‘ജോജി’യിലെ രംഗങ്ങൾ

'ജോജി'ക്കൊപ്പമോ എതിരിലോ ചിന്തിക്കുമ്പോൾ

സമൂഹത്തെ കുടുംബത്തിൽ നിന്ന്, ആന്തരികമായതിനെ ബാഹ്യമായതിൽ നിന്ന്, അടുത്തുള്ളതിനെ അകലത്തുള്ളതിൽ നിന്ന്, ക്രമത്തെ ക്രമരാഹിത്യത്തിൽ നിന്ന്, അറിഞ്ഞതിനെ അറിയാത്തതിൽ നിന്ന് വിഭജിക്കുന്നെന്ന് പറയപ്പെടുന്ന അതിർത്തികളുടെ ദുർബലതയെ രേഖപ്പെടുത്തുകയാണ് ജോജി.

കുടുംബം /സമൂഹം എന്നീ ദ്വന്ദങ്ങളെ ഒരേസമയം സ്ഥാപിച്ചെടുക്കുകയും അതിനെ ദുർബ്ബലമാക്കുകയും ചെയ്യുകയാണ് ദിലീഷ്​ പോത്തൻ സംവിധാനം ചെയ്​ത ജോജി എന്ന സിനിമ. സമൂഹം (നാട്ടുകാർ) എന്നത് കുടുംബ ശൃംഖലക്കു പുറത്തുള്ള, ബന്ധുക്കളല്ലാത്തവരെ സൂചിപ്പിക്കുന്ന പ്രയോഗമായി മാറുകയാണതിൽ. അത് ക്രമരഹിതവും, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നതും, ബാഹ്യവുമാണ്. അതിനെ പ്രീണിപ്പിക്കുകയും ചില സമയങ്ങളിൽ അനുകരിക്കേണ്ടതുമുണ്ട്. മറുവശത്ത്, കുടുംബം എന്ന സങ്കൽപ്പം സുരക്ഷിതത്വം നൽകുന്നതും, സാമീപ്യമുള്ളതും, സുപരിചിതമാം വിധം ആന്തരികവുമാണ്. എന്നിരുന്നാലും കുടുംബം അതിനെതിരെത്തന്നെ തിരിയുകയും സ്വയം വിഘടിക്കുകയും ചെയ്‌തേക്കാം. രക്തവും ജനനവും നിർവചിക്കുന്ന കൂറിന്റേയും ഐക്യത്തിന്റേയും പ്രകൃത്യാ നിശ്ചിതമെന്നു കരുതപ്പെടുന്ന ബന്ധങ്ങളുടെ മണ്ഡലമാണത്. സമൂഹത്തെ കുടുംബത്തിൽ നിന്ന്, ആന്തരികമായതിനെ ബാഹ്യമായതിൽ നിന്ന്, അടുത്തുള്ളതിനെ അകലത്തുള്ളതിൽ നിന്ന്, ക്രമത്തെ ക്രമരാഹിത്യത്തിൽ നിന്ന്, അറിഞ്ഞതിനെ അറിയാത്തതിൽ നിന്ന് വിഭജിക്കുന്നെന്ന് പറയപ്പെടുന്ന അതിർത്തികളുടെ ദുർബലതയെ രേഖപ്പെടുത്തുകയാണ് ജോജി.

കുടുംബം ഒരു യൂണിറ്റ് എന്ന നിലയിൽ ഇഴുകിച്ചേർന്നിരിക്കുമ്പോഴും, അതിൽ ശ്രേണീപരമായ പല തലങ്ങളും, സ്ഥലസംബന്ധിയായ ചേർത്തുനിർത്തലുകളും മാറ്റിനിർത്തലുകളുമുണ്ട്. അചഞ്ചലമായ ഒന്നല്ല ഇത്, കുട്ടപ്പന്റെ അധികാരപ്രയോഗം ഒന്നു കൊണ്ടു മാത്രമാണത് ചേർന്നു നിൽക്കുന്നത്.

സമൂഹത്തെ ചിത്രീകരിക്കുന്ന വിധം സിനിമയിലുടനീളം മാറിക്കൊണ്ടിരിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ, സമൂഹത്തെ കുടുംബത്തിൽ നിന്നും വീട്ടിൽ നിന്നും ബാഹ്യമായ അകലത്താണ് സിനിമ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ പട്ടണത്തിന്റെ കേന്ദ്രത്തിൽ നിന്ന് അക്ഷരാർത്ഥത്തിൽ അകലെയാണ് കുടുംബത്തെ സ്ഥാപിച്ചിരിക്കുന്നത്. ഈ ഏകാന്തതയെ ധ്വനിപ്പിക്കാൻ കോവിഡ്- 19 സാമൂഹിക അകലത്തിന്റെ പശ്ചാത്തലം സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട് (കുട്ടപ്പൻ ക്വാറന്റയിനിലാണന്ന്​ പോപ്പി പറയുന്ന ക്ഷണം ഡെലിവെറിക്കാരൻ സ്ഥലം വിടുന്നു). പരിഗണിക്കേണ്ടതും മറുപടി നൽകേണ്ടുന്ന ഒന്നായാണ് ആദ്യമൊക്കെ സമൂഹത്തെ അവതരിപ്പിച്ചിരിക്കുന്നത് (കുട്ടപ്പനെ രക്ഷിക്കാനുള്ള ചെലവേറിയ ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുന്നത് "നാട്ടുകാരെ ബോധ്യപ്പെടുത്തണം' എന്നുള്ളതുകൊണ്ടാണ്).

സണ്ണി പി.എൻ, ബാബുരാജ്
സണ്ണി പി.എൻ, ബാബുരാജ്

പോകപ്പോകെ സമൂഹത്തിന്റെ പങ്ക് പ്രകോപനപരവും, അവഗണിക്കത്തക്ക വിധത്തിലേക്കും പരിണമിക്കുന്നതായി കാണാം (ശവസംസ്‌കാര ചടങ്ങിനിടെ പടക്കം പൊട്ടിക്കാനുള്ള ജോമോന്റെ തീരുമാനം). കുട്ടപ്പന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാർക്കിടയിൽ കിംവദന്തികൾ ഉയർന്ന സാഹചര്യത്തിൽ, തീൻമേശയ്ക്കും ചുറ്റും കൂടുന്ന കുടുംബാംഗങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കേണ്ടെന്ന തീരുമാനത്തിലെത്തുന്നുണ്ട് ("പറഞ്ഞു പറഞ്ഞാണ് ഗോസിപ്പായി മാറുന്നത്'). ഇവിടെയെല്ലാം സമൂഹം/"നാട്ടുകാർ' വളരെ അവ്യക്തമായ ഒരു ആശയമാണ് - കേട്ടുകേൾവിയുടെയും, ഗോസിപ്പിന്റെയും രൂപത്തിലാണ് അത് അനുഭവവേദ്യമാകുന്നത്.

സമൂഹവും കുടുംബവും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഉറച്ചു നിൽക്കുകയും, അവയെ വിഭജിക്കുന്ന അതിർത്തിയിൽ ദയനീയമാം വിധം തൂങ്ങിപ്പിടിക്കുകയും ചെയ്യുകയാണ് ജോജി. ഒരുപക്ഷെ ഇതായിരുന്നിരിക്കാം ജോജിയെ താങ്ങി നിർത്തുന്ന ഫാന്റസി

അതേസമയം ചിലയവസരങ്ങളിൽ സമൂഹം വ്യക്തമായ ഒരു സ്വത്വത്തെ സൂചിപ്പിക്കുന്നുണ്ട്. പള്ളിയിലച്ചന്റെ ശബരിമലയെക്കുറിച്ചുള്ള പരോക്ഷപരാമർശത്തിൽ, ‘മറ്റു സമുദായങ്ങൾ’ ‘പിതൃ പരമ്പരയെ’ അവമതിക്കുന്ന ക്രിസ്ത്യൻ സമുദായമെന്ന കുടുംബത്തിന് മാതൃകയാവുന്നുണ്ട്. ഇവിടെ അന്യമതസ്ഥരായ മറ്റുള്ളവർ അനുകരണ യോഗ്യരാണ്. എന്നാൽ കുട്ടപ്പന്റെ മരണത്തെ കുറിച്ച് ചോദ്യങ്ങളുയർത്തുന്ന "പള്ളിക്കാര്' സമൂഹത്തിനൊപ്പം കൂടി പനച്ചേലുകാർക്ക് എതിരാവുന്നതായിട്ടാണ് കുടുംബക്കാർക്കു അനുഭവപ്പെടുന്നത്. ഇവിടെ മറ്റുള്ളവരുടെ അതൃപ്തിക്കും സംശയത്തിനും കാരണമായിത്തീരുന്നത് വ്യത്യസ്തകളല്ല, മറിച്ച്​ കുടുംബം "പള്ളിക്കാരുമായി' പങ്കിടുന്ന ക്രിസ്ത്യൻ ഓർത്തഡോക്സ് സ്വത്വവും, പാരമ്പര്യവുമാണ്. ഏതാണോ യോജിപ്പിക്കേണ്ടത്, അതാണ് അകൽച്ചക്കു ഹേതുവാകുന്നത്. തോട്ട സുധിക്കെതിരെ നീങ്ങിയാൽ നിയമനടപടിയുണ്ടാവുമെന്ന്​ ഡോ. ഫെലിക്‌സ് പറയുന്നിടത്തു "മറ്റേ ടീമെന്ന’ പ്രയോഗത്തിലൂടെ അയാളുടെ ദളിത് സ്വത്വത്തെ കുറിച്ച് സൂചന നൽകുന്നു. ഒരു പരിചാരകൻ എന്ന നിലയിൽ ഗിരീഷിനും സുരേഷിനുമൊപ്പം, സുധിക്കും ആ കുടുംബത്തെയും സമൂഹത്തെയും വിഭജിക്കുന്ന അതിർത്തിയിലായിരുന്നു സ്ഥാനം. ഒരേ സമയം സമൂഹത്തിന്റെയും, കുടുംബത്തിന്റെയും ഭാഗമാണെന്നും അല്ലെന്നും പറയാൻ പറ്റാത്ത ഒരു ലിമിനൽ അവസ്ഥയാണ് അവരുടേത്. എന്നാൽ ജോമോന്റെ ഘാതകനാണെന്ന് ആരോപിക്കപ്പെടുന്നതോടെ സുധി മാറ്റി നിർത്തേണ്ടവനും അപകടകാരിയുമായി തീരുന്നു.

ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഫഹദ് ഫാസിൽ
ഉണ്ണിമായ പ്രസാദ്, ജോജി മുണ്ടക്കയം, ഷമ്മി തിലകൻ, ബേസിൽ ജോസഫ്, ഫഹദ് ഫാസിൽ

ആധിപത്യസ്വഭാവമുള്ള കുട്ടപ്പന്റെ സാന്നിധ്യമാണ് പനച്ചേൽ കുടുംബത്തെ ഒരുമിച്ചു നിർത്തുന്ന ഘടകം. കുട്ടപ്പന്റെ അധികാരമനോഭാവം മറ്റുള്ളവരിൽ നിന്ന് അനുസരണയും വിധേയത്വവും ആവശ്യപ്പെടുന്നുണ്ട്. എല്ലാവർക്കും കൃത്യമായ സ്ഥാനമുണ്ട്. ഒരോരുത്തരേയും വിന്യസിച്ചിരിക്കുന്നത് ആലങ്കാരികമായും (പിതാവിനോടുള്ള വിധേയത്വവും സഹോദരന്മാർ തമ്മിലുള്ള ശ്രേണീബദ്ധതയും), അക്ഷരാർത്ഥത്തിലുമാണ് (ജോജി അടുക്കളയിലെ സ്‌ളാബിൽ വെച്ച് ഭക്ഷണം കഴിക്കുന്നത്; വീട്ടു പരിസരത്ത് അയാളുടെ കുതിരക്കുള്ള പ്രവേശന വിലക്ക്). കുടുംബം ഒരു യൂണിറ്റ് എന്ന നിലയിൽ ഇഴുകിച്ചേർന്നിരിക്കുമ്പോഴും, അതിൽ ശ്രേണീപരമായ പല തലങ്ങളും, സ്ഥലസംബന്ധിയായ ചേർത്തുനിർത്തലുകളും മാറ്റിനിർത്തലുകളുമുണ്ട്. അചഞ്ചലമായ ഒന്നല്ല ഇത്, കുട്ടപ്പന്റെ അധികാരപ്രയോഗം ഒന്നു കൊണ്ടു മാത്രമാണത് ചേർന്നു നിൽക്കുന്നത്. കുട്ടപ്പന് അപ്രതീക്ഷിതമായി സംഭവിക്കുന്ന സ്‌ട്രോക്ക് കുടുംബത്തിലെ മറ്റംഗങ്ങൾക്ക് സ്വയംഭരണത്തിനുള്ള സാവകാശം നൽകുന്നു (ജെയ്സണും ബിൻസിയും പുതിയ ഫ്ലാറ്റിന്​ അഡ്വാൻസ് കൊടുത്തു മാറി താമസിക്കാനുള്ള ശ്രമം ആരംഭിക്കുന്നു; ജോജിയുടെ കുതിര വീട്ടുവളപ്പിൽ പ്രവേശിക്കുന്നു). എന്നാൽ കുട്ടപ്പന്റെ ആരോഗ്യം ത്വരഗതിയിൽ മെച്ചപ്പെടുന്നത് താൽകാലികമായെങ്കിലും ഭൂതകാലചര്യകളിലേക്ക് തിരിച്ചെത്താനും കുട്ടപ്പന്റെ സർവ്വാധിപത്യം അരക്കിട്ടുറപ്പിക്കാനും കാരണമാകുന്നു (അപ്പന്റെ കാശു കൊണ്ട് മേടിച്ച വാച്ച് ഒളിപ്പിക്കുന്ന ജോജി). കുട്ടപ്പന്റെ സാന്നിധ്യം ക്രമവും ഒരുമയും ദ്യോതിപ്പിക്കുന്ന അന്തരീക്ഷത്തെ തിരികെക്കൊണ്ടുവരുന്നു.

എന്നാൽ കുട്ടപ്പന്റെ മരണശേഷം കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. ബാഹ്യമായ ചേഷ്ടകൾക്കു കീഴിൽ പതഞ്ഞു പൊങ്ങുന്ന അതൃപ്തി മറനീക്കി പുറത്തു വന്നു. കുടുംബത്തിന്റെ ശ്രേണീബദ്ധമായ ഘടനക്ക് ഉലച്ചിൽ തട്ടുന്നു. കുടുംബത്തിനുള്ളിലെ അതൃപ്തി പല അവസരങ്ങളിലായി പുറത്തു വരുന്നുണ്ട് (ഉദാഹരണത്തിന്, സ്വത്ത് ഭാഗം വെക്കുന്നതിനെ കുറിച്ച് തീൻമേശക്കു ചുറ്റും നടക്കുന്ന ചർച്ചക്കിടയിൽ). ചിത്രം അവസാനത്തോടടുക്കുമ്പോൾ ജീവനോടെ ബാക്കിയായവർക്ക് പരസ്പരം ഭയമാണ്. ഈയൊരു സാഹചര്യത്തിൽ, വീട്ടിലെ പരിചാരകർ (ഗിരീഷ്, സുരേഷ്) കുടുംബാംഗങ്ങൾക്ക് നടുവിൽ സ്വീകരണ മുറിയിലാണ് നിൽക്കുന്നത്. അവരാണ് ജേസണും, ബിൻസിക്കും, പോപ്പിക്കും ജോജിക്കെതിരെ തുണയായി നിൽക്കുന്നത്. ഒരവസരത്തിൽ തോട്ട സുധിക്ക് നഷ്ടപ്പെട്ട ലിമിനൽ അവസ്ഥ അയാളെ പൂർണമായി കുടുംബത്തിന് പുറത്ത്​, ശത്രുപക്ഷത്ത്​ എത്തിക്കുന്നുവെങ്കിൽ, ഗിരീഷും സുരേഷും അവരുടെ ലിമിനൽ അവസ്ഥ കൈവെടിഞ്ഞു കുടുംബത്തിന്റെ ഉള്ളിൽ, ഒത്തനടുവിൽ എത്തപ്പെടുന്നു. അതുവരെ "നാട്ടുകാരും’ "പള്ളിക്കാരും’ ഉൾപ്പെടുന്ന ബാഹ്യത്തിന്റെ പ്രധാന പ്രശ്‌നമായി കണ്ട ക്രമരാഹിത്യം ആന്തരികത്തെ (കുടുംബം) നിർവചിക്കുന്ന ഒന്നായി മാറുകയാണ്. ബാഹ്യവും ആന്തരികവും തമ്മിലുള്ള വ്യത്യാസം കൂടുതൽ നേർത്തതാകുന്നു.

ജോജിയുടെ കാഴ്ചപ്പാടിൽ, കുടുംബവും, പരിചാരകരും, കുറ്റകൃത്യത്തിലെ പങ്കാളികളും എല്ലാം തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. തന്റെ മരണമൊഴിയിൽ സൂചിപ്പിക്കുന്നതു പോലെ "സമൂഹം’ തന്നെ വരിഞ്ഞു മുറുക്കുന്നതായി ജോജിക്ക് അനുഭവപ്പെടുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ പോപ്പി ഡെലിവറിക്കാരന്റെ ബൈക്ക് വരുന്നത് നോക്കുന്ന രംഗത്തിലേയും, ആത്മഹത്യാ ശ്രമത്തിന് തൊട്ടു മുമ്പ് ജോജി പൊലീസ് ജീപ്പ് വരുന്നത് നോക്കുന്ന സീനിലേയും സാമ്യതകൾ ശ്രദ്ധേയമാണ്. ഡെലിവറിക്കാരൻ വരുന്നത് ഉടൻ തിരിച്ചു പോകാനാണെങ്കിൽ, പൊലീസ് എത്തുന്നത് ജോജിയെ അറസ്റ്റു ചെയ്യാൻ, അല്ലെങ്കിൽ ചോദ്യം ചെയ്യാനാണ്. അപ്പോഴും സമൂഹവും കുടുംബവും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഉറച്ചു നിൽക്കുകയും, അവയെ വിഭജിക്കുന്ന അതിർത്തിയിൽ ദയനീയമാം വിധം തൂങ്ങിപ്പിടിക്കുകയും ചെയ്യുകയാണ് ജോജി. ഒരുപക്ഷെ ഇതായിരുന്നിരിക്കാം ജോജിയെ താങ്ങി നിർത്തുന്ന ഫാന്റസി (അതോ മനഃപൂർവമുള്ള കളവു പറയലോ?). ഈ മതിൽ തകർന്നെന്നോ (അങ്ങനെയൊന്നുണ്ടെങ്കിൽ), അല്ലെങ്കിൽ അത് ശോഷിച്ചെന്നോ അംഗീകരിക്കാനുള്ള വിമുഖത. ഒടുക്കം വരെയും ജോജി ഈ ഫാന്റസി/കളവ് ഉപേക്ഷിക്കുന്നില്ല.

മനോവിഭ്രാന്തി, കിംവദന്തി, അപവാദപ്രചരണം, അധികാരരൂപത്തോടുള്ള ഭയം/അടുപ്പം, അന്യരോടുള്ള അവിശ്വാസം/പരിഗണന, അക്രമത്തിന്റെ വിചിത്രവും ക്രൂരവുമായ അതിസാധാരണത്വം - ഇവയൊക്കെ കുടുംബത്തിന്റെ പ്രകൃതമാണോ അതോ പൊതുജനങ്ങളിൽ (public) നിന്ന് ആൾക്കൂട്ടത്തെ (mob) വേർതിരിച്ചറിയൽ അസാധ്യമായ ആധുനിക സമൂഹത്തിന്റേതോ?▮

വിവർത്തനം : മുഹമ്മദ് ഫാസിൽ


നന്ദഗോപാൽ ആർ. മേനോൻ

റിസേർച്ച് ഫെലോ. സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ്, ഗേട്ടിംഗൻ യൂണിവേഴ്സിറ്റി.

Comments