ഇന്ത്യൻ വനിതാ ഫുട്ബോൾ പറയുന്നു, ഞങ്ങളിൽ വിശ്വാസം അർപ്പിക്കൂ...

ആഗോളതലത്തിൽ വനിതാ ഫുട്ബോളിന്റെ പ്രചാരമേറുന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലെ വനിതാ ക്ലബ് ഫുട്ബോളിന്റെ സാധ്യതകളും നിലവിലെ പ്രശ്നങ്ങളും എന്തെല്ലാമാണ്? ഫിഫയുടെ പിന്തുണയോടെ മലയാളി ഗവേഷകർ നടത്തിയ പഠനത്തിലെ നിരീക്ഷണങ്ങൾ. ഡോ. അരവിന്ദ് രഘുനാഥൻ, ഡോ. വിദ്യ സുകുമാരപ്പണിക്കർ എന്നിവർ എഴുതുന്നു.

കാത്തു കാത്തിരുന്ന് ഒടുവിൽ മെസ്സി വന്നു; കേരളത്തിൽ അല്ലെങ്കിലും! ആരാധകർക്ക് വലിയൊരു ആഘോഷമായി തീരേണ്ടിയിരുന്ന ആ സന്ദർശനം കൊൽക്കത്തയിൽ വിവാദമായി മാറുന്നതും നമ്മൾ കണ്ടു. താരാരാധനയിൽ നിന്ന് ലാഭമുണ്ടാക്കാനായി സ്വകാര്യ സംഘടനകളാണ് കൊൽക്കത്തയ്ക്കു പുറമേ ഹൈദരാബാദിലും ന്യൂഡൽഹിയിലും മുംബൈയിലും ഗോട്ട് ടൂർ എന്ന ഈ 'ദൃശ്യവിരുന്ന്' സംഘടിപ്പിച്ചതെങ്കിലും, രാഷ്ട്രീയക്കാരും ചലചിത്രതാരങ്ങളുമെല്ലാം അതിലേക്ക് ഒഴുകിയെത്തി. ഈ വർഷം ഇന്ത്യയിൽ ഫുട്ബോൾ മൈതാനത്തു നടന്ന ഏറ്റവും വലിയ സംഭവമായി മെസ്സിയുടെ സന്ദർശനം മാറുകയും ചെയ്തു.

ഫുട്ബോൾ സംഭവം എന്നു പറഞ്ഞത് വെറുതെയല്ല. സമീപകാലത്തൊന്നും ദേശീയ തലത്തിലുള്ള ഒരു ഫുട്ബോൾ മത്സരം നടക്കാതെ അനാഥമായിക്കിടക്കുകയാണ് മെസ്സി വന്നതിനു തൊട്ടുപിന്നാലെ ആരാധകർ തകർത്തു കളഞ്ഞ സോൾട്ട്‌ലേക്ക് ഉൾപ്പെടെയുള്ള നമ്മുടെ സ്റ്റേഡിയങ്ങളെല്ലാം. ഇന്ത്യയുടെ പ്രധാന ഫുട്ബോൾ ലീഗായ ഐഎസ്എൽ സീസൺ ഇനി നടക്കുമോ എന്നുപോലും ഉറപ്പില്ല. മെസ്സിയുടെ സന്ദർശനത്തിനായി ശതകോടികൾ ചിലവഴിക്കാനും സമാഹരിക്കാനും കഴിയുമ്പോൾ തന്നെ ഐഎസ്എലിന് ഒരു ടെലിവിഷൻ സംപ്രേഷണ കരാർ കണ്ടെത്താൻ പോലും നമുക്കു കഴിയുന്നില്ല. രാജ്യാന്തര മത്സരങ്ങളിൽ അടിക്കടി തോൽവികൾ നേരിട്ട ഇന്ത്യൻ ദേശീയ പുരുഷ ടീമാവട്ടെ ഫിഫ റാങ്കിങ്ങിൽ ഏറെ താഴേക്കു പതിക്കുകയും ചെയ്തു.

ബഹളങ്ങൾക്കിടയിലും നിശബ്ദമായി വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു ടീം ആഘോഷങ്ങളുടെയും അംഗീകാരങ്ങളുടെയും സൈഡ് ലൈനിനു പുറത്തു നിൽക്കുന്നുണ്ട് - ഇന്ത്യൻ ദേശീയ വനിതാ ഫുട്ബോൾ ടീം.
ബഹളങ്ങൾക്കിടയിലും നിശബ്ദമായി വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു ടീം ആഘോഷങ്ങളുടെയും അംഗീകാരങ്ങളുടെയും സൈഡ് ലൈനിനു പുറത്തു നിൽക്കുന്നുണ്ട് - ഇന്ത്യൻ ദേശീയ വനിതാ ഫുട്ബോൾ ടീം.

എന്നാൽ ഈ ബഹളങ്ങൾക്കിടയിലും നിശബ്ദമായി വലിയ നേട്ടങ്ങൾ കൈവരിച്ച ഒരു ടീം ആഘോഷങ്ങളുടെയും അംഗീകാരങ്ങളുടെയും സൈഡ് ലൈനിനു പുറത്തു നിൽക്കുന്നുണ്ട് - ഇന്ത്യൻ ദേശീയ വനിതാ ഫുട്ബോൾ ടീം. ഇന്ത്യൻ ഫുട്ബോളിലെ നിലവിലെ അനിശ്ചിതത്വവും പുരുഷ ടീമിന്റെ നിരാശാജനകമായ പ്രകടനവും വെച്ച് നോക്കുമ്പോൾ വനിതാ ടീമിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ലോക റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ടീം 142-ാം സ്ഥാനത്താണെങ്കിൽ വനിതാ ടീം 67-ാം സ്ഥാനത്തുണ്ട്. പുരുഷൻമാർ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ നിരാശാജനകമായ പ്രകടനവുമായി പുറത്തായെങ്കിൽ വനിതകൾ വൻകരാ ചാംപ്യൻഷിപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഈ നേട്ടങ്ങളിലൂടെ അവർ വിളിച്ചു പറയുന്നത് ഒരേയൊരു കാര്യമാണ്- നോക്കൂ, ഞങ്ങളിൽ വിശ്വാസം അർപ്പിക്കൂ!

ഉയരുന്ന പ്രചാരവും സ്വാധീനവും

വനിതാ ഫുട്ബോളിന്റെ പ്രചാരം ലോകമെമ്പാടും, അതർഹിക്കുന്ന അംഗീകാരം സ്വപ്നം കണ്ടുകൊണ്ട്, വർധിക്കുകയാണ്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന കഴിഞ്ഞ വനിതാ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങളിൽ ശരാശരി കാണികളുടെ എണ്ണം കഴിഞ്ഞ എഡിഷനുകളെ പലമടങ്ങ് മറികടന്ന് 31,000 ആയിരുന്നു. ഇംഗ്ലണ്ടിലാകട്ടെ, ക്ലബ്ബുകൾക്കായുള്ള വിമൻസ് സൂപ്പർ ലീഗ് മികച്ച രീതിയിൽ മുന്നേറുന്നതിനോടൊപ്പം, താരപ്രഭാവം മനസ്സിലാക്കി പല വനിതാ ഫുട്ബോളർമാരെയും ബ്രാൻഡ് അംബാസഡർമാരാക്കാൻ കോർപറേറ്റുകൾ മത്സരിക്കുകയാണ്.

പുരുഷൻമാർ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ നിരാശാജനകമായ പ്രകടനവുമായി പുറത്തായെങ്കിൽ വനിതകൾ വൻകരാ ചാംപ്യൻഷിപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഈ നേട്ടങ്ങളിലൂടെ അവർ വിളിച്ചു പറയുന്നത് ഒരേയൊരു കാര്യമാണ്- നോക്കൂ, ഞങ്ങളിൽ വിശ്വാസം അർപ്പിക്കൂ!
പുരുഷൻമാർ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ നിരാശാജനകമായ പ്രകടനവുമായി പുറത്തായെങ്കിൽ വനിതകൾ വൻകരാ ചാംപ്യൻഷിപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. ഈ നേട്ടങ്ങളിലൂടെ അവർ വിളിച്ചു പറയുന്നത് ഒരേയൊരു കാര്യമാണ്- നോക്കൂ, ഞങ്ങളിൽ വിശ്വാസം അർപ്പിക്കൂ!

പല സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ളവരെ ഒരുമിപ്പിക്കുന്നതിനും സമൂഹത്തിന്റെ മൊത്തത്തിലുള്ള കായിക-മാനസികാരോഗ്യം മെച്ചപ്പെടുത്താനും വനിതാ ഫുട്ബോളിന് സാധിക്കുന്നുണ്ട്. യാഥാസ്ഥിതികമായ സാമൂഹിക സാഹചര്യങ്ങളിൽ പെൺകുട്ടികൾക്ക് മുന്നിൽ റോൾ മോഡലുകൾ അപൂർവമാകുമ്പോൾ വനിതാ ഫുട്ബോൾ അതിനൊരു തിരുത്ത് സൃഷ്ടിക്കുന്നു. ലിംഗസമത്വമടക്കമുള്ള സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന ഒളിംപിക് സ്വർണ്ണ മെഡൽ ജേതാവും രണ്ടു തവണ ലോകകപ്പ് ജേത്രിയുമായ യുഎസ് താരം മേഗൻ റപ്പീനോ, വനിതാ ലോകകപ്പ് ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾക്കുടമയായ ബ്രസീലിന്റെ മാർത്ത, ആഫ്രിക്കയിലെ ദരിദ്രമേഖലകളിലെ കുട്ടികളെ സഹായിക്കുന്ന സന്നദ്ധ സംഘടന സ്‌ഥാപിച്ച അസീഷത്ത് ഒഷാലാ തുടങ്ങിയവരുടെ കളിക്കളത്തിനകത്തും പുറത്തുമുള്ള പ്രവർത്തനങ്ങൾ എല്ലാവർക്കും പ്രചോദനമാണ്.

പ്രചാരത്തിലും സാമ്പത്തിക പിന്തുണയിലും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെങ്കിലും, പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിലെ വനിതാ ഫുട്ബോൾ രംഗവും വളർച്ചയുടെ പാതയിലാണ്. രാജ്യത്ത് ഫുട്‍ബോളിൽ രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ എണ്ണം 2022-ലെ 11,724-ൽ നിന്ന് 2024 ആയപ്പോഴേക്കും 27,936 ആയി ഉയർന്നു (138% വർദ്ധന). പരുക്കേൽക്കാനുള്ള സാധ്യത മുതൽ വെയിലത്ത് കളിച്ചാൽ കറുത്തു പോയി കല്യാണം തടസ്സപ്പെടുമെന്ന കരുതൽ വരെ ഇന്ത്യയിൽ പെൺകുട്ടികളെ ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങളാണ്. കൂടാതെ, ഫുട്ബോളിലൂടെ വ്യക്തമായ ഒരു കരിയർ പാത ഇല്ലാത്തതും പ്രധാന തടസ്സമാണ്. അതു കൊണ്ടു തന്നെ ഈ പ്രതിബന്ധങ്ങളെല്ലാം മറികടന്നുള്ള ഈ വളർച്ച ശ്രദ്ധേയമാണ്.

ക്ലബ്ബുകളുടെ സംഭാവന

ഇന്ത്യൻ വനിതാ ഫുട്‍ബോളിൽ ക്ലബ്ബുകൾ പണ്ടത്തേക്കാൾ ശ്രദ്ധ ചെലുത്തുന്നത് ഈ വളർച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നാണ്. രണ്ടു തട്ടുകളായി പ്രവർത്തിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിലൂടെയും (IWL) ചില സംസ്ഥാനങ്ങളിലെങ്കിലും നല്ല രീതിയിൽ നടക്കുന്ന സ്റ്റേറ്റ് ലീഗുകളിലൂടെയും ക്ലബ്ബുകൾക്ക് കൂടുതൽ ഗെയിം ടൈമും ഇപ്പോൾ ലഭിക്കുന്നുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ വിഷൻ 2047 പദ്ധതിയുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന് വനിതാ ഫുട്ബോളിന്റെ, പ്രത്യേകിച്ച് ക്ലബ് തലത്തിന്റെ, വളർച്ചയാണ്.

ഇന്ത്യൻ വനിതാ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ടൂർണമെന്റായ IWLന്റെ സംപ്രേഷണത്തിനായി സ്ഥിരമായിട്ടുള്ള, കൂടുതൽ ആരാധകരിലേക്കെത്തുന്ന ഒരു ചാനലോ ദൃശ്യമാധ്യമ പ്ലാറ്റ്‌ഫോമോ ഇല്ലാത്തത് വലിയ പോരായ്മയാണ്.
ഇന്ത്യൻ വനിതാ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ടൂർണമെന്റായ IWLന്റെ സംപ്രേഷണത്തിനായി സ്ഥിരമായിട്ടുള്ള, കൂടുതൽ ആരാധകരിലേക്കെത്തുന്ന ഒരു ചാനലോ ദൃശ്യമാധ്യമ പ്ലാറ്റ്‌ഫോമോ ഇല്ലാത്തത് വലിയ പോരായ്മയാണ്.

രാജ്യത്ത് വനിതാ ഫുട്ബോൾ മേഖലയിൽ പ്രധാനമായും രണ്ടുതരം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത്. പുരുഷ ടീമുകളുമായി തുടങ്ങിയവ പിന്നീട് വനിതാ ടീമിനെ/ടീമുകളെ കൂടി ചേർത്തതാണ് ആദ്യത്തേത് (Integrated clubs). ഈസ്റ്റ് ബംഗാൾ, ഗോകുലം തുടങ്ങിയ ക്ലബ്ബുകൾ ഉദാഹരണങ്ങളാണ്. യൂറോപ്യൻ ലീഗുകളിലെ പോലെത്തന്നെ, പുരുഷ ടീമുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നൊരു വ്യവസ്ഥ നേരത്തേയുള്ളത് വനിതാ വിഭാഗത്തിന് സാമ്പത്തിക സുരക്ഷിതത്വവും സ്പോൺസർഷിപ്പ് സാധ്യതകളും ഒരുക്കുന്നതായി കാണുന്നു. അതേസമയം, രണ്ടാമതായിട്ടാണ് തുടങ്ങിയതെങ്കിലും വനിതാ ടീമിന്റെ പ്രകടനം കൊണ്ട് ഇപ്പോൾ മുൻപോട്ടു പോകുന്ന ക്ലബ്ബുകളുമുണ്ട് എന്നത് കൗതുകകരമാണ്. കേരളത്തിലെ ഗോകുലം എഫ് സി-യുടെ തന്നെ കാര്യമെടുക്കൂ: മൂന്ന് IWL കിരീടങ്ങളും വൻകര മത്സരങ്ങളിലെ പങ്കാളിത്തമൊക്കെയായി വനിതാ ടീം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്!

വനിതാ ടീമുകളെ വെച്ച് മാത്രം പ്രവർത്തിക്കുന്ന സ്വതന്ത്ര ക്ലബ്ബുകളാണ് (Independent Clubs) രണ്ടാമത്തെ വിഭാഗം. സാമൂഹിക ഉന്നമനം കൂടി ലക്ഷ്യമാക്കിയുള്ള കായിക സംഘടനകളോ അഭ്യുദയകാംക്ഷികളായ ബിസിനസുകാരോ ആണ് ഇത്തരം ക്ലബ്ബുകൾക്ക് പ്രധാനമായും ചുക്കാൻ പിടിക്കുന്നത്. ഈ വിഭാഗത്തിലുള്ള തമിഴ്നാട്ടിലെ സേതു എഫ് സി ഇന്ത്യൻ വിമെൻസ് ലീഗിൽ 2017-18 സീസണിൽ കിരീടം നേടി ചരിത്രം കുറിച്ചിരുന്നു.

പ്രശ്നമേഖലകൾ ഏതെല്ലാം?

ഇന്ത്യൻ കായികരംഗത്തിലെ പല വിജയങ്ങളും സിസ്റ്റത്തിന്റെ സഹായം കൊണ്ടല്ല, മറിച്ച് അതിനോട് പൊരുതിയിട്ടാണ് (Despite the system, not because of it!) എന്ന് വർഷങ്ങൾക്ക് മുൻപ് ESPN നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്. ആ സ്ഥിതി മാറ്റാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും, വനിതാ ഫുട്ബോളിന്റെ ആഗോള വളർച്ചയിൽ പ്രധാന പങ്കാളികളാവണമെങ്കിൽ ഇന്ത്യയിൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.

കേരളത്തിന്റെ വനിതാ ഫുട്ബോൾ രംഗത്ത് ഗോകുലം, കേരള യുണൈറ്റഡ് പോലുള്ള ക്ലബ്ബുകളാണ് ഉയർന്ന ലീഗുകൾ ലക്ഷ്യം വെച്ചുകൊണ്ട് സ്ഥിരമായി പ്രവർത്തിക്കുന്നത്.
കേരളത്തിന്റെ വനിതാ ഫുട്ബോൾ രംഗത്ത് ഗോകുലം, കേരള യുണൈറ്റഡ് പോലുള്ള ക്ലബ്ബുകളാണ് ഉയർന്ന ലീഗുകൾ ലക്ഷ്യം വെച്ചുകൊണ്ട് സ്ഥിരമായി പ്രവർത്തിക്കുന്നത്.

വ്യക്തികളും എൻ‌ജി‌ഒകളും മുതൽ പാരമ്പര്യ ക്ലബ്ബുകൾ (legacy clubs) വരെയുള്ള വൈവിധ്യമാർന്ന ഉടമസ്ഥാവകാശ മാതൃകകൾ ഉണ്ടെങ്കിലും, ഇന്ത്യയിൽ വനിതാ ഫുട്ബോളിന്റെ നിലനിൽപ്പ് സുസ്ഥിരമായ ബിസിനസ് അടിസ്ഥാനശിലകളിലാണോ എന്നതൊരു പ്രധാന ചോദ്യമാണ്. ഇന്ത്യൻ കായികരംഗത്തെ പരിമിതമായ സാഹചര്യങ്ങളിൽ, വനിതാ ക്ലബ്ബുകൾ സ്ഥാപകർ നൽകുന്ന തുടക്കങ്ങൾക്കപ്പുറം സ്ഥിരതയുള്ള സ്ഥാപനങ്ങളായി മാറാൻ പാടുപെടുന്നുണ്ട്. മിക്ക ക്ലബ്ബുകളും വനിതാ ടീമിന്റെ സ്പോൺസർഷിപ്പിനായും വേതനവും യാത്ര-താമസസൗകര്യമടക്കമുള്ള മറ്റു കാര്യങ്ങൾക്കുമായി സ്ഥാപകരുടെയോ മാനേജർമാരുടെയോ വ്യക്തിബന്ധങ്ങളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. ചുമതലമാറ്റങ്ങളും വ്യക്തമായ നയങ്ങളുടെ അഭാവവുമെല്ലാം കാരണം ഫുട്ബോൾ ഫെഡറേഷനുകളെ ഉറപ്പുള്ള സഹായ സ്രോതസ്സായി ക്ലബ്ബുകൾ കാണുന്നില്ല.

ഇന്ത്യൻ വനിതാ ഫുട്ബോളിലെ ഏറ്റവും ഉയർന്ന ടൂർണമെന്റായ IWLന്റെ സംപ്രേഷണത്തിനായി സ്ഥിരമായിട്ടുള്ള, കൂടുതൽ ആരാധകരിലേക്കെത്തുന്ന ഒരു ചാനലോ ദൃശ്യമാധ്യമ പ്ലാറ്റ്‌ഫോമോ ഇല്ലാത്തത് വലിയ പോരായ്മയാണ്. സ്പോൺസർമാരെ ആകർഷിക്കാൻ കാഴ്ചക്കാരെ സംബന്ധിച്ച ഡേറ്റയും വളരുന്നൊരു ആരാധക സംസ്കാരവും വേണമല്ലോ. രണ്ടു മൂന്ന് മാസങ്ങളിൽ മാത്രമായി ഒതുങ്ങുന്ന ലീഗുകളും വനിതാ ടീമുകൾ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വ സീസണുകൾ കളിക്കാരുടെ ഗെയിം ടൈമും മാച്ച് ഫിറ്റ്നസും, സ്പോൺസർഷിപ്പിനു ബ്രാൻഡുകൾ പരിഗണിക്കുന്ന സോഷ്യൽമീഡിയ കാലത്തെ ദൃശ്യതയും (visibility) പരിമിതപ്പെടുത്തുന്നു. കളിക്കാരെയും ജീവനക്കാരെയും ഫുട്ബോളിൽ തന്നെ നിലനിർത്താനും ക്ലബ്ബുകൾ പാടുപെടുന്നു. മത്സര കലണ്ടറുകളിലെ അടിയ്ക്കടിയുള്ള മാറ്റങ്ങളും അവ്യക്തതയും ആരാധകരുടെ താൽപര്യം നിലനിർത്തുന്നതിനൊരു തടസ്സമാണ്.

പിന്തുണ സംവിധാനങ്ങളുടെ പ്രസക്തി

ഇന്ത്യ പോലെ ഫുട്ബോൾ രംഗം ഇനിയും മെച്ചപ്പെടാനുള്ള രാജ്യങ്ങളിൽ, ക്ലബ്ബുകൾക്ക് സാമൂഹിക കാഴ്ചപ്പാടിലുള്ള അംഗീകാരം (legitimacy), വിഭവങ്ങൾ (resources), തുടർച്ച (continuity) എന്നിവയ്ക്കായുള്ള പിന്തുണ സംവിധാനങ്ങൾ (support systems) അത്യാവശ്യമാണ്. കോർപ്പറേറ്റുകളുമായി നേരിട്ടുള്ള ബന്ധം അല്ലെങ്കിൽ വളരെക്കാലമായുള്ള സ്പോൺസർ, എൻ‌ജിഒ ചട്ടക്കൂടിനുള്ളിൽ നിന്നുള്ള പ്രവർത്തനം, ഫുട്ബോൾ അക്കാദമി തുടങ്ങിയ സംവിധാനങ്ങളാണിതിൽ പ്രധാനം.

മൂന്ന് തവണ IWL ജേതാക്കളായ ഗോകുലം ഇന്ത്യയിലെ വനിതാ ഫുട്ബോളിനു തന്നെ പ്രചോദനമാണ്.
മൂന്ന് തവണ IWL ജേതാക്കളായ ഗോകുലം ഇന്ത്യയിലെ വനിതാ ഫുട്ബോളിനു തന്നെ പ്രചോദനമാണ്.

കായികരംഗത്ത് വനിതാ പങ്കാളിത്തം വെല്ലുവിളി നേരിടുന്ന യാഥാസ്ഥിതിക സാഹചര്യങ്ങളിൽ, മാതാപിതാക്കളുടെയും സമൂഹത്തിന്റെയും മാത്രമല്ല ഫെഡറേഷനുകളുടെയും അംഗീകാരം നേടുന്നതിന് സംവിധാനങ്ങളുടെ പിന്തുണ നിർണായകമാണ്. ക്ലബ്ബിലെ വ്യക്തികളുടെ പരിചയ ശൃംഖലകളിൽ നിന്ന് മാത്രം നേടാൻ കഴിയുന്നതിനപ്പുറം വിഭവങ്ങളിലേക്ക് ഇവ വഴിയൊരുക്കും. കോർപ്പറേറ്റ് അല്ലെങ്കിൽ രാഷ്ട്രീയ രക്ഷാധികാരികൾ സ്പോൺസർഷിപ്പും നിക്ഷേപ സൗകര്യങ്ങളും ഒരുക്കുന്നു, ക്ലബ്ബിനോടനുബന്ധിച്ചുള്ള ഫുട്ബോൾ അക്കാദമികൾ സ്ഥിരവരുമാന മാർഗ്ഗമാവുന്നു. ഉദാഹരണത്തിന്, നിലവിലെ IWL ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ് സി-യിൽ സൗന്ദര്യവർദ്ധകരംഗത്തെ അതികായകരായ ഇമാമി ഗ്രൂപ്പിന് ഉയർന്ന ഓഹരിപങ്കാളിത്തമുണ്ട്. വനിതാ ടീമിനും മികച്ച സൗകര്യങ്ങളൊരുക്കാൻ ഇന്ത്യയിലുടനീളം അറിയപ്പെടുന്ന ബ്രാൻഡുകളായ ഫെയർ ആൻഡ് ഹാൻഡ്സം, ബോറോ പ്ലസ്, നവര്തന ഓയിൽ തുടങ്ങിയവയുടെ ഉടമകളായ ഇമാമി ശ്രദ്ധ വയ്ക്കുന്നു.

ലാഭക്കണക്കിൽ ഉയർന്ന തട്ടുകളിലുള്ള കമ്പനികൾ കഴിഞ്ഞ മൂന്ന് വർഷത്തെ ശരാശരി അറ്റാദായത്തിന്റെ കുറഞ്ഞത് 2% സാമൂഹിക ഉത്തരവാദിത്ത (Corporate Social Responsibility) പ്രവർത്തനങ്ങൾക്കായി ചെലവഴിക്കണമെന്ന് 2013-ലെ ഇന്ത്യൻ കമ്പനീസ് ആക്റ്റ് നിഷ്കർഷിക്കുന്നുണ്ട്. സന്നദ്ധ സംഘടനകളായി രജിസ്റ്റർ ചെയ്ത പല ചെറിയ ക്ലബ്ബുകളും ഈ ഫണ്ടുള്ളത് കൊണ്ടു മാത്രമാണ് ഇന്ത്യയിൽ പലപ്പോഴും സ്പോൺസർഷിപ്പ് സംഘടിപ്പിക്കുന്നത്.

ഹ്രസ്വ സീസണുകളുടെ അനിശ്ചിതത്വത്തിൽ കളിക്കാരെയും സ്റ്റാഫിനെയും നിലനിർത്താനും, അടുത്ത സീസണിലേക്കുള്ള സൗകര്യങ്ങൾ ഒരുക്കാനും ഈ സംവിധാനങ്ങൾ ഗുണം ചെയ്യും. കുറച്ചു മാസങ്ങളിൽ മാത്രം ജോലിയുള്ളൊരു മേഖലയെന്ന നിലവിലെ വെല്ലുവിളി ശക്തമായൊരു സാമ്പത്തിക അടിത്തറയുടെ പ്രാധാന്യം കൂടി സൂചിപ്പിക്കുന്നു. വർഷങ്ങളുടെ പ്രയത്നം കൊണ്ട് പിന്തുണ സംവിധാനങ്ങൾ വളർത്തിയെടുത്ത ക്ലബ്ബുകൾക്ക് വിപണിയിലെ ഏറ്റക്കുറച്ചിലുകളും മേഖലയിലെ നയപരമായ മാറ്റങ്ങളും നന്നായി കൈകാര്യം ചെയ്യാനാകുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ ആരാധക സംസ്കാരങ്ങളിലൊന്നാണ് നമ്മുടേത്. അതേ സമയം തന്നെ, നേരത്തെ ഇവിടെ സൂചിപ്പിച്ച പല പ്രശ്നങ്ങളും കേരളത്തിലെ ക്ലബ് ഫുട്ബോളിനെയും ബാധിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ ആരാധക സംസ്കാരങ്ങളിലൊന്നാണ് നമ്മുടേത്. അതേ സമയം തന്നെ, നേരത്തെ ഇവിടെ സൂചിപ്പിച്ച പല പ്രശ്നങ്ങളും കേരളത്തിലെ ക്ലബ് ഫുട്ബോളിനെയും ബാധിക്കുന്നു.

കായികരംഗത്തെ ഭരണ സ്ഥാപനങ്ങളിൽ നിന്ന്, ഇത്തരം പിന്തുണാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം, വ്യക്തമായ മാനദണ്ഡങ്ങളും മറ്റു കക്ഷികളുമായി (ഉദാ: സ്‌പോൺസർമാർ, ബ്രോഡ്‌കാസ്റ്റിംഗ് പാർട്ണർമാർ) ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമാണ് ക്ലബ്ബുകൾ പ്രതീക്ഷിക്കുന്നത്.

കേരളത്തിന്റെ പ്രശ്നങ്ങളും സാധ്യതകളും

ആഗോളതലത്തിലുള്ള വനിതാ ഫുട്ബോളിന്റെ വളർച്ചയിൽ ഇന്ത്യ പങ്കെടുക്കുമ്പോൾ അതിലൊരു കേരള സ്റ്റോറിക്കും സാധ്യതയില്ലേ? ഇന്ത്യയിലെ ഏറ്റവും ശക്തമായ ഫുട്ബോൾ ആരാധക സംസ്കാരങ്ങളിലൊന്നാണ് നമ്മുടേത്. അതേ സമയം തന്നെ, നേരത്തെ ഇവിടെ സൂചിപ്പിച്ച പല പ്രശ്നങ്ങളും കേരളത്തിലെ ക്ലബ് ഫുട്ബോളിനെയും ബാധിക്കുന്നു.

കേരളത്തിന്റെ വനിതാ ഫുട്ബോൾ രംഗത്ത് ഗോകുലം, കേരള യുണൈറ്റഡ് പോലുള്ള ക്ലബ്ബുകളാണ് ഉയർന്ന ലീഗുകൾ ലക്ഷ്യം വെച്ചുകൊണ്ട് സ്ഥിരമായി പ്രവർത്തിക്കുന്നത്. മൂന്ന് തവണ IWL ജേതാക്കളായ ഗോകുലം ഇന്ത്യയിലെ വനിതാ ഫുട്ബോളിനു തന്നെ പ്രചോദനമാണ്. എന്നാൽ സംസ്ഥാനത്ത് വനിതാ ഫുട്ബോളിന്റെ ദൃശ്യതക്കുറവും വാണിജ്യ സാധ്യതകളും വളരാനുള്ള സാധ്യതകളെ വെല്ലുവിളിക്കുന്നുണ്ട്. ചുരുക്കം ക്ലബ്ബുകളിൽ ഒതുങ്ങുന്നത് സംസ്ഥാനത്തെ കളിക്കാരുടെ അവസരങ്ങളെയും ദീർഘകാല പ്രവർത്തനങ്ങളിലൂടെ ഉണ്ടാവുന്ന ആരാധക സംസ്കാരത്തെയും സാരമായി ബാധിക്കുന്നു, പ്രത്യേകിച്ച് ഏതെങ്കിലും ക്ലബ്ബ് പിൻവാങ്ങിയാലോ ദുർബലപ്പെട്ടാലോ. ഇന്ത്യയിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന ക്ലബ്ബുകളിൽ ഒന്നാണെങ്കിലും, കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം നിലച്ചു പോയിട്ട് മൂന്ന് വർഷമാകുന്നു എന്നത് ഇതിനോടു ചേർത്തു വായിക്കാം.

സ്കൂൾ പഠനത്തോടൊപ്പം യഥാർത്ഥ രീതിയിൽ കായികയിനങ്ങളിലുള്ള പരിശീലനം ഉൾപ്പെടുത്താനുള്ള മുറവിളികൾക്ക് കേരളത്തിൽ വർഷങ്ങളുടെ പഴക്കമുണ്ട്. പ്രമേഹം, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കുന്ന കാലത്ത് സ്കൂൾ തലത്തിൽ നിന്നുതന്നെ കായികാരോഗ്യത്തിന്റെ പ്രസക്തി മനസ്സിലാക്കേണ്ടതുണ്ട്. മയക്കുമരുന്ന്, സോഷ്യൽ മീഡിയ അഡിക്ഷൻ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് പുതുതലമുറയെ രക്ഷിച്ചെടുക്കാനുള്ള സ്പോർട്സിന്റെയും പ്രത്യേകിച്ച് ഫുട്ബോളിന്റെയും കഴിവ് ഈ അവസരത്തിൽ പ്രസക്തമാണ്.

ചില പ്രദേശങ്ങളിൽ വളരെ വിജയകരമായി നടപ്പാക്കിയ സ്കൂൾ- പ്രൊഫഷണൽ ക്ലബ്ബ് പങ്കാളിത്ത മോഡൽ സംസ്ഥാന വ്യാപകമായി വികസിപ്പിക്കാവുന്നതാണ്. കായിക മേഖലയിൽ പെൺകുട്ടികളുടെ പങ്കാളിത്തത്തിന് ഗ്രാസ് റൂട്ട് തലത്തിൽ തന്നെ സാധ്യത സൃഷ്ടിക്കുന്നതിന് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ, മതസ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കേണ്ടതുമുണ്ട്. അതുവഴി തലമുറകളെ പ്രചോദിപ്പിക്കുന്ന റോൾ മോഡലുകളെ സൃഷ്ടിക്കാനും അവരുടെ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനും കേരളത്തിന് കഴിയണം.


Summary: In the context of the growing popularity of women's football globally, what are the current problems of women's club football in India? Dr. Arvind Raghunathan and Dr. Vidya Sukumara Panicker writes.


ഡോ. അരവിന്ദ് രഘുനാഥൻ

ഇംഗ്ളണ്ടിലെ ലഫ്ബ്റാ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പോർട്ട്-ൽ അസിസ്റ്റൻറ് ​പ്രൊഫസർ. സ്പോർട്സ്, ഉപഭോക്‌തൃ സംസ്കാരം, യാത്രകൾ എന്നിവയെക്കുറിച്ച് എഴുതുന്നു.

ഡോ. വിദ്യ സുകുമാരപ്പണിക്കർ

ലഫ്ബറോ യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിലെ അസോസിയേറ്റ് പ്രൊഫസർ. ഫിഫയ്ക്ക് വേണ്ടി ഇന്ത്യയിലെ വനിതാ ഫുട്ബോളിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകുന്നു.

Comments