Photo: Balaji Maheshwar

പുതിയ നൂറ്റാണ്ടിൽ തമിഴ് സിനിമയിൽ എന്ത് സംഭവിച്ചു?

തമിഴ്നാടിനേക്കാളും ചെറിയ ദേശങ്ങളിൽ നിന്നും​ തമിഴകത്ത്​ അനുവദിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നൂറിലൊന്നുപോലും അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ നിന്നും മികച്ച സിനിമകൾ സൃഷ്ടിക്കപ്പെടുന്നു. എന്തുകൊണ്ട് അത് തമിഴിൽ സാധിക്കുന്നില്ല?

മിഴ് സിനിമയിലെ യഥാർത്ഥ ജീവിതവുമായി ബന്ധപ്പെട്ട കഥകളും പശ്ചാത്തലങ്ങളും ആവിഷ്‌കരിക്കപ്പെടുന്നത് ഈ അടുത്ത കാലത്തതാണ്.
അതായത് രണ്ടായിരാമാണ്ടിനുശേഷമാണ് എന്നുപറഞ്ഞാൽ നിങ്ങൾ എന്നെ കളിയാക്കി ചിരിക്കാൻ സാധ്യതയുണ്ട്. ഭൂരിഭാഗം തമിഴരെപ്പോലെ എൻറെയും സിനിമാ ഭ്രാന്തൻ എന്ന പൊതുസ്വഭാവം കൊണ്ടും സിനിമ ഒരു കലയാണ് എന്ന് ഞാനും വിശ്വസിക്കുന്നതുകൊണ്ടുമാണ് ഈ പറച്ചിൽ .

തമിഴിലെ ആദ്യത്തെ ശബ്ദ ചിത്രം ‘കാളിദാസ് ' 1931 ൽ റിലീസ് ചെയ്യപ്പെട്ടിട്ട്​ഇന്നേക്ക് ഒരു നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഏകദേശ കണക്കനുസരിച്ച്​അയ്യായിരത്തോളം തമിഴ് ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് . ലോകത്തുതന്നെ അധികം ചലച്ചിത്രങ്ങൾ നിർമിക്കുന്ന കേന്ദ്രം, അഞ്ചു മുഖ്യമന്ത്രിമാരെ രാഷ്ട്രത്തിന് സംഭാവന ചെയ്ത വിഭാഗം എന്ന ഖ്യാതികൾ തമിഴ് സിനിമയ്ക്കുണ്ട്. എന്നാൽ ലോകത്തിനു മുമ്പിൽ, ഇതാണ് യഥാർത്ഥ തമിഴ് പടം എന്ന് പ്രദർശിപ്പിക്കാൻ പറ്റിയ ഒരു സിനിമ പോലും ഇന്നേവരെ തമിഴിൽ ഉണ്ടായിട്ടില്ല. തമിഴ്നാടിനേക്കാളും ചെറിയ ദേശങ്ങളിൽ നിന്നും​ തമിഴരെ അപേക്ഷിച്ച്​ ജനസംഖ്യ കുറഞ്ഞ ഇടങ്ങളിൽ നിന്നും തമിഴകത്ത്​ അനുവദിക്കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ നൂറിലൊന്നുപോലും അനുവദിക്കപ്പെടാത്ത സാഹചര്യങ്ങളിൽ നിന്നും മികച്ച സിനിമകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ എന്തുകൊണ്ട് അത് തമിഴിൽ സാധിക്കുന്നില്ല? ഈ ചോദ്യത്തിന് സിനിമയുടെ നൂറ്റാണ്ടു ചരിത്രത്തിൽ മറുപടി കണ്ടെത്തുമായിരിക്കാം. ആ അന്വേഷകർക്ക്​ ആശംസകൾ.

പുതിയ സിനിമകളുമായി ഒത്തു നോക്കുമ്പോൾ പഴയ ചിത്രങ്ങളെ ജീവിതത്തിന്റെ കഥകൾ പറയുന്നവ എന്നും പുതിയ നൂറ്റാണ്ടിലെ സിനിമകളെ ജീവിതത്തെ കാഴ്ചപ്പെടുത്തുന്നവ എന്നും വിഭജിക്കാം. ഇതിനു മുൻപ് വന്ന സിനിമകൾ ജീവിത പ്രശ്‌നങ്ങളെ കലയുടെ പ്രശ്നങ്ങളായി കണ്ടില്ല. / Photo: Balaji Maheswar

2000 നുശേഷം പ്രദർശനത്തിനെത്തിയ ചില സിനിമകൾ ആസ്വാദകൻ എന്ന നിലയിൽ നിരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചു. ജീവിതവുമായി പുലർത്തുന്ന ബന്ധത്തിൽ നിന്നുമാണ് ഏതു കലയും ഉണ്ടാകുന്നത് എന്ന പഴഞ്ചൻ അഭിപ്രായം
ഉള്ളതു കാരണം ഈ ചിത്രങ്ങൾ എനിക്ക് പ്രിയപ്പെട്ടതായിരിക്കാം. ഇതിനു മുൻപ് ഇതുപോലെ സിനിമകൾ ഇല്ലായിരുന്നോ? ഉണ്ടായിരുന്നു എന്ന് താണ സ്വരത്തിൽ വേണം പറയാൻ. ഈ പുതിയ സിനിമകളുമായി ഒത്തു നോക്കുമ്പോൾ പഴയ ചിത്രങ്ങളെ ജീവിതത്തിന്റെ കഥകൾ പറയുന്നവ എന്നും പുതിയ നൂറ്റാണ്ടിലെ സിനിമകളെ ജീവിതത്തെ കാഴ്ചപ്പെടുത്തുന്നവ എന്നും വിഭജിക്കാം. ഇതിനു മുൻപ് വന്ന സിനിമകൾ ജീവിത പ്രശ്‌നങ്ങളെ കലയുടെ പ്രശ്നങ്ങളായി കണ്ടില്ല. പുതിയ പടങ്ങൾ ശ്രദ്ധയാകർഷിക്കുന്നത്​ ഈ പോയിന്റിലാണ്.

പുതിയ കാലത്ത്​ നിർമിക്കപ്പെട്ട സിനിമകൾ ഒരു കാര്യം വ്യക്തമാക്കുന്നു. ഓരോ കാലത്തും തമിഴ് സിനിമാലോകത്ത് പരീക്ഷണങ്ങൾ നടന്നു എന്നത് ശരിയാണ്. അവ ശ്രദ്ധിക്കപ്പെട്ടു എന്നതും നേരാണ്. എന്നാൽ ആ പരിശ്രമങ്ങൾക്ക് ഒരു തുടർച്ച ഉണ്ടായിരുന്നില്ല. പുതിയ നൂറ്റാണ്ടിലെ സിനിമയിലാണ് ഈ തുടർച്ച കാണാൻ കഴിയുന്നത്. സാമൂഹ്യ സംഭവങ്ങളിൽ നിന്നുമാണ് ഈ തുടർച്ച ഉണ്ടാകുന്നത്. ഡി.എം. കെ.യിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്ന താ. കൃഷ്ണന്റെ കൊലപാതകമാണ് സുബ്രഹ്മണ്യപുരം സിനിമയുടെ പ്രമേയം.

പാ. രഞ്ജിത്ത്, മാരി സെൽവരാജ്, ടി.ജെ. ജ്ഞാനവേൽ

പരുത്തിവീരൻ, സുബ്രമണ്യപുരം, കാതൽ, വെയിൽ എന്നീ സിനിമകളിലൂടെ സംഭവിച്ച തുടർച്ച പിന്നാലെ വന്ന സംവിധായകർ തുടർന്നു. മുൻഗാമികളും പിൻഗാമികളും സ്ഥലം ഒഴിഞ്ഞു. എങ്കിലും ഈ തുടർച്ച നിലനിൽക്കുന്നു. തമിഴിലെ പുതിയകാല സിനിമയുടെ സ്വഭാവമായി ഇതിനെ കാണാൻ താത്പര്യപ്പെടുന്നു. ഈ തുടർച്ചയാണ് ഏതൊരു കലയെയും മുന്നോട്ടു കൊണ്ടുപോകുന്നത്​ എന്ന് വിശ്വസിക്കാം. അട്ട കത്തി സിനിമയിലൂടെ പ്രവേശിച്ച പാ.രഞ്ജിത്ത് ഈ തുടർച്ചയെ പുതിയ സിനിമയുടെ വ്യാകരണമാക്കുന്നു. അതിന്റെ തുടർച്ചയായി വേണം മാരി സെൽവരാജിന്റെ കർണൻ, ജ്ഞാനവേലിന്റെ ജയ് ഭീം എന്നീ സിനിമകളെ കരുതാൻ. ഒന്നാമത്തെ സിനിമ സംഭവത്തെ, ജാതിയുടെ പ്രശ്‌നമായി കാണുന്നു. രണ്ടാമത്തെ ചിത്രം, വർഗ്ഗീയ തലത്തിൽ സമീപിക്കുന്നു. ഇത്രയും തുറന്ന കാഴ്ചപ്പാട് തമിഴ് സിനിമയിൽ അപൂർവമാണ്.

കലയ്ക്ക് ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള നിലനിൽപും അതിനപ്പുറമുള്ള തുടർച്ചയും ഉണ്ട്. സമകാലിക തമിഴ് സിനിമയിൽ ഇത്​ കാണാം. പരുത്തിവീരനു ശേഷം ആമിർ സുൽത്താനും സുബ്രമണ്യപുരത്തിനുശേഷം ശശികുമാറും കാതലിനുശേഷം ബാലാജി ശക്തിവേലും വെയിലിനുശേഷം വസന്ത ബാലനും മെച്ചപ്പെട്ട രചനകളുമായി വന്നില്ല. അവരുടെ പിൽക്കാല സിനിമകൾ നിലവാരം കുറഞ്ഞവയായിരുന്നു. എന്നാലും അവർ കൊണ്ടുവന്ന പുതിയ സിനിമാബോധം ശക്തമായി തുടരുന്നു. പുതിയ നൂറ്റാണ്ടിൽ തമിഴ് സിനിമയിൽ എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന്​ ഈ മാറ്റമാകും മറുപടി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എൻ. സുകുമാരൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. കാലച്ചുവട്​ എന്ന തമിഴ്​ പ്രസിദ്ധീകരണത്തി​ന്റെ എക്​സിക്യൂട്ടീവ്​ എഡിറ്റർ. കുങ്കുമം എന്ന തമിഴ്​ മാഗസിൻ എഡിറ്ററും സൂര്യ ടി.വി ചീഫ്​ എഡിറ്ററുമായിരുന്നു.

Comments