ട്രെന്‍ഡിംഗാവുക, വൈറലാവുക എന്നെല്ലാം പറയുമ്പോള്‍ അതില്‍ എന്തൊക്കെയോ സംഭവിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നത് സോഷ്യല്‍മീഡിയയും ഇതര മാധ്യമങ്ങളുമാണ്. മാനകഭാഷയില്‍ സാധാരണമല്ലാത്ത ‘എട്ടിന്റെ പണി’, ‘കിളി പോയി’, ‘മുട്ടന്‍ പണി’ തുടങ്ങിയ അട്ടിമറി പ്രയോഗങ്ങള്‍ ചേര്‍ത്ത് റീച്ചും റീപോസ്റ്റും റീലും വരുന്നതോടെ തികഞ്ഞ വൈറല്‍ പ്രപഞ്ചം തന്നെ സൃഷ്ടിക്കപ്പെടുന്നു. വെര്‍ട്ടിക്കല്‍ സ്‌ക്രീനിലെ ആസ്വാദനത്തെ ലക്ഷ്യമാക്കിയാണ് ഇവ വികസിക്കുന്നത്. കാഴ്ച മാത്രമല്ല, മള്‍ട്ടി ടച്ച് ജെസ്റ്റേഴ്‌സുകൂടി ഉള്‍പ്പെട്ട സ്‌ക്രോള്‍ ആസ്വാദനരീതിയും വിനിമയം നിര്‍വ്വഹിക്കുന്നുണ്ട്. അത് ഏറ്റവും അടുപ്പത്തോടെ വ്യക്തിയില്‍ സംവേദനം നടത്തും. ഈ സവിശേഷതയെ മാധ്യമങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചയിലെടുക്കുന്നത്. ഇതിന് മാധ്യമങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?
ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ച് സഞ്ചരിക്കുക, അതില്‍ അഭിരമിക്കുക, ട്രെന്‍ഡുകളെ ലൈവായി അതിന്റെ കുറഞ്ഞ കാലത്തില്‍ത്തന്നെ സ്വീകരിക്കുക, ആഘോഷിക്കുക, വൈകാരികത സൃഷ്ടിക്കുക തുടങ്ങിയ കാരണങ്ങള്‍ മാത്രമേ വൈറലുകളെക്കുറിച്ചുള്ള മാധ്യമചര്‍ച്ചയില്‍ നേരിട്ടു കണ്ടെത്താനാവൂ. വെര്‍ട്ടിക്കല്‍ ഡയമന്‍ഷന് നല്‍കുന്ന പ്രാധാന്യത്തെ പരിഗണിക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്കൊപ്പം നില്‍ക്കുന്ന ട്രെന്‍ഡിനെയും വൈറലിനെയും ഏറ്റെടുക്കുന്നതിനും ചര്‍ച്ചയാക്കുന്നതിനും മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കുന്നു.
നിഷേധിക്കാനാവാത്ത രീതിയില്‍ ഉയരുന്ന എതിര്‍ശബ്ദങ്ങളെ, വരേണ്യസ്ഥാപിതധാരണയ്ക്ക് സംഭവിക്കുന്ന ഉലച്ചിലുകളെ മറ്റൊരു തലത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന പോപ്പുലിസത്തിന്റെ പുതിയ മാരക വേര്‍ഷനാവുകയാണ് #FahadhFaasil എന്ന വൈറല്‍.
ഒ.ടി.ടിയിലെ മാമന്നൻ
തിയേറ്ററിനുശേഷം അടുത്തിടെ ഒ.ടി.ടിയിലും റിലീസായ മാമന്നന്‍ എന്ന സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലും കേന്ദ്രീകരിക്കുന്നത് ഫഹദ് ഫാസില്‍ എന്ന നടന്റെ അഭിനയത്തെയാണ്. ഈ സിനിമയില്‍ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ച രത്‌നവേല്‍ എന്ന കഥാപാത്രം മാരി സെല്‍വരാജ് എന്ന സംവിധായകന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുവത്രേ! സോഷ്യല്‍ മീഡിയയുടെ അഭിപ്രായമാണ്; അതവിടെയൊന്നും നില്‍ക്കുന്നില്ല. വില്ലന്‍ സ്ഥാനത്തേക്ക് ഇതുപോലൊരു നടനെ കൊണ്ടുവരേണ്ടിയിരുന്നില്ല, മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഫഹദാണത്രേ ശ്രദ്ധേയന്‍.
സൂക്ഷ്മമായി പരിശോധിച്ചാല്‍ ഫഹദ് എന്ന വില്ലന്‍ കഥാപാത്രം നേരിട്ട് സംസാരിക്കുന്നതു മുഴുവന്‍ സോഷ്യല്‍ മീഡിയയിലെതന്നെ ഉന്നതകുല സവര്‍ണ വേവലാതികളിലെ ജാതി, മതം, സമ്പത്ത്, ശരീരം, നിറം തുടങ്ങിയ മേല്‍ക്കോയ്മകളോടാണ്. തേവര്‍മകന്‍ എന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് എതിര്‍ദിശയില്‍ നടക്കുമ്പോള്‍ പ്രതികരണങ്ങളില്‍ മേല്‍ക്കാണിച്ച കാര്യങ്ങളില്‍ ഊന്നലുണ്ടാകുന്നുവെന്നത് അതിശയോക്തിയല്ല.
തിയേറ്ററിലെ സിനിമാസ്വാദനം ബിഗ് സ്‌ക്രീനിലാണെങ്കില്‍, ഒ.ടി.ടി അനുഭവം താരതമ്യേന ചെറിയ ടെലിവിഷന്‍ സ്‌ക്രീനിലും മൊബൈല്‍ സ്‌ക്രീനിലും കമ്പ്യൂട്ടര്‍ സ്‌ക്രീനിലും മറ്റുമാണ്. തിയേറ്ററില്‍ സിനിമ കണ്ടിറങ്ങിയവര്‍ സിനിമയുടെ നായകപശ്ചാത്തലത്തിലേക്കും ഘടനയിലേക്കും കൂടുതല്‍ ശ്രദ്ധ ഊന്നിയത്രേ. എന്നാല്‍, ഒ.ടി.ടിയിലേക്കെത്തിയപ്പോള്‍ വില്ലനിലേക്ക് കഥ മാറിയെന്നാണ് കേള്‍ക്കുന്നത്.
സോഷ്യല്‍ മീഡിയയിലേക്ക് വരുമ്പോള്‍ പെര്‍ഫോര്‍മന്‍സ്, ജനപ്രിയത, ആരാധകക്കൂട്ടം, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സ്, മീമുകള്‍, റീമിക്‌സുകള്‍, എതിരഭിപ്രായങ്ങള്‍, അപ്രതീക്ഷിത മറുപടികള്‍, ചരിത്രാത്മകത തുടങ്ങി നിരവധി ഘടകങ്ങളിലേക്ക് താല്പര്യങ്ങള്‍ മാറുന്നതായി കാണാം.
സിനിമ കാണാൻ തിയേറ്ററിലെത്തുമ്പോള്‍ പാലിക്കുന്ന സമയക്ലിപ്തതയും പൂര്‍ണതയും ഒ.ടി.ടിയിലുണ്ടാവില്ല. ചില സമയങ്ങളിലെങ്കിലും ചില രംഗങ്ങള്‍ ആവര്‍ത്തിച്ച് കണ്ടിരിക്കാനും സാധ്യത ഏറെയാണ്. അങ്ങനെ കാണുമ്പോള്‍ അവര്‍ സ്വയം സൃഷ്ടിക്കുന്ന മേഖലയിലേക്ക് സിനിമയെ മാറ്റി പ്രതിഷ്ഠിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഏതെങ്കിലും രീതിയില്‍ സജീവമായവരെല്ലാം ഈ അഭിപ്രായങ്ങളെ പിന്താങ്ങുകയും സമാനമായ രീതിയില്‍ ചിന്തിക്കുകയും ചെയ്യുന്നു. എതിരഭിപ്രായം ഉണ്ടായാലും അത് ഇത്തരം ബഹളങ്ങളില്‍ മുങ്ങിപ്പോവുകയും അതിന് അനുകൂലമായ മറുപടികളും പ്രതികരണങ്ങളും കുറയുകയും ചെയ്യുന്നു.
പല പ്രേക്ഷകരും സിനിമകള്‍ ആവര്‍ത്തിച്ചു കാണുന്ന ശീലമുള്ളവരാണ്. കഥാപരിസരത്തിലെ പരിചിതഘടകങ്ങള്‍ നല്‍കുന്ന അടുപ്പം, ഗൃഹാതുരത്വം എന്നിവയാണ് ആവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത്. സിനിമാഖ്യാനത്തിലെ അതിവൈകാരികസമീപനത്തോട് ആകര്‍ഷണീയത തോന്നിക്കുന്നതോടെ പല സന്ദര്‍ഭങ്ങളും വീണ്ടും കാണാന്‍ ആളുകള്‍ തയ്യാറാകുന്നു. കൂടാതെ, സിനിമയുടെ കൂടുതല്‍ സങ്കീര്‍ണ്ണമായ വശങ്ങള്‍ ശ്രദ്ധയോടെ കാണുവാനും വിട്ടുപോയതെന്തെങ്കിലും ഉണ്ടോ എന്നു പരിശോധിക്കുന്നതിനും പ്രേക്ഷകര്‍ ശ്രമിക്കുന്നു.
-ഇതൊന്ന് വേര്‍തിരിച്ചു നോക്കാം.
സാങ്കേതിക വശങ്ങളില്‍ സിനിമ പ്രകടിപ്പിക്കുന്ന പുതുമയിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആവര്‍ത്തനം സഹായിക്കും. സിനിമാട്ടോഗ്രഫി, പശ്ചാത്തലം, കോസ്റ്റ്യൂംസ്, സ്‌പെഷ്യല്‍ ഇഫക്റ്റ്‌സ് തുടങ്ങി സിനിമയെ മൊത്തത്തില്‍ ദൃശ്യ-ശ്രവ്യാനുഭവമാക്കുന്നതെന്തെന്ന ചിന്തയാണിത്.
ആദ്യകാഴ്ചയില്‍ ശ്രദ്ധയില്‍ പെടാതെ പോയിട്ടുള്ള മിസെന്‍സീന്‍ ഘടകങ്ങള്‍, പ്രതീകങ്ങള്‍, ആംഗിള്‍, പ്രകാശക്രമീകരണം എന്നിവയില്‍ ചിലതെങ്കിലും ദൃശ്യസംവേദനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതെങ്ങനെയാവും എന്ന ബൗദ്ധികതലത്തിലുള്ള അന്വേഷണമാണ് ആവര്‍ത്തനത്തിന് പ്രേരിപ്പിക്കുക.
ലീനിയറായ ആഖ്യാനം നേരിട്ടു കഥയിലേക്ക് കടക്കുകയും അതിന്റെ പൊരുത്തം സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ സങ്കീര്‍ണ്ണമായ ആഖ്യാനങ്ങളാണ് നോണ്‍- ലീനിയറായവയില്‍ കാണുക. കഥാപരിസരത്തില്‍നിന്ന് മുന്നോട്ടുപോവുകയും തിരിച്ചുവരികയും മറ്റൊരു കഥ പറയുകയും വീണ്ടും പഴയതിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ പ്രേക്ഷകരില്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന വിഭ്രമങ്ങള്‍, കഥാപരിസരത്തില്‍ നിലനില്‍ക്കുന്ന സമാന്തരചലനങ്ങള്‍ എന്നിവ സിനിമയെ മറ്റൊന്നാക്കിത്തീര്‍ക്കുന്നു. ഇതില്‍ പലതിന്റെയും സാധ്യതകള്‍ ആവര്‍ത്തനത്തിലൂടെയാണ് വെളിപ്പെടുക. ആദ്യകാഴ്ചയില്‍ വിട്ടുപോയവ സിനിമയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും ക്രാഫ്റ്റ്മാന്‍ഷിപ്പിനെ പരിശോധിക്കാനും സഹായിക്കും.
ശക്തമായ വികാരങ്ങള്‍ പ്രക്ഷേപിക്കാന്‍ സിനിമകള്‍ക്ക് സാധിക്കും. അവ നിര്‍മ്മിച്ചെടുക്കുന്ന ആസ്വാദനതലത്തെ അനുഭവിക്കാനും കൂടുതല്‍ക്കൂടതല്‍ ലയിക്കാനും ആവര്‍ത്തനത്തിലൂടെ സാധിക്കും.
വ്യാഖ്യാനങ്ങള്‍ക്കുവേണ്ടി തുറന്നിരിക്കുന്ന പുസ്തകമാണ് സിനിമ. ഒരേ സിനിമയില്‍നിന്ന് വ്യത്യസ്തരായ കാഴ്ചക്കാര്‍ വ്യത്യസ്തതലങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കും. ആവര്‍ത്തിച്ചു കാണുമ്പോള്‍ വീക്ഷണകോണില്‍ത്തന്നെ മാറ്റമുണ്ടായേക്കാം. ഏത് ആംഗിളില്‍നിന്ന് ഇക്കഥയെ വീക്ഷിക്കണമെന്ന ആശയക്കുഴപ്പത്തെ പൂരിപ്പിക്കാന്‍ ഇത് സഹായിക്കും. അവിടെ ബോധത്തെ നിയന്ത്രിക്കുന്ന, മാറ്റുന്ന നിരവധി ഘടകങ്ങള്‍ ഇടപെടുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിരൂപണങ്ങളും കൂടുതല്‍ തെളിവുള്ള തലത്തെ വെളിപ്പെടുത്തുന്നു.
സാമൂഹ്യതലത്തില്‍ സിനിമ പ്രതിനിധാനം ചെയ്ത പ്രശ്‌നങ്ങളേക്കാള്‍ മുഴച്ചുനില്‍ക്കുക ഇഷ്ടപ്പെട്ട സീനുകള്‍, ഡയലോഗുകള്‍ എന്നിവയായിരിക്കും. അതിനെ പൂരിപ്പിക്കുന്നതിനുള്ള ഇതരഘടകങ്ങളെ കാണുക മാത്രമേ ശരാശരി പ്രേക്ഷകന്‍ ചെയ്യുകയുള്ളൂ.
സോഷ്യല്‍ മീഡിയയിലേക്ക് വരുമ്പോള്‍ പെര്‍ഫോര്‍മന്‍സ്, ജനപ്രിയത, ആരാധകക്കൂട്ടം, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സ്, മീമുകള്‍, റീമിക്‌സുകള്‍, എതിരഭിപ്രായങ്ങള്‍, അപ്രതീക്ഷിത മറുപടികള്‍, ചരിത്രാത്മകത തുടങ്ങി നിരവധി ഘടകങ്ങളിലേക്ക് താല്പര്യങ്ങള്‍ മാറുന്നതായി കാണാം.
ഫഹദും രത്‌നവേലും
പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തില്‍ മാമന്നനില്‍ ഫഹദ് എന്ന പെര്‍ഫോര്‍മര്‍ പതിവുശൈലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മറ്റു സിനിമകളില്‍നിന്ന് വ്യത്യസ്തമായ ചലനമോ മുഖഭാവമോ മാനറിസമോ ഈ സിനിമയിലില്ല. ഈ തുടര്‍ച്ചയാണ് ആസ്വാദകരിലേക്ക് എളുപ്പം എത്തിയെതെന്നും ആവര്‍ത്തനം ഒരേ സിനിമയുടേതു മാത്രമല്ലെന്നും ഫഹദിന്റെ തന്നെ ഇതര സിനിമകളില്‍ കണ്ടുപരിചയിച്ചവയുടേതാണെന്നും മനസ്സിലാക്കാം. നടനെന്ന നിലയില്‍ പ്രകടിപ്പിക്കുന്ന ടാലന്റിനെ ഒരിക്കല്‍ക്കൂടി ഉറപ്പിക്കാന്‍ മാമന്നനിലെ രത്‌നവേലിന് സാധിക്കുന്നത് അതുകൊണ്ടാണ്. മാമന്നനിലേതു മാത്രമായ പെര്‍ഫോര്‍മന്‍സ് ഒന്നുമില്ലെങ്കിലും പതിവുരീതിയില്‍ മോശമാക്കാത്ത പ്രകടനത്തെ ചിരപരിചിതത്വത്തിലൂടെ കുറേക്കൂടി ഹൈപ്പില്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുവെന്നുമാത്രം. വില്ലന്‍ കഥാപാത്രമായി ഫഹദിനെ കണ്ടിരുന്ന എല്ലാ സിനിമകളിലും കാഴ്ചവച്ചിട്ടുള്ള മാനറിസങ്ങള്‍ ചെറിയ വേരിയേഷനുകളിലൂടെ (കഥാപാത്രം ആവശ്യപ്പെടുന്നതിനനുസരിച്ച്) ഫഹദ് പ്രകടിപ്പിക്കുന്നു. ഇരുമ്പുദണ്ഡുകൊണ്ട് നായയെ അടിച്ചുകൊല്ലുന്ന അതേ ഭാവത്തോടെയാണ് മറ്റ് എതിരാളികളെയും കൊല്ലുന്നത് എന്ന സമാനതയ്ക്കാണ് സംവിധായകന്‍ ഊന്നല്‍ നല്‍കിയത്. അതിലെ ഭാവഹാവാദികള്‍ മാറ്റമൊന്നും ആവശ്യപ്പെടുന്നില്ല. അടിച്ചുകൊന്നതിനുശേഷം വെട്ടിത്തിരിയുന്നതില്‍വരെയുള്ള സമാനത ആവര്‍ത്തിക്കാന്‍ ഫഹദ് ശ്രദ്ധിക്കണമെന്നുതന്നെയാണ് ചലച്ചിത്രകാരന്‍ / സിനിമ ആവശ്യപ്പെടുന്നതും.
വിനോദവ്യവസായമേഖലയായ സിനിമയില്‍ തന്റേതായ ശൈലി കൊണ്ട് ഇടം പിടിച്ച കഥാപാത്രങ്ങളിലൂടെയാണ് ഒരു താരം ഉണ്ടാവുക. താരത്തെ നിര്‍മ്മിച്ചെടുത്ത ആഖ്യാനങ്ങളെക്കുറിച്ചുള്ള മുന്‍ധാരണകള്‍ പ്രേക്ഷകരില്‍ സമാനമായ സാഹചര്യങ്ങളിലെ പെര്‍ഫോര്‍മന്‍സ് പ്രതീക്ഷിക്കുന്നുണ്ടാവും. അത് നിലനിര്‍ത്താനായാല്‍ താരം വിജയിക്കുന്നു. കഥയിലെ പാര്‍ശ്വവല്‍ക്കരണത്തെ അതിശയിപ്പിക്കുന്ന രീതിയില്‍ തന്നെ അടയാളപ്പെടുത്താനാണ് കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ ശ്രദ്ധിക്കുക. അങ്ങനെയൊരു ആവര്‍ത്തനമാണ് ഫഹദ് നടത്തുന്നത്.
ആരാധകരുടെ കൂട്ടം ഫഹദിന് നേരത്തേതന്നെയുണ്ട്. അതുകൊണ്ടുതന്നെ പുതിയതായി വരുന്നവ കുറേക്കൂടി ശക്തമായി അതിനെ ഉറപ്പിക്കുമെന്നുമാത്രം. കഥാഗതിയില്‍നിന്ന് ഫഹദിന്റെ ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് ആ ഒഴുക്കിനെ സ്വാധീനിക്കാനും ഉറപ്പിക്കാനുമാണ് ആരാധകര്‍ ശ്രമിക്കുക.
സിനിമയില്‍ ഫഹദ് നേരത്തേ നിര്‍മ്മിച്ചുവച്ചിട്ടുള്ള അപരങ്ങള്‍ ഇവിടെ ഇടപെടുന്നു. ആരാധകരുടെ കൂട്ടം ഫഹദിന് നേരത്തേതന്നെയുണ്ട്. അതുകൊണ്ടുതന്നെ പുതിയതായി വരുന്നവ കുറേക്കൂടി ശക്തമായി അതിനെ ഉറപ്പിക്കുമെന്നുമാത്രം. കഥാഗതിയില്‍നിന്ന് ഫഹദിന്റെ ഘടകങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് ആ ഒഴുക്കിനെ സ്വാധീനിക്കാനും ഉറപ്പിക്കാനുമാണ് ആരാധകര്‍ ശ്രമിക്കുക. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയും ട്രാന്‍സിലെ പാസ്റ്ററും ജോജിയിലെ ജോജിയും പുഷ്പയിലെ ബന്‍വര്‍ സിംഗ് ഷെഖാവത്തും നിര്‍മ്മിച്ചെടുത്ത ചില മാനറിസങ്ങള്‍ തന്നെയാണ് ഫഹദിനെ രത്‌നവേലിലും അടയാളപ്പെടുത്തുന്നതിനുകാരണമായിത്തീരുന്നത്. ആരാധകര്‍ പൊതുവെ സിനിമയുടെ പോസ്റ്ററും ടീസറും മറ്റും വരുമ്പോള്‍ത്തന്നെ പ്രതീക്ഷയിലായിരിക്കും. ആ പ്രതീക്ഷയെ പല രീതിയില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കുകയും പ്രമോട്ടു ചെയ്യുകയുമാണ്. ഇവരുടെ ആകാംക്ഷ നിര്‍മ്മിക്കുന്ന ഡൊമിനോ എഫക്റ്റാണ് കൂടുതല്‍ പേരെ ഇതിലേക്ക് അടുപ്പിക്കുന്നത്. ചെയിന്‍ റിയാക്ഷന്‍പോലെ ആളുകള്‍ ഇതിന്റെ പ്രഭാവലയത്തിലേക്ക് പതുക്കെ കടന്നുവരുന്നു. ഓരോ മാറ്റത്തെയും തങ്ങളുടെ അഭിപ്രായസാധൂകരണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കഥയെക്കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളിലും ചര്‍ച്ചകളിലും ഈ എഫക്റ്റ് പ്രവര്‍ത്തിക്കുന്നു. അങ്ങനെയൊന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് തോന്നിക്കുന്ന രീതിയിലായിരിക്കും സോഷ്യല്‍ മീഡിയ ആളുകളില്‍ ഇടപെട്ടുകൊണ്ടിരിക്കുക. പിന്നീടത് ഹാഷ്ടാഗുകളിലേക്ക് മാറുന്നതോടെ ചെയിന്‍ റിയാക്ഷന്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്യും. ഇത് വൈറല്‍ എന്ന ട്രെന്‍ഡിന് ഓരോ സന്ദര്‍ഭത്തിലും ഇന്ധനം പകരും.
സെലിബ്രിറ്റിയും
ട്രെൻഡ്സും
സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്‌സ് ഉള്ളവരെ ഇന്‍ഫ്ലുവന്‍സേഴ്‌സ് എന്ന വിഭാഗത്തില്‍ പെടുത്താം. സെലിബ്രൈറ്റികളും ഇതേ വിഭാഗത്തില്‍വരുന്നു. ഇവരുടെ അഭിപ്രായങ്ങള്‍ പല ട്രെന്‍ഡുകളെയും കൂടുതല്‍ പോപ്പുലറാക്കുകയും ചര്‍ച്ചാവേദികള്‍ സജീവമാകുകയും ചെയ്യുന്നു. സിനിമയിലെ നടനെക്കുറിച്ചുള്ള ഇവരുടെ അഭിപ്രായങ്ങള്‍ ആരാധകക്കൂട്ടങ്ങളില്‍ വേഗത്തില്‍ ട്രെന്‍ഡിംഗാവും. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളുടെ തുടക്കംമുതല്‍തന്നെ കാത്തിരിക്കുന്നവര്‍ക്ക് സെലിബ്രൈറ്റികളുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ഊര്‍ജ്ജം നല്‍കുകയും അത് പ്രചരിക്കപ്പെടുകയും ചെയ്യും. തുടക്കത്തില്‍ ഇടപെടാതിരുന്ന സെലിബ്രൈറ്റികളും മറ്റും ഈ സിനിമ കാണാന്‍ ഞാന്‍ വൈകിപ്പോയി, ഇതേ വരെ കാണാത്തതില്‍ തെറ്റുപറ്റി തുടങ്ങിയ ക്ഷമാപണങ്ങളുമായി സോഷ്യല്‍ മീഡിയയിലേക്കു വരുന്നതായി കാണാം. ഒഴുക്കിനൊത്ത് നീന്തേണ്ടത് അനിവാര്യമായതിനാല്‍ പ്രതികരിക്കേണ്ടിവരുമല്ലോ. ഇനിയും പ്രതികരിക്കാത്തവരെ മാധ്യമപ്രവര്‍ത്തകര്‍ മറ്റേതെങ്കിലും സന്ദര്‍ഭത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കും. തങ്ങള്‍ പങ്കുവയ്ക്കുന്ന കണ്ടന്റിന്റെ പ്രസക്തി കുറഞ്ഞ കാലത്തേക്കുമാത്രമേയുള്ളൂവെന്ന് സെലിബ്രൈറ്റികളെ ആഘോഷിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ത്തന്നെ അവരോടുള്ള ചോദ്യവും മാധ്യമപ്രവര്‍ത്തകരുടേതായ ഉത്തരവാദിത്തവും നിര്‍വ്വഹിക്കപ്പെടുന്നു.
പ്രവചനാതീതമാണ് വൈറലിന്റെ സ്വഭാവം. കാലം, പ്രേക്ഷകരുടെ എണ്ണം, സാംസ്‌കാരികപശ്ചാത്തലം, സമാന്തരമായ മറ്റേതെങ്കിലും ട്രെന്‍ഡ്, സമാനമായ മുന്‍അനുഭവങ്ങള്‍, ടെക്‌നോളജിയുടെ ലഭ്യത എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെ സ്വാധീനിക്കുന്നു.
മീമുകളും റീമിക്‌സുകളും സൈബര്‍ കള്‍ച്ചറിന്റെ ഭാഗമാണ്. വൈറലായവയെ നിര്‍മ്മിക്കുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. ഒരു നടന്റെ സവിശേഷ സീന്‍, സംഭാഷണം, വികാരപ്രകടനം, വേഷം എന്നിവ മീമിനോ റീമിക്‌സിനോ ഉള്ള സാധ്യത നല്‍കുന്നുവെങ്കില്‍ അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ വളരെ വേഗം പ്രചരിക്കുകയും വൈറലാവുകയും ചെയ്യും. സമാനമായ എല്ലാ സന്ദര്‍ഭങ്ങളിലും കുറേക്കാലത്തേക്ക് അത്തരം മീമുകള്‍ ഉപയോഗിക്കപ്പെടും. ഏറ്റവും എളുപ്പത്തില്‍ ഷെയര്‍ ചെയ്യുന്നതിന് സാധ്യതയുള്ള ഇത് നടന്‍ നിര്‍മ്മിച്ച പ്രഭാവലയത്തിനുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നതും പുനര്‍നിര്‍മ്മിക്കപ്പെടുന്നതുമാണ്. മീമുകള്‍ ആത്യന്തികമായി നടന്റേതായ ട്രെന്‍ഡിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. സിനിമയുടെ റിലീസുമായോ പ്രമോഷനുമായോ ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ വരുന്ന പാകപ്പിഴകളോ സ്വാധീനശേഷിയുള്ള സംഭാഷണമോ ഇതേ രീതിയില്‍ ട്രെന്‍ഡിംഗാവാറുണ്ട്. മീമുകളില്‍ വൈറലായി നില്‍ക്കുമ്പോള്‍ നടന്നേക്കാവുന്ന വിരുദ്ധാഭിപ്രായങ്ങള്‍ ചിലപ്പോള്‍ ഇതിനെ പുറകോട്ടു വലിക്കാറുണ്ട്. ആളുകളെ മുഷിപ്പിക്കാതെ, ഏതാണ്ടൊരു സമഭാവനയില്‍ മുന്നോട്ടു പോകുന്നെങ്കില്‍ മാത്രമേ ഈ ട്രെന്‍ഡ് നിലനില്‍ക്കുകയുള്ളൂ. അവിടെ വരുന്ന ഏതൊരു വിരുദ്ധാഭിപ്രായവും നടനെ പെട്ടെന്നുതന്നെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുന്നതിലേക്ക് പ്രേക്ഷകരെ എത്തിക്കും.
പ്രവചനാതീതമാണ് വൈറലിന്റെ സ്വഭാവം. കാലം, പ്രേക്ഷകരുടെ എണ്ണം, സാംസ്‌കാരികപശ്ചാത്തലം, സമാന്തരമായ മറ്റേതെങ്കിലും ട്രെന്‍ഡ്, സമാനമായ മുന്‍അനുഭവങ്ങള്‍, ടെക്‌നോളജിയുടെ ലഭ്യത എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെ സ്വാധീനിക്കുന്നു. തികച്ചും ഓര്‍ഗാനിക്കായ തലമായതിനാല്‍ നടന്‍-സിനിമ എന്ന ദ്വന്ദ്വത്തില്‍നിന്നുകൊണ്ട് ശ്രദ്ധയും ബഹളവും സൃഷ്ടിക്കാനാണ് സോഷ്യല്‍ മീഡിയ ശ്രദ്ധിക്കുന്നത്.
മാമന്നനില്‍ പന്നികള്‍ ഒരുവശത്തും നായ്ക്കള്‍ മറുവശത്തും പ്രതിനിധാന സ്വഭാവത്തോടെ ചിത്രീകരിക്കപ്പെടുന്നു. പന്നികള്‍ ചെളിയില്‍ പൂണ്ടു കിടക്കുകയും അതില്‍ത്തന്നെ മുഴുകുകയും ചെയ്ത് സ്ഥിരത നിലനിര്‍ത്തുന്നുവെങ്കില്‍ നായ്ക്കള്‍ ചെളിമുതല്‍ കിടപ്പുമുറിവരെ ഇടം പിടിക്കുന്നവയാണ്. സിനിമയുടെ തുടക്കത്തില്‍ നിന്ന് ഒടുക്കത്തിലേക്കെത്തുമ്പോള്‍ ഈ ഇടം മാറിപ്പോകുന്നുണ്ട്. നായ്ക്കളാവട്ടെ ഭയപ്പെടുത്തുന്ന ശബ്ദത്തെയും പ്രവൃത്തിയെയും വീണുപോയവയെയും മറികടന്ന് മുന്നോട്ടുപോകുന്നു. അവിടെ നിസ്സഹായതയോടെ മുഖം കുനിച്ചുപോകുന്ന രത്‌നവേലിനെ അടയാളപ്പെടുത്താന്‍ മറക്കുന്ന സോഷ്യല്‍ മീഡിയ തകര്‍ന്നുപോയ അയാളുടെ ഘോഷങ്ങളെ മുന്നോട്ടുവച്ച് ആഘോഷിക്കാനുള്ള ഇടം തേടുകയാണ്.
മാമന്നനും അയാള്‍ പ്രതിനിധീകരിക്കുന്ന സമൂഹവും രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നായകനും വില്ലനും തമ്മില്‍ഇടപെടുന്നതിന് നേരിട്ടുള്ള കാരണങ്ങള്‍ ഇല്ലാതിരിക്കെ അതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മറ്റെന്തൊക്കെയോ ആയിത്തീരുന്നു.
മണ്ണായിരുന്ന മാമന്നന്‍, മണ്ണിലെ മന്നനായി വളരുന്ന സിനിമയുടെ കേന്ദ്രാഖ്യാനത്തെ, അയാളുടെ സഹനത്തെ, നേരിട്ട വെല്ലുവിളികളെ, പ്രതികരണശേഷിയോടെ നില്‍ക്കുന്ന മകനെ, പ്രേക്ഷകര്‍ മറക്കുകയോ മാറിച്ചിന്തിക്കുകയോ വേണമെന്ന ബോധത്തോടെ ട്രെന്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയാണ്. റിലീസ് സമയത്ത് മാരി സെല്‍വരാജ് എന്ന സംവിധായകന്‍ കമല്‍ഹാസനെ വേദിയിലിരുത്തിക്കൊണ്ട് നടത്തിയ വിമര്‍ശനത്തെ തരംഗമാക്കിയ സോഷ്യല്‍മീഡിയയ്ക്ക് മറുപടി വേണമെന്നുണ്ടോ? പുരോഗമനപരമായി സംസാരിച്ചവരോ നിശ്ശബ്ദരായവരോ മറ്റൊരര്‍ത്ഥത്തില്‍ എതിര്‍പ്പുകളിലേക്ക് വളരുന്നതല്ലേ? ഇത് ബോധപൂര്‍വ്വമാണെന്ന് പറയാതെ വയ്യ. തികച്ചും ലളിതമായി / നിഷ്‌കളങ്കമായി ട്രെന്‍ഡായിപ്പോയതാണെന്ന് തോന്നിച്ചുകൊണ്ട് സിനിമയില്‍നിന്ന് തെരഞ്ഞെടുത്ത ഓരോന്നും വൈറല്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ മാറിവരുന്ന സോഷ്യല്‍ കമ്മിറ്റ്‌മെന്റുകളുടെ ശ്രേണിയെ ഭയപ്പെടേണ്ടിയിരിക്കുന്നു.
വടിവേലു എന്ന പ്രതീകം
ഇംസൈ അരസന്‍ ഇരുപത്തിമൂന്നാം പുലികേശി എന്ന സിനിമയിലെ മികച്ച പെര്‍ഫോര്‍മന്‍സിനുശേഷം തികച്ചും വ്യത്യസ്തമായ മറ്റൊരു വേഷത്തില്‍ വലിയൊരു ഇടവേളയ്ക്കുശേഷമാണ് വടിവേലു എന്ന നടന്‍ വരുന്നത്. കഥാപശ്ചാത്തലത്തില്‍ ജനാധിപത്യപരമായ തന്റെ ഇടപെടലുകളിലൂടെ മറികടക്കാനാവാത്ത സാന്നിധ്യമായി അയാള്‍ മാറുകയാണ്. അയാളുടെ വളര്‍ച്ചയും പെരുമാറ്റവും നിര്‍ണ്ണയിക്കുന്നത് ഉദയനിധി അവതരിപ്പിക്കുന്ന മകനെന്ന കഥാപാത്രമാണ്. ദരിദ്രവും അടിച്ചമര്‍ത്തപ്പെട്ടതുമായ കാലത്തുനിന്ന് ജനാധിപത്യവ്യവസ്ഥയിലെ ഉന്നതപദവിയില്‍ എത്തുന്നതിന് സമാധാനപരമായ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന സന്ദേശം സിനിമ നല്‍കുന്നുണ്ട്. അതിനു വിപരീതമായി നില്‍ക്കുന്നയാളും ജനാധിപത്യത്തെ ജാതിയിലെ മേല്‍ക്കോയ്മ കൊണ്ടും സമ്പത്തുകൊണ്ടും അഹങ്കാരംകൊണ്ടും ചോദ്യം ചെയ്യുന്നയാളുമാണ് രത്‌നവേല്‍. അതുകൊണ്ടുതന്നെ സിനിമയുടെ നരേറ്റീവില്‍ നായകകഥാപാത്രം മാമന്നന്‍ തന്നെയാണ്. അയാള്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹവും സൂക്ഷ്മതലത്തില്‍ അവരനുഭവിക്കുന്ന പ്രശ്‌നങ്ങളും സിനിമ കൈകാര്യം ചെയ്യുകയാണ്.
രത്‌നവേലെന്ന കഥാപാത്രം ജനാധിപത്യസംവിധാനത്തിനു പുറത്താണ്. അയാള്‍ നേരിട്ട് ഇടപെടുന്ന നിര്‍ണ്ണായകസന്ദര്‍ഭങ്ങള്‍ തീരെക്കുറവും, നിസ്സഹായരുടെ മേല്‍ കുതിര കയറുന്നവനുമാണ്. (സിനിമ ഈ ബിംബത്തെ അപ്രസക്തമായി കാണിക്കുന്നുണ്ട്.) പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ പ്രയാസമുള്ള ഒരനുഭവത്തെ സാക്ഷാത്കരിക്കുന്ന നടനിലേക്ക് വൈറല്‍/ട്രെന്‍ഡ് മാറുന്നുവെന്നത് സൂക്ഷ്മതലത്തില്‍ വിലയിരുത്തേണ്ട ഒന്നാണ്. സിനിമയില്‍ ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പായ പ്രതിനായകകഥാപാത്രത്തിലൂടെ പ്രസക്തമായ ആഖ്യാനപാഠത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിച്ചതിന്റെ, ദുര്‍ബ്ബലഘടനയുടെ പരിണതഫലമാണ് രത്‌നവേല്‍ എന്ന വൈറല്‍. പ്രേക്ഷകരുടെ പ്രതീക്ഷയെ പൂരിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് കഥാപാത്രത്തിന് ഇവിടെ ചെയ്യാനുള്ളത്. അത് ഭംഗിയായി നിര്‍വഹിച്ചതിനാല്‍ സിനിമയില്‍നിന്ന് വേറിട്ട അസ്തിത്വമായി രത്‌നവേല്‍ മാറുന്നു.
ഇവിടെ നേരത്തേ സൂചിപ്പിച്ച ബുഹവിധങ്ങളായ കാരണങ്ങള്‍ സോഷ്യല്‍ മീഡിയ മുന്നോട്ടുവയ്ക്കുന്ന പൊള്ളത്തരങ്ങളെയും കൃത്രിമത്വങ്ങളെയും ബോധ്യപ്പെടുത്തുന്നുണ്ട്. മാമന്നനും അയാള്‍ പ്രതിനിധീകരിക്കുന്ന സമൂഹവും രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നായകനും വില്ലനും തമ്മില്‍ഇടപെടുന്നതിന് നേരിട്ടുള്ള കാരണങ്ങള്‍ ഇല്ലാതിരിക്കെ അതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മറ്റെന്തൊക്കെയോ ആയിത്തീരുന്നു. ഈ സവിശേഷഘടനയെ അപഗ്രഥിക്കുന്നതിനുപകരം മറ്റു മേഖലകളിലേക്ക് ചര്‍ച്ചകള്‍ വഴിമാറുന്നു. സമൂഹത്തില്‍ രൂഢമൂലമായിക്കിടക്കുന്നവ തിരിച്ചറിയുകയും ചികിത്സ നടത്തുകയുമാണ് വേണ്ടതെന്ന് സിനിമ സൂചിപ്പിക്കുന്നുണ്ട്. അതിനെ വഴി തിരിച്ചുവിടുന്നതിനാണ് ട്രെന്‍ഡുകള്‍ ശ്രമിക്കുന്നതെന്ന് ഉറപ്പിച്ചുപറയാനാവും. ജനാധിപത്യത്തിന്റെ വ്യവഹാരങ്ങളില്‍നിന്നുമാറി സിനിമ മുന്നോട്ടുവയ്ക്കുന്ന ആധുനികബോധത്തെ തിരസ്‌കരിക്കുകയും നവസാങ്കേതികവിദ്യ ഉപയോഗിച്ച് മനസ്സില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷലിപ്തഭാവനകളെ ത്രസിപ്പിക്കുകയുമാണ് വൈറലുകള്‍ ചെയ്യുന്നത്. ഒട്ടും നിഷ്‌കളങ്കമല്ലാത്ത ഈ പ്രവണതയാണ് ശാസ്ത്രീയതയെ തിരസ്‌കരിക്കാനും മതാന്ധതയെ ഉപയോഗിച്ച് രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കാനും കോംപ്രമൈസുകള്‍/സമദൂരം സൃഷ്ടിക്കാനും പ്രേരകമാകുന്നത്. ഇത്തരം വൈറല്‍ ഘടകങ്ങള്‍ തീരുമാനങ്ങളെയും നിലപാടുകളെയും സാമാന്യബോധത്തിലേക്ക് കടത്തിവിടുകയും അവയെ നിര്‍ണ്ണയിക്കുകയും ചെയ്യുന്നു.