ഭരതൻ കണ്ണെത്താദൂരെ മറുതീരമണഞ്ഞിട്ട് 25 വർഷം

മലയാള സിനിമയിലെ ഈ സകലകലാവല്ലഭൻ, ഓർമ്മകളിലേക്ക് ചേക്കേറിയിട്ട് 25 വർഷങ്ങൾ.

മലയാളസിനിമയിൽ പുതിയൊരു സ്കൂൾ ഓഫ് ഫിലിം മേക്കിങ്ങിനു തുടക്കം കുറിച്ച പ്രതിഭയാണ് ഭരതൻ. എൺപതുകളിൽ പത്മരാജൻ, കെ ജി ജോർജ്, മോഹൻ എന്നിവരെ പോലെ തന്നെ, ഭരതന്റെ സിനിമകളും ഒരേസമയം പ്രശംസകളും ക്രിട്ടിക്കൽ എക്ലമേഷനുകളും നേടിയവയാണ്. തികച്ചും അൺകൺവെൻഷനലായ രീതിയിൽ സിനിമകൾ എടുക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.

ആർട്ട് സിനിമയും കൊമേർഷ്യൽ സിനിമയും എന്ന ഗണത്തിൽപ്പെടുന്നവ മാത്രമല്ലാതെ, കേരളത്തിലെ ഗ്രാമീണജീവിതത്തെ റിയലിസ്റ്റിക് ആയി പോർട്രെയ് ചെയ്തുകൊണ്ട് അർത്ഥവത്തായ മുഖ്യധാരാ സിനിമകളും ഭരതൻ എടുത്തു. ഒരു നല്ല ചിത്രകാരൻ കൂടി ആയിരുന്നതിനാൽ, തന്റെ സിനിമകളിൽ മികച്ച ഫ്രെയിമുകൾ സമന്വയിപ്പിക്കാനും അദ്ദേഹത്തിനായി. വിശദമായ സ്റ്റോറി ബോർഡ്, തന്റെ ചിത്രങ്ങളുടെ ടൈറ്റിൽ, പോസ്റ്ററുകൾ എന്നിവയെല്ലാം സ്വയം വരച്ചുണ്ടാക്കാൻ ഭരതൻ താല്പര്യപ്പെട്ടു.

രതിനിർവേദം

രതി തീം ആയി വരുന്ന കഥകളെ ബോൾഡ് ആയി ചിത്രീകരിക്കുന്നതിൽ അദ്ദേഹം എന്നും വേറിട്ടു നിന്നു. സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ സദാചാര കാഴ്ചപ്പാടുകളെയും മറ്റും തച്ചുടയ്ക്കുന്ന രീതിയിൽ അദ്ദേഹം പ്രണയത്തെയും രതിയെയും വരച്ചു.

കൗമാരക്കാരന്റെയും അയൽവക്കത്തെ സ്ത്രീയുടെയും ബന്ധം പറഞ്ഞ "രതിനിർവേദം", വിദ്യാർത്ഥിയുടെയും കോളേജ് അധ്യാപികയുടെയും പ്രണയം പറഞ്ഞ "ചാമരം", വിവാഹിതനും മധ്യവയസ്കനുമായ പ്രൊഫസർക്ക് തന്റെ വിദ്യാർത്ഥിനിയോട് തോന്നുന്ന അടുപ്പത്തിന്റെ കഥ പറഞ്ഞ "കാറ്റത്തെ കിളിക്കൂട്", പരാജിത ദാമ്പത്യത്തിലകപ്പെട്ട സ്ത്രീക്ക് വേറൊരു പുരുഷനോട് തോന്നുന്ന അടുപ്പവും സ്നേഹവും പറഞ്ഞ "കാതോട് കാതോരം", ഇവയെല്ലാം തന്നെ അന്നത്തെ കാലത്തെ മാത്രമല്ല, ഇന്നത്തേയും സമൂഹത്തിന്റെ സദാചാര ചിന്തകൾക്ക് അപ്പുറമായിരുന്നു.

സമൂഹത്തിൽ അരികുവത്കരിക്കപ്പെടുന്ന ആളുകളുടെ, സമുദായങ്ങളുടെ കഥ പറയാൻ ഭരതൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മുക്കുവർ (അമരം), ലോറിതാവളങ്ങളും അവിടങ്ങളിലെ മനുഷ്യരും (ലോറി), മൂശാരിമാർ (വെങ്കലം), തെരുവ് സർക്കസ്സുകാർ (ആരവം), റെയിൽവേ തൊഴിലാളികൾ (പാളങ്ങൾ), കാളച്ചന്തക്കാർ (ചാട്ട), ചവിട്ടുനാടകക്കാർ (ചമയം), എന്നിങ്ങനെ അഭ്രപാളികളുടെ പൊലിമയിൽ പലരും പറയാൻ മടിച്ച കഥാപാത്രങ്ങളും അവരുടെ ജീവിതവും കഥകളും ഭരതിനിലൂടെ വെള്ളിവെളിച്ചം കണ്ടു.

ഭരതനും ജോണ്‍പോളും

ഭരതൻ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത് ജോൺ പോളിനോടൊപ്പമാണ്. ചാമരം, മാളൂട്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒരു സായന്തനത്തിന്റെ സ്വപ്നം, ഓർമ്മയ്ക്കായി, പാളങ്ങൾ, നീലക്കുറിഞ്ഞി പൂത്തപ്പോൾ, കാതോട് കാതോരം, തുടങ്ങി പത്തോളം സിനിമകൾ ആ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്. ഭരതനെ കുറിച്ച് ജോൺപോൾ എഴുതിയ പുസ്തകത്തിൽ പറയുന്നത്, "ഒരേസമയം ദേവനായി പ്രതിഷ്ഠാപൂർവ്വം എവിടെയെങ്കിലും നമസ്കരിച്ച് ആരാധിക്കുവാനും, അതേസമയം അസുരൻമാരിൽ അസുരനായി ചുട്ടുചാമ്പലാക്കുവാനും ഞാൻ ആഗ്രഹിച്ചിട്ടുള്ള മൂർത്തിയാണീ ഭരതൻ", എന്നാണ്.

പത്മരാജനോടൊപ്പം ചെയ്ത പ്രയാണം, ലോറി, തകര, രതിനിർവേദം, ഈണം തുടങ്ങിയവയെല്ലാം തന്നെ മികച്ച കലാമൂല്യമുള്ള സിനിമകളായിരുന്നു. ലോഹിതദാസിനോടൊപ്പം അമരം, പാഥേയം, വെങ്കലം തുടങ്ങിയ മികച്ച സിനിമകളും. ലോഹിതദാസ് - ഭരതൻ കൂട്ടുകെട്ടിൽ കൂടുതൽ സിനിമകൾ ഉണ്ടാകാതെ പോയത് ദൗർഭാഗ്യകരമായി തോന്നിയിട്ടുണ്ട്.

വൈശാലി

എം.ടി.യോടൊപ്പം ചെയ്തത് രണ്ട് ചിത്രങ്ങൾ മാത്രമാണ്. വൈശാലി, താഴ്‌വാരം. വരികളിൽ നിറഞ്ഞു നിന്ന വൈശാലിയുടെ സൗന്ദര്യം, അതിന്റെ തീവ്രത ഒട്ടും ചോരാതെ അതിമനോഹരമായി വെള്ളിത്തിരയിലൂടെ പ്രക്ഷേകർക്ക് മുന്നിൽ ഭരതനൻ എത്തിച്ചു. പൗരാണികകാലവും, വേഷങ്ങളും, അവിടെയുണ്ടായേക്കാവുന്ന സാധനങ്ങളും സങ്കൽപ്പങ്ങളും ഒരു കലാകാരന്റെ കണ്ണിലൂടെ നോക്കിക്കണ്ട് അദ്ദേഹം നമുക്ക് മുന്നിൽ അവതരിപ്പിച്ചു.

ഒരു താഴ്‌വാരത്തെ തന്നെ പ്രധാന കഥാപാത്രമാക്കി, വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെ നിരത്തിക്കൊണ്ട് പ്രതികാരത്തിന്റെ കഥ പറഞ്ഞ സിനിമയാണ് "താഴ്‌വാരം". അതിന്റെ മേക്കിങ്, ഹോളിവുഡ് ലെവൽ മേക്കിങ്ങിനോട് ഉപമിക്കാവുന്ന ഒന്നായി പലരും ഇന്നും നോക്കിക്കാണുന്നു.

"ഞാൻ ഈ സിനിമയുടെ തിരക്കഥ ഭരതന് പറഞ്ഞുകൊടുക്കുമ്പോൾ, ഒരു സീൻ പറയുകയാണ്. ഒരു സന്ധ്യ.. അവിടെയൊരു അങ്ങാടി..ആ അങ്ങാടിയിൽ ഒരു ലോറി വന്ന് നിൽക്കുന്നു... ലോറിയിൽ നിന്നൊരു ആളിറങ്ങുന്നു... ഇത് പറഞ്ഞാൽ ഉടൻ ഭരതൻ പറയും ആ സീനിന് സന്ധ്യയുടെയും ചെമ്മൺ പാതയുടെയും മണ്ണെണ്ണ വിളക്കിന്റെയും നിറമായിരിക്കും. അത്രയും കോമ്പിനേഷൻ ആ സ്ക്രിപ്‌റ്റിങ്ങിൽ ഉണ്ടായിരുന്നു". താഴ്‌വാരമെന്ന ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് എം ടി ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

താഴ്‌വാരം

നിദ്ര, ആരവം, ടി വി വർക്കിയുടെ "ഞാൻ ശിവൻപിള്ള " എന്ന നോവലിനെ അവലംബിച്ച് എടുത്ത "കേളി",

എൻ ടി ബാലചന്ദ്രന്റെ "ചിലമ്പ്" എന്ന നോവലിനെ ആസ്പദമാക്കിയെടുത്ത "ചിലമ്പ്" തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയതും ഭരതൻ തന്നെ. കാക്കനാടന്റെ നോവലുകളെ ആസ്പദമാക്കിയുള്ള "പറങ്കിമലയും", "പാർവ്വതിയും" രതിയെ മനോഹരമായി ചിത്രീകരിച്ച സിനിമകളാണ്. തമിഴിലാകട്ടേ ഉലകനായകൻ കമലിന്റെ "തേവർ മകൻ" എന്ന ഒറ്റ ചിത്രം മതി ഭരതൻ എന്ന പേര് തമിഴ് സിനിമാലോകത്ത് എന്നും ഓർമ്മിക്കപ്പെടാൻ. തകരയുടെ തമിഴ് വേർഷനായിരുന്നു "ആവാരംപൂവ്" എന്ന സിനിമ.

ഇങ്ങനെയൊക്കെയാണെങ്കിലും ഭരതൻ അവസാനമായി ചെയ്ത മൂന്ന് സിനിമകൾ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ദേവരാഗം, മഞ്ജീരധ്വനി, ചുരം. ഇവ മൂന്നും സാമ്പത്തികമായും പരാജയമായിരുന്നു,

Photo: IMDB

ഭരതൻ വളരെ പ്രതീക്ഷയോടെ തുടങ്ങിയ ദേവരാഗം പല കാരണങ്ങൾകൊണ്ടും വിചാരിച്ച രീതിയുള്ള റിസൾട്ട് ഉണ്ടാക്കാൻ കഴിയാതെ പോയ സിനിമയാണ്. എങ്കിലും "ശിശിരകാല മേഘമിഥുന..." എന്ന് തുടങ്ങുന്ന ഗാനവും അതിന്റെ ചിത്രീകരണവും ഭരതന്റെ രതി ചിത്രീകരണത്തിന്റെ മികവിനെ ഓർമ്മിപ്പിക്കുന്നതാണ്.

സംവിധാനം, കലാസംവിധാനം, തിരക്കഥ, എന്നിവയ്ക്ക് പുറമെ ഗാനരചയിതവായും, സംഗീത സംവിധയാകനായും ഭരതൻ മലയാളിയുടെ മുന്നിൽ വന്നിട്ടുണ്ട് . ചിലമ്പിലെ "താരും തളിരും", "പുടമുറി കല്ല്യാണം" എന്നീ മനോഹരമായ രണ്ട് പാട്ടുകളുടെയും വരികൾ ഭരതന്റെയാണ്. താഴ്‌വാരത്തിലെ "കണ്ണെത്താദൂരെ മറുതീരം", കേളിയിലെ "താരം വാൽക്കണ്ണാടി നോക്കി", കാതോട് കാതോരം സിനിമയിലെ , "കാതോട് കാതോരം" എന്നീ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയതും ഭരതൻ തന്നെ.

കടുത്ത നിറക്കൂട്ടുകളെ പ്രണയിച്ച ഭരതൻ തന്റെ സിനിമകളിലെ നായികമാർക്ക് നൽകിയിരുന്ന കോസ്‌റ്റ്യൂംസിൽ പോലും ആ എഫക്ട് കൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. കണ്മഷി പടർന്ന കണ്ണുകളും, വലിയ ചുവന്ന വട്ടപ്പൊട്ടും എല്ലാം ഭരതന്റെ നായികമാരുടെ അഴക് വർധിപ്പിച്ചു. അതുവരെയുള്ള നായകസങ്കല്പങ്ങളുടെ സൗകുമാര്യത്തെയെല്ലാം തച്ചുടച്ച നായകന്മാരും ഭരതന്റെ സിനിമകളിൽ നിരവധിയായിരുന്നു. പരുക്കൻ മുഖവുമായി എത്തിയ അച്ചൻകുഞ്ഞും, ഭരത്‌ഗോപിയും, മുരളിയും, നെടുമുടി വേണുവും, പ്രതാപ് പോത്തനും എല്ലാം ജനകീയ മുഖങ്ങളായി തീർന്നത് ഭരതൻ സിനിമകളിലൂടെയാണ്.

മലയാള സിനിമയിലെ ഈ സകലകലാവല്ലഭൻ, ഓർമ്മകളിലേക്ക് ചേക്കേറിയിട്ട് 25 വർഷങ്ങൾ.

Comments