വാസ്തവവചനമായിത്തീർന്ന ലെനിൻ രാജേന്ദ്രൻ സിനിമ

ആൾദൈവങ്ങളുടെ ലോകത്തെ ആസ്പദമാക്കി ഏറെ കച്ചവട സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്ന് വ്യത്യസ്തമായി ആൾദൈവവ്യവസായത്തിന്റെ രാഷ്ട്രീയാന്തർഗതങ്ങൾ വിശകലനം ചെയ്യുന്ന സിനിമയാണ് ലെനിൻ രാജേന്ദ്രന്റെ ‘വചനം’. മേക്കിങ്ങിൽ സംവിധായകൻ കാട്ടിയ മിതത്വവും യാഥാർത്ഥ്യബോധവും സംവിധായകന്റെ മറ്റു സിനിമകളിൽ നിന്ന് വചനത്തെ ഉയർത്തി നിർത്തുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രദ്ധേയമായ മലയാള സിനിമകളെക്കുറിച്ചുള്ള പഠനപരമ്പര തുടരുന്നു.

"ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു' (യോഹന്നാൻ 1.1 )

ലെനിൻ രാജേന്ദ്രന്റെ വചനം എന്ന സിനിമ ആരംഭിക്കുന്നത് വിഷ്ണുജിയെന്ന ആൾദൈവത്തിന്റെ വചനത്തോടെയാണ്.
"തട്ടിപ്പറിക്കരുത്. തരുന്നത് വാങ്ങാൻ പഠിക്കുക. നിന്റെ പങ്ക് നിനക്ക് തന്നെ കിട്ടും'.

വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട് ലെനിൻ രാജേന്ദ്രൻ. സംഗീത സാഹിത്യകാവ്യപരമായ ദൃശ്യധാരകൾ ആ സിനിമകളിൽ പടർന്നു. ലെനിൻ രാജേന്ദ്രൻ സിനിമകളിൽ ഏറ്റവും പ്രാധാന്യമുള്ള ആവിഷ്‌കാരമാണ് വചനം എന്ന സിനിമ. കൂട്ടത്തിൽ ഏറെ വ്യത്യസ്തമായതും രാഷ്ട്രീയമായി പ്രസക്തമായതെന്ന് പിന്നീട് തെളിയിക്കപ്പെട്ടതും. ആശ്രമങ്ങളേയും ആൾദൈവങ്ങളേയും കുറിച്ച് ഗൗരവമുള്ള ഒരു ചലച്ചിത്രം എടുക്കുക എന്ന ധീരതയ്ക്ക് 1989 ലാണ് ലെനിൻ രാജേന്ദ്രൻ തയാറായത്.

ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ സമീപഭൂതകാലം. ആൾദൈവങ്ങളും ദൈവത്തിന്റെ ആളുകളും ഹിന്ദുത്വശക്തികളുടെ നേതൃത്വത്തിൽ രഥയാത്രകളും വിദ്വേഷപ്രചാരണങ്ങളും ഇന്ത്യ മുഴുവൻ വ്യാപകമാക്കിയ കാലമായിരുന്നു അത്. ദൃശ്യബിംബങ്ങളുടെ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും പുലർത്തുന്ന ജാഗ്രത ലെനിൻ രാജേന്ദ്രന്റെ സവിശേഷതയാണ്. രാഷ്ട്രീയാന്തർഗതങ്ങളുള്ള ഈ സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള സവിശേഷമായ ദൃശ്യപരിചരണത്തിലൂടെ തന്റെ കൈയൊപ്പ് സംവിധായകൻ പതിപ്പിച്ചതായി കാണാം. പുരോഗമനവീക്ഷണങ്ങളുടെ ഉയിർപ്പുകൾ കൃത്യമായി അടയാളപ്പെട്ട ലെനിൻ രാജേന്ദ്രൻ സിനിമയാണ് വചനം.

കോരിച്ചൊരിയുന്ന രാത്രിമഴയിൽ രവി (സുരേഷ് ഗോപി) ഒരു കൂട്ടം ആളുകളാൽ ആക്രമിക്കപ്പെടുന്ന രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. ആക്രമിക്കപ്പെട്ട് ബോധരഹിതനായി വഴിയിൽ കിടക്കുന്ന രവിയെ അതുവഴി ബുള്ളറ്റിൽ വരുന്ന സുഹൃത്ത് ഗോപൻ (ജയറാം) കാണുന്നു. അക്രമികൾ കാറിൽ കയറി ഓടിമറയുന്നതിനും ഗോപൻ സാക്ഷിയാണ്. പൊലീസിനൊപ്പം സംഭവസ്ഥലത്ത് എത്തുമ്പോൾ അവിടെ രവിയെ കാണാനില്ലായിരുന്നു. അതോടെ ഗോപൻ പൊലീസിന്റെ സംശയത്തിലാകുന്നു. രവിയും ഗോപനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ കഥ കുറച്ചു പുറകോട്ടു പോകുന്നു.

ഫ്ലാഷ് ബാക്ക് വിഷ്ണുജിയെ (ചാരുഹാസൻ) കാണാനെത്തുന്ന രവിയിൽ തുടങ്ങി ശാന്തിഗിരി ആശ്രമത്തെ പിന്തുടരുന്നു. ഗോപൻ ശാന്തിഗിരി ആശ്രമത്തിൽ ഗവേഷണത്തിനായി എത്തുന്നതോടെ ആശ്രമത്തിന്റെ നടത്തിപ്പും പ്രവർത്തനങ്ങളും അവതീർണ്ണമാവുന്നു. വിദേശികളുടെ അടക്കം സാമ്പത്തിക സഹായത്താൽ നടത്തപ്പെടുന്ന ആത്മീയസ്ഥാപനമാണ് ശാന്തിഗിരി. നിഷ്‌കളങ്കനായ രവി, വിഷ്ണുജിയെ ഏറെ ആരാധനയോടെയും ആദരവോടെയും കാണുമ്പോൾ ഗോപൻ വിഷ്ണുജിയിൽ ഒരു വഞ്ചകന്റെ മുഖമാണ് ദർശിക്കുന്നത്.

വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് മായ (സിതാര). രവിയും ഗോപനും അവളെ പരിചയപ്പെടുകയും അവർ മൂവരും സുഹൃത്തുക്കളായിത്തീരുകയും ചെയ്യുന്നു. രവിയും മായയും പരസ്പരം അടുക്കുന്നു. ഇരുവരും തമ്മിലുള്ള സ്‌നേഹം പരസ്പരം വെളിപ്പെടുത്താൻ ഗോപനാണ് ഇരുവരേയും സഹായിക്കുന്നത്. ശാന്തിഗിരി സന്ദർശിക്കുന്ന ആര്യാശ്രമത്തിന്റെ അധിപയായ ആര്യാദേവി (ശ്രീവിദ്യ) രവിയെ ആര്യാശ്രമത്തിലേയ്ക്ക് താത്കാലികമായി കൊണ്ടുപോകുന്നു. അവിടെയായിരുന്നു രവിയുടെ ബാല്യകാലം. (രവി ഇവരുടെ മകനാണെന്ന സത്യം അവസാനഘട്ടത്തിൽ വെളിപ്പെടുന്നുമുണ്ട്). വിഷ്ണുജിയുമായി നേരത്തെ ബന്ധമുള്ള വ്യക്തിയാണ് ആര്യാദേവി. ആശ്രമം തുടങ്ങുന്നതിനായി വിദേശികളിൽ നിന്ന് പണം ലഭിക്കാൻ തന്നെ ഇരയാക്കി എന്ന് വിഷ്ണുജിയെ കുറിച്ച് അവർ ആരോപിക്കുന്നു.

വീണ്ടും വർത്തമാനകാലത്തിലേക്ക് വരുന്നതോടെ രവിയെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം മുമ്പോട്ട് പോകുന്നു. തന്റെ ശിഷ്യനായ രവിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വിഷ്ണുജി ആശ്രമത്തിന്റെ മുൻപിൽ നിരാഹാരം അനുഷ്ഠിക്കുന്നു. ഇതിനിടയിൽ രവിയെ പലരും പലയിടത്തും കണ്ടെത്തിയതായി വ്യാജ വിവരങ്ങൾ പൊലീസിനു ലഭിക്കുന്നു. രവിയെ കാണാതായ കേസ് അന്വേഷിക്കുന്ന പൊലീസ് സൂപ്രണ്ട് (തിലകൻ) നിരവധി അന്വേഷണങ്ങൾക്കും പരിശ്രമങ്ങൾക്കും ശേഷം, രവിയുടെ കൊലപാതകിയെ തിരിച്ചറിയുന്നു. അതീവ സ്വഭാവികതയോടെ ചിത്രീകരിച്ചിട്ടുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ സ്വഭാവം ഈ രംഗങ്ങളിൽ ചിത്രം ആർജിക്കുന്നു. സാമ്പത്തികനേട്ടത്തിനുവേണ്ടി ആശ്രമാധികാരികൾ നടത്തുന്ന വഴിവിട്ടുള്ള പ്രവൃത്തികളെപ്പറ്റി രവിയ്ക്കറിവുണ്ടായിരുന്നു എന്നു വെളിപ്പെടുന്നു. ആശ്രമത്തിന്റെ മറവിൽ നടക്കുന്ന വേശ്യാവൃത്തി ഉൾപ്പെടെയുള്ള പല ആശാസ്യമല്ലാത്ത കാര്യങ്ങളും രവി അറിഞ്ഞിട്ടുണ്ടായിരുന്നു. അതൊക്കെ സമൂഹത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് രവി വിഷ്ണുജിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് ഓഫീസർ മനസ്സിലാക്കുന്നു.

സത്യാവസ്ഥ അറിയാൻ ശ്രമം നടത്തുന്ന ഗോപനെ വിഷ്ണുജിയുടെ ഗുണ്ടകൾ അക്രമിക്കുന്നു. രവിയെ കൊലപ്പെടുത്തിയതിനെപ്പറ്റി മായയുടെ അച്ഛൻ രാഘവനോട്(ബാബു നമ്പൂതിരി) വിഷ്ണുജി പറയുന്നത് കേട്ട കാര്യം മായ പൊലീസിനു മുന്നിൽ വെളിപ്പെടുത്തുന്നു. ഇതോടെ വിഷ്ണുജി അറസ്റ്റു ചെയ്യപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ വക്കീൽ (നെടുമുടി വേണു) കോടതിയിൽ, രവി ജീവിച്ചിരിക്കുന്നതായും അദ്ദേഹം എവിടെയോ ഒളിവിലാണെന്നും രവിയുടെ സുഹൃത്ത് ഗോപൻ ഒരു മാനസിക രോഗിയായതിനാൽ അദ്ദേഹം പറയുന്നത് വിശ്വസിക്കാനാകില്ല എന്നും കോടതിയിൽ വാദിച്ചു സമർഥിക്കുകയും കോടതി വിഷ്ണുജിയെ വെറുതെ വിടുകയും ചെയ്യുന്നു. വിഷ്ണുജിക്ക് അനുയായികൾ വീരോചിത വരവേൽപ്പ് നൽകുന്നു.

നീതിന്യായ സംവിധാനത്തോട് അതൃപ്തി തോന്നിയ ഗോപൻ ഒരു പദ്ധതി തയാറാക്കി വിഷ്ണുജിയെ വധിക്കുന്നു. വിഷ്ണുജിയെ വധിച്ചത് രവിയാണെന്നുള്ള വ്യാജ തെളിവുണ്ടാക്കുന്നു അദ്ദേഹം. മാനസിക രോഗിയായതിനാലും മതിയായ തെളിവില്ലാത്തതിനാലും ഗോപനെ കോടതി വെറുതെവിടുകയും രവിയെ കണ്ടെത്താൻ പൊലീസിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്യുന്നു.

ആൾദൈവങ്ങളുടെ ദുരൂഹലോകങ്ങൾ

ആൾദൈവങ്ങളുടെ ലോകത്തെ ആസ്പദമാക്കി ഏറെ കച്ചവട സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്ന് വ്യത്യസ്തമായി ആൾദൈവവ്യവസായത്തിന്റെ രാഷ്ട്രീയാന്തർഗതങ്ങൾ വിശകലനം ചെയ്യുന്ന സിനിമയാണ് ലെനിൻ രാജേന്ദ്രന്റെ വചനം. മേക്കിങ്ങിൽ സംവിധായകൻ കാട്ടിയ മിതത്വവും യാഥാർത്ഥ്യബോധവും സംവിധായകന്റെ മറ്റു സിനിമകളിൽ നിന്ന് വചനത്തെ ഉയർത്തി നിർത്തുന്നു.

ചാരുഹാസൻ അവതരിപ്പിക്കുന്ന വിഷ്ണുജി എന്ന കഥാപാത്രം കേവലം ഒരു വില്ലനായല്ല സിനിമയിൽ പ്രത്യക്ഷമാകുന്നത്. ഭക്തജനങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്ന ഒരു മനുഷ്യ കാരുണ്യ പ്രവർത്തകനാണദ്ദേഹം. അദ്ദേഹത്തിന്റെ ആശ്രമം സേവനോത്സുകരായ യുവാക്കളെ ആകർഷിക്കും വിധം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പൂർവ്വാശ്രമമുള്ളയാളാണ് വിഷ്ണുജി. ഈ ഒരു പരാമർശത്തോടെയുള്ള കഥാപാത്രസൃഷ്ടി ഏറെ സംസാരിക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ നിർണായകമായ ഒരു ഘട്ടത്തിൽ പിൻവലിഞ്ഞ് ആത്മീയ വ്യവസായത്തിലേക്ക് തിരിഞ്ഞ ഒരാളുടെ പ്രവൃത്തി സാമൂഹ്യശാസ്ത്രപരവും രാഷ്ട്രീയവുമായ അപഗ്രഥനം അർഹിക്കുന്നുണ്ട്. ദേശീയ വിമോചന സമരം പകുതി വഴിയിൽ നിർത്തൽ ഇന്ത്യയിൽ സമരം നയിച്ച വർഗത്തിന്റെ വർഗ്ഗപരമായ പരിമിതിയുടെ സൂചനയാണ്. ഇന്ത്യയിൽ അതിനേറെ ദൃഷ്ടാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. പിൽക്കാലത്ത് ആത്മീയസ്ഥാപനങ്ങളും ആത്മീയ കച്ചവട സ്ഥാപനങ്ങളും ആരംഭിച്ച പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

സൗമ്യനായി കാണപ്പെടുന്ന വിഷ്ണുജിയുടെ കണ്ണിൽ ക്രൗര്യത്തിന്റേയും അയാളുടെ പ്രവൃത്തികളിൽ കൂട്ടിക്കൊടുക്കലിന്റേയും അംശങ്ങൾ സ്വാനുഭാവത്തിലൂടെയാണ് രവി തിരിച്ചറിയുന്നത്. വിഷ്ണുജിയെക്കുറിച്ച് മനസിൽ കൊണ്ടു നടന്ന ബിംബം തകർന്നടിയുന്ന വേളയിൽ "വിഷ്ണുജി കള്ളനാണ്, കള്ളൻ കള്ളൻ... ' എന്നലറുന്ന രവിയെയാണ് നാം കാണുന്നത്. നിരാശയുടേയും നിസ്സഹായതയുടേയും പരകോടിയിൽ ആശ്രമ മുറ്റത്ത് ആ കെട്ടിടത്തിന് അഭിമുഖമായി നിന്ന് ഉറക്കെ ആ വാക്കുകൾ ഉരിയാടുമ്പോൾ രവി തന്നെത്തന്നെ വേദനയോടെ തിരുത്തുകയാണ്. അത് അയാളെ സംബന്ധിച്ചിടത്തോളം വലിയ പിടച്ചിലാണ്. ആത്മീയ വ്യവസായസ്ഥാപനങ്ങളുടെ നൃശംസതകൾ പ്രേക്ഷകർക്ക് ഉള്ളിൽ തട്ടും വിധം ബോധ്യപ്പെടുന്ന നിമിഷം കൂടിയാണത്. അത് താനകപ്പെട്ട കുരുക്കിന്റെ കാഠിന്യങ്ങൾക്കകത്ത് നിന്ന് അയാൾ നടത്തുന്ന കുമ്പസാരം കൂടിയായി അനുഭവപ്പെടുന്നുണ്ട്. അത്തരമൊരു തിരിച്ചറിവിന്റെ നിമിഷം സമർഥനായ വിഷ്ണുജി ഒരു പക്ഷേ, നേരത്തെ പ്രതീക്ഷിച്ചതുമാണ്. അതുകൊണ്ടു തന്നെ രവിയടക്കം എല്ലാവരും വിഷ്ണുജിയുടെ റഡാറിനകത്തായിരുന്നു. ഇന്ന് ആധുനിക ഭരണകൂടത്തിന്റെ സർവൈലൻസിനകത്ത് ജീവിക്കുന്ന നാം ഇന്ത്യക്കാർക്ക് അത് കൂടുതൽ മനസ്സിലാകും. ആ വീർപ്പുമുട്ടലിനും ഇന്ത്യൻ ജനതയുടെ പിടച്ചിലുകൾക്കും സമാനതകളുണ്ട്.

ഭരണകൂടമായാലും സ്ഥാപനമായാലും മനുഷ്യവിരുദ്ധതയുടെ ദ്രംഷ്ടകളുമായി വേട്ടയാടലുകൾ നടത്തുമ്പോൾ സാധാരണ മനുഷ്യർ നിസ്സഹായരാവും. അതു തീവ്രമായ പ്രതികരണങ്ങൾ ഉണ്ടാക്കും. അതിനെതിരെ ഒറ്റയാൾ പോരാട്ടങ്ങളിലേക്ക് കടക്കുന്ന ഒരാൾ മരണത്തിലേക്ക് നടന്നടുക്കുക കൂടിയാണ്. അത്തരക്കാരെ നിഷ്‌കാസനം ചെയ്യുന്നതിന് ഭരണകൂടത്തിന്, അതിന്റെ സ്ഥാപനങ്ങൾക്ക് ആളെ കണ്ടെത്താൻ വിഷമമില്ല. ഇരകൾക്കിടയിൽ നിന്നുതന്നെ വേട്ടകൾ നടത്താൻ ആളുകളെ കണ്ടെത്തുന്നതിന് സമകാലിക ഇന്ത്യ ഉദാഹരണമാണല്ലോ. രവിയെ കൊല്ലാൻ വിഷ്ണുജി കണ്ടെത്തുന്നത് രവിയുടെ പ്രണയിനിയും തന്റെ സെക്രട്ടറിയുമായ മായയുടെ അച്ഛനെയാണ്. അയാളെ മുൻപ് സ്വാധീനം ഉപയോഗിച്ച് ശിക്ഷയിൽ നിന്നും രക്ഷിച്ചെടുത്തതിനാൽ അയാൾ താൻ പറയുന്നതുപോലെ എന്തിനും തയാറാവും എന്നു വിഷ്ണുജിക്ക് ഉറപ്പാണ്. മനുഷ്യരെ വേട്ടയാടലുകൾക്ക് ഉപയോഗപ്പെടുത്തുന്ന കരുനീക്കങ്ങൾ നടത്താൻ കെല്പുള്ളവരാണ് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ. രാഷ്ട്രീയപാർട്ടികൾ അടക്കം എല്ലാ ഭരണകൂടസ്ഥാപനങ്ങളിലും അതു നടക്കുന്നു.

ആശ്രമത്തിന്റെ അകത്തളങ്ങൾ

രവിയുടേയും ഗോപന്റേയും കഥാപാത്രസൃഷ്ടിയിൽ കാണിച്ച ഔചിത്യവും രാഷ്ട്രീയബോധവും സിനിമയെ പ്രസക്തമാക്കുന്ന ഒന്നായിത്തീരുന്നു. സിനിമ വന്ന കാലത്തെ രണ്ട് യുവനടൻമാരായ സുരേഷ്‌ഗോപിയും ജയറാമുമാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സേവനത്തോടുള്ള ആഗ്രഹങ്ങളോടെ ആശ്രമത്തിൽ എത്തിച്ചേരുന്ന യുവാവാണ് രവി. അനാഥാലയത്തിൽ വളർന്ന അയാൾ ആര്യാദേവിയുടെ മകനാണ് എന്ന് അവസാനഭാഗത്ത് വെളിപ്പെടുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയ ആളാണദ്ദേഹം. ആത്മീയസ്ഥാപനങ്ങളെ നിലനിർത്തിപ്പോരുന്നത് അവിടെയുള്ള അത്തരം യുവാക്കളാണ്. അവരിൽ ഭൂരിപക്ഷവും രവിയെപ്പോലെ അതിനു പിന്നിലെ രാഷ്ട്രീയമോ കളികളോ മനസ്സിലാക്കാതെ വന്നുചേരുന്ന തലച്ചോറടിമകളാണ്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് രവിയ്ക്ക് ആശ്രമത്തിലെ തട്ടിപ്പുകൾ ബോധ്യപ്പെടുന്നത്. അതു പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് അയാൾ വധിക്കപ്പെടുന്നത്. ഇന്ന് വചനം എന്ന സിനിമ കാണുന്ന ഒരാളുടെ ഓർമയിലേയ്ക്ക് സത്‌നാംസിംഗ് എന്ന യുവാവിന്റെ മരണം വന്നേക്കാം. സത്‌നാംസിംഗിന്റെ മരണം നടന്നത് 2012 ലായിരുന്നു. സിനിമ റിലീസ് ആയിട്ട് 22 വർഷങ്ങൾക്കുശേഷം.

ഗോപനാകട്ടെ ആധുനികവീക്ഷണം വച്ചുപുലർത്തുന്ന അക്കാലത്തെ യുവത്വത്തിന്റെ പ്രതിനിധിയാണ്. സുഹൃത്തിന്റെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്ന സഹയാത്രികൻ. പുരോഗമനവീക്ഷണം പുലർത്തുന്ന ഗോപൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങളെ വിശകലനം ചെയ്യാൻ കഴിയുന്ന ആളാണ്. ജെ എൻ യു വിൽ നിന്നും ഗവേഷണത്തിന്റെ ഭാഗമായാണ് അയാൾ ശാന്തിഗിരി ആശ്രമത്തിലെത്തുന്നത്. ഗോപന്റെ പിതാവ് ബാലനാരായണൻ വിഷ്ണുജിയോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ആളാണ്. എന്നാൽ വിഷ്ണുജിയെപ്പോലെ അതു വഴിക്കുവച്ച് നിർത്തിയ ആളല്ല. വിഷ്ണുജി സമരത്തിൽ നിന്നും ഒളിച്ചോടി ആത്മീയതയിലേക്കും ആത്മീയകച്ചവടത്തിലേക്കും വഴിമാറിയപ്പോൾ ഗോപന്റെ പിതാവ് അതു തുടർന്ന ആളായിരുന്നു എന്ന സൂചനയാണ് സിനിമയിലുള്ളത്. ഇതു സിനിമയുടെ രാഷ്ട്രീയവായനയിൽ അർത്ഥവത്തായ പ്രസ്താവനയായി എടുക്കാവുന്ന ഒന്നാണ്. ആ പൈതൃകത്തിന്റെ തുടർച്ച കൂടിയാണ് ഗോപന്റെ പുരോഗമന അവബോധത്തിൽ ഉള്ളത്. ആശ്രമത്തിൽ നടക്കുന്ന സേവനപ്രവർത്തനങ്ങളുടെ പിന്നിലുള്ള ചൂഷണവും കാപട്യവും രവിക്കുമുമ്പിൽ അവതരിപ്പിക്കുന്നതും ഗോപൻ തന്നെയാണ്. തിരിച്ചറിവിന്റെ ഒരു തലം അയാളുടെ വ്യക്തിത്വത്തിൽ ഉണ്ട്. ഗോപൻ അനവധി ശാന്തിപുരങ്ങൾ കണ്ടയാളാണ്. ആശ്രമപരിസരത്തിന്റെ ശാന്തതയെ ഭേദിച്ചുകൊണ്ടു കടന്നു വരുന്ന അയാളുടെ ബുള്ളറ്റ് ഒരു സൂചനയാണ്. വിഷ്ണുജിയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട് അതിന്റെ ശബ്ദം. വിധേയത്വം ഉത്പാദിപ്പിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ അകങ്ങളിൽ ചുണയുള്ള ഒരു സാന്നിധ്യമാവുകയായിരുന്നു തുറന്ന മനഃസ്ഥിതിക്കുടമയായ ഗോപൻ എന്ന യുവാവ്.

ആൾദൈവം എന്ന ദല്ലാൾ

വിഷ്ണുജിയെന്ന ആശ്രമാധിപൻ ഏറെ സങ്കീർണതകൾ നിറഞ്ഞ ഒരു കഥാപാത്രമാണ്. സ്വയം വഞ്ചിക്കുന്നതിന്റെ വലിയ സംഘർഷം ഉള്ളിലൊതുക്കുന്നുണ്ട് ഈ ആൾദൈവം. സമരതീക്ഷ്ണമായ ഒരു ഭൂതകാലമാണ് അദ്ദേഹത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആൾ. താമ്രപത്രം നിരസിക്കുകയും പത്മഭൂഷൻ വേണ്ടെന്നു വയ്ക്കുകയും ചെയ്ത ത്യാഗി. ചർക്കയോട് ഇപ്പോഴും ആഭിമുഖ്യം കാണിക്കുന്ന ലളിതജീവിതത്തിനുടമ. അതു അയാളിലെ ഒളിച്ചോട്ടവ്യഗ്രതയെ സൂചിപ്പിക്കുന്നത് കൂടിയാണ്. ആരും എന്നെ മനസിലാക്കുന്നില്ല എന്ന് വിഷ്ണുജി പറയുന്നുണ്ട്. എന്നാൽ അയാളിലെ അധികാരോന്മുഖത്വവും കീഴടങ്ങൽ മനോഭാവവും ദല്ലാളത്തത്തിലേയ്ക്ക് അയാളെ നയിക്കുന്നു. സായിപ്പിന് അവർക്കു വേണ്ടതായ ഭക്ഷണവും വിഭവങ്ങളും പാവനമായ ആശ്രമത്തിനകത്തുതന്നെ ഒരുക്കുന്നത്ര ഉദാരവീക്ഷണം പ്രകടിപ്പിക്കുന്ന ആൾദൈവം തന്റെ അന്തേവാസികളോട് കാർക്കശ്യം കാണിക്കുന്നു. കാശു തരുന്ന സായിപ്പിന് പെൺ അന്തേവാസികളെ കൂട്ടിക്കെടുക്കുന്നതിലേയ്ക്ക് അയാളുടെ മനസ്സ് ജീർണമാകുന്നു. അയാൾ നടത്തിയ രാഷ്ട്രീയമായ കീഴടങ്ങലിന്റെ തുടർച്ചയായി സംഭവിക്കുന്നതാണ് ഈ ജീർണതയൊക്കെയും. ഇന്ത്യൻ ഭരണവർഗത്തിന്റെ ദല്ലാൾ സ്വഭാവവും സാമ്രാജ്യത്തത്തോടുള്ള സമരസപ്പെടലും ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. അഹിംസയിലധിഷ്ഠിതമെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വിഷ്ണുജിയുടെ ബാഹ്യമായ എല്ലാ പെരുമാറ്റങ്ങളും വിനിമയങ്ങളും. അതുകൊണ്ടാണ് വിഷ്ണുജിയുടെ കണ്ണുകളിൽ ദയയും അനുകമ്പയും ആണുള്ളതെന്ന് രവി ഗോപനോടു പറയുന്നത്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള പ്രശസ്ത തെന്നിന്ത്യൻ അഭിനേതാവായ ചാരുഹാസനെ ഉള്ളിൽ വില്ലത്തമുള്ള ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ തെരഞ്ഞടുത്തതിലൂടെ വലിയ ഔചിത്യമാണ് സംവിധായകൻ പ്രകടിപ്പിച്ചതു എന്നു കാണാം.

സിനിമയിലെ രണ്ട് സ്ത്രീകഥാപാത്രങ്ങളും പുരുഷലോകത്തിന്റേയും സ്ഥാപനങ്ങളുടേയും ചൂഷണത്തിന് വിധേയരായി തങ്ങളുടേതായ ജീവിതം സാധ്യമാക്കാൻ കഴിയാത്തവരാണ്. ആര്യാദേവി എന്ന ആര്യാശ്രമത്തിന്റെ മേധാവിയും മായ എന്ന വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയും. ആര്യാദേവി എന്ന കഥാപാത്രം സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. ഉള്ളിലെ സ്ത്രീയെ മറച്ചുവച്ച് ദേവിയായി വേഷമിട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവൾ. യൗവനത്തിൽ വിഷ്ണുജിയാൽ വഞ്ചിക്കപ്പെട്ടു നിസ്സഹായയായി മറ്റൊരു ആശ്രമത്തിലേയ്ക്ക് നയിക്കപ്പെട്ടവൾ. മകൻ തന്റെ കൂടെ ആശ്രമത്തിൽ ഉണ്ടായിട്ടും അമ്മയെന്ന രീതിയിൽ ജീവിക്കാൻ കഴിയാതെ വന്ന ഹതഭാഗ്യ. ഒരു ആശ്രമത്തിന്റെ മേധാവിയായി ആൾദൈവത്തിന്റെ പരിവേഷത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയ്ക്കുപോലും ചതിക്കപ്പെട്ടതിന്റേയും പീഡിപ്പിക്കപ്പെട്ടതിന്റേയും ചരിത്രമാണുള്ളത് എന്ന് ആര്യദേവിയുടെ അവസ്ഥ സൂചിപ്പിക്കുന്നു. ദേവിയായിരിക്കുമ്പോഴും അവരനുഭവിക്കുന്ന ഏകാന്തത അനുഭവഭേദ്യമാക്കാൻ ശ്രീവിദ്യയുടെ ആര്യാദേവിയ്ക്ക് കഴിയുന്നുണ്ട്.

സ്​ത്രീയുടെ നിസ്സഹായതകൾ

മായയുടെ നിസ്സഹായാവസ്ഥയും സിനിമയിൽ വളരെ യഥാതഥമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മദ്യപാനിയായ അച്ഛൻ രാഘവനു കീഴിൽ കുടുംബം പോറ്റാൻ നിർബന്ധിതമായ വീട്ടിലെ മൂത്ത മകളാണ് മായ. രവിയെ കൊല്ലാൻ വിഷ്ണുജി നിയോഗിക്കുന്നത് രാഘവനെയാണ്. കൊലക്കയറിൽ നിന്ന് തന്നെ രക്ഷിച്ച ദൈവമായാണ് വിഷ്ണുജിയെ ഗുണ്ടയായ അയാൾ കാണുന്നത്. എല്ലാം കണ്ടും കേട്ടും വിഷ്ണുജിയുടെ ആശ്രമത്തിൽ അവൾ ജോലി ചെയ്യുന്നത് തന്റെ കുടുംബത്തെ പട്ടിണിയിൽ നിന്ന് കരകയറ്റാൻ വേണ്ടിയാണ്. പുറത്ത് സന്തോഷം വരുത്തി ജോലി ചെയ്യാൻ നിർബന്ധിതയായ മായ ഉള്ളിൽ സങ്കടക്കടൽ പേറുന്നവളാണ്. വീട്ടിലെ ദാരിദ്ര്യത്തിന്റെ സമ്മർദ്ദത്താൽ വീണ്ടും ആശ്രമം എന്ന അധികാരസ്ഥാപനത്തിൽ മായ തിരിച്ചെത്തുന്ന ദൃശ്യം അർത്ഥവത്തായി ലെനിൻ രാജേന്ദ്രൻ ചിത്രീകരിച്ചിട്ടുണ്ട്. മായയുടെ മുഴുവൻ ദൈന്യതയും നിരാശയും നിസ്സഹായാവസ്ഥയും സങ്കടവും മുകളിൽ നിന്നെടുത്ത ആ ഷോട്ടിലുണ്ട്. സ്ഥാപനങ്ങളുടെ മനുഷ്യവിരുദ്ധതയോട് ഏറ്റുമുട്ടുന്നവരുടെ യാതന ആ ഷോട്ടിൽ ആഴത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. മായ വരുമെന്ന് എനിക്കറിയാമായിരുന്നു എന്ന വിഷ്ണുജി വചനത്തോടെ അതു പൂർണമാകുന്നു.

തിലകനാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി തോമസ് മാത്യുവിനെ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ രൂപകൽപന ആവശ്യപ്പെടുന്ന മിതത്വം അവതരണത്തിൽ പുലർത്താൻ തിലകനു കഴിഞ്ഞിട്ടുണ്ട്. പൊലീസന്വേഷണത്തിന്റെ കച്ചവടോന്മുഖമായ അവതരണത്തിന്റെ ശൈലിയിൽ നിന്നും മാറി വളരെ റിയലിസ്റ്റിക്കായാണ് അന്വേഷണത്തിന്റെ സീനുകൾ ഒരുക്കിയിട്ടുള്ളത് എന്നു കാണാം. കൊലപാതകം നടന്നത് വിഷ്ണുജിയുടെ നിർദ്ദേശപ്രകാരമാണെന്ന് പരുക്കനായ പോലീസ് ഓഫീസർ കണ്ടെത്തുന്നു. ഗോപനെ കുടുക്കാനുള്ള വ്യാജതെളിവുകൾ ഉണ്ടാക്കപ്പെട്ടിരുന്നെങ്കിലും കൃത്യമായ നിഗമനത്തിലേക്ക് അന്വേഷണത്തെ നയിക്കാൻ പൊലീസ് സുപ്രണ്ടിന്റെ ടീമിന് കഴിയുന്നു. കൊലപാതകം ആസൂത്രണം ചെയ്ത വിഷ്ണുജിക്കുവേണ്ടി കോടതിയിൽ വക്കീലായി വരുന്ന നെടുമുടി വേണുവും അക്കാലത്തുതന്നെ മുഖ്യധാരയിലുള്ള നടനാണ്. സത്യം കോടതിയിൽ കൊലചെയ്യപ്പെടുന്നു. പൊലീസ് ഓഫീസർ നിസ്സഹായനാവുന്നു. എന്നാൽ ഗോപൻ രവിയ്ക്ക് കിട്ടാത്ത നീതി വിഷ്ണുജിയ്ക്കും ലഭിക്കരുതെന്ന് ഉറപ്പിച്ച് അയാളെ ഇല്ലാതാക്കുന്നു. അതിനയാൾക്ക് ധാർമികമായി അവകാശമുണ്ടെന്ന് അയാൾ കരുതുന്നു. അതു ശരിയായില്ലെന്നു പറയുന്ന പൊലസ് ഓഫീസറോട് നിയമത്തിന്റെ പഴുതുകൾ തനിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്ന് പറയുന്നു. നീതി കിട്ടാതെ വരുമ്പോൾ നിയമം കയ്യിലെടുക്കേണ്ടിവരുന്ന മനുഷ്യരുടെ എതിർവചനമാണത്. സത്യമേവ ജയതേ എന്ന വാക്യം കാണിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

1981- ൽ ഇറങ്ങിയ വേനൽ മുതൽ 2016- ലെ ഇടവപ്പാതി വരെ 15 സിനിമകളാണ് ലെനിൻ രാജേന്ദ്രൻ സാക്ഷാത്കരിച്ചത്. വചനം എന്ന സിനിമ ടിറ്റി പ്രൊഡക്ഷൻസിന്റെ ബാനറിൽ 1989 ലാണ് ഇറങ്ങിയത്. കഥയും തിരക്കഥയും സംവിധായകന്റേതുതന്നെ ആയിരുന്നു. നിർമാണം ജയൻ ടിറ്റി ജോർജ്. സംഗീതം മോഹൻ സിത്താര. ഒ.എൻ.വി രചിച്ച "നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി...' എന്ന കവിത തുളുമ്പുന്ന യേശുദാസ് ആലപിച്ച് ഗാനം മനോഹരമായ സീനുകളോടെ സിനിമയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മധു അമ്പാട്ട് ആണ് ഛായാഗ്രഹണം. ശ്രീപ്രകാശ് സഹസംവിധായകൻ. എഡിറ്റിംഗ് വി.ആർ. കെ. പ്രസാദ്.


Summary: ആൾദൈവങ്ങളുടെ ലോകത്തെ ആസ്പദമാക്കി ഏറെ കച്ചവട സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്ന് വ്യത്യസ്തമായി ആൾദൈവവ്യവസായത്തിന്റെ രാഷ്ട്രീയാന്തർഗതങ്ങൾ വിശകലനം ചെയ്യുന്ന സിനിമയാണ് ലെനിൻ രാജേന്ദ്രന്റെ ‘വചനം’. മേക്കിങ്ങിൽ സംവിധായകൻ കാട്ടിയ മിതത്വവും യാഥാർത്ഥ്യബോധവും സംവിധായകന്റെ മറ്റു സിനിമകളിൽ നിന്ന് വചനത്തെ ഉയർത്തി നിർത്തുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രദ്ധേയമായ മലയാള സിനിമകളെക്കുറിച്ചുള്ള പഠനപരമ്പര തുടരുന്നു.


വി.കെ. ബാബു

എഴുത്തുകാരൻ.

Comments