ആ മുന്നറിയിപ്പ്​ സത്യമായി; കേരള സിലബസ്​ വിദ്യാർഥികൾക്ക്​ കഠിനപ്പരീക്ഷ, സി.ബി.എസ്​.ഇ ലോബി ജയിക്കുന്നു

ഫോക്കസ് ഏരിയയിൽ നിന്നല്ലാത്ത ചോദ്യങ്ങളുടെ കടുപ്പം ഇത്തവണ വിദ്യാർഥികളെ വലയ്​ക്കുമെന്ന അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും മുന്നറിയിപ്പ്​ ശരിയായിരിക്കുകയാണ്​. ഹയർ സെക്കൻഡറിയിലെ ആദ്യ പരീക്ഷ കഴിഞ്ഞതോടെ പല കുട്ടികളും ബാക്കി പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പറ്റാത്തവിധം മാനസിക സമ്മർദത്തിലായി. കെമിസ്ട്രി ചോദ്യപേപ്പറിൽ 40 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇവയ്ക്ക് ചോയ്‌സും ഉണ്ടായിരുന്നില്ല. സയൻസ് ഗ്രൂപ്പിൽ മാത്രമല്ല, മറ്റു ഗ്രൂപ്പുകളിലും നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ വിഷമത്തിലാക്കിയതായി കുട്ടികളും അധ്യാപകരും പറയുന്നു. പി. പ്രേമചന്ദ്രൻ അടക്കം നിരവധി അധ്യാപകർ ട്രൂ കോപ്പി തിങ്കിലൂടെ മുന്നോട്ടുവച്ച ആശങ്കകളുടെ ഇരകളായിരിക്കുകയാണ്​ ഇപ്പോൾ വിദ്യാർഥികൾ.

കോവിഡ് മഹാമാരിയും ഓൺലൈൻ ക്ലാസുകളും സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറെടുത്ത കേരളത്തിലെ വിദ്യാർഥികൾ ഇപ്പോൾ കടുത്ത ആശങ്കയിലും വിഷമത്തിലുമാണ്. ഭാവിയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനമായി പരിഗണിക്കപ്പെടുന്ന ഹയർ സെക്കൻഡറിയിലെ വിദ്യാർഥികളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്​.
ആദ്യ പരീക്ഷ കഴിഞ്ഞതോടെ തന്നെ പല കുട്ടികളും ബാക്കിയുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കാൻ പോലും പറ്റാത്തവിധം മാനസിക സമ്മർദത്തിലായി.

ചോയ്​സില്ലാത്ത ​ചോദ്യപേപ്പർ

ഫോക്കസ് ഏരിയയിൽ നിന്നല്ലാത്ത ചോദ്യങ്ങളുടെ കടുപ്പമാണ് കുട്ടികളെ പ്രയാസത്തിലാക്കിയത്. പരീക്ഷക്ക്​ ഊന്നൽ നൽകി പഠിക്കേണ്ട പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയ. കോവിഡ് സാഹചര്യത്തിൽ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സിലബസിലെ ഫോക്കസ് ഏരിയ പ്രഖ്യാപിച്ചിരുന്നു. അതിനനുസരിച്ചാണ് അധ്യാപകരും ക്ലാസുകളുമായി മുന്നോട്ടുപോയത്. എന്നാൽ പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പരീക്ഷാ പാറ്റേൺ മാറ്റിക്കൊണ്ട്​ തീരുമാനമുണ്ടായത്. മാർച്ച് 31-ന് തുടങ്ങുന്ന പൊതുപരീക്ഷയ്ക്കുള്ള ചോദ്യഘടന എങ്ങനെയായിരിക്കുമെന്ന് അധ്യാപകർ അറിയുന്നത് ഫെബ്രുവരിയിൽ മാത്രമാണ്.

ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള നിശ്ചിത ചോദ്യങ്ങൾ ഇതിനുമുമ്പുള്ള രണ്ട് കോവിഡ് കാല പരീക്ഷകളിലും ഉണ്ടായിരുന്നെങ്കിലും അവ ധാരാളം ഓപ്ഷനുകൾ നൽകുക വഴി, വേണമെങ്കിൽ മാത്രം ഉത്തരമെഴുതാവുന്നവയായിരുന്നു. ഈ വർഷത്തെ പുതിയ ചോദ്യപേപ്പർ ഘടനയിൽ അതാണ് ഒറ്റയടിയ്ക്കില്ലാതായത്.

കുട്ടികൾക്ക് ക്ലാസ് ലഭിച്ചിട്ടുള്ള ഫോക്കസ് ഏരിയയിലെ ചോദ്യങ്ങളിൽ പോലും ചോയ്‌സുണ്ടായിരിക്കെ നോൺ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾക്ക് ചോയ്‌സില്ല എന്നത് കുട്ടികളെ വളരെയധികം വിഷമിപ്പിക്കുന്നു. ഇത് സ്‌കോർ കുറയുന്നതിനിടയാക്കുകയും സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർഥികളുമായുള്ള മത്സരത്തിൽ കേരള സിലബസിലുള്ളവരെ പിന്നിലാക്കുകയും ചെയ്യുമെന്നതാണ് കുട്ടികളെ ആശങ്കയിലാക്കുന്നത്. ഇതിനുപിന്നിലെ കാരണങ്ങൾ മനസ്സിലായില്ലെങ്കിലും തങ്ങൾ നേരിടുന്ന അപകടാവസ്ഥ കുട്ടികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കാരണം, അവർ പഠിച്ചിട്ടില്ലാത്ത, പരിചയിച്ചിട്ടില്ലാത്ത മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് നിർബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യങ്ങളായി വന്നിരിക്കുന്നത്.

കെമിസ്​ട്രി പരീക്ഷ എന്ന വില്ലൻ

നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 40 ശതമാനം ചോദ്യങ്ങളുണ്ടാകുമെന്നും അവയ്ക്ക് ചോയ്‌സ് ഉണ്ടാകില്ലെന്നുമുള്ള കാര്യം മിക്ക സ്‌കൂളുകളിലെയും അധ്യാപകർ വിദ്യാർഥികളോട് വ്യക്തമായി പറഞ്ഞിരുന്നില്ല. കാരണം, പരീക്ഷ അടുത്തെത്തിയ സമയത്ത് ഇക്കാര്യം അറിയുന്നത് വിദ്യാർഥികളെ മാനസിക സമ്മർദ്ദത്തിലാക്കും. മാത്രമല്ല, സമയക്കുറവ് കാരണം നോൺ ഫോക്കസ് ഏരിയ പല സ്‌കൂളുകളിലും പഠിപ്പിച്ചിട്ടുമില്ല. എന്നാൽ പരീക്ഷയുടെ ആദ്യ ദിവസം തന്നെ കുട്ടികൾ അപകടം തിരിച്ചറിഞ്ഞു. സയൻസ് ഗ്രൂപ്പിലെ കെമിസ്ട്രി പരീക്ഷയെക്കുറിച്ചാണ് വലിയ തോതിൽ പരാതി ഉയർന്നത്. കെമിസ്ട്രി ചോദ്യപേപ്പറിൽ 40 ശതമാനം ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇവയ്ക്ക് ചോയ്‌സും ഉണ്ടായിരുന്നില്ല. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. ഇതോടെ പല വിദ്യാർഥികളും കടുത്ത വിഷമത്തിലായി. സയൻസ് ഗ്രൂപ്പിൽ മാത്രമല്ല, മറ്റു ഗ്രൂപ്പുകളിലും നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ വിഷമത്തിലാക്കിയതായി കുട്ടികളും അധ്യാപകരും പറയുന്നുണ്ട്.

അടുത്ത പരീക്ഷകളും ഇങ്ങനെ തന്നെയാകുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ. ഒന്നാം വർഷ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുട്ടികളടക്കം എ പ്ലസ്, എ ഗ്രേഡുകൾ നേടാൻ കഴിയില്ലെന്ന ഭീതിയിലാണ്. എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും ബിരുദ പ്രവേശനത്തിനുമെല്ലാം മാർക്ക് കുറയുന്നത് തടസ്സമാകും. കെമിസ്ട്രി പരീക്ഷ കഴിഞ്ഞതോടെ അടുത്ത ദിവസങ്ങളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോലും കഴിയാത്തവണ്ണം മാനസിക സമ്മർദത്തിലായ കുട്ടികൾ അനവധിയാണ്.

പരീക്ഷകൾ കുട്ടികൾ എത്രത്തോളം പ്രയാസമായി എന്നുള്ള കാര്യങ്ങൾ ഇപ്പോൾ കുട്ടികളുമായി അധികം ചർച്ച ചെയ്യുന്നില്ലെന്നാണ് അധ്യാപകർ പറയുന്നത്. കാരണം, ഇനിയും പരീക്ഷകൾ നടക്കാനിരിക്കുമ്പോൾ അത്തരത്തിലുള്ള ചർച്ചകൾ കുട്ടികളെ കൂടുതൽ തളർത്താനേ ഉപകരിക്കൂ. എന്നാൽ ചില വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമായി ആശങ്ക പങ്കുവെക്കുന്നുണ്ട്.

അച്ചടക്കനടപടിയുടെ വാളുമായി വിദ്യാഭ്യാസ വകുപ്പ്​

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ ഫോക്കസ് ഏരിയയിൽ നിന്ന് 60 ശതമാനവും നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 40 ശതമാനവും ചോദ്യങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനമുണ്ടായത് വളരെ വൈകിയ വേളയിലാണ്. കരിക്കുലം കമ്മിറ്റിയൊന്നും ചേരാതെയാണ് വിദ്യാഭ്യാസ വകുപ്പ് അങ്ങനെയൊരു തീരുമാനമെടുത്തത്. കോവിഡ് പ്രതിസന്ധിയ്ക്കിടെ അധ്യയനദിനങ്ങൾ നഷ്ടപ്പെടുകയും ക്ലാസുകൾ ഓൺലൈനിലാവുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരത്തിലൊരു തീരുമാനം ഉണ്ടായപ്പോൾ തന്നെ അതിനെതിരെ ചില അധ്യാപകർ രംഗത്തെത്തിയിരുന്നു. എന്നാൽ അവർക്കെതിരെ അച്ചടക്ക നടപടിയുടെ വാളോങ്ങുകയാണ്‌ വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

കേരളത്തിലെ വിദ്യാർഥികൾ ഇങ്ങനെയൊരവസ്ഥയിലെത്തുമെന്ന് കൃത്യമായി ട്രൂകോപ്പി തിങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യസത്തെ സി.ബി.എസ്.ഇക്കുപിന്നിലാക്കാനുള്ള രാഷ്​ട്രീയ, ഉദ്യോഗസ്ഥ ഇടപെടലുകൾ വിശദീകരിച്ച്​ പയ്യന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പി. പ്രേമചന്ദ്രൻ ജനുവരി 15-ന് തിങ്കിൽ ലേഖനം എഴുതിയിരുന്നു. പൊതുവിദ്യാലയത്തിലെ വിദ്യാർഥികളുടെ പക്ഷത്തുനിന്ന്​എഴുതിയ ആ ലേഖനത്തിന്റെ പേരിൽ പ്രേമചന്ദ്രന് ലഭിച്ചത് കാരണം കാണിക്കൽ നോട്ടീസാണ്. അതിനുപിന്നാലെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഈ വിഷയം വലിയ രീതിയിൽ ചർച്ചയായി. വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥ ലോബിയുടെ വിദ്യാർഥി വിരുദ്ധ നടപടികൾ കടുത്ത ഭാഷയിൽ വിമർശിക്കപ്പെട്ടു. പ്രേമചന്ദ്രൻ മാസ്റ്റർക്ക് നോട്ടീസ് നൽകിയതിനെ വിമർശിച്ച് സാംസ്‌കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

പി. പ്രേമചന്ദ്രന് നോട്ടീസ് നൽകിയതിനു പിന്നാലെ വിഷയത്തിൽ, സമാന പ്രതികരണങ്ങളുമായി നിരവധി അധ്യാപകർ രംഗത്തെത്തിയിരുന്നു. ഇവയിലൊക്കെ കേരളത്തിൽ വിദ്യാഭ്യാസരംഗം നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കിയിരുന്നു. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തുന്നതിലൂടെ ഉദ്യോഗസ്ഥ ലോബി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തളർത്തുന്നതെങ്ങനെയെന്നും ഈ ലേഖനങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾ സ്വീകരിക്കാനോ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കാനോ വിദ്യാഭ്യാസ വകുപ്പ് തയ്യാറായില്ല. അതിന്റെ ഫലമാണ് ഇന്ന് കേരള സിലബസ് പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്നത്.

പി. പ്രേമചന്ദ്രൻ

അധ്യാപകർ പഠിപ്പിച്ചാൽ മതി, ചോദ്യപേപ്പർ, ഫോക്കസ് ഏരിയ പോലെയുള്ള വിദ്യാഭ്യാസ നയങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിക്കുമെന്നാണ് സർക്കാർ നിലപാട്. സോഷ്യൽ മീഡിയയിലൂടെ സർക്കാർ നയങ്ങളെ വിമർശിക്കുന്ന അധ്യാപകർക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ഭൂരിപക്ഷം അധ്യാപകരും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലായി.

വിദ്യാർഥികളുടെ ആശങ്കകൾ

നോൺ ഫോക്കസ് ഏരിയയിൽ നിന്നും ചോദ്യങ്ങളുണ്ടാകും എന്ന് മാത്രമാണ് അധ്യാപകർ പറഞ്ഞിട്ടുള്ളതെന്നാണ് വിദ്യാർഥികൾ പറയുന്നത്. കൃത്യമായി കാര്യങ്ങൾ അറിയാത്തതും വിദ്യാർഥികളെ ആദ്യ പരീക്ഷ തന്നെ തളർത്തുന്നതിന് കാരണമായി. ആദ്യ പരീക്ഷയുടെ അനുഭവം ഉണ്ടാക്കിയ തളർച്ച അടുത്ത പരീക്ഷയിലും കുട്ടികളെ ബാധിക്കുമെന്ന് തന്നെ സംശയിക്കണം. കാരണം, ഉന്നത വിജയം പ്രതീക്ഷിക്കുന്ന കുട്ടികളെയാണ് ഈ മാറ്റം ഏറെ തളർത്തിയിരിക്കുന്നത്. ഫുൾ മാർക്ക് കിട്ടാതിരിക്കുക, അല്ലെങ്കിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിക്കാതിരിക്കുക എന്നതൊക്കെ ഈ കുട്ടികളെ സംബന്ധിച്ച് സങ്കടകരമായിരിക്കും.

എസ്.എസ്.എൽ.സിയേക്കാളുപരിയായി ഉന്നത വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാനമായി കണക്കാക്കുന്നത് പ്ലസ്ടു പരീക്ഷയാണ്. അതുകൊണ്ടുതന്നെ കുട്ടികളും രക്ഷിതാക്കളും കടുത്ത ആശങ്കയാണ് പങ്കുവെക്കുന്നത്. മൂല്യനിർണയം എങ്ങനെയായിരിക്കും, വലിയതോതിൽ മാർക്ക് കുറഞ്ഞുപോകുമോ എന്നൊക്കെയുള്ള ആശങ്കളുമുണ്ട്.

എ, എ പ്ലസ് ഗ്രേഡുകൾ ലക്ഷ്യമിടുന്നവർ തന്നെയാണ് ഭൂരിഭാഗം കുട്ടികളും. അതോടൊപ്പം എൻട്രൻസ് പരീക്ഷയിൽ പ്ലസ് ടു മാർക്ക് പരിഗണിക്കുമെന്നതും ആശങ്കയ്ക്കിടയാക്കുന്നു. എസ്.എസ്.എൽ.സി.യ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക് അത് പ്ലസ്ടുവിനും നിലനിർത്തുക എന്നതും പ്രധാനമാണ്. അത് സാധ്യമല്ലെന്നതാണ് പരീക്ഷാ പാറ്റേണിലെ മാറ്റം ആദ്യ പരീക്ഷയിലൂടെ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് സ്‌കൂളിൽ പോകാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആശ്വാസമായിരുന്നു ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചുള്ള പരീക്ഷ. മുൻവർഷം ഫോക്കസ് ഏരിയ മാത്രം പഠിച്ചവർക്കും എ പ്ലസ്, എ ഗ്രേഡുകൾ കിട്ടിയിരുന്നു. എന്നാൽ ഇത്തവണ ഫോക്കസ് ഏരിയ മാത്രം പഠിച്ച കുട്ടികൾക്ക് എ ഗ്രേഡിലേക്ക് എത്താൻ കഴിയാത്ത തരത്തിലാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണ എസ്.എസ്.എൽ.സി., പ്ലസ് ടു റിസൾട്ടുകൾ വലിയതോതിൽ താഴേക്ക് പോകുമെന്നാണ്​ വിമർശനമുയരുന്നത്​.

200 ദിവസം കൊണ്ട് പഠിക്കേണ്ടത് 25 മണിക്കൂറുകൊണ്ട്​

200 അധ്യയന ദിവസങ്ങൾ കൊണ്ട് പഠിപ്പിച്ചുതീർക്കാനുള്ള സിലബസാണ് എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി ക്ലാസുകളിലുള്ളത്. കോവിഡ് വ്യാപനം മൂലം അടഞ്ഞുകിടന്ന സ്‌കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. പകുതി കുട്ടികളെ പ്രവേശിപ്പിച്ച്​ ഉച്ചവരെ മാത്രമായിരുന്നു ക്ലാസ്. അപ്പോൾ 200 ദിവസം കൊണ്ട് പഠിക്കേണ്ടത് ഇരുപതോ ഇരുപത്തഞ്ചോ മണിക്കൂറുകൾ കൊണ്ടാണ് പഠിക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് ഫോക്കസ് ഏരിയ എന്ന രീതിയിൽ പരീക്ഷയിൽ പ്രാധാന്യം നൽകേണ്ട മേഖല സിലബസിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നൽകുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് കഴിഞ്ഞ രണ്ടുവർഷമായി ഫോക്കസ് ഏരിയ എന്ന പേരിൽ കുട്ടികൾക്കു നൽകിയിരുന്ന പ്രധാന പാഠഭാഗങ്ങൾ ഈ വർഷവും പ്രഖ്യാപിച്ചിരുന്നു.

കോവിഡിനെതുടർന്നാണ് 2021ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്തിയത്. ഇതേതുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസുകാരുടെ എണ്ണം വർധിച്ചു. ഇത്തരം വിദ്യാർഥി പക്ഷ പരീക്ഷാ- മൂല്യനിർണയ സംവിധാനം കോവിഡുകാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇന്ത്യയിലെ മറ്റു പരീക്ഷാബോർഡുകളും സ്വീകരിച്ചിരുന്നു. എന്നാൽ, വിദ്യാർഥികൾ നേടിയ വിജയത്തെ പ്രശ്‌നവൽക്കരിക്കുന്ന നിലപാട് കേരളത്തിൽ മാത്രമാണുണ്ടായത്. കഴിഞ്ഞ രണ്ടുവർഷത്തെ ഹയർ സെക്കൻഡറി വിജയശതമാനവും ഗ്രേഡുകളും അനർഹമായി ഉയർന്നു എന്ന പ്രചാരണമുണ്ടായിരുന്നു. 2019-ൽ 84.33%, 2020-ൽ 85.13%, 2021-ൽ 87.94% വീതമാണ് ഹയർ സെക്കൻഡറി പരീക്ഷാഫലം. ഇവയിൽ കോവിഡ് സാഹചര്യത്തിൽ ഭാരിച്ച സിലബസിൽ നിന്ന് ഫോക്കസ് ഏരിയയിലൂടെ കിട്ടിയ ഇളവുകളുപയോഗിച്ച് മിടുക്കരായ കുട്ടികൾ കൂടുതൽ സ്‌കോർ ചെയ്തുവെന്നത് വാസ്തവമാണ്. അത് സ്വാഭാവികവുമാണ്. അതേസമയം, ഓൺലൈൻ സംവിധാനങ്ങളുപയോഗിക്കുന്നതിനുപോലും സാഹചര്യമില്ലാതായിപ്പോയ വലിയൊരു വിഭാഗം വിദ്യാർഥികൾ ഈ മത്സരത്തിൽ തീർത്തും പിറകിലായിപ്പോകുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് നവംബറിൽ ക്ലാസ് തുടങ്ങിയതിനുശേഷമുള്ള അമ്പതിൽ താഴെ അധ്യയന ദിനങ്ങൾ മാത്രമാണ് മാർച്ച് 31-ന് തുടങ്ങിയ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ലഭിച്ചിട്ടുള്ളത്. കുട്ടികളിൽ അമിതമായ ആശങ്ക അടിച്ചേൽപ്പിച്ചും കോവിഡിലെ അടച്ചിടൽ അവരിലേൽപ്പിച്ച കടുത്ത മാനസികാഘാതം പെരുപ്പിക്കുന്ന മട്ടിലുമാണ് പരീക്ഷാ നടത്തിപ്പ്.

കഴിഞ്ഞവർഷം കോവിഡിനിടയിൽ നടന്ന പരീക്ഷയായിട്ടും മികച്ച റിസൾട്ടുണ്ടായത് ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം പഠിച്ചവർക്കും മികച്ച ഗ്രേഡ് ലഭിച്ചതുകൊണ്ടാണ്. മാത്രമല്ല, കഴിഞ്ഞ വർഷം നൂറു ശതമാനം ചോദ്യങ്ങൾ അധികമായി നൽകിയിരുന്നു. അതാണ് ഇത്തവണ 50 ശതമാനമാക്കി കുറച്ചത്. 200 അധ്യയന ദിവസങ്ങൾ ഉണ്ടാകുമ്പോൾ പോലും 25 ശതമാനം ചോദ്യങ്ങൾ അധികമായി നൽകാറുണ്ട്. 50 ശതമാനം അധികം നൽകുന്ന ചോദ്യങ്ങളുടെ പ്രയോജനം കുട്ടികൾക്ക് കിട്ടാതിരിക്കാൻ ഫോക്കസ് ഏരിയയെയും നോൺ ഫോക്കസ് ഏരിയയെയും രണ്ട് കള്ളികളിലാക്കുകയും ചെയ്തു.

1 സ്‌കോറിനുള്ള 8 ചോദ്യങ്ങൾ കുട്ടികൾ എഴുതണമെങ്കിൽ 4 എണ്ണം ഫോക്കസ് ഏരിയയിൽ നിന്നും 4 എണ്ണം നോൺ ഫോക്കസ് ഏരിയയിൽ നിന്നും നിർബന്ധമായും എഴുതണം. അതിൽതന്നെ ഓപ്ഷനുള്ളത് ഫോക്കസ് ഏരിയയിൽ നിന്ന്. നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 4 ചോദ്യങ്ങൾക്കും ശരിയായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 4 സ്‌കോർ പൂർണമായും നഷ്ടപ്പെടും. 6 സ്‌കോറിനുള്ള ചോദ്യങ്ങൾ മൂന്നെണ്ണം നോൺ ഫോക്കസ് ഭാഗത്തുനിന്ന്. അതിൽ രണ്ടെണ്ണം നിർബന്ധമായും എഴുതണം. മുഴുവൻ പുസ്തകവും നന്നായി പഠിക്കാത്ത കുട്ടികൾക്ക് 12 സ്‌കോർ അവിടെ ഉറപ്പായും നഷ്ടപ്പെടും.

കേരളാ ഹയർ സെക്കൻഡറി പരീക്ഷയുടെ സ്‌കോർ, എൻജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കാതിരിക്കാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി. ബി.എസ്.ഇ. ലോബി കഴിഞ്ഞ തവണ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. എന്നാൽ ഇത്തവണ ചോദ്യപേപ്പർ ഘടനയിലെ മാറ്റത്തിലൂടെ അവർ ഇക്കാര്യത്തിൽ വിജയിക്കുകയാണ്. നോൺ ഫോക്കസ് ഏരിയയിലെ പാഠങ്ങൾ പഠിച്ചിട്ടില്ലാത്ത കേരള സിലബസുകാർ 70 ശതമാനം മാർക്കിലൊതുങ്ങും. അതോടെ അവർ എല്ലായിടത്തും സി.ബി.എസ്.ഇ.ക്കാർക്ക് പിന്നിലാകും. എൻജിനീയറിങ് കോളേജുകളിലും ബിരുദ പഠനത്തിനുള്ള മികച്ച സ്ഥാപനങ്ങളിലുമെല്ലാം സി.ബി.എസ്.ഇ.ക്കാർ തന്നെ സീറ്റുറപ്പിക്കും.

കഴിഞ്ഞവർഷം എസ്.എസ്.എൽ.സിക്ക് വൻ വിജയമുണ്ടായപ്പോൾ ആവശ്യത്തിന് പ്ലസ് വൺ സീറ്റില്ലാതെ കുട്ടികൾ വലഞ്ഞ സാഹചര്യമുണ്ടായി. ഇത് പരിഹരിക്കാൻ സർക്കാറിന് 70 അധിക ബാച്ചുകൾ അനുവദിക്കേണ്ടിവന്നു. ഇത് വൻ സാമ്പത്തിക ബാധ്യതയായി കാണുന്ന സർക്കാർ, ഇത്തരമൊരു 'പ്രതിസന്ധി' ഒഴിവാക്കാൻ പരീക്ഷയിൽ പിടിമുറുക്കുകയാണെന്നാണ് ആക്ഷേപം. അതിന് എ പ്ലസുകാരുടെ എണ്ണം കുറയ്ക്കുക, അതിനനുയോജ്യമായ രീതിയിൽ ഫോക്കസ് ഏരിയ പരിഷ്‌കാരം നടപ്പാക്കുക- ഇതാണ് നടക്കുന്നത്.

പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കി എന്ന് അവകാശപ്പെടുന്ന ഒരു സർക്കാറാണ്, അതിനെ തകർക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുന്നത്.

Comments