കൊതിയൻ മെസ്സിയുംഅനർഹതയുടെ ആൽക്കമിയും

മെസ്സിക്ക് നല്ല കൊതിയുണ്ടായിരുന്നു. അത് ഒരു അർഹതയല്ലെന്ന് മെസ്സിക്കുതന്നെ അറിയാമായിരുന്നു. ലോകകപ്പ് ഏറ്റുവാങ്ങാൻ, കൈയ്യിലിട്ട് താരാട്ടാൻ ഇനിയും മിനിറ്റുകളുണ്ട്. മെസ്സി അതിന്റെ മൊട്ടത്തലയിൽ കൊശുവോടെ ഉമ്മ വെക്കുമ്പോൾ തന്റെ കൊതിക്കാലത്തിന് ഒരു ഫേർവെൽ കൊടുക്കുകയാണ്. അതിന്റെ മധുരവും കയ്പും അവസാനമായി രുചിക്കുകയാണ്.

രു കാപ്പിറ്റലിസ്റ്റ് വേൾഡിൽ ആർക്കും ഒരു അർഹതയുമില്ല. നേട്ടങ്ങൾ മാത്രമാണുള്ളത്​. അതാണ് കാപ്പിറ്റലിസത്തിന്റെ അനിഷേധ്യമായ പ്രലോഭനചാരുത.

കാപ്പിറ്റലിസം അതിന്റെ നടപടിക്രമങ്ങളെ പലതും പറഞ്ഞ് നിഗൂഢവത്കരിക്കാറുണ്ട്. അതിനായി പുരാതനമിത്തുകളെയും ആധുനികസങ്കല്പങ്ങളെയും യഥേഷ്ടം ഉപയോഗിക്കാറുണ്ട്. പക്ഷേ കാപ്പിറ്റലിസത്തിന്റെ സത്ത അതിനകത്ത് കറങ്ങിക്കളിക്കുന്ന ആർത്തിയാണെന്നാണ് അതിന്റെ വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ആർത്തിയിലേക്ക് സൗന്ദര്യത്തിന്റെ ഏതാനും തുള്ളികൾ കൂടി ഇറ്റിച്ചാൽ അതിനെ കൊതി എന്നുവിളിക്കാം. മെസ്സി കൊതിച്ച് കാത്ത ഒന്നാണ് ലോകകപ്പ്. ലോകത്തിലെ ഏറ്റവും കൂടുതൽ ബ്രാൻഡ് മൂല്യമുള്ള കളിക്കാരനാണ് മെസ്സി. അത് സാമ്പത്തികമാണ്. അത് സന്തോഷദായകമാണ്. അതുകൊണ്ടുമാത്രം തൃപ്തിയാവുന്ന ആർത്തിയിൽ എന്തോ കുറവുണ്ട്. അവിടെയാണ് സൗന്ദര്യം കൂടി രംഗപ്രവേശം ചെയ്യുന്നത്.

മെസിയും പങ്കാളി ആന്റോണെല്ല റൊക്കുസോയും ലോകകപ്പ്​ ട്രോഫിയുമായി
മെസിയും പങ്കാളി ആന്റോണെല്ല റൊക്കുസോയും ലോകകപ്പ്​ ട്രോഫിയുമായി

സൗന്ദര്യത്തിന്റെ പൂർത്തീകരണം കൂടി ഏറ്റെടുക്കാത്ത ഒരു സമ്പന്നതയെ അധികമാരും മാനിക്കാറില്ല. ഹോളിവുഡ് കൂടിയില്ലാതെ അമേരിക്കൻ ഏകധ്രുവലോകത്തിന് നിലനിൽപ്പില്ല. അർജന്റീനയുടെ ദേശീയ ഫുട്‌ബോൾ ടീമിനുവേണ്ടി കപ്പ് ഉയർത്തുകയല്ലാതെ മെസ്സിക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നെയ്മർക്കും റൊണാൾഡോയ്ക്കും ഈ അവസ്ഥയുണ്ടായിരുന്നു.

മെസ്സിയുടെ അത്ര പ്രതിഭയില്ലാത്തവരും കപ്പ് എടുത്തിട്ടുണ്ട്. ചിലപ്പോൾ കൈക്കൂലി കൊടുത്ത് വാങ്ങിയിട്ടുണ്ട് എന്നുപോലും പറയപ്പെടുന്നുണ്ട്. മെസ്സിക്ക് കുറുക്കുവഴികളില്ലാതെ തന്നെ തന്റെ കൊതി തീർക്കാനുള്ള പാത മുന്നിലുണ്ട് എന്നുകരുതാം.

മെസ്സിക്ക് നല്ല കൊതിയുണ്ടായിരുന്നു. അതിലൊരുപങ്ക് അയാൾ ജീവിച്ചുവന്ന ലോകത്തിനുണ്ടായിരുന്നു. മറ്റുപല ലാറ്റിനമേരിക്കൻ ദേശങ്ങളെയും പോലെ അർജന്റീനയും അശുഭാപ്തികളുടെ വിഹാരകേന്ദ്രമായിരുന്നു. അങ്ങനെയാണ് പണ്ട്, മെസ്സി ബാഴ്‌സയിലേക്കും പിയെസ്ജിയിലേക്കും പോയപോലെ ഗുവേര ക്യൂബയിലെയും ബൊളീവിയായിലെയും വിപ്ലവസംഘങ്ങളിലേക്ക് കളിക്കാൻ പോയത്. അത് പക്ഷേ ഒളിച്ചും പാത്തുമാണ് പോയത്.

മറഡോണയുടെ നിഷേധാത്മകത സാധൂകരിക്കപ്പെട്ടതും അങ്ങനെയൊരു പശ്ചാത്തലം കൊണ്ടുമാത്രമാണ്. വിശുദ്ധനിയമങ്ങളുടെ ഭഞ്ജകനായ പഴയൊരു ചെകുത്താനെ ദൈവം എന്ന് വിളിക്കാനുള്ള ഗുളികനായത് മറഡോണയല്ല, അയാളുടെ ഭൂമിശാസ്ത്രത്തിൽ വന്ന ഗുളികകാലമായിരിക്കണം. അതൊക്കെ കഴിഞ്ഞുപോയിട്ട് ദശാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു. മെസ്സിക്ക് അത്തരം തലതിരിഞ്ഞ ഈതിബാധകളില്ല. മെസ്സി നോർമലാണ്.

ലോകകപ്പ് ട്രോഫി കൈമാറുന്നതിനുമുമ്പ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി മെസ്സിയെ പരമ്പരാഗത അറബ് വസ്ത്രമായ 'ബിഷ്ത്' ധരിപ്പിക്കുന്നു /photo: Fifa
ലോകകപ്പ് ട്രോഫി കൈമാറുന്നതിനുമുമ്പ് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി മെസ്സിയെ പരമ്പരാഗത അറബ് വസ്ത്രമായ 'ബിഷ്ത്' ധരിപ്പിക്കുന്നു /photo: Fifa

മെസ്സിയുടെ കൊതിയും ഒരു നോർമലാണ്. ഫുട്‌ബോൾ തട്ടാനറിയാത്തവർക്കുപോലും ലോകകപ്പ് കിട്ടാൻ കൊതിയുണ്ട്. ഒന്നല്ല, രണ്ടോ മൂന്നോ കിട്ടിയാലും കുഴപ്പമില്ല. മെസ്സിക്കും അങ്ങനെ തന്നെ. മെസ്സിയുടെ അത്ര പ്രതിഭയില്ലാത്തവരും കപ്പ് എടുത്തിട്ടുണ്ട്. ചിലപ്പോൾ കൈക്കൂലി കൊടുത്ത് വാങ്ങിയിട്ടുണ്ട് എന്നുപോലും പറയപ്പെടുന്നുണ്ട്. മെസ്സിക്ക് കുറുക്കുവഴികളില്ലാതെ തന്നെ തന്റെ കൊതി തീർക്കാനുള്ള പാത മുന്നിലുണ്ട് എന്നുകരുതാം. അർജൻറീനക്കാർ അതുവഴി പോവാൻ ഇച്ഛിക്കുന്നു. മെസ്സി ഒരു മോസസ്സിനെ പോലെ അതുവഴി തങ്ങളെ നയിക്കുമെന്ന് വിശ്വസിക്കുന്നു.

അർജൻറീനയിലെ മനുഷ്യർക്ക് അവരുടെ നോർമൽ വിരസതകളിൽ നിന്നും വിമോചിതരാവാൻ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോൾ വ്യവസായം അതിനെ കാണുന്നത്.

അർജൻറീനയിലെ മനുഷ്യർക്ക് അവരുടെ നോർമൽ വിരസതകളിൽ നിന്നും വിമോചിതരാവാൻ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോൾ വ്യവസായം അതിനെ കാണുന്നത്. വിനോദം വലിയൊരു വ്യവസായമായി മാറിയ ഒരു കാലത്താണ് ഇതൊക്കെ നടക്കുന്നത്. ഓരോ കായിക ഇനത്തിനും അതിന്റേതായ ഒരു വിപണി ലോകമുണ്ട്. അവിടെയെല്ലാം മെസ്സിമാരും ഉണ്ട്.

കോമൺവെൽത്തിൽ സച്ചിനെ പോലൊരു ക്രിക്കറ്ററുണ്ട്. അയാൾ മിശിഹയല്ല. ഒരു ഉപഭൂഖണ്ഡത്തിന്റെ ദൈവമാണ്. ഗോൾഫ് മൈതാനിയിൽ അതിനേക്കാൾ മാന്യതയോടെ ഉയർന്നുനിൽക്കുന്ന ഒരു ടൈഗർവുഡ് ഉണ്ട്. ടെന്നീസിലാണ് ഒരു പിടി മെസ്സിമാരുള്ളത്. ഫുട്‌ബോളിൽ ഒരു സെറീന വില്യംസ് ഇല്ല.

മെസ്സിയുടെ കൊതിയും ഒരു നോർമലാണ്. ഫുട്‌ബോൾ തട്ടാനറിയാത്തവർക്കുപോലും ലോകകപ്പ് കിട്ടാൻ കൊതിയുണ്ട്  / ചിത്രീകരണം: ദേവപ്രകാശ്
മെസ്സിയുടെ കൊതിയും ഒരു നോർമലാണ്. ഫുട്‌ബോൾ തട്ടാനറിയാത്തവർക്കുപോലും ലോകകപ്പ് കിട്ടാൻ കൊതിയുണ്ട് / ചിത്രീകരണം: ദേവപ്രകാശ്

ഒരു മെസ്സിയെയൊ സച്ചിനെയൊ ഒക്കെ ഒത്തുകിട്ടാനും ഒരു ഭാഗ്യം വേണം. പ്രതിഭ കൊണ്ടായില്ല. വ്യക്തിതലത്തിൽ നോർമലായി ബിഹേവ് ചെയ്യാൻ കഴിയണം. റൊസാരിയോയിലെ മുത്തശ്ശിമാരെ തുടങ്ങി എല്ലാ തലമുറകളെയും പ്ലീസ് ചെയ്യണം. തീരെ തണുത്ത മട്ടാവരുത്. ഒരുപാട് റെബലാവരുത്. ജാക്ക് ഓഫ് ഓൾ ട്രേഡ്‌സ് ആവാൻ ശ്രമിക്കുന്നതിലൂടെയൊ വർത്തമാനത്തിന്റെ ഗതിവിഗതികളിൽ നിരന്തരം ഇടപെടുന്നതിലൂടെയൊ പ്രഫഷണലിസാത്മകമായ ജാഗ്രത കളഞ്ഞ് കുളിക്കരുത്. സർവോപരി പ്രതിഭ ധൂർത്തടിക്കരുത്.

മാർക്‌സിസ്റ്റ് ബാധയുള്ള ലിബറലുകൾ ഭയങ്കര പുച്ഛത്തോടെ ആക്ഷേപിക്കാറുള്ള ആൽക്കമിസ്റ്റിൽ പറയുന്ന പോലെ, ഒരാൾ ആത്മാർഥമായി എന്തെങ്കിലും ഇച്ഛിക്കുന്ന പക്ഷം ലോകം മുഴുവൻ അതിനായി ഗൂഢാലോചന നടത്തുമെന്ന വിഖ്യാതവാക്യം ഇവിടെ ഒരു പ്രതീതിയാഥാർഥ്യമോ യഥാർഥ പ്രതീതിയോ ഒക്കെയായി പ്രവർത്തിക്കുന്നതാണ് ഈ ലോകകപ്പിൽ കണ്ടത്.

മെസ്സി ഒത്തുകിട്ടിയ ഒരു മിശിഹാശരീരമായി വളരെ ആദ്യമെ തന്നെ തിരിച്ചറിയപ്പെട്ടിരുന്നു. അത് മെസ്സിയും മനസിലാക്കിയിരുന്നു എന്നുവേണം മനസിലാക്കാൻ. മാർക്‌സിസ്റ്റ് ബാധയുള്ള ലിബറലുകൾ ഭയങ്കര പുച്ഛത്തോടെ ആക്ഷേപിക്കാറുള്ള ആൽക്കമിസ്റ്റിൽ പറയുന്ന പോലെ ഒരാൾ ആത്മാർഥമായി എന്തെങ്കിലും ഇച്ഛിക്കുന്ന പക്ഷം ലോകം മുഴുവൻ അതിനായി ഗൂഢാലോചന നടത്തുമെന്ന വിഖ്യാതവാക്യം ഇവിടെ ഒരു പ്രതീതിയാഥാർഥ്യമോ യഥാർഥപ്രതീതിയോ ഒക്കെയായി പ്രവർത്തിക്കുന്നതാണ് ഈ ലോകകപ്പിൽ കണ്ടത്. ആരാധിച്ചും ഇഷ്ടപ്പെട്ടും മാത്രമല്ല, വെറുത്തും വിമർശിച്ചും കോടിക്കണക്കായ മനുഷ്യരാണ് ഈ ഗൂഢാലോചനക്കുവേണ്ടി, മെസ്സി എന്ന ബാബേൽ ഗോപുരം കെട്ടിപ്പണിതുണ്ടാക്കാൻവേണ്ടി, ഭഗവദ് ഗീതയുടെ ചില വ്യാഖ്യാനങ്ങളിൽ പറയുന്ന മാതിരി പ്രതിഫലേച്ഛയില്ലാതെ പണിയെടുത്തുകൊണ്ടിരുന്നത്. ഫുട്‌ബോളിന്റെ ദൈവം അവസാനനിമിഷം വരെ അത് തകർത്തുവീഴ്ത്താൻ മെനക്കെട്ടിട്ടും അതുണ്ടായി.

മെസ്സി ഒരു ഗോട്ടായിരുന്നു. ഈ ലോകകപ്പ് പെരുന്നാളിന് അതിനെ അറത്തു. ഇനി വേറെ വാക്ക് കണ്ടുപിടിക്കണം
മെസ്സി ഒരു ഗോട്ടായിരുന്നു. ഈ ലോകകപ്പ് പെരുന്നാളിന് അതിനെ അറത്തു. ഇനി വേറെ വാക്ക് കണ്ടുപിടിക്കണം

മെസ്സിക്ക് നല്ല കൊതിയുണ്ടായിരുന്നു. അത് ഒരു അർഹതയല്ലെന്ന് മെസ്സിക്കുതന്നെ അറിയാമായിരുന്നു. കളി ജയിച്ചുകഴിഞ്ഞ് മികച്ച കളിക്കാരനുള്ള ട്രോഫി വാങ്ങി വരുന്നവഴി അയാൾ അയാളുടെ സുദീർഘമായ കൊതിക്കാലം കഴിഞ്ഞു​പോയത് മനസിലാക്കി. ലോകകപ്പ് ഏറ്റുവാങ്ങാൻ, കൈയ്യിലിട്ട് താരാട്ടാൻ ഇനിയും മിനിറ്റുകളുണ്ട്. മെസ്സി അതിന്റെ മൊട്ടത്തലയിൽ കൊശുവോടെ ഉമ്മ വെക്കുമ്പോൾ തന്റെ കൊതിക്കാലത്തിന് ഒരു ഫേർവെൽ കൊടുക്കുകയാണ്. അതിന്റെ മധുരവും കയ്പും അവസാനമായി രുചിക്കുകയാണ്.

മെസ്സി ഒരു ഗോട്ടായിരുന്നു. ഈ ലോകകപ്പ് പെരുന്നാളിന് അതിനെ അറത്തു. ഇനി വേറെ വാക്ക് കണ്ടുപിടിക്കണം. ▮


എ. ഹരിശങ്കർ കർത്ത

നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പിസ്കോണിയ മസ്കു, ഗോസിപ്പ് അക്കോഡിങ്ങ് ടു ഹരിശങ്കരനശോകൻ എന്നിവ പുസ്തകങ്ങൾ.

Comments