"മൊണാലിസയെ വരയ്ക്കാൻ കലാകാരൻ മോഡലാക്കിയ ലിസ ദെൽ ജിയോകൊണ്ഡോ അല്ലേ അസൽ? അഥവാ ലിയനാർദോയുടെ മനസ്സിലെ സങ്കല്പമല്ലേ ഒറിജിനൽ? മൊണാലിസ ചിത്രം അതിന്റെ പകർപ്പ് മാത്രമല്ലേ?" ജയിംസ് മില്ലർ എന്ന ഇംഗ്ലീഷ് നോവലിസ്റ്റ് പേരില്ലാത്ത തന്റെ പെൺ കൂട്ടുകാരിയോട് ചോദിക്കുന്നു. പാരീസിലെ ലൂവ്ര് മ്യൂസിയത്തിലിരിക്കുന്ന ലിസയെ മാത്രം അസലായും ലോകത്ത് മറ്റെവിടെയുമുള്ള മൊണാലിസയുടെ അച്ചടിപ്പകർപ്പുകളെയും വരപ്പകർപ്പുകളെയും പകർപ്പായും കാണുന്നത് നീതിയാണോ? 'സേർട്ടിഫൈഡ് കോപ്പി' എന്ന തന്റെ ഇംഗ്ലീഷ് നോവലിന്റെ ഇറ്റാലിയൻ പരിഭാഷയുടെ പ്രകാശനച്ചടങ്ങിന് ഇറ്റലിയിലെ അരെസോയിലെത്തിയതാണ് മില്ലർ. അബ്ബാസ് കിയരോസ്തമിയുടെ 'സേർട്ടിഫൈഡ് കോപ്പി' എന്ന സിനിമയിലെ കഥാപാത്രമാണ് ജയിംസ് മില്ലർ (William Shimell). കിയരോസ്തമിയെ ഇറാനിയൻ സംവിധായകൻ എന്ന് പറയാൻ കഴിയുമോ? ഇറാനിൽ തുടങ്ങിയ കിയരോസ്തമി, പലദേശ മനസ്സുകളിൽ കയറിയിറങ്ങി ഉള്ളടുപ്പം കൊണ്ട് ഏവരുമായി മാറി. ഏവരുടെയും വേദനയും ചിന്തയുമേന്തി വരുന്ന ലാവണ്യമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. സേർട്ടിഫൈഡ് കോപ്പിയിൽ യൂറോപ്യൻ കഥാപാത്രങ്ങൾ യൂറോപ്യൻ സംസ്കൃതിയിൽ സംസാരിക്കുന്നു. സംവിധായകൻ അസൽ ഇറാനിയൻ സംവിധായകനാണോ എന്ന് കിയരോസ്തമിയോട് ആരായാവുന്ന കഥാപാത്രങ്ങൾക്കുള്ള മറുപടിയുമാകാം ഈ സിനിമ.
ഇറ്റാലിയൻ പരിഭാഷ സ്വയം അവതരിപ്പിക്കുമ്പോൾ പരിഭാഷകനോടുള്ള സ്നേഹം മില്ലർ പറയുന്നത് തന്റെ സിദ്ധാന്തത്തിൽ ചാഞ്ഞു നിന്നാണ്. "അടുത്ത പുസ്തകം താങ്കളെഴുതൂ. ഞാൻ പരിഭാഷ ചെയ്യാം". തന്റെ അസൽ ഒന്നാംകിടയും പരിഭാഷ രണ്ടാംകിടയുമെന്ന പൊതുബോധത്തെ മില്ലർ കെണിയിലാക്കുന്നു. ഒന്നുകിൽ എല്ലാം ഒറിജിനൽ/ സർഗാത്മകം അല്ലെങ്കിൽ എല്ലാം പകർപ്പുകൾ.
ആകെ ഒരു പൂർവ്വാഹ്നം മുതൽ രാത്രി എട്ടുമണിവരെ ജയിംസ് മില്ലറും അവളും (Juliette Binoche) ഉടലായ സിനിമ. ഒന്നേമുക്കാൽ ചിത്രമണിക്കൂറിൽ അവരിടത്തിൽ നിന്ന് ക്യാമറ പുറത്തിറങ്ങുന്നില്ല. ശരിസമയത്ത് തന്നെ ചലച്ചിത്രം മുഴുവൻ നടക്കുന്നു. ഉച്ചയോടെ അന്നാദ്യമായി കാണുന്ന അവർ പതിനഞ്ചു വർഷം മുമ്പ് വിവാഹിതരാകുന്നു. വാചകത്തിന്റെ വ്യാകരണം പോയതല്ല. അതാണ് കിയരോസ്തമിയുടെ സിനിമ. റസ്റ്ററന്റിലെ പാചകക്കാരി മില്ലറെ അവളുടെ ഭർത്താവെന്ന് ധരിക്കുന്നു. സംഭാഷണത്തിന്റെ കൗതുകത്തിന് അവളത് തിരുത്താതെ ഭർത്താക്കന്മാരെയും ഭാര്യമാരെയും കുറിച്ച് ആ സ്ത്രീയോട് ആകുലയാകുന്നു. മില്ലർ ഫോൺ കോൾ കഴിഞ്ഞു സോറിയുമായി വരുമ്പോൾ പാചകക്കാരി തെറ്റിദ്ധരിച്ചത് അവൾ പറയുന്നു. അയാൾക്കും അവൾക്കും അത് രസമായി. അതിവേഗം അവൾ പതിനഞ്ചു വർഷം മുമ്പ് വിവാഹിതയായി. അനന്തര പാതിസിനിമയിൽ മില്ലർ സന്ദേഹവും വിവാഹവും മാറിമാറി കഴിക്കുന്നു. ലക്ഷണമിണങ്ങിയ ബുദ്ധിജീവിയായ മില്ലർ സ്വാഭാവികമായും സന്ദേഹിയാണ്.
മില്ലറുടെ അഭിമതത്തിൽ അസൽ എന്നൊന്നില്ല. കലാചിന്തകൻ കൂടിയായ അയാളോട് അക്കാര്യത്തിൽ യോജിക്കാത്ത പുരാവസ്തു, ശില്പ, ചിത്ര വ്യാപാരിയാണവൾ. അസലും പകർപ്പും രണ്ടായി മൂല്യപ്പെടുത്തി വിൽക്കലാണ് അവളുടെ തൊഴിൽ. പക്ഷേ വിവാഹ കല്പന അത്യാവശ്യമായിരുന്ന ഒരുടയാട പോലെയവൾ ഉടനടിയണിയുന്നു. മകനെ നേരിടാൻ അവൾക്കൊരു ഭർത്താവ് സഹായമായേക്കും. അധികോത്സാഹ ഭിന്നശേഷിയുള്ള കുട്ടിയാണ് അവളുടെ മകൻ എന്ന് തോന്നുന്നു. മകനുമായി നേരിലും ഫോണിലുമവൾ പലവുരു വലിഞ്ഞു മുറുകുന്നു. അവൾക്കത് പങ്കുവയ്ക്കാനെങ്കിലും ഒരാൾ വേണം. ജയിംസ് മില്ലർ ഉചിതനാണ്. അവർക്കങ്ങോട്ടുമിങ്ങോട്ടും നേരിയ ആരാധനയും ആകർഷണവുമുണ്ട്.
മില്ലർ കുറച്ചു കാലം ഇറ്റലിയിലെ കലാനഗരമായ ഫ്ലോറൻസിൽ തങ്ങിയിട്ടുണ്ട്. അവളും ഫ്ലോറൻസിലുണ്ടായിരുന്നു. അവിടെ ഒരമ്മയും കുട്ടിയും തമ്മിലുള്ള കുസൃതികളും കുട്ടി വഴക്കുകളും തെരുവിൽ പല ഭാഗത്ത് നിന്ന് മില്ലർ തമാശയോടെയും ആശങ്കയോടെയും നോക്കുമായിരുന്നു. ഈ കഥ അവളെയും കുട്ടിയെയും പറ്റിയാണെന്ന് കരുതി അവളുടെ കണ്ണുകൾ തുളുമ്പിയൊഴുകുന്നു. അവിടം മുതൽ 'തങ്ങളുടെ' മകന്റെ കാര്യത്തിൽ മില്ലർ ഉത്തരവാദിത്വം കാട്ടാത്തതിൽ അവൾ കൂടുതൽ ദേഷ്യപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച കുട്ടിയുടെ പിറന്നാളിന് അയാളവനെയൊന്ന് വിളിച്ചു കൂടിയില്ല എന്നവൾ പാചകക്കാരിയോട് നേരത്തെ പരിഭവിക്കുകയും പിന്നീട് രോഷവതിയാവുകയും ചെയ്യുന്നുണ്ട്. ഫ്ലോറൻസിലെ അമ്മയും കുട്ടിയുമാണോ നമ്മുടെ നായികയെയും മകനെയും മില്ലറുടെ ഭാവനയിൽ എത്തിച്ചത്? അതോ ഇവരാണോ ഫ്ലോറൻസിലെ അമ്മയുടെയും കുട്ടിയുടെയും അസൽ?
അവൾക്ക് ഒരു പേരു പോലും ഇല്ലാത്തപ്പോൾ ഒറിജിനൽ ആവണമെന്നില്ല. അവൾ മില്ലറുടെ ഭാവനയാവാം. മറിച്ച് അവൾ യഥാർത്ഥവും ജയിംസ് മില്ലർ അവളുടെ സങ്കല്പ പങ്കാളിയുമാവാം. ഭാവന ആരുടേതായാലും ഇരു ഭാവനകളും അവരവരെ വൈകാരികമായി പരാജയപ്പെടുത്തുന്നുണ്ട്. അപരാഹ്നത്തിൽ അവർ പത്നിയും പതിയുമാവും മുമ്പ് അവളുടെ കാറിൽ ഡ്രൈവിനിറങ്ങുമ്പോഴും അതിനു മുമ്പും ഓരോ നോട്ടത്തിലും ചലനത്തിലും ഇഷ്ടതരംഗങ്ങൾ കാണാമായിരുന്നു. ജയിംസ് പറഞ്ഞതുപോലെ നനുത്ത് തെളിഞ്ഞ ഒരു യൂറോപ്യൻ പകൽനേരം അവരിൽ ഉണ്ടായിരുന്നു. വീക്ഷണങ്ങളിലെ ഭിന്നതയിൽ പരസ്പരമവർ കൗതുകപ്പെടുകയായിരുന്നു. നമ്മളെ മറച്ച് പ്രേമലക്ഷണങ്ങൾ കൈമാറുന്നു എന്നുപോലും തോന്നിച്ചു. വിവാഹ കല്പിതരായതോടെ ഭിന്നതകൾ വേഗം വഴക്കുകളാവുന്നു. അന്യോന്യം മനസ്സിനു പുറത്തിരുത്തുന്നു. നമ്മൾ തന്നെ കല്പിച്ചെടുത്ത പങ്കാളി നമ്മളോടെതിരിടുന്നു. നാമോരുത്തരും അവളവൾ കടമ്പയായി നമ്മെത്തന്നെ തോല്പിക്കുന്നു എന്ന ഭാവനയിലേക്കും 'സേർട്ടിഫൈഡ് കോപ്പി' നമ്മളെ ആനയിക്കുന്നു. അനുരാഗം എന്ന അസലും വിവാഹം എന്ന പകർപ്പും ഇവിടെ ഏറ്റുമുട്ടുന്നുവോ? ഭാവനയിലെ ഒറിജിനലും കൺമുന്നിലെ പകർപ്പും തമ്മിൽ ചേരാതാവുന്നോ?
ശബ്ദധാരയും ദൃശ്യങ്ങളുമായി നേരിട്ടു ബന്ധമില്ലാതിരിക്കുകയും രണ്ടും രണ്ടുവഴിക്ക് ചിത്രഗാത്രത്തിൽ സംഗതമാവുകയും തമ്മിൽ ചേരുമ്പോൾ പുതിയ അനുഭവമുണ്ടാക്കുകയും ചെയ്യുക കിയരോസ്തമിയുടെ പ്രിയ സങ്കേതമാണ്. അത് ഈ സിനിമയിലും രണ്ടിടത്ത് വരുന്നു. അസലും പകർപ്പും തമ്മിലെ ഉരസലിന്റെ രസച്ചരടിൽ ഇതിനെയും അദ്ദേഹം കൊരുക്കുന്നു.
സാധാരണത്തമുള്ള എല്ലാറ്റിനോടും സഹജമായ അകൽച്ച പുലർത്തുന്ന ബുദ്ധിജീവിയുടെ പ്രതിച്ഛായ ഇവിടത്തുകാരെപ്പോലെ ജയിംസിനും വേണമെന്നു തോന്നുന്നു. മറ്റുള്ളവരുടെ മുന്നിൽ മാത്രമല്ല, തന്റെ സ്വത്വത്തെ താൻ പോലും അങ്ങനെ കാണാനാവാം മില്ലറുടെ താൽപ്പര്യം! അതേസമയം അയാളുടെ ശ്രദ്ധാബിന്ദുവാകുന്നതിൽ സ്വയം നിറയുന്ന തരം പെൺപങ്കാളിയെ അയാൾ മോഹിക്കുന്നുവോ? അയാളുമൊത്തിരിക്കുന്ന നിമിഷങ്ങളുടെ ഉത്തേജനത്തിൽ റസ്റ്ററന്റിലെ വാഷ്റൂമിൽ പോയി ധൃതിയിൽ ലിപ്സ്റ്റിക്കും കമ്മലുമിടുന്നവൾ. അയാളിൽ നിന്നുള്ള ഏത് നേർത്ത തിരസ്കാരത്തിലും പരിഭവപ്പെട്ട് ലിപ്സ്റ്റിക് തുടയ്ക്കുന്നവൾ. ഇതൊക്കെ അവൾ ചെയ്യുന്നു. മില്ലർ മനസ്സിലെഴുതുന്ന തിരനാടകമാണോ ഇവ? മില്ലർ തനിക്കും അവൾക്കും ഓരോ ഒറിജിനലും കോപ്പിയും സൂക്ഷിക്കുന്നുവോ? ഒരുപക്ഷേ അയാൾ ചിന്തിക്കുന്നത് പോലെ അസൽ മിഥ്യയായ രണ്ടു പകർപ്പുകൾ? അഭിനേതാക്കളായ ബിനോഷയെയും ഷിമെലിനെയും നമ്മൾ ഇനിയൊരു പടത്തിൽ കണ്ടാൽ അവളെന്നും ജയിംസെന്നും കരുതിപ്പോകാനിടയുള്ള വിധം കിയരോസ്തമിയുടെ കൂടെ. ഭാവനയെയും കലയെയും മറ്റൊരു വിതാനത്തിൽ നിർവചിക്കുകയാണോ കിയരോസ്തമി?
ജയിംസ് ദേഷ്യവാനാകുന്ന ഏക സന്ദർഭം തന്റെ തന്നെ സിദ്ധാന്തത്തിൽ നിന്ന് അയാൾ അകലുമ്പോഴാണ്. ഇറ്റലിയിലെ റ്റസ്കനി പ്രദേശത്തെ ചെറു നഗരത്തിലെ വീഞ്ഞിന് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഈഗോയ്ക്ക് മുമ്പിൽ നിലവാരം പോരാ. ബാർ മാനും അവൾക്കുമാകട്ടെ അവരുടെ നാട്ടിലെ വീഞ്ഞ് നല്ലതാണ്. തന്റെ നാട്ടിലെ കുലീനമായ വീഞ്ഞിനെ ഒറിജിനലായും ഇവിടുത്തെ വീഞ്ഞിനെ തരംതാണതായും കാണുന്ന മില്ലർ തന്റേതായ ഇടത്തിൽ നിന്ന് കോപിഷ്ഠനാകുന്നു. അയാൾ അവിടെ നിന്ന് വഴക്കിട്ടിറങ്ങുന്നു.
ജയിംസ് മില്ലറിനെ കാത്തിരിക്കുന്ന ഒരിണയുണ്ടോ, കുട്ടികളുണ്ടോ ഒൻപത് മണിയുടെ തീവണ്ടിയെത്തുന്നിടത്ത്? ജെ.. ജെ.. ജെ.. ജയിംസ്, നിങ്ങൾക്ക് പോകാതിരുന്നു കൂടേ എന്നവൾ ചോദിക്കുന്നു. തലയിണയിൽ പതിനഞ്ചു വർഷം മുമ്പുള്ള അയാളെ അവൾ മണക്കുന്നു. വിവാഹരാത്രിയിലെ മുറിയെന്നും കട്ടിലെന്നും അവൾ പറയുന്നു. അതിൽ കിടന്ന് തലയിണയിൽ തലോടി കണ്ണുനിറയെ പ്രേമവേദനയോടെയാണ് അവളത് ചോദിക്കുന്നത്. മമതാ ബന്ധനം തീരെയില്ലാത്ത നോട്ടങ്ങൾ മാത്രമാണ് മില്ലിന്റെ മറുപടി. ഒരുപക്ഷേ അപരിചിതത്വത്തോളമെത്തും മില്ലിന് അപ്പോഴവളോട്. മറവിരോഗമില്ലെങ്കിലും ആ മുറി അയാൾക്ക് ഓർമ്മ കിട്ടുന്നില്ല. ഒരു ജനലിന് ഇടതുവശവും മറ്റേ ജനലിനു വലതുവശവുമുള്ള ഏതോ ഓർമ്മക്കാഴ്ചയെ അവൾ കടങ്കഥ പോലെ ചോദിക്കുന്നു. മില്ലർക്ക് ഒന്നുമോർമ്മയില്ല. പക്ഷേ പതിനഞ്ചു വർഷം മുമ്പുള്ള വിവാഹം അയാൾ ഏതോ കാരണത്താൽ തള്ളുന്നില്ല. കിനാവും യാഥാർത്ഥ്യവും ഏതു നിമിഷവും കളംമാറിക്കളിക്കാമെന്നയാൾ കരുതുന്നു. അനുഭവിക്കുമ്പോൾ അസലും പകർപ്പും തമ്മിൽ ഭിന്നതയെന്ത്?
ഷോട്ട് മരവിച്ചു നിൽക്കുന്നത് കുളിമുറിയിൽ മൂത്രമൊഴിച്ചു നിൽക്കുന്ന മില്ലറുടെ മുഖം സമീപദൃശ്യമാകുന്നിടത്താണ്. സിനിമയും ഇവിടെ നിൽക്കുന്നു. മില്ലർമുഖത്തിനു പിന്നിൽ ചെറുജനലിലൂടെ ദൂരെ നഗരനാഴികമണി പെൻഡുലമാടലിനൊപ്പം എട്ടുതവണ ഉറക്കെ മുട്ടി മുഴങ്ങുന്നു. സ്വപ്നത്തിലെ എട്ടുമണിയോ നാട്ടിലെ എട്ടുമണിയോ? കിനാവിലായാലും നേരിലായാലും കാണുന്നത് മനസ്സിലാണല്ലോ. കാണുന്നിടത്തും കേൾക്കുന്നിടത്തുമല്ല മനസ്സെങ്കിൽ നേരിട്ടു കാണുമ്പോഴും കേൾക്കുമ്പോഴും കാണുന്നില്ല, കേൾക്കുന്നില്ല. മനസ്സിലോ സിനിമയിലോ കാണുമ്പോൾ നേരിൽ കാണുമ്പോഴുള്ളത് മുഴുവൻ ഉണ്ട് താനും. നേരിലായാലും സ്വപ്നത്തിലായാലും ഒരൊടുക്കമുണ്ട്. ഒൻപത് മണിയുടെ വണ്ടിക്ക് അയാൾക്ക് പോകണം.