മുംബൈ പോലീസ്: നല്ല ഗേ സിനിമ, ചീത്ത ഗേ നായകൻ

''എങ്കിലും ഏതെങ്കിലും ഗവൺമെന്റോ പ്രൈവറ്റോ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് സഹപ്രവർത്തകർക്കിടയിൽ സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന സ്വവർഗപ്രേമികൾ കേരളത്തിൽ ഇന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉള്ളൂ. നമ്മുടെ തൊഴിലിടങ്ങൾ എത്രമാത്രം ഗേ-സൗഹൃദപരമാണെന്ന ചർച്ചകൂടി മുംബൈ പോലീസ് ഉയർത്തുന്നുണ്ട്. കേരള പോലീസിൽ ഗേ സ്വത്വം തുറന്നുപറഞ്ഞു ജീവിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകുന്നത് വരെ മുംബൈ പോലീസ് എന്ന സിനിമ കേരളസമൂഹത്തിൽ പ്രസക്തമായി തുടരും.''

കേരളത്തിൽ ആദ്യമായി ഗേ സ്വത്വം സാമൂഹികമായി വെളിപ്പെടുത്തിയ വ്യക്തിയാണ് ഞാൻ. സിനിമ ഗേവിരുദ്ധമായ ഒന്നല്ല എന്ന നിലപാടാണ് ആദ്യംമുതൽ തന്നെ ഞാൻ സ്വീകരിച്ചിരുന്നത്. എങ്കിലും എൽ.ജി.ബി.ടി കമ്യൂണിറ്റിയിൽ പെട്ട ഭൂരിഭാഗം പേരും, ചില അനുഭാവികളും സിനിമ ഹോമോഫോബിക് ആണെന്ന അഭിപ്രായമാണ് ഉയർത്തിയത്. സിനിമയെ കുറിച്ച് തെറ്റായ ആരോപണം ഉയർത്തുന്ന പലരും സിനിമ കൃത്യമായി മനസ്സിലാക്കാത്തവരാണ് എന്നതാണ് സത്യം. ഫേസ്ബുക് സിനിമാഗ്രൂപ്പുകളിൽ ഈ സിനിമയെ കുറിച്ചുള്ള കമന്റുകൾ വായിക്കുമ്പോഴാണ് ഏഴ് വർഷങ്ങൾക്ക് ശേഷവും സിനിമയിലെ സംഭവങ്ങൾ മനസ്സിലാക്കുന്നതിൽ പലർക്കും എത്രമാത്രം തെറ്റിദ്ധാരണയുണ്ടെന്ന് അറിയാൻ കഴിയുന്നത്. ഇതിന് കാണികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് തോന്നുന്നു. ഒന്നോ രണ്ടോ കാഴ്ചയിൽ പിടിതരുന്ന സിനിമയല്ല മുംബൈ പോലീസ്. ഓർമ്മകൾ ഉള്ള ആന്റണി മോസസ് A, ഓർമ്മകൾ നഷ്ടമായ ആന്റണി മോസസ് B, പല പല കാലങ്ങളിലേക്ക് നിരവധി ഫ്‌ളാഷ്ബാക്കുകളിലൂടെ സഞ്ചരിച്ച് നടത്തുന്ന കഥപറയൽ, ഫ്‌ളാഷ്ബാക്കിനുള്ളിലെ ഫ്‌ളാഷ്ബാക്ക് എന്നിവയൊക്കെ സിനിമയെ വളരെ സങ്കീർണമാക്കുന്നുണ്ട്. പൃഥ്വിരാജ് ഒരു സീനിൽ വരുമ്പോൾ അത് ആന്റണി-Aയാണോ അതോ ആന്റണി-Bയാണോ എന്ന് പ്രേക്ഷകർ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. സിനിമയിൽ ചില സംഭവങ്ങൾ ( ഉദാ: ആന്റണി ആര്യന്റെ പ്രസംഗറിഹേഴ്‌സൽ വീഡിയോ കാണുന്നത്) രണ്ട് വ്യത്യസ്ത കാലങ്ങളിൽ ആവർത്തിക്കുന്നത് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. പലപ്പോഴും നായകന്റെ ഏത് അവതാരമാണ് ( A or B ) സീനിൽ എന്നതിനുള്ള ഏക തിരിച്ചറിയൽ ചിഹ്നം നായകന്റെ മൂക്കിലും കവിളിലും അപകടത്തിലൂടെ ഉണ്ടായ മുറിവിന്റെ കല മാത്രമാണ്. അതിനു വേണ്ടിയാണ് മുഖത്ത് തന്നെയുള്ള, വളരെ ദൃശ്യമായ മുറിവുകൾ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് നായകന് സമ്മാനിച്ചത്! ഒരു അസിസ്റ്റന്റ് കമ്മീഷണർ ഉറ്റ സുഹൃത്തായ സഹപ്രവർത്തകനെ കൊല ചെയ്യുന്നു. കേസന്വേഷണം കുറ്റവാളിയിൽ തന്നെ ഏൽപ്പിക്കപ്പെടുന്നു. കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ കൊലചെയ്തത് താനാണെന്ന കുറ്റസമ്മതം നടത്തിയ ഉടനെ വാഹനാപകടത്തിൽ അയാളുടെ ഓർമ്മകൾ നഷ്ടമാവുന്നു.
അങ്ങനെ ഓർമ്മ നഷ്ടപ്പെട്ട അയാളെക്കൊണ്ട് തന്നെ ആ കുറ്റകൃത്യം എന്തിന്, എങ്ങനെ ചെയ്തു എന്ന് പറയിപ്പിക്കുന്ന അനന്യമായ കഥാതന്തുവാണ് മുംബൈ പോലീസിനെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആക്കുന്നത്. സ്വവർഗപ്രേമികൾക്കും പൊതുസമൂഹത്തിനും ആയുള്ള ചില നല്ല സന്ദേശങ്ങളും സിനിമ പരോക്ഷമായി നൽകുന്നുണ്ട്.

മുംബൈ പോലീസ് നല്ല ഗേ സിനിമ ആയിരിക്കുമ്പോൾ തന്നെ അതിലെ ഗേ കഥാപാത്രങ്ങൾ ആശയപരമായി ആദർശാത്മകമോ അനുകരണീയമോ അല്ല എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. ആന്റണി മോസസും അയാളുടെ കാമുകനും തങ്ങളുടെ ഗേ ഐഡന്റിറ്റി എല്ലാവരുടെയും മുന്നിൽ പരിപൂർണ്ണമായി ഒളിപ്പിച്ചുവെച്ച് ജീവിക്കുന്നവരാണ്. സ്വവർഗലൈംഗികത മാനസികരോഗമോ കുറ്റകൃത്യമോ അല്ല. പക്ഷെ ഒരു മുതിർന്ന വ്യക്തി തന്റെ സ്വവർഗലൈംഗികത ഒളിപ്പിച്ചുവച്ചുകൊണ്ട് ജീവിക്കുന്നത് മന:സംഘർഷങ്ങളിലേക്കും മനോരോഗങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും ഒക്കെ നയിച്ചേക്കാം എന്ന വസ്തുതയാണ് സിനിമ അടിവരയിട്ട് പറയുന്നത്. സ്വന്തം ലൈംഗികതയും പ്രണയവും രഹസ്യമാക്കി വെക്കാൻ വളരെയധികം മാനസികോർജ്ജം ചെലവഴിക്കേണ്ടിവന്ന ഒരു ഭൂതകാലത്തെപ്പറ്റി എന്നെപ്പോലെ വെളിപ്പെടുത്തൽ (coming out) നടത്തിയ ഗേ പുരുഷന്മാർക്ക് പറയാൻ സാധിക്കും. അത്‌കൊണ്ട് തന്നെ ഉറ്റ സുഹൃത്തായ സഹപ്രവർത്തകൻ രഹസ്യം അറിയാനിടയായപ്പോൾ ആന്റണിയുടെ മനസ്സിൽ ഉണ്ടായ സംഘർഷങ്ങളെ എനിക്ക് പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കും. സ്വവർഗപ്രേമികൾക്ക് യാതൊരു പിന്തുണയുമില്ലാത്ത സമൂഹങ്ങളിൽ രഹസ്യം പുറത്തറിഞ്ഞുപോയ ആന്റണി മോസസിനെ പോലുള്ളവർ ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ രഹസ്യം പരസ്യമാക്കാൻ ശ്രമിക്കുന്നവന്റെ നരഹത്യ എന്നതിലേക്ക് എത്തിപ്പെടുന്നതിൽ ആശ്ചര്യത്തിന് വകയില്ല. പോലീസ് വകുപ്പിലെ ജോലിയിലൂടെ ഹിംസ ജീവിതത്തിന്റെ ഭാഗമായ, പ്രതികളോട് വയലന്റായി പെരുമാറുന്നതിലൂടെ റാസ്‌കൽ മോസസ് എന്ന കുപ്രസിദ്ധിയുള്ള ആന്റണി മോസസ് കൊലപാതകം എന്ന വഴിയാണ് സ്വീകരിക്കുന്നത് എന്നതും ആ കഥാപാത്രത്തിന്റെ മനോയാനങ്ങൾക്ക് അനുയോജ്യമാണ്.

കാമുകൻ വീട്ടിൽ വന്നപ്പോൾ വാതിൽ അടയ്ക്കാൻ മറന്നത് കൊണ്ടല്ലേ സുഹൃത്ത് അറിയാനിടയായി ഈ പ്രശ്‌നമൊക്കെ ഉണ്ടായത് എന്ന് രഹസ്യജീവിതം നയിക്കുന്ന എന്റെ ചില ഗേ സുഹൃത്തുക്കൾ ചോദിക്കാറുണ്ട്. ഗേ ആണെന്ന കാര്യം മറ്റാരും അറിയാനിടയായില്ലെങ്കിൽ പോലും വിവാഹപ്രായമെത്തുന്നതോടെ എല്ലാവർക്കും സ്വന്തം ലൈംഗികതയെ അഭിമുഖീകരിക്കേണ്ടുന്ന ഘട്ടം വന്നുചേരും. വിവാഹത്തെക്കുറിച്ച് ചോദിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരോട് കഠിനമായ ദേഷ്യവും വെറുപ്പും അസ്വസ്ഥതയും ഒക്കെ ഉണ്ടായിരുന്ന ഒരു ഭൂതകാലം വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് എനിക്കും ഉണ്ടായിരുന്നു. സ്വവർഗപ്രേമി ആയത് കാരണം ജന്മനാട് ഉപേക്ഷിച്ച് അമേരിക്കയിൽ ചേക്കേറാൻ പ്ലാൻ ചെയ്തിരുന്ന കാലത്ത് എന്റെ ഒരു സഹോദരി വിവാഹത്തെക്കുറിച്ച് ഫോണിലൂടെ സൂചിപ്പിച്ചിരുന്നു. അന്ന് വിവാഹത്തിന് താൽപര്യമില്ലാത്തതിന്റെ യഥാർത്ഥ കാരണം പറയാതെ ദേഷ്യത്തോടെ എന്തൊക്കെയോ കുത്തുവാക്കുകൾ പറഞ്ഞ് അവളോട് തട്ടിക്കയറിയത് ഇന്ന് ഇരുപത് വർഷങ്ങൾക്ക് ശേഷവും ഞാൻ ഓർക്കുന്നു. ഇന്നും അത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന, രഹസ്യജീവതം നയിക്കുന്ന, ധാരാളം ഗേ സുഹൃത്തുക്കളെ ഞാൻ ചുറ്റിലും കാണുന്നു. ചിലരൊക്കെ കാരണം വ്യക്തമാക്കാതെ താഴെ പറയുന്ന മീം ഒരു തമാശയെന്നോണം സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

വിവാഹം കഴിക്കാനുള്ള സമ്മർദത്തെ ചെറുക്കാനാണ് അവർ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നത്. തന്റെ വിവാഹത്തെകുറിച്ച് സംസാരിക്കുന്നവരെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് സൂചിപ്പിക്കുന്നതിൽ നിന്ന് കൊലയാളിയായ ആന്റണി മോസസിന്റെ മനോനിലയിലേക്ക് എത്താൻ അധികം ദൂരമുണ്ട് എന്ന് തോന്നുന്നില്ല. രസകരമായ വൈരുദ്ധ്യം എന്താണെന്ന് വെച്ചാൽ, ഒരു സാധാരണ പുരുഷന് വലിയ ആഹ്ലാദം നൽകുന്ന കാര്യമാണ് മറ്റുള്ളവർ തങ്ങളുടെ വിവാഹപ്ലാനുകളെക്കുറിച്ച് ചോദിക്കുന്നുണ്ട് എന്നത്. എനിക്ക് പരിചയമുള്ള പല സ്വവർഗപ്രണയികളും ഏറ്റവും കൂടുതൽ വിവാഹസമ്മർദ്ദം നേരിടുന്നത് ജോലിസ്ഥലത്തെ സഹപ്രവർത്തകരിൽ നിന്നാണ്. ഗേ ആയി വെളിപ്പെടുത്തിയാൽ ജോലി നഷ്ടമാവുമോ, വിവേചനം നേരിടുമോ എന്നൊക്കെയുള്ള ഭീതി എല്ലാവർക്കും നല്ലപോലെ ഉണ്ട്. പലരും ജോലി നിലനിർത്താനുള്ള ഉപായം എന്ന നിലയിലാണ് അവസാനം യാതൊരു പൊരുത്തവുമില്ലാത്ത എതിർലിംഗ വിവാഹങ്ങളിൽ കുടുങ്ങുന്നത്. അത്തരം വിവാഹങ്ങൾ ഒരു തരത്തിൽ പറഞ്ഞാൽ പങ്കാളിയോട് ചെയ്യുന്നു ക്രിമിനൽ കുറ്റം തന്നെയാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഡൽഹി AIIMSലെ ഒരു ലേഡി ഡോക്ടർ തന്റെ ഭർത്താവ് ഗേ ആണെന്ന് അറിയാനിടയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വാർത്ത ഇതിനോടു ചേർത്തു വായിക്കേണ്ടതാണ്.

കാമുകനുമൊത്തുള്ള ആന്റണിയുടെ സ്വകാര്യനിമിഷങ്ങൾ നേരിട്ട് കാണാനിടയായ സുഹൃത്തായ സഹപ്രവർത്തകൻ ആര്യൻ വളരെ മോശമായാണ് ആ നിമിഷത്തിൽ അയാളോട് പെരുമാറിയത്. 'സൗഹൃദം ഇതോടെ അവസാനിച്ചു', 'മേലധികാരികളോട് റിപ്പോർട്ട് ചെയ്യും' തുടങ്ങിയ ഭീഷണികളാണ് അയാൾ മുഴക്കിയത്. ആന്റണിയുടെ കാമുകനെ ആയാൾ മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വവർഗലൈംഗികതയെ കുറിച്ച് അറിയാനിടയായാൽ എങ്ങനെ പെരുമാറരുത് എന്നുള്ളതിനുള്ള ഉത്തമോദാഹരണമാണ് ആര്യൻ. അത് പൊതുജനത്തിനുള്ള ഒരു സന്ദേശം കൂടിയാണ്. സുഹൃത്ത് തനിക്കെതിരെ തിരിഞ്ഞ് തന്റെ ജീവിതം തന്നെ നശിപ്പിക്കും എന്നുള്ള ഭീതിയാണ് ആന്റണിയെ കൊലപാതകിയാക്കി തീർക്കുന്നത്. കൊലക്കേസ് ഇൻവെസ്റ്റിഗേഷൻ ചെയ്യാൻ നിയോഗിക്കപ്പെട്ട ആന്റണി കേസന്വേഷണം തെറ്റായ ദിശയിലേക്ക് വഴിതിരിച്ചു വിടാനാണ് സ്വാഭാവികമായും ശ്രമിക്കുന്നത്. എന്നാൽ കേസന്വേഷണം എന്ന പ്രഹസനത്തിന്റെ ഒരു ഘട്ടത്തിൽ പാശ്ചാത്താപവിവശനായി ആന്റണി തന്റെ മേലുദ്യഗസ്ഥനായ കമ്മീഷണർ ഫർഹാനോട് താനാണ് കൊലയാളി എന്ന് കുറ്റസമ്മതം നടത്തുകയാണ്. എന്ത്‌കൊണ്ട് അയാൾ പാശ്ചാത്തപിച്ച് കുറ്റസമ്മതം നടത്തി എന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ ഈ സിനിമയുടെ ആസ്വാദനവും അത് നൽകുന്ന സന്ദേശവും പൂർണ്ണമാകുന്നുള്ളൂ.

കേസന്വേഷണത്തിനിടയിൽ ആന്റണി ആര്യന്റെ പ്രസംഗറിഹേഴ്‌സൽ വീഡിയോ കാമുകി വഴി കാണാനിടയാവുന്നതാണ് കഥാഗതിയിൽ വഴിത്തിരിവ് ഉണ്ടാക്കുന്ന പ്രധാന സംഭവം. ആന്റണി പാശ്ചാത്തപിച്ച് കുറ്റസമ്മതം നടത്താൻ കാരണമായത് ആ വീഡിയോ ആദ്യം കണ്ടപ്പോഴാണ്. പ്രസംഗറിഹേഴ്‌സൽ വീഡിയോ എപ്പോൾ റെക്കോർഡ് ചെയ്യപ്പെട്ടു എന്നത് ആന്റണിയുടെ പാശ്ചാത്തപത്തിന്റെ കാരണം മനസ്സിലാക്കാൻ പ്രധാനമാണ്. സിനിമയിലെ പ്രധാന സംഭവങ്ങളുടെ കാലക്രമം ( time order) ഇങ്ങനെയാണ്:

Day1: ആന്റണിയും കാമുകനും ഒത്തുള്ള സ്വകാര്യനിമിഷങ്ങൾ ഈ ദിവസം രാത്രിയിൽ ആര്യൻ കാണാനിടയാവുന്നു. ആര്യൻ ഭീഷണി മുഴക്കി സൗഹൃദം അവസാനിപ്പിച്ച് പിരിയുന്നു. ആ രാത്രി മുഴുവൻ ആന്റണി ആര്യനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആര്യൻ ഫോൺ എടുക്കുന്നില്ല. സുഹൃത്ത് തനിക്കെതിരെ തിരിയും എന്ന് ആന്റണി ഉറപ്പിക്കുന്നു.

Day2: ഇത് അവാർഡ്ദാന ചടങ്ങ് നടക്കാനിരിക്കുന്ന Day3യുടെ തലേദിവസമാണ്. ഇന്ന് പകൽ സമയത്താണ് കാമുകി ആര്യന്റെ വികാരഭരിതമയ പ്രസംഗറിഹേഴ്‌സൽ വീഡിയോ റെക്കോർഡ് ചെയ്യുന്നത്. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിൽ ആന്റണിയോട് മോശമായി പെരുമാറിയതിലുള്ള പാശ്ചാത്താപം ആര്യന്റെ വാക്കുകളിലുണ്ട്. ആന്റണിയുടെ സൗഹൃദത്തിന്റ ആത്മാർത്ഥതയും കരുതലും അവൻ ഓർക്കുന്നു. ആന്റണി ആരെ പ്രണയിക്കുന്നു എന്നുള്ളത് സൗഹൃദത്തെ ബാധിക്കുന്നില്ല എന്ന തിരിച്ചറിവിലേക്ക് ആര്യൻ എത്തിയിട്ടുണ്ട്. 'കളഞ്ഞുപോയ സുഹൃത്തുക്കളുടെ ലിസ്റ്റിലേക്ക് അവന്റെ പേരും ചേർക്കപ്പെടരുതേ എന്നതാണ് എന്റെ ഏറ്റവും വലിയ പ്രാർത്ഥന' എന്നും സൗഹൃദം ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്നും ആര്യൻ പറയുന്നു. അവാർഡ് ആന്റണിക്ക് അവകാശപ്പെട്ടതാണ് എന്ന സത്യം തുറന്നുപറഞ്ഞ് അവനെ വേദിയിലേക്ക് ക്ഷണിക്കുകയാണ് ആര്യൻ. ഒരു തരത്തിൽ നോക്കിയാൽ ആന്റണിയോടുള്ള ക്ഷമാപണം കൂടിയാണ് പൊതുവേദിയിൽ നടത്താനിരുന്ന ഈ പ്രസംഗം.

Day3: അവാർഡ്ദാന ചടങ്ങിന്റെ ദിവസം. Day2വിന്റെ പിറ്റേദിവസം. ആര്യൻ പ്രസംഗം തുടങ്ങിയ ഉടൻ തന്നെ ടൈമർ ഗൺ ഉപയോഗിച്ച് ആന്റണി അവനെ കൊല്ലുന്നു. ആ പ്രസംഗം മുഴുവൻ കേട്ടിരുന്നെങ്കിൽ ആന്റണി അവനെ കൊല്ലില്ലായിരുന്നു! തോക്കിന്റെ റിമോട്ട് കൺട്രോൾ സെറ്റ് ചെയ്തത് അവാർഡ്ദാന ചടങ്ങിന്റെ സ്റ്റേജും ഇരിപ്പിടങ്ങളും പ്രസംഗിക്കാനുള്ള പോഡിയവും എല്ലാം തയ്യാറാക്കി വച്ച തലേദിവസം Day2 രാത്രിയിലാണ്.

Day4: ഒരാഴ്ചയോളം കേസന്വേഷണത്തെ തെറ്റായ പ്രതികളിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചതിന് ശേഷം ഇന്നാണ് ആന്റണി ആര്യന്റെ കാമുകിയായ റെബേക്കയുടെ മൊഴി എടുക്കാൻ ചെല്ലുന്നത്. ആര്യന്റെ വികാരഭരിതമായ പ്രസംഗറിഹേഴ്‌സൽ വീഡിയോ റെബേക്ക ആന്റണിയെ കാണിക്കുന്നു. ഇതായിരുന്നു ആര്യൻ പിറ്റേന്ന് സ്റ്റേജിൽ പറയാനിരുന്നത് എന്നറിഞ്ഞ ആന്റണി ആര്യന്റെ മാനസാന്തരം മനസ്സിലാക്കി പാശ്ചാത്താപിക്കുന്നു. തിരിച്ചുവരുന്നവഴി ഫർഹാനോട് താനാണ് കൊലയാളി എന്ന് പറഞ്ഞ ഉടനെ അപകടം സംഭവിച്ചു ഓർമ്മകൾ നഷ്ടമാവുന്നു.

Day5: ഓർമ്മകൾ നഷ്ടപ്പെട്ട ആന്റണി കേസന്വേഷണത്തിനിടയിൽ റെബേക്കയിൽ നിന്ന് വീണ്ടും ആ വീഡിയോ കാണാനിടയാവുന്നു. പക്ഷേ മുൻപ് ഈ വീഡിയോ കണ്ടതിനു ശേഷം തനിക്കെങ്ങിനെ കുറ്റവാളിയെ കണ്ടെത്താനായി എന്ന് അയാൾക്ക് മനസ്സിലാവുന്നില്ല.

Day6: ആന്റണിയുടെ കാമുകൻ അപകടത്തിന് ശേഷം ആദ്യമായി ഫ്‌ളാറ്റിലേക്ക് വരുന്നു. അപ്പോഴാണ് ആന്റണിക്ക് താൻ ഗേ ആയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ തുടർന്നാണ് താൻ ആര്യനെ കൊന്നതെന്നും ഉള്ള ഓർമ്മകൾ തിരിച്ചു കിട്ടുന്നത്. പലരും തെറ്റിദ്ധരിച്ചത് പോലെ ഇവിടെ ആന്റണി ഹൃദയഭേദകമായി കരയുന്നത് 'അയ്യോ ഞാൻ ഗേ ആണേ...' എന്ന് വിചാരിച്ചല്ല. അതുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ താൻ ആത്മാർത്ഥസുഹൃത്തിനെ കൊന്നുപോയല്ലോ എന്നതിനാലാണ്.

കാലക്രമം തെറ്റിവരുന്ന ഫ്‌ളാഷ്ബാക്കുകളുടെ അയ്യരുകളിയായ ഈ സിനിമയിൽ മേൽപറഞ്ഞ സംഭവങ്ങൾ day3, day5, day2, day6, day1, day4 എന്ന ക്രമത്തിലാണ് അവതരിപ്പിക്കുന്നത്. day1 ന് ശേഷമാണ് day2 വരുന്നതെന്ന് അറിയുമ്പോൾ മാത്രമേ ആദ്യം വീഡിയോ കണ്ടപ്പോൾ ആന്റണി കുറ്റസമ്മതം നടത്തിയതിന്റെ കാരണം പ്രേക്ഷകർക്ക് മനസ്സിലാവൂ. ആര്യൻ തനിക്കെതിരെ തിരിഞ്ഞ് തന്റെ ജീവിതം നശിപ്പിക്കും എന്നുള്ളതായിരുന്നു കൊലയ്ക്ക് പിന്നിലുള്ളത് മോട്ടീവ്. എന്നാൽ അന്ന് രാത്രിയിലേത് പെട്ടെന്നുണ്ടായ വികാരവിക്ഷോഭം മാത്രമായിരുന്നു എന്നും ആര്യന് പിന്നീട് മാനസാന്തരം വന്നിരുന്നു എന്നും വീഡിയോ കാണാനിടയായപ്പോൾ മാത്രമാണ് ആന്റണി അറിയുന്നത്. അതുകൊണ്ടാണ് വീഡിയോ കണ്ട ശേഷം പാശ്ചാത്താപവിവശനായി ആന്റണി കുറ്റസമ്മതം നടത്തുന്നത്. സ്വവർഗപ്രണയികൾ മറ്റുള്ളവരോട് വെളിപ്പെടുത്തൽ നടത്തുമ്പോൾ (അല്ലെങ്കിൽ സിനിമയിലെ പോലെ അവിചാരിതമായി മറ്റുള്ളവർ അറിയാനിടയാവുമ്പോൾ ) അവരുടെ പെട്ടെന്നുള്ള ആദ്യപ്രതികരണം മോശമായേക്കാൻ നല്ല സാധ്യതയുണ്ട്. തികച്ചും അപ്രതീക്ഷിതമായ കാര്യം ആദ്യമായി അറിയുമ്പോഴുള്ള ഷോക്കിൽ നിന്നുണ്ടാകുന്ന അതിവൈകാരിക പ്രതികരണം മാത്രമാണത്. അർക്ക് സ്വവർഗലൈംഗികതയെ കുറിച്ച് ശരിയായി മനസ്സിലാക്കുവാനും പൊരുത്തപ്പെട്ട് മാനസാന്തരം വരുവാനും സാവകാശം നൽകണമെന്നുള്ള സുപ്രധാന സന്ദേശമാണ് സ്വവർഗപ്രേമികൾക്ക് ഈ സിനിമ നൽകുന്നത്.

എന്നെ പോലെ ഗേ സ്വത്വം തുറന്നുപറഞ്ഞു ജീവിക്കുന്നവർക്ക് മുംബൈ പോലീസ് എന്ന സിനിമ ഒരു തരത്തിലുള്ള അസ്വസ്ഥതയും സൃഷ്ടിക്കുന്നില്ല. അതിലെ രഹസ്യജീവിതം നയിക്കുന്ന നായകനുമായി ഞാൻ ഒരു തരത്തിലും താദാത്മ്യപ്പെടുന്നില്ല. അതിനാൽ തന്നെ ആന്റണി മോസസിന്റെ ചെയ്തികളെ അസംഭാവ്യമെന്നും സിനിമയെ ഹോമോഫോബിക് എന്നും ചാപ്പ കുത്തേണ്ട വൈകാരിക ആവശ്യവും എന്നെപ്പോലുള്ളവർക്ക് ഇല്ല. 'എന്റെ ഗേ ഇങ്ങനെയല്ല' എന്ന ജഗതിയുടെ ട്രോൾ തമാശയാണ് സിനിമയെ ഹോമോഫോബിക്കായി പഴിചാരുന്നവരോട് എനിക്ക് പറയാനുള്ളത്. സിനിമ നായകനെ കൊലപാതകിയായി ചിത്രീകരിക്കുന്നുവെങ്കിലും ആ കൊലയെ ആഘോഷിക്കുന്നില്ല. അത്തരം കൊലകൾ നടക്കാനിടയായ സാമൂഹ്യമനസ്ഥിതിയെ തുറന്നുകാട്ടുകയാണ് സിനിമ ചെയ്യുന്നത്. സ്വവർഗപ്രേമികളുടെ ദൃശ്യതയുടെയും സാമൂഹിക അംഗീകാരത്തിന്റെയും ആവശ്യകതയിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്. അതുകൊണ്ടാണ് ചീത്ത ഗേ നായകൻ ഉള്ള നല്ല ഗേ സിനിമയായി മുംബൈ പോലീസ് മാറുന്നത്. സമൂഹത്തിന്റെ ഹോമോഫോബിയ ആണ് അയാളെ രഹസ്യജീവിതത്തിൽ കുടുക്കി വില്ലനാക്കിയത്.

മുംബൈ പോലീസിലെ ഒരേയൊരു പ്രശ്‌നമായി ചൂണ്ടികാണിക്കാവുന്നത് അമ്‌നേഷ്യ മൂലം നായകൻ തന്റെ ലൈംഗിക ചായ്വ് (sexual orientation) മറന്നു പോയി എന്ന ചിത്രീകരണമാണ്. അമ്‌നേഷ്യ മൂലം പങ്കാളിയെ മറന്നുപോകാമെങ്കിലും സ്വന്തം ലൈംഗികത മറന്നുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്നില്ലെന്ന് പദ്മരാജൻ ഇന്നലെ എന്ന സിനിമയിലെ ശോഭനയുടെ കഥാപാത്രത്തിലൂടെ ശരിയായി ചിത്രീകരിച്ചിട്ടുണ്ട്. സ്വവർഗലൈംഗിക ചായ്വ് മറന്നുപോയി എന്നത് മെഡിക്കൽ എവിഡൻസ് ഒന്നുമില്ലാത്ത തീരുമാനമാണെന്ന് പൃഥ്വിരാജ് തന്റെ CNBC ഇന്റർവ്യൂവിൽ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്‌സ് ബിൽഡപ് ചെയ്യാനായി ചെയ്ത കാര്യമാണ് ഇത്. അപകടം, അമ്‌നേഷ്യ, കുറ്റാന്വേഷണം എന്നിവയുടെ സ്‌ട്രെസ്സ് കാരണം നായകന്റെ ലൈംഗികത താൽക്കാലികമായി മരവിക്കുകയോ, ലൈംഗികതയെ കുറിച്ച് ഓർക്കാൻ അയാൾക്ക് സമയം കിട്ടിയില്ലെന്നോ ഒക്കെയുള്ള കാരണങ്ങൾ ഈയൊരു ചിത്രീകരണത്തെ സാധൂകരിക്കാനായി പറയാവുന്നതാണ്. എന്നാൽ ചിലർ ആരോപിക്കുന്നത് പോലെ അപകടത്തോടെ ഹോമോ നായകൻ ഹെറ്ററോ ആയി മാറി എന്ന് സിനിമ ചിത്രീകരിക്കുന്നില്ല. തന്റെ കാമുകനെയും അവനിലൂടെ തന്റെ ലൈംഗികതയെയും വീണ്ടും തിരിച്ചറിഞ്ഞ നായകൻ ഗേ ആയി തുടരുന്നതായാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ അപ്പോൾ അയാൾ വെളിപ്പെടുത്തൽ നടത്തിയ, നോർമൽ ആയ ഒരു ഗേ പുരുഷനാണ്.

മലയാളത്തിലെ എക്കാലത്തേയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന മുംബൈ പോലീസിന്റെ സ്ഥാനം അടുത്ത കാലത്തൊന്നും നിഷ്‌കാസിതമാകില്ല എന്നതിൽ സംവിധായകനായ റോഷൻ ആൻഡ്രൂസിന് അഭിമാനിക്കാം. തങ്ങൾ ഗേ-ലെസ്ബിയൻ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും സിനിമ ഹോമോഫോബിക് അല്ല എന്നും റോഷൻ ആൻഡ്രൂസ്, പൃഥ്വിരാജ് എന്നിവർ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തഞ്ച് വർഷത്തിലേറെ നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം 2018 സെപ്റ്റംബറിൽ ആണ് സുപ്രീം കോടതി സ്വവർഗരതി കുറ്റകരമല്ല എന്ന അന്തിമവിധി പുറപ്പെടുവിച്ചത്. അതിന് ശേഷം കേരളത്തിൽ ഗേ പുരുഷന്മാരും ലെസ്ബിയൻ സ്ത്രീകളും ചെറിയ അളവിലെങ്കിലും സ്വത്വം സാമൂഹ്യമായി വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. എങ്കിലും ഏതെങ്കിലും ഗവൺമെന്റോ പ്രൈവറ്റോ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് സഹപ്രവർത്തകർക്കിടയിൽ സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് ജീവിക്കുന്ന സ്വവർഗപ്രേമികൾ കേരളത്തിൽ ഇന്നും വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉള്ളൂ. നമ്മുടെ തൊഴിലിടങ്ങൾ എത്രമാത്രം ഗേ-സൗഹൃദപരമാണെന്ന ചർച്ചകൂടി മുംബൈ പോലീസ് ഉയർത്തുന്നുണ്ട്. കേരള പോലീസിൽ ഗേ സ്വത്വം തുറന്നുപറഞ്ഞു ജീവിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെങ്കിലും ഉണ്ടാകുന്നത് വരെ മുംബൈ പോലീസ് എന്ന സിനിമ കേരളസമൂഹത്തിൽ പ്രസക്തമായി തുടരും.

[ അനുബന്ധ വായന: 'മുംബൈ പോലീസ് ഗേവിരുദ്ധ സിനിമയോ?' എന്ന പഠനം. ലേഖകന്റെ 'രണ്ട് പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്തകത്തിൽ ലഭ്യമാണ് ]

Comments