പെലെ കാട്ടിയ മാസ്സൊന്നും മറ്റൊരാളും കാട്ടിയിട്ടില്ല

കാല്പന്ത്‌കളിയെ ജോഗോ ബോണിറ്റോയെന്ന സുന്ദരമായ കലയാക്കി മാറ്റിയത് പെലെയായിരുന്നു. ആയ കാലത്തയാൾ കാട്ടിയ മാസ്സൊന്നും മറ്റൊരാളും കാട്ടിയിട്ടില്ല ഇന്നേവരെ. അതിദരിദ്രരായ മറ്റു ബ്രസീലുകാർക്ക്, ലോകത്തിലെ മുഴുവൻ അധകൃതർക്ക്, തങ്ങൾക്കും തങ്ങളുടെ പ്രയാസങ്ങൾ തരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ഉറവിടമായിരുന്നു പെലെ.

ൺ ദി ബോൾ ആയാലും ഓഫ്‌ ദി ബോൾ ആയാലും മൈതാനത്തിലെ അയാളുടെ കുതിപ്പുകൾക്ക്, ഒരു വിദഗ്ദ്ധനായ സർജന്റെ കൃത്യതയുണ്ടായിരുന്നു. ഗതിവേഗത്തിലുള്ള ദിശാമാറ്റങ്ങൾ, പൊടുന്നനെയുള്ള ബ്രസീലിയൻ "പോസുകൾ' (Pause), അങ്ങനെയനേകം കൺകെട്ടുകൾ നിറഞ്ഞതായിരുന്നു അയാളുടെ നീക്കങ്ങൾ. ഇങ്ങനെ കാലുകളാൽ നെയ്തെടുത്ത അതിസങ്കീർണമായ ലാബിരിന്തുകളിൽ പുകൾപ്പെറ്റ എതിരാളികൾ സ്വയം നഷ്ടപ്പെട്ടു. അയാൾക്കുമാത്രം ലഭ്യമായ കോണിപ്പടികളിലെന്നവണ്ണം വായുവിലയാളെന്നും അസാധ്യമായ ബാലൻസ് കാഴ്ചവെച്ചു. ഫ്രീ കിക്ക് തൊടുക്കുമ്പോൾ, മുന്നിൽ മതിൽ കെട്ടി നിൽക്കും പ്രതിരോധക്കാർ വരെ, ദൈവികമായ ഗോളുകളുണ്ടാവുന്ന അസുലഭ നിമിഷങ്ങൾ കൺകുളുർക്കേ കാണുവാൻ പിന്തിരിഞ്ഞുനോക്കി.

തന്റെ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി കാണുന്നതിനുപുറമേ രണ്ട് കാലുകൊണ്ടും ഷോട്ടുതിർക്കുവാൻ പെലെ അതിസമർത്ഥനായിരുന്നു. സ്‌ട്രൈക്കറായിരിക്കുമ്പോൾ തന്നെ, ഫൈനൽ തേർഡിൽ നിന്നും താഴേക്കിറങ്ങാനും പ്ലേ മേക്കിംഗ് റോൾ ഏറ്റെടുക്കാനും അയാൾക്ക് സാധിച്ചു. അസാധ്യമായ വിഷനും പാസിംഗ് റേഞ്ചും, അനായാസ സുന്ദരമായ ബ്രസീലിയൻ നൃത്തത്തെ ഓർമിക്കും പോലുള്ള ഡ്രിബ്ലിങ്ങും അയാളെ ഏതുകാലത്തേയും കാല്പന്തുകളിക്കാരിൽ നിന്ന്​ പല വള്ളപ്പാടിന് മുന്നിട്ട് നിർത്തി.

പെലെ ബ്രസീലിന്റെയും, ഒപ്പം ബ്രസീലിയൻ സാമൂഹികഘടനയുടെയും പ്രതീകമായിരുന്നു.

ലോകത്തെല്ലായിടത്തും സാമൂഹിക ശ്രേണിയിൽ എല്ലായ്​പ്പോഴും കറുത്തവർ താഴെയും വെള്ളക്കാർ മുകളിലുമാണ്. ബ്രസീലിൽ ഇതിനെ "വംശീയ ജനാധിപത്യം' എന്ന് വിളിക്കുന്നു. പല രാജ്യങ്ങളിലെയും പോലെ ബ്രസീലിലും ഈ സാമൂഹികശ്രേണി കർക്കശമായിരുന്നു, ചങ്ങലയുടെ താഴത്തെ അറ്റത്ത് ജനിച്ചവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ മുകളിലേക്ക് കയറിവരാൻ സാധിച്ചിരുന്നുള്ളു. തങ്ങളുടെ കായികക്ഷമത കൊണ്ട്
സാമൂഹികവും സാമ്പത്തികവുമായ പ്രശസ്തിയും പദവിയും നേടിയ കായികതാരങ്ങളായിരുന്നു സാമൂഹിക പടവുകൾ കയറാൻ കഴിയുന്ന അപൂർവം ചിലരിൽ ചിലർ. പെലെ അത്തരത്തിലുള്ള ഒരു കായികതാരമായിരുന്നു.

കാലാന്തരം വംശീയതയാൽ വികൃതമായ ബ്രസീലിയൻ ഫുട്ബോൾ അതിന്റെ വൈവിധ്യമാർന്ന നിറങ്ങളുടെ പ്രൗഢിയിലേക്ക് വഴിമാറിയെന്ന് എഴുത്തുകാരൻ ഗലീനിയോ അഭിപ്രായപ്പെടുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം ബ്രസീലിന്റെ ഏറ്റവും മികച്ച കളിക്കാർ എപ്പോഴും കറുത്തവരോ മുലാറ്റോകളോ ആയിരുന്നെന്ന് വ്യക്തമാണ്. ഇവരെല്ലാം ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്നവരാണ്. ഒരു പാവപ്പെട്ട കുട്ടിക്ക് കാല്പന്ത്, സാമൂഹിക ചലനാത്മകതയിലേക്ക് അവസരം നൽകുന്നുണ്ട്. അതാണ് കാല്പന്തിന്റെ സൗന്ദര്യവും. പെലെ അതിന്റെ ആദ്യത്തെ മൈൽകുറ്റിയായിരുന്നു.

ഒരു ദരിദ്ര ബ്രസീലിയൻ കുടുംബത്തിൽ നിന്ന്, ഷൂ വൃത്തിയാക്കുന്ന പയ്യനിൽ നിന്ന്​ ലോകം ജയിച്ച, അന്താരാഷ്‌ട്ര സൂപ്പർസ്റ്റാറിലേക്കുള്ള പെലെയുടെ വരവ് ഫുട്‌ബോളിന്റെ സാമൂഹിക സ്വാധീനത്തിന്റെ, വിമോചന സ്വപ്‍നങ്ങളുടെ തെളിവായിരുന്നു.

അതിദരിദ്രരായ മറ്റു ബ്രസീലുകാർക്ക്, ലോകത്തിലെ മുഴുവൻ അധകൃതർക്ക്, തങ്ങൾക്കും തങ്ങളുടെ പ്രയാസങ്ങൾ തരണം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും ഉറവിടമായിരുന്നു പെലെ. ഇരുൾ മൂടിയ ജീവിതസാഹചര്യങ്ങളിൽ, പ്രതീക്ഷയുടെ അവസാനത്തെ വെളിച്ചമായിരുന്നു പലർക്കുമയാൾ. പെലെക്ക് സാധിച്ചത് തങ്ങൾക്കും സാധിക്കുമെന്ന ആത്മവിശ്വാസം പല കോടി ദരിദ്ര നാരായണന്മാരിൽ അയാൾ കുത്തിവെച്ചു. ബ്രസീലിലെ സാമൂഹിക ചലനാത്മകതയിൽ പെലെയുടെ പങ്ക് ഒരിക്കലും വിസ്മരിക്കുവാനാവുന്നതല്ല.

കനം കൂടിയ തുകൽപന്തിൽ, ഫൗൾ നിയമങ്ങൾ കർക്കശമാവുന്നതിനും മുന്നേ, ഇയാളന്ന് കാട്ടിയ ഇന്ദ്രജാലങ്ങളേ നമുക്കിന്നുമുള്ളു. പെടലാടയോ, ഓവർസ്റ്റെപ്പോ, എന്തിനേറെ ഇനിയേസ്റ്റയുടെ സിഗനേച്ചർ മൂവ് ആയ "La Croqueta' ആവട്ടെ, നമുക്കുള്ള പലതും 50, 60 വർഷം മുന്നേ അയാൾ മിഴിവോടെ വരഞ്ഞിട്ടതാണെന്ന് ചുരുക്കം.

അയാളാണ് രാജാവ്. കാല്പന്തു കളിയുടെ ഒരേയൊരു ഒടേതമ്പുരാൻ.
കാല്പന്ത്‌കളിയെ ജോഗോ ബോണിറ്റോയെന്ന സുന്ദരമായ കലയാക്കി മാറ്റിയത് പെലെയായിരുന്നു. സമൂഹത്തിൽ കാല്പന്തിനെന്തു സ്ഥാനം എന്ന് ചോദിച്ചാൽ 1967ലേക്ക് ഒന്ന് പോവണം. അന്ന് നൈജീരിയ - ബിയാഫ്ര ആഭ്യന്തരയുദ്ധം നടക്കവേ ലഗോസിൽ ഒരു കാല്പന്തുകളി നടക്കുന്നു. പോരാടിച്ചു നിൽക്കുന്ന ഇരുപക്ഷവും അന്ന് 48 മണിക്കൂർ യുദ്ധം നിർത്തി വെച്ചു. ഒരൊറ്റ കാരണം, ലഗോസിലന്ന് പെലെയുടെ കാല്പന്തുകല ഉണ്ടായിരുന്നുവത്രേ... അയാളുടെ അതിസുന്ദരമായ ജിങ്കക്ക് മുന്നിൽ രണ്ട് പക്ഷങ്ങൾ വൈര്യം തന്നെ മറന്നു ; മാനവികതയെ പുൽകി. ആയ കാലത്തയാൾ കാട്ടിയ മാസ്സൊന്നും മറ്റൊരാളും കാട്ടിയിട്ടില്ല ഇന്നേവരെ.

സുന്ദരമായ കാല്പന്തുകലയെ ലോകത്തിന് മുന്നിൽ തുറന്നു വെച്ച് , കാല്പന്തുകളിയെ ബ്യൂട്ടിഫുൾ ഗെയിം എന്ന് വിളിപ്പിച്ച്, പലകോടി ജനങ്ങൾക്ക് കളത്തിലും ജീവിതത്തിലും ആശയും ആവേശവും പകുത്തുനൽകിയ, പെലെ തിരിഞ്ഞു നടന്നിരിക്കുന്നു...

ഏറ്റവും പെർഫെക്ട് ആയി എക്സിക്യൂട്ട് ചെയ്ത മറ്റൊരു ഡ്രിബിൾ ദാ വാക്കയോ, പാരഡിഞ്ഞയോ ഇനിയില്ല....


ഹരികുമാർ സി.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ ഡിപ്പാർട്ടുമെൻറ്​ ഓഫ്​ കൊമേഴ്​സ്​ ആൻറ്​ മാനേജുമെൻറ്​ സ്​റ്റഡീസിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. സ്​പോർട്​സ്​ വിഷയങ്ങളിൽ പഠനം നടത്തുന്നു.

Comments