'ഈവൻ ദി റെയ്ൻ' സിനിമയിൽ നിന്ന്

‘മഴയെപ്പോലും’: കോർപറേറ്റുകൾക്കെതിരായ
ചെറുത്തുനിൽപ്​ സിനിമയുടെ രാഷ്​ട്രീയമാകുമ്പോൾ

ലാറ്റിനമേരിക്കയിലെ പ്രകൃതിവിഭവങ്ങളും മനുഷ്യവിഭവങ്ങളും യൂറോപ്പിലെയും അമേരിക്കയിലേയും കോർപ്പറേറ്റുകമ്പനികൾ എങ്ങനെ ഊറ്റിയെടുക്കുന്നു എന്ന്​വിശകലനം ചെയ്യുന്ന സിനിമയാണ്​ സ്‌പെയിൻകാരിയായ ഇസിയാർ ബൊലൈൻ സംവിധാനം ചെയ്​ത ഈവൻ ദി റെയ്ൻ.

ല്ലാ ജലസ്രോതസ്സുകളെയുമെന്നുവേണ്ട മഴയെപ്പോലും കോർപറേറ്റ് കമ്പനികൾ സ്വകാര്യവത്കരിക്കുകയും കിണർ കുഴിച്ചുണ്ടാക്കുന്ന കുടിവെള്ളത്തിനുപോലും 300 ശതമാനം നികുതി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനെതിരെ ബൊളീവിയയിലെ കൊച്ചബാംബയിൽ നടന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ചിത്രമാണ് ഈവൻ ദി റെയ്ൻ. ഫ്ലവേഴ്‌സ് ഫ്രം അനദർ വേൾഡ് (1999), ടേക്ക് മൈ ഐസ് ((2003), റോസാസ് വെഡ്ഡിങ്ങ് (2020), മൈസാബെൽ (2021) എന്നീ ചിത്രങ്ങളുടെ സംവിധായികയും പ്രശസ്ത നടിയും തിരക്കഥാകൃത്തുമായ സ്‌പെയിൻകാരിയായ ഇസിയാർ ബൊലൈൻ ആണ് 2010ൽ ഒരു സമകാലിക രാഷട്രീയ സാമ്പത്തിക പ്രശ്‌നത്തിന്റെ സജീവമായ ചുറ്റുപാടുകൾ ഉൾപ്പെടുത്തി സാമ്രാജ്യത്വാധിനിവേശത്തിന്റെ അന്തർഗതങ്ങൾ വിശകലനം ചെയ്യുന്ന ഈ ഫീച്ചർ ഫിലിം രചിച്ചത്.

കൊളംബസിന്റെ അധിനിവേശത്തെക്കുറിച്ച്​ സിനിമ നിർമിക്കാനെത്തിയ ഒരു സ്പാനിഷ് ചലച്ചിത്ര നിർമാണ സംഘം, 2000 ത്തിൽ ജലം സ്വകാര്യവത്കരിക്കുന്നതിനെതിരെ ബൊളീവിയയിലെ കൊച്ചബാംബയിൽ നടന്ന സമരത്തിന്റെ പോരാളികളിലൊരാളും അവിടത്തെ ഗോത്രവർഗ ജനവിഭാഗത്തിന്റെ നേതാവുമായ ഡാനിയലിനെ മുഖ്യനടനാക്കിയതിനെത്തുടർന്ന് അകപ്പെടുന്ന ഗുരുതര പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിലെ പ്രമേയം വികസിക്കുന്നത്.

ഇസിയാർ ബൊലൈൻ

കൊളംബസിന്റെ അധിനിവേശവും ലാറ്റിനമേരിക്കയിലെ ‘ചുവന്ന ഇന്ത്യക്കാർ' എന്നയാൾ വിളിച്ച ആദിമ നിവാസികളായ ജനതയെ അടിമകളാക്കി സ്‌പെയ്‌നിലെ രാജാവിന്റെയും കത്തോലിക്കാ മതത്തിന്റെയും ആധിപത്യം അവർക്കുമേൽ അടിച്ചേല്പിച്ചതും എതിർശബ്ദമുയർത്തുന്നവരെ പരസ്യമായി കുരിശിലേറ്റി ജീവനോടെ ദഹിപ്പിച്ച ക്രൂരതയുടെ ചരിത്രവുമൊക്കെയാണ് സിനിമയിലെ പ്രതിപാദ്യം. 500 വർഷം മുമ്പ് അരങ്ങേറിയ കൊളോണിയലിസത്തിന്റെ സമീപനങ്ങൾ എങ്ങനെ പുതിയ കാലത്തും തുടരുന്നു എന്ന് ചിത്രം പരിശോധിക്കുന്നു. പഴയ കൊളോണിയൽ ചൂഷണം ആധുനിക കാലത്തെ സ്വകാര്യവത്കരണവുമായി കണ്ണിചേർക്കപ്പെടുകയാണ്.

പഴയ കൊളോണിയലിസത്തെക്കുറിച്ച് സിനിമയ്ക്കുള്ളിലെ സിനിമ വാചാലമാവുമ്പോഴും ആ സിനിമാചിത്രീകരണത്തിനെത്തിയവർ ഇക്കാലത്തും അറിഞ്ഞോ അറിയാതെയോ കൊളോണിയൽ ചിന്താഗതി പേറുന്നവർ തന്നെയാണെന്ന് ചിത്രം കാട്ടിത്തരുന്നു.

ചിത്രത്തിന്റെ കഥ ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: കൊളംബസ്​ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ സെബാസ്റ്റ്യൻ നിർമാതാവായ കോസ്റ്റയോടൊപ്പം കൊച്ചബാംബയിലെത്തുന്നു. വെള്ളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പോരാട്ടം നയിക്കുന്ന ആളാണ് അവരുടെ പ്രധാന നടനായ ഡാനിയൽ. ഇത് സിനിമ ഷൂട്ടു ചെയ്യാൻ ഏറെ തടസ്സം സൃഷ്ടിക്കുന്നു. പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിന്ന് സിനിമ പൂർത്തിയാക്കാൻ സഹകരിച്ചാൽ നല്ല പ്രതിഫലം നൽകാമെന്ന് പിശുക്കനായ നിർമാതാവ് കോസ്റ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നീട് നിർമാതാവ് ശല്യക്കാരനായ ആ നടനെ ഒഴിവാക്കാൻ പറഞ്ഞിട്ടും താൻ വിഭാവനം ചെയ്യുന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനെന്നുകണ്ട് ഡാനിയലിനെ ഒഴിവാക്കാൻ സംവിധായകൻ സെബാസ്റ്റ്യൻ തയ്യാറല്ല. ഡാനിയൽ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെടുന്നു. പ്രധാന രംഗം പൂർത്തീകരിക്കാൻ കോസ്റ്റ പൊലീസിന് കൈക്കൂലി കൊടുത്ത് അയാളെ തല്ക്കാലം മോചിപ്പിക്കുന്നു. അങ്ങനെ ആ രംഗം വിജയകരമായി പൂർത്തിയാക്കുന്നു. അപ്പോൾത്തന്നെ പൊലീസ് ഡാനിയലിനെ വീണ്ടും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുന്നു. അയാളെ നാട്ടുകാർ രക്ഷപ്പെടുത്തുന്നുണ്ട്. സമരക്കാരും പൊലീസും തമ്മിലുള്ള പൊരിഞ്ഞ സംഘർഷം നാട്ടിൽ മുഴുവൻ അടിയന്തരാവസ്ഥയും മാർഗതടസ്സവും യുദ്ധസമാനമായ കെടുതികളും സൃഷ്ടിക്കുന്നു. സിനിമാനിർമാണ യൂനിറ്റിലെ അംഗങ്ങൾ സിനിമ പൂർത്തിയാക്കാൻ കാത്തുനില്ക്കാതെ ഭയപ്പെട്ട് രാജ്യം വിടാൻ തിടുക്കം കൂട്ടുന്നു. എന്നാൽ ഡാനിയലിന്റെ ഭാര്യ തെരേസ ‘കലാപത്തിനിടയിൽ ഗുരുതരമായി പരിക്കുപറ്റിയ മകൾ ബലീനയെ രക്ഷപ്പെടുത്താൻ നിങ്ങൾക്കേ കഴിയൂ' എന്നുപറഞ്ഞ് കാലു പിടിച്ച്​ നിർബന്ധിച്ചതുമൂലം നാടുവിടാതെ കോസ്റ്റ യുദ്ധം തരിപ്പണമാക്കിയ നഗരത്തിലൂടെ അവളെ തേടിപ്പിടിച്ച്​ ആശുപത്രിയിലെത്തിച്ച് അവളുടെ ജീവൻ രക്ഷിക്കുന്നു. ജനങ്ങളുടെ സമരം വിജയിക്കുന്നു. വെള്ളം സ്വകാര്യവത്കരിക്കുന്ന കോർപ്പറേറ്റ് കമ്പനിക്ക് ജനകീയ രോഷത്തിനുമുന്നിൽ കീഴടങ്ങേണ്ടിവരുന്നു. ഒടുവിൽ യാത്രയാക്കുമ്പോൾ, മകളുടെ ജീവൻ രക്ഷിച്ചതിന്റെ കൃതജ്ഞത രേഖപ്പെടുത്താൻ ഡാനിയൽ കോസ്റ്റയ്ക്ക് നൽകുന്ന വിലപ്പെട്ട സമ്മാനം ഒരു ചെറുകുപ്പിയിലാക്കിയ ‘യാക്കു' (വെള്ളം) ആണ്.

മോൺടെസിനോ എന്ന പുരോഹിതന്റെയായിരുന്നു സ്പാനിഷ് സാമ്യാജ്യത്തിനെതിരായുയർന്ന ആദ്യ ശബ്ദം എന്ന് സെബാസ്റ്റൻ പറയുന്നുണ്ട്. അപ്പോൾ ഡാനിയലിന്റെ ശബ്ദം കടന്നുവരുന്നു: ‘അവർ നമ്മുടെ കിണറുകളും തടാകങ്ങളും നമ്മുടെ തലക്കുമേൽ പെയ്യുന്ന മഴയെപ്പോലും വിറ്റുകളയുന്നു, നിയമപ്രകാരം.’

കമ്പനിയുടെ മുന്നിൽ ആൾക്കൂട്ടത്തോട് ഡാനിയൽ പറയുന്നു: ‘ആരാണ് മഴയെപ്പോലും സ്വന്തമാക്കുന്നത്? ഉടമസ്ഥർ ലണ്ടനിലോ കലിഫോർണിയയിലോ ഉള്ള ഒരു കമ്പനി.'

ബൊളീവിയയിലെ തദ്ദേശീയരായ മനുഷ്യരെ പാർശ്വവത്കരിക്കുന്നതും അവരുടെ വിഭവങ്ങൾ കവർന്നെടുക്കുന്നതും കൊളംബസിന്റെ കാലത്തുണ്ടായതിന് സമാനമായ കൊളോണിയലിസം തന്നെയാണ്. ചരിത്രപരമായ ഒരു രാഷ്ട്രീയ വിശകലനത്തിലേക്ക് സിനിമ പ്രേക്ഷകനെ നയിക്കുകയാണ്. അധിനിവേശക്കാർ ഹാത്വേ എന്ന നേതാവിനെ മറ്റ് 13 ഇന്ത്യക്കാർക്കൊപ്പം കുരിശിലേറ്റി ചുട്ടു കൊല്ലുമ്പോൾ ഭൂതകാലവും വർത്തമാനകാലവും സങ്കടകരമായി സമ്മേളിക്കുന്നു. ക്രൂരമായ ശിക്ഷയിലൂടെ മറ്റുള്ളവരെ പാഠം പഠിപ്പിക്കാൻ ഒരുമ്പെടുന്ന സ്പാനിഷ് സേനാനായകനെ ലാസ് കസാസ് എന്ന പുരോഹിതൻ, ഈ ക്രൂരത ദൈവ വിരുദ്ധമാണെന്നും അതുകൊണ്ട് പാടില്ലെന്നും പറഞ്ഞു വിലക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അയാൾക്ക് അധികാരമില്ലല്ലോ. തന്നെ തറച്ചിട്ടുളള കുരിശു കത്തിക്കാൻ ശ്രമിക്കുന്നവരോട് ഹാത്വെ പറയുന്നു: ‘നിങ്ങളെ ഞാൻ വെറുക്കുന്നു. നിങ്ങളുടെ ദൈവത്തെ വെറുക്കുന്നു. നിങ്ങളുടെ ആർത്തിയെ വെറുക്കുന്നു.’

കുരിശിലേറിയ എല്ലാവരും ഇതേറ്റു പറയുന്നു. സ്പാനിഷ് ഉത്തരവുകൾ വിഗണിച്ച് എല്ലാ ഇന്ത്യക്കാരും ഹാത്വെയുടെ പേര് ഉച്ചത്തിൽ വിളിച്ചുപറയുന്നു. പിന്നെ സിനിമ കട്ടു ചെയ്യുന്നത് വർത്തമാനകാലത്തേക്കാണ്- സീൻ ഗംഭീരമാക്കിയതിന് അഭിനേതാക്കളായ നാട്ടുകാർക്ക് നന്ദി പറയുന്ന സംവിധായകനിലേക്ക്. ഉടൻ തന്നെ ഹാത്വെയുടെ വേഷത്തിലുള്ള ഡാനിയലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു, വെള്ളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്. ഹാത്വെയായി വേഷമിട്ട ഡാനിയൽ ഭൂതവും വർത്തമാനവും തമ്മിലുള്ള സ്ഥലകാല ബന്ധങ്ങളെയും സമാനതകളെയും സംയോജിപ്പിക്കുന്നു. പിന്നെ, ആൾക്കൂട്ടം കാറ് മറിച്ചിട്ട് ഡാനിയലിനെ പോലീസ് കാരിൽ നിന്ന് മോചിപ്പിക്കുന്നുണ്ട്.

കൊളംബസിന്റെ കാലത്തെ അധിനിവേശചൂഷണത്തെക്കുറിച്ച് അപലപിക്കുന്ന സിനിമ എടുക്കുന്ന കോസ്റ്റയും ഒരർത്ഥത്തിൽ കൊച്ചബാംബയിലെ സാധുമനുഷ്യരെ ചൂഷണം ചെയ്യുക തന്നെയാണ്.

തദ്ദേശീയരുടെ മേലുള്ള ചരിത്രപരമായ ഈ ആക്രമണത്തിൽ ഇപ്പോഴും വിദേശ കോർപ്പറേറ്റ് ശക്തികൾ തന്നെയാണുള്ളത്. കൊളംബസിന്റെ കാലത്ത് മാത്രമല്ല ഇപ്പോഴും അവർ നാട്ടുകാരുടെ കുടിവെള്ളത്തിന് നികുതി ചുമത്തിയും മറ്റും ചൂഷണം നിർബാധം തുടരുക തന്നെയാണ് എന്ന് ഈ സിനിമ അടിവരയിട്ട് സമർത്ഥിച്ചുകൊണ്ടേയിരിക്കുന്നു. കൊളംബസിന്റെ കാലത്തെ അധിനിവേശചൂഷണത്തെക്കുറിച്ച് അപലപിക്കുന്ന സിനിമ എടുക്കുന്ന കോസ്റ്റയും ഒരർത്ഥത്തിൽ കൊച്ചബാംബയിലെ സാധുമനുഷ്യരെ ചൂഷണം ചെയ്യുക തന്നെയാണ്. ദിവസം വെറും രണ്ടു ഡോളർ കൊടുത്താൽ എക്‌സ്ട്രാകളായി അഭിനയിക്കുവാൻ ബൊളീവിയയിൽ ഇഷ്ടംപോലെ ആളെ കിട്ടുമെന്നും ചുരുങ്ങിയ ചെലവിൽ അങ്ങനെ സിനിമ പൂർത്തിയാക്കാമെന്നുമുള്ള അറിവാണ് സ്‌പെയിനിലെ ചലച്ചിത്രനിർമാതാവ് കോസ്റ്റ ഇവിടെ വരാൻ പ്രേരകമായത്. കോസ്റ്റയുടെ പെരുമാറ്റം ചരിത്രപരമായ ഈ അനീതിയുടെ ആവർത്തനമാണെന്ന് തനിക്കറിയാമെന്ന് ഡാനിയൽ സൂചിപ്പിക്കുന്നുണ്ട്. ചൂഷകനും ചൂഷിതനും തമ്മിൽ ഒരു തരം പൊരുത്തപ്പെടലും നമ്മുടെ കാലത്ത് നടക്കുന്നതും സൂചിപ്പിക്കപ്പെടുന്നു.

നിയോലിബറൽ മുതലാളിത്തവും അതിന്റെ സ്വതന്ത്രകമ്പോള വായ്ത്താരികളും ദീർഘകാലമായി നിലനില്ക്കുന്ന സാമൂഹിക ചൂഷണ വ്യവസ്ഥകളെ പിന്തുണയ്ക്കുന്നവയാണ്. എങ്കിൽപ്പോലും ജലസ്വകാര്യവത്കരണം നടത്തുന്ന ബെക്റ്റൽ കോർപ്പറേഷന്നും അതിനുള്ള സർക്കാർ പ്രോത്സാഹനത്തിനുമെതിരെ 2000 ത്തിൽ കൊച്ചബാംബയിലെ ജനങ്ങൾക്ക് വിജയം നേടാൻ കഴിഞ്ഞു എന്നത് നിസ്സാര കാര്യമല്ല. ‘ബൊളീവിയക്കുപുറത്ത് ആർക്കുമറിയാത്ത ഒരു കൊച്ചു നഗരത്തിലെ എളിയവരായ നാട്ടുകാർക്ക് ഏറ്റവും ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് കമ്പനികളുടെയും അടിസ്ഥാന നയം തിരുത്തിക്കാൻ കഴിഞ്ഞു എന്നതിന്റെ മാറ്റൊലി ലോകത്ത് മറ്റിടങ്ങളിലുണ്ടാവും' എന്നൊരു നേതാവ് പറയുകയുണ്ടായി.

ഒരു വശത്ത് കൊളംബസ് വീരനായകനായിരുന്നു എന്നൊക്കെയുള്ള കള്ളക്കഥകളെയും മറുവശത്ത് നിയോലിബറൽ യുക്തിയുടെ പൊള്ളത്തരങ്ങളെയും ഈ സിനിമ ചോദ്യം ചെയ്യുന്നു. സ്വകാര്യവത്കരണമല്ലാതെ ഇനി പോംവഴിയില്ലെന്ന് മൂലധനത്തിന്റെ ആഗോളവത്കരണത്തെക്കുറിച്ച് ആവേശം കൊള്ളുന്ന രാഷ്ട്രനായകരും കോർപ്പറേറ്റുകളും കൊട്ടിഘോഷിക്കുമ്പോൾ ജനകീയ ചെറുത്തുനില്പിലൂടെ മുതലാളിത്തത്തെ വെല്ലുവിളിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും കഴിയുമെന്നും ചിത്രം പ്രേക്ഷകരെ ഓർമിപ്പിക്കുന്നു.

കൊളോണിയലിസം ഇന്ന് നിയോലിബറലിസമായി മാറിയിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ പ്രകൃതിവിഭവങ്ങളേയും മനുഷ്യവിഭവങ്ങളേയും യൂറോപ്പിലെയും അമേരിക്കയിലേയും കോർപ്പറേറ്റുകമ്പനികൾ എങ്ങിനെ ഊറ്റിയെടുക്കുന്നു എന്നത് ചിത്രം വിശകലനം ചെയ്യുന്നു. കർഷകർ സ്വന്തം കൈ കൊണ്ട് കുഴിച്ചുണ്ടാക്കിയ കിണറുകൾ അധികൃതർ കമ്പനികൾക്ക് വിറ്റ്, കമ്പനികൾ അവയിലുള്ള വെള്ളം വലിയ വിലക്ക് നാട്ടുകാർക്ക് തന്നെ വില്ക്കാൻ ശ്രമിച്ചത് കുറെ കടന്ന കൈയായിരുന്നു. നാട്ടുകാർ മഴവെള്ളം സംഭരിക്കുന്നതുപോലും കോർപ്പറേറ്റുകൾക്ക് കൂടുതൽ ലാഭമുണ്ടാക്കാൻ വേണ്ടി തടയുവാൻ ശ്രമിച്ചതു കൊണ്ടാണ് പെട്ടെന്ന് അതിനെതിരെ ഇത്ര ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വന്നത്.

കുട്ടികളെ അമ്മമാർ വെള്ളത്തിൽ മുക്കിക്കൊന്ന, പഴയ അധിനിവേശകാലത്ത് നടന്ന ഒരു സംഭവം ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അപരിഷ്‌കൃതരെന്ന് ആധുനികർ വിവരിക്കുന്ന കൊച്ചബാംബയിലെ സ്ത്രീകൾ ശക്തമായി എതിർത്ത് അതുമായി സഹകരിക്കാതെ പിന്മാറുന്ന ഒരു രംഗമുണ്ട്.

പ്രക്ഷോഭത്തിന്റെ മാനുഷികവശം എടുത്തുകാട്ടുകയും കല, അത് എത്ര തന്നെ സദുദ്ദേശ്യപരമെങ്കിലും, പ്രക്ഷോഭത്തിനുപകരമാവില്ലെന്ന് പ്രസ്താവിക്കുകയും ചെയ്യുന്ന അപൂർവമായ ഒരു ചിത്രമാണ് ഈവൻ ദി റെയ്ൻ. കുട്ടികളെ അമ്മമാർ വെള്ളത്തിൽ മുക്കിക്കൊന്ന, പഴയ അധിനിവേശകാലത്ത് നടന്ന ഒരു സംഭവം ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ അപരിഷ്‌കൃതരെന്ന് ആധുനികർ വിവരിക്കുന്ന കൊച്ചബാംബയിലെ സ്ത്രീകൾ ശക്തമായി എതിർത്ത് അതുമായി സഹകരിക്കാതെ പിന്മാറുന്ന ഒരു രംഗമുണ്ട്. ബൊമ്മകളെ മുക്കുക മാത്രമേ വേണ്ടതുള്ളൂ എന്ന് ഡയറക്റ്റർ പറഞ്ഞിട്ടും അത്തരമൊരു ഹീനകൃത്യം തങ്ങൾ ചെയ്യില്ല എന്നവർ ശഠിക്കുന്നു. അമ്പരന്ന സെബാസ്റ്റ്യനോട് ഡാനിയൽ അപ്പോൾ പറയുന്നുണ്ട്: ‘ചില കാര്യങ്ങൾ നിങ്ങളുടെ സിനിമയെക്കാൾ ഏറെ പ്രധാനപ്പെട്ടതാണ്.'
ഇത് കലയുടെ സന്ദർഭത്തിൽ ജീവിതത്തെക്കുറിച്ച് ഏറെ ഉൾക്കാഴ്ച നൽകുന്ന ഒരു പ്രസ്താവമാണ്.

പഴയ കൊളോണിയലിസത്തെക്കുറിച്ച് സിനിമയ്ക്കുള്ളിലെ സിനിമ വാചാലമാവുമ്പോഴും ആ സിനിമാചിത്രീകരണത്തിനെത്തിയവർ ഇക്കാലത്തും അറിഞ്ഞോ അറിയാതെയോ കൊളോണിയൽ ചിന്താഗതി പേറുന്നവർ തന്നെയാണെന്ന് ചിത്രം കാട്ടിത്തരുന്നു. കൊളോണിയൽ മനോഭാവത്തിന്റെ സമകാലിക പ്രഭാവം ചരിത്രപരമായും രാഷ്ട്രീയമായും വിശകലനം ചെയ്യുകയും ലാറ്റിനമേരിക്കയിലെ ഒരു ദരിദ്രരാജ്യത്തിലെ ജനങ്ങൾ ചൂഷണത്തിനെതിരെ നടത്തിയ ചെറുത്തുനില്പിന്റെ വിജയം ഉദ്ഘോ​ഷിക്കുകയും ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ആസ്വാദ്യമായ ശൈലിയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അത് ചിത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments