സിനിമയെ കലാരൂപം എന്നതിനപ്പുറം ആസ്വാദനത്തിനുള്ളിൽ നിന്ന് വിചാരണ ചെയ്യുമ്പോൾ സാധാരണ കാഴ്ചക്കു പുറത്ത് ചില ചോദ്യങ്ങളുണ്ടാവുക സ്വഭാവികം. ഈ സ്വഭാവികത എതെങ്കിലും തരത്തിൽ നമ്മുടെ നടപ്പ് പൊതുബോധത്തെ സ്വാധീനിക്കുന്നുണ്ടോ എന്നത് മഹേഷ് നാരായണന്റെ
മാലിക് എന്ന സിനിമയെ സംബന്ധിച്ച് പ്രസക്തമാണ്. മാലിക്ക് കലാപരമായും സാങ്കേതികമായും വളരെ മികച്ച അഭിപ്രായം നേടുമ്പോഴും അതിലെ ചരിത്രപരമായ പ്രമേയത്തോട് സംവിധായകൻ എത്ര നീതി പുലർത്തി എന്നൊരു ചോദ്യം പ്രസക്തമാണ്. സിനിമയിൽ ഇത്തരമൊരു ചിന്തക്ക് അടിസ്ഥാനം മാലിക്കിൽ പരന്നൊഴുകുന്നതും ബോധപൂർവ്വം നിർമിക്കപ്പെട്ടതുമായ മുസ്‌ലിം വിരുദ്ധതയാണ്.
ഈ കുറിപ്പ് സിനിമയിലെ മികച്ച കലാസൗന്ദര്യത്തെയോ അഭിനയത്തെയോ കുറിച്ചല്ല. മറിച്ച് സിനിമയിൽ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട രാഷ്ട്രീയത്തെ കുറിച്ചാണ്. സംവിധായകൻ മാലിക്കിനെ സിനിമയായും ഫിക്ഷനായും മാത്രം കാണണം എന്നു പറയുമ്പോഴും കാഴ്ചയിലുടനീളം ഒളിപ്പിച്ചുകടത്തുന്ന രാഷ്ട്രീയത്തെ അത്ര നിസാരമായി തള്ളിക്കളയാൻ പറ്റില്ല. കാരണം, നമ്മുടെ പൊതുബോധത്തെ ഇസ്ലാം വിരുദ്ധതയിലേക്ക് തള്ളിവിടാനുള്ള ശ്രമം വലിയ രീതിയിൽ വിജയം കാണുന്ന സമയത്താണ് മാലിക്കിന്റെ പകർന്നാട്ടം എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈ സിനിമ അതിൽ എത്രമാത്രം വിജയിച്ചു എന്നറിയണമെങ്കിൽ മാലിക്കിലെ ഓരോ കാഴ്ചയും സൂക്ഷമമായി മനസ്സിലാക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രസക്തം എൻ. എസ്. മാധവൻ ചോദിച്ച ചോദ്യങ്ങൾ തന്നെയാണ്.
കേരള പിറവിക്കുശേഷമുണ്ടായ ഏറ്റവും വലിയ വെടിവെപ്പായിരുന്നു ബീമാ പള്ളിയിലേത്. സിനിമയിലെ കഥാപരിസരം റമദാ പള്ളിയായി മാറുന്നു. അതിനെ കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട് ഉറൂസ് നടത്താൻ സമ്മതിക്കില്ല എന്നതും പിന്നീട് പള്ളിയിലേക്ക് വിശ്വാസികളുമായി എത്തുന്ന ബസ് തടയുന്നതും. (ബീമാപള്ളി വെടിവെപ്പിനു പിന്നിൽ ഇത്തരം ഇടപെടൽ കാണാം) ഈ സമയത്തൊന്നും സ്റ്റേറ്റിന്റെ ഇടപെടൽ എവിടെയും കാണാൻ കഴിഞ്ഞില്ല. കാണുന്നത് ഭരണകൂടത്തിന്റെ എക്കാലത്തെയും മർദ്ദക ഉപകരണമായ പൊലീസിനെയാണ്. ആ പൊലീസ് തന്നെ സ്റ്റേറ്റിന്റെ ഉത്തരവ് നടപ്പാക്കാൻ ബാധ്യതപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറെ മറികടക്കുന്നത് യാദൃശ്ചികമല്ല. ഇവിടെയാണ് ബീമാപള്ളി വെടിവെപ്പ് കൃത്യമായി അന്നത്തെ സർക്കാറിന്റെ പാളിച്ചയാണ് എന്ന് പറയേണ്ടത്. അതിനെ സിനിമ ഒരിടത്തും പരാമർശിക്കാതെ പോകുന്നത് അന്നത്തെ ഇടതുപക്ഷ സർക്കാറിന്റെ വീഴ്ച സംരക്ഷിക്കാൻ വേണ്ടിയാണ്. അതേ സമയം ഇസ്ലാം വിരുദ്ധതയെ പരമാവധി പതപ്പിച്ചെടുക്കുന്നുമുണ്ട്. അതിനാണ് പച്ചക്കൊടിയും ലീഗ് എം. എൽ. എ യും അടിക്കടി കാഴ്ചക്കാരന്റെ കണ്ണിൽ കുത്തിക്കയറ്റുന്നത്.
ബീമാപള്ളി വെടിവെപ്പു കാലം (2009) കേരളത്തിൽ ഇസ്ലാം ജനവിഭാഗത്തെ കേന്ദ്രീകരിച്ച് സജീവമായി തീവ്രവാദ ചർച്ച നടന്ന ഒന്നായിരുന്നു. ഒരു പതിറ്റാണ്ടിനുശേഷം ഇതിനെ സാധൂകരിക്കുന്ന തെളിഞ്ഞ കാഴ്ചകൾ മാലിക്കിൽ സംവിധായകൻ പലവട്ടം കാണിക്കുന്നുണ്ട്. കള്ളക്കടത്തിനൊപ്പം തോക്ക് വരുന്നു, അതിനെ സുലൈമാൻ ചോദ്യം ചെയ്യുമ്പോൾ മറുപടി നൽകുന്നത് മറ്റൊരു മുസ്‌ലിം തന്നെയാണ്.
‘നമുക്ക് അത് ആവശ്യം വരും’ എന്ന പറച്ചിൽ ഇരയെ ആസൂത്രിതമായി വേട്ടക്കാരനാക്കി മാറ്റുന്നതാണ്. ഇങ്ങനെ ഒരു സമുദായത്തെ മുഴുവൻ തീവ്രവാദികളാക്കി മാറ്റാനുള്ള ടൂൾ ആയിട്ടാണ് മുസ്‌ലിം സ്വത്വത്തെ സംവിധായകൻ ഉപയോഗിക്കുന്നത്. എന്നു മാത്രമല്ല ഈ തോക്കിനെ പലവട്ടം സംവിധായകൻ കാണിക്കുന്നുണ്ട്. ഒടുവിൽ വെടിവെപ്പിൽ മരിച്ചയാളെ മറവ് ചെയ്യുമ്പോൾ തൊട്ടടുത്ത് തോക്ക് കുഴിയിൽ നിന്ന് പുറത്തെടുക്കുന്നതിനെ സമാന്തരമായി കാണിക്കുന്നത് ഞങ്ങൾ തോക്കിലൂടെ പ്രതികാരം ചെയ്യും എന്നതിന്റെ വിളംബരമാണ്. എന്തിനാണ് അത്തരമൊരു രംഗം എന്ന് ആലോചിക്കുമ്പോഴാണ് സിനിമ കൃത്യമായ മുസ്‌ലിം വിരുദ്ധതയെ പൊതുബോധമായി രൂപപ്പെടുത്തുന്നതായി പറയാൻ കഴിയുന്നത്. ഇത് ഏത് നിഷ്ങ്കളങ്കരായ കാഴ്ചക്കാർക്കും മനസ്സിലാക്കാൻ കഴിയും.
പൊലീസ് ഏതൊരു കലാപ സ്ഥലത്തും ഇടപെടുന്നത് സ്റ്റേറ്റിന്റെ അറിവോടു കൂടിയായിരിക്കും. എന്നാൽ സ്റ്റേറ്റ് കരുതുന്നതു പോലെ കലാപങ്ങളെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞെന്നു വരില്ല. മാലിക്കിലെ പൊലിസിനെ നോക്കൂ, അവരുടെ ഇടപെടൽ കൃത്യമായ വർഗീയ ചിന്തയുടെ ഭാഗമാണ്. അവിടെ അന്നത്തെ ഇടതുപക്ഷ സർക്കാറിന്റെ നിഴൽ പോലും കാണാൻ കഴിയുന്നില്ല. മുഖ്യമന്ത്രിയോ പൊലിസ് വകുപ്പ് മന്ത്രിയോ ഇല്ല. അവരെ പ്രതിനിധാനം ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടിക്കാരെയോ, ചുവന്ന കൊടിയോ കാണുന്നില്ല. എന്നാൽ കാണുന്നത് പച്ചക്കൊടിയും ലീഗിന്റെ പേരിനെ സാധൂകരിക്കുന്ന ഐ.എഫ്.ഡി.എസിനെയുമാണ്. ഈ സാഹചര്യത്തിലാണ് ലീഗ് എം. എൽ. എ എന്ന അർത്ഥത്തിലുള്ള അബു എന്താണ് സിനിമയിലുടനീളം നിർവ്വഹിക്കുന്നതെന്ന് പരിശോധിക്കേണ്ടി വരുന്നത്.
ലീഗ് എല്ലാ അർത്ഥത്തിലും സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയാണ്. ആ അർത്ഥത്തിൽ ലീഗ് എം.എൽ.എ റമദ പള്ളിയിലെയും ആ കടലോര മേഖലയിലെയും മുസ്ലിംകൾക്കൊപ്പം നിൽക്കേണ്ടതാണ്. അതുണ്ടായില്ല എന്നു മാത്രമല്ല നൂറുശതമാനം മുസ്‌ലിം വിരുദ്ധമായ നിലപാടാണ് എം. എൽ. എ ഓരോ രംഗത്തിലും സ്വീകരിക്കുന്നത്. നമ്മുടെ പാർലിമെന്ററി രാഷ്ട്രീയത്തിൽ സർവസാധാരണയായി കഴിഞ്ഞ ജീർണത മുസ്‌ലിം ലീഗിൽ മാത്രം നിക്ഷേപിക്കാൻ സംവിധായകൻ തീരുമാനിച്ചതിനിനു പിന്നിലെ യുക്തി എളുപ്പം തിരിച്ചറിയാൻ കഴിയും. അവിടെയാണ് പച്ചക്കൊടിക്ക് ഒപ്പം മറ്റൊരു കൊടി പോലും കാണാൻ കഴിയാത്തതിന്റെ രഹസ്യം തിരിച്ചറിയേണ്ടത്.
ചന്ദ്രനെ അടിച്ചു കൊല്ലുന്ന സമയത്ത് ക്ഷേത്രമുറ്റത്തെ ചിലരുടെ ഷർട്ടിൽ കാണുന്ന ബാഡ്ജ് പോലും വ്യക്തമല്ല. അതായത് സമൂഹത്തിലെ വ്യത്യസ്തമായ നിറങ്ങളെയും അടയാളങ്ങളെയും കൃത്യമായി മറച്ചുപിടിച്ച് പച്ചയിൽ സാമൂഹിക വിരുദ്ധതയുടെ ആനന്ദം തിർക്കുമ്പോൾ അതൊരു സ്വഭാവികതയായി മാത്രം കാണാൻ കഴിയില്ല. ഇത് ഇസ്ലാമോഹോബിയെ വീർപ്പിക്കുന്നതിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനെ ബലപ്പെടുത്തുന്ന നിർമിതി പിന്നീട് നാം കാണുന്നത് മഹല്ല് കമ്മിറ്റി കൃസ്ത്യാനികളെ പള്ളിയിൽ കയറ്റാൻ അനുവദിക്കാത്തിടത്താണ്. ഇതൊക്കെ സിനിമയിലെ കാഴ്ചയായി മാത്രം കണ്ടാൽ മതിയെന്ന് പറയുന്നവർ ഇത്തരം നെഗറ്റീവ് ചിന്തക്ക് ഇക്കാലത്ത് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നുകൂടി പരിശോധിക്കണം.
പ്രളയകാലത്ത് പള്ളികളും ചർച്ചുകളും ക്ഷേത്രങ്ങളും ജാതി- മത- വർഗങ്ങൾക്ക് അതീതമായ ആശ്രയമായത് നാം കണ്ടതാണ്. മാത്രമല്ല, മുസ്‌ലിം പള്ളിയിൽ മൃതദേഹങ്ങൾ പോലും കിടത്തിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഈ മനഷ്യത്വവിരുദ്ധത സിനിമയിൽ കുത്തിക്കയറ്റുന്നത്. ഭൂരിപക്ഷ കാഴ്ചയും മുസ്‌ലിം ജനവിഭാഗത്തെ സാമൂഹിക വിരുദ്ധ പക്ഷത്തേക്കല്ലേ കൊണ്ടുപോകുന്നത്?
സിനിമയെ സിനിമയായി മാത്രം കാണാൻ ശാഠ്യം പിടിക്കുമ്പോൾ അതിലെ ഓരോ കാഴ്ചയെയും സമകാലീന കേരള രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് കാണാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ക്രിസ്ത്യൻ - മുസ്‌ലിം വിരുദ്ധത. സാന്ദർഭികമായിട്ടാണെങ്കിലും സിനിമ പുറത്തുവരുന്നത് കേരളത്തിൽ ഇതുവരെ കാണാത്ത മുസ്‌ലിം- ക്രിസ്ത്യൻ വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ്. ന്യൂനപക്ഷ സ്കോളർഷിപ്പാണ് വിഷയമെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്നായി പരീക്ഷിച്ച് വിജയിപ്പിച്ച ക്രിസ്ത്യൻ അനുകൂല നിലപാട് ചില രാഷ്ട്രീയക്കാർക്ക് ഏറെ രുചികരമാണ്.
ബീമാപള്ളിയിലെ വെടിവെപ്പിൽ നിന്ന് അന്നത്തെ ഇടതുപക്ഷ സർക്കാറിനെ നന്നായി കഴുകിയെടുക്കാൻ മഹേഷ് നാരായണന് കഴിഞ്ഞത് ക്യത്യമായ ആലോചനയുടെ ഭാഗമായിട്ടാണ്. അപ്പോഴാണ് എന്തുകൊണ്ട് സിനിമയിലുടനീളം ഇരയിൽ തന്നെ വേട്ടക്കാരന്റെ വേഷപ്പകർച്ച ഉണ്ടായി എന്ന ചോദ്യം തെളിഞ്ഞു വരുന്നത്? ഒരേ സമയം ഭരണകൂടത്തെ എതിർക്കുകയും തുറയിലെ ഇരകളുടെ ആവശ്യങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന സലീമിനെ എങ്ങനെയാണ് കൃത്യമായി വായിച്ചെടുക്കാൻ കഴിയുക. നായകനോ പ്രതിനായകനോ? സമുദായത്തെ തകർക്കുന്ന വിശ്വാസിയോ സ്വാതികനായ മുസ്ലിമായിട്ടോ? തൊട്ടടുത്ത് മുസ്‌ലിംലീഗിനെ പ്രതിനിധാനം ചെയ്യുന്ന എം.എൽ. എ സലിമിനൊപ്പം നിന്ന് നടത്തുന്നത് സ്വന്തം സമുദായത്തിന്റെ നശീകരണമാണ്. ഇതിന്റെയൊക്കെ ആവശ്യം എന്താണ്. ഇനി ഇങ്ങനെയുള്ള രാഷ്ട്രീയ മനുഷ്യരും സാധാരണ മനുഷ്യരും എന്തുകൊണ്ട് ക്രിസ്ത്യൻ സമൂദായത്തിൽ അടിക്കടി വീർത്തു വരുന്നില്ല. അല്ലെങ്കിൽ കാഴ്ച്ചയിലുടനീളം ലീഗ് എം. എൽ. എ നിറഞ്ഞു നിൽക്കുമ്പോൾ അന്ന് കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതാവിന്റെയോ മന്ത്രിയുടെയോ നിഴൽ കാണാൻ പോലും കഴിയാത്തത് എന്തുകൊണ്ടാണ്. അതിന്റെ ഒരു കാരണം, ബീമാപള്ളി സംഭവം ഭരണകൂടത്തിന്റെ അറിവോടെ നടന്നതാണ് എന്നതാണ്. അവിടെ വിചാരണ നേരിടേണ്ടി വരിക സർക്കാറാണ്. അതായത് കമ്യൂണിസ്റ്റ് പാർട്ടിയെ അത്തരമൊരു ശ്രമത്തിൽ നിന്ന് സംവിധായകൻ മാറ്റിനിർത്തിയപ്പോൾ സിനിമയിൽ സംഭവിച്ചത് തികഞ്ഞ ഇസ്ലാം വിരുദ്ധത തന്നെ.
എന്നാൽ ഈ അർത്ഥത്തിൽ സിനിമയെ വായിക്കുമ്പോൾ മറ്റ് ചിലതു കൂടി പറയേണ്ടതുണ്ട്. അതിൽ ഒന്ന് സലീമിൽ ഒതുങ്ങാത്ത ജമാ അത്ത് കമ്മിറ്റിയാണ്. ഇങ്ങനെയുള്ള ഇസ്ലാമിലെ നന്മയെ അങ്ങിങ്ങായി കാണിക്കുക വഴി മറികടക്കാൻ കഴിയുന്നതല്ല മാലിക്ക് തുറന്നു വെച്ച ഇസ്ലാം വിരുദ്ധത.