ഭൂരിപക്ഷ യാഥാസ്ഥികത്വത്തിന്റെ തുടർരീതികളാൽ വർണിക്കപ്പെടുന്ന കലാസൃഷ്ടികൾ വല്ലാതെ വാഴ്ത്തപ്പെടുന്നത്, ഒരു സമൂഹം തുടർന്നുകൊണ്ടുപോരുന്ന പൊതുബോധത്തിന്റെ കൂടി ഉദാഹരണമാണ്. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ‘നിർമാല്യം’ എന്ന സിനിമയെ കേരളം തുപ്പാതെയും കല്ലെറിയാതെയും നെഞ്ചിലേറ്റിയത്, ദൈവനിന്ദയെ കൂടി അംഗീകരിക്കുന്ന ജനാധിപത്യത്തെ ഉൾക്കൊള്ളുന്ന വിശാലമായ ഒരു മാനസികാവസ്ഥയുള്ളതുകൊണ്ടല്ല; മറിച്ച് ഫ്യൂഡൽ വ്യവസ്ഥിതിയെ തകർക്കാൻ കൂട്ടുനിന്ന ദൈവത്തെ കാർക്കിച്ചുതുപ്പി പ്രതിഷേധിച്ചതിനോടുള്ള സ്വീകാര്യത കൊണ്ടാണ്.
ജാതിക്കതീതമായ രാഷ്ട്രീയ- സാംസ്‌കാരിക ബോധത്തിന്റെ നേർക്കാഴ്ചയല്ല, മറിച്ച് ദലിത്- പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമായ ഉയർത്തെഴുന്നേൽപിനോടുള്ള ആശങ്കയായിരുന്നു നിർമാല്യം എന്ന സിനിമ. കഥ പറയുന്ന ദൃശ്യങ്ങളത്രയും ക്ഷേത്രവും തറവാടും ഇല്ലവും പടിപ്പുരയയും ആനയും കഥകളിയും പൂജയും തുളസിയും നേദ്യചോറും വിളക്കുവെപ്പും ആറാട്ടുമായി അവസാനിക്കുകയാണ്- ഒരു കീഴാളനേയും ഫ്രെയിമിലേക്ക് കയറ്റാതെ, ഒരു കീഴാള സംഗീതവും കേൾപ്പിക്കാതെ സിനിമ അവസാനിപ്പിക്കുമ്പോൾ അത് യാദൃച്ഛികതയല്ല എന്നും കഥയുള്ളത് മേലാളനുമാത്രമാണ് എന്നും തിരിച്ചറിയപ്പെടുന്നു. അങ്ങനെ നായരും മേനോനും നമ്പൂതിരിയും പങ്കിട്ടെടുക്കുന്ന ചരിത്രം ഒരു നാടിന്റെ ചരിത്രമാക്കി തെറ്റിദ്ധരിപ്പിക്കുന്നു.
ഭ്രാന്തന്റെ അയിത്ത ബോധവും മാപ്പിളയുടെ വേഴ്ചയും
മാപ്പിള കൊടുക്കുന്ന ബീഡി വെറുപ്പോടെ നോക്കി, അശുദ്ധിയെ പറ്റി പിറുപിറുക്കുന്ന മാനസികനില തെറ്റിയ കഥാപാത്രം ഒരു സമൂഹത്തിന്റെ ഭ്രാന്തിനെയല്ല കാണിക്കുന്നത്. മറിച്ച്, ഒരു സമൂഹം കാത്തുസൂക്ഷിക്കുന്ന, സൂക്ഷിക്കപ്പെടേണ്ട അയിത്തഭ്രാന്തിനൊപ്പം മുന്നോട്ട് പോകുന്നതിനെ പറ്റി തന്നെയാണ് സൂചിപ്പിക്കുന്നത്. നായരോട് ബീഡി ഇരക്കുകയും മാപ്പിള കൊടുത്ത ബീഡി തിരസ്‌കരിക്കുകയും ചെയ്യുന്നത്, കൊടുത്ത രീതി വെച്ചല്ല അയിത്തം വെച്ചു തന്നെയാണ്. വേറൊരു സീനിൽ, നേദ്യചോറ് കിട്ടുവോളം വിശപ്പൊതുക്കി, കറി വേണ്ട എന്നു പറഞ്ഞ് അത് ആർത്തിയോടെ വാരിത്തിന്നുന്നതും ഇതേ ശുദ്ധി- അശുദ്ധികളുടെ നേർക്കാഴ്ചയാണ്.
ലൈംഗിക, പ്രണയ ശുദ്ധി- അശുദ്ധികൾ ആവിഷ്കരിക്കുന്നതും ഇതേ കാഴ്ചകളിലൂടെ തന്നെയാണ്. സംഗീതസാന്ദ്രമായി ആവിഷ്കരിക്കുന്ന നമ്പൂതിരിയുടെ വേഴ്ചയും വേർപെട്ടുപോക്കും നിവൃത്തികേടാണ് എന്ന് വരുത്തിതീർക്കുന്നു. എന്നാൽ, മാപ്പിളയുടെ വേഴ്ച ദൈവത്തിന്റെ മുഖത്ത് തുപ്പുന്നതിനേക്കാൾ പാപമാണ് എന്ന അയിത്തബോധത്തെ അങ്ങനെ തന്നെ സ്ഥാപിച്ചെടുക്കുന്നു, അതു കണ്ട് മലയാളി നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.
ഭൂമിയുടെ (മേലാള) രാഷ്ട്രീയം
വെളിച്ചപ്പാടിന്റെയും മേനോന്റെയും വല്യ നമ്പൂതിരിയുടെയും പഴയ കാല ഓർമകളത്രയും നഷ്ടപ്പെട്ട ഭൂമിയെ പറ്റിയും പണിയെടുക്കുന്ന (അടിമകളായ ) അടിയാൻമാരെയും പറ്റിയുമാണ്. കറ്റമെതിച്ച് പതമെണ്ണുന്ന സവർണ കാലത്തെ സുവർണകാലമായി ഓർത്തെടുക്കുന്ന, പി.ജെ. ആൻറണി അനശ്വരമാക്കിയ വെളിച്ചപ്പാട്, മാറുന്ന കാലത്തിലേക്ക് നീങ്ങുന്നത് ഉള്ളിലൊതുക്കിയ അമർഷത്തോടെ തന്നെയാണ്. ഭൂമി സ്വന്തമാക്കി, പണിക്കാരെ അവകാശമാക്കി വാണിരുന്ന ഒരു കാലത്തിന്റെ തുടർച്ചക്കെതിരെയുണ്ടായ രാഷ്ട്രീയ ഇടപെടലുകളാണ് സർവനാശത്തിന് കാരണമെന്ന പൊതുതത്വം ഈ സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. കുടിയാൻമാർ കാറും ഭൂമിയും വാങ്ങി എന്നൊക്കെ കഥാപാത്രങ്ങൾ നെടുവീർപ്പിടുമ്പോൾ അത് തങ്ങളെ കാക്കുന്ന ദേവിയുടെ ചതിയായി തന്നെയാണ് അവർ കണ്ടിരുന്നത്.
ജാതിക്കോളനികൾ തകരാതെ ഇന്നും നിൽക്കുന്നു എന്നും അന്നത്തെ സ്ഥാനവും ഭൂമിയും ഉള്ളവരാണ് ഇന്നും ധനികരെന്നും അവരാണ് ഇന്നും ഭരിക്കുന്നതെന്നും ചരിത്രം. നമ്പൂതിരിയും നായരും ചെയ്യേണ്ട ജോലി എന്താണ് എന്നും കീഴാളന്റെ ജോലി എന്താണ് എന്നും കാലം തെറ്റാതെ പൊതുബോധമായി ഇന്നും കൊണ്ടാടപ്പെടുന്നു. വെളിച്ചപ്പാടിന്റെ മകൻ ദൈവത്തെ കുറ്റം പറയുന്നത് ശാസ്ത്രബോധം കൊണ്ടുള്ള ദൈവനിഷേധമല്ല. മറിച്ച്, തങ്ങളുടെ സൗകര്യങ്ങളെയും കീഴ്വഴക്കങ്ങളെയും തട്ടിത്തെറിപ്പിക്കാൻ കൂട്ടുനിന്ന ശക്തി എന്ന നിലക്കാണ്. എന്നാൽ വെളിപാടുകൾക്കൊപ്പം നിന്ന് വെളിച്ചപ്പെടാൻ മാത്രം അറിയുന്ന കേന്ദ്ര കഥാപാത്രം അതേ പേരിൽ തങ്ങളെ നോക്കാത്ത ദേവിയെ ആട്ടി ശിക്ഷിക്കുമ്പോൾ പൊതുസമൂഹം അതേറ്റെടുക്കുകയായിരുന്നു.
അവകാശബോധവും ഭൂപരിഷ്‌കരണത്തിന്റെ തണലിൽ കീഴാളർക്ക് ഓരോ ഇറ്റ് ഭൂമിയും കൈവന്നതാണ് സവർണരായ തങ്ങളുടെ തകർച്ചക്ക് കാരണമെന്ന്, എം.ടി. വാസുദേവൻ നായരും കരുതുന്നതിന്റെ രാഷ്ട്രീയമാണ് തറവാടുകളുടെയും ഇല്ലങ്ങളുടെയും കരിയില പറക്കുന്ന മുറ്റങ്ങൾ.
മാപ്പിള, കീഴാളൻ, സർക്കാർ- പുതിയ വില്ലന്മാർ
പണം കൈകാര്യം ചെയ്യുകയും പശുവിനെ മേയ്ക്കുകയും ചെയ്യുന്ന മാപ്പിള, കാറുവാങ്ങിയ കീഴാളൻ, കൃഷി ഭൂമി തട്ടിയെടുത്ത ഗവൺമെൻറ് ... ഒരു തകർന്ന വ്യവസ്ഥിതിയുടെ ഊർജ്ജമുൾക്കൊണ്ട് പുതിയ വില്ലന്മാമാരെ സംവിധായകനുണ്ടാക്കുന്നു - ഇന്നും ഈ ദേശത്തെ സവർണരൊക്കെ സാമൂഹിക സാമ്പത്തിക ഉയർച്ചയിൽ തന്നെ നിൽക്കുമ്പോൾ ഇന്നും ദരിദ്രർ അന്നത്തെ വില്ലന്മാർ തന്നെ.
ഒരു കീഴാളനെയും ഫ്രെയിമിൽ കയറ്റാതെ, ഒരു കീഴാളശബ്ദവും കേൾപ്പിക്കാതെ ഒരു സിനിമ അവസാനിക്കുമ്പോൾ, മേലാളൻമാരെ പട്ടിണിക്കിട്ട ദൈവത്തെ സവർണൻ തുപ്പി നിർവൃതിയടഞ്ഞപ്പോൾ, മലയാളിയും ആ സവർണന്റെ കൂടെ നിന്നു എന്നത് ചരിത്രം. മാർത്താണ്ഡവർമയിലെ ‘നാം ലച്ചിപ്പോം’ എന്നുപറഞ്ഞ് ചാടി വീഴുന്ന കൂറിന്റെ ബാക്കിയാണ് എം.ടിയുടെ ദൈവനിന്ദയും നിർമാല്യവും.