ആലുവയിലെ ആ പൊലീസ് സ്റ്റേഷനും ചുരുളിയും തമ്മിൽ

Truecopy Webzine

ളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥ ഒരു കാലത്ത് നടന്നൊരു സംഭവമായിരുന്നുവെങ്കിൽ, ലിജോ ജോസ് പെല്ലിശ്ശേരിയും എസ്.ഹരീഷും കൂടി അതിനെ സകലകാലങ്ങളിലുമുള്ള അതിന്റെ സാധ്യതകളിലേക്ക്, വീണ്ടും വീണ്ടം ആവർത്തിക്കുന്ന മനുഷ്യാവസ്ഥയാക്കി മാറ്റി എന്നതാണ് സിനിമയിലെ മാറ്റം എന്ന് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ്. ഈ അടുത്ത കാലത്ത് പൊലീസുകാർ ക്രിമിനലുകളായി മാറുന്ന ഒത്തിരി സന്ദർഭങ്ങൾ നമുക്ക് കാണാൻ പറ്റും. അത് ഈ ഒരു കാലത്ത് മാത്രമല്ല, എല്ലാ കാലഘട്ടത്തിലും അങ്ങനെയാണ്. മനുഷ്യർ തന്നെയാണല്ലോ പൊലീസുകാരും. ഈ മനുഷ്യാവസ്ഥ- കുറ്റം ചെയ്യാനുള്ള മനുഷ്യന്റെ വാസന, ആ കുറ്റവാളികളുടെ ജീവിതം ആസ്വദിക്കാനുള്ള മനുഷ്യന്റെ വാസന- അതിന് അറുതിയുണ്ടാവില്ല. ട്രൂകോപ്പി വെബ്‌സീന് (പാക്കറ്റ് 53) നൽകിയ അഭിമുഖത്തിൽ വിനോയ് തോമസ് പറഞ്ഞു.

ഇന്നയിന്ന വാക്കുകൾ തെറി, ഇന്ന വാക്കുകൾ നല്ലത് എന്ന് നമുക്ക് നിർവചിക്കാനാവില്ല. അത് ഏത് സന്ദർഭത്തിൽ പറയുന്നു എന്നുള്ളതാണ്. ചില വാക്കുകൾ തെറി, ചില വാക്കുകൾ നല്ലത് എന്ന രീതിയിൽ മാറ്റിനിർത്തിയല്ല നമ്മൾ വാക്കുകളെ പരിചരിക്കേണ്ടത്. ഏത് 'തെറി'യും ചില സന്ദർഭങ്ങളിൽ 'നല്ല' വാക്കുകളായി മാറും. ഏത് 'നല്ല' വാക്കും ചിലപ്പോൾ 'തെറി'യായി മാറുകയും ചെയ്യും. ജീവിക്കുന്ന ഭാഷയുടെ ലക്ഷണമാണത്.

കുറ്റവാളി എന്ന നിലയിലും നിയമപാലകൻ എന്ന നിലയിലുമുള്ള മനുഷ്യാവസ്ഥകളെ എങ്ങനെ താരതമ്യം ചെയ്യാം എന്നതായിരുന്നു എന്റെ ആലോചനാവിഷയം. ഒരാൾ എങ്ങനെ കുറ്റവാളിയാകുന്നു എന്നതും ഒരാൾ എങ്ങനെ നിയമപാലകനാകുന്നു എന്നതും ആപേക്ഷികമായ കാര്യങ്ങളാണ്. പലപ്പോഴും ഇങ്ങനെ ആലോചിക്കുമ്പോൾ നമ്മുടെ നിയമവ്യവസ്ഥ തന്നെ ഒരു ഫിക്ഷൻ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം, ഒരു സ്ഥലത്ത് നമ്മൾ ചെല്ലുമ്പോൾ; ഇപ്പോൾ എന്റെ വീട്ടിലും എന്റെ കൂട്ടുകാരുടെ അടുത്തുമൊക്കെ എനിക്ക് അത്യാവശ്യം തെറി പറയാം. പക്ഷേ ഞാൻ പഠിപ്പിക്കുന്ന ക്ലാസ് റൂമിൽ, എന്റെ കുട്ടികളുടെ മുമ്പിൽ ഞാൻ തെറി പറഞ്ഞാൽ അതൊരു കുറ്റകൃത്യമായി മാറുന്നു.

ചില അഭിപ്രായ പ്രകടനങ്ങൾ പോലും ചില സ്ഥലങ്ങളിൽ അനുവദനീയമാണ്, മറ്റു ചിലയിടത്ത് അത് കുറ്റകൃത്യമാണ്. ഒരു രാജ്യത്ത് അനുവദനീയമായ കാര്യം മറ്റൊരു രാജ്യത്ത് കുറ്റകൃത്യമാണ്. അതുപോലെ ഒരു കാലത്ത് കുറ്റകൃത്യമായി കണക്കാക്കപ്പെട്ടിരുന്ന കാര്യം മറ്റൊരു കാലത്ത് അനുവദനീയമായി മാറുന്നു. അപ്പോൾ ഇത്, ഈ കുറ്റം എന്നു പറയുന്നത് തന്നെ ആപേക്ഷികമാണ്. ഈ കാര്യമാണ് കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയിലും, ഇപ്പോൾ ചുരുളി എന്ന സിനിമയിലും പറയാൻ ശ്രമിച്ചിട്ടുള്ളത്.

Comments