ഫ്രഞ്ച് നവതരംഗം അഥവാ ‘നൂവൽ വെയിഗ്' എന്ന് സിനിമാചരിത്രത്തിൽ അറിയപ്പെടുന്ന പ്രസ്ഥാനം 1950കളിലും അറുപതുകളിലുമാണ് ശ്രദ്ധേയമായത്. കഹിയേ ദു സിനിമ എന്ന സിനിമാ പ്രസിദ്ധീകരണത്തിൽ ചലച്ചിത്ര നിരൂപണവും സൈദ്ധാന്തിക പഠനങ്ങളും കൈകാര്യം ചെയ്തിരുന്ന ഫ്രാൻസ്വാ ത്രൂഫോ, ഴാങ് ലുക്ക് ഗോദാർദ്, ക്ലോഡ് ഷാബ്രോൾ, എറിക് റോമർ, ജാക്വിസ് റി വെറ്റ് എന്നീ ചലച്ചിത്രകാരന്മാരായിരുന്നു ഇതിലെ മുഖ്യധാര. ഒപ്പം, നേരത്തെ ചലച്ചിത്ര രചന ആരംഭിച്ചിരുന്ന ‘ലെഫ്റ്റ് ബാങ്കി'ൽ പെട്ട ആഗ്‌നസ് വർദ, അലൻ റെനെ, ജാക്വിസ് ഡെമി തുടങ്ങിയ സംവിധായകരും സജീവമായി പ്രസ്ഥാനത്തിന്റെ ഭാഗമായി.
കഹിയേ ദു സിനിമക്കാർ ‘തന്തയുടെ സിനിമ' എന്നുവിളിച്ച് കളിയാക്കിയ പരമ്പരാഗത ഫ്രഞ്ച് മുഖ്യധാരാ സിനിമക്കെതിരായ കലാപവും അതിൽ നിന്നുള്ള വ്യതിയാനവും ആയിരുന്നു ഈ നവതരംഗം. റോജർ വാദിം എന്ന സംവിധായകന്റെ ദൈവം സ്ത്രീയെ സൃഷ്ടിച്ചു (1956 )എന്ന ചിത്രത്തിന്റെ വിജയം നവതരംഗ സിനിമക്കാരായ ഗോദാർദിനും ത്രൂഫോയ്ക്കും മറ്റും പ്രചോദനമായ വ്യത്യസ്ത ചിത്രമായിരുന്നു. ഷാങ്ങ് റെന്വാ, ഷാങ് വീഗോ, ഷാങ് പിയർ മെൽവിൽ, ക്ലൂസോ, റോബർട്ട് ബ്രെസ്സൺ തുടങ്ങിയ പൂർവസൂരികളായ ഫ്രഞ്ച് സംവിധായകരെ കഹിയേ ദു സിനിമയിലെ നിരൂപകർ ശ്രദ്ധിച്ചിരുന്നു; അതുപോലെ ഫ്രിറ്റ്‌സ് ലാങ്, ആൽഫ്രഡ് ഹിച്ച്‌കോക്ക് തുടങ്ങിയവരെയും. യുദ്ധാനന്തരമുണ്ടായ സാങ്കേതിക പുരോഗതിയുടെ ഭാഗമായി കയ്യിൽ കൊണ്ടുനടക്കാവുന്ന ക്യാമറകളും ശബ്ദലേഖന ഉപകരണങ്ങളും നിലവിൽ വന്നതോടെ സ്റ്റുഡിയോയുടെ നാല് ചുമരുകൾക്കകത്തുനിന്ന് പുറത്തുകടക്കാനുള്ള സൗകര്യം ലഭിച്ചതും നവതരംഗ സിനിമയ്ക്ക് ഉത്തേജകമായി.
സാമ്പത്തിക പരാധീനതകളുണ്ടായിരുന്നെങ്കിൽ പോലും, വേഗത്തിലും ചെലവ് കുറച്ചും ചിത്രങ്ങളെടുക്കാൻ നവതരംഗ സംവിധായകർക്ക് കഴിഞ്ഞു. പുതുമയാർന്ന ചിത്രീകരണ- ചിത്രസംയോജന ശൈലികൾ അവർ അവലംബിച്ചു. ക്രമാനുഗതമായ ഒരു കഥയോ സംഭവങ്ങൾ തമ്മിൽ മുൻകൂട്ടി ക്രമീകരിക്കപ്പെട്ട ഒരു പൂർവ്വാപരബന്ധമോ ഒന്നുമില്ലാതെ യാദൃച്ഛിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള ആഖ്യാനങ്ങൾ പതിവായി. ശാഖാചംക്രമണ സ്വഭാവമുള്ളതും കൃത്യമായി അവസാനം ഇല്ലാത്തതും ആയിരുന്നു ഇവയിൽ പലതും. ഇവയിൽ പ്രത്യക്ഷപ്പെട്ട യുവാക്കളായിരുന്ന കഥാപാത്രങ്ങളധികവും ജീവിതത്തിൽ അസംതൃപ്തരോ അസ്തിത്വദുഃഖം അനുഭവിക്കുന്നവരോ ആയിരുന്നു. സംഭാഷണങ്ങൾ മിക്കതും ഒട്ടും കഥയെ മുന്നോട്ടു കൊണ്ടുപോകാത്തതും മുറിഞ്ഞു പോകുന്നവയുമാണ്. ഇടയ്ക്കു വരുന്ന അർത്ഥപൂർണമായ നീണ്ട നിശബ്ദതകളും ഈ സിനിമകളുടെ മുഖമുദ്രയാണ്. കുടുംബജീവിതത്തിന് ഊന്നൽ നൽകുന്നതിനുപകരം വ്യക്തികളുടെ അനുഭവങ്ങൾക്കാണ് പ്രതിപാദ്യത്തിൽ പ്രാധാന്യം ലഭിച്ചത്. നഗരാന്തരീക്ഷമാണ് ചിത്രങ്ങളിൽ നിറഞ്ഞുനിന്നത്. പുസ്തകങ്ങളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും കലയെക്കുറിച്ചും മറ്റു സിനിമകളെക്കുറിച്ചും ഒക്കെയുള്ള പരാമർശങ്ങളും ബൗദ്ധിക ചർച്ചകളും ഉദ്ധരണികളും എല്ലാം ഗോദാർദിന്റെയും മറ്റും സിനിമയിൽ നിരന്തരമായി ആവർത്തിക്കുന്ന ഘടകങ്ങളാണ്.
ഏറ്റവും പ്രാതിനിധ്യ സ്വഭാവമുള്ള നവതരംഗ ഡയറക്ടറായി അറിയപ്പെടുന്നത് ഴാങ്ങ് ലുക്ക് ഗോദാർദ് ആണ്. പുതുമ നിറഞ്ഞതും പ്രവചനക്ഷമമല്ലാത്തതും മിക്കപ്പോഴും പ്രകോപനപരവുമായ രീതിയിലാണ് അദ്ദേഹം സിനിമ എന്ന മാധ്യമത്തെ കൈകാര്യം ചെയ്തു പോന്നത്. ആയിരത്തോളം സിനിമകൾ ഒറ്റക്കൊല്ലത്തിൽ കണ്ടാസ്വദിച്ച പാരമ്പര്യം ഗോദാർദിനുണ്ട്. അതേപോലെ, സിനിമയിൽ ജീവിക്കുകയും സിനിമ ഭക്ഷിക്കുകയും സിനിമ ശ്വസിക്കുകയും ചെയ്ത ആളാണ് ഫ്രാൻസ്വാ ത്രൂഫോ എന്ന് അദ്ദേഹത്തിന്റെ കുടുംബം ഉൾപ്പെടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സിനിമ അദ്ദേഹത്തിന് ഒരു ആവേശമായിരുന്നു. വൈകാരികമായി ആശയങ്ങൾ വിനിമയം ചെയ്യാൻ കഴിയുന്നു എന്നതാണ്
അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ശക്തി. സിനിമാവിമർശകൻ ആയിട്ടാണ് ചലച്ചിത്രത്തിലേക്കുള്ള ത്രൂഫോയുടെ രംഗപ്രവേശം. അമേരിക്കൻ ചിത്രങ്ങൾ ധാരാളം കാണാൻ അവസരം ലഭിച്ച അദ്ദേഹം പരമ്പരാഗത ഫ്രഞ്ച് സിനിമയുടെ ദൗർബല്യങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. സിനിമയുടെ രചയിതാവ് സംവിധായകനാണ് എന്ന, പിൽക്കാലത്ത് പ്രസിദ്ധമായ, ഓട്ടിയർ സിദ്ധാന്ത (Auteur theory) ത്തിന് തുടക്കമിട്ടത് ത്രൂഫോയാണ് എന്ന് പറയാം. ചലച്ചിത്ര പഠനത്തെ വിപ്ലവകരമായി ഇത് പിന്നീട് മാറ്റിമറിച്ചു.
ആഖ്യാനത്തിലെ തുടർച്ചയില്ലായ്മകളിലൂടെ, യുക്തിരഹിതമായ പ്രവർത്തികളുടെ ചിത്രീകരണത്തിലൂടെ, ആനുകാലിക നഗരജീവിതത്തിന്റെ ശ്ലഥ ബിംബങ്ങൾ അവതരിപ്പിച്ചുകൊണ്ട്, എന്തൊരു അസംബന്ധമാണ് ഈ ജീവിതം എന്ന തോന്നൽ ഉണ്ടാക്കുന്നതിൽ ഗോദാർദ് വിജയിക്കുന്നു
അന്റോയിൻ ഡോയ്നൽ എന്ന ആത്മകഥാംശമുള്ള കഥാപാത്രത്തെയാണ് ഫോർ ഹൺഡ്രഡ് ബ്ലോസ് എന്ന ചിത്രത്തിലെ നായകനായി ത്രൂഫോ അവതരിപ്പിക്കുന്നത്. സിനിമ എന്ന മാധ്യമത്തിന്റെ സാദ്ധ്യതകളിൽ പരീക്ഷണം നടത്തുന്നത്തിൽ ആഹ്ലാദം കണ്ടെത്തുന്ന ഗോദാർദിൽനിന്ന് വ്യത്യസ്തമായി, ഇതിവൃത്തചിത്രീകരണത്തിൽ ഉള്ള സമകാലികതയിലൂടെയാണ് ഈ ചിത്രം വ്യത്യസ്തമാകുന്നത്. ജീവിതം ഏൽപ്പിക്കുന്ന കടുത്ത നിയന്ത്രണങ്ങളിൽ നിന്ന്, അസ്വാതന്ത്ര്യങ്ങളിൽ നിന്ന് കുതറിമാറാൻ ചെറുപ്പക്കാരനായ നായകൻ നടത്തുന്ന ശ്രമങ്ങളാണ് ഉള്ളടക്കം. സിനിമയുടെ അവസാനവും പുതുമയുള്ളതാണ്: ബോർസ്റ്റൽ സ്‌കൂളിൽനിന്ന് കടലിനുനേർക്ക് ഇറങ്ങിയോടുന്ന അന്റോയിൻ ഡോയ്‌നലിന്റെ ട്രാക്കിംഗ് ഷോട്ടിന്റെ അവസാനത്തിൽ അയാൾ തിരിഞ്ഞു നിന്ന് ക്യാമറയെ അഭിമുഖീകരിക്കുന്നു ആ രംഗം ഫ്രീസ് ചെയ്യുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. സിനിമയ്ക്ക് തുറന്ന ഒരു സമാപ്തിയാണുള്ളത്. പിന്നീട്
അവന് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് പ്രേക്ഷകർ തന്നെ ഉത്തരം കണ്ടെത്തേണ്ടി വരും. ത്രൂഫോയുടെ ഷൂട്ട് ദി പിയാനിസ്റ്റ് (1960), ഡേ ഫോർ നൈറ്റ് (1973), ലൗ ഓൺ ദി റൺ (1984) തുടങ്ങിയ മറ്റു ചിത്രങ്ങളും ഈ നവതരംഗ സമീപനം ഉൾക്കൊള്ളുന്നവയാണ്.
ബ്രഥ്‌ലസ്സ് (1959)
ഹോളിവുഡ് ക്ലാസിക് സിനിമയെ പലവിധത്തിൽ പരാമർശിക്കുന്ന സിനിമയാണ് ബ്രഥ്‌ലസ്സ്. സമർപ്പണം ഒരു അമേരിക്കൻ സ്റ്റുഡിയോവിനാണ്. കേന്ദ്രകഥാപാത്രമായ മിഷേൽ പൊയ്ക്കാർഡ് ബോളിവുഡ് താരമായ ഹംഫ്രി ബൊഗാർട്ടിന്റെ ചലനങ്ങളും ചേഷ്ടകളും നിരന്തരമായി അനുകരിക്കുന്ന ആളാണ്. എന്നാൽ ഈ സിനിമയിൽ ഹോളിവുഡിന്റെ ഋജുവും കല്ലുകടി ഇല്ലാത്തതുമായ ആഖ്യാന ശൈലിയോ തുടർച്ച നഷ്ടപ്പെടാത്ത എഡിറ്റിംഗ് ശൈലിയോ ഇല്ല എന്നത് ശ്രദ്ധേയമാണ്. സിനിമയുടെ തുടക്കം പോലും, കഥ നടക്കുന്ന പശ്ചാത്തലം വ്യക്തമാക്കുന്ന ആമുഖ ഷോട്ടോടു കൂടിയല്ല; മറിച്ച് അൽപവസ്ത്രം മാത്രം ധരിച്ച പെൺകുട്ടിയുടെ ചിത്രമുള്ള ഒരു പത്രത്തിന്റെ ക്ലോസപ്പോടെയാണ്. ‘ഞാൻ ഒരു ആഭാസനാണ്' എന്ന് ഒരു ശബ്ദം പശ്ചാത്തലത്തിൽ കേൾക്കാനുണ്ട്; എന്നാൽ ദൃശ്യവും ഈ ശബ്ദവും തമ്മിലുള്ള ബന്ധം എന്തെന്ന് വ്യക്തമല്ല. ഇങ്ങനെ, വിവിധ ഷോട്ടുകൾ തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും സ്പഷ്ടമല്ല. തുടർച്ചയുള്ള എഡിറ്റിങ്ങ് ഗോദാർദ് തിരസ്‌കരിക്കുന്നതുമൂലമാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവുന്നത്.
ക്ലാസിക് ഹോളിവുഡ് സിനിമയുടെയും പരമ്പരാഗത സിനിമയുടെയു ആഖ്യാനശൈലിയിൽ നിന്നുള്ള വിഛേദമാണ് സിനിമയിലുള്ളത്. നിയമങ്ങൾ എന്തെന്ന് തനിക്കറിയാം; പക്ഷേ അവ ലംഘിക്കുകയാണ് താൻ ചെയ്യുക എന്ന് തന്റെ രചനകളിലൂടെ ഗോദാർദ് പ്രഖ്യാപിക്കുന്നു. മിഷേൽ എന്ന കഥാപാത്രം യാഥാർഥ്യത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ച് പലപ്പോഴും ക്യാമറ നോക്കി സംസാരിക്കുന്നത് കാണാം. പാരീസിലൂടെ മിഷേലും പട്രീഷ്യയും ഒത്തുള്ള യാത്രകളുടെ ഷോട്ടുകൾ ജമ്പുകട്ടുകൾ നിറഞ്ഞതാണ്. ഞെട്ടിക്കുന്ന ഒരു വ്യതിയാനമായാണ് കാഴ്ചക്കാർക്ക് ഇവ അനുഭവപ്പെട്ടത്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം വേണ്ടവണ്ണം നിർവ്വചിക്കുകയോ സന്ദർഭത്തിന് അനുസരിച്ചുള്ളതാക്കുകയോ ഒന്നും ചെയ്യാൻ ഗൊദാർദ് തയ്യാറല്ല.
നടക്കുന്ന കാര്യങ്ങൾക്ക് കാരണം ഇല്ല; കഥാപാത്രങ്ങളുടെ പ്രവർത്തികൾക്ക് പിന്നിൽ നിശ്ചിതമായ പ്രേരണകളോ ചേതോവികാരങ്ങളോ ഇല്ല. കാര്യകാരണ ബന്ധങ്ങളും സവിശേഷമായ ലക്ഷ്യങ്ങളും മറ്റുമാണ് ഒരു കഥയിൽ ആഖ്യാനത്തിന് നിയതമായ ഒരു അർഥം നൽകുന്നത്. എന്നാൽ ഗോദാർദ് ഇവയെല്ലാം ഉപേക്ഷിച്ച് പ്രത്യേകമായ ലക്ഷ്യങ്ങൾ ഏതുമില്ലാതെ, തുടർച്ചയൊന്നുമില്ലാത്ത ഒറ്റയൊറ്റ സംഭവങ്ങൾ ഒന്നിനുപുറകെ ഒന്നായി സന്നിവേശിപ്പിക്കുകയാണ്. പട്രീഷ്യ
കാമുകനെ പൊലീസിന് ഒറ്റിക്കൊടുത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല; പിന്നീട് രക്ഷപ്പെടാൻ ശ്രമിക്കുന്ന മിഷേൽ വെടികൊണ്ടതിനുശേഷവും തന്റെ മുഖം കൊണ്ട് കോപ്രായങ്ങൾ കാട്ടി ചിരിപ്പിക്കാൻ ശ്രമിക്കുന്നതിന്നും യുക്തി ഒന്നുമില്ല. ആഖ്യാനത്തിലെ തുടർച്ചയില്ലായ്മകളിലൂടെ, യുക്തിരഹിതമായ പ്രവർത്തികളുടെ ചിത്രീകരണത്തിലൂടെ, ആനുകാലിക നഗരജീവിതത്തിന്റെ ശ്ലഥ ബിംബങ്ങൾ അവതരിപ്പിച്ചുകൊണ്ട്, എന്തൊരു അസംബന്ധമാണ് ഈ ജീവിതം എന്ന തോന്നൽ ഉണ്ടാക്കുന്നതിൽ ഗോദാർദ് വിജയിക്കുന്നു. അമേരിക്കയിലെ ജനപ്രീതിയാർജ്ജിച്ച സിനിമകളുടെ ഹാസ്യാനുകരണത്തിലൂടെ അവയുടെ അർത്ഥശൂന്യത വെളിപ്പെടുത്താനും ഗോദാർദിന് കഴിയുന്നു. ദി ലിറ്റിൽ സോൾജിയർ, കാർമെൻ, എ വുമൺ ഈസ് എ വുമൺ, പിയറോ ദി മാഡ്, വീക്കെൻഡ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗോദാർദ് ഈ ശൈലി പിന്തുടരുന്നുണ്ട്.
ഗോദാർദും ത്രൂഫോയും ചേർന്ന് എഴുതി ഗോദാർദ് സംവിധാനം ചെയ്തു റൗൾ കോട്ടാർഡ് സിനിമാറ്റോഗ്രാഫി നിർവഹിച്ച ബ്രഥ്‌ലസ്സ്, നവതരംഗ സിനിമയ്ക്ക് മൊത്തത്തിലുള്ള ഒരു മാതൃകയായി മാറുകയായിരുന്നു. പിന്നീട് ഗൊദാർദിന്റെ അനേക ചിത്രങ്ങൾക്ക് ക്യാമറ ചെയ്തത് കോട്ടാർഡ് തന്നെയായിരുന്നു. മിഷേൽ ആയി അഭിനയിച്ച ഴാങ് പോൾ ബെൽ മൺഡോ എ വുമൺ ഈസ് എ വുമൺ, പിറാ ലി ഫോ തുടങ്ങിയ ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായി. കഥ പറയുന്ന പതിവ് രീതി തികച്ചും ഒഴിവാക്കി ലളിതമായ ഒരു ഇതിവൃത്തം സങ്കീർണമായ ഒരു ശൈലിയിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രം. നവതരംഗ ലക്ഷണങ്ങളെല്ലാം ഉണ്ട്: സിനിമാഭിമുഖ്യം, യുവ നടീനടന്മാർ, ജമ്പ് കട്ടുകൾ, അലസമായ ക്യാമറവർക്ക്, ജാസ് സംഗീതം, നർമബോധം, ക്യാമറ നോക്കിയുള്ള നടന്മാരുടെസംഭാഷണം, വേഗതയും ഭാവവും പെട്ടെന്ന് മാറൽ തുടങ്ങിയവ. 400 ബ്ലോസിൽ ചെയ്തതുപോലെ, നേരിട്ട് പരിചയമുള്ള തെരുവുകളിലാണ് ഔട്ട്ഡോർ ഷൂട്ടിങ് നടന്നിട്ടുള്ളത്.
നവതരംഗത്തിൽ സജീവമായുണ്ടായിരുന്ന സംവിധായകർ പരസ്പരം സഹായിച്ചും സഹകരിച്ചും വ്യക്തമായ പരാമർശങ്ങളിലൂടെ അന്യോന്യം ബഹുമാനിച്ചും അംഗീകരിച്ചും പ്രവർത്തിച്ചു എന്നതാണ് എടുത്തുപറയേണ്ട സംഗതി.
പ്രമുഖ നവതരംഗ സംവിധായകരെല്ലാം ചലച്ചിത്ര നിരൂപകരായാണ് സിനിമയുമായി ആദ്യം ബന്ധപ്പെട്ടത്. ആന്ദ്രേ ബേസിൻ, ജാക്വിസ് ഡോനിയോൾ വാൽക്രോസ് തുടങ്ങിയവർ 1950ൽ സ്ഥാപിച്ച കഹിയേ ദു സിനിമ എന്ന മാസികയാണ് സിനിമയിലെ പുതിയ നിരൂപണത്തിനും പിന്നെ നവതരംഗത്തിന്നും വഴിതെളിയിച്ചത്. ലാംഗ്ലോയ് യുടെ ‘സിനിമാത്തെക്ക് ഫ്രാൻസെയ്‌സ്' എന്ന ഫിലിം ക്ലബ്ബിലാണ് ധാരാളം പുതിയ സിനിമകൾ കാണാനും ചർച്ച ചെയ്യാനും ഇവർക്ക് അവസരം ലഭിച്ചത്. ഇറ്റലിയിലെ നിയോറിയലിസം, പ്രത്യേകിച്ച് റോസല്ലിനിയും ഡിസീക്കയും, അവരെ മുഖ്യമായും സ്വാധീനിച്ചത് സ്റ്റുഡിയോവിനു പുറത്ത് യഥാർത്ഥ ലൊക്കേഷനുകളിലേക്ക് സിനിമയെ കൊണ്ടുപോയി എന്ന കാര്യത്തിലാണ്. സങ്കീർണ്ണമായ ഘടനകൾ ഒന്നുമില്ലാതെ പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കാതെ മനോധർമ്മമനുസരിച്ച് ഷൂട്ട് ചെയ്ത് സിനിമകൾ നിർമ്മിക്കപ്പെട്ടു. സിനിമ ജീവിതത്തെക്കാൾ പ്രധാനമാണെന്ന തോന്നൽ പോലും അവർ ചിലപ്പോൾ സൃഷ്ടിച്ചു. സിനിമയാണ് നമ്മൾ കാണുന്നത്, യഥാർത്ഥ ജീവിതമല്ല എന്ന കാര്യത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കപ്പെട്ടു. നേരിട്ട് ക്യാമറ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങൾ, അതി സമീപ ദൃശ്യങ്ങൾ സിനിമകളെക്കുറിച്ചുള്ള ദൃശ്യങ്ങൾ, ഇതൊക്കെ സിനിമയിൽ കടന്നുവന്നു. മുഖ്യകഥാപാത്രങ്ങൾ തിയേറ്ററിനകത്തുകയറി ഏതെങ്കിലും സിനിമ കാണുന്നത് മിക്ക നവതരംഗ ചിത്രങ്ങളിലും കാണാം. നവതരംഗത്തിൽ സജീവമായുണ്ടായിരുന്ന സംവിധായകർ പരസ്പരം സഹായിച്ചും സഹകരിച്ചും വ്യക്തമായ പരാമർശങ്ങളിലൂടെ അന്യോന്യം ബഹുമാനിച്ചും അംഗീകരിച്ചും പ്രവർത്തിച്ചു എന്നതാണ് എടുത്തു പറയേണ്ട സംഗതി. നമ്മുടെ പല ചലച്ചിത്ര രചയിതാക്കളിൽ നിന്നും വ്യത്യസ്തമായി, ഈഗോ പ്രശ്‌നങ്ങളോ അഹങ്കാരമോ ഏറ്റവും മികച്ച കല തന്റെത് മാത്രമാണെന്ന ധാർഷ്ട്യമോ ഒന്നും അവരിൽ കാണാൻ കഴിയില്ല എന്നത് ചെറിയ കാര്യമല്ല.
ജോൺ കാസാവെറ്റ്‌സ്, ടറാൻറിനോ, ബർനാർഡോ ബർട്ടലൂച്ചി, ലാർസ് വോൺ ട്രയർ തുടങ്ങിയ സംവിധായകരെ ഫ്രഞ്ച് നവതരംഗം ശക്തമായി സ്വാധീനിച്ചിട്ടുണ്ട്; അവർ ഈ പ്രസ്ഥാനത്തെ അംഗീകരിച്ചിട്ടുമുണ്ട്. നവതരംഗ സംവിധായകരിൽ ചിലർ, പ്രത്യേകിച്ച് ഗോദാർദ്, ഇപ്പോഴും സജീവമായി ചലച്ചിത്ര രചനയിൽ ഏർപ്പെട്ടിരിക്കുന്നു.
നൈറ്റ് ആൻഡ് ഫോഗ് പോലുള്ള ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ അലൻ റെനെയാണ് നവതരംഗത്തിന്റെ മറ്റൊരു പ്രതിനിധി . അദ്ദേഹത്തിന്റെ സൃഷ്ടിയാണ് ഹിരോഷിമ മൈ ലവ് (1959). മാർഗരീറ്റ് ഡ്യൂറാസിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമ നിരവധി പുരസ്‌കാരങ്ങൾ നേടി. ഇതിലവലംബിച്ച ഭൂതവും വർത്തമാനവും ഒരേസമയം ചിത്രീകരിക്കുന്ന രീതി നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. യുദ്ധവും സമാധാനവും; ഭൂതവും വർത്തമാനവും; ജീവിതവും മരണവും; യാഥാർഥ്യവും ഓർമ്മയും; സത്യവും മിഥ്യയും; ജീവിതവും മരണവും എന്നിങ്ങനെ വിരുദ്ധമായവ ഒരേ സമയം ഒന്നിച്ച് ചിത്രീകരിക്കുന്ന ഒരു ശൈലി അലൻ റെനെ വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ ലാസ്റ്റ് ഇയർ അറ്റ് മരീന്ബാദ് (1961) എന്ന ചിത്രവും നവതരംഗ സിനിമയുടെ മികച്ച ഉദാഹരണമാണ്.
സിനിമാ ഭാവുകത്വത്തിൽ തന്നെ വിപ്ലവകരമായ മാറ്റം വരുത്തിയ ഫ്രഞ്ച് നവതരംഗം, സിനിമയിലെ സർഗാത്മക സാധ്യതകളുടെയും പ്രേക്ഷകരുടെ ആസ്വാദനത്തിന്റെയും ചക്രവാളങ്ങളെ ഒരേസമയം വികസിപ്പിച്ചു
ആഗ്‌നസ് വർദ
ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ഫ്രഞ്ച് ചലച്ചിത്ര സംവിധായികയാണ് ആഗ്‌നസ് വർദ. ഡോക്യുമെന്ററികളെ അനുസ്മരിപ്പിക്കുന്ന യഥാതഥത്വം അവരുടെ സിനിമകളുടെ ഒരു പ്രധാന സവിശേഷതയാണ്. പരീക്ഷണാത്മകമായ പ്രത്യേക ശൈലിയിൽ സ്ത്രീ പ്രശ്‌നങ്ങളിലും സാമൂഹ്യപ്രശ്‌നങ്ങളിലുമൊക്കെയുള്ള ഇടപെടലുകൾ കൂടിയായിരുന്നു അവരുടെ ചിത്രങ്ങൾ നടത്തിയിരുന്നത്. ഫ്രഞ്ച് നവതരംഗ സിനിമകളുടെ ഗണത്തിൽ പെടുന്നവയായിരുന്നു അവരുടെ ആദ്യകാല സിനിമകളെന്നുമാത്രമല്ല, ഫ്രഞ്ച് നവതരംഗ പ്രസ്ഥാനത്തിലെ ശ്രദ്ധേയമായ ഒരേയൊരു സ്ത്രീസാന്നിദ്ധ്യവുമായിരുന്നു അവർ. ലോല (1961) എന്ന പ്രശസ്ത നവതരംഗചിത്രം സംവിധാനം ചെയ്ത ജാക്വിസ് ഡെമി അവരുടെ ഭർത്താവായിരുന്നു. നവതരംഗ പ്രസ്ഥാനത്തിലെ തന്നെ സുപ്രസിദ്ധ സംവിധായകനായ അലൻ റെനെയുമായി അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ നീളുന്ന സൗഹൃദമായിരുന്നു വർദക്കുണ്ടായിരുന്നത്.
വർദയുടെ ആദ്യ ഫീച്ചർ ചിത്രമായ ല പോയിൻറ് കൂർത് (1954) എന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് റെനെയായിരുന്നു. അലൻ റെനെ, ഴാങ് ലുക് ഗൊദാർദ്, ഫ്രൻസ്വാ ത്രൂഫോ തുടങ്ങിയ സംവിധായകരെല്ലാം വർദയുടെ ചിത്രങ്ങൾ നന്നായി ആസ്വദിക്കുകയും അവയെക്കുറിച്ച് മികച്ച അഭിപ്രായങ്ങൾ പറയുകയും ചെയ്തിട്ടുണ്ട്. അവർ കുറേയേറെ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തു. അടുത്ത ഫീച്ചർ സിനിമയായ ക്ലിയൊ ഫ്രം 5 റ്റു 7 പുറത്തുവന്നത് 1961ലാണ്. ദി ക്രീച്ചേഴ്‌സ് (1966), ഫാർ ഫ്രം വിയറ്റ്‌നാം (1967), ലയൺസ് ലൗ (1969) ഇവയെല്ലാം, പ്രത്യേകിച്ച് ക്ലിയോ ഫ്രം 5 റ്റു 7 നവതരംഗ സിനിമയുടെ മികച്ച ഉദാഹരണങ്ങളാണ്. പിൽക്കാല ചിത്രങ്ങളായ വാഗബോണ്ട് (1985), ഗ്ലീനേഴ്‌സ് ആൻഡ് ഐ (2000) എന്നീ മഹദ് രചനകളും നവതരംഗ സ്വാധീനം വെളിപ്പെടുത്തുന്നവ തന്നെ.
സിനിമാ ഭാവുകത്വത്തിൽ തന്നെ വിപ്ലവകരമായ മാറ്റം വരുത്തിയ പ്രസ്ഥാനം എന്ന നിലയിലാണ് ഫ്രഞ്ച് നവതരംഗം ഓർമിക്കപ്പെടുന്നത്. അത് സിനിമയിലെ സർഗാത്മക സാധ്യതകളുടെയും പ്രേക്ഷകരുടെ ആസ്വാദനത്തിന്റെയും ചക്രവാളങ്ങളെ ഒരേസമയം വികസിപ്പിച്ചു എന്നത് അത്തരം ചിത്രങ്ങളെ കാലഹരണപ്പെടാതെ നിലനിർത്തുന്നു. ഗോദാർദിന്റെ മിക്ക ചിത്രങ്ങളും, (പ്രത്യേകിച്ച് ബ്രെഥ്ലസ്സ്, വിവ്രെ സാ വൈ, എ വുമൺ ഈസ് എ വുമൺ, പിയറോ ദി മാഡ്, വീക്കെൻഡ് തുടങ്ങിയവ) ത്രൂഫോയുടെ മിക്ക ചിത്രങ്ങളും (പ്രത്യേകിച്ച് ഫോർ ഹൻഡ്റെഡ് ബ്ലോസ്, ഷൂട്ട് ദി പിയാനിസ്റ്റ് ), ക്ലോഡ് ഷാബ്രോളിന്റെ ലെ ബോൻസ് ഫെംസ്, ലെസ് കസിൻസ്, അലൻ റെനെയുടെ ഹിരോഷിമ മൈ ലവ്, ലാസ്റ്റ് ഇയർ അറ്റ് മരീൻബാദ്, ആഗ്‌നസ് വർദയുടെ ക്ലിയോ ഫ്രം 5 ടു 7, ജാക്വിസ് ഡമിയുടെ ലോല, ലൂയി മാളിന്റെ ലിഫ്റ്റ് ടു ദി സ്‌കാഫോൾഡ്, ജോർജസ് ഫ്രാന്ജുവിന്റെ ഐസ് വിത്തൗട്ട് എ ഫെയ്‌സ് ഇവയൊക്കെ ഫ്രഞ്ച് നവതരംഗ സിനിമയുടെ ഈടുവയ്പ്പുകളാണ്. അര നൂറ്റാണ്ടിലധികം പിന്നിട്ടിട്ടും, ഇപ്പോൾ ‘നവം' അല്ലാതിരുന്നിട്ടും ഇപ്പോഴും സിനിമയിൽ സ്വാധീനം ചെലുത്താൻ പ്രസ്ഥാനത്തിനു കഴിയുന്നു എന്നതുതന്നെയാണ് അതിന്റെ മേന്മ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.