സുഗതകുമാരിയുടെ കവിതകളിൽ ആവർത്തിച്ചുകാണാവുന്ന ഒരു അന്വേഷിയുണ്ട്. ഒരേസമയം തന്നെ ജീവിപ്പിക്കുകയും ജീവനെ ശൂന്യമാക്കുകയും ചെയ്യുന്ന ഒരു അഭാവത്തെയാണവരെല്ലാം തേടുന്നത്. ചിലപ്പോഴെല്ലാം അത് കൃഷ്ണനാണ്, പലപ്പോഴും ആ കൃഷ്ണൻ മരണവും പ്രണയവും വാത്സല്യവുമെല്ലാമാണ്. ചിലപ്പോൾ അവർ തേടുന്നതും അവിചാരിതമായി കണ്ടുമുട്ടുന്നതും തന്നെത്തന്നെയാണ്. പണ്ടെന്നോ മറന്നുകളഞ്ഞ, കൊന്നുകുഴിച്ചുമൂടിയ, ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നുറപ്പിച്ച് ഉപേക്ഷിച്ചോടിപ്പോന്നവളെ ജീവിതാവസാനങ്ങളിലെപ്പോഴോ അവിചാരിതമായി കണ്ടുമുട്ടലാണത്. ഇത്രനാളും ഉറങ്ങാൻപോലുമാകാതെ തിരഞ്ഞുകൊണ്ടിരുന്നതാരെയായിരുന്നു എന്ന് സുഗതകുമാരിയുടെ അന്വേഷികൾ തിരിച്ചറിയുന്നത് പലപ്പോഴും തങ്ങളുടെ ജീവനെ അപൂർണമാക്കിക്കൊണ്ടിരുന്ന അഭാവത്തെ വഴിമദ്ധ്യേ കണ്ടുമുട്ടുമ്പോഴാണ്. ജന്മങ്ങൾ കടന്നുള്ള അന്വേഷണമാണത്. തന്റെ ജീവന്റെ സത്യത്തെ സമീപത്തു കാൺകിലും ‘അടുത്തുചെല്ലുവാനാകാതെ, ജനാലയ്ക്കു - ജന്മങ്ങൾക്കു പുറത്തു' വ്യഥ പൂണ്ടു കാത്തുനിൽക്കുകയാണവർ ഓരോരുത്തരും. അതുകൊണ്ടാണ് ‘തീരാത്ത തേടലാകുന്നു ജന്മം' എന്നവർക്ക് പറയാനായത്.
ക്ലാരയും ടെസ്സയും: പൗരുഷത്തിന്റെ മഹത്വവൽക്കരണം
എന്തുകൊണ്ടു നിറച്ചാലും നികത്താനാവാത്തൊരു ശൂന്യത നെഞ്ചിൽ കൊണ്ടുനടക്കുന്ന ഒരുവളെ, ഇത്തരമൊരു അന്വേഷിയെ മലയാളസിനിമയിൽ വളരെ ചുരുക്കമായിരിക്കും കണ്ടുമുട്ടിയിട്ടുണ്ടാവുക. കാണാമായിരുന്ന രംഗങ്ങളിലെല്ലാം അതൊരു ആൺവാഴ്ത്തായി നിറംമാറുന്നതും കാണാം. ആദ്യകാഴ്ചയിൽ അനുരാഗമുണ്ടായിപ്പോയതിനാൽ ഒരു സ്ത്രീയെ പിന്തുടരുന്ന എണ്ണമറ്റ പുരുഷന്മാരെ മലയാള സിനിമ കാണിച്ചുതന്നിട്ടുണ്ട്. അതാണ് പ്രണയമെന്ന് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.
‘ഒന്നുപോയിത്തരുവോ?' എന്ന് സ്ത്രീ ആവശ്യപ്പെടുമ്പോഴും പുറകെ നടക്കുന്നവന്റേതാണ് യഥാർത്ഥ സ്‌നേഹമെന്ന ഇപ്പോഴും തുടരുന്ന തെറ്റിദ്ധാരണകളിലാണ് മലയാളിയുടെ മഹത്തായ പ്രണയാന്വേഷണരംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. എന്റെ തലമുറയിലെ പെൺകുട്ടികളിൽ വലിയ സ്വാധീനമുണ്ടാക്കിയ സിനിമയായിരുന്നു ഞങ്ങൾ ജനിക്കുന്നതിനും മുൻപ് റിലീസായ എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയുമെഴുതിയ ആരണ്യകം. സ്ത്രീയുടെ എന്തിനെന്നറിയാത്ത അന്വേഷണങ്ങളെക്കുറിച്ചോർക്കുമ്പോഴെല്ലാം ഇന്നും ഓർമയിലെത്തുന്നത് ആരണ്യകമാണ്.
ജയകൃഷ്ണന്റെയും ചാർലിയുടെയും ആത്മാന്വേഷണങ്ങളെയും ആത്മദുഃഖങ്ങളെയും പൗരുഷങ്ങളെയും മഹത്വവൽക്കരിക്കുകയും അതിനുമുൻപിൽ അത്ഭുതത്തോടെ/ നഷ്ടബോധത്തോടെ/ആരാധനയോടെ നിൽക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുകയും ചെയ്യുമ്പോഴും ‘സ്ത്രീപക്ഷം ' എന്ന ലേബൽ ചാർത്താനാവുന്നു എന്നയിടത്താണ് മലയാളസിനിമയുടെ പുരുഷഭാവനാലോകം വിജയിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യ കാഴ്ചയിലോ കേൾവിയിലോ ആകർഷിച്ചവനെ അന്വേഷിച്ചുള്ള സ്ത്രീയുടെ യാത്രകൾ ചുരുക്കമാണെന്നും അതിനാൽ ക്ലാരയും (തൂവാനത്തുമ്പികൾ ) ടെസ്സയും (ചാർലി ) സ്ത്രീപക്ഷനായികമാരാണെന്നും വിശ്വസിക്കുന്ന വലിയൊരു കൂട്ടം ആരാധകരെ സൈബറിടങ്ങളിൽ ഇപ്പോഴും കാണാം. ജയകൃഷ്ണന്റെയും ചാർലിയുടെയും ആത്മാന്വേഷണങ്ങളെയും ആത്മദുഃഖങ്ങളെയും പൗരുഷങ്ങളെയും മഹത്വവൽക്കരിക്കുകയും അതിനുമുൻപിൽ അത്ഭുതത്തോടെ/ നഷ്ടബോധത്തോടെ/ആരാധനയോടെ നിൽക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുകയും ചെയ്യുമ്പോഴും ‘സ്ത്രീപക്ഷം' എന്ന ലേബൽ ചാർത്താനാവുന്നു എന്നയിടത്താണ് മലയാളസിനിമയുടെ പുരുഷഭാവനാലോകം വിജയിച്ചുകൊണ്ടിരിക്കുന്നത്. ചാർലിയിലെ ടെസ്സ അന്വേഷിക്കുന്നത് അവളെ പൂർണമാക്കാനുള്ള ഒരു ഭാവത്തെയല്ല. അവളുടെ വ്യക്തിത്വത്തെ അതിശയിപ്പിച്ച, അവളെ നിസ്സാരയാക്കിക്കളഞ്ഞ ഒരു പുരുഷനെയാണ്.
ടെസ്സയുടെ ചാർലി വ്യവസ്ഥാപിത പൗരുഷത്തിന്റെ ആൾരൂപമാണ്. വെളുത്ത കുതിരയെ മറികടന്ന് ഓടുന്ന, ആകാശത്തോളമുയർന്ന കസേരകളിൽ ചാടിക്കയറുന്ന, അപ്രാപ്യനായ പുരുഷൻ. അവനെ ടെസ്സ നോക്കിക്കാണുന്നത് വെറും മണ്ണിൽ ഇരുന്നുകൊണ്ടാണ്. തന്നേക്കാൾ ഏറെ ഉയരത്തിലുള്ള ഒരുവനെ നോക്കുന്ന സ്ത്രീയുടെ നോട്ടമാണ് (gaze) ചാർലി സിനിമയുടെ നോട്ടവും രാഷ്ട്രീയവും. അത് താഴെനിന്ന് ഉയരങ്ങളിലേക്കാണ്. ഉയരങ്ങളിൽ നിൽക്കുന്നത് എപ്പോഴും പുരുഷനാണ്. ഉയരങ്ങളിൽ നിൽക്കുമ്പോഴാണ് അവൻ ആരാധ്യനാക്കുന്നത്.
സ്ത്രീ പുരുഷ സൗന്ദര്യങ്ങളുടെ വരേണ്യധാരണകൾ
കഥാപാത്രങ്ങളുടെ ആന്തരികഭാവങ്ങൾ അവതരിപ്പിക്കുന്നതിന് ആവശ്യത്തിലേറെ വസ്ത്രധാരണരീതിയെ ആശ്രയിക്കേണ്ടി വരുമ്പോൾ കഥാപാത്ര നിർമിതി പരാജയപ്പെടുന്നു. ഉദാഹരണത്തിന്, ഒരു വ്യക്തിയിലെ നിതാന്തദുഃഖം
വ്യക്തമാക്കാൻ അവളുടെ കീറിയ / അശ്രദ്ധമായ വസ്ത്രധാരണത്തെ മാത്രം ആശ്രയിച്ചതുകൊണ്ടോ ദുഃഖത്തെക്കുറിച്ചുള്ള അതികാല്പനിക സംഭാഷണങ്ങൾകൊണ്ടോ സാധിക്കുന്നതിന് ഒരു പരിധിയുണ്ട്. അത്തരം പ്രകടനങ്ങളെക്കാൾ ശക്തമായി ഭാവത്തെ അനുഭവിപ്പിക്കാൻ ഒരു നോട്ടമോ, ഒരു തളർച്ചയോ ഒരു ഇടർച്ചയോ ഒരു മൗനമോ കൊണ്ട് സാധിക്കും. അവിടെയാണ് സിനിമയുടെ ദൃശ്യശബ്ദ സാധ്യതകളുടെ വിജയമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉറച്ച ശരീരഘടനയും അസാധാരണമായ വസ്ത്രങ്ങളുമാണ് ചാർലിക്ക്. ടെസ്സ എന്ന കഥാപാത്രത്തിന്റെയും ശ്രദ്ധയാകർഷിക്കുന്ന പ്രധാനഘടകം അസാധാരണമായ വസ്ത്രധാരണങ്ങളാണ്. അപ്പോഴും സ്ത്രീ - പുരുഷസൗന്ദര്യങ്ങളെ സംബന്ധിച്ച വരേണ്യധാരണകളെയെല്ലാം സംതൃപ്തമാക്കുന്ന ശരീരങ്ങളായി അവർ തുടരുന്നു. ഗാനങ്ങളിൽ ആവർത്തിക്കുന്ന സ്ത്രീയുടെ വിശേഷണങ്ങൾ സൗന്ദര്യവും പുരുഷന്റെ വിശേഷണങ്ങൾ അവന്റെ കൈക്കരുത്തും തന്നെയാകുന്നു.
ലൈംഗികത്തൊഴിലാളിയായിരുന്ന മേരിയെയും അവളുടെ മകളെയും സ്‌നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ചാർലി, തന്റെ വീട്ടിൽ വന്നെത്തിയ കള്ളൻ പറയുന്ന കഥകളിലെ സ്ത്രീയെക്കുറിച്ചുള്ള സെക്‌സിറ്റ് പരാമർശങ്ങൾ കേട്ട് ഉറക്കെയുറക്കെ ചിരിക്കുന്നത് കാണാം. അവിടം മുതൽ ഒടുക്കം വരെയും ‘മാരൻ ' ചാർലിയിൽ നിന്ന് ഏറെ അകലെയാണ്. മാരന്റെ വീട്ടിലെത്തിയ കള്ളനും ഒരു കഥ പറയുന്നുണ്ട്. ആ കഥ ‘സ്ത്രീയുടെ പുറകെ വിടാതെ നടക്കുന്ന പുരുഷന്റേതാണ് യഥാർത്ഥ പ്രണയ'മെന്ന ധാരണയെ തിരുത്തുന്നതാണ്. ഇവിടെ കള്ളന് ഒരു ഭാര്യയുണ്ട്. അയാൾ അവളുടെ പുറകെ രണ്ട് വർഷമാണ് നടന്നത്. ഇതു കേൾക്കുമ്പോൾ മാരൻ കരുതുന്നത് അവരുടെ പ്രണയവിവാഹമായിരുന്നു എന്നാണ്. തന്റെ പുറകെ നടന്ന കള്ളനെക്കുറിച്ച് ആ സ്ത്രീയും കരുതിയത് അതുതന്നെയായിരുന്നു. ‘സിനിമകൾ സാറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു' എന്ന് കള്ളൻ തിരുത്തുന്നു - ഒരു പെണ്ണിന്റെ പുറകെ നടന്നത് പ്രണയം കൊണ്ടാകണം എന്നില്ല, അവളുടെ സ്വർണ്ണമാല പൊട്ടിക്കാനുമാകാം.
മാരനിൽ പല മനുഷ്യരുടെ പല കഥകളിൽ ഒരോന്നുമാത്രമാണ് മാരന്റെയും പാറുവിന്റെയും കഥകൾ. ഓരോരുത്തരും അവരുടെ പൂർണതയെ തിരയുന്നവരാണ്. ഓരോരുത്തരും അതിലേക്കുള്ള യാത്രയിലാണ്. അവരെയെല്ലാം ഒരു നിമിഷത്തേക്ക് തമ്മിലിണക്കിയ ഒരു പ്രണയകഥയുണ്ട്
2015 ൽ പുറത്തിറങ്ങിയ ചാർലി (കഥ - ഉണ്ണി. ആർ. സംവിധാനം മാർട്ടിൻ പ്രക്കാട്ട് ) മലയാളത്തിൽ ഏറെ ആഘോഷിക്കപ്പെട്ട സിനിമയായിരുന്നു. മാജിക്കൽ റിയലിസത്തിന്റെ വകുപ്പിൽ പെടുന്നതാണ് ഇതിലെ കഥാസന്ദർഭങ്ങൾ എന്ന ധാരണയാലാകാം തിരക്കഥയിലെ പൊരുത്തമില്ലായ്മകളും തുടർച്ചയില്ലായ്മകളുമൊന്നും വിമർശിക്കപ്പെട്ടിട്ടില്ല. എന്നാൽ 2021 ജനുവരിയിൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ മാരാ കഥാസന്ദർഭങ്ങളുടെ തുടർച്ച , പൊരുത്തം എന്നിവയാൽ അതിശയിപ്പിക്കുന്ന നിർമ്മിതിയാണ്. ഇവിടെ മാജിക് പ്രവർത്തിക്കുന്നത് ദൃശ്യഭംഗികളായാണ്. കാലത്തിന്റെ മാന്ത്രികതകളിൽ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നത് സ്‌നേഹമാണ്.
അമാനുഷികനല്ലാത്ത മാരൻ
പാർവതി എന്ന പാറു (ശ്രദ്ധ ശ്രീനാഥ് ) മാരനിലേക്ക് എത്തിപ്പെടുന്നത് (മാധവൻ) കാലം അവളുടെ കൈകളിലേൽപ്പിച്ച പ്രണയത്തിന്റെ വാഹകയായാണ്. കുട്ടിക്കാലത്ത് ബസ് യാത്രക്കിടെ കണ്ടുമുട്ടിയ ഒരു സിസ്റ്റർ പറഞ്ഞുകൊടുത്ത മാന്ത്രികകഥയാണ് അവളെ അവനിലെത്തിച്ചത്. അതേ കഥയുടെ അങ്ങേയറ്റത്തൊരു ട്രെയിനിൽ പ്രണയാതുരനായ ഒരു പോസ്റ്റുമാൻ ഉണ്ട്.
അയാളിൽ നിന്നും കേൾക്കാനിടയായ പ്രണയകഥയാണ് മാരനെന്ന അനാഥബാലനെ അസ്വസ്ഥമായ അന്വേഷണങ്ങളിലേയ്ക്ക് തുറന്നുവിട്ടത്. സ്ഥലകാലങ്ങളുടെ ഒരു ബിന്ദുവിൽ സമാന്തരമായി കടന്നുപോയ രണ്ടു വാഹനങ്ങളിൽ അസാധാരണമായ ഈ കഥയാൽ കോർത്തിണക്കപ്പെട്ട നാലുപേർ. അവർക്ക് സ്ഥലകാലങ്ങളുടെ മറ്റൊരു ഭൂപടത്തിൽ വെച്ച് കണ്ടുമുട്ടിയേ മതിയാകൂ.
പ്രണയനിയോഗങ്ങളുടെ ഇത്തരമൊരു അന്വേഷണം ചാർലിയിൽ നമുക്ക് കാണാനാവില്ല. അവിടെ ഓരോരുത്തരുടെ കഥകളും പലതായി പിരിഞ്ഞുകിടക്കുകയാണ്. അതിലേക്കെല്ലാം ഇടിച്ചുകയറിച്ചെല്ലുന്നത് വലിയൊരു കാര്യമായി സ്വയം കരുതുന്ന ഒരു നായകൻ മാത്രമാണ് ചാർലി, അയാളുടെ നാർസിസിസ്റ്റ് ബോധങ്ങൾക്കു ചുറ്റും അതിനെ തൃപ്തിപ്പെടുത്തിക്കൊണ്ട് കറങ്ങുന്നവരാണ് ഇതരകഥാപാത്രങ്ങൾ. മാരായിൽ പല മനുഷ്യരുടെ പല കഥകളിൽ ഒരോന്നുമാത്രമാണ് മാരന്റെയും പാറുവിന്റെയും കഥകൾ. ഓരോരുത്തരും അവരുടെ പൂർണതയെ തിരയുന്നവരാണ്. ഓരോരുത്തരും അതിലേക്കുള്ള യാത്രയിലാണ്. അവരെയെല്ലാം ഒരു നിമിഷത്തേക്ക് തമ്മിലിണക്കിയ ഒരു പ്രണയകഥയുണ്ട് - മീനിനുള്ളിൽ തന്റെ പ്രാണനെ സൂക്ഷിച്ചുവെച്ച പട്ടാളക്കാരന്റെ കഥ - വലിയൊരു വെള്ളപ്പൊക്കത്തിൽ ഏഴു കടലുകൾക്കപ്പുറത്തേക്ക് മീൻ ഒഴുകിപ്പോകുന്നു. പ്രാണനില്ലാത്തതിനാൽ ജീവിക്കാനാകാതെ, ഒന്നു മരിക്കാൻ പോലുമാകാതെ പട്ടാളക്കാരൻ തന്റെ മീനിനെത്തേടി സമുദ്രങ്ങൾ താണ്ടിയലയുന്നു. ഒടുവിൽ അവരുടെ പ്രാണനാദം തന്നെയായ ശംഖൊലിയിലൂടെ അവർ തിരിച്ചറിയുകയും കണ്ടുമുട്ടുകയും ചെയ്യുന്നു.
മാരൻ ചാർലിയെപ്പോലെ അമാനുഷികനല്ല. കുടവയറുള്ള, തലമുടി നരച്ച, വളർത്തച്ഛന്റെ പ്രിയതമയെ കണ്ടെത്തുന്നതിൽ പരാജിതനായ, മനുഷ്യരെ ഇടിച്ചു തോൽപ്പിക്കാനാകാത്തതിനാൽ തേപ്പുപെട്ടികൊണ്ട് പൊള്ളലേൽപ്പിക്കുന്ന, മരക്കൊമ്പുകളിൽ നിന്ന് താഴെയ്ക്ക് മറിഞ്ഞുവീഴുന്ന, കാലുകൾ ഭൂമിയിൽ കുത്തിനടക്കുന്ന ഏറെയും തളർന്നുതുടങ്ങിയ ഒരുവനാണ് അയാൾ. മരണമുഖത്തുനിന്ന് അയാൾ ആരെയും രക്ഷിക്കുന്നില്ല. (ഡോ. കനിയുടെ കഥ) ആരുടെ ജീവിതത്തിലും ഇടിച്ചുകയറിച്ചെന്ന് സർപ്രൈസ് കൊടുക്കുന്നില്ല. ഡിപ്രഷനിൽ കഴിയുന്നവരോട് മീശപ്പുലിമലയിൽ മഞ്ഞുവീഴുന്നത് കാണാൻ പോകൂവെന്ന ടോക്‌സിക് പോസിറ്റിവിറ്റി ഉദ്‌ഘോഷിക്കുന്നില്ല.
പാറു ടെസ്സയെപ്പോലെ ലക്ഷ്യമില്ലാതെ അലയുന്ന സമ്പന്നയല്ല. സ്വന്തം തൊഴിലിനായി യാത്ര ചെയ്യുന്ന, വീട്ടുകാരോട് നിരന്തരം ബന്ധപ്പെടേണ്ടിവരുന്ന, സാധാരണ വസ്ത്രങ്ങൾ ധരിക്കുന്ന, പ്രണയതീവ്രതകളിൽ കരയുന്ന സ്ത്രീയാണ്. എങ്കിലും വിജയിയായ പുരുഷനെ കാണാൻ തൃശ്ശൂർ പൂരത്തിന് പോകുന്ന ടെസ്സയെക്കാൾ, വർഷങ്ങൾക്കപ്പുറം പരസ്പരം നഷ്ടപ്പെട്ട വല്ലയ്യയെയും സിസ്റ്റർ മേരി എന്ന മീനാക്ഷിയേയും തമ്മിലടുപ്പിച്ച് ഒറ്റയ്‌ക്കൊരിടത്ത് മാറിനിൽക്കുന്ന പാറുവിനെക്കാണാൻ നടന്നുവരുന്ന മാരന്റെ ദൃശ്യമാണ് എനിക്ക് കാണാനിഷ്ടമുള്ളത്. ഒരു കഥാതന്തുവിനെ എപ്രകാരം വ്യത്യസ്തവും മനോഹരവുമായി പുനഃസൃഷ്ടിക്കാമെന്നതിന് തെളിവാണ് എനിക്ക് ദിലീപ് കുമാർ സംവിധാനം ചെയ്ത മാരാ.
എന്താണ് തനിക്കു വേണ്ടതെന്ന് പാർവതിക്കറിയില്ലായിരുന്നു. വിവാഹാലോചനകൾ അവളെ അലോസരപ്പെടുത്തിയത് പട്ടാളക്കാരനെ അന്വേഷിച്ചലഞ്ഞ മീനിന്റെ പ്രണയതീവ്രത അവളുടെ മനസ്സിൽ ഉറച്ചുപോയതിനാലായിരുന്നു. മറ്റു സ്ത്രീകളോടൊത്ത് കിടക്കുമ്പോഴും മാരന് അത് ആസ്വദിക്കാനായില്ല. വാലിന് തീപിടിച്ചപോലെ അയാൾ ഒരിടത്തും ഇരിപ്പുറയ്ക്കാതെ, ആരിലും തൃപ്തനാകാതെ അലഞ്ഞത് ഒരു മീനിനുള്ളിൽ തന്റെ ആത്മാവൊളിപ്പിച്ച പട്ടാളക്കാരന്റെ കഥയിൽ അവൻ ഉറച്ചുപോയതിനാലായിരുന്നു. മറ്റൊന്നിനും അവനെ പൂർണ്ണനാക്കാനായില്ല. പാർവതിക്കു മുന്നിൽ മാത്രമേ അയാൾക്ക് ‘മണിമാരൻ' എന്ന പൂർണത കൈവരുന്നുള്ളൂ.
കുമാരസംഭവത്തിൽ കാളിദാസൻ ശിവപാർവതിമാരെക്കുറിച്ച് പറയുന്നത് ‘പരസ്പരം തപസ്സിനാൽ നേടിയവർ' എന്നാണ്. ഏകപക്ഷീയമായ പ്രണയാന്വേഷണമല്ല പാർവതിയുടേതും അവളുടെ മാരന്റേതും. എന്തിനെന്നുപോലുമറിയാത്ത അസ്വസ്ഥതകളിൽ, ആത്മാന്വേഷണങ്ങളിൽ, തപസ്സുകളിൽ പരസ്പരം നേടുന്നതാണ് അവരുടെ പ്രണയം. തുല്യദൂരം പരസ്പരം അന്വേഷിച്ചുനടന്നവർ സന്ധിക്കുമ്പോഴുണ്ടാക്കുന്ന ഭംഗി പുറകേ നടന്നവരുടെ കഥകൾക്കില്ലാതെ പോകുന്നു. കാരണം പുറകേ നടക്കുന്നത് പ്രണയത്താലാകണമെന്നില്ലല്ലോ, മാല പൊട്ടിക്കാനുമാകാമല്ലോ ▮