പവിത്രൻ, ചെലവൂർ വേണുവിനൊപ്പം. ചെലവൂർ വേണുവിന്റെ കോഴിക്കോട്ടെ സൈക്കോ മാസികയുടെ ആപ്പീസായിരുന്നു പവിത്രനും അരവിന്ദനും ചിന്തരവിയും ടി.വി.ചന്ദ്രനുമെല്ലാം ഉൾപ്പെട്ട അക്കാലത്തെ ചലച്ചിത്രകാരന്മാരുടെയും കവികളുടെയും ചിത്രകാരന്മാരുടെയും സംഗമസ്ഥാനം

യാരോ ഒരാൾ; പവിത്രനെപ്പോലെ

യുക്തിയും അസംബന്ധതയും ചരിത്രവും കാൽപ്പനികതയും ബൗദ്ധികതയും യാഥാർത്ഥ്യവും ഫാന്റസിയുമെല്ലാം പലമട്ടിൽ കൂടിക്കലർന്ന് രൂപാന്തരപ്പെട്ട ആ സവിശേഷ ഭാവുകത്വമാണ് പവിത്രൻ എന്ന വ്യക്തിയെയും സംവിധായകനെയും വ്യതിരിക്തനാക്കുന്നത്

രിച്ചുപോയ പ്രിയപ്പെട്ടവരെക്കുറിച്ചെഴുതുകയെന്നാൽ, മറവികൊണ്ട് പിൻതള്ളിയ വൈയക്തിക സങ്കടങ്ങളെ വീണ്ടും ക്ഷണിച്ചുവരുത്തലാണ്. പവിയെക്കുറിച്ചെഴുതാനിരിക്കുമ്പോഴും അതാണനുഭവം. എന്നാലിത്, ദീർഘകാലബന്ധമുള്ള പവിയെന്ന പ്രിയമിത്രത്തെക്കുറിച്ചല്ല; വെള്ളിവെളിച്ചത്തിൽനിന്ന് മാറിനിൽക്കാനാഗ്രഹിച്ച പവിത്രനെന്ന (1950-2006) ചലച്ചിത്രകാരനെക്കുറിച്ചാണ്.

പവിത്രനെക്കുറിച്ചോർക്കുമ്പോൾ ഒരു നഷ്ടകാലം മുഴുവനുമാണ് മനസിലേക്ക് ഇരമ്പിയെത്തുക. എഴുപതുകളിലെ പുതിയ രാഷ്ട്രീയജാഗ്രതയുടെ ഭാഗമായി കേരളത്തിന്റെ സാംസ്‌കാരികമേഖലയിലാവിർഭവിച്ച നവഭാവുകത്വത്തിന്റെ സൃഷ്ടാക്കളായ ഒരു കൂട്ടം ചലച്ചിത്രകാരന്മാരുടെ അപൂർവ്വസൗഭ്രാത്രത്തിന്റെ സമ്മിശ്രവികാരങ്ങളുണർത്തുന്ന സ്മരണകളെയാണ് അത് സൽക്കരിക്കുന്നത്.

പി.എ. ബക്കറിനെയും അരവിന്ദനെയുംപോലുള്ളവർ അകാലത്തിൽ ഓർമ്മയായപ്പോൾ അവരുമായുണ്ടായിരുന്ന ഊഷ്മളബന്ധത്തെക്കുറിച്ചുള്ള സുഖകരവും സങ്കടകരവുമായ അനുഭവങ്ങൾ പങ്കിടുവാൻ കൂടെയുണ്ടായിരുന്ന ചിന്തരവീന്ദ്രനും പവിത്രനും, ഒടുവിൽ കെ.ആർ. മോഹനനും ജീവിതത്തോട് വിടപറഞ്ഞു.

പവിത്രൻ

പഴയ സുഹൃദ്‌സംഘത്തിൽനിന്നൊരാൾ വിട പറഞ്ഞുവെന്നറിയുമ്പഴൊക്കെയും ആ നഷ്ടബോധം സൃഷ്ടിച്ച സങ്കടങ്ങളുമായി ടി.വി.ചന്ദ്രന്റെ ഫോൺവിളിയാണ്, അവരേക്കാളെല്ലാം ഇളയവനായ എന്നെത്തേടിയെത്തുക. പവിത്രനെയും ചിന്ത രവിയെയും കെ.ആർ മോഹനനെയും യാത്രയാക്കുമ്പോഴും ടി.വി. ചന്ദ്രൻ പങ്കിട്ടതും, നമ്മളാരുമില്ലാത്തവരായിക്കൊണ്ടിരിക്കുന്നു എന്ന ഖേദമാണ്.

ചിന്തയിലും കലാദർശനത്തിലും ജീവിതശൈലിയിലും തീർത്തും വ്യത്യസ്തരായിരുന്ന പവിത്രനും രവീന്ദ്രനും തമ്മിലുള്ള ഒരു പ്രകടസാദൃശ്യം ആർത്തികളെ പ്രതിരോധിക്കുവാനുള്ള അവരിരുവരുടെയും സഹജനിഷ്ഠയാണ്. ഇഷ്ടമാദ്ധ്യമമായ സിനിമയുടെതന്നെ വ്യാജമായ മായികപരിവേഷങ്ങളിൽനിന്ന് ലജ്ജയോടെ അകലംപാലിക്കുവാൻ എക്കാലത്തും ജാഗരൂകരായിരുന്നു ഇരുവരും. ഉപ്പ് (1986), ഉത്തരം (1989) തുടങ്ങിയ പ്രേക്ഷകപ്രീതി നേടിയ തന്റെ സിനിമകളിൽനിന്നുപോലും വിട്ടുപോകുവാനുള്ള അസാധാരണമായ ഔചിത്യമാണ് നീണ്ട ഇടവേളയ്ക്കുശേഷം കുട്ടപ്പൻ സാക്ഷിയെന്ന ( 2002) പ്രസക്തമായ ഒരു രാഷ്ട്രീയ സിനിമയുടെ രചനയിലേക്ക് പവിത്രനെ നയിച്ചത്.

കെ.ആർ. മോഹനനും പവിത്രനും

ആജാനുബാഹുവായ പവിത്രന്റെ ആകാരത്തിലെ ബൊഹീമിയൻ ഛായയും ആ വ്യക്തിത്വവും തമ്മിലുള്ളതായി പുറമേയ്ക്കുതോന്നിപ്പിക്കുന്ന പാരസ്പര്യം ഒരു പ്രതീതി മാത്രമാണ്. യാരോ ഒരാൾ ( 1978) എന്ന ആദ്യ സിനിമയുടെ ശീർഷകം ദ്യോതിപ്പിക്കുന്ന സന്ദിഗ്ദ്ധതയും ആ സിനിമ ആവിഷ്‌കരിക്കുന്ന അസംബന്ധഛായയുള്ള ജീവിത-മരണദർശനവും, ഹൃദയാലുവും റൊമാന്റിക്കും പ്രസാദചിത്തനും വിചാരശീലനും പരിഹാസിയുമായ ഒരാളുടേതായിരുന്നില്ലെന്നതാണ് നേര്.

സിനിമ പഠിക്കുവാൻ പൂനെയിലെത്തിയ പവിത്രൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിനായി രണ്ടുവട്ടം നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് തൊട്ടടുത്ത ലോ കോളജിൽ വിദ്യാർത്ഥിയായിച്ചേർന്നത്. അന്നവിടെ വിദ്യാർത്ഥിയായിരുന്ന കെ.ആർ. മോഹനൻ പറയുമ്പോലെ, പവിത്രന്റെ അറ്റൻഡൻസ് ലോ കോളജിലും അനൗപചാരികമായ അദ്ധ്യയനം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു.

എങ്കിലും താനകപ്പെട്ട ലോകത്തിന്റെയും ജീവിതത്തിന്റെയും പ്രഹേളികാസ്വഭാവത്തെയും കാലുഷ്യത്തെയും ഒരു യാഥാർത്ഥ്യമായി തിരിച്ചറിയാൻ നിർബ്ബന്ധിതനായ ഒരു ചലച്ചിത്രകാരന്റെ വൈരുദ്ധ്യസംഘർഷങ്ങളെയാണ് യാരോ ഒരാൾ ആവിഷ്‌കരിക്കുന്നത്. ബാഹ്യ യാഥാർത്ഥ്യത്തിന്റെയും ആന്തരികയാഥാർത്ഥ്യത്തിന്റെയും സവിശേഷ സങ്കലനമാണ് മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളെ നിർണ്ണയിക്കുന്നതെന്ന വാസ്തവം തിരിച്ചറിഞ്ഞ ഒരു കലാകാരന്റെ ജീവിതദർശനമാണ് ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുമ്പോഴും ആ സിനിമകൾ പ്രത്യക്ഷപ്പെടുത്തുന്നത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സഹപാഠികളായ പവിത്രനും ചന്ദ്രനും കബനീനദിയിലൂടെയാണ് (1976) സിനിമയിലെത്തുന്നത്. സംവിധായകരാകുവാൻ ഒരേ കാലത്ത് മദിരാശിയിലെത്തിയ പവിത്രൻ സ്‌നേഹിതനായ പി.എ. ബക്കർ സംവിധാനംചെയ്ത ആദ്യ സിനിമയുടെ നിർമ്മാതാവും ചന്ദ്രൻ അഭിനേതാവുമായത് യാദൃച്ഛികമായാണ്. അതേവരെ സംവിധായകനാകുവാൻ തീരുമാനിച്ചിട്ടില്ലാതിരുന്ന പത്രപ്രപ്രവർത്തകനും കലാനിരൂപകനും സൈദ്ധാന്തികനുമായ രവീന്ദ്രൻ ആ സിനിമയിലെ അഭിനേതാവായതും യാദൃച്ഛികം. കബനീനദിയുടെ നിർമ്മിതിയിൽ നിർമ്മാതാവും അഭിനേതാക്കളുമായി പ്രത്യക്ഷപ്പെടുകയും പിന്നീട് മൗലികങ്ങളായ ഒരുകൂട്ടം മികച്ച രചനകളാൽ ആധുനിക മലയാള സിനിമയെ സമ്പന്നമാക്കുകയുംചെയ്തവരാണ് ആ മൂന്നു ചലച്ചിത്രകാരന്മാരും. മലയാളത്തിലെ കലാസിനിമയെ സമകാലികമാക്കിയവരെന്നാണ് ഞാനവരെ വിശേഷിപ്പിക്കുക.

കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ ടി.വി ചന്ദ്രൻ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ സഹപാഠികളായിരുന്ന പവിത്രനും ചന്ദ്രനും ‘കബനീനദി’യിലൂടെയാണ് സിനിമയിലെത്തുന്നത്. സംവിധായകരാവാൻ മദിരാശിയിലെത്തിയ ഇവരിൽ പവിത്രൻ ‘കബനീനദി’യുടെ നിർമ്മാതാവും ചന്ദ്രൻ അഭിനേതാവുമായി.

"യാരോ ഒരാൾ' ഇന്ത്യൻ നവസിനിമയിലെതന്നെ ഒരപൂർവ്വ രചനയായിരുന്നു. ഒരുപക്ഷെ, റിയലിസത്തിന്റെ ഏകതാനതയെയും ഉപരിപ്ലവതയെയും മറികടക്കുവാൻ ഉത്സാഹിച്ച മണികൗളിനും കുമാർ സാഹ്നിക്കും എത്താനാവാതെപോയ വലിയ ഉയരങ്ങളിലേക്ക് ഇന്ത്യൻ സിനിമയെ നയിച്ച ഒരേയൊരു പേഴ്‌സനൽ സിനിമയാണത്. ഇതിവൃത്തത്തിലും പ്രതിപാദനത്തിലും തികച്ചും ആധുനികമെന്ന് വിളിക്കാവുന്ന യാരോ ഒരാളാണ് അക്കാലത്തെ ആധുനിക കവിതയോടും കഥാസാഹിത്യത്തോടുമൊപ്പം മലയാളസിനിമയെ ഉയർത്തിയതെന്നത് അത്യുക്തിയല്ല.

സിനിമ പഠിക്കുവാൻ പൂനെയിലെത്തിയ പവിത്രൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിനായി രണ്ടുവട്ടം നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് തൊട്ടടുത്ത ലോ കോളജിൽ വിദ്യാർത്ഥിയായിച്ചേർന്നത്. അന്നവിടെ വിദ്യാർത്ഥിയായിരുന്ന കെ.ആർ. മോഹനൻ പറയുമ്പോലെ, പവിത്രന്റെ അറ്റൻഡൻസ് ലോ കോളജിലും അനൗപചാരികമായ അദ്ധ്യയനം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുമായിരുന്നു. പല ഭൂഖണ്ഡങ്ങളിൽനിന്നുള്ള, പല സ്‌കൂളുകളിൽപ്പെട്ട ചലച്ചിത്രകാരന്മാരുടെ രചനകളുമായി ഗാഢപരിചയം നേടിയ പവിത്രൻ സ്വന്തം നാട്ടിലെ പോപ്പുലർ സിനിമകളും ആവർത്തിച്ചുകണ്ടിരുന്നു.

ചിന്തരവി, ​ കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ. പത്രപ്രവർത്തകനും കലാനിരൂപകനും സൈദ്ധാന്തികനുമായ രവീന്ദ്രൻ യാദൃശ്ചികമായാണ് കബനീനദിയിലെ അഭിനേതാവായത്.

അതുവഴി സ്വാംശീകരിച്ച സിനിമയെ സംബന്ധിച്ച സമഗ്രവീക്ഷണമാണ് മൗലികമായൊരു ചലച്ചിത്രഭാഷയിലേക്ക് പവിത്രനെ നയിച്ചത്. പോപ്പുലർ സിനിമയിലെതന്നെ ഭേദപ്പെട്ട രചനകൾ കാണുമ്പോഴെല്ലാം, എന്തുകൊണ്ട് കുറേക്കൂടി നല്ല ഭാഷയിൽ ആ സിനിമകളെടുത്തുകൂടാ എന്ന ചോദ്യമാണ് നല്ല സിനിമയിലേക്ക് തന്നെ പ്രചോദിപ്പിച്ചതെന്ന് പവി പറയാറുണ്ടായിരുന്നു. യാരോ ഒരാൾ എന്ന മുൻ മാതൃകകളില്ലാത്ത സിനിമ അതുകൊണ്ടാരു യാദൃച്ഛികതയായിരുന്നില്ല.

ഭൗതികസൗകര്യങ്ങളോടും പതിവുമട്ടിലുള്ള ജീവിതവിജയങ്ങളോടുമുള്ള ശരാശരി മനുഷ്യരുടെയും കലാകാരന്മാരുടെയും ആർത്തികളെ നിരാകരിക്കുന്ന പവിയുടെ സഹജപ്രകൃതത്തെ അരാജകവാദിയായ ഒരാളുടെ ഉദാസീനതയായി തെറ്റിദ്ധരിക്കുവാനെളുപ്പമാണ്. ഒരിക്കലും ഒരു അരാജകവാദിയായിരുന്നില്ലെങ്കിലും പവിത്രന്റെ ജീവിതവ്യവഹാരങ്ങളിലെല്ലാം അവധൂതസമാനമായൊരു നിരാസക്തിയുണ്ടായിരുന്നുവെന്നത് നേരാണ്. അതിന്റെ പ്രകാശനമാണ് യാരോ ഒരാളിലെ സംഭാഷണങ്ങളിലൂടെയും ആത്മഗതങ്ങളിലൂടെയും പവിത്രൻ സാധിച്ചതെന്നുപോലും പറയുവാൻ തോന്നും. യാരോ ഒരാൾ പലവട്ടം ആവർത്തിച്ചുകണ്ടിട്ടുള്ള വി.കെ. ശ്രീരാമൻ, പവിത്രനെക്കുറിച്ചുള്ള ജയരാജ് പുതുമഠത്തിന്റെ ഡോക്യുമെന്ററിയിൽ ആ സംഭാഷണങ്ങൾ ഒരു വാക്കുപോലും വിട്ടുപോകാതെ ആവർത്തിക്കുന്നതുകേട്ട് ഞാൻ ശരിക്കും അമ്പരന്നിട്ടുണ്ട്. ശ്രീരാമന്റെ ഓർമ്മശക്തിയേക്കാൾ, പവിത്രന്റെ എഴുത്തിന്റെ ശക്തിയും മൗലികതയുമായിരുന്നു എന്നെ വിസ്മയിപ്പിച്ചത്. ഒരു ദാർശനിക കവിക്കുമാത്രം സങ്കൽപ്പിക്കാനാവുന്ന ഇമേജറികളാൽ നിർമ്മിക്കപ്പെട്ട വാങ്മയമാണത്.

പവിത്രൻ

ഓളവും തീരവും (1970) പോലെ ജനപ്രീതിയും കമ്പോളവിജയവും നേടിയ ഒരു സിനിമയുടെ നിർമ്മാതാവായ ബക്കർ സംവിധായകനാകുവാൻ നിശ്ചയിച്ചപ്പോൾ സ്വയം കണ്ടെത്തിയ ഇതിവൃത്തമായിരുന്നു കബനീനദിയുടേത്. ആ ഓഫ്ബീറ്റ് സിനിമ നിർമ്മിക്കുവാൻ താൽപര്യം പ്രകടിപ്പിച്ച നിർമ്മാതാവ് അവസാനഘട്ടത്തിൽ അപ്രതീക്ഷിതമായി പിൻമാറിയപ്പോൾ, ബക്കറിന്റെ സംവിധാന പങ്കാളിയായി നിശ്ചയിക്കപ്പെട്ടിരുന്ന പവിത്രൻ നിർമ്മാതാവിന്റെ വേഷമണിയുവാൻ നിർബ്ബന്ധിതനാവുകയായിരുന്നു. കണ്ടാണിശ്ശേരിയിലെ പ്രമുഖമായൊരു ഫ്യൂഡൽത്തറവാട്ടിൽനിന്നുള്ള പവിത്രൻ തന്റെ വിഹിതത്തിലുള്ള ഭൂമിയിൽനിന്ന് ഒരു ഭാഗം മുറിച്ചുവിറ്റാണ് നക്‌സലൈറ്റിന്റെ കഥപറയുന്ന കബനിയുടെ നിർമ്മാതാവായത്. സംസ്ഥാനത്തുവെച്ച് ഷൂട്ടുചെയ്യുന്ന സിനിമകൾക്ക് കർണ്ണാടക സർക്കാർ നൽകിയിരുന്ന സബ്‌സിഡി പ്രതീക്ഷിച്ചാണ് കബനി പൂർണ്ണമായും അവിടെവെച്ച് ഷൂട്ടുചെയ്തതെങ്കിലും ചുവപ്പുനാടയിൽക്കുരുങ്ങിയ ആ സഹായധനത്തിനായി അതിനേക്കാളേറെ പണം ചെലവഴിക്കേണ്ടിവന്നുവെന്നതാണ് തമാശ.

ചിന്ത രവിയും പവിത്രനും.

സബ്‌സിഡി ശരിയാക്കുവാനായി സ്‌നേഹിതന്മാരോടൊപ്പം ബാംഗ്ലൂരിലേക്കുള്ള പതിവ് ‌യാത്രകളെ ഉത്സവമാക്കിക്കൊണ്ടായിരുന്നു ആത്മപരിഹാസിയായ പവി ആ "നഷ്ടം നികത്തിയത്. ആ യാത്രകൾക്കിടയിലെ ഇടത്താവളമായിരുന്ന ചെലവൂർ വേണുവിന്റെ കോഴിക്കോട്ടെ സൈക്കോ മാസികയുടെ ആപ്പീസായിരുന്നു പവിത്രനും അരവിന്ദനും ചിന്തരവിയും ടി.വി.ചന്ദ്രനുമെല്ലാം ഉൾപ്പെട്ട അക്കാലത്തെ ചലച്ചിത്രകാരന്മാരുടെയും കവികളുടെയും ചിത്രകാരന്മാരുടെയും സംഗമസ്ഥാനം. ആ കൂട്ടായ്മയാണ് "യാരോ ഒരാൾ' എന്ന സിനിമയുടെ നിർമ്മാണത്തിന് പവിയെ പ്രചോദിപ്പിച്ചതെന്നും പറയാം.. ഒരുപക്ഷെ, ചെലവൂർ വേണു എന്ന സിനിമാഭ്രാന്തനായ പത്രാധിപരും, ചിന്ത രവിയെന്ന സഹപത്രാധിപരും സൈക്കോ മാസികയുടെ കടൽക്കരയിലെ അലങ്കാർ ലോഡ്ജിന്റെ ഭാഗമായ പുരാതനമായ അവരുടെ പത്രമാപ്പീസും ഇല്ലായിരുന്നുവെങ്കിൽ പവിത്രനെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ അപൂർവ്വമായ ആ സൗഹൃദവലയം രൂപപ്പെടുമായിരുന്നില്ല. അവരുമായുള്ള ആത്മബന്ധം എനിക്കെങ്കിലും മിക്കവാറും അസാധ്യവുമായേനെ.

വിദ്യാർത്ഥിയായിരിക്കെ ഇടതുപക്ഷാഭിമുഖ്യമുണ്ടായിരുന്ന പവിത്രന്റെ അനുഭാവം എഴുപതുകളോടെ അക്കാലത്തെ ഗൗരവബുദ്ധികളായ ഏത് യുവാക്കളെയുംപോലെ സ്വാഭാവികമായും തീവ്ര ഇടതുപക്ഷത്തോടായിക്കഴിഞ്ഞിരുന്നു. അതിന്റെ അടയാളമായിരുന്നു കബനി. എന്നാൽ, പവിത്രൻ സ്വയം തിരക്കഥയെഴുതി സംവിധാനംചെയ്ത ആദ്യസിനിമയിൽ പ്രകടമായ രാഷ്ട്രീയ പക്ഷപാതിത്വങ്ങളൊന്നും പ്രകടമല്ലെന്നതാണ് വാസ്തവം. എന്നുമല്ല, തീർത്തും ആത്മനിഷ്ഠമായ ഒരു ലോകമാണ് "യാരോ ഒരാൾ' എന്ന തമിഴ് ശീർഷകമുള്ള ആ മലയാളസിനിമ പ്രത്യക്ഷപ്പെടുത്തുന്നതും. ഇതിന് നേർവിപരീതമായൊരു പരിസരമാണ് അതേകാലത്ത് രവീന്ദ്രൻ സംവിധാനംചെയ്ത ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ. ഒരു താരതമ്യപഠനം ആവശ്യപ്പെടുന്ന എഴുപതുകളിലെ ഏറ്റവും മികച്ച രണ്ട് ചിത്രങ്ങളാണിവ. സൈക്കോ മാസികയുടെ സൗഹൃദക്കൂട്ടായ്മയുടെ പൊതുപരിസരത്തിൽനിന്നുതന്നെയാണ് ആ സിനിമയുടെയും പിറവി.

റിയലിസത്തെ അവലംബിച്ചുള്ള പലതരം ഇതിവൃത്തങ്ങളിലും ആവിഷ്‌കാരരീതികളിലും മുഴുകിയിരുന്ന മലയാളത്തിലെ സമാന്തരസിനിമ സർറിയലിസത്തിലേക്ക് നടത്തിയ ഒരു ജമ്പ് കട്ടായിരുന്നു യാരോ ഒരാൾ. ഒരു ചിത്രകാരന്റെ ആന്തരികലോകം അനാവരണംചെയ്തുകൊണ്ട് ( അന്തരിച്ച പ്രമുഖ ചിത്രകാരൻ എ.സി.കെ രാജയാണ് നായകവേഷത്തിൽ ) ജീവിതത്തിന്റെയും മരണത്തിന്റെയും അസംബന്ധതകളെ സന്നിഹിതമാക്കുന്ന ആ സിനിമ പരമ്പരാഗത ചലച്ചിത്രഭാഷയുടെയുടെയും വ്യാകരണത്തിന്റെയും സമ്പൂർണ്ണമായ നിരാകരണത്തിലൂടെ മലയാളത്തിന് പരിചയപ്പെടുത്തിയ നവീനമായ ചലച്ചിത്രാഖ്യാനരീതി പവിത്രന് പോലും പിന്നീട് ആവർത്തിക്കുവാൻ കഴിയാത്തവിധം തീർത്തും മൗലികമായിരുന്നു. പ്രതിപാദനത്തിൽ സമാനതകളില്ലെങ്കിലും, പ്രമേയതലത്തിൽ വഴിവിട്ട അത്തരമൊരു പരീക്ഷണത്തിന് മുതിർന്ന ഒരേയൊരു മലയാള സിനിമ ഇന്നത്തെ പ്രശസ്ത സംവിധായൻ കമലിന്റെ തിരക്കഥയിൽ പടിയൻ സംവിധാനംചെയ്ത ത്രാസം (1979) എന്ന ചിത്രമാണ്. നിസാർ അഹമ്മദ് എഡിറ്റ് ചെയ്ത യാഥാർത്ഥ്യത്തിന്റെ നാല് മുഖങ്ങൾ എന്ന സമാഹാരത്തിലുള്ള യാരോ ഒരാളിന്റെ തിരക്കഥയല്ലാതെ ആ സിനിമയുടെ ഒരു പ്രിന്റോ നെഗറ്റീവ് പോലുമോ അവശേഷിക്കുന്നില്ലെന്നതാണ് നിർഭാഗ്യകരം. ഒരു വട്ടം മാത്രം കാണാനിടയായ ആ സിനിമയിലെ അസാധാരണമാംവിധം ദൈർഘ്യമുള്ള ഷോട്ടുകളും സ്വാഭാവിക സംഭാഷണത്തിന്റെ ഉപരിപ്ലവ റിയലിസത്തെ നിരാകരിക്കുന്ന ആത്മഗതങ്ങളും പക്ഷെ, പതിറ്റാണ്ടുകൾക്കുശേഷവും ഓർമ്മയിൽനിന്ന് മാഞ്ഞുപോയിട്ടില്ല.

പവിത്രനെ മലയാളികളറിയുന്നത് മലയാളത്തിലെ നവസിനിമാധാരയെ ആധുനികവൽക്കരിച്ച കബനീനദി ചുവന്നപ്പോൾ എന്ന സിനിമയുടെ നിർമ്മാതാവെന്ന നിലയിലാണ്. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ സിനിമയെന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആ സിനിമയുടെ നിർമ്മിതിക്കുപിന്നിലെ സാഹസികമായ രാഷ്ട്രീയപക്ഷപാതിത്വം പവിത്രന്റെ കലാവ്യക്തിത്വത്തിന്റെ ആത്യന്തികസാക്ഷ്യമാണ്. താടിവളർത്തിയ യുവാക്കളെല്ലാം നക്‌സലൈറ്റുകളായി മുദ്രകുത്തപ്പെട്ട് വേട്ടയാടപ്പെട്ട ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥക്കാലത്ത്, നക്‌സലൈറ്റായ നായക കഥാപാത്രത്തിന്റെ രക്തസാക്ഷിത്വത്തെ സഹാനുഭൂതിയോടെ ആവിഷ്‌കരിക്കുന്ന ഒരു സിനിമയെടുക്കുവാൻ മുതിർന്ന പവിത്രന്റെ നിശ്ചയദാർഢ്യം അന്നത്തെ സാഹചര്യത്തിൽ ആത്മഹത്യാപരമായിരുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാനിരുന്ന ദിവസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്ന വിശേഷവുമുണ്ട്. പത്രങ്ങൾക്കുപോലും മുൻകൂർ സെൻസർഷിപ്പുണ്ടായിരുന്ന കാലത്ത് അത്തരമൊരു സിനിമ സാധ്യമാവുമോ എന്ന തോന്നലിൽ സിനിമാപദ്ധതി ഉപേക്ഷിക്കേണ്ടിവരുമോ എന്ന് ബക്കറിന് ഭയമുണ്ടായിരുന്നു. എന്നാൽ, അടിയന്തരാവസ്ഥയുടെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെയുള്ള ഒരു പ്രതിരോധചേഷ്ടയെന്ന നിലയിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാമെന്നായിരുന്നു പവിത്രന്റെ നിലപാട്. ആ ധീരനിശ്ചയമാണ് അക്കാലത്തെ മലയാളകവിതയെപ്പോലെ മലയാളസിനിമയെയും ആദ്യമായി രാഷ്ട്രീയമായ ഉള്ളടക്കത്താൽ ആധുനികവൽക്കരിച്ചത്.

‘കബനീനദി’യുടെ ഷൂട്ടിങ്ങ് തുടങ്ങാനിരുന്ന ദിവസമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിരോധമെന്ന നിലയിൽ ചിത്രവുമായി മുന്നോട്ടുപോകാമെന്നത് പവിത്രന്റെ ധീരനിശ്ചയമായിരുന്നു. ഒടുവിൽ, ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനും അടിയന്തരാവസ്ഥയുടെ പ്രയോക്താവുമായിരുന്ന കരുണാകരനിൽനിന്നുതന്നെ മികച്ച സിനിമയ്ക്കുള്ള അവാർഡ് ‘കബനി’യുടെ നിർമ്മാതാവെന്ന നിലയിൽ പവിത്രൻ ഏറ്റുവാങ്ങി.

സെൻസർ വിലക്കുകൾ മൂലം ഷൂട്ടുചെയ്ത പല രംഗങ്ങളും ഉപയോഗിക്കുവാനായില്ലെങ്കിലും സിനിമ പ്രേക്ഷകരിലെത്തിക്കുവാൻ കഴിഞ്ഞതിനാൽ പവിത്രൻ ആഗ്രഹിച്ചതുപോലെ അടിയന്തരാവസ്ഥയോടുള്ള ഒരു തീക്ഷ്ണപ്രതികരണമായി പ്രേക്ഷകർ അതിനെ തിരിച്ചറിയുകയുംചെയ്തു. കൗതുകകരമായ സംഗതി, ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനും അടിയന്തരാവസ്ഥയുടെ പ്രയോക്താവുമായിരുന്ന കരുണാകരനിൽനിന്നുതന്നെ മികച്ച സിനിമയ്ക്കുള്ള അവാർഡ് കബനിയുടെ നിർമ്മാതാവിന് ഏറ്റുവാങ്ങുവാൻ കഴിഞ്ഞുവെന്നതാണ്. ഇങ്ങിനെയാണ് ഭരണകൂടങ്ങൾ അതിനെതിരായ ഏത് ശബ്ദങ്ങളെയും തങ്ങൾക്കനുകൂലമായി മാറ്റിയെടുക്കുക എന്നായിരുന്നു പവി അതേക്കുറിച്ച് പറയാറുണ്ടായിരുന്നത്. എന്നാൽ, അടിയന്തരാവസ്ഥയിലെ ഭയാനകമായ കരിനിയമങ്ങളുടെ പിടിയിൽനിന്ന് തൽക്കാലം രക്ഷപ്പെടാൻ സഹായിച്ചത് ആ സംസ്ഥാന അവാർഡാണെന്നും പവിത്രനറിയാമായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികൾതന്നെ ഏകാധിപത്യപ്രവണതകൾ പ്രകടിപ്പിക്കുമ്പോൾ അതിനോട് കലഹിക്കുന്ന കലാകാരികളും കലാകാരാന്മാരും അനുഭവിക്കേണ്ടിവരുന്ന ധർമ്മസങ്കടം ഈ വൈരുദ്ധ്യമാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയബോദ്ധ്യമായിരുന്നു പവിത്രന്റെ കലാപ്രവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനം..

അശ്വത്ഥാമാവ് എന്ന ചിത്രത്തിൽ പവിത്രൻ

രണ്ടരപ്പതിറ്റാണ്ടു ദീർഘിച്ച തന്റെ ചലച്ചിത്രപ്രവർത്തിനിടയിൽ അഞ്ച് ഫീച്ചർ സിനിമകളും അര ഡസനിലേറെ ശ്രദ്ധേയ ഡോക്യുമെന്ററികളും കേരളീയ കലാപാരമ്പര്യത്തെ മുൻനിർത്തിയുള്ള ഒരു ടെലിവിഷൻ ഡോക്യുമെന്ററി പരമ്പരയുമാണ് പവിത്രൻ രചിച്ചത്. അരവിന്ദനെപ്പോലെ ഹിന്ദുസ്ഥാനി സംഗീതത്തിൽ സാമാന്യത്തിൽക്കവിഞ്ഞ വൈഭവമുണ്ടായിരുന്ന പവിത്രനായിരുന്നു ടി.വി. ചന്ദ്രന്റെ ആദ്യചിത്രമായ കൃഷ്ണൻകുട്ടിയുടെ പശ്ചാത്തലസംഗീതം രചിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള ആഭിമുഖ്യംതന്നെയാണ് ഉപ്പിന്റെ സംഗീതസംവിധായകനായി അരവിന്ദന്റെ ഗുരുകൂടിയായ ശരത്ചന്ദ്ര മറാഠേയെ തിരഞ്ഞെടുക്കുവാൻ പവിത്രനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. മലയാളത്തിൽ എം.ടിയുടെ തിരക്കഥകളിലൂടെ പരിചിതമായ കഥാഖ്യാനസിനിമയുടെ ഇതിവൃത്ത-പ്രതിപാദനരീതികളെ സിനിമാറ്റിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തലത്തിലേക്ക് ഉയർത്തിയെന്നതാണ് ഉപ്പിന് ലഭിച്ച കലാമേന്മ-യ്ക്കും പ്രേക്ഷകപ്രീതിക്കും കാരണം. അല്ലായിരുന്നുവെങ്കിൽ മുസ്‌ലിം സബ്ജക്ട് എന്ന് സിനിമക്കാർ വിളിക്കുന്നതരം ഒരു പതിവു സിനിമയായി അത് അധഃപതിക്കുമായിരുന്നു. ഒരു കഥ തന്നെയില്ലാത്ത യാരോ ഒരാൾ എന്ന സിനിമയിൽനിന്ന് കഥാഖ്യാനസിനിമയിലേക്കുള്ള പവിത്രന്റെ ചുവടുമാറ്റം, കലാസിനിമകൾ എന്ന പേരിൽ പ്രചരിക്കുന്ന സിനിമകളുടെ ജീവിതപരാങ്മുഖത്വത്തോടുള്ള ഒരു പ്രതികരണം കൂടിയായിരുന്നു. പ്രമേയത്തിന്റെയും പ്രതിപാദനത്തിന്റെയും ഗൗരവപ്രകൃതികൊണ്ട് പവിത്രന്റെ ഏറ്റവും മികച്ച സിനിമകളിൽ പ്രഥമസ്ഥാനം ഈ സിനിമയ്ക്കാണെന്നതും നിസ്തർക്കമാണ്. എന്നാൽ, കേരളസമൂഹത്തിന്റെ പരിണാമചരിത്രത്തിന്റെ പശ്ചാത്തലത്തിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സഹനങ്ങളെയും സമരങ്ങളെയും ഒരു സാധാരണ കർഷകത്തൊഴിലാളിയുടെ കാഴ്ച്ചപ്പാടിൽ നോക്കിക്കാണുന്ന അവസാനരചനയായ മുരളി വെട്ടത്ത് നിർമ്മിച്ച കുട്ടപ്പൻ സാക്ഷി എന്ന സിനിമയോടായിരുന്നു പവിത്രന് കൂടുതൽ മമത. കബനീനദിയുടെ നിർമ്മാതാവെന്ന നിലയിലും ഉപ്പിന്റെയും കുട്ടപ്പൻ സാക്ഷിയുടെയും സംവിധായകനെന്ന നിലയിലും പവിത്രൻ പുലർത്തിയ സാമൂഹികപ്രതിബദ്ധതയെ വിസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചലച്ചിത്രസപര്യയെ വിലയിരുത്തുക പ്രയാസം.

സംവിധായകനും നിർമ്മാതാവുമൊക്കെ സദസ്സിലുണ്ടായിരുന്നതുകൊണ്ടാണോ, അതോ കരയണോ ചിരിക്കണോ എന്ന ധർമ്മസങ്കടത്തിലായതുകൊണ്ടാണോ സക്കറിയ മാത്രം ചിരിച്ചുകണ്ടില്ലെന്നാണ് പവി അതേക്കുറിച്ച് പലരോടും പറഞ്ഞതെന്നാണ് കൂടെയുണ്ടായിരുന്ന ഞങ്ങളുടെ സ്‌നേഹിതനായ ടി.എൻ.ഗോപകുമാർ പിന്നീട് റിപ്പോർട്ടുചെയ്തത്.

ഫലിതപ്രിയനായിരുന്ന പവി ശരിക്കുമൊരു ആത്മപരിഹാസിയുമായിരുന്നു. പുറത്ത് പറയാവുന്നതും പറയാനാവാത്തുമായ പവിയുടെ പ്രായോഗിക ഫലിതങ്ങളെക്കുറിച്ചുമാത്രം വേണമെങ്കിൽ ഒരു പുസ്തകംതന്നെയെഴുതാനാവും. ഒരു യൂറോപ്യൻ കഥയെ അവലംബിച്ച് എം.ടി തിരക്കഥയെഴുതിയ കുറ്റാന്വേഷണ ജനുസ്സിൽപ്പെടുന്ന ഉത്തരം എന്ന സിനിമയെക്കുറിച്ച് ഒരു സിനിമാവാരികയിലെ ലഘുപംക്തിയിൽ ഞാനെഴുതിയ തമാശമട്ടിലുള്ള വിമർശനം പ്രൊഡ്യൂസർമാരിലാരോ പവിയെ ഫോണിൽ വായിച്ചുകേൾപ്പിച്ചിരുന്നു. സുഹൃത്തുക്കളുടെ ഒരു സംഗമവേളയിൽ കുറേക്കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോൾ പവി പറഞ്ഞു: "പ്രൊഡ്യൂസർക്ക് ചെറിയ വിരോധം തോന്നിയെങ്കിലും നീയെഴുതിയതൊക്കെ നേരാണ്. പക്ഷെ, മുഴുവൻ ശരിയും നീയെഴുതിയില്ല എന്നാണെന്റെ പരാതി.. സംഭവബഹുലവും താരനിബിഡവും സർവ്വോപരി അന്തസ്സാരശൂന്യവും എന്നുകൂടി എഴുതാമായിരുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം.'

യേശുദാസും പവിത്രനും. ഹിന്ദുസ്ഥാനി സംഗീതത്തിൽ സാമാന്യതത്തിൽ കവിഞ്ഞ വൈഭവമുണ്ടായിരുന്നു പവിത്രന്. ടി.വി. ചന്ദ്രന്റെ ആദ്യചിത്രമായ ‘കൃഷ്ണൻകുട്ടി’യുടെ പശ്ചാത്തല സംഗീതം പവിത്രനായിരുന്നു.

സ്വയമെന്നപോലെ എന്നെക്കൂടി കളിയാക്കുന്ന ഒരു ഫലിതോക്തിയായിരുന്നു അത്. പവിയുടെ നിർദ്ദോഷഫലിതവും സംഗീതാലാപനവുമാണ് മിക്കപ്പോഴും ഞങ്ങളുടെ ചൂടുപിടിച്ച നിശാകാല ചർച്ചാസദസ്സുകളിലെ വാഗ്വാദങ്ങളെ ശമിപ്പിച്ചിരുന്നത്. തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ഒരു പ്രശസ്ത സംവിധായകന്റെ, പിൽക്കാലത്ത് രാജ്യാന്തരബഹുമതി നേടിയ സിനിമയുടെ പ്രിവ്യു കാണുകയായിരുന്നു ഞങ്ങൾ. വിധവയായ നായികയുടെ ദുരിതവും ദു:ഖവും അനുഭവിപ്പിച്ച് പ്രേക്ഷകരെ കരയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് സംവിധായകൻ. സ്‌കൂൾനാടകങ്ങളെ അനുസ്മരിപ്പിക്കുന്ന സിനിമയിലെ അത്തരമൊരു മുഹൂർത്തംകണ്ട് ചിരിയടക്കാൻ പ്രയാസപ്പെടുകയായിരുന്നു. കദനകഥകണ്ട് ചിരിക്കുന്നതിലെ അനൗചിത്യമോർത്ത് ടവൽകൊണ്ട് മുഖംമറച്ച് ചിരിയൊതുക്കാൻ ശ്രമിക്കുന്ന എന്റെ തോളിൽതട്ടി പവി ആശ്വസിപ്പിച്ചതിങ്ങനെ: "നീ കരയണ്ടടാ ജോണീ. അത് കുറേയൊക്കെ അഭിനയമായിരിക്കും.'

അതോടെ അതൊരു കൂട്ടച്ചിരിയായി. ശിവാജി ഗണേശന്റെ വികാരതീവ്രമായ ദുഃഖാഭിനയംകണ്ട് പൊട്ടിക്കരഞ്ഞ തമിഴനായ ആരാധകനെ ആശ്വസിപ്പിക്കുവാൻ അടുത്തിരുന്ന സ്‌നേഹിതൻ പറഞ്ഞ ആ യുക്തി പവിതന്നെ പ്രചരിപ്പിച്ച അനേകം തമാശകളിലൊന്നായിരുന്നു. സംവിധായകനും നിർമ്മാതാവുമൊക്കെ സദസ്സിലുണ്ടായിരുന്നതുകൊണ്ടാണോ, അതോ കരയണോ ചിരിക്കണോ എന്ന ധർമസങ്കടത്തിലായതുകൊണ്ടാണോ സക്കറിയ മാത്രം ചിരിച്ചുകണ്ടില്ലെന്നാണ് പവി അതേക്കുറിച്ച് പലരോടും പറഞ്ഞതെന്നാണ് കൂടെയുണ്ടായിരുന്ന ഞങ്ങളുടെ സ്‌നേഹിതനായ ടി.എൻ.ഗോപകുമാർ പിന്നീട് റിപ്പോർട്ടുചെയ്തത്. സക്കറിയതന്നെ പറയുമ്പോലെ, ആർക്കറിയാം!

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഓരോ വർഷവും വിവിധ ഇന്ത്യൻനഗരങ്ങളിൽ അരങ്ങേറിയിരുന്ന കാലത്താണ് ഞങ്ങൾക്ക് കുറേനാൾ ഒരുമിച്ചൊരിടത്ത് കഴിയാനിടകിട്ടിയിരുന്നത്. ഫിലിം ഫെസ്റ്റിവൽ കാലത്തെക്കുറിച്ച് പവിത്രൻ മണ്ഡലകാലമെന്നാണ് പറയാറുണ്ടായിരുന്നത്. ശബരിമല മലകയറാൻപോകുന്ന തീർത്ഥാടകരെപ്പോലെ സിനിമയെ മാത്രം ധ്യാനിച്ച് ജനുവരിയിൽ ഒരനുഷ്ഠാനംപോലെ കൽക്കത്തയിലേക്കും ഡൽഹിയിലേക്കും മദിരാശിയിലേക്കും ബംഗളൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം വണ്ടികയറുന്നതിനെ പവി ചിലപ്പോഴൊക്കെ പരിഹാസത്തോടെയാണ് കണ്ടിരുന്നത്. ഒരു ഡൽഹി മേളയിൽ വൈകിയെത്തിയ എന്നെ സിരീഫോർട്ടിന്റെ അങ്കണത്തിൽവെച്ച് മലയ്ക്കുപോകുന്നവരെ മാലയണിയിക്കുന്നതുപോലെ ആചാരപൂർവ്വം ഡലിഗേറ്റ് പാസണിയിക്കുന്ന ചടങ്ങ് ആ ആത്മപരിഹാസത്തിന്റെ ഒരു സാന്ദർഭികപ്രകടനമായിരുന്നു.

ഫിലിം ഫെസ്റ്റിവൽ കാലം പവിത്രന്റെ ഭാഷയിൽ മണ്ഡലകാലമാണ്. ശബരിമല തീർത്ഥാടകരെപ്പോലെ സിനിമയെ മാത്രം ധ്യാനിച്ചുള്ള യാത്രയെ പവിത്രൻ ചിലപ്പോഴൊക്കെ പരിഹാസത്തോടെയാണ് കണ്ടിരുന്നത്. ഒരു ഡൽഹി മേളയിൽ വൈകിയെത്തിയ ലേഖകനെ സിരീഫോർട്ട്​ അങ്കണത്തിൽ മലയ്ക്കുപോകുന്നവരെ മാലയണിയിക്കുന്നതുപോലെ ആചാരപൂർവ്വം ഡലിഗേറ്റ് പാസണിയിക്കുകയാണ് പവിത്രൻ. ഒപ്പമുള്ളത്, ടി.വി. ചന്ദ്രനും നിർമ്മാതാക്കളായ ആരിഫും പകരാവൂർ ജയനും.

ഏറ്റവുമൊടുവിൽ മദിരാശിയിൽവെച്ചുനടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ( ഐ.എഫ്.എഫ്.ഐ) ചെറിയൊരു പ്രിവ്യൂ തിയേറ്ററിൽ പവിത്രന്റെ കള്ള് എന്ന ഡോക്യുമെന്ററിയുടെയും അരവിന്ദന്റെ വാസ്തുഹാരയുടെയും സ്വകാര്യപ്രദർശനം സുഹൃത്തുക്കൾക്കായി ഒരുക്കിയിപ്പോൾ പ്രിവ്യുവിനെത്തുന്നവരുടെ സൗകര്യാർത്ഥം തിയേറ്ററിനുപുറത്ത് ധാരാളം കള്ളിൻകുടങ്ങളുമുണ്ടായിരുന്നു. സംവിധായകന്റെ പിടിപ്പുകേടുകൊണ്ട് സിനിമ കണ്ടിട്ടും ആർക്കെങ്കിലും കള്ളിന്റെ ഗുണം മനസിലായില്ലെങ്കിൽ നേരിട്ട് പരീക്ഷിച്ചറിയുവാനാണ് അതെന്നായിരുന്നു പവിയുടെ ന്യായം. ഇത്തരം കുട്ടിക്കുസൃതികൾ കൂടിച്ചേർന്നതായിരുന്നു ചലച്ചിത്രകാരനായ പവിത്രന്റെ വ്യക്തിത്വം. കാപട്യലേശമില്ലാത്ത ഒരു പച്ചമനുഷ്യന്റെ ഹൃദയലാഘവത്വമാണ് പവിയുടെ സമസ്ത വ്യവഹാരങ്ങൾക്കും അപൂർവ്വമായൊരു ഹൃദയംഗമത്വം നൽകിയത്. സഹോദരിമാർക്കും ഭാര്യ കലാമണ്ഡലം ക്ഷേമാവതിക്കും പവി ലാളനയർഹിക്കുന്ന ഒരു വികൃതിക്കുട്ടിയെപ്പോലെയായിരുന്നുവെന്നാണ് അവരുടെ ആതിഥ്യം സ്വീകരിക്കുവാനിടയായപ്പോഴൊക്കെയും എനിക്കനുഭവപ്പെട്ടിരുന്നത്. "കുട്ടിത്തം വിട്ടുമാറുംമുമ്പേ ബുദ്ധിജീവിയാകാൻ വിധിക്കപ്പെട്ട' ഏതോ ഒരാളെപ്പോലെയായിരുന്നു ശരിക്കും പവിയെന്നാണ് എന്റെ തോന്നൽ. ആ സിനിമാശീർഷകത്തിലെതന്നെ "യാരോ ഒരാൾ'.

ഭാര്യ കലാമണ്ഡലം ക്ഷേമാവതിയ്‌ക്കൊപ്പം പവിത്രൻ

എക്കാലത്തും ഒരു നഗ്നപാദ ചലച്ചിത്രകാരനായിരുന്ന പവിത്രന്റെ ചിന്തയും ചെയ്തികളും മിക്കപ്പോഴും അസാധാരണമായിരുന്നു. മലയാളത്തിലെ കലാസിനിമയുടെ പ്രയോക്താക്കൾക്കിടയിലെ തീർത്തും വ്യത്യസ്തനായൊരു ചലച്ചിത്രരചയിതാവായിരുന്നു പവിത്രൻ. കമ്പോള സിനിമയോട് കലഹിച്ചുകൊണ്ടാരംഭിച്ച കലാസിനിമതന്നെ കമ്പോളതാൽപ്പര്യങ്ങൾക്ക് കീഴ്‌പ്പെട്ടുതുടങ്ങിയപ്പോഴും അത്തരം സാധ്യതകളെ ഒരു വൈരാഗിയെപ്പോലെ തിരസ്‌കരിക്കുകയായിരുന്നു ഈ സംവിധായകൻ. കലാസിനിമയുടേതായി പൊതുവിൽ തിരിച്ചറിയപ്പെടുന്ന സവിശേഷതകളെ തുടക്കംമുതലേ അകറ്റിനിർത്തുവാൻ പവിത്രൻ ശ്രദ്ധിച്ചിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമാണ് പവിത്രന്റെ സിനിമകൾ. യുക്തിയും അസംബന്ധതയും ചരിത്രവും കാൽപ്പനികതയും ബൗദ്ധികതയും യാഥാർത്ഥ്യവും ഫാന്റസിയുമെല്ലാം പലമട്ടിൽ കൂടിക്കലർന്ന് രൂപാന്തരപ്പെട്ട ആ സവിശേഷ ഭാവുകത്വമാണ് പവിത്രൻ എന്ന വ്യക്തിയെയും സംവിധായകനെയും വ്യതിരിക്തനാക്കുന്നത് ▮

( ചിത്രങ്ങൾക്ക് കടപ്പാട്: കലാമണ്ഡലം ക്ഷേമാവതി, പുതുമഠം ജയരാജ്.)


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments