ജെയിംസും സുന്ദരവും രവിയും ഒന്നിച്ചെത്തിയ നൻപകൽ നേരം

ഞാൻ ജയിംസിനെയും സുന്ദരത്തെയും രവിയെയും ഒന്നിച്ചാണ് സ്ക്രീനിൽ കണ്ടത്. മമ്മൂട്ടിയുടെ കണ്ണിലെ ദുരൂഹമായ ദുഃഖം. ഉള്ളിൽ നീറുന്ന ഏതോ പൊരുൾ. നൻപകൽ നേരത്ത്​ മയക്കം എന്ന സിനിമയെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലുമായി ചേർത്ത്​ കാണുന്നു.

കാഫ്കയെയോ കമ്യുവിനെയോ ഒ.വി. വിജയനെയോ‍ വായിക്കുന്നുവെന്നു കരുതുക. വായനയുടെ ഏതെങ്കിലുമൊരു ദശാസന്ധിയിൽ അവരുമായി കൂട്ടിമുട്ടിക്കഴിഞ്ഞാൽപ്പിന്നെ വായന തീർന്നുകഴിഞ്ഞാലും കഥാപ്രതലത്തിൽനിന്ന്​ പുറത്തുവരാൻ ബുദ്ധിമുട്ടാണ്. കഥയുടെ അവസാനം സ്വയം മരണത്തെ വരിച്ചുകഴിഞ്ഞാലും അവരും നമ്മളും ജീവിതത്തിന്റെ പ്രയാണം തുടരുന്നു. അവരുടെ കഥ നമ്മുടെയൊപ്പം സഞ്ചരിക്കുന്നു. കാരണം അവരുടെ കഥ നമ്മുടെകൂടി അസ്തിത്വദുഃഖത്തിന്റെ കഥയാണ്. ഇതുകൊണ്ടാണ് ഖസാക്ക് വായിക്കുന്നവരും ഖസാക്കിൽ പെട്ടുപോയവരുമുണ്ടാവുന്നത്.

നൻപകൽ നേരത്തു മയക്കം കാണുന്നവരും രണ്ടുതരമുണ്ട്.
നൻപകൽ നേരത്ത് മയങ്ങുന്നവരും നൻപകൽ നേരത്ത് ഉണർന്നിരിക്കുന്നവരും.

ഒരു സിനിമ അല്ലെങ്കിൽ പുസ്തകം വെറും കാഴ്ചാനുഭവമോ വായനാനുഭവമോ ആവുന്നതിന്റെയും വൈയക്തികാനുഭവമാവുന്നതിന്റെയും വ്യത്യാസം പറയുന്നുവെന്നുമാത്രം.

ഇതിൽ ആദ്യത്തെ കൂട്ടർക്ക് എൽ.ജെ.പിയുടെ ക്രാഫ്റ്റും തേനി ഈശ്വറിന്റെ സ്റ്റിൽ ഷോട്ടുകളും സിനിയിലെ നിറങ്ങളും സ്ക്രിപ്റ്റിംഗിലെ പോരായ്മകളും സിനിമയുടെ പതിഞ്ഞ സ്വഭാവവുമൊക്കെ കൃത്യമായി കാണാനും വിലയിരുത്താനും സാധിക്കും.

രണ്ടാമത്തെ കൂട്ടർക്ക് തീയേറ്റർ സ്ക്രീനും ആ സ്ഥലവും തങ്ങളുടെ തലച്ചോറിനുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചിന്താപദ്ധതിയെ ഉത്തേജിപ്പിക്കാനുള്ള ഒരു കാരണം മാത്രമാണ്. അവരെ സംബന്ധിച്ച് സംവിധായകനും എഴുത്തുകാരനും പ്രധാന നടനുംമെല്ലാം വളരെ വിദൂരമായെങ്കിലും അടുപ്പമുള്ള പ്രത്യയശാസ്ത്രബോധവും, നിലപാടും, ജീവിത തത്വചിന്തയുമൊക്കെയുള്ള, ദാർശനികാടിത്തറയുമുള്ള ജീവബിന്ദുക്കൾ മാത്രമാണ്.

"നിർദ്ദോഷിയായ പഥികൻ, മൊല്ലാക്കയോർത്തു. കർമ്മബന്ധത്തിൻറെ ഏതു ചരടാണ് നിങ്ങളെ ഈ വഴി കൊണ്ടുവന്നത്?’

ജയിംസ് ഉറങ്ങുന്നതിനുമുമ്പുള്ള രംഗങ്ങൾ.

ഹോട്ടലിലിൽ കഴിക്കാനിറങ്ങുമ്പോൾ പറയുന്ന തമാശകളിൽ ചിലത്:

ആധുനിക ലോകത്തിലാണ് ജയിംസ് ജീവിക്കുന്നത്. യുക്തിപരതയാണ് ആ ലോകത്തിനെ ഭരിക്കുന്നത്. അതുകൊണ്ട്‍ തിരുക്കുറൽ നാടകത്തിനിടാൻ പറ്റിയ പേരായും തിരുവള്ളുവർ എന്നത് സുനാമിയടിച്ചാൽ തകരുന്ന പ്രതിമയായും ചുരുങ്ങും. മനുഷ്യനും ചുരുങ്ങുന്നുണ്ടിവിടെ. ജയിംസിന് മാത്രമല്ല, ആ നാടകസംഘത്തിലുള്ള എല്ലാവർക്കും തങ്ങളുടെ കുടുംബമാണ് പ്രധാനം. കുടുംബമെന്നാൽ അണുകുടുംബം. ആണുങ്ങളായുള്ളവരെല്ലാം കുടുംബമെന്ന ചങ്ങലയാൽ ബന്ധനസ്ഥരാണ്. ബസിനകത്തിരുന്നും അന്യ സ്ത്രീയ്ക്ക് ഈന്തപ്പഴം വാഗ്ദാനം ചെയ്യുന്ന ഒരു പുരുഷനെ ഭാര്യ വിലക്കുന്നു. പിറ്റേന്ന് റേഷൻകട തുറക്കാനുള്ളതിനെക്കുറിച്ച് ഇടയ്ക്കിടെ ഒരാൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. സ്ത്രീകളെല്ലാവരും തങ്ങളുടെ പുരുഷന്മാരോട് ബാധ്യതപ്പെട്ടിരിക്കുന്നു. എല്ലാ ദിവസവും നിരന്തരമായി ജോലിയെടുക്കേണ്ടിവരുന്നത് കുടുംബത്തെ പോറ്റുന്നതിനുള്ള ഒരു ഭാരിച്ച ദൗത്യമായി പുരുഷനും മാറുന്നുണ്ട്. എല്ലാത്തിനും കണക്കെഴുതിവക്കേണ്ടി വരുന്നതും കലഹിക്കേണ്ടിവരുന്നതും ഇതുകൊണ്ടാണ്. വേറൊരു യുക്തിയും അതിൽ ബാധകമല്ല. മറ്റനേകം സ്വാതന്ത്ര്യങ്ങൾ ഉപേക്ഷിക്കേണ്ടി വരികകൂടി ചെയ്യുന്നതോടെ അവരെ ഏകാന്തത വരിഞ്ഞുമുറുക്കുന്നു. ജയിംസിൽ അയാളുടെ ഏകാന്തത പ്രകടമാണ്.

മനുഷ്യന്റെ ഏകാന്തതയും അസ്തിത്വ പ്രശ്നങ്ങളും ഒരു പ്രത്യയശാസ്ത്രമായിത്തന്നെ പടർന്നതിന്റെ ഫലമാണ് കാഫ്കയുടെ മെറ്റമോർഫോസിസ്. ഇവിടെയും ഉറക്കമെണീക്കുമ്പോൾ സംഭവിക്കുന്ന മെറ്റമോർഫോസിസാണ് പ്രമേയം.

ആധുനികലോകത്തെ അടയാളപ്പെടുത്തുന്നതിനായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങൾ ശ്രദ്ധിക്കുക. എരിവും പുളിയുമുള്ള ഭക്ഷണം കഴിക്കുന്നതിന്​ ഹോട്ടലിൽ വണ്ടി നിർത്തുമ്പോൾ ബാക്ഗ്രൗണ്ടിലുള്ളത് ചോക്ലേറ്റ് വാങ്ങിനൽകാൻവേണ്ടിക്കരയുന്ന കുഞ്ഞിനെ പ്രമേയമാക്കുന്ന പരസ്യം. പരസ്യങ്ങൾ ആധുനിക ലോകത്തിന്റെ സൃഷ്ടിയാണ്. ആ വാണിജ്യതാൽപര്യത്തിലേക്ക് കുട്ടിയെക്കൂടിയുൾപ്പെടുത്തുക എന്നതും ആധുനിക ലോകത്തിന്റെ സൃഷ്ടിയാണ്.

പറമ്പിൽ മൂത്രമൊഴിക്കാനിരിക്കുമ്പോൾ വണ്ടിയുടെ വെളിച്ചമടിച്ചപ്പോൾ എഴുന്നേറ്റോടേണ്ടിവന്നത് ഇന്ന് തമാശയാണ്. കാലത്ത് വെളിമ്പറമ്പുകളിരിക്കുന്ന മനുഷ്യർ നാലുചുമരുകൾക്കുള്ളിലേക്ക് ചേക്കേറിയിട്ട് എത്രകൊല്ലമായിട്ടുണ്ടാവും.

അതിനുത്തരമെന്നോണം വയറ്റിനകത്തൊരു ശബ്ദമുയർന്നു. രൗദ്രമൂർത്തിയുടെ ശംഖുവിളിപോലെ. കലിതുള്ളിയ ദേവി കുടലുകളെ കടക്കോലിട്ട്​ കടയുകയാണ്. വയറൊന്ന് അമർത്തിപ്പിടിച്ചുനോക്കി. നിലയ്ക്കുന്നില്ല. തെയ്നാകനും വയലുകളുടെ നേർക്കു പാഞ്ഞു. ആളുകളും നായ്ക്കളും ചിന്നിച്ചിതറാൻ തുടങ്ങിയിരുന്നു.

രവി പാടത്തേയ്ക്കു നോക്കി. അപ്പുക്കിളി തുമ്പികളെ നായാടുന്ന കൈതപ്പൊന്തകളിലേയ്ക്ക്. കൈതത്തഴപ്പിനു മുകളിൽ നാലു കിരീടങ്ങൾ പൊങ്ങിക്കാണാമായിരുന്നു.
- ഖസാക്കിന്റെ ഇതിഹാസം.

കക്കൂസുകളും ആധുനികത എന്ന പ്രത്യയശാസ്ത്രത്തിന്റെ ഭാഗമാണെന്നത് സ്റ്റേറ്റിന്റെ ഓരോ കക്കൂസ് നിർമാണ യജ്ഞങ്ങലും സാക്ഷപ്പെടുത്തുന്നുണ്ട്. ഓരോ സ്റ്റേറ്റും തങ്ങളുടെ പ്രജകളെ ആധുനികരാക്കുന്നതിനുവേണ്ടിയാണ് പണിയെടുത്തുകൊണ്ടിരിക്കുന്നത്. അടിസ്​ഥാന ആവശ്യങ്ങളെ നിറവേറ്റുന്നതിനായി ഒരു സർക്കാരുണ്ടാവുന്നതുകൊണ്ടാണ് വെറും മനുഷ്യൻ ആധുനിക മനുഷ്യനാവുന്നത്.

സിനിമയിലെ യാത്രാസംഘത്തിലെ ഒരാൾ റേഷൻകട നടത്തുന്നയാളാണ്.
ഇന്നും മനുഷ്യനെ മനുഷ്യനായി വെറും തലക്കണക്കായി മാത്രം കാണുന്ന സ്ഥലങ്ങളിലൊന്നാണ് റേഷൻ കടകൾ. ഇങ്ങനെ എണ്ണപ്പെടുന്ന ഒരു തല റേഷൻകടക്കാരനോട് ചോദിക്കുന്നു, നിന്റെ അപ്പൻ മരിച്ചതിന് ഞാൻ കഞ്ഞികുടിക്കണ്ടേടാ. ഒരു രാജ്യമായോ ഒരു സമൂഹമായോ ജീവിക്കാൻ ഓരോരുത്തരും മറന്നുതുടങ്ങുന്നു. രാജ്യം തലക്കണക്കെണ്ണി മനുഷ്യരെക്കൊണ്ട് പണിയെടുപ്പിക്കുന്ന ഒരു യന്ത്രമാവുന്നു. എല്ലാ ദിവസവും റേഷൻകടതുറക്കാൻ റേഷൻകടക്കാരൻ നിർബന്ധിതനാവുന്നു. റേഷൻ ചോർച്ച തടയാൻ വിരലടയാളത്തിൽ അധിഷ്ഠിതമായ സാങ്കേതികത ഈ കാലത്തും കൊണ്ടുവരുന്നു. ഒപ്പുകൾ മായുന്നു. രണ്ടാംപകുതിയിൽ സുന്ദരം ആയി പകർന്നാടുന്ന ജയിംസ് സൊസൈറ്റിയിൽ കള്ള ഒപ്പിടുന്നുവെന്ന് ഓഫീസർ ആരോപിക്കുന്നു.

നേർത്ത മുനകൊണ്ടു കുറിച്ച നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ ചോടേ സ്വന്തം ഒപ്പു കുറിച്ചുനോക്കി. ആ ഒപ്പിൽ താൽപര്യമില്ലാത്തതുപോലെ തോന്നി. ആർക്കും കത്തെഴുതാറില്ല. കയ്യൊപ്പിന്റെ ഉപയോഗം അങ്ങനെ കുറഞ്ഞുകുറഞ്ഞു വരുകയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗഹീനമായ അവയവത്തെപ്പോലെ അത് ഓർമ്മയിൽനിന്ന് മായും. പിന്നെ അവശേഷിയ്ക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിയ്ക്കും.
- ഖസാക്കിന്റെ ഇതിഹാസം

ശാസ്ത്രം ജയിക്കുകയും മനുഷ്യൻ തോൽക്കുകയും ചെയ്യുന്നത് ഈ ഏകാന്തതാ പ്രത്യയശാസ്ത്രത്തിൽ ഒഴിച്ചുകൂടാനാവില്ല. മരുന്നുകളും ശാസ്ത്രത്തിന്റെ ഭാഗമാണ്. മാതാവിന്റെ പ്രീതിയ്ക്കുവേണ്ടി മുട്ടിലിഴഞ്ഞതിനെത്തുടർന്നുണ്ടായ കാലുവേദന ശമിപ്പിക്കാൻ മരുന്നു പുരട്ടുന്നതിന്റെ യുക്തിയെന്താണ്. ശാസ്ത്രം വിജയിക്കും, അതാണാ യുക്തി. തമാശയായി തോന്നുമെങ്കിലും ഇതേ യുക്തിയാണ് അപ്പാപ്പനെ പൊകലകൊടുക്കാൻ കൊണ്ടുപോയി കൊന്നുകളയുന്നതും. ശാസ്ത്രത്തിന്റെ പുരോഗതി കൊണ്ട്​ ലഭിച്ച ഇത്തരം മരുന്നുകൾകൊണ്ടുതന്നെ സുന്ദരത്തെ മയക്കാൻ ശ്രമിക്കുന്നതും സിനിമയിൽ കാണാം.

അന്നേദിവസം ക്ലാസു കഴിഞ്ഞ ഉടനെ, അലിയാരുടെ സൈക്കിൾ കടം മേടിച്ച്, രവി കൊഴണശ്ശേരിയ്ക്ക് ചവിട്ടി. പകുതി വഴി ഉരുട്ടണം.
പിന്നെ വരമ്പുകളിലൂടെ, വണ്ടിത്താരകളിലൂടെ. കഷ്ടിച്ചു ചവിട്ടിപ്പോകാം.
മരുന്നുമായി തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു. ഞാറ്റുപുരയുടെ മുറ്റത്തു കുത്തുവിളക്കുകളെരിയുന്നതാണ് രവി കണ്ടത്. തെച്ചിമാല ചൂടി, ചന്ദനക്കല്ലിന്മേൽ അപ്പുക്കിളി ചമ്രം പടിഞ്ഞിരിയ്ക്കുന്നു. ഉടുക്കു കൊട്ടിക്കൊണ്ട് മാധവൻനായർ അടുത്തിരുന്നു.
- ഖസാക്കിന്റെ ഇതിഹാസം

Dearest Father,
You asked me recently why I maintain that I am afraid of you. As usual, I was unable to think of any answer to your question, partly for the very reason that I am afraid of you, and partly because an explanation of the grounds for this fear would mean going into far more details than I could even approximately keep in mind while talking. And if I now try to give you an answer in writing, it will still be very incomplete...
— Franz Kafka, Letter to His Father.

അവർ ബസിലിരുന്ന് കാണുന്ന സിനിമ മമ്മൂട്ടി നായകനായി അഭിനയിച്ച ‘പരമ്പര’യാണ്. നായകനായ ജോണി കടത്തിക്കൊണ്ടുപോയ തന്റെ മകനെവിടെയെന്ന് അച്ഛനോട് കലഹിക്കുന്നതാണ് രംഗം. അധോലോകനായകനായ ജോണിയുടെ അച്ഛന്റെ ശത്രുക്കളാണ് കുഞ്ഞിനെതട്ടിക്കൊണ്ടുപോയത്. ഫ്രോയിഡിയൻ തിയറിയിലുള്ള ഫാദേഴ്സ് കോംപ്ലക്സിന്റെ അവശിഷ്ടങ്ങൾ ഓരോ ആധുനികതാവാദികളുടെയും എഴുത്തിൽ കാണാം. അവരുടെ അച്ഛനുമായുള്ള ബന്ധം അത്ര സുഗമമാവാറില്ല.

‘‘രവിയുടെ അച്ഛന്റെ അടുത്തു ചെന്നു ഞാനിരുന്നു. രവിയുടെ അച്ഛനെ ഞാനെന്റെ മാറിൽ ചാരിയിരുത്തി. അച്ഛനെക്കുറിച്ച് രവി യ്ക്കറിയേണ്ടേ?’’
നിശ്ശബ്ദതയ്ക്കുശേഷം.
‘‘രവിയുടെ മനസ്സ് അലിഞ്ഞുപോകാറില്ലേ?’’
ഒരു കവിൾകൂടി കുടിച്ചു.
‘‘അച്ഛന്ന് പൂർണ്ണമായ ബോധമില്ല. ചിലപ്പോഴൊക്കെ ഓർക്കുന്നു. എന്താ, രവീ, ഒന്നുമറിയണമെന്നില്ലേ?’’
അയാൾ സ്വയം അറിഞ്ഞു, അച്ഛന്റെ കൺതടങ്ങൾ ചുവന്നിരുന്നു. അവയിൽ പീളയൂറിയിരുന്നു. എണീറ്റിരിക്കുമ്പോൾ തല ഇടയ്ക്കിടെ മുന്നോട്ടു. തൂങ്ങി. ഇടയ്ക്കിടെ അച്ഛൻ കരഞ്ഞു.
‘‘ഇടയ്ക്കിടെ അച്ഛൻ കരഞ്ഞു,’’ പത്മ പറഞ്ഞു, ‘‘രവി പുറത്തു തനിച്ചാണോ എന്നു ചോദിച്ചു. രവിയുടെ കളിപ്പാട്ടങ്ങൾ അരികത്തു കൊണ്ടു വന്നുവെയ്ക്കാൻ പറഞ്ഞു.’’
ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ, തെളിമയേറിയ ആകാശം. വെള്ളിമേഘങ്ങൾ. തടാകത്തിന്നപ്പുറത്തെ മലമുടിയിലേയ്ക്ക് കല്പക വൃക്ഷത്തിന്റെ കരിയ്ക്കിൻതൊണ്ടുകൾ ഉതിർന്നുവീണു.
- ഖസാക്കിന്റെ ഇതിഹാസം

ജയിംസ് ഉറക്കമെണീറ്റു ബസിൽ നിന്ന്​ ഇറങ്ങിനടന്നു.

കൂമൻകാവിൽ ബസു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ.
- ഖസാക്കിന്റെ ഇതിഹാസം

വരുംവരായ്കളുടെ ഓർമകളിലെവിടെയോ ഹൃദിസ്ഥമായിത്തീർന്ന ഒരു വടുവൃക്ഷത്തിനിടയിലൂടെ ഇലപോലെ ഇഴുകിച്ചേർന്നാണ് സുന്ദരം ആവുന്ന ജയിംസ് നടക്കുന്നത്. കൂമൻകാവിൽ നിന്ന് ഖസാക്കിലേക്ക് നടക്കുന്ന രവിയെപ്പോലെ അയാൾ നടന്നു, വീട്ടിലേക്ക്.

വഴിയിലൊരു വൃദ്ധ ഭിത്തിയിൽ ഠകാരങ്ങൾ വരച്ചിടുന്നു. ചാണകവരളികൾ. എല്ലാദിവസവും ഇത് ചെയ്യുന്ന അവർക്കത് ജോലിയല്ല. ജീവിതത്തെ അറിയലാണ്. ജീവിതത്തിന്റെ പൊരുളറിഞ്ഞവർ. അപ്പുക്കിളിയെപ്പോലെ.

വൈകുന്നേരം സുഖവിവരമന്വേഷിയ്ക്കാൻ മാധവൻനായർ
വീണ്ടുമവിടെ കേറി.
‘‘വിദ്യ അഭ്യസിയ്ക്ക്ണൂ, മാധവന്നായരേ,’’ രവി അറിയിച്ചു.
ബോർഡിലും നിലത്തും ചുമരിലും വാതിലിലുമൊക്കെ കളർച്ചോക്കു കൊണ്ടു വലിയ ‘ഠ’കാരങ്ങൾ എഴുതിവെച്ചിരുന്നു.

‘‘ഖകമേ,’’ മാധവൻനായർ പറഞ്ഞു, ‘‘നീയ് നൊമ്പടെ ദേശത്തിൻറെ മാനം രക്ഷിച്ചു... കിളിയ്ക്ക് പിത്തിയ്‌ണ്ടോ ഇല്യോ? നിങ്ങളന്നെ പറയീ, മാഷ്ഷേ. പത്തുകൊല്ലം നുമ്പേ ഞാൻ പടിപ്പിച്ച്കൊട്ത്തതാണീ അക്ഷരം. ഇപ്പള്ം മറക്കാണ്ട് എഴ്തീലേ പുത്തിശാലി!’’
‘‘നേരോ!’’ രവി പറഞ്ഞു.
മാധവൻനായർ ചാരുകസലേയിലേയ്ക്ക് കേറിക്കിടന്നു. ചുമരിൽ കുത്തിനിർത്തിയ തലയിണയിൽ ചാരി ബെഞ്ചിൽ കാലു നീട്ടി രവിയുമിരുന്നു. പച്ചയും നീലയും ചുവപ്പുമായി ‘ഠ’കാരങ്ങൾ അവിടമാസകലം വിതറിക്കിടന്നു.
‘‘ഒരക്ഷരം പടിച്ചാ മതി,’’ മാധവൻനായർ പറഞ്ഞു.
‘‘നേരാ,’’ രവി പറഞ്ഞു. രവി നേരമ്പോക്കു പറയുകയായിരുന്നില്ല.
“നേരമ്പോക്കല്ല ഞാന്ം പറഞ്ഞത്,’’ മാധവൻനായർ പറഞ്ഞു, ‘‘നൊമ്പടെ ഗുരുപൂതര് പറഞ്ഞ് തന്നതാ, മാഷ്ഷേ...’’
- ഖസാക്കിന്റെ ഇതിഹാസം

ഇതിഹാസകാരൻ വരച്ചിടുന്ന മറ്റൊരു പൊരുളറിഞ്ഞയാൾ കടച്ചിക്കൊല്ലനാണ്. അയാൾ അന്ധനാണ്. സിനിമയിലാവട്ടെ അത് സുന്ദരത്തിന്റെ അമ്മയും. പകർന്നാട്ടത്തിലും സ്വന്തം മകനെ അവർ തിരിച്ചറിയുന്നു. വീട്ടിലേക്ക് സുന്ദരം പ്രവേശിക്കുമ്പോൾ ചോദിക്കുന്നു. ഒരുദിവസം താമസിക്കാതെ ഇവനെവിടെപ്പോവുന്നു. പിന്നീട് അവർ വരുന്ന ഒരു രംഗത്തിന്റെ ബാഗ്രൗണ്ടിൽ ടിവിയിലെ അനൗൺസ്​മെൻറ്​.

ഇന്ത അണ്ടകടാഹത്തിൽ മികപ്പഴമയാന പൊരുൾ ഏത്? അത് പരംപൊരുൾ താൻ.

കുറച്ചുകാലം മുമ്പ് മണ്ണൂരിനടുത്ത് ഒരു കടച്ചിക്കൊല്ലന് കണ്ണു കാണാതെയായി. നിരക്ഷരനായ കടച്ചിക്കൊല്ലൻ വേദങ്ങളെക്കുറിച്ചും ശാസ്ത്രങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി. ഒരു ചാണക്കല്ലിൻറെ ശബ്ദം ചെകിടോർത്തുകൊണ്ട് അയാൾ തിണ്ണയിലിരിയ്ക്കും. ആളുകൾ അയാളുടെ മുമ്പിൽ തൊഴുതുനിന്നു. ഞങ്ങൾക്കു വഴി കാണിച്ചുതരുക, അവർ പറഞ്ഞു. അവരുടെ കണ്ണുകൾ കളഞ്ഞിട്ടു തിരിച്ചുവരാൻ അയാളവരോടു പറഞ്ഞു.
- ഖസാക്കിന്റെ ഇതിഹാസം

ടി.വിയിലൂടെ ലോകത്തെ കേട്ടറിയുന്ന അവർക്ക് ഉൾക്കാഴ്ച നഷ്ടപ്പെട്ടിട്ടില്ല. അവർക്ക് സ്വന്തം മകനെ മനസ്സിലാവുന്നു. ശിവന്റെയും സതീദേവിയുടെയും നാടകം കാണാൻ മകനെ ക്ഷണിക്കുന്നു. മടിയിലേയ്ക്ക് ചാങ്ങുറങ്ങുന്ന മകനെ തലോടുന്നു. ഇതുപോലൊരു നൻപകൽ നേരത്ത് അമ്മയുടെ വയറുംചാരിക്കിടക്കുമ്പോഴാണ് രവിയുടെ ഓർമകൾ തുടങ്ങുന്നത്.

ഒരുച്ചത്തണലിലെവിടെയോ രവിയുടെ ഓർമ്മകൾ തുടങ്ങുന്നു. കുട്ടിക്കാലം. സിൻഡെറെല്ലയുടെ കഥ. നക്ഷത്രങ്ങൾ വിതറിവരുന്ന യക്ഷിയമ്മമാർ. അച്ഛൻ വായിച്ചുതന്ന കഥകൾ ഓർമ്മയിൽ ആവർത്തിച്ചാവർത്തിച്ച് കളിപ്പാട്ടങ്ങൾ മുന്നിൽ നിരത്തിവെച്ച് അയാൾ തിണ്ണയിൽ തനിച്ചിരിയ്ക്കും. അച്ഛനും ചിറ്റമ്മയും അകത്ത് ഉച്ചമയങ്ങുകയാവും. തിണ്ണയിൽനിന്നു ദൂരേയ്ക്കു നോക്കിയാൽ അറ്റമില്ലാതെ ഞെറിഞ്ഞു കിടക്കുന്ന കാപ്പിത്തോട്ടങ്ങളാണ്. കാപ്പിത്തോട്ടങ്ങൾ കഴിഞ്ഞാൽ പിന്നെ മഞ്ഞപ്പുല്ലു പുതച്ച കുന്നുകൾ, ആകാശം. അതത്രയും ഉൾക്കൊണ്ടുകൊണ്ട് ഒരു ഗർഭവതിയെപ്പോലെ കിടന്ന വെയില്.

രവി അമ്മയുടെ വയറും ചാരി കിടക്കുമ്പോൾ അവർ പറയുമായിരുന്നു, “നക്ഷത്രക്കുട്ടാ, കല്പകവൃക്ഷത്തിൻറെ തൊണ്ട് കാണണോ?’’

വെയിലെരിയുന്ന മാനത്ത് നോക്കിയിരുന്നാൽ മതി. കുറേനേരം അങ്ങനെ നോക്കുമ്പോൾ സ്ഫടികമണികൾ കോർത്തിണക്കിയപോലെ എന്തോ കണ്ണനങ്ങുന്നതിനൊപ്പം ഇളകുന്നതു കാണാം. ഇമതല്ലിമിഴിച്ചാൽ അതു കാണാതാവും. ദേവന്മാർ കല്പകവൃക്ഷത്തിൻറെ ഇളന്നീരു കുടിച്ച് തൊണ്ടുകൾ താഴോട്ടെറിയുകയാണത്രേ. ചാരിക്കിടന്നുകൊണ്ട് രവി കരിക്കിൻതൊണ്ടുകൾ എണ്ണിത്തുടങ്ങും. ഒന്ന്, രണ്ട്, മൂന്ന്. നിഴലും തിളക്കവുമുള്ള മേഘത്തിൻറെ വിടവിലൂടെ അതാ ഒന്നു താഴോട്ടുതിരുന്നു. മഞ്ഞപ്പുൽത്തകിടികളിലൂടെ, കുന്നിൻ ചെരിവിലൂടെ, മറ്റൊന്നു കാപ്പിത്തോട്ടങ്ങളിൽ നഷ്ടപ്പെടുന്നു.

പന്ത്രണ്ട്!

അപ്പോഴേയ്ക്കും കണ്ണു കടയാൻ തുടങ്ങും. കണ്ണു ചിമ്മി മിഴിച്ചാൽ കരിക്കിൻതൊണ്ടുകളില്ല. മേഘക്കീറുകളും സ്ഥലത്തിൻറെ ശൂന്യശിഖരത്തിനു ചുറ്റും കപ്പലോട്ടുന്ന ചൂട്ടൻ കഴുകനും മാത്രമേയുണ്ടാവൂ.
- ഖസാക്കിന്റെ ഇതിഹാസം

രണ്ടുലോകങ്ങളുടെ വൈരുദ്ധ്യങ്ങളാണ് ആധുനികതാവാദികൾ/അസ്തിത്വവാദികൾ പാത്രമാക്കുന്നത്. കഥാപാത്രചിത്രീകരണത്തിന്റെയും കഥപറച്ചിലിന്റെയും മറ്റെല്ലാ സങ്കേതങ്ങളും ഇതിനെ സാധുകരിക്കും. ഖസാക്കിന്റെ ഇതിഹാസത്തിൽ അത് രവി മറ്റു സഞ്ചാരങ്ങളും പിന്നെ ഖസാക്കിലൂടെയുള്ള സഞ്ചാരവുമാണ്.

ഖസാക്കിലൂടെയുള്ള സഞ്ചാരത്തിൽ രവി തന്റെ മുൻയാത്രകളിലനുഭവപ്പെട്ട സത്യത്തെ കൂട്ടുപിടിക്കുന്നു.ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് വന്നിട്ടുള്ള പല പഠനങ്ങളും രവി എന്ന വ്യക്തിയിലേക്ക് ചുരുങ്ങുകുകയും ഈ രണ്ടുലോകങ്ങളുടെ വ്യത്യാസം കാണാതെ പോവുകയും ചെയ്യുന്നു.

ജയിംസ് കണ്ടത് സ്വപ്നമാണോ അല്ലയോ എന്ന ചർച്ചയിലേക്ക് ചുരുങ്ങുകയല്ല ചെയ്യേണ്ടത് മറിച്ച് കണ്ടത് സ്വപ്നമാണെങ്കിലും അല്ലെങ്കിലും ഈ രണ്ടുലോകങ്ങളിലെ മനുഷ്യാവസ്ഥകളെക്കുറിച്ചാണ് സിനിമയെന്ന് മനസ്സിലാക്കുകയാണ്.

ജയിംസിന്റെ ലോകം ആധുനികതയുടേതാണെങ്കിൽ, സുന്ദരത്തിന്റേത് ഗ്രാമീണതയുടേതാണ്. ആദ്യത്തേത് റേഷൻകടക്കാരന്റെ ലോകമാണെങ്കിൽ രണ്ടാമത്തേത് കർഷകന്റെയാണ്. ആദ്യത്തേത് ബസിന്റെ സീറ്റുകളുടേതാണെങ്കിൽ രണ്ടാമത്തേത് വഴിയമ്പലങ്ങളുടേതാണ്.
ആദ്യത്തേത് അണുകുടുംബങ്ങളുടേതാണെങ്കിൽ രണ്ടമത്തേത് ഗ്രാമത്തിന്റെയത്രയും വലുപ്പമുള്ള കൂട്ടുകുടുംബങ്ങളുടേതാണ്.
ജയിസ് സംസാരിക്കുന്നത് മലയാളമാണ്, സുന്ദരം തമിഴും.

ഖസാക്കിലുള്ളതുപോലെ സുന്ദരത്തിന്റെ ഗ്രാമത്തിന്റെ പടിവാതിൽക്കലുണ്ട് ആധുനികവൽക്കരണം. ഏകാധ്യാപക വിദ്യാലയം അതിനുദ്ദഹരണമാണ്. സുന്ദരത്തിന്റെ മകൾ സ്കൂലിൽ പോവുന്നു. സുന്ദരം അവളെ ഓർമ്മിപ്പിക്കുന്നു പഠിപ്പ് മുഖ്യം. വീട്ടിലേക്ക് മറ്റൊരാൾ കയറിവന്നപ്പോൾ അവൾ ആക്രോശിക്കുന്നു ആരും പോലീസിനെ വിളിച്ചില്ലേ?. സുന്ദരത്തിനു മാത്രമാണ് ആ ഗ്രാമത്തിൽ വണ്ടിയുള്ളത്. വണ്ടിയുള്ള വേറൊരാൾ ആ ഗ്രാമത്തിൽ അയാൾക്കു പകരക്കാരനാവുന്ന പാൽവിൽപ്പനക്കാരനാണ്. സ്കൂട്ടറിൽ വരുന്ന വേറൊരൊൾ മെഡിക്കൽ ഷോപ്പുകാരൻ. ടി.വി പരസ്യങ്ങൾ പാലിൽ
കലക്കിക്കൊടുക്കേണ്ട സപ്ലിമെന്റുകളെക്കുറിച്ച്.

മൈമുനയുടെ പീടികയിൽ ചെന്ന് രവി ഒരു പലം ബിസ്കറ്റു വാങ്ങിക്കൊണ്ടുവന്നു. കിളി തെളിഞ്ഞു. ബിസ്കറ്റു തീർന്നപ്പോൾ കിളി പറഞ്ഞു, ‘തായെ’, രവി സ്റ്റൗ കത്തിച്ചു വെള്ളം തിളയ്ക്കാൻ വെച്ചു. തവിട്ടുനിറത്തിലുള്ള പൊടി വെള്ളത്തിൽ കലക്കുന്നത് തെല്ലു സംശയത്തോടെ കിളി നോക്കി. ഒരു ഗ്ലാസ്സു കൊക്കൊ കുടിയ്ക്കാൻ കൊടുത്തിട്ടു രവി ചോദിച്ചു, ‘‘ഈ ചായ കിളിയ്ക്ക് ഷ്ടായോ?’’
- ഖസാക്കിന്റെ ഇതിഹാസം

വഴിയമ്പലങ്ങളിലെ മനുഷ്യൻ പിള്ളേരെപ്പിടിത്തക്കാരാണ്. ആധുനികരല്ല.
ആധുനികരാവണമെങ്കിൽ ബസിൽ സഞ്ചരിക്കുകയും ലോഡ്ജിൽ റൂമെടുക്കുകയും ചെയ്യണം. മദ്യപിച്ചശേഷം ശിവാജി ഗണേശനായി അഭിനയിക്കുന്ന സുന്ദരം ഗൗരവത്തോടെ പറയുന്നു, ഈ വിഷയത്തിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതിയാണ്. ഗെറ്റൗട്ടടിക്കുമ്പോൾ എല്ലാവരും കൈയ്യടിക്കുന്നു.

ജീവിതത്തിനല്ല, നാടകത്തിനാണാ കൈയ്യടി. സിനിമയ്ക്കും.

അന്ന് സ്കൂളിൽ രവി അപ്പുക്കിളിയുടെ പേരു വിളിച്ചില്ല. ഭൂരിപക്ഷ മറിയുന്നതുവരെ വിളിയ്‌ക്കേണ്ടെന്നു. നിശ്ചയിച്ചിട്ടായിരുന്നു. പക്ഷെ, കിളി തുർക്കിത്തൊപ്പിയിട്ടുതന്നെ മുൻവരിയിലിരുന്നു. ശിവരാമൻനായർ സ്കൂളിൻസ്പെക്ടർക്ക് നീണ്ടൊരു ഹരജിയെഴുതി തയ്യാറാക്കി. രവി ഖസാക്കിൽ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിയ്ക്കുന്നു. കുട്ടികളെ വഴിതെറ്റിയ്ക്കുന്നു. അടിയിൽ പഴയൊരു ഇംഗ്ലീഷു ഹരജിയിൽനിന്നു പകർത്തിയത് ഏച്ചുകൂട്ടി:
‘ഫോർ വിച്ച് ആക്ട് ഒാഫ് കൈൻഡ്നെസ്സ് ഇസ് മൈ ബൗൺഡൻ ഡ്യൂട്ടി എവർ പ്രേ.’’
ഏതാനും ദിവസങ്ങൾക്കകം ഭൂരിപക്ഷമറിഞ്ഞു. രണ്ടു മതങ്ങളിലും കിളിയ്ക്കു പാറി നടക്കാം. ആഴ്ചയിൽ കുറേ ദിവസം രാവുത്തനാകാം. പിന്നെ ഈഴവനാകാം. തയ്യാറാണെങ്കിൽ ഈഴവനും രാവുത്തനും കിളിയും ഒരുമിച്ചാകാം.
- ഖസാക്കിന്റെ ഇതിഹാസം

ഗർഭാവസ്ഥയിലും മരണത്തിനുശേഷവും മാത്രമാണ് മനുഷ്യന് സ്വത്വമുള്ളത്, അതിനിടയിലുള്ള അവസ്ഥിലുള്ളത് ശരീരം മാത്രമാണ് എന്നു പറയുന്ന അസ്തിത്വവാദികളുണ്ട്. ഈ അസ്തിത്വദുഃഖം മൂലം നായകന്മാരും ചിലപ്പോൾ എഴുത്തുകാരും മരണത്തെ വരിക്കുന്നു. സ്വത്വമെന്താണ്? ശരീരമെന്താണ്?
കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം രൂപം കാണുന്ന മനുഷ്യൻ നിസ്സാരനാവുന്നു. ചുരുങ്ങുന്നു. സുന്ദരം തന്നെ കൈനീട്ടി വിളിക്കുന്ന പൊരുളിന്റെ നേർക്ക് യാത്രയാവുന്നു. സുന്ദരത്തിനും മകളുണ്ട്. ആബിദയെപ്പോലെ. സുന്ദരവും കരയുന്നു.

മമ്മൂട്ടി, ലിജോ ജോസ് പെല്ലിശ്ശേരി

സന്ധ്യമയങ്ങെ, നാഴികകളകലെ, ഇരുട്ടുകെട്ടിയ ഒരു നാലുകെട്ടിനകത്തെ കിണറ്റിന്റെ ആൾമറമേൽ മുങ്ങാങ്കോഴി ഇരുന്നു. ദുരൂഹമായ ആഴത്തിൽ മഷിനോട്ടക്കാരൻറെ വെറ്റിലയിലെ മഷിപോലെ ജലമുഖം തെളിഞ്ഞു. ഉമ്മയില്ലാതെ കിടന്നു നിലവിളിച്ച കൊച്ചുമകളെ ഉറക്കാനായി താൻ പണ്ടു പാടിയൊരു പാട്ടുണ്ടായിരുന്നു. ആൾമറമേലിരുന്നുകൊണ്ട്, തുരുപ്പിടിച്ച അപസ്വരത്തിൽ മുങ്ങാങ്കോഴി പാടി:

‘‘തലമൂത്ത മീനേ
എൻറെ ചേറമ്മീനേ–
എൻറെ കുട്ടിമക്ള്‌ക്കൊര്
മണി കൊണ്ട് വായോ–’’

അയാൾ കിണറ്റിലേയ്ക്കു കൂപ്പുകുത്തി. കിണറു കടന്ന് ഉൾക്കിണറ്റിലേയ്ക്ക്. വെള്ളത്തിന്റെ വില്ലീസുപടുതകളിലൂടെ അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ, തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക് അയാൾ യാത്രയായി. അയാൾക്കു പിന്നിൽ ചില്ലുവാതിലുകൾ ഒന്നൊന്നായടഞ്ഞു.
- ഖസാക്കിന്റെ ഇതിഹാസം

ആദ്യത്തെ കാഴ്ചയിൽ ഈ രണ്ടു ലോകങ്ങളുടെ വൈരുദ്ധ്യങ്ങളുടേതാണ് ഈ സിനിമയെങ്കിൽ രണ്ടാമത്തെ കാഴ്ചയിലത് ഈ രണ്ടുലോകങ്ങളിൽ നിന്നും അപ്രത്യക്ഷമാവുന്ന രണ്ടു പുരുഷന്മാരുടേതാണ്. ഈ രണ്ടുപേരും രണ്ടു കുടുംബങ്ങളിൽ ജീവിക്കുന്നവരാണ്. രണ്ടു സ്ഥലങ്ങളിൽ. ജയിംസ് സുന്ദരമായി പരകായപ്രവേശം നടത്തി തിരിച്ചുവരുന്നെങ്കിലും യുക്തിയുടെ ഭാഷയിൽ സുന്ദരത്തിന് തിരിച്ചുവരാൻ സാധിക്കില്ല. ജയിംസിന്റെ കണ്ണുകളിൽ ദുരൂഹമായ ഒരു ദുഖമുണ്ട്. ഏകാന്തതയുടെ ദുഖം. സുന്ദരമായി ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ ഒരിക്കൽ പിറന്നുകഴിഞ്ഞാൽപ്പിന്നെ വേറൊരു ജീവിതത്തിലേക്ക് മരണം മാത്രമേ മാർഗ്ഗമുള്ളൂ.

வீடு வரை உறவு
வீதி வரை மனைவி
காடு வரை பிள்ளை
கடைசி வரை யாரோ?

veedu varai uravu
veedhi varai manaivi
kadu varai pillai
kadaisi varai yaaro?

Translation: (When you die), relatives mourn for you at the house, the wife comes till the street, the son accompanies you till the cemetery. Who comes with you forever (no one)? Four simple lines that explains the transient nature of our lives. We can build as many relationships as we want, but can’t carry any of them with us when we die.

அந்தமும் வாழ்வும் அகத்து மட்டே
விழி அம்பொழுக மெத்திய மாதரும் வீதி மட்டே
விம்மி விம்மி இரு கை தலை மேல் வைத்து அழும் மைந்தரும் சுடுகாடு மட்டே
பற்றித் தொடரும் இரு வினை புண்ணியம் பாவமுமே.

andhamum vAzhvum agathu matte
vizhi ambozhuga methiya mAdharum veedhi matte
vimmi vimmi iru kai thalai mel vaithu azhum maindharum suduk Adu matte
patrith thodarum iru vinai punniyam pAvamume

Fun and relations is within the home.
Women (wife or ‘anyone’ else for that matter) who looked at you lovingly in bed come only till the street.
Sons who hold their head with both their hands and sob uncontrollably are only till the cemetery.
The only thing that are stuck with you are the good and bad deeds you did in your lifetime.

ഖസാക്കിന്റെ ഇതിഹാസം രവിയുടെ വ്യക്തിജീവിതം മാത്രമാവുന്നതിന്റെയും നൻപകൽ നേരത്ത് മയക്കം സ്വപ്നം മാത്രമാവുന്നതിന്റെയും കാരണം സിനിമ കാഴ്ച്ചാനുഭവം മാത്രമാവുന്നതാണ്. മഞ്ഞക്കിളിയെ പിടിച്ച് ചട്ടീലിട്ട് വറത്തു തിന്നുന്ന തരം കൺസ്യൂമറിസത്തിന്റെ ഈ കാലത്ത് വൈയ്യക്തികാനുഭവമുണ്ടാവുക എന്നൊക്കെപ്പറയുന്നത് എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. പക്ഷേ ഈ സിനിമ വൈയ്യക്തികാനുഭവത്തിൽ ഊന്നിനിന്നുകൊണ്ടുള്ള ഒരു വായന ആവശ്യപ്പെടുന്നുണ്ട്.

തുരുതുരാ ഇറങ്ങുന്ന കോർട്റൂം ഡ്രാമകളുടെ നടുവിൽ നിന്നുകൊണ്ട് മനുഷ്യന്റെ അസ്തിത്വത്തെ വിഴുങ്ങുന്ന, ഏകാന്തനാക്കുന്ന കോടതി, കുടുംബം, കൺസ്യൂമറിസം, വിശ്വാസം,സ്റ്റേറ്റ് എന്നിവയെക്കുറിച്ച് പറയുന്ന ഒരു സിനിമയെടുക്കാൻ ദാർശനികർക്കേ സാധിക്കൂ.

ഞാൻ ജയിംസിനെയും സുന്ദരത്തെയും രവിയെയും ഒന്നിച്ചാണ് സ്ക്രീനിൽ കണ്ടത്. മമ്മൂട്ടിയുടെ കണ്ണിലെ ദുരൂഹമായ ദുഃഖം. ഉള്ളിൽ നീറുന്ന ഏതോ പൊരുൾ.

നൻപകൽ നേരത്തെ ഇതിഹാസം.

Comments