ഒരു കാലത്ത് ഭരത് ഗോപി എങ്ങനെയാണോ തന്റെ ശരീരം കൊണ്ട് മുഖ്യധാരാ സിനിമയെ രാഷ്ട്രീയവത്ക്കരിച്ചത് അതിനെക്കാൾ പതിന്മടങ്ങ് ശക്തിയിലാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രങ്ങൾ ഇപ്പോൾ രാഷ്ട്രീയം സംസാരിക്കുന്നതെന്ന് സാജു ഗംഗാധരൻ. വ്യവസ്ഥാപിത താരത്തിന്റെ രൂപസൗകുമാര്യം ഇല്ലാത്ത ഫഹദ് എന്ന നടൻ മലയാള സിനിമയിൽ സ്വന്തം സിംഹാസനം വലിച്ചിട്ടിരിക്കുകയാണെന്ന് ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു.
‘ഷമ്മി ഹീറോയാടാ, ഹീറോ' എന്ന ഡയലോഗിലൂടെ നായക സ്വരൂപത്തെ അപനിർമ്മിക്കുകയാണ് കാൽപനിക നായകനും വില്ലനും ദുർബലനും കോമാളിയും സൈക്കോയുമൊക്കെയായി പകർന്നാടുന്ന ഈ നടൻ. ഈ വിമതത്വം തന്നെയാണ് പുതുകാല രാഷ്ട്രീയ സിനിമകളുടെ പ്രിയതാരമാക്കി ഫഹദിനെ മാറ്റുന്നത്. ചാപ്പാ കുരിശ്, അന്നയും റസൂലും, ആമേൻ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ടേയ്ക്ക് ഓഫ്, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സി യു സൂൺ, ജോജി, മാലിക് തുടങ്ങിയ സിനിമകളിൽ ഫഹദ് മുഖ്യകഥാപാത്രമായി ഈ കാലത്ത് രംഗത്തെത്തി. മലയാളത്തിലെ നവസിനിമയുടെ ‘പതാകാവാഹകൻ' എന്ന് അൽജസീറ അഭിമുഖത്തിൽ ഫഹദ് വിശേഷിപ്പിക്കപ്പെട്ടത് അതുകൊണ്ടു കൂടിയാണ്.
മലയാളത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട സിനിമകളുടെ എണ്ണം നോക്കിയാൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലെ സൂപ്പർ താരമാണ് ഫഹദ് എന്ന് പറയേണ്ടി വരും. ഒ.ടി.ടി നേരിട്ട് റിലീസ് ചെയ്യുന്നത് തടയാൻ ഫഹദിനെ വിലക്കാൻ വരെ സിനിമാ വ്യവസായ ഗൂഢസംഘം ആലോചിച്ചിരുന്നു എന്ന കാര്യം ഓർക്കുക. ‘‘കോവിഡ് കാലത്ത് നിർമിക്കപ്പെട്ട സുപ്രധാന സിനിമ''യെന്നാണ് ജോജിയെ കുറിച്ച് ദി ന്യൂയോർക്കർ എഴുതിയത്. ജോജിയുടെ സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരനും 1990 കളിൽ ആഗോളവത്ക്കരണം തുറന്നുകൊടുത്ത പുതിയ വാതായനങ്ങളുടെ ഉൽപ്പന്നങ്ങളാണ്.
1950- 85 എന്ന മൂന്നുപതിറ്റാണ്ടുകാലമാണ് കെ.ജി. ജോർജിന്റെ ഇരകളെ സൃഷ്ടിച്ചതെങ്കിൽ 1990- 2021 എന്ന മൂന്നുപതിറ്റാണ്ട് കാലമാണ് ജോജിയെ സൃഷ്ടിച്ചത്. ആദ്യ സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലമാണെങ്കിൽ രണ്ടാമത്തേതിന്റേത് നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ കാലമാണ്. തട്ടുപൊളിപ്പൻ അസംബന്ധ ജഡിലമായ പടപ്പുകളിൽ നിന്നു വഴിമാറി മുഖ്യധാരാസിനിമയിലെ പുതിയ തലമുറ എന്തുകൊണ്ട് രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ എടുക്കുന്നു എന്ന ചോദ്യത്തെ മൂർത്തമായ ഈ ചരിത്ര സാമ്യതയിൽ നിന്നും സാഹചര്യത്തിൽ നിന്നും കൊണ്ട് വിശകലനം ചെയ്യാം.
സംവിധാനം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി സിനിമയുടെ സർവ മേഖലകളിലും പുതിയ തലമുറയുടെ കടന്നുവരവിന് സാക്ഷ്യം വഹിച്ച കഴിഞ്ഞ ഒരു ദശാബ്ദക്കാലം എണ്ണം പറഞ്ഞ 100 സിനിമകൾ എങ്കിലും ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഉദാഹരിക്കാവുന്ന തരത്തിലേക്ക് മലയാള സിനിമ വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാൻ കഴിയും. ഒ.ടി.ടി യുഗത്തിലേക്ക് കൂടി ചുവടുവെച്ചതോടെ മലയാള സിനിമയെ കാത്തിരിക്കുന്നത് ഒരു സുവർണകാലമാണ് എന്ന് സങ്കൽപ്പിച്ചാൽ അതൊരു അതിമോഹമായിരിക്കില്ല എന്നാണ് ഏറ്റവും ഒടുവിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സാറാസും മാലിക്കും തെളിയിക്കുന്നത്- സാജു ഗംഗാധരൻ എഴുതുന്നു.
കഴിഞ്ഞ ഒരു ദശകത്തിലെ മലയാള സിനിമയുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും വിശകലനം ചെയ്യുന്നു
ഫഹദ് എന്ന വിമത ശരീരം - സാജു ഗംഗാധരൻ
വെബ്‌സീൻ പാക്കറ്റ് 34ൽ വായിക്കാം, കേൾക്കാം.