Red Sea International Film Festival: രൺവീർ സിങ്ങിനെയും ദീപിക പദുക്കോണിനെയും ഹൃദയത്തിലേറ്റുന്ന സൗദി യുവതലമുറ

സിനിമകളും തിയേറ്ററുകളും ഷൂട്ടിംഗുകളും സിനിമാചർച്ചകളും ഇന്നോളം തീർത്തും അപരിചിതമായ സൗദി അറേബ്യയിൽ വീശുന്ന മാറ്റത്തിന്റെ കാറ്റ് കൂടിയായിരുന്നു, ലോകമെങ്ങുമുള്ള മികച്ച ചലച്ചിത്രങ്ങളുടെ സ്‌ക്രീനിംഗും തെരഞ്ഞെടുക്കപ്പെട്ട സിനിമാപ്രവർത്തകരുമായുള്ള പ്രേക്ഷകരുടെ സജീവമായ സംവാദങ്ങളും അടങ്ങിയ ‘റെഡ് സീ’ അന്താരാഷ്ട്ര ചലച്ചിത്രമേള

മാറുന്ന സൗദിയുടെ മായികഭാവങ്ങളത്രയും ഒപ്പിയെടുത്ത ‘റെഡ് സീ’ അന്താരാഷ്ട്ര ചലച്ചിത്രമേള, അറേബ്യൻ സംസ്‌കൃതിയുടെ സമ്പന്നമായ ഈടുവെപ്പിലേയ്‌ക്കൊരു പുറംവാതിൽക്കാഴ്ചയായി. പത്ത് പകലിരവുകൾ സൗദികളും വിദേശികളുമായ പതിനായിരങ്ങൾക്ക് ദൃശ്യവൈവിധ്യത്തിന്റെ വർണവിരുന്നൊരുക്കിയത്, സൗദി അറേബ്യൻ സാംസ്‌കാരിക മന്ത്രാലയമായിരുന്നു. അറബ് ലോകത്ത് പരിവർത്തനത്തിന്റെ തരംഗമായി വീശിയ ഫിലിം ഫെസ്റ്റിവൽ, "വേവ്‌സ് ഓഫ് ചെയ്ഞ്ച്' എന്ന പേരിലാണ് കൊടിയേറിയത്.

മൂന്നു അത്യാധുനിക തിയേറ്ററുകളും ഒരു ഓപ്പൺ സിനിമാ ടാക്കീസും ഫെസ്റ്റിവലിനു മാത്രമായി നാൽപത് നാൾ കൊണ്ടാണ് സൗദിയുടെ കവാടനഗരമായ ജിദ്ദയിൽ പണിതുയർത്തിയത്. കഴിഞ്ഞ ഡിസംബർ അഞ്ചു മുതൽ പത്ത് വരെ ഇന്ത്യയിൽ നിന്നുള്ള രണ്ട് സിനിമകളുൾപ്പെടെ 138 സിനിമകൾ പ്രദർശിപ്പിച്ചു. സിനിമകളും തിയേറ്ററുകളും ഷൂട്ടിംഗുകളും സിനിമാചർച്ചകളും ഇന്നോളം തീർത്തും അപരിചിതമായ സൗദി അറേബ്യയിൽ വീശുന്ന മാറ്റത്തിന്റെ കാറ്റ് കൂടിയായിരുന്നു, ലോകമെങ്ങുമുള്ള മികച്ച ചലച്ചിത്രങ്ങളുടെ സ്‌ക്രീനിംഗും തെരഞ്ഞെടുക്കപ്പെട്ട സിനിമാപ്രവർത്തകരുമായുള്ള പ്രേക്ഷകരുടെ സജീവമായ സംവാദങ്ങളും.

ദീപിക പദുക്കോൺ റെഡ് സീ ഫെസ്റ്റിവൽ വേദിയിൽ

ലോകസിനിമയുടെ ജാതകം തിരുത്തിക്കുറിച്ച ഇറാനിൽ നിന്നും ഈജിപ്തിൽ നിന്നും ലെബനോനിൽ നിന്നും ഈജിപ്തിൽ നിന്നുമൊക്കെയുള്ള വിശ്വോത്തര സിനിമകളുടെ മൽസരവിഭാഗത്തിലെ പതിനാറു സിനിമകളിൽ, മലയാളിയായ നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത പക എന്ന ചിത്രവുമുണ്ടായിരുന്നു. കപിൽദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയപ്പെരുമ ചിത്രീകരിച്ച, കബീർഖാൻ സംവിധാനം ചെയ്ത 83 എന്ന സിനിമയുടെ പ്രീമിയർ, കബീർഖാൻ, കപിൽദേവ്, മൊഹീന്ദർ അമർനാഥ്, ശ്രീകാന്ത്, രൺവീർസിംഗ്, ദീപിക പാദുകോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് റെഡ്‌സീ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. അറബികളും അല്ലാത്തവരുമായ ആൾക്കൂട്ടത്തിന്, 83 പുതിയ അനുഭവമാണ് പകർന്നത്.

രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ഇന്ത്യൻ താരം അക്ഷയ്കുമാർ എത്തിയപ്പോൾ ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. ക്ഷണിക്കപ്പെട്ട അതിഥികളുമായി അദ്ദേഹം സംവദിച്ചു. ഹാനി അബു അസദ് സംവിധാനം ചെയ്ത ഹുദാസ് സലൂൺ എന്ന സിനിമയുടെ പ്രദർശനത്തോടെയായിരുന്നു മേളയുടെ തുടക്കം. തുടർന്ന് ബംഗ്ലാദേശ് സിനിമയായ രെഹാന്ന മറിയം, ലെബനീസ് ചിത്രമായ ബെയ്‌റൂത്ത് ഹോൾഡ് എം. എന്നീ ചിത്രങ്ങളും അരങ്ങേറി. ആദ്യദിനം മൽസരവിഭാഗത്തിൽ സ്‌ക്രീൻ ചെയ്യപ്പെട്ട ബ്രൈറ്റൺ- 4 എന്ന ചിത്രമാണ് റെഡ്‌സീ മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. സിസ്റ്റേഴ്‌സ്, ലൂമിയേർ, ദ സ്‌ട്രേഞ്ചർ, ടെഡ് കേ, ബെയ്‌റൂട്ട് ഹോൾഡെം തുടങ്ങിയ സിനിമകൾക്ക് വൻജനക്കൂട്ടമെത്തി.

സൗദി അറേബ്യക്കാരിയായ പ്രസിദ്ധ സംവിധായിക ഹൈഫാ അൽ മൻസൂറിന്റെ പ്രസിദ്ധമായ വജ്ദ എന്ന ചിത്രവും പ്രേക്ഷകരെ ആകർഷിച്ചു. സൗദിയിലെ ആദ്യത്തെ വനിതാ ചലച്ചിത്രപ്രവർത്തക കൂടിയാണ് ഹൈഫ. വെനീസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം നേടിയ വജ്ദ ജിദ്ദയിലെ ഓപ്പൺ തിയേറ്ററിലാണ് പ്രദർശിപ്പിച്ചത്. തന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് വജ്ദയുടെ പ്രമേയം. വഅദ് മുഹമ്മദ് എന്ന ബാലികയാണ് വജ്ദയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു സൈക്കിൾ സ്വന്തമാക്കാനും അതിന്മേൽ യാത്ര ചെയ്യാനുമുള്ള പതിനൊന്നുകാരിയായ വിദ്യാർഥിനി വജ്ദയുടെ ആശയും അതിനായി പണം സ്വരൂപിക്കുന്നതും ഒടുവിൽ സൈക്കിൾ വാങ്ങിയതും തുടർന്നുണ്ടാകുന്ന കുടുംബപരമായ സംഘർഷങ്ങളുമെല്ലാമാണ്, പൂർണമായും സൗദിയിൽ ചിത്രീകരിച്ച ഈ സിനിമയുടെ കഥാതന്തു. ഇരുപതോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രാതിനിധ്യം ലഭിച്ച വജ്ദയുടെ സംവിധായിക ഹൈഫ, സൗദിയിലെ അറിയപ്പെടുന്ന കവി അബ്ദുറഹ്‌മാൻ മൻസൂറിന്റെ പുത്രിയാണ്.

നിലവാരം പുലർത്തുന്ന വീഡിയോ ചിത്രങ്ങളിലൂടെയായിരുന്നു ഹൈഫയുടെ തുടക്കം. കയ്‌റോയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ പഠിച്ച ദ ഓൺലി വേ ഔട്ട് എന്ന ഷോർട്ട് ഫിലിം നിർമിച്ചുകൊണ്ടാണ് ചലച്ചിത്രസംവിധാനരംഗത്തെത്തിയത്. സ്ത്രീ- നിഴലുകളില്ലാതെ എന്ന അവരുടെ ഡോക്യുമെന്ററിയും ഏറെ ശ്രദ്ധേയമായി. ഒമർ അൽ സുഹൈരി സംവിധാനം നിർവഹിച്ച ഫെദേഴ്‌സ് എന്ന ഈജിപ്ഷ്യൻ സിനിമയും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. മാന്ത്രിക വിദ്യയിലൂടെ കോഴിയായി രൂപാന്തരം പ്രാപിക്കുന്ന കഥാനായകനും ദാരിദ്ര്യത്തിന്റെ ചുറ്റുവട്ടത്തിൽ ജീവിതസമരത്തിലേർപ്പെട്ട കുടുംബത്തിന്റെ ശൈഥില്യങ്ങളുമെല്ലാം രസകരമായി ചിത്രീകരിച്ച ഫെദേഴ്‌സ്, കാൻസ് ഫിലിം ഫെസ്റ്റിവലിലും പ്രാതിനിധ്യം ലഭിച്ച ചിത്രമാണ്. സിസ്റ്റേഴ്സ് ഓഫ് അബ്ദുറഹ്‌മാൻ, ദ ലോസ്റ്റ് ഡോട്ടർ, ആമിറ, ഹിറ്റ് ദ റോഡ്, യൂറോപ്പ തുടങ്ങിയ ക്ലാസിക് സിനിമകളും അരങ്ങേറി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഥമലോക കപ്പ് വിജയകഥ പറയുന്ന 83 , നിറഞ്ഞ സദസ്സിലാണ് കന്നിപ്രദർശനത്തിന്റെ വെളിച്ചം തെളിഞ്ഞത്.

മുസാഫർ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ

സെലിബ്രിറ്റികളുടെ സാന്നിധ്യം, സൗദിയുടെ ചെങ്കടൽത്തീരനഗരത്തെ അക്ഷരാർഥത്തിൽ പുളകിതമാക്കി. സൗദി യുവതലമുറ ഹർഷാരവങ്ങളോടെയാണ് നായകൻ രൺവീർ സിംഗിനേയും നായിക ദീപികാ പദുക്കോണിനേയും തിയേറ്ററിലേക്ക് സ്വീകരിച്ചത്. പ്രദർശനത്തിനു മുമ്പ് സംവിധായകൻ കബീർഖാനുമായി സംവാദവുമുണ്ടായി.
സൗദി അറേബ്യയുടെ മാത്രമല്ല, ഗൾഫിന്റെയാകെ ചലച്ചിത്രസംസ്‌കാരത്തെ
പുതിയ ദിശയിലേക്ക് നയിക്കുന്ന മേളയ്ക്കായിരുന്നു ഡിസംബർ 15 ന് കൊടിയിറങ്ങിയത്. ലോകസിനിമാ വിശേഷങ്ങളിലേക്ക് മിഴി തുറന്ന റെഡ് സീ സൂഖ് എന്ന പേരിൽ ഒരു ഫിലിം മാർക്കറ്റ് തന്നെ മേളയോടനുബന്ധിച്ച് സജ്ജീകരിച്ചിരുന്നു. സൗദിയുടെ പ്രാക്തന സംസ്‌കൃതിയിലേക്ക് മിഴി തുറക്കുന്ന പ്രദർശനങ്ങളും അഭ്രകാവ്യങ്ങളുടെ പുത്തൻ ആവിഷ്‌കാരങ്ങളുമെല്ലാം ചേർന്നപ്പോൾ, ടൊറോന്റോ - കാൻസ് - ഗോവാ ഫിലിംഫെസ്റ്റിവലുകളുടെയെല്ലാം രൂപചാരുത ആവാഹിച്ച മറ്റൊരു വിശ്വോത്തര പതിപ്പ് പോലെയായി സൗദി അറേബ്യയുടെ ഈ രംഗത്തെ ആദ്യചുവടുവെപ്പും.

കുടിയേറ്റ ഗ്രാമത്തിലെ ചോരപ്പുഴകൾ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ പഠിച്ച വയനാട് മാനന്തവാടി സ്വദേശി നിതിൻ ലൂക്കോസിന്റെ പക (റിവർ ഓഫ് ബ്ലഡ്) എന്ന ചിത്രം കുടിയേറ്റ കുടുംബങ്ങളിലെ കുടിപ്പകയുടേയും വാശിയുടേയും കഥ പറയുന്നു. ടൊറോന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രാതിനിധ്യം കിട്ടിയ പക, സംവിധായകന്റെ വല്യമ്മച്ചിയിൽ നിന്ന് കേട്ട കഥയുടെ മനോഹരമായ ചലച്ചിത്രാവിഷ്‌കാരമാണ്. സൗണ്ട് എൻജിനീയർ എന്ന നിലയിൽ ഹോളിവുഡിലുൾപ്പെടെ രണ്ടു ഡസനിലധികം സിനിമകളുടെ ശബ്ദസന്നിവേശം നിർവഹിച്ചിട്ടുള്ള നിതിന്റെ സ്വതന്ത്രമായ പ്രഥമ സംരംഭമാണ് പക. അനുരാഗ് കശ്യപും രാജ് രാജ്‌ഗൊണ്ട എന്ന അമേരിക്കയിൽ ജോലി ചെയ്യുന്ന ഹൈദരബാദ് സ്വദേശിയും ചേർന്നാണ് പക നിർമിച്ചിരിക്കുന്നത്. രാജും നിതിനും മുമ്പ് ചില സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

നിതിൻ ലൂക്കോസ്

മധ്യതിരുവിതാംകൂറിൽ നിന്ന് വടക്കെ മലബാറിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന്റെ യഥാർഥകഥയാണ് പക. കൊന്നും കൊലവിളിച്ചും കഴിയുന്ന കുടുംബങ്ങളുടെ കുടിപ്പക. കൊന്ന് തള്ളുന്നവരുടെ മൃതദേഹം മാനന്തവാടിപ്പുഴയിൽ പൊങ്ങുന്നു. കുടിപ്പകയ്ക്ക് പകരം പ്രണയപാഠങ്ങളും പകർന്നു തരുന്നുണ്ട്, സിനിമയുടെ അവസാനഭാഗം. പരസ്പരം പകയുമായി നടക്കുന്ന കുടുംബങ്ങളിലെ ജോണിയും (ബേസിൽ പൗലോസ്) അന്നയും (വിനിതാ കോശി) തമ്മിലുള്ള പ്രണയരംഗങ്ങൾ വയനാടൻ ഹരിതഭംഗിയിൽ ചേതോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അരുണിമാ ശങ്കർ ചിത്രസംയോജനവും ഫൈസൽ അഹമ്മദ് സംഗീതവും നിർവഹിച്ച പക റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ രണ്ടു തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.

നിർമാതാവ് രാജ്, സംവിധായകൻ രാജ് എന്നിവർ അറബിക് ദ്വിഭാഷിയുടെ സഹായത്തോടെ സൗദികളുൾപ്പെടെയുള്ള പ്രേക്ഷകരുമായി സംവദിച്ചു.

Comments