ചിത്രശാലയുടെ ‘ഷഹറസാദ്’, പുതിയ കാലം സാധ്യമാക്കിയ ഫിലിം​ സൊസൈറ്റി സാഹസം

‘‘കേരളത്തിന്റെ ചരിത്രത്തിൽ, ഒരു ഫിലിം സൊസൈറ്റി നിർമിക്കുന്ന മുഴുനീള ചലച്ചിത്രം എന്ന തലയെടുപ്പോടെയാണ് കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയിൽ ഷെഹറാസാദ് എന്ന സിനിമ എത്തിയത്. ഫിലിം സൊസൈറ്റികളിലൂടെ നല്ല സിനിമകളെ സ്‌നേഹിക്കുന്ന യുവ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ ശ്രദ്ധേയമാണ് ചിത്രശാലയുടെ മുന്നേറ്റം’’- ബെൽബിൻ പി.​ ബേബി എഴുതുന്നു.

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് ഇക്കാലത്ത് എന്താണ് പ്രസക്തി? മലയാളത്തിന്റെ സാംസ്‌കാരിക പരിസരങ്ങളിൽ പലപ്പോഴും കേൾക്കുന്നൊരു ചോദ്യമാണ്. ആവർത്തിച്ചുകേട്ട് പുതുമ നഷ്ടപ്പെട്ട കലാ- സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രത്തിനപ്പുറം, അവർക്ക് എന്താണ് ചെയ്യാനാകുക?

ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേള (IFFK) നൽകി; ഷഹറസാദ്. 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം. കേരളത്തിന്റെ ചരിത്രത്തിൽ, ഒരു ഫിലിം സൊസൈറ്റി നിർമിക്കുന്ന മുഴുനീള ചലച്ചിത്രം എന്ന തലയെടുപ്പ് കൂടിയുണ്ടായിരുന്നു ഷെഹറാസാദിന്. അങ്കമാലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിത്രശാല ഫിലിം സൊസൈറ്റിയാണ് ഈ വിപ്ലാവാത്മക പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ചിത്രശാലയുടെ തനതു ഫണ്ടും, അംഗങ്ങളിൽ നിന്നുള്ള സംഭാവനയും മാത്രമാണ് ചലച്ചിത്ര നിർമാണത്തിനുപയോഗിച്ചത്. ഫിലിം സൊസൈറ്റികളിലൂടെ നല്ല സിനിമകളെ സ്‌നേഹിക്കുന്ന യുവ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ ശ്രദ്ധേയമാണ് ചിത്രശാലയുടെ മുന്നേറ്റം.

ഫിലിം സൊസൈറ്റി കേരളത്തിൽ

കേരളത്തിലെഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ആറു പതിറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട്. 1965 ജൂലൈ 21-ന് തിരുവനന്തപുരത്ത് തുടക്കമിട്ട ചിത്രലേഖ ഫിലിം സൊസൈറ്റിയിലൂടെയാണ് നല്ല സിനിമകളുടെയും ലോകസിനിമകളുടെയും പുതിയ ലോകത്തേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടത്. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ കുളത്തൂർ ഭാസ്‌ക്കരൻ നായർ, കെ.പി. കുമാരൻ, ശ്രീവരാഹം ബാലകൃഷ്ണൻ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ സൊസൈറ്റിയുടെ പ്രവർത്തനം പുരോഗമിച്ചു. ചിത്രലേഖ ആരംഭിച്ചതിന്റെ അടുത്ത വർഷം, 1966-ൽ എറണാകുളത്ത് സാഹിത്യകാരരുടെ അഖിലേന്ത്യാ സമ്മേളനം നടന്നു. എം. ഗോവിന്ദനും ഫാക്ട് ചെയർമാൻ എം.കെ.കെ. നായരുമൊക്കെ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. സാഹിത്യ സമ്മേളനങ്ങളുടെ ഭാഗമായി എറണാകുളത്ത് ക്ലാസിക് ചലച്ചിത്രങ്ങളുടെ മേളയും ആസൂത്രണം ചെയ്തു. എം. ഗോവിന്ദനാണ് ഈ ആശയങ്ങളുടെ പുറകിലുണ്ടായിരുന്നത്. ഈ ചലച്ചിത്രമേളയുടെ സംഘാടന ചുമതല അടൂർ ഗോപാലകൃഷ്ണനെയാണ് ഏൽപ്പിച്ചത്. എറണാകുളത്തു മാത്രമല്ല ഒമ്പത് ജില്ലകളിലും ഇതിന്റെ തുടർച്ചയായി മേളകൾ സംഘടിപ്പിച്ചു. സത്യജിത് റായി, ഋത്വിക് ഘട്ടക് എന്നിവർക്കൊപ്പം റഷ്യൻ, പോളിഷ്, ഫ്രഞ്ച്, ഹങ്കേറിയൻ, ചെക്കോസ്ലാവോക്യൻ സിനിമകളും ഉൾപ്പെടെ പതിനഞ്ചോ, പതിനാറോ ചലച്ചിത്രങ്ങൾ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടു. കലാസാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും നല്ല വായനക്കാർക്കും സിനിമയുടെ പുതിയ അനുഭവങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള അവസരം മേള ഒരുക്കി.

ഈ മേളകൾ കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിന് ഊർജ്ജമേകി. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാൾ കൂടുതൽ സമയം ചെലവഴിച്ച് നിർദ്ദേശങ്ങളും സഹായങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്തു. കേരളത്തിലെ വായനശാലാ പ്രസ്ഥാനം ലൈബ്രറികൾ സ്ഥാപിച്ച് ലോക സാഹിത്യത്തിലേക്കും എഴുത്തിലേക്കുമുള്ള വാതിലുകൾ തുറന്ന് അക്ഷരസാക്ഷരതയും സാഹിത്യസാക്ഷരതയും വിപുലവും പുരോഗമനപരവും ആക്കിത്തീർത്തതുപോലെയായിരുന്നു ഫിലിം സൊസൈറ്റി പ്രസ്ഥാനവും. കാഴ്ചയുടെ പുതിയ സൗന്ദര്യശാസ്ത്ര നിർമ്മിതികളെയും ഘടനാരീതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ദൃശ്യസാക്ഷരതയുടെ പുതിയ ബോധത്തെ വികസിപ്പിക്കുന്നതിൽ ഫിലിം സൊസൈറ്റികൾ പങ്ക് വഹിച്ചു. ന്യൂനപക്ഷമായിരുന്നു ഇവരെങ്കിലും അവരുടെ സ്വാധീനം പുതിയ സിനിമകളിലൂടെയും എഴുത്തുകളിലൂടെയും ചലച്ചിത്രാസ്വാദന ക്യാമ്പുകളിലൂടെയും, പതുക്കെയാണെങ്കിലും വ്യാപിച്ചുകൊണ്ടിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, കെ.പി. കുമാരൻ, രവീന്ദ്രൻ, ടി.വി. ചന്ദ്രൻ, പവിത്രൻ, ലെനിൻ രാജേന്ദ്രൻ എന്നിവരൊക്കെ ഈ ധാരയിൽ നിന്ന് ആദ്യമുയർന്നുവന്നവരാണ്.

അന്നുവരെ കണ്ട കാഴ്ചകളുടെ വരണ്ട അനുഭവങ്ങളെ മറികടക്കുന്ന തരത്തിൽ ചലച്ചിത്രകലയുടെ സൗന്ദര്യശാസ്ത്ര വികാസങ്ങളുടെ വ്യത്യസ്തധാരകളെ അടുത്തറിയാനും സിനിമ, യഥാർത്ഥത്തിൽ കാഴ്ചയുടെയും കേൾവിയുടെയും പുതിയ കലാരൂപമായി മാറിത്തീർന്നതെങ്ങനെയെന്നും മലയാളി പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത് അപ്പോഴാണ്. ലോകമെങ്ങുമുള്ള നല്ല സിനിമകൾ, ഫിലിം ആർക്കൈവ്‌സ് ശേഖരങ്ങളിൽനിന്നും വിദേശരാജ്യ എംബസികളിൽനിന്നും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളിലേക്ക് വന്നുതുടങ്ങി. 16 എം.എം പ്രിന്റുകളും 16 എം.എം പ്രൊജക്ടറുകളുമായി ഫിലിം സൊസൈറ്റികൾ, തങ്ങളുടെ സാഹസിക യാത്രകൾ നടത്തി പുതിയ സംവേദനത്തിന്റെ മണ്ഡലങ്ങളെ തള്ളിത്തുറന്ന് ഒരു സാംസ്‌കാരിക സാന്നിധ്യമായി. നൂറോളം ഫിലിം സൊസൈറ്റികൾ ഈ കാലയളവിൽ പല ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്നു. പക്ഷേ, എൺപതുകളുടെ അവസാനമാകുമ്പോഴേക്കും ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം പലയിടങ്ങളിലും പല കാരണങ്ങൾകൊണ്ടും മന്ദീഭവിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍

ഫിലിം സൊസൈറ്റിയുടെ സ്വാധീനം

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ മന്ദീഭവിച്ച അവസ്ഥയിലാണെന്ന് പറയുമ്പോൾ തന്നെ, അതിന്റെ സ്വാധീനം സജീവമാണ്. ഫിലിം സൊസൈറ്റികൾ മുന്നോട്ടുവെച്ച ആശയങ്ങൾ പലതരത്തിൽ ഇപ്പോഴും സ്വീകരിക്കപ്പെടുന്നുണ്ട് എന്നതാണ് അതിന് കാരണം. 'നല്ല സിനിമാ' സങ്കൽപ്പങ്ങളെ നെഞ്ചേറ്റിയ പഴയതും പുതിയതുമായ തലമുറ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളോട് സഹകരിക്കുന്നുണ്ട്. അക്കാദമിക് തലത്തിൽ ചലച്ചിത്രം ഒരു പഠനവിഷയമായി സ്വീകരിച്ചുതുടങ്ങിയതിന്റെ കാര്യകാരണങ്ങൾ അന്വേഷിച്ചാൽ, ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ ആശയപരമായ സാന്നിദ്ധ്യം ആർക്കും നിഷേധിക്കാനാകില്ല. സ്‌കൂളുകളിലും കോളേജുകളിലും സിനിമയും തിരക്കഥയുമൊക്കെ പഠനവിഷയമായിക്കൊണ്ടിരിക്കുന്നത് ഈ ചെറുഗ്രൂപ്പുകൾ നടത്തുന്ന അക്കാദമിക ഇടപെടലുകളും സംവാദങ്ങളും കൊണ്ടുകൂടെയാണ്. പല കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ക്യാമ്പുകളും ചലച്ചിത്രമേളകളും സെമിനാറുകളും ഒക്കെ നടക്കുമ്പോൾ അവർക്കുവേണ്ട അക്കാദമിക പിന്തുണയും ഫാക്കൽറ്റികളുടെ സഹകരണവും സാന്നിധ്യവും ഉറപ്പാക്കുന്നത് ഫിലിം സൊസൈറ്റിയിൽ നിന്നുയർന്നുവന്നവരാണ്. മലയാള സർവ്വകലാശാല, ചലച്ചിത്ര പഠനത്തിന്റെ ബിരുദാനന്തര കോഴ്‌സ് ആരംഭിച്ചപ്പോൾ അതിന്റെ സിലബസ് നിർണയത്തിനായുള്ള അക്കാദമിക കൗൺസിലിൽ പ്രവർത്തിച്ചവരിൽ ഏറിയ പങ്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരായിരുന്നു.

കേരളത്തിലെ ചലച്ചിത്രമേഖലയിൽ, ആസ്വാദകർ, നിരൂപകർ, സംവിധായകർ, സാങ്കേതികവിദഗ്ദ്ധർ എന്നിവരെയൊക്കെ സൃഷ്ടിക്കുന്നതിൽ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ പശ്ചാത്തലവും അന്തരീക്ഷവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നല്ല സിനിമയുടെ അമരക്കാരായ മുതിർന്ന നിരവധി സംവിധായകർ ഫിലിം സൊസൈറ്റികളുമായി ബന്ധമുള്ളവരായിരുന്നു. ഇപ്പോഴും അവർ ആ ബന്ധം ഏതെങ്കിലും തരത്തിൽ തുടരുന്നുമുണ്ട്. പുതിയ തലമുറയിലെ സംവിധായകരിൽ പലരും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഉയർന്നുവന്നവരാണ്. കേരളത്തിലെ ചലച്ചിത്രനിരൂപകരെല്ലാം ഫിലിം സൊസൈറ്റികളുടെ ഉൽപ്പന്നമാണെന്ന് പറയാം. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൊസൈറ്റികൾ സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ ചലച്ചിത്രമേളകൾ ചലച്ചിത്രത്തിന്റെ പുതിയ ഭാവുകത്വത്തെ പതുക്കെയാണെങ്കിലും ഗുണകരമായി സ്വാധീനിക്കുന്നുണ്ട്. പ്രാദേശികമായി നടക്കുന്ന പല പ്രവർത്തനങ്ങളും മാധ്യമങ്ങളിൽ തമസ്‌കരിക്കപ്പെടുകയോ, വെറും പ്രാദേശിക വാർത്തകളായി ചുരുങ്ങുകയോ ചെയ്യുമ്പോൾ, മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യഥാർത്ഥ ചിത്രം ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട്.

മലയാള സർവ്വകലാശാല, ചലച്ചിത്ര പഠനത്തിന്റെ ബിരുദാനന്തര കോഴ്‌സ് ആരംഭിച്ചപ്പോൾ അതിന്റെ സിലബസ് നിർണയത്തിനായുള്ള അക്കാദമിക കൗൺസിലിൽ പ്രവർത്തിച്ചവരിൽ ഏറിയ പങ്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരായിരുന്നു

അങ്കമാലിയിലെ സിനിമാ വിപ്ലവങ്ങൾ

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് അങ്കമാലിയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും. മൂന്ന് ഘട്ടങ്ങളായി തിരിക്കാൻ സാധിക്കുന്ന അര നൂറ്റാണ്ടു കാലത്തെ ഈ പ്രവർത്തനകാലഘട്ടത്തിൽ ഇടയ്ക്കൊക്കെ നിശ്ചലമായിരുന്നെങ്കിലും ഇന്നും കേരളത്തിലെ എണ്ണപ്പെട്ട ഫിലിം സൊസൈറ്റികളിലൊന്നാണ് അങ്കമാലിയിലെ ചിത്രശാല. മുൻ മന്ത്രിയായിരുന്ന ജോസ് തെറ്റയിലിന്റെ നേതൃത്വത്തിലുള്ള ഒരു പറ്റം ആളുകളായിരുന്നു അങ്കമാലി ഫിലിം സൊസൈറ്റിയെന്ന പേരിൽ അങ്കമാലിയിലെ ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. വളരെക്കാലം കേരളത്തിൽ തന്നെ സജീവമായി മുന്നേറിയ ഫിലിം സൊസൈറ്റി സങ്കേതികവിദ്യയും ഭൗതിക സഹചര്യങ്ങളും തീർത്തും പരിമിതമായിരുന്ന കാലത്തും നല്ല സിനിമകൾക്ക് പ്രചാരം നൽകുന്നതിനും അവ ചർച്ചാവിഷയമാക്കുന്നതിലും വളരെ മികച്ച സംഭാവനകൾ നൽകിയിരുന്നു. നേത്യത്വത്തിലുണ്ടായിരുന്ന പലരും തങ്ങളുടെതായ തിരക്കുകളിലേക്ക് നീങ്ങിയപ്പോഴാണ് സജീവമായി മുന്നോട്ടു പോയിരുന്ന അങ്കമാലി ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിലച്ചത്.

എഴുപതുകളിൽ അങ്കമാലി ആസ്ഥാനമായി വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന അങ്കമാലി ഫിലിം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചപ്പോഴാണ് അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, ഫാക്ടറി തൊഴിലാളികൾ എന്നിവരടങ്ങുന്ന വർക്കേഴ്‌സ് കോഡിനേഷന്റെ ആഭിമുഖ്യത്തിൽ ദൃശ്യ ഫിലിം സൊസൈറ്റി രൂപീകൃതമായത്. ദന്തഗോപുരവാസികളിൽ നിന്നും സാധാരണ പ്രേക്ഷകരിലേക്ക് ക്ലാസ്സിക് സിനിമകളെ എത്തിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു പൊതുഊർജം. ചുരുങ്ങിയ പ്രേക്ഷകർ മാത്രം ഉണ്ടായിരുന്ന ഇത്തരം സിനിമകളെ ജനകീയമാക്കുന്നതിൽ ഈ സംരംഭം ഏറെക്കുറെ വിജയിച്ചു. ദൃശ്യയുടെ പ്രേക്ഷകരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളും സാധാരണക്കാരും ആയിരുന്നു. മൃണാൾ സെന്നിന്റെ മൃഗയ ആയിരുന്നു ഉദ്ഘാടന ചിത്രം. തുടർന്ന് സംസ്‌ക്കാര, ചൊമനതുടി തുടങ്ങി ബി.വി. കാരന്ത്, ഋത്വിക്ഘട്ടക്, സത്യജിത്ത് റേ, ഗിരീഷ് കാസറവള്ളി, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, പി.എ. ബക്കർ, പവിത്രൻ തുടങ്ങിയ മിക്കവാറും എല്ലാ ക്ലാസിക് സംവിധായകരുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ജനശക്തി ഫിലിംസാണ് ചിത്രങ്ങൾ ലഭ്യമാക്കിയിരുന്നത്. നാഷണൽ ഫിലിം ആർക്കൈവ്സിലും എഫ്.എഫ്.എസ്.ഐ-ലും അംഗമായിരുന്നതിനാൽ, അവരിൽ നിന്നും ചിത്രങ്ങൾ ലഭിച്ചു.

അക്കാലത്ത് കേരളത്തിൽ നിന്നുള്ള എഫ്.എഫ്.എസ്.ഐ പ്രതിനിധിയായിരുന്ന പ്രൊഫ. ശ്രീരാം മേനോൻ ഇക്കാര്യത്തിൽ സഹായിച്ചു. പത്തു വർഷത്തോളം നല്ല നിലയിൽ പ്രവർത്തിച്ച ഫിലിം സൊസൈറ്റി പിന്നീട് നല്ല ചിത്രങ്ങളുടെ ലഭ്യത കുറവു മൂലം പതുക്കെ പതുക്കെ സ്തംഭനാവസ്ഥയിലായി. 1985-ൽ കെൽട്രോൺ പുതിയ 16 എം.എം പ്രൊജക്ടർ വിപണിയിലിറക്കിയപ്പോൾ അതിന്റെ ആദ്യ ഉപഭോക്താക്കളിൽ ഒന്നായിരുന്നു ദൃശ്യ ഫിലിം സൊസൈറ്റി. 10,000 രൂപയ്ക്ക് വാങ്ങിയ ഈ പ്രൊജക്ടർ ഉപയോഗിച്ച് ആലുവ, അങ്കമാലി, ചാലക്കുടി ഭാഗങ്ങളിൽ വിവിധ സിനിമകൾ പ്രദർശിപ്പിക്കാനും ജനങ്ങളിൽ സിനിമാ അവബോധം വളർത്തിയെടുക്കാനും ഫിലിം സൊസൈറ്റിക്ക് സാധിച്ചു.

ദൃശ്യ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങൾ നിറംമങ്ങിയതിനെതുടർന്ന് പതിറ്റാണ്ടോളം നിശ്ചലമായ അങ്കമാലിയിലെ സാംസ്‌ക്കാരിക വേദികളെ ചലനാന്മകമാക്കാൻ 2005-ൽ രൂപീകൃതമായ ചിത്രശാല ഫിലിം സൊസൈറ്റിക്ക് കഴിഞ്ഞു. മുടക്കമില്ലാതെ പ്രതിമാസ പരിപാടികളും ചലച്ചിത്രോത്സവങ്ങളും സംഘടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, കെ.ജി. ജോർജ്ജ്, ടി.വി. ചന്ദ്രൻ, ശ്യാമപ്രസാദ്, പ്രസന്ന വിത്തനാകെ, പ്രിയനന്ദനൻ, ജയരാജ്, ജോൺപോൾ, സണ്ണി ജോസഫ്, വേണു, ഐ. ഷൺമുഖദാസ്, വി.കെ. ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരി, ഗീതു മോഹൻദാസ്, ഡോ. ബിജു, സജിൻ ബാബു, സുദേവൻ, സുവീരൻ, തുടങ്ങി പഴയ തലമുറയിലേയും പുതിയ തലമുറയിലേയും പ്രമുഖ സംവിധായകരും സാങ്കേതിക പ്രവർത്തകരും വിമർശകരും ചിത്രശാലയുടെ വേദികളെ സമ്പുഷ്ടമാക്കി. കൃഷ്‌ണേന്ദു കലേഷ്, രഘുനാഥ് പലേരി, ബിലഹരി തുടങ്ങിയവരുടെ നേതൃത്വത്തിൽ ചലച്ചിത്ര ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടു.

ഫിലിം സൊസൈറ്റികളുടെ സിനിമ

ചരിത്രവസ്തുതകതകൾ പരിശോധിച്ചാൽ കേരളത്തിലെ ഫിലിം സൊസൈറ്റി നിർമ്മിക്കുന്ന ആദ്യ സിനിമ അടൂർ ഗോപലകൃഷ്ണന്റെ സ്വയംവരമാണ്. അത് നിർമിച്ചതാകട്ടെ മലയാളത്തിലെ ആദ്യ ഫിലിം സെസൈറ്റിയായ ചിത്രലേഖയും. എന്നാൽ, പൂർണമായും ഫിലിം സെസൈറ്റിയുടെ തുക ഉപയോഗിച്ചായിരുന്നില്ല സ്വയംവരത്തിന്റെ നിർമ്മാണം. സിനിമയ്ക്ക് ഫിലിം ഫൈനാൻസ് കോർപ്പറേഷന്റെ സാമ്പത്തിക സഹകരണം കൂടിയുണ്ടായിരുന്നു. അവിടെയാണ് ചിത്രശാല വ്യത്യസ്തമാകുന്നത്. കേരളത്തിൽ സജീവമായ ഫിലിം സൊസൈറ്റികൾ ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളും നിർമ്മിച്ചിട്ടുണ്ടെങ്കിലും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം നിർമിക്കുക എന്ന 'സാഹസം' ആദ്യമായാണ്. ചിത്രശാലയുടെ സ്വന്തം ഫണ്ടും അംഗങ്ങളിൽ നിന്നുള്ള സംഭാവനയും മാത്രമാണ് നിർമ്മാണത്തിനായി ആശ്രയിച്ചിട്ടുള്ളത്.

വിഗ്നേഷ് പി. ശശിധരൻ

സംവിധായകൻ വിഗ്നേഷ് പി. ശശിധരന്റെയും അണിയറ പ്രവർത്തകരുടെയും പ്രതിഫലേച്ഛയില്ലാതെയുള്ള ആറു മാസത്തെ പരിശ്രമത്തിലൂടെയാണ് സിനിമ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. സ്വന്തം സിനിമയെന്ന ലക്ഷ്യത്തിലേക്ക് ചിത്രശാല സൊസൈറ്റി പ്രവർത്തകർ ഇറങ്ങിത്തിരിക്കുമ്പോൾ, നിരുത്സാഹപ്പെടുത്തുന്നവരായിരുന്നു ഏറെയും. മുൻകാല അനുഭവങ്ങളുടെ കഥ പറഞ്ഞവർ, 'നിങ്ങൾക്ക് ഈ സിനിമ പൂർത്തിയാക്കാൻ സാധിക്കില്ല' എന്ന് ആവർത്തിക്കുമ്പോഴും, പതറാതെ മുന്നോട്ടുപോകുകയായിരുന്നു ചിത്രശാല.

പ്രമേയത്തിലോ വിഷയത്തിലോ ഊന്നിയുള്ള ആഖ്യാനഘടനയല്ല ഷെഹറസാദിന്റേത്. സിനിമ ഒരു ദൃശ്യ-ശ്രവ്യ അനുഭവത്തിൽ ഊന്നി നിലകൊള്ളണമെന്നതാണ് ഷെഹറസാദ് മുന്നോട്ടുവയ്ക്കുന്ന ആദർശം. ഇതൊരു ഒരു ഫിലോസഫിക്കൽ സിനിമയാണ്. തിരക്കേറിയ ഒരു നഗരത്തിൽ ജോലിചെയ്തുപോരുന്ന ഒരു ആർക്കിടെക്ട് ആണ് ആദം. അയാളുടെ മുഷിപ്പേറിയ ജീവിതത്തിലേക്ക് കുറെ കഥകളുമായി കടന്നുവരുന്ന പെൺകുട്ടിയാണ് ഷെഹറസാദ്. ആയിരത്തിയൊന്ന് രാവുകളിലെ ഷെഹറസാദിനെ പുതിയ ലോകത്ത് പരിചിതമായ അന്തരീക്ഷത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഈ ചലച്ചിത്രം. ഷെഹറസാദിന്റെ കഥകൾ ആദത്തിൽ സൃഷ്ടിക്കുന്ന കാഴ്ചപ്പാടുകളും ചിന്തകളുമാണ് സിനിമ. അത് മാത്രമാണ് ഈ സിനിമ എന്ന് വേണമെങ്കിലും പറയാം. അതിൽ മാജിക്കൽ റിയലിസവും കടന്നുവരുന്നു. വർഷ എസ്. നായരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷെഹറസാദിനെ അവതരിപ്പിച്ചിരിക്കുന്നത്. വർഷയുടെ ആദ്യ സിനിമ കൂടിയാണിത്. അരുൺകുമാർ ആണ് ആദത്തിന്റെ വേഷം ചെയ്തിരിക്കുന്നത്. ഹീരാ പരേഷ്, ജിക്കി പോൾ, ലക്ഷ്മി മനോജ്, ലക്ഷ്മി രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. വിഘ്‌നേഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. ആനന്ദ് പി. മോഹൻദാസ് ക്യാമറയും അക്ഷയ് ബാബു സംഗീതവും സഫ്വാൻ എം. എം കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. വിഘ്‌നേഷിന്റെ രണ്ടാമത്തെ ചലച്ചിത്രമാണ് ഷഹറസാദ്. ആദ്യചിത്രം ഉദ്ധരണി 26-ാമത് ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ചിരുന്നു.

‘ഷഹറസാദ്’ എന്ന സിനിമയിൽ നിന്ന്

ചിത്രശാല പറയുന്നത്

ലോകസിനിമകൾ പോയിട്ട് ഇന്ത്യൻ സിനിമകൾ പോലും കാണാനുള്ള സാഹചര്യമില്ലാതിരുന്ന മലയാളികളെ നല്ല സിനിമകൾ കാണിക്കുവാനും സിനിമയെന്ന കലയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും തന്നെയാണ് ഫിലിം സൊസൈറ്റികൾ നാട്ടിൽ സജീവമായത്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ വലിയ വിജയം തന്നെയായിരുന്നു. ഇന്നും നല്ല സിനിമകളെ പ്രണയിക്കുന്ന എത് മലയാളിയോടു ചോദിച്ചാലും അവരുടെ സിനടൊ കാഴ്ച്ചപ്പാടുകൾ രൂപീകരിച്ചതിൽ ഫിലിം സൊസൈറ്റികൾക്കുള്ള പങ്കിനെക്കുറിച്ച് കൃത്യമായ ധാരണ കിട്ടും. ഇന്ന് ലോകത്തിന്റെ ഏത് ഭാഗത്തിറങ്ങുന്ന സിനിമകളെക്കുറിച്ച് അറിയാനും അവയെ കണ്ടെത്താനും വീട്ടിൽ തന്നെയിരുന്ന് കാണാനും ഭൂരിഭാഗം ആളുകൾക്കും സാധിക്കുന്നുണ്ട്. മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത തരത്തിലുള്ള വിവര സാങ്കേതിക വിദ്യയുടെ വളർച്ചതന്നെയാണ് ഈ മാറ്റങ്ങൾക്ക് കാരണം. ഇത്തരമൊരു കാലത്ത് നല്ല സിനികൾ കാണിക്കുവാനും സിനിമയെന്ന കലയോടുള്ള സ്നേഹം വർദ്ധിപ്പിക്കാനും മാത്രമായി ശ്രമിച്ചാൽ ഫിലിം സൊസൈറ്റികൾക്ക് നിലനിൽപ്പുണ്ടാകില്ല. പക്ഷേ, ചലച്ചിത്ര പ്രദർശനങ്ങൾക്കും ചർച്ചകൾക്കും അപ്പുറത്ത് സിനിമയുടെ സമസ്ത മേഖലയിലും ഇറങ്ങി കളിക്കാൻ തയ്യാറാകുന്ന ഫിലിം സൊസൈറ്റികൾക്കു മുന്നിൽ സാധ്യതകളുടെ വലിയൊരു ലോകമുണ്ട്. അതിന് നല്ല ഉദാഹരണം തന്നെയാണ് ചിത്രശാല. കേരളത്തിലെ ഒട്ടുമിക്ക ഫിലിം സൊസൈറ്റികളെയും പോലെയാണ് ചിത്രശാലയും. സാമ്പത്തികമായി അത്രയൊന്നും മികച്ച നിലയിലല്ല. എന്നാൽ, യുവതലമുറയിലെ പ്രതിഭാധനർക്ക് ആവശ്യമായ പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നൽകിയാൽ, മികച്ച സൃഷ്ടികൾ മലയാളത്തിൽ പിറവിയെടുക്കുമെന്ന ധാരണ തന്നെയാണ് ചിത്രശാലയുടെ പ്രവർത്തകരെ ചലച്ചിത്ര നിർമാണത്തിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്. ജോലിയിൽനിന്ന് വിരമിച്ചവും ചെറുകിട സംരംഭകരും ഒക്കെയാണ് ചിത്രശാലയുടെ പ്രവർത്തകർ. ചില മുൻകാല പ്രവർത്തകർ ഇപ്പോൾ വിദേശത്തും ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം ചേർന്ന് വർഷങ്ങൾക്കൊണ്ട് സമാഹരിച്ച തുകയാണ് ചിത്രശാലയുടെ പ്രയത്നങ്ങളെ ഫലമുള്ളതാക്കിയതും, ഷെഹറസാദിനെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ എത്തിച്ചതും.

റഫറൻസ്:
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം: ചരിത്രവും വർത്തമാനവും, വി. കെ. ജോസഫ്, നവമലയാളി.com/ നവംബർ 22, 2016

Comments