ന ഉൾക്കിടിലം ഒരു തോക്കിനും തരാൻ പറ്റണമെന്നില്ല. ആ അർത്ഥത്തിൽ വയലൻസിന്റെ / ഹിംസയുടെ ദൃശ്യപരതയാണ് കത്തി.

വരത്തൻ സിനിമയിൽ നിന്ന്
വരത്തൻ സിനിമയിൽ നിന്ന്

എൺപതുകളിലെ മുഖ്യധാരാ സിനിമകളെക്കുറിച്ച്​ യാക്കോബ് തോമസ് ‘ട്രൂ കോപ്പി’യിൽ എഴുതുന്ന പഠനപരമ്പരയിൽ, കിരീടം എന്ന സിനിമയെക്കുറിച്ചുള്ള വിശകലനത്തിന്​ ഒരു മറുപടി കൂടിയാണിത്​​.

അദ്ദേഹം സിനിമയെപ്പറ്റി ഇങ്ങനെ എഴുതി: ‘‘തറവാടിത്തമുള്ള ഒരു നായർ ചെറുപ്പക്കാരന്' ആഗ്രഹിച്ച ജോലി സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കിട്ടാത്തത് വലിയൊരു സങ്കടമായി അവതരിപ്പിക്കുകയാണ് കിരീടം സിനിമ പ്രത്യക്ഷത്തിൽ ചെയ്യുന്നത്.’’

സിനിമയുടെ മുഴുവൻ സങ്കീർണതകളേയും തള്ളിക്കളഞ്ഞ് ലളിതവത്കരിച്ചിരിക്കുകയാണ് ഈ വായനയിലൂടെ. സിനിമയെ ഏറ്റവും പുറത്തുനിന്ന് നോക്കുന്ന ഈ അന്വേഷണത്തിൽ അപകടമേറെയുണ്ട്. അതുകൊണ്ടുതന്നെ യാക്കോബ് തോമസിന്റെ പരാമർശം ഇവിടെ പടേ നിരാകരിക്കേണ്ടി വരും. ആ ലേഖനം വായിച്ചപ്പോൾ എന്നിലുയർന്ന ചോദ്യമിതാണ്; സവർണ പാരമ്പര്യത്തിന്റെ ഗതകാല സ്മരണകളാണോ കിരീടത്തിലെ കത്തിയെ/ഹിംസയെ സൃഷ്ടിക്കുന്നത്?
അതൊ മറ്റെന്തെങ്കിലും കൂടി ചർച്ച ചെയ്യേണ്ടതുണ്ടോ?

ഭൂതകാലത്തിൽ നിന്ന് വരുന്ന കത്തി

താഴ്​വാരം എന്ന സിനിമയുടെ ആദ്യ ദൃശ്യത്തിൽ ഒരു കത്തിയുപയോഗിച്ച് രണ്ടു പേരുള്ള ഒരു ഫോട്ടോ ഒരാൾ കീറി മുറിക്കുന്നു. വയലൻസ് ഭൂതകാലവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് കാണിച്ച ശക്തമായ ഇമേജായിരുന്നു അത്.

താഴ്​വാരം സിനിമയിൽ നിന്ന്
താഴ്​വാരം സിനിമയിൽ നിന്ന്

കിരീടം സിനിമയിലെ മുത്തശ്ശി കൊടുത്തയക്കുന്ന കത്തിയും ഭൂതകാലത്തിൽ നിന്നു തന്നെയാണ്; സംശയമില്ല. ‘മുപ്പത് മാപ്ലമാരെ തോൽപിച്ച കത്തിയാണത്’. അങ്ങനെയൊരു ചരിത്രബന്ധം കൂടി ആ കത്തിക്ക് അവകാശപ്പെടാനുണ്ട്. തൊടിയിലേക്ക് വലിച്ചെറിയപ്പെട്ട കത്തി വീണ്ടെടുക്കുന്നതോടെ സേതു ചരിത്രവുമായി ഒരദൃശ്യബന്ധം പുനഃസ്ഥാപിക്കുന്നു. എന്നാൽ അതിനെ സവർണ പാരമ്പര്യം മാത്രമായി കൂട്ടിക്കെ​ട്ടേണ്ടതുണ്ടോ?

ഭൂതകാലം സവർണപാരമ്പര്യത്തിന്റെ മാത്രം കുത്തകയല്ല. ഭൂരിപക്ഷ- ന്യൂനപക്ഷ വ്യത്യാസമില്ലാതെ ചെറുതും വലുതുമായ എല്ലാ സമൂഹത്തിനും ഭൂതകാലം അത്യന്താപേക്ഷിതമാണ്. മിത്തിലൂടെയും വാമൊഴിയിലൂടെയും അത് വർത്തമാനകാലത്തിലേക്ക് പകർന്ന് കൊണ്ടിരിക്കുന്നു. ഇവിടെ മുത്തശ്ശിയിലൂടെ ആ കൃത്യം നിറവേറുന്നു. ഈ മുത്തശ്ശി മറ്റു കഥകളിലെ പോലെ അരുതുകൾ മാത്രം പറയുന്ന ഭൂതകാലത്തിന്റെ പ്രതിനിധിയല്ല. മറിച്ച് പൗരുഷത്തെയും മദ്യത്തെയുമൊക്കെ ആഘോഷിക്കുന്ന ഫാന്റസി ലോകത്തിന്റെ പ്രതിനിധിയാണ്. കിരീടം മുന്നോട്ട് വെക്കുന്ന ആശയം മറ്റു പല സിനിമകളിലുമുള്ളതുപോലെ സവർണ പാരമ്പര്യത്തിന്റെ ആഘോഷമോ ഒളിച്ചുകടത്തലോ അല്ല. സവർണ നായർ പശ്ചാത്തലമുള്ള കഥയാണെന്നത് ശരിയാണ്, അതുതന്നെ കഥാഗതിയിൽ എവിടെയൊക്കെയോ നായകന് ബാധ്യതയാകുന്നുമുണ്ട്.

കിരീടത്തിലെന്ന പോലെ ഇരകളിലെയും വരത്തനിലെയും തോക്കുകളും താഴ്വാരത്തിലെ കത്തിയുമെല്ലാം അതിന്റെ ഹിംസ ഭൂതകാലത്തിൽ നിന്നു തന്നെയാണ് കണ്ടെടുക്കുന്നത്. ഭൂതകാലമെന്നതിനേക്കാൾ കുറച്ചു കൂടെ വിശാലമായ അർത്ഥത്തിൽ അതിനെ സിനിമയുടെ inner space എന്നോ fantasy space എന്നോ വിളിക്കാമെന്ന് തോന്നുന്നു. മായാനദിയുടെ ക്ലൈമാക്‌സിൽ മാത്തന്റെ ചങ്ക് തുളച്ച് പോകുന്ന വെടിയുണ്ട വരുന്നതും ഈ പറഞ്ഞ fantasy space ന്റെ ഇരുട്ടിൽ നിന്നാണ്. ഇതേ fantasy space ൽ നിന്ന് വരുന്ന തോക്കിന്റെ / വയലൻസിന്റെ സഞ്ചാരം ജോജിയുടെ ആദ്യ രംഗത്ത് എത്ര മനോഹരമായിട്ടാണ് ദിലീഷ് പോത്തൻ ആവിഷ്‌കരിക്കുന്നത്.
മുത്തശ്ശി സൃഷ്ടിക്കുന്ന fantasy space നപ്പുറം മറ്റൊരു അദൃശ്യമായ വയലൻസിന്റെ / ഹിംസയുടെ ലോകം കൂടി കിരീടം എന്ന സിനിമക്കകത്തുണ്ട്. യഥാർത്ഥത്തിൽ കത്തിയുടെ സഞ്ചാരം തുടങ്ങുന്നത് അവിടെ വച്ചാണ്.

അദൃശ്യമായ കത്തി

രംഗം 1 പകൽ
എവിടെ നിന്നോ വരുന്ന ഒരു പോലീസ് ജീപ്പ്.
സ്റ്റേഷനിലെത്തിയ എസ്​.ഐ സേതുമാധവനെ ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായർ സല്യൂട്ട് അടിക്കുന്നു.
ഒരു ചെറുചിരി.
അച്ഛൻ മകനെ ചേർത്തുപിടിക്കുന്നു.
പള്ളിമണി മുഴങ്ങുന്നു
പതുക്കെ സ്വപ്നമുണരുന്നു.
അച്യുതൻ നായർ ചിരി തുടരുന്നു.

ഈ സ്വപ്നമാണ് പിന്നീട് രൂപം പ്രാപിക്കുന്ന കത്തി. തങ്ങളുടെ ആഗ്രഹങ്ങൾ മക്കളിലൂടെ പൂർത്തികരിക്കാൻ ശ്രമിക്കുന്ന എല്ലാ മാതാപിതാക്കളും മക്കളോട് ഹിംസയാണ് ചെയ്യുന്നത്. സ്വപ്നവും ഭൂതകാലവും വരുന്നത് fantasy space ൽ നിന്നാണ്. ഇവിടെ രണ്ടിന്റെയും അടിസ്ഥാനം ഹിംസയാണ്. മുത്തശ്ശി കൊടുത്തയക്കുന്ന കത്തി തൊടിയിലേക്ക് വലിച്ചെറിയുന്ന അച്ചുതൻ നായർക്ക് സ്വന്തം ഹിംസ ഒരിക്കലും തിരിച്ചറിയാനാവില്ല.

സംവിധായകന്റെ അഭിപ്രായത്തിൽ universally accepted ആയ അച്ഛൻ മകൻ ബന്ധത്തിന്റെ വൈകാരിക അന്വേഷണമാണ് ഈ സിനിമ. അച്ചുതൻ നായരുടെ ആഗ്രഹമാണ് മകൻ എസ്​.ഐ ആകണമെന്നുള്ളത്. ഒരു പക്ഷെ സേതുവിനോട് പൊലീസ് ആകണമോ എന്ന്​ പ്രേക്ഷകർ നേരിട്ട് ചോദിച്ചാൽ വേണ്ട എന്നു തന്നെയാകും അയാളുടെ ഉത്തരം. വൈകി ഉണരാനും മടിപിടിച്ച് കിടക്കാനും ആവശ്യത്തിലധികം ആഹാരം കഴിക്കാനുമാഗ്രഹിക്കുന്ന സേതു എന്നാൽ അച്ഛന്റെ ആഗ്രഹങ്ങൾക്കൊത്ത് ജീവിക്കുന്ന മകന്റെ ഇമേജിൽ അഭിരമിക്കുകയും ജീവിക്കുകയും ചെയ്യുന്നു.

വിധേയത്വം എന്ന ഹിംസ

വിധേയത്വം അടിസ്ഥാനമാക്കിയ രണ്ട് സാമൂഹിക സ്ഥാപനങ്ങളാണ് സിനിമയിലുള്ളത്. കുടുംബവും പൊലീസും. കുടുംബത്തിൽ ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കുക, മക്കൾ മാതാപിതാക്കൾക്ക് വിധേയപ്പെട്ട് ജീവിക്കുക എന്നിങ്ങനെ വിധേയപ്പെടൽ സ്‌നേഹത്തിന്റെ അടയാളമായിട്ടാണ് പലപ്പോഴും നാം മനസ്സിലാക്കുക. എന്നാൽ പട്രിയാർക്കി തലമുറകളിലേക്ക് പകർന്ന് നൽകുന്ന ഈ വിധേയത്വ മനോഭാവം ആണ് പിന്നീട് വളർന്ന് പന്തലിച്ച് toxic ആയി മാറുന്നത്. അച്ഛന്റെ തണലിൽ അടങ്ങി നിൽക്കാനും അച്ഛൻ പറയുന്ന ശരികൾ പിന്തുടരാനും മാത്രമാണ് കുടുംബം സേതുവിനെ പരിശീലിപ്പിക്കുന്നത്. സേതുവിനെ സംബന്ധിച്ച്​ കുടുംബത്തിനപ്പുറമുള്ള അച്ഛന്റെ ശരിയാണ് പൊലീസ്.

അതുവരെ അച്ഛനെ / സമൂഹത്തെ അനുസരിച്ചു നടന്ന സേതു ഒരു ഘട്ടത്തിൽ സ്വയം തീരുമാനമെടുത്ത് അച്ഛനെ സംരക്ഷിക്കാൻ ഇറങ്ങുന്നതാണ് സിനിമയുടെ turning point. നിരൂപക പ്രശംസയേറേ ഏറ്റു വാങ്ങിയ ഈ സ്ലോ മോഷൻ ദൃശ്യം സേതുവിന്റെ മാറ്റത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് സംവിധായകൻ സിബി മലയിൽ ഉപയോഗിച്ചിരിക്കുന്നത്.

കത്തി കിരീടമാകുന്ന കാഴ്ച

ആണുങ്ങളുടെ അധികാര വടംവലി എന്നും രക്തരൂക്ഷിതമായ ഒന്നാണ്. അതിപ്പോൾ മൃഗങ്ങളുടെ ഇടയിലായാലും മനുഷ്യരുടെ ഇടയിലായാലും. ഒരർത്ഥത്തിൽ കീരിക്കാടൻ, സേതുവിന്റെ തന്നെ മറുപാതി / alter ego ആണ്. സേതുവിന്റെ പോരാട്ടം അയാളുടെ ഉള്ളിലുള്ള ഹിംസയോടുതന്നെയും. സിനിമയിൽ ഹിംസയുടെ യഥാർത്ഥ മുഖമാണ് കീരിക്കാടൻ ജോസ്. കീരിക്കാടന്റെ കിരീടമായ ഹിംസ/ കത്തി മുത്തശ്ശിയുടെ fantasyയേക്കാളും അച്ഛന്റെ അദൃശ്യമായ ഹിംസയെക്കാളും യാഥാർത്ഥ്യമാണ്. അതുകൊണ്ടു തന്നെയാണ് അവസാനത്തെ പോരാട്ടത്തിനു മുൻപ് രണ്ട് കത്തികളും (fantasy) ഉപേക്ഷിച്ച് നിരായുധനായി വെറും കൈയ്യോടെ കീരിക്കാടനെ നേരിടാനെത്തുന്നത്.

കീരിക്കാടൻ ജോസ് ആയി മോഹൻ രാജ്
കീരിക്കാടൻ ജോസ് ആയി മോഹൻ രാജ്

കത്തി കൈക്കലാക്കുന്നതോടെ സേതുവിനു കൈവരുന്ന പരിണാമം സിനിമയുടെ ദൃശ്യങ്ങളിൽ നിന്ന്​ വ്യക്തമാണ്. അധികാരം പിടിച്ചു വാങ്ങിയ അയാളിലെ മൃഗചോദന അതുവരെ അടക്കിപ്പിടിച്ചു നിർത്തിയ തന്റെ ഹിംസയെ ആസ്വദിക്കുന്നു. അവിടെയാണ് കത്തി അയാൾക്ക് കിരീടമായി മാറുന്നത്. നീതിക്കുവേണ്ടി പോരാടുന്ന മനുഷ്യർ പോലും അധികാരം കയ്യാളുമ്പോൾ പതിയെ അധപതിക്കുന്ന കാഴ്ച ചരിത്രത്തിൽ നിന്ന് തന്നെ ധാരാളം ലഭ്യമാണ്.

ഇവിടെ ഹിംസ പോലും അയാൾക്ക് ശാശ്വതമോ പരിഹാരമോ അല്ല. കുറച്ചു നേരത്തേക്ക് അയാൾക്ക് വിഹരിക്കാവുന്ന താത്കാലിക ഇടം മാത്രമാണ്. വൈകാരികതയുടെ ലോകത്ത് നിന്ന് അച്ഛൻ വിളിക്കുമ്പോൾ ആ കത്തി അയാൾക്ക് താഴെ ഇടേണ്ടി വരും. പിന്നീട് ഒരിക്കൽ അയാൾ കത്തി വീണ്ടെടുക്കുന്നുണ്ടെങ്കിൽ പോലും (ചെങ്കോൽ). അതുകൊണ്ടു തന്നെ കത്തി /ഹിംസ അയാൾക്ക് ഇവിടെ കിരീടമല്ല മറിച്ച് മുൾക്കിരീടമാണ്.


Summary: സവർണ പാരമ്പര്യത്തിന്റെ ഗതകാല സ്മരണകളാണോ ‘കിരീട’ത്തിലെ കത്തിയെ/ഹിംസയെ സൃഷ്ടിക്കുന്നത്? അതൊ മറ്റെന്തെങ്കിലും കൂടി ചർച്ച ചെയ്യേണ്ടതുണ്ടോ? എൺപതുകളിലെ മുഖ്യധാരാ സിനിമകളെക്കുറിച്ച്​ യാക്കോബ് തോമസ് ‘ട്രൂ കോപ്പി’യിൽ എഴുതുന്ന പഠനപരമ്പരയിൽ, കിരീടം എന്ന സിനിമയെക്കുറിച്ചുള്ള വിശകലനത്തിന്​ ഒരു വിയോജിപ്പ്​.


ജെറിൽ ജോയ്​

മൈസൂർ യൂണിവേഴ്​സിറ്റിയിലെ സൈക്കോളജി ഡിപ്പാർട്ടുമെൻറിൽ റിസർച്ച്​ സ്​കോളർ.

Comments