ഹിഗ്വിറ്റയുടെ ജയിൽ വാസവും എസ്‌കോബാറിന്റെ വധവും

1994 ലോകകപ്പിൽ അമേരിക്കക്കെതിരെ സെൽഫ് ഗോൾ വഴങ്ങിയതിനെ തുടർന്ന് വാതുവപ്പുമാഫിയ നിർദ്ദയം വെടിവച്ച് കൊന്ന ഫുട്ബോൾ താരം. ഈ സംഭവത്തിലുമുണ്ട് ഒരു എസ്‌കോബാർ. പാബ്ലോ എസ്‌കോബാർ എന്ന കുപ്രസിദ്ധനായ കൊളംബിയൻ മയക്കുമരുന്ന് മാഫിയാ തലവൻ. പാബ്ലോ എസ്‌കോബാർ കാർലോസ് മോലിനാ എന്ന മറ്റൊരു മാഫിയ തലവന്റെ മകളെ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് മോചന ദ്രവ്യവുമായി പോകാൻ നിയോഗിക്കപ്പെട്ടത് ഹിഗ്വിറ്റ ആയിരുന്നു

Truecopy Webzine

ളിയിൽ മാത്രമല്ല ജീവിതത്തിലും അതിസാഹസികതയും അതുവഴി ഉണ്ടാകുന്ന അബദ്ധങ്ങളും ഒക്കെ ഹിഗ്വിറ്റയുടെ കൂടപ്പിറപ്പുകളായിരുന്നു. അത്തരം ഒരു അബദ്ധത്തിൽ പെട്ട് 1993 ൽ അയാൾ ജയിലിലാവുന്നുണ്ട്. സംഭവത്തിന്റെ ചുരുക്കം ഇതാണ്:

എസ്‌കോബാർ എന്ന കൊളംബിയൻ ഡിഫൻഡറെ ആരും മറക്കാനിടയില്ല. 1994 ലോകകപ്പിൽ അമേരിക്കക്കെതിരെ സെൽഫ് ഗോൾ വഴങ്ങിയതിനെ തുടർന്ന് വാതുവപ്പുമാഫിയ നിർദ്ദയം വെടിവച്ച് കൊന്ന ഫുട്ബോൾ താരം. ഈ സംഭവത്തിലുമുണ്ട് ഒരു എസ്‌കോബാർ. പാബ്ലോ എസ്‌കോബാർ എന്ന കുപ്രസിദ്ധനായ കൊളംബിയൻ മയക്കുമരുന്ന് മാഫിയാ തലവൻ. പാബ്ലോ എസ്‌കോബാർ കാർലോസ് മോലിനാ എന്ന മറ്റൊരു മാഫിയ തലവന്റെ മകളെ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് മോചന ദ്രവ്യവുമായി പോകാൻ നിയോഗിക്കപ്പെട്ടത് ഹിഗ്വിറ്റ ആയിരുന്നു. അതിനയാൾ പ്രതിഫലവും പറ്റിയിരുന്നു. വാർത്ത പുറത്തായതോടെ ഹിഗ്വിറ്റ അകത്തായി. ഏഴ് മാസത്തെ തടവ് കഴിഞ്ഞ് കുറ്റവിമുക്തനാക്കപ്പെട്ട് പുറത്തിറങ്ങിയ ഹിഗ്വിറ്റ പ്രസ്തുത സംഭവത്തെ കുറിച്ച് പ്രതികരിച്ചത് പച്ച മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ ഏതാണ്ട് ഇങ്ങനെയിരിക്കും: "ഞാൻ ഒരു ഫുട്ബോളർ അല്ലിയോ, ഈ കിഡ്നാപ്പിംഗ് നിയമത്തെയും കിട്യുതപ്പിയെയും കുറിച്ചൊക്കെ എങ്ങനെ അറിയാനാ...'!

ഈ വിവാദവും ജയിൽ ശിക്ഷയും വഴി ഹിഗ്വിറ്റയ്ക്ക് നഷ്ടമായത് 1994 ലെ ലോകകപ്പ് ആയിരുന്നു. ആന്ദ്രേ എസ്‌കോബാർ കൊല്ലപ്പെടാൻ കാരണം എന്ന് കരുതപ്പെടുന്ന അമേരിക്ക- കൊളംബിയൻ മത്സരം നടന്ന, അതിൽ തോറ്റ് കൊളംബിയ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ അതേ ലോകകപ്പ്. ഒരുപക്ഷേ ഇങ്ങനെ ഒരു വിവാദവും ജയിൽ വാസവുമൊക്കെ നല്ലതിനായിരുന്നു എന്നും കരുതാവുന്നതാണ്. ഇല്ലെങ്കിൽ ഒരുപക്ഷെ എസ്‌കോബാറിന് ഒപ്പം സമാനമായ മറ്റൊരു പിഴവിന് അയാളും കൊല്ലപ്പെടുമായിരുന്നില്ല എന്ന് ആർക്ക് ഉറപ്പിക്കാനാവും

അബദ്ധങ്ങൾ അവസാനിക്കുന്നില്ല, മയക്ക് മരുന്നും മാഫിയ സംഘങ്ങളും ഒക്കെയായുള്ള ഹിഗ്വിറ്റയുടെ സഹസഞ്ചാരം 93 ലൊന്നും അവസാനിക്കുന്നില്ല, അത് തുടരുകയാണ്. ചിലപ്പോൾ പിടിക്കപ്പെട്ടും പലപ്പോഴും പിടിക്കപ്പെടാതെയും ഒക്കെയായി. 93 ലെ സംഭവത്തെ കുറിച്ച് ഹിഗ്വിറ്റ മനസിലാക്കുന്നത് താൻ ജയിലിൽ പോയത് പാബ്ലോ എസ്‌കോബാറിനെ സന്ദർശിച്ചതിനാണ്, അല്ലാതെ മയക്കുമരുന്ന് മാഫിയ തലവന്മാർക്കിടയിൽ ദൂതിന് പോയതിനും പ്രതിഫലം പറ്റി മോചനദ്രവ്യം കൈമാറിയതിനും ഒന്നും അല്ല എന്നാണ്. തടവിൽ കിടന്ന കാലം മുഴുവൻ കൊളംബിയൻ പൊലീസ് ഹിഗ്വിറ്റയോട് ചോദിച്ചത് മുഴുവൻ എസ്‌കോബാറിനെ കുറിച്ചായിരുന്നുവത്രെ.

ഹിഗ്വിറ്റ എസ്‌കോബാറിനെ സന്ദർശിച്ചതാവട്ടെ അയാൾക്ക് നന്ദി പറയാനായിരുന്നു. അതായത് ക്രൂരനും നിർദ്ദയനുമായ ഒരു മാഫിയ പ്രവർത്തകൻ എന്നതിലപ്പുറം മറ്റൊരു മുഖം എസ്‌കോബാറിന് ഉണ്ടെന്ന് അയാൾ വിശ്വസിച്ചിരുന്നു. ഒരു സന്നിഗ്ധ ഘട്ടത്തിൽ നാടിനെ കെട്ടുറപ്പോടെ നിർത്തിയതിന് നന്ദി പറയാൻ ആയിരുന്നു അയാൾ എസ്‌കോബാറിനെ കണ്ടത്!

കളിക്കളത്തിൽ പറ്റിയ അബദ്ധങ്ങൾക്കുപരി ജീവിതത്തിൽ പറ്റിയ അബദ്ധങ്ങൾ വഴിയാണ് ഹിഗ്വിറ്റ അകാലത്ത് വിരമിക്കുന്നതും പിന്നെ തീരുമാനം പിൻവലിച്ച് മടങ്ങിവരുന്നതും. 2005 -ൽ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അയാൾ ക്ലബ് ഫുട്ബോളിൽ നിന്നും വിരമിക്കുന്നു. എന്നാൽ 2007-ൽ തീരുമാനം മാറ്റി അയാൾ തിരിച്ചുവരുന്നുമുണ്ട്. ഒടുവിൽ മൂന്നുവർഷങ്ങൾ കൂടി കഴിഞ്ഞ്, 2010 ലാണ് സംഭവബഹുലമായ ആ കരിയർ അവസാനിക്കുന്നത്.

വിരമിച്ചശേഷം കോച്ചിങ്ങിലേക്ക് കടന്ന ഹിഗ്വിറ്റ ആ രംഗത്തും സജീവമായിരുന്നു. സൗദിയിലെ അൽ നാസർ ക്ലബിലും തുടർന്ന് അത്‌ലറ്റികോ നാഷണൽ ക്ലബിലും ഒക്കെ കോച്ചായി സേവനം അനുഷ്ഠിച്ച ഹിഗ്വിറ്റ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കാനുള്ള തന്റെ ആഗ്രഹവും വെളിപ്പെടുത്തിയിട്ടുണ്ട്. അസാധ്യമായത് പലതും കളിക്കളത്തിൽ സാധ്യമാക്കിയ അയാൾ കൊളംബിയൻ രാഷ്ട്രീയത്തിലും അത്ഭുതങ്ങൾ കാണിക്കില്ല എന്നാരുകണ്ടു!

അധോലോകവും മയക്കുമരുന്ന് വ്യാപാരവും അക്രമവും ഗുണ്ടാപകയുമൊക്കെ അരങ്ങ് വാഴുന്ന, പുറത്തിറങ്ങിയാൽ തിരിച്ചുവരുമെന്ന് ആർക്കും ഒരുറപ്പും പറയാൻ വയ്യാത്ത ഒരു ലോകം. ഒരു മാജിക്കൽ റിയലിസ്റ്റ് ആഖ്യാനം പോലെ വിചിത്രമായ ആ ലോകത്തുനിന്ന് പ്രതിഭയുടെ ധാരാളിത്തം കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കുറേ മനുഷ്യർ. ചില കോണുകളിൽ നിന്ന് നോക്കുമ്പോൾ ഈ ഹിഗ്വിറ്റയൊന്നും യാഥാർത്ഥ്യമല്ല ഒരു മാജിക്കൽ റിയലിസ്റ്റ് ആഖ്യാനമാണെന്ന് തോന്നും. ഒരു കൊളംബിയൻ മാജിക്കൽ റിയലിസം.
ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം
ഒരു കൊളംബിയൻ മാജിക്കൽ റിയലിസം

Comments