കായികലോകത്തെ കേവലമൊരു ടൂർണമെന്റ് എന്നതിലുപരി, 'ഭൂമിയിലെ ഏറ്റവും വലിയ വിനോദ വിസ്മയം' എന്ന വിശേഷണത്തിന് അർഹമാണ് ‘ഫിഫ’ ലോകകപ്പ്. ഭാഷാ- ഭൂപ്രദേശ അതിരുകൾ ഭേദിച്ച് ലോകത്തിന്റെ ഓരോ കോണിലുമുള്ള ജനതയെ ഒരു മാസക്കാലം ഒരൊറ്റ സ്റ്റേഡിയത്തിലേക്കെന്നപോലെ കോർത്തിണക്കാൻ ഈ മഹാമേളയ്ക്ക് സാധിക്കുന്നു.
ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്കോ മറ്റ് വമ്പൻ കലാപരിപാടികൾക്കോ അവകാശപ്പെടാനാകാത്ത വിധം, കോടിക്കണക്കിന് മനുഷ്യരെ ഒരേസമയം സ്ക്രീനുകൾക്ക് മുന്നിലെത്തിക്കുന്ന ഈ കായിക മാമാങ്കം സാംസ്കാരിക വൈവിധ്യങ്ങളുടെ ആഗോള കാർണിവൽ കൂടിയാണ്. ഉദ്ഘാടന ചടങ്ങുകളിലെ ദൃശ്യവിസ്മയങ്ങളും ഓരോ രാജ്യത്തിന്റെയും പൈതൃകം വിളിച്ചോതുന്ന ആരാധകക്കൂട്ടങ്ങളും ചേർന്ന് ലോകകപ്പിനെ സമാനതകളില്ലാത്ത സാംസ്കാരിക വിനിമയ വേദിയാക്കുന്നു. കളിക്കളത്തിലെ അപ്രതീക്ഷിത വിജയങ്ങളും ഇതിഹാസതാരങ്ങളുടെ വീറുറ്റ പോരാട്ടങ്ങളും സൃഷ്ടിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ ലോകകപ്പിനെ ലോകത്തിലെ ഏറ്റവും മികച്ച 'അൺസ്ക്രിപ്റ്റഡ് ഡ്രാമ'യായി പരിവർത്തിപ്പിക്കുന്നു. കേവലം കായികവിനോദം എന്നതിനപ്പുറം, ആഗോള സാമ്പത്തിക വ്യവസ്ഥയെയും വിനോദസഞ്ചാരമേഖലയെയും ചലിപ്പിക്കുന്ന വമ്പൻ വിപണിയായും മാനവികതയുടെ ഐക്യം പ്രഖ്യാപിക്കുന്ന ഉത്സവമായും ലോകകപ്പ് ഫുട്ബോൾ നിലകൊള്ളുന്നു.
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം മൈതാനങ്ങൾക്കുപുറത്തേക്ക് വ്യാപിപ്പിക്കുന്നതിൽ ഔദ്യോഗിക ഗാനങ്ങൾ (Official Songs) വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. 1962 മുതൽ ഇത്തരം ഗാനങ്ങൾ ലോകകപ്പിന്റെ ഭാഗമാണെങ്കിലും, 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ: ദിസ് ടൈം ഫോർ ആഫ്രിക്ക' (Waka Waka: This Time for Africa), ആഗോള കായികചരിത്രത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള സംഗീതാവിഷ്കാരങ്ങളിലൊന്നാണ്. പ്രശസ്ത കൊളംബിയൻ ഗായിക ഷക്കീറയും ദക്ഷിണാഫ്രിക്കൻ സംഗീതസംഘമായ ഫ്രഷ്‌ലിഗ്രൗണ്ടും ചേർന്ന് അവതരിപ്പിച്ച ഈ ഗാനം, 1986-ലെ 'സംഗലേവ' (Zangaléwa) എന്ന കാമറൂണിയൻ സൈനികഗാനത്തിന്റെ ഈണം അടിസ്ഥാനമാക്കിയുള്ളതാണ്. ആഫ്രിക്കൻ വൻകരയിലാദ്യമായി അരങ്ങേറിയ ലോകകപ്പിന്റെ സന്ദേശം ആഗോളതലത്തിൽ എത്തിക്കുന്നതിൽ ഈ ഗാനം നിർണ്ണായക പങ്കു വഹിച്ചു.
ആഫ്രിക്കൻ മണ്ണിലാദ്യമായി അരങ്ങേറിയ 2010-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ്, ആഫ്രിക്കൻ ഫുട്ബോളിന്റെ ആത്മവീര്യവും കരുത്തും ആഗോളതലത്തിൽ അടയാളപ്പെടുത്തിയ ടൂർണമെന്റായിരുന്നു. ലോകോത്തര ടീമുകളോട് തന്ത്രപരമായി കിടപിടിക്കാനുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെ ശേഷി ഈ ടൂർണമെന്റ് ലോകത്തിന് കാണിച്ചുകൊടുത്തു. കായികരംഗത്തെ പോരാട്ടവീര്യത്തെയും അതിജീവനത്തെയും പ്രകീർത്തിക്കുന്ന വരികളിലൂടെയും ആഫ്രിക്കൻ താളലയങ്ങളിലൂടെയും, വംശീയതയ്ക്കും വിഭജനങ്ങൾക്കും അതീതമായ ആഗോള ഐക്യം വിളംബരം ചെയ്യാൻ ഈ സംഗീതാവിഷ്കാരത്തിന് സാധിച്ചു. എന്നാൽ, സമീപകാല ഫുട്ബോൾ വേദികളിലെല്ലാം ആഫ്രിക്കൻ കായികപ്രതിഭയുടെ ഉജ്ജ്വല സാന്നിധ്യം പ്രകടമാകുന്നുണ്ട് എന്ന വസ്തുത വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.

ചരിത്രത്തിലാദ്യമായി
പത്ത് ആഫ്രിക്കൻ ടീമുകൾ
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ അരങ്ങേറുന്ന ഇത്തവണത്തെ ഫിഫ ലോകകപ്പ്, ആധുനിക ഫുട്ബോളിലെ വംശീയവും രാഷ്ട്രീയവുമായ ചർച്ചകൾക്ക് പുതിയ മാനം നൽകുന്നുണ്ട്. യൂറോപ്യൻ തന്ത്രങ്ങളും ലാറ്റിനമേരിക്കൻ ശൈലിയും തമ്മിലുള്ള പരമ്പരാഗത പോരാട്ടങ്ങൾക്കപ്പുറം, ആഗോള ഫുട്ബോൾ ഭൂപടത്തിലെ നിർണ്ണായക ശക്തിയായി ആഫ്രിക്കൻ വംശജരായ താരങ്ങൾ മാറിയിരിക്കുന്നു.
ഇത്തവണത്തെ ലോകകപ്പ് 48 ടീമുകളായി വിപുലീകരിച്ചതോടെ, ചരിത്രത്തിലാദ്യമായി പത്ത് ആഫ്രിക്കൻ ടീമുകൾക്ക് യോഗ്യത ലഭിച്ചു. മൊറോക്കോ, സെനഗൽ, അൾജീരിയ, ടുണീഷ്യ, ഈജിപ്ത്, ഐവറി കോസ്റ്റ്, ഘാന, ദക്ഷിണാഫ്രിക്ക, കോംഗോ എന്നിവർക്കൊപ്പം കന്നിയങ്കത്തിനായി കേപ് വെർഡെയും എത്തുന്നുണ്ട്. എങ്കിലും, ടൂർണമെന്റിന്റെ യഥാർത്ഥ പരിണാമം പ്രതിഫലിക്കുന്നത് ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ പ്രാതിനിധ്യത്തിലല്ല, യൂറോപ്യൻ ടീമുകളുടെ വംശീയ ഘടനയിലാണ്.
ആഫ്രിക്കൻ പ്രതിഭകളുടെ സാന്നിധ്യം ഇന്ന് ഭൂഖണ്ഡാന്തര അതിരുകൾ ഭേദിച്ചിരിക്കുന്നു എന്നത് പ്രകടമായി കാണാൻ കഴിയുന്നത് യൂറോപ്യൻ രാജ്യങ്ങളുടെ ജേഴ്സികളിലാണ്. നൈജീരിയ, കാമറൂൺ തുടങ്ങിയ പരമ്പരാഗത ആഫ്രിക്കൻ വമ്പന്മാർ ഇത്തവണ പുറത്തായെങ്കിലും, ഫ്രഞ്ച് താരങ്ങളായ കിലിയൻ മ്പാപ്പെ (Kylian Mbappé), എഡ്വേർഡോ കാമവിംഗ (Eduardo Camavinga) തുടങ്ങിയവർ 'ആഗോള ആഫ്രിക്കയുടെ' (Global Africa) പ്രതിനിധികളായാണ് മൈതാനങ്ങളിലിറങ്ങുന്നത്. യൂറോപ്യൻ അക്കാദമികളിൽ വാർത്തെടുക്കപ്പെട്ട ഇവരുടെ കായികമികവ് കാമറൂൺ, അൾജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളുടെ വംശപരമ്പരയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഫ്രാൻസിനെപ്പോലെ, ഇംഗ്ലണ്ട്, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളിലും ആഫ്രിക്കൻ വംശജർ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്.
കുടിയേറ്റ വിരുദ്ധ, വംശീയ നിലപാടുകൾ ഉയർത്തുന്ന അതിദേശീയതാവാദത്തിൽ അടിസ്ഥാനപ്പെടുത്തിയ തീവ്ര വലതുപക്ഷപാർട്ടിയായ 'നാഷണൽ റാലി' (National Rally – RL) ഫ്രാൻസിൽ ഭരണാധികാരത്തിന് തൊട്ടടുത്തെത്തിനിൽക്കുന്നതും, ഫ്രഞ്ച് പ്രൗഢിയുടെ പ്രതീകമായ ദേശീയ ഫുട്ബോൾ ടീമിലെ പകുതിയിലധികം താരങ്ങളും കുടിയേറ്റ പശ്ചാത്തലമുള്ളവരാണ് എന്നതും ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ 2026-ലെ ലോകകപ്പ് സാന്നിധ്യത്തിന് ആഗോളതലത്തിൽ രാഷ്ട്രീയമാനം നൽകുന്നുണ്ട്.
ഫ്രാൻസിനെപ്പോലെ, ഇംഗ്ലണ്ട്, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ഫുട്ബോൾ ടീമുകളിലും ആഫ്രിക്കൻ വംശജർ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ ദേശീയ ടീമിൽ നൈജീരിയൻ പശ്ചാത്തലമുള്ള ബുകായോ സാക്ക (Bukayo Saka) യെപ്പോലുള്ള താരങ്ങൾ ബ്രിട്ടീഷ് കായികമികവിന്റെ മുഖമായി മാറിയിരിക്കുന്നു. ബെൽജിയത്തിന്റെ കാര്യമെടുത്താൽ, കോംഗോയിൽ വേരുകളുള്ള റൊമേലു ലുക്കാക്കു (Romelu Lukaku), വിൻസെന്റ് കൊമ്പനി (Vincent Kompany) തുടങ്ങിയവർ അവിടുത്തെ ഫുട്ബോളിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാനികളായിരുന്നു.

യൂറോപ്യൻ ടീമുകളിലെ
ആഫ്രിക്കൻ സാന്നിധ്യം
റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ മുൻനിര യൂറോപ്യൻ ക്ലബ്ബുകളുടെ നട്ടെല്ലാണിന്ന് ആഫ്രിക്കൻ പ്രതിഭകൾ. പലപ്പോഴും ഈ ലോകപ്രശസ്ത ക്ലബ്ബുകൾ കിരീടം ചൂടുന്നത് ആഫ്രിക്കൻ വംശജരായ താരങ്ങളുടെ അസാമാന്യ മികവിലാണ്. യൂറോപ്യൻ ലീഗുകളിലെ ഈ കായിക പ്രാതിനിധ്യം വെറുമൊരു സാന്നിധ്യമല്ല, മറിച്ച് ആധുനിക ഫുട്ബോളിന്റെ നിലനിൽപ്പിനും വിജയത്തിനും ആധാരമായ നിർണ്ണായക ഘടകമാണ്.
2024-25 ലെ കണക്കുപ്രകാരം, പ്രമുഖ യൂറോപ്യൻ ലീഗുകളിലെ പ്രൊഫഷണൽ താരങ്ങളിൽ 70 ശതമാനത്തോളം പേർ കറുത്ത വർഗക്കാരോ ആഫ്രിക്കൻ പൈതൃകമുള്ളവരോ ആണ് എന്നത് ഈ മേഖലയിൽ അവർ കൈവരിച്ച ആധിപത്യം സൂചിപ്പിക്കുന്നു. ഓരോ ലീഗിലെയും പ്രാതിനിധ്യം പരിശോധിക്കുമ്പോൾ സങ്കീർണ്ണമായ ചില വസ്തുതകൾ ദൃശ്യമാണ്:
ഉദാഹരണത്തിന്, ഫ്രഞ്ച് ലീഗ് വണ്ണിൽ പകുതിയിലധികം താരങ്ങളും (ഏകദേശം 55%) ഈ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഈ കണക്ക് 43- 50 ശതമാനത്തിനിടയിലാണ്. ജർമ്മൻ ബുണ്ടസ്‌ലിഗയിൽ ഇത് ഏകദേശം 30 ശതമാനവും ഇറ്റാലിയൻ സീരി എയിൽ 25 ശതമാനത്തോളവുമാണ്. മൈതാനത്തിലെ പ്രകടനം പരിഗണിക്കുമ്പോൾ, ആഫ്രിക്കൻ വംശജരായ മൈക്കൽ ഒലീസ് (Michael Olise), വിക്ടർ ഒസിമെൻ (Victor Osimhen) തുടങ്ങിയ താരങ്ങൾ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ആധുനിക ആഗോള ഫുട്ബോളിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
ക്ലബ്ബ് മത്സരങ്ങളുടെ ആഗോള സ്വീകാര്യതയും സാമ്പത്തിക മേധാവിത്വവും കറുത്ത വർഗക്കാരായ കായികതാരങ്ങളുടെ ദൃശ്യപരതയോടും, സർഗ്ഗാത്മക ശൈലിയോടും, അധ്വാനത്തോടും അവിഭാജ്യമാംവിധം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ അർത്ഥത്തിൽ, ഫുട്ബോൾ എന്നത് പോസ്റ്റ് കൊളോണിയൽ ബന്ധങ്ങളുടെ ജീവിക്കുന്ന പുരാരേഖയായി (Living archive) മാറുന്നു. തുല്യതയെക്കുറിച്ച് വാചാലമാവുന്നതോടൊപ്പം, പാരമ്പര്യമായി നിലനിൽക്കുന്ന അസമത്വങ്ങളിൽ അധിഷ്ഠിതമായി തുടർന്നുവരുന്ന ആഗോള ക്രമത്തിന്റെ വൈരുദ്ധ്യങ്ങളാണ് യൂറോപ്യൻ ഫുട്ബോൾ ലീഗിലൂടെ അരങ്ങേറുന്നത്.

മൈതാനത്തിലെ മികച്ച പ്രകടനങ്ങൾക്കിടയിലും സ്ഥാപനപരമായ അധികാരസ്ഥാനങ്ങളിൽ ആഫ്രിക്കൻ വംശജരുടെ സാന്നിധ്യം ഇപ്പോഴും പരിമിതമാണ് എന്നത് വലിയൊരു വിരോധാഭാസമാണ്. യൂറോപ്പിലെ വരേണ്യ ലീഗുകളിൽ കളിക്കാരെന്ന നിലയിൽ കറുത്ത വർഗക്കാർക്ക് വലിയ ദൃശ്യപരത ലഭിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ ഫുട്ബോൾ മത്സരങ്ങളുടെ അധികാരസ്ഥാനങ്ങളിലെത്തുമ്പോൾ ഈ ദൃശ്യപരത ഇല്ലാതാകുന്നു. യൂറോപ്യൻ ലീഗുകളിലെ ടീമുകളിൽ 25-30 ശതമാനത്തോളം കറുത്ത വർഗക്കാരുണ്ടെങ്കിലും, മാനേജീരിയൽ / എക്സിക്യൂട്ടീവ് തസ്തികകളിൽ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് ഇവരുടെ സാന്നിധ്യം. പ്രീമിയർ ലീഗ് പോലുള്ള വേദികളിൽ ആഫ്രിക്കൻ വംശജരായ കളിക്കാരുടെ എണ്ണം 40 ശതമാനത്തിനടുത്താണെങ്കിൽ, കറുത്ത വർഗക്കാരായ മാനേജർമാർ വിരലിലെണ്ണാവുന്നവർ മാത്രം.

ഇംഗ്ലണ്ടിൽ കളിക്കാരിൽ പകുതിയോളം കറുത്ത വർഗക്കാരാണെങ്കിലും ക്ലബ്ബുകളുടെ ഭരണപരമായോ എക്സിക്യൂട്ടീവ് തലത്തിലോ ഉള്ള പ്രാതിനിധ്യം വെറും 1.6 ശതമാനത്തിൽ ഒതുങ്ങുന്നു. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകളുടെ യൂണിയൻ (UEFA) നൽകുന്ന ഏറ്റവും ഉയർന്ന പരിശീലന യോഗ്യതയാണ് യു ഇ എഫ് എ പ്രൊ ലൈസൻസ് (UEFA Pro Licence). ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ്‌ലിഗ തുടങ്ങിയ ലോകോത്തര ലീഗുകളിലെ പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിക്കാൻ ഒരു കോച്ചിന് ഈ ലൈസൻസ് ഉണ്ടായിരിക്കണം. UEFA പ്രൊ ലൈസൻസുള്ളവരിൽ ഗണ്യമായ ശതമാനം കറുത്ത വർഗക്കാരുണ്ടെങ്കിലും മാനേജീരിയൽ പദവികളിൽ അവർക്ക് ഇപ്പോഴും അദൃശ്യമായ തടസ്സങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഫുട്ബോൾ കറുത്ത വർഗക്കാരുടെ ശരീരങ്ങളെ അധ്വാനമായും പ്രദർശനവസ്തുവായും സ്വീകരിക്കുന്നുണ്ടെങ്കിലും, തന്ത്രപരമായ ആസൂത്രണത്തിലോ ഭരണപരമായ അധികാരത്തിലോ അവരുടെ ബുദ്ധിയെ വിശ്വസിക്കാൻ മടിക്കുന്നു. കളിക്കാരനിൽനിന്ന് മാനേജരിലേക്കുള്ള മാറ്റം സ്വാഭാവികമായ ഒന്നായി പറയപ്പെടുമ്പോഴും, വംശം അല്ലെങ്കിൽ നിറം ഒരു ഘടകമാകുമ്പോൾ, ആ പാത തടസ്സപ്പെടുന്നു.
2024 - 25 സീസണിൽ മാത്രം 1,300-ലധികം വംശീയ വിദ്വേഷ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൂചിപ്പിക്കുന്നത്, മൈതാനത്തെ ഇവരുടെ കായികാധ്വാനം ആഘോഷിക്കപ്പെടുമ്പോഴും സാമൂഹികമായ അംഗീകാരത്തിന്റെ കാര്യത്തിൽ വലിയ വെല്ലുവിളികൾ നേരിടുന്നു എന്നാണ്.

'ബ്ലാക്ക്-ബ്ലാങ്ക്- ബൂർ'
ഫ്രാൻസിലെ ആഭ്യന്തര രാഷ്ട്രീയവും കായികരംഗത്തെ കുടിയേറ്റ പ്രാതിനിധ്യവും തമ്മിലുള്ള സങ്കീർണ്ണ ബന്ധമാണ് ഫ്രഞ്ച് ടീമിനെ ഗൗരവമേറിയ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുന്നത്. ആധുനിക യൂറോപ്പിലെ സ്വത്വം, സാമൂഹിക സംയോജനം, ദേശീയത എന്നിവയെക്കുറിച്ചുള്ള ഗൗരവമേറിയ വിശകലനത്തിന് ഈ സാഹചര്യം വഴിതുറക്കുന്നുണ്ട്.
ഫ്രാൻസിൽ, ദേശീയ ഫുട്ബോൾ ടീം ബഹുസ്വര യാഥാർത്ഥ്യത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ്. പലപ്പോഴും രണ്ടോ മൂന്നോ തലമുറകളായി അവിടെ ജീവിക്കുന്ന ആഫ്രിക്കൻ വംശജരായ കറുത്ത വർഗ്ഗക്കാർ ഇന്ന് ദേശീയ ഐക്യത്തിന്റെ മുഖ്യ പ്രതീകങ്ങളാണ്. മൈതാനത്ത് അവരുടെ വിജയങ്ങൾ രാജ്യത്തിന്റെ വിജയങ്ങളായി മാറുന്നു; ആഫ്രിക്കൻ പ്രവാസിസമൂഹം ഫ്രഞ്ച് പതാക ഉയർത്തുമ്പോൾ ജനത ഒന്നാകെ അവർക്ക് ഹൃദയപൂർവ്വം കൈയടിക്കുന്നു.
എന്നിരുന്നാലും, കായികരംഗത്തെ ഈ ഉദാത്ത കാഴ്ചപ്പാട് നിലവിലെ സാമൂഹിക- രാഷ്ട്രീയ സാഹചര്യങ്ങളുമായി തീക്ഷ്ണ സംഘർഷത്തിലാണ്. ഫ്രഞ്ച് ബഹുസ്വരടീമിന്റെ കായികവിജയം രാഷ്ട്രീയ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്, പ്രത്യേകിച്ച് തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലി (RN) കരുത്താർജ്ജിച്ചതോടെ. ടീമിലെ 'ബ്ലാക്ക്- ബ്ലാങ്ക്- ബൂർ' (Black- Blanc- Beur: കറുത്തവർ- വെള്ളക്കാർ - അറബികൾ) ഘടനയെ പലരും ബഹുസ്വരതയുടെ പ്രതീകമായി കാണുമ്പോൾ, തീവ്രവലതുപക്ഷം ഇതിനെ ഫ്രാൻസിന്റെ പരമ്പരാഗത ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കാത്ത ‘കൃത്രിമ’നിർമ്മിതിയായി ചിത്രീകരിക്കുന്നു.
ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക പ്രയോഗമാണ് 'ബ്ലാക്ക്-ബ്ലാങ്ക്- ബൂർ'. 1998-ൽ സിനദിൻ സിദാന്റെ (Zinedine Zidane) നേതൃത്വത്തിൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ, ആ രാജ്യത്തിന്റെ വംശീയ ഐക്യത്തെയും ബഹുസ്വരതയെയും അടയാളപ്പെടുത്താനാണ് ഈ മുദ്രാവാക്യം ഉപയോഗിച്ചത്.
ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക പ്രയോഗമാണ് 'ബ്ലാക്ക്-ബ്ലാങ്ക്- ബൂർ'. 1998-ൽ സിനദിൻ സിദാന്റെ (Zinedine Zidane) നേതൃത്വത്തിൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ, ആ രാജ്യത്തിന്റെ വംശീയ ഐക്യത്തെയും ബഹുസ്വരതയെയും അടയാളപ്പെടുത്താനാണ് ഈ മുദ്രാവാക്യം ഉപയോഗിച്ചത്. ഫ്രഞ്ച് പതാകയിലെ 'നീല- വെള്ള- ചുവപ്പ്' (Bleu-Blanc-Rouge) നിറങ്ങൾക്ക് പകരം, സമൂഹത്തിലെ വിവിധ വംശജരുടെ കൂട്ടായ്മയെ ഈ പ്രയോഗം പ്രതിനിധീകരിച്ചു. 'ബ്ലാക്ക്' എന്നത് ടീമിലെ കറുത്ത വർഗക്കാരായ ലിലിയൻ തുറാം (Lilian Thuram), പാട്രിക് വിയേര (Patrick Vieira) തുടങ്ങിയ താരങ്ങളെയും 'ബ്ലാങ്ക്' എന്നത് തദ്ദേശീയ വെള്ളക്കാരെയും 'ബൂർ' എന്നത് സിനദിൻ സിദാനെ പോലെ വടക്കേ ആഫ്രിക്കൻ അല്ലെങ്കിൽ അറേബ്യൻ പശ്ചാത്തലമുള്ളവരെയുമാണ് സൂചിപ്പിച്ചത്.
'ക്ലെയർഫോണ്ടെയ്ൻ' പോലുള്ള അക്കാദമികൾ വഴി, നഗരപ്രാന്തങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട യുവാക്കൾക്ക് തങ്ങളുടെ പ്രതിഭയിലൂടെ ലോകോത്തര താരങ്ങളായി മാറാനുള്ള അവസരം ഈ സംവിധാനം ഒരുക്കി. മനുഷ്യാവകാശങ്ങളുടെയും സഹവർത്തിത്വത്തിന്റെയും പുതിയ മുഖമായി 'ബ്ലാക്ക്-ബ്ലാങ്ക്-ബൂർ' പ്രയോഗം ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ടെങ്കിലും, പിൽക്കാലത്ത് ഫ്രാൻസിൽ വംശീയവിദ്വേഷങ്ങളും കുടിയേറ്റ പ്രശ്നങ്ങളും ശക്തമായതോടെ ഈ മുദ്രാവാക്യം വെറുമൊരു മിഥ്യയായിരുന്നു എന്ന വിമർശനവും ഉയർന്നുവന്നിട്ടുണ്ട്.

മരീൻ ലെ പെൻ (Marine Le Pen), ജോർദാൻ ബർഡല്ല (Jordan Bardella) തുടങ്ങിയ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷ നേതാക്കൾ കളിക്കാരുടെ രാജ്യസ്‌നേഹത്തെയും ദേശീയഗാനം ആലപിക്കുന്നതിലെ താൽപ്പര്യത്തെയും ചോദ്യം ചെയ്ത് ഫ്രഞ്ച് ടീമിനെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കുന്നു. ഫ്രഞ്ച് ദേശീയ ടീം ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരത ഇല്ലാതാക്കി പാരമ്പര്യവാദത്തിലൂന്നിയ ഇടുങ്ങിയ പൗരത്വബോധം അടിച്ചേൽപ്പിക്കാനാണ് തീവ്രവലതുപക്ഷം ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, ഫ്രഞ്ച് കളിക്കാർ കേവലം കായികതാരങ്ങൾ എന്നതിലുപരി ഒരു ബഹുസ്വര റിപ്പബ്ലിക്കിന്റെ അപ്രതീക്ഷിത നയതന്ത്രപ്രതിനിധികളായി മാറുകയുണ്ടായി. 2024-ലെ ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിലും 2026 ലോകകപ്പ് ഒരുക്കങ്ങൾക്കിടയിലും ഈ സംഘർഷം ഉച്ചസ്ഥായിയിലെത്തി. ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ മ്പാപ്പെ, "അധികാരത്തിന്റെ വാതിലിൽ മുട്ടുന്ന തീവ്രശക്തികൾക്കെതിരെ" മുന്നറിയിപ്പ് നൽകി, കായികതാരങ്ങളുടെ പരമ്പരാഗത നിഷ്പക്ഷത വെടിഞ്ഞു. തന്റെ ആഗോള സ്വാധീനം ഉപയോഗപ്പെടുത്തി, തീവ്രവലതുപക്ഷത്തിന്റെ ഇടുങ്ങിയ ദേശീയ സങ്കൽപ്പങ്ങൾക്കെതിരായ സജീവ മാതൃകയായി അദ്ദേഹം ദേശീയ ടീമിനെ അവതരിപ്പിച്ചു. ഇതോടെ യൂറോ 2024-ഉം വരാനിരിക്കുന്ന ലോകകപ്പും കേവലം കിരീടങ്ങൾക്കായുള്ള മത്സരങ്ങൾ എന്നതിലുപരി ദേശീയഐക്യം തെളിയിക്കാനുള്ള വലിയ വേദികളായി മാറി. മ്പാപ്പെയെപ്പോലുള്ള താരങ്ങളെ സംബന്ധിച്ച്, ഗോളുകൾ നേടുക എന്നത് ഇന്ന് ബഹുസ്വര സ്വത്വത്തെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം കൂടിയാണ്. അവിടെ അവരുടെ നീല ജേഴ്സി യൂണിഫോം മാത്രമല്ല, വിഭജനശക്തികൾക്കെതിരായ പ്രതിരോധകവചം കൂടിയാണ്.

ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമായ 'ലെ ബ്ലൂസ്' (Les Bleus), ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ സാമൂഹിക ഘടനയിലെ വിരോധാഭാസങ്ങളുടെ നേർച്ചിത്രമാണ്. അത് ഒരേസമയം ബഹുസ്വരവിജയത്തിന്റെ ഉദാത്ത പ്രതീകമായും, രാജ്യത്തിന്റെ വംശീയവും രാഷ്ട്രീയവുമായ ഉത്കണ്ഠകളുടെ കേന്ദ്രബിന്ദുവായും നിലകൊള്ളുന്നു. ടീമിലെ ഭൂരിഭാഗം കളിക്കാരും ആഫ്രിക്കയിലെയും കരീബിയൻ മേഖലയിലെയും മുൻ ഫ്രഞ്ച് കോളനികളിൽ നിന്നുള്ളവരാണ്. 2024-ലെ യൂറോ കപ്പിലും 2026 ലോകകപ്പ് സ്ക്വാഡിലും 75 ശതമാനത്തോളം കളിക്കാർ കുടിയേറ്റ പശ്ചാത്തലമുള്ളവരാണ് എന്നത് രാജ്യത്തിന്റെ കൊളോണിയൽ പാരമ്പര്യത്തെയും സമകാലിക ജനസംഖ്യാപരമായ യാത്ഥാർത്ഥ്യത്തെയും പ്രതിഫലിപ്പിക്കുന്നു.
2024-ലെ ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം കരുത്താർജ്ജിച്ചതോടെ, ഫുട്ബോൾ മൈതാനം പൗരത്വവും കൂറും പരീക്ഷിക്കപ്പെടുന്ന രാഷ്ട്രീയ യുദ്ധഭൂമിയായി പരിണമിച്ചു. വിജയങ്ങളിൽ താരങ്ങളെ നായകന്മാരായി ആഘോഷിക്കുകയും, പരാജയങ്ങളിൽ അവർക്കെതിരെ വംശീയവിദ്വേഷം ചൊരിയുകയും ചെയ്യുന്ന "കണ്ടീഷണൽ സിറ്റിസൺഷിപ്പ്" (നിബന്ധനകളോടെയുള്ള പൗരത്വം) എന്ന അപകടകരമായ പ്രവണത ഇതിലൂടെ ദൃശ്യമാകുന്നു. ഈ സമ്മർദ്ദങ്ങൾക്കിടയിൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (FFF) വംശീയ വിദ്വേഷത്തിനെതിരെ കർശന നിലപാട് സ്വീകരിച്ചു. വംശീയ അധിക്ഷേപങ്ങളുണ്ടായാൽ മത്സരം തടയാനും സ്റ്റേഡിയത്തിൽനിന്ന് കളിക്കാർക്ക് ഇറങ്ങിപ്പോകാനുമുള്ള അധികാരം നൽകുന്ന പുതിയ നിയമങ്ങൾ നടപ്പിലാക്കി. കായികതാരങ്ങൾ രാഷ്ട്രീയ വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കണമെന്ന സർക്കാരിന്റെ 2024-ലെ "സിവിക് ഓത്ത്" (പൗരത്വ പ്രതിജ്ഞ), താരങ്ങളുടെ രാഷ്ട്രീയ ഇടപെടലുകളെ നിയന്ത്രിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് ടീമിലെ ഐക്യത്തിനാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, കായികതാരങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കായിക സംഘടനകൾ വിമർശിക്കുന്നു. അതുപോലെ, പൗരത്വ നിയമങ്ങളിൽ വരുന്ന മാറ്റങ്ങളും കുടിയേറ്റ പശ്ചാത്തലമുള്ള കളിക്കാരെ കൂടുതൽ കർശനമായ പരീക്ഷകൾക്ക് വിധേയമാക്കുന്നതും ഒരുതരം "പൗരത്വ വൈരുദ്ധ്യം" (citizenship paradox) സൃഷ്ടിക്കുന്നുണ്ട്. ഈ വൈരുദ്ധ്യം യൂറോപ്പിലാകമാനം ദൃശ്യമാണ്.
സ്വാതന്ത്ര്യം നേടിയ പല രാഷ്ട്രങ്ങളും ദുർബലമായ ആഭ്യന്തര ഫുട്ബോൾ ലീഗുകളുമായി പൊരുതിയപ്പോൾ, മുൻ കൊളോണിയൽ ശക്തികൾക്ക് പ്രതിഭകളെ ആഗിരണം ചെയ്യാനുള്ള സാമ്പത്തികവും സ്ഥാപനപരവുമായ മേൽക്കോയ്മ നിലനിർത്താനായി.
അധിനിവേശചരിത്രവും
ഫുട്ബോളും
ആഗോള ഫുട്ബോളിലെ ആഫ്രിക്കൻ സാന്നിധ്യത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ചരിത്രപരമായ ചില സങ്കീർണ്ണതകൾ തിരിച്ചറിയേണ്ടതുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ അധിനിവേശചരിത്രവും പ്രൊഫഷണൽ ഫുട്ബോളിന്റെ വളർച്ചയും തമ്മിൽ വേർപിരിക്കാനാവാത്ത ബന്ധമാണുള്ളത്.
സാധാരണ ഫുട്ബോൾ ചരിത്രം ആവേശത്തിന്റെയും അഭിമാനത്തിന്റെയും കഥയായാണ് അടയാളപ്പെടുത്താറ്. എന്നാൽ, കളിയോളം പഴക്കമുണ്ട് അതിലെ 'ബിസിനസ്സിനും'. കേവലം ലാഭത്തിനുമാത്രം സംഘടിപ്പിക്കപ്പെട്ട മത്സരങ്ങളിലൂടെയാണ് ഈ കായികവിനോദം വളർന്നത്. ഒരുകാലത്ത് പ്രാദേശികമായ പ്രദർശന മത്സരങ്ങൾ (Exhibition matches) മാത്രമായിരുന്നവ, ഇന്ന് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള വമ്പൻ ആഗോള വിനോദ വ്യവസായമാണ്. ഈ പാശ്ചാത്തലത്തിൽ വേണം ഫുട്ബോളിലെ ആഫ്രിക്കൻ സാന്നിധ്യത്തിന്റെ പുനർവായന നടത്തേണ്ടത്.
ആഫ്രിക്കയിലും കരീബിയൻ മേഖലയിലും വിമോചന പോരാട്ടങ്ങൾ രാഷ്ട്രീയ ഭൂപടങ്ങൾ പുനർനിർമ്മിക്കുന്നതിനുമുമ്പേ, ഫ്രാൻസും പോർച്ചുഗലും ഉൾപ്പെടെയുള്ള പ്രബല ഫുട്ബോൾ ശക്തികൾ തങ്ങളുടെ ആഭ്യന്തര ലീഗുകളെയും ദേശീയ ടീമുകളെയും ശക്തിപ്പെടുത്തുന്നതിനായി അധിനിവേശ പ്രദേശങ്ങളിൽനിന്ന് കായിക പ്രതിഭകളെ വ്യവസ്ഥാപിതമായി കണ്ടെത്താൻ തുടങ്ങിയിരുന്നു. ഈ സംവിധാനത്തിന്റെ ചരിത്രപരമായ വേരുകൾ 'കൊളോണിയൽ ട്രാൻസ്ഫർ നെറ്റ്‌വർക്കുകൾ' (Colonial transfer networks) എന്നു വിളിക്കാവുന്ന വിനിമയ ശൃംഖലകളിലാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത്; കൊളോണിയൽ ഭരണകൂടങ്ങളുടെ തകർച്ചയ്ക്കും എത്രയോമുമ്പ് രൂപപ്പെട്ട സംവിധാനങ്ങളായിരുന്നു അവ.

20-ാം നൂറ്റാണ്ടിന്റെ പകുതിയോടെ ഫുട്ബോൾ കൊളോണിയൽ ഭരണയന്ത്രത്തിന്റെ ഒരു ഉപഘടകമായി മാറുകയും, കായികരംഗത്തിന്റെ മറവിൽ സാമ്രാജ്യത്വബന്ധങ്ങൾ സ്വാഭാവികവൽക്കരിക്കപ്പെടുകയും ചെയ്തു. രണ്ട് ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ, ലാർബി ബെൻ ബാരെക് (Larbi Ben Barek), റൗൾ ഡിയാങ് (Raoul Diagne) തുടങ്ങിയവർ ഈ അന്തർ-സാമ്രാജ്യത്വ കായികപ്രവാഹത്തിന്റെ മുന്നണിപ്പോരാളികളായി. ‘ബ്ലാക്ക് പേൾ' എന്നറിയപ്പെട്ട ബെൻ ബാരെക് തന്റെ സാങ്കേതിക മികവിലൂടെ ഫ്രഞ്ച് കാണികളെ വിസ്മയിപ്പിച്ചപ്പോൾ, ഫ്രഞ്ച് ദേശീയടീമിൽ അംഗമാകുന്ന ആദ്യത്തെ കറുത്ത വർഗക്കാരനായി റൗൾ ഡിയാങ് ചരിത്രം കുറിച്ചു.
എന്നിരുന്നാലും, കൊളോണിയൽ അധികാരകേന്ദ്രങ്ങളിലെ ഇവരുടെ സാന്നിധ്യം വൈരുദ്ധ്യം നിറഞ്ഞതായിരുന്നു. യൂറോപ്യൻ കായികരംഗത്തിന്റെ അന്തസ്സ് വർദ്ധിപ്പിച്ച പ്രതിഭകളായി വാഴ്ത്തപ്പെടുമ്പോൾ തന്നെ, കൊളോണിയൽ ഭരണത്തിന്റെ 'പരിഷ്കരണദൗത്യം' (Civilizing mission) വിജയിച്ചതിന്റെ ജീവിക്കുന്ന തെളിവുകളായും ഇവർ ചിത്രീകരിക്കപ്പെട്ടു. ഫുട്ബോൾ മൈതാനങ്ങൾക്കും അപ്പുറം, സാമ്രാജ്യത്വവ്യവസ്ഥിതിക്കുള്ളിലെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രചാരണ ചിഹ്നങ്ങളായി ഇവരുടെ ശരീരങ്ങൾ മാറുകയായിരുന്നു.

ആഫ്രിക്കയിൽനിന്ന് യൂറോപ്പിലേക്കുള്ള കായിക പ്രതിഭകളുടെ പ്രാരംഭ കുടിയേറ്റങ്ങൾ ഒരു സുസ്ഥിരമാതൃക (Template) സൃഷ്ടിച്ചു. ഭരണകൂടങ്ങളും സൈനിക സ്ഥാപനങ്ങളും ചേർന്ന് കോളനികളിലെ മികച്ച കളിക്കാരെ കണ്ടെത്തി യൂറോപ്പിലെ നഗരങ്ങളിലേക്ക് എത്തിക്കുന്ന അനൗദ്യോഗികമെങ്കിലും അതിശക്തമായ ശൃംഖലകൾ രൂപപ്പെട്ടു. ഈ പ്രതിഭാനൈപുണ്യ കുടിയേറ്റം അങ്ങേയറ്റം വിവേചനപരമായിരുന്നു; കൊളോണിയൽ ഭരണകൂടത്തോട് ചേർന്നുനിന്ന കായികസംഘടനകൾ ചില താരങ്ങൾക്കായി നിയമതടസ്സങ്ങൾ നീക്കിയപ്പോൾ, ഭൂരിഭാഗം ജനങ്ങളും കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ തുടർന്നു. ഇത്തരത്തിൽ, 'ഉൾപ്പെടുത്തൽ' (Inclusion) എന്നത് സാമ്രാജ്യത്വ അധികാരശ്രേണികളെ തകർക്കുന്നതിനുപകരം അവയെ അരക്കിട്ടുറപ്പിക്കുകയാണ് ചെയ്തത്.
ശ്രദ്ധേയമായ വസ്തുത, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്കൊന്നും ഈ ശൃംഖലകളെ തകർക്കാനായില്ല എന്നതാണ്; അവ കേവലം പുതിയ രൂപം പ്രാപിക്കുക മാത്രമാണുണ്ടായത്. സ്വാതന്ത്ര്യം നേടിയ പല രാഷ്ട്രങ്ങളും ദുർബലമായ ആഭ്യന്തര ഫുട്ബോൾ ലീഗുകളുമായി പൊരുതിയപ്പോൾ, മുൻ കൊളോണിയൽ ശക്തികൾക്ക് പ്രതിഭകളെ ആഗിരണം ചെയ്യാനുള്ള സാമ്പത്തികവും സ്ഥാപനപരവുമായ മേൽക്കോയ്മ നിലനിർത്താനായി. കൊളോണിയൽ കാലഘട്ടത്തിൽ രൂപപ്പെട്ട ഭാഷാപരവും ഭരണപരവുമായ സമാനതകൾ ഈ പ്രക്രിയയെ സുഗമമാക്കി.
കായിക കുടിയേറ്റത്തിന്റെ രാഷ്ട്രീയം
ആധുനിക കാലത്ത് ഈ തുടർച്ച വ്യക്തമാകുന്നത് 'ഭാഷാപരമായ കുടിയേറ്റം' (Linguistic migration) എന്ന പ്രതിഭാസത്തിലൂടെയാണ്. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ആഫ്രിക്കൻ താരങ്ങൾ തങ്ങളുടെ കരിയർ ഫ്രാൻസിലോ ബെൽജിയത്തിലോ ആരംഭിക്കുന്നത് ഇതിന്റെ ഫലമായാണ്. സമാനമായി പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷാ പശ്ചാത്തലമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ കളിക്കാർക്ക് യഥാക്രമം പോർച്ചുഗീസ്, ഇംഗ്ലീഷ് ലീഗുകൾ ഇന്നും യൂറോപ്പിലേക്കുള്ള പ്രവേശന കവാടങ്ങളായി വർത്തിക്കുന്നു. ഈ മാതൃകകൾ യാദൃച്ഛികമല്ല; ആഗോള ഫുട്ബോൾ വിപണിയിൽ ആഴ്ന്നിറങ്ങിയ സാമ്രാജ്യത്വത്തിന്റെ അവശിഷ്ടങ്ങളാണിവ. ഇന്ന് സാംസ്കാരികമായ പൊരുത്തത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ഒരു 'സ്വാഭാവിക ഒഴുക്ക്' എന്ന് തോന്നിപ്പിക്കുന്നത് യഥാർത്ഥത്തിൽ കൊളോണിയൽ ഇൻഫ്രാസ്ട്രക്ചറിന്റെ ബാക്കിപത്രമാണ്.
യൂറോപ്യൻ ക്ലബ്ബുകൾ വികസ്വര രാജ്യങ്ങളിൽ സ്ഥാപിക്കുന്ന അക്കാദമികൾ പലപ്പോഴും ആ രാജ്യത്തിന്റെ കായിക വളർച്ചയേക്കാൾ, കളിക്കാരെ കയറ്റുമതി ചെയ്യാനുള്ള ‘ഫീഡർ സിസ്റ്റം' (Feeder System) ആയാണ് പ്രവർത്തിക്കുന്നത്.
ചുരുക്കത്തിൽ, വ്യക്തിഗത വിജയങ്ങൾക്കൊപ്പം, സാമ്രാജ്യത്വത്തിന്റെ പഴയ പാതകളെ നിശ്ശബ്ദമായി പുനഃസ്ഥാപിക്കുന്ന ഒന്നായി ഫുട്ബോൾ ഇവിടെ മാറുന്നു. ഇതൊരു വലിയ അസമത്വത്തിന് വഴിയൊരുക്കുന്നു.
യുവ കളിക്കാർ യൂറോപ്യൻ തന്ത്രങ്ങൾക്കും ശാരീരിക മാനദണ്ഡങ്ങൾക്കും അനുസൃതമായി വാർത്തെടുക്കപ്പെടുമ്പോഴും, അവരുടെ സാമ്പത്തിക സ്വയംനിർണ്ണയാധികാരം തീർത്തും പരിമിതമാണ്. സുതാര്യമല്ലാത്ത കരാറുകളും നിയമപരമായ സംരക്ഷണത്തിന്റെ അഭാവവും ഇവരെ കൂടുതൽ ദുർബലരാക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും യൂറോപ്പിലെത്താമെന്ന പ്രതീക്ഷയും കാരണം പല കളിക്കാരും സുതാര്യമല്ലാത്ത വ്യവസ്ഥകൾ അംഗീകരിക്കാൻ നിർബന്ധിതരാകുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ യൂറോപ്യൻ ക്ലബ്ബുകൾ വികസ്വര രാജ്യങ്ങളിൽ സ്ഥാപിക്കുന്ന അക്കാദമികൾ പലപ്പോഴും ആ രാജ്യത്തിന്റെ കായിക വളർച്ചയേക്കാൾ, കളിക്കാരെ കയറ്റുമതി ചെയ്യാനുള്ള ‘ഫീഡർ സിസ്റ്റം' (Feeder System) ആയാണ് പ്രവർത്തിക്കുന്നത്. ആഫ്രിക്കയിലെ ഫുട്ബോൾ അക്കാദമികൾ എന്നത് മൂല്യം പ്രാദേശികമായി ഉൽപ്പാദിപ്പിക്കപ്പെടുകയും എന്നാൽ അതിന്റെ ലാഭം വികസിത രാഷ്ട്രങ്ങളിലെ നഗര കേന്ദ്രങ്ങളിൽ (metropol) കൊയ്യപ്പെടുകയും ചെയ്യുന്ന ‘ചൂഷണമേഖലകളായി' (Extractive zones) മാറുകയാണ്. പശ്ചിമാഫ്രിക്ക, മധ്യ ആഫ്രിക്ക, കരീബിയൻ മേഖല എന്നിവിടങ്ങളിലെ അക്കാദമികൾ പലപ്പോഴും യൂറോപ്യൻ വിപണികളെ ലക്ഷ്യം വെച്ചുള്ളതാണ്. ഈ അക്കാദമികൾ മികച്ച നിലവാരമുള്ള പരിശീലനം നൽകുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ അവ ഒരു ആഗോള വിതരണ ശൃംഖലയിലെ (Global Supply Chain) പ്രധാന കണ്ണികളായാണ് പ്രവർത്തിക്കുന്നത്. ഇവ ആഭ്യന്തര കായിക ഇൻഫ്രാസ്ട്രക്ചറുകളായി പ്രവർത്തിക്കുന്നതിനേക്കാളുപരി, കായികതാരങ്ങളെ കയറ്റുമതി ചെയ്യാനുള്ള പൈപ്പ് ലൈനുകളായാണ് (Export pipelines) പ്രവർത്തിക്കുന്നത്. ഏജന്റുമാരും ഇടനിലക്കാരും പലപ്പോഴും പെരുപ്പിച്ചുകാട്ടുന്ന യൂറോപ്യൻ കരാറുകളുടെ ആകർഷണം, പണ്ടത്തെ പരാശ്രിതത്വത്തിന്റെ മാതൃകകളെ അനുസ്മരിപ്പിക്കും വിധം പ്രതിഭകളുടെ ഒരു ഏകമുഖ പ്രവാഹത്തിന് (Unidirectional flow) വഴിയൊരുക്കുന്നു. കളിക്കാരുടെ ഭാവി രജിസ്ട്രേഷൻ, ട്രാൻസ്ഫർ അവകാശങ്ങൾ, സാമ്പത്തിക മൂല്യം എന്നിവയുടെ മേലുള്ള സമ്പൂർണ്ണ നിയന്ത്രണം മാതൃക്ലബ്ബുകളിൽ തന്നെ നിലനിൽക്കുന്നു എന്നത് എടുത്തുപറയേണ്ടതുണ്ട്. ഈ ക്രമത്തിനകത്ത്, കായികതാരങ്ങളുടെ മൂല്യം സാക്ഷാത്കരിക്കപ്പെടുന്നത് പ്രധാനമായും അവരുടെ ജന്മനാടുകളിലല്ല മറിച്ച് യൂറോപ്യൻ അധികാര കേന്ദ്രങ്ങളിലാണ്.

യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളിലേക്ക് കറുത്ത വർഗക്കാരായ ഫുട്ബോൾ താരങ്ങൾ എത്തിച്ചേരുന്നത് കേവലമൊരു കായിക കുടിയേറ്റമല്ല; മറിച്ച് പോസ്റ്റ് കൊളോണിയൽ ചരിത്രരചനയുടെയും (Post-colonial historiography), രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെയും, ദൃഢമായ സാമൂഹിക ശ്രേണികളുടെയും ആഴത്തിലുള്ള പ്രതിഫലനമാണ്. കഴിവ്, അച്ചടക്കം, മികച്ച പ്രകടനം എന്നിവ മാത്രം ഉയർച്ച നിശ്ചയിക്കുന്ന ഒരു 'വർണ്ണവിവേചനരഹിത യോഗ്യതാവാദം' (Color-blind meritocracy) ആയി ആധുനിക ഫുട്ബോളിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആഫ്രിക്കയിൽ നിന്നും കരീബിയൻ മേഖലയിൽ നിന്നും പ്രീമിയർ ലീഗ്, ലിഗ് 1, ബുണ്ടസ്‌ലിഗ തുടങ്ങിയ പ്രമുഖ ലീഗുകളിലേക്ക് കളിക്കാരെ എത്തിക്കുന്ന ഘടനാപരമായ പാതകൾ ഒരിക്കലും നിഷ്പക്ഷമല്ല. നൂറ്റാണ്ടുകളായുള്ള യൂറോപ്യൻ കൊളോണിയൽ ആധിപത്യത്താൽ രൂപപ്പെട്ടതും, സാമൂഹ്യശാസ്ത്രജ്ഞർ 'സാമ്രാജ്യത്വ ഭൂമിശാസ്ത്രം' (Imperial geography) എന്ന് വിളിക്കുന്നതുമായ ഒരു സാംസ്കാരിക - ഭൗമ പൈതൃകമാണ് ഈ മാറ്റങ്ങളെ ഇന്നും നിയന്ത്രിക്കുന്നത്.
ഈ കുടിയേറ്റ പ്രവാഹം കേവലം യാദൃച്ഛികതയല്ല, മറിച്ച് കൃത്യമായ ഘടനാപരമായ നിശ്ചയങ്ങളാൽ (Structural determinants) നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്.
നിക്ഷേപ ആസ്തികൾ,
കറുത്ത കായിക ശരീരങ്ങൾ
കായികരംഗത്ത് ഏറെ ആഘോഷിക്കപ്പെടുന്ന 'യോഗ്യതാവാദം' (Meritocracy), ആഗോള ഫുട്ബോൾ വ്യവസ്ഥയുടെ കേന്ദ്രസ്ഥാനത്തുള്ള (Core) വരേണ്യ ക്ലബ്ബുകൾ അതിന്റെ പാർശ്വങ്ങളിൽനിന്ന് (Periphery) ഉയർന്ന മൂല്യമുള്ള കായികാധ്വാനത്തെ (Athletic labour) ചൂഷണം ചെയ്യുന്ന നവ-സാമ്രാജ്യത്വ ചട്ടക്കൂടിനെ (Neo-imperial framework) പലപ്പോഴും മറച്ചുപിടിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിയായ ഭരണപരമായ ബന്ധങ്ങളും ഭാഷാപരമായ ഐക്യവും രൂപപ്പെടുത്തിയെടുത്ത സുദൃഢമായ കുടിയേറ്റ ഇടനാഴികളാണ് ഈ അധ്വാനശേഖരണത്തെ സുഗമമാക്കുന്നത്. തൽഫലമായി, യൂറോപ്പിലെ കറുത്ത വർഗക്കാരായ താരങ്ങളുടെ സാന്നിധ്യം കേവലം വ്യക്തിഗത വിജയഗാഥയല്ല; മറിച്ച്, പരമ്പരാഗത അധികാര കേന്ദ്രങ്ങളെ ശാക്തീകരിക്കുന്നതോടൊപ്പം അധഃസ്ഥിത (Subaltern) മനുഷ്യശരീരങ്ങളെ വെറുമൊരു ചരക്കായി പരിഗണിക്കുന്ന ആഗോള ക്രമത്തിന്റെ ജീവിക്കുന്ന അടയാളം കൂടിയാണ്.
കളിക്കാരുടെ ബുദ്ധിശക്തിയേക്കാൾ അവരുടെ വേഗതയ്ക്കും ശാരീരിക കരുത്തിനുമാണ് സ്കൗട്ടുകൾ പലപ്പോഴും മുൻഗണന നൽകുന്നത്. ഈ വ്യവസ്ഥിതിയിൽ കായികതാരങ്ങൾ വെറും “ചരക്കു”കളായി മാറുന്നു.
കൊളോണിയലിസം എന്നത് കേവലം അസംസ്‌കൃത വസ്തുക്കളുടെയോ അധ്വാനത്തിന്റെയോ ചൂഷണം മാത്രമായിരുന്നില്ല; മറിച്ച്, മനുഷ്യശരീരം, ഉൽപ്പാദനക്ഷമത, അന്തർലീനമായ മൂല്യം എന്നിവയെക്കുറിച്ച് ഇന്നും നിലനിൽക്കുന്ന ചില സാമൂഹിക നിർമ്മിതികളെ (Social constructs) അത് രൂപപ്പെടുത്തിയിട്ടുണ്ട്. കൊളോണിയൽ ഭാവനകളിൽ, കറുത്ത വർഗക്കാരുടെ ശരീരങ്ങൾ ശാരീരികബലം, അതിജീവനശേഷി, കായികക്ഷമത എന്നിവയുമായി വ്യവസ്ഥാപിതമായി ബന്ധിപ്പിക്കപ്പെട്ടു. അതേസമയം ബുദ്ധിശക്തി, നേതൃപാടവം, തന്ത്രപരമായ മികവ് (Strategic acumen) എന്നിവ സവിശേഷമായ യൂറോപ്യൻ ഗുണങ്ങളായി അടയാളപ്പെടുത്തപ്പെട്ടു. സമകാലിക സംവാദങ്ങളിൽ ഇത്തരം വംശീയ മുൻവിധികൾ തള്ളിക്കളയപ്പെടുന്നുണ്ടെങ്കിലും, ഫുട്ബോളിന്റെ സ്കൗട്ടിംഗ് സംവിധാനങ്ങളിലും, മാധ്യമ വിവരണങ്ങളിലും, കളിക്കാരുടെ സ്ഥാനനിർണ്ണയ ക്രമങ്ങളിലും (Positional hierarchies) ഇവ ഇന്നും പ്രതിഫലിക്കുന്നുണ്ട് എന്ന വസ്തുത ശ്രദ്ധേയമാണ് .
ഫുട്ബോളിലെ സ്കൗട്ടിംഗ് (Scouting) എന്നത് കേവലം പ്രതിഭകളെ കണ്ടെത്തലല്ല, മറിച്ച് പാർശ്വങ്ങളിൽനിന്ന് ( periphery) കേന്ദ്രങ്ങളിലേക്ക് (Core) കായികാധ്വാനത്തെ എത്തിക്കുന്ന 'വിഭവശേഖരണ' (Resource Extraction) പ്രക്രിയയാണ്. സാമൂഹ്യശാസ്ത്രഞ്ജർ ഇതിനെ ഒരുതരം 'കായികഖനന' (Sporting Mining) മായാണ് വിശേഷിപ്പിക്കുന്നത്. വികസ്വര രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് പ്രതിഭകളെ കണ്ടെത്തി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന ഈ രീതി പലപ്പോഴും വംശീയമായ മുൻവിധികളാൽ (Racial Stereotyping) നയിക്കപ്പെടുന്നതാണ്. കളിക്കാരുടെ ബുദ്ധിശക്തിയേക്കാൾ അവരുടെ വേഗതയ്ക്കും ശാരീരിക കരുത്തിനുമാണ് സ്കൗട്ടുകൾ പലപ്പോഴും മുൻഗണന നൽകുന്നത്. ഈ വ്യവസ്ഥിതിയിൽ കായികതാരങ്ങൾ വെറും “ചരക്കു”കളായി (Commodification) മാറുകയും, വൻകിട ഏജൻസികൾ ലാഭമുണ്ടാക്കുന്ന അസമമായ കരാറുകളിൽ അവർ ബന്ദികളാവുകയും ചെയ്യുന്നു. ചുരുക്കത്തിൽ, സ്കൗട്ടിംഗ് എന്നത് ആഗോള ഫുട്ബോൾ വിപണിയിലെ വിഭവചൂഷണത്തിന്റെ വ്യവസ്ഥാപിത രൂപമാണ്.

ആഗോള ഫുട്ബോൾ സ്കൗട്ടിംഗ് സംവിധാനത്തെ 'മസിൽ ഡ്രെയിനിന്റെ' (Muscle drain) പരിഷ്കരിച്ച രൂപമായാണ് പോസ്റ്റ് കൊളോണിയൽ ചിന്തകർ വിശേഷിപ്പിക്കുന്നത്. ഫ്രഞ്ച് കായിക സാമ്പത്തിക ശാസ്ത്രജ്ഞനായ വ്ലാഡിമിർ ആൻഡ്രെഫ് (Wladimir Andreff) ആണ് 2000-കളുടെ തുടക്കത്തിൽ 'മസിൽ ഡ്രെയിൻ' (Muscle Drain) അഥവാ 'കായികാധ്വാനത്തിന്റെ ചോർച്ച' എന്ന പദം രൂപപ്പെടുത്തിയതും പ്രചാരത്തിലാക്കിയതും. വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഡോക്ടർമാരും മെച്ചപ്പെട്ട അവസരങ്ങൾ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന 'ബ്രെയിൻ ഡ്രെയിൻ' (Brain Drain) എന്ന പ്രതിഭാസത്തിന് സമാനമായാണ് അദ്ദേഹം ഇതിനെ വിലയിരുത്തുന്നത്.
വികസ്വര രാജ്യങ്ങളിലെ ഏറ്റവും മൂല്യമുള്ള ശാരീരിക ആസ്തികളെ (കായികതാരങ്ങളെ) സമ്പന്നമായ യൂറോപ്യൻ ക്ലബ്ബുകൾ കൈക്കലാക്കുന്നതുവഴി, ആ കളിക്കാരുടെ ജന്മനാടുകളിലെ ആഭ്യന്തര കായിക മേഖലയുടെയും ലീഗുകളുടെയും വളർച്ച തടസ്സപ്പെടുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. യൂറോപ്യൻ ഫുട്ബോൾ വിപണി വികസ്വര രാജ്യങ്ങളിൽനിന്ന് കായിക പ്രതിഭകളെ ആഗിരണം ചെയ്യുന്ന പ്രക്രിയയെ 'നവ- കൊളോണിയൽ' ചൂഷണമായാണ് പ്രമുഖ ചിന്തകർ അടയാളപ്പെടുത്തുന്നത്. വിഷയത്തെ ചരിത്രപരമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന പോൾ ഡാർബി (Paul Darby), ഇതിനെ കൊളോണിയൽ കാലത്തെ 'ഖനന'ത്തോടാണ് (Mining) ഉപമിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഫുട്ബോൾ അക്കാദമികൾ യൂറോപ്യൻ ക്ലബ്ബുകളുടെ 'ഔട്ട്‌പോസ്റ്റുകളായി' മാറുകയും, കളിക്കാരെ കേവലം കയറ്റുമതി ചെയ്യാനുള്ള ചരക്കുകളായി മാത്രം പരിഗണിക്കുകയും ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.
ജോൺ ബേൽ (John Bale) ഇതിനെ 'കായിക സാമ്രാജ്യത്വം' (Sporting Imperialism) എന്ന് വിളിക്കുമ്പോൾ, ഇതിലെ വംശീയമായ വശങ്ങളെയാണ് ബെൻ കറിംഗ്ടൺ (Ben Carrington) പ്രതിക്കൂട്ടിലാക്കുന്നത്. കറുത്ത വർഗക്കാരായ താരങ്ങളെ വെറും 'മസിലുകളോ' ശാരീരികബലത്തിന്റെ പ്രതീകങ്ങളോ ആയി മാത്രം മുദ്രകുത്തുന്നത് (Racial Stereotyping), അവരെ തന്ത്രപരമായ നേതൃസ്ഥാനങ്ങളിൽ നിന്നും ഭരണപരമായ പദവികളിൽ നിന്നും ബോധപൂർവ്വം അകറ്റിനിർത്താൻ കാരണമാകുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.
ഏതാനും വ്യക്തികളുടെ വിജയഗാഥകൾക്കപ്പുറം, പഴയ കൊളോണിയൽ അധികാരശ്രേണികളെ ആധുനിക കാലത്ത് പുനഃസ്ഥാപിക്കുന്ന ആഗോള സാമ്പത്തിക ക്രമമായാണ് വിദഗ്ദ്ധർ ഫുട്ബോൾ വ്യവസായത്തെ നോക്കിക്കാണുന്നത്.
ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവകരമായ മറ്റൊരു വശം, ലണ്ടനിലെ ക്വീൻ മേരി സർവ്വകലാശാലയിൽ ജിയോഗ്രഫി പ്രൊഫസറായ ജെയിംസ് എസ്സൺ (James Esson) തുറന്നുകാട്ടുന്നുണ്ട്. ഫുട്ബോൾ, കുടിയേറ്റം, ആഫ്രിക്കൻ ഡയസ്‌പോറ (African diaspora) എന്നിവയുടെ പരസ്പരബന്ധത്തെക്കുറിച്ച് ആഴത്തിൽ പഠനം നടത്തുന്ന ഡോ. ജയിംസ് എസ്സൺ, ആഫ്രിക്കൻ കായികപ്രതിഭ എന്നത് കേവലം 'പ്രദർശനം' മാത്രമല്ലെന്നും, മറിച്ച് ആഗോള അസമത്വങ്ങളുമായും കുടിയേറ്റ രാഷ്ട്രീയവുമായും ആഴത്തിൽ പിണഞ്ഞുകിടക്കുന്ന ഒന്നാണെന്നും നിരീക്ഷിക്കുന്നു.
ഏതാനും വ്യക്തികളുടെ വിജയഗാഥകൾക്കപ്പുറം, പഴയ കൊളോണിയൽ അധികാരശ്രേണികളെ ആധുനിക കാലത്ത് പുനഃസ്ഥാപിക്കുന്ന ആഗോള സാമ്പത്തിക ക്രമമായാണ് ഈ വിദഗ്ദ്ധർ ഫുട്ബോൾ വ്യവസായത്തെ നോക്കിക്കാണുന്നത്. സാമ്രാജ്യത്വവുമായി പണ്ടേ ബന്ധിക്കപ്പെട്ടിട്ടുള്ള ചൂഷണത്തിലധിഷ്ഠിതമായ ബന്ധങ്ങളെ സമകാലിക ഫുട്ബോൾ സമ്പദ്‌വ്യവസ്ഥ വീണ്ടും പുനരുൽപ്പാദിപ്പിക്കുന്നുവെന്ന് ഇവർ വാദിക്കുന്നു. ഈ കാഴ്ചപ്പാടിൽ, യൂറോപ്പ് ഇപ്പോൾ ആഫ്രിക്കൻ നാടുകളെ നേരിട്ട് ഭരിക്കുന്നില്ലെങ്കിലും, മൂല്യത്തിന്റെ ഒഴുക്കിനെ അത് ഇപ്പോഴും നിയന്ത്രിക്കുന്നു. ആഗോള ദക്ഷിണ മേഖലയെ (Global South) കേവലം കായിക പ്രാന്തപ്രദേശമായി (Athletic periphery) പരിഗണിക്കുകയും, അവിടെ നിന്നുള്ള മനുഷ്യവിഭവശേഷിയെ കുറഞ്ഞ ചെലവിൽ ശേഖരിച്ച്, കാര്യക്ഷമമായി സംസ്‌കരിച്ച്, ലാഭമുണ്ടാക്കാനോ അല്ലെങ്കിൽ ഉപേക്ഷിക്കാനോ ഉള്ള ഒന്നായി ഈ വ്യവസ്ഥിതി മാറ്റുന്നു എന്നും ഈ വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.

ഈ ഘടനയ്ക്കുള്ളിൽ, കറുത്ത വർഗക്കാരായ കളിക്കാർ കേവലം 'നിക്ഷേപ ആസ്തികൾ' (Speculative assets) മാത്രമായാണ് കണക്കാക്കപ്പെടുന്നത്. യൂറോപ്യൻ ക്ലബ്ബുകൾ വളരെ നേരത്തെ കളിക്കാരെ റിക്രൂട്ട് ചെയ്യുകയും, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തവും അപകടസാധ്യതയും കളിക്കാരുടെ മേൽ മാത്രം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ദേശീയ ടീമുകൾ എന്ന നിലയിലുള്ള പങ്കിന് പുറമെ, പശ്ചിമാഫ്രിക്കയിലുടനീളം സാറ്റലൈറ്റ് അക്കാദമികളും പങ്കാളിത്തങ്ങളും സ്ഥാപിച്ചിട്ടുള്ള എസ്.എൽ ബെൻഫിക്ക (SL Benfica),, എഫ്.സി ബാഴ്‌സലോണ ( FC Barcelona) തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ, തങ്ങളെ പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്ന ജീവകാരുണ്യ പ്രവർത്തകരായാണ് പലപ്പോഴും അവതരിപ്പിക്കാറ്.
യുവ ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളെ പ്രൊഫഷണലുകളായല്ല, മറിച്ച് ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപങ്ങളായാണ് യൂറോപ്യൻ ക്ലബ്ബുകൾ റിക്രൂട്ട് ചെയ്യുന്നത്. താൽക്കാലിക വിസകളിലോ അനൗദ്യോഗിക കരാറുകളിലോ യൂറോപ്പിലെത്തുന്ന ഇവർക്ക് ഉടൻ തന്നെ മികവ് തെളിയിക്കേണ്ട വലിയ സമ്മർദ്ദമുണ്ട്. ശാരീരികമായോ സാംസ്കാരികമായോ പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ അവർ നിരുപാധികം പുറന്തള്ളപ്പെടുന്നു. യൂറോപ്യൻ കളിക്കാരെപ്പോലെ ഇവർക്ക് വിദ്യാഭ്യാസപരമായ പിൻബലമോ സാമൂഹിക സുരക്ഷാ സംവിധാനങ്ങളോ ലഭ്യമല്ല. ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടാൽ, നിയമവിരുദ്ധമായോ അല്ലെങ്കിൽ ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലോ ഇവർ വിദേശരാജ്യങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നു. ഈ 'പുറന്തള്ളൽ' പ്രക്രിയ അധികാരത്തിന്റെ ആഴത്തിലുള്ള യുക്തിയെ വെളിപ്പെടുത്തുന്നു. പരാജയത്തിന്റെ ആഘാതം കളിക്കാർ മാത്രം പേറേണ്ടിവരുന്നു. അസംസ്‌കൃത വസ്തുക്കൾ തീവ്രമായി ചൂഷണം ചെയ്യപ്പെടുകയും അവശിഷ്ടങ്ങൾ അവിടെത്തന്നെ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന കൊളോണിയൽ കാലത്തെ വിഭവചൂഷണത്തിന് സമാനമാണിത്. ആഗോള സംയോജനത്തെക്കുറിച്ചുള്ള മനോഹരമായ വാദങ്ങൾക്കിടയിലും, ആധുനിക ഫുട്ബോൾ ഒരു വംശീയ ശ്രേണിയെ നിലനിർത്തുകയാണ് ചെയ്യുന്നത്.
വികസ്വര രാജ്യങ്ങളിലെ കായികതാരങ്ങളുടെ ശാരീരികശേഷിയെയും കഴിവിനെയും (Athletic ability) വികസിത രാജ്യങ്ങളിലെ വൻകിട ക്ലബ്ബുകൾ വ്യവസായ വിഭവമായി ഉപയോഗിക്കുന്നതിനെയാണ് കായികാധ്വാനം (Athletic labour) എന്ന് സൂചിപ്പിക്കുന്നത്. ഫാക്ടറി തൊഴിലാളികൾ തങ്ങളുടെ അധ്വാനം വിൽക്കുന്നതുപോലെ, കായികതാരങ്ങൾ ആഗോള ഫുട്ബോൾ വിപണിയിൽ തങ്ങളുടെ ശാരീരികശേഷിയെവിഭവമായി വിൽക്കുന്നു. ഇതിനെ കേവലം 'കളി' എന്നതിലുപരി ഒരു 'അധ്വാന'മായി (Labour) വിശകലനം ചെയ്യുമ്പോഴാണ് ഇതിലെ സാമ്പത്തിക ചൂഷണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നത്.
ചുരുക്കത്തിൽ, കായികതാരങ്ങളെ വെറും താരങ്ങളായല്ല, മറിച്ച് തങ്ങളുടെ കായിക ശേഷിയിലൂടെ മൂല്യം ഉൽപ്പാദിപ്പിക്കുന്ന 'കായിക തൊഴിലാളികളാ’യി കാണുന്ന രീതിയാണിത്. കൊളോണിയൽ കാലഘട്ടത്തിൽ സാമ്രാജ്യത്വ ശക്തികൾ തങ്ങൾ കീഴ്പ്പെടുത്തിയ ജനതകളിൽ നിന്ന് കായികാധ്വാനം ചൂഷണം ചെയ്തിരുന്നു; ഇന്നത്തെ ഫുട്ബോൾ സമ്പദ്‌വ്യവസ്ഥയിൽ, വരേണ്യ ക്ലബ്ബുകൾ ചരിത്രപരമായ പിന്നോക്കവസ്ഥയാൽ ഘടനാപരമായി ദുർബലമാക്കപ്പെട്ട പ്രദേശങ്ങളിൽ നിന്ന് കായികാധ്വാനം ഇത്തരത്തിൽ ശേഖരിക്കുന്നു.
പ്രകടനം മോശമാകുമ്പോഴോ പരിക്കേൽക്കുമ്പോഴോ, "സഹജമായ പ്രതിഭ" എന്ന വാഴ്ത്തലുകൾ പെട്ടെന്ന് ‘അച്ചടക്കമില്ലായ്മ’ എന്നോ ‘ബൗദ്ധികമായ ആഴമില്ലായ്മ’ എന്നോ ഉള്ള ഗൂഢമായ ആരോപണങ്ങളായി പരിണമിക്കുന്നു.
അതേസമയം, ഈ പ്രക്രിയയെ കേവലം ചൂഷണത്തിന്റെ മാത്രം വിവരണമായി (Narrative) ചുരുക്കിക്കാണാനാവില്ല. കറുത്ത വർഗക്കാരായ ഫുട്ബോൾ താരങ്ങൾ ചരിത്രത്തിന്റെ നിസ്സഹായരായ ഇരകൾ മാത്രമല്ല; മറിച്ച്, ഒരു ആഗോള വ്യവസ്ഥിതിക്കുള്ളിലെ പരിമിതമെങ്കിലും സുനിശ്ചിതമായ അവസരങ്ങളെ തന്ത്രപരമായി വിനിയോഗിക്കുന്നവർ കൂടിയാണ്. അസമത്വം ആഴത്തിൽ വേരോടിയ സമൂഹങ്ങളിൽ സാമ്പത്തിക ചലനാത്മകതയ്ക്കും (Economic mobility), അന്താരാഷ്ട്ര പ്രശസ്തിക്കും, വ്യക്തിപരമായ സ്വയംനിർണ്ണയാധികാരത്തിനും പലർക്കും ഫുട്ബോൾ ഒരു അത്യപൂർവ്വ മാർഗ്ഗമാണ്. ഇത്തരം വിജയഗാഥകൾ നിസ്സഹായതയെക്കുറിച്ചുള്ള പൊതുധാരണകളെ തിരുത്തുകയും, വ്യക്തികൾക്ക് എങ്ങനെ ആഗോള ഘടനകളെ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന് തെളിയിക്കുകയും ചെയ്യുന്നുണ്ട്.
എന്നിരുന്നാലും, ഈ സ്വയംനിർണ്ണയാധികാരം എപ്പോഴും വ്യവസ്ഥാപിതമായ പരിമിതികൾക്ക് വിധേയമാണ്. സുരക്ഷിതമല്ലാത്ത കരാറുകൾ, ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള വംശീയാധിക്ഷേപങ്ങൾ, താരങ്ങളുടെ പെരുമാറ്റം, ശാരീരിക പ്രത്യേകതകൾ, ദേശീയ കൂറ് എന്നിവയിലുള്ള അമിതമായ നിരീക്ഷണം എന്നിവയുമായി ഇവർക്ക് നിരന്തരം പോരാടേണ്ടി വരുന്നു. പ്രകടനം മോശമാകുമ്പോഴോ പരിക്കേൽക്കുമ്പോഴോ, "സഹജമായ പ്രതിഭ" എന്ന വാഴ്ത്തലുകൾ പെട്ടെന്ന് ‘അച്ചടക്കമില്ലായ്മ’ എന്നോ ‘ബൗദ്ധികമായ ആഴമില്ലായ്മ’ എന്നോ ഉള്ള ഗൂഢമായ ആരോപണങ്ങളായി പരിണമിക്കുന്നു. യൂറോപ്യൻ കായിക വരേണ്യവർഗത്തിനിടയിൽ ഈ കളിക്കാർക്ക് ലഭിക്കുന്ന അംഗീകാരം എത്രത്തോളം ഉപാധികൾക്ക് വിധേയമാണ് (Conditional acceptance) എന്ന് ഈ മാറ്റം തുറന്നുകാട്ടുന്നു.

കറുത്ത വർഗക്കാരായ കളിക്കാർ പലപ്പോഴും അവരുടെ വേഗതയുടെയും കരുത്തിന്റെയും പേരിലാണ് പ്രശംസിക്കപ്പെടുന്നത്. എന്നാൽ അവരുടെ തന്ത്രപരമായ ബുദ്ധിശക്തിയോ സർഗ്ഗാത്മകമായ കാഴ്ചപ്പാടോ അടിസ്ഥാനപരമായ പ്രതീക്ഷ എന്നതിലുപരി, അത്ഭുതകരമായ അപവാദമായി (Exception) മാത്രമാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. വംശീയതയ്ക്കതീതമാണെന്ന് അവകാശപ്പെടുമ്പോഴും, ഈ കായികരൂപം അറിഞ്ഞോ അറിയാതെയോ പുരാതനമായ വംശീയ സങ്കൽപ്പങ്ങളെ (Archaic racial scripts) വീണ്ടും പുനർനിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ബൗദ്ധികമായ വേരുകൾ പത്തൊമ്പതാം നൂറ്റാണ്ടിലെ 'ശാസ്ത്രീയ വംശീയതയിൽ' (scientific racism) അധിഷ്ഠിതമാണ്. വിവേകബുദ്ധിയും നേതൃപാടവവും ചിന്താശേഷിയും യൂറോപ്യന്മാരുടേതാണെന്നും, കോളനിവൽക്കരിക്കപ്പെട്ട ജനതകൾ കേവലം കായിക അധ്വാനത്തിനും സഹജവാസനകൾക്കും (Instinct) മാത്രം ശേഷിയുള്ളവരാണെന്നും അക്കാലത്തെ കപടസിദ്ധാന്തങ്ങൾ വാദിച്ചിരുന്നു. ഈ സിദ്ധാന്തങ്ങൾ പണ്ടേ തള്ളിക്കളയപ്പെട്ടവയാണെങ്കിലും, അവയുടെ സാംസ്കാരിക അവശിഷ്ടങ്ങൾ ഇന്നും ഫുട്ബോളിലെ പദപ്രയോഗങ്ങളിലും തന്ത്രപരമായ വിശകലനങ്ങളിലും സ്ഥാപനപരമായ കീഴ്വഴക്കങ്ങളിലും നിഗൂഢമായി നിലനിൽക്കുന്നു.
സമകാലിക മാധ്യമ നിരീക്ഷണങ്ങളും സ്കൗട്ടിംഗ് രീതികളും പലപ്പോഴും ഈ പാരമ്പര്യം പിന്തുടരുന്നു.
കറുത്ത വർഗക്കാരായ കളിക്കാരെ വിശേഷിപ്പിക്കാൻ 'സഹജമായ കരുത്ത്' (Natural power), 'സ്ഫോടനാത്മകമായ വേഗത' (Explosive), 'മൃഗതുല്യമായ ശക്തി' (Beast-like) തുടങ്ങിയ ശാരീരികമായ അതിപ്രസരമുള്ള വാക്കുകളാണ് അമിതമായി ഉപയോഗിക്കുന്നത്. പ്രത്യക്ഷത്തിൽ ഇവ പുകഴ്ത്തലുകളായി തോന്നാമെങ്കിലും, ബൗദ്ധികമായ തെളിച്ചമില്ലായ്മയെ ഇവ പരോക്ഷമായി സൂചിപ്പിക്കുന്നു; അതായത്, ആഫ്രിക്കൻ വംശജരായ കളിക്കാരുടെ മികവ് പരിശീലനത്തിലൂടെയോ ചിന്തയിലൂടെയോ ഉണ്ടായതല്ല, മറിച്ച് ജീവശാസ്ത്രപരമായ സവിശേഷത മാത്രമാണെന്ന് ഇത് സ്ഥാപിക്കുന്നു. അതേസമയം, വെള്ളക്കാരായ കളിക്കാർ പലപ്പോഴും അവരുടെ 'ഗെയിം ഇന്റലിജൻസിനും' 'തന്ത്രപരമായ ഉൾക്കാഴ്ചയ്ക്കും' (Tactical awareness) നേതൃപാടവത്തിനുമാണ് പ്രശംസിക്കപ്പെടുന്നത്. ഇതിലൂടെ കായികമായ നന്മകൾക്ക് ഒരു വംശീയ നിറം നൽകപ്പെടുകയും, 'മനസ്സും' 'ശരീരവും' വർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുകയും ചെയ്യുന്നു.
കായികരംഗത്ത് 'പൊസിഷണൽ സെഗ്രിഗേഷൻ' (Positional Segregation) അഥവാ 'സ്ഥാനപരമായ വേർതിരിവ്' എന്ന പ്രതിഭാസത്തിന് ഇത്തരം പുരാതന വംശീയ സങ്കൽപ്പങ്ങൾ വഴിതെളിക്കുന്നു. അക്കാദമിതലം മുതൽക്കേ, കറുത്ത വർഗക്കാരായ കായികതാരങ്ങൾ പലപ്പോഴും വേഗതയ്ക്കും ശാരീരികക്ഷമതയ്ക്കും മുൻഗണനയുള്ള വിങ്ങർമാർ, ഹോൾഡിംഗ് മിഡ്‌ഫീൽഡർമാർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പരിമിതപ്പെടുത്തപ്പെടുന്നു. അതേസമയം, ടീമിന്റെ തന്ത്രങ്ങൾ മെനയുന്ന പ്ലേമേക്കർമാരോ കളിയുടെ ഗതി നിയന്ത്രിക്കുന്ന മിഡ്‌ഫീൽഡ് ജനറൽമാരോ ആയി വെള്ളക്കാർ തുടരുന്നു. ഇതിലൂടെ ഫുട്ബോൾ മൈതാനം വംശീയ മുൻവിധികൾ മുൻകൂട്ടി നിശ്ചയിച്ച ഭൂപടമായി മാറുന്നു; ഓരോ ശരീരവും ഓരോ പ്രത്യേക മേഖലയ്ക്കു മാത്രമേ അനുയോജ്യമാകൂ എന്ന വംശീയധാരണ അവിടെ അടിച്ചേൽപ്പിക്കപ്പെടുന്നു. ഇത് കായികശേഷിയുടെ പരിമിതിയല്ല, മറിച്ച് വ്യവസ്ഥാപിതമായ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്.

അനേകം കറുത്ത വർഗക്കാരായ മിഡ്‌ഫീൽഡർമാർ ബൗദ്ധിക മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും, അവർ പലപ്പോഴും ഒരു പൊതുനിയമത്തിന്റെ അപവാദങ്ങൾ മാത്രമായാണ് ചിത്രീകരിക്കപ്പെടുന്നത്. ഇവരുടെ മികവ് ബുദ്ധിപരമായതല്ല, മറിച്ച്, സഹജവാസനയാണെന്ന പ്രചാരണം ആവർത്തിക്കപ്പെടുന്നു. പരിശീലകർ ഇത്തരം ഗുണങ്ങൾ മാത്രം പ്രതീക്ഷിക്കുകയും അതിനനുസരിച്ച് സ്ഥാനങ്ങൾ നൽകുകയും ചെയ്യുന്നു, പിന്നീട് ആ സ്ഥാനങ്ങളിൽ അവർ വിജയിക്കുമ്പോൾ തങ്ങളുടെ വംശീയമായ നിഗമനങ്ങൾ ശരിയായിരുന്നുവെന്ന് പരിശീലകർ അവകാശപ്പെടുകയും ചെയ്യുന്നു. നേതൃപാടവം വ്യത്യസ്ത രീതിയിലാണ് ഇവിടെ അളക്കപ്പെടുന്നത്; പരാജയങ്ങൾ എളുപ്പം ക്ഷമിക്കപ്പെടുന്നുമില്ല. പ്രകടനം കാഴ്ചവെക്കുന്ന തലത്തിൽ ഉൾപ്പെടുത്തലും (Inclusion), നിയന്ത്രണതലത്തിൽ തിരസ്കരണവും (Exclusion) എന്നതാണ് ഇതിന്റെ ചുരുക്കം.
90 മിനിറ്റ് നീളുന്ന മത്സരത്തിനകത്ത് കറുത്ത വർഗക്കാരുടെ മികവ് വാഴ്ത്തപ്പെടുമ്പോഴും (അല്ലെങ്കിൽ വിപണനം ചെയ്യപ്പെടുമ്പോഴും) ഈ കായികവിനോദത്തിന്റെ വിശാലമായ ഘടന തികച്ചും ഗൗരവതരമായ മറ്റൊരു വശമാണ് വെളിപ്പെടുത്തുന്നത്. ക്ലബ്ബുകളുടെ ഉടമസ്ഥാവകാശം, വരേണ്യ ലീഗുകളുടെ ഭരണം, സംപ്രേക്ഷണ വരുമാനത്തിന്റെ വിതരണം, ആഗോള തൊഴിൽ വിപണികളുടെ നിയന്ത്രണം എന്നിവയെല്ലാം ഇന്നും ആഗോള ഉത്തരാർദ്ധ ഗോളത്തിലെ (Global North) വികസിത രാജ്യങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. മൂല്യം ഉൽപ്പാദിപ്പിക്കുന്ന കായികതാരങ്ങളിൽനിന്ന് അകന്ന്, വംശീയമായ ചോദ്യം ചെയ്യലുകൾക്ക് അതീതമായി നിലകൊള്ളുന്ന അധികാരസ്ഥാപനങ്ങളിലേക്കാണ് തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി ഇപ്പോഴും പ്രവഹിക്കുന്നത്. ഈ അർത്ഥത്തിൽ, ഫുട്ബോൾ പരിചിതമായ ഒരു കൊളോണിയൽ മാതൃകയെത്തന്നെയാണ് പുനരുൽപ്പാദിപ്പിക്കുന്നത്: നിയന്ത്രണങ്ങളില്ലാത്ത പങ്കാളിത്തവും എന്നാൽ സ്ഥാപനപരമായ അധികാരമില്ലാത്ത സംഭാവനയും.
ഫുട്ബോൾ സ്വയം വിശേഷിപ്പിക്കുന്നത് വംശത്തിനും രാഷ്ട്രത്തിനും വർഗ്ഗത്തിനും അതീതമായ'വിശ്വഭാഷ' എന്ന നിലയിലായതുകൊണ്ട് ഈ വൈരുദ്ധ്യം കൂടുതൽ പ്രകടമാകുന്നു.
പ്രകടമായ ഈ വൈരുദ്ധ്യം ഇല്ലായ്മ ചെയ്യാൻ ഫുട്ബോൾ ലോകത്തുനിന്നുതന്നെ ഗൗരവകരമായ ഇടപെടലുകളുണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അത്തരത്തിലൊന്നാണ് പ്രൊഫഷണൽ കായിക ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരമായ ഇടപെടലായി പരിഗണിക്കപ്പെടുന്ന 1995-ലെ 'ബോസ്മാൻ റൂളിംഗ് ' (Bosman Ruling). ഫുട്ബോളിലെ തൊഴിൽവിപണിയെ മാത്രമല്ല, അതിന്റെ വംശീയവും സാംസ്കാരികവും ഭൗമരാഷ്ട്രീയവുമായ ഘടനയെത്തന്നെ പുനർനിർമ്മിച്ച സുപ്രധാന ചട്ടമായിരുന്നു അത്. കേവലം സാങ്കേതിക ചട്ടം എന്നതിലുപരി, ദശാബ്ദങ്ങളായി നിലനിന്നിരുന്ന സംരക്ഷണവാദപരമായ നിയന്ത്രണങ്ങളെ തകർക്കുകയും ഫുട്ബോളിനെ സമ്പൂർണ്ണ ആഗോള വ്യവസായമായി മാറ്റുകയും ചെയ്ത പ്രൊഫഷണൽ കായികചരിത്രത്തിലെ വിപ്ലവാത്മകമായ ഒരു വഴിത്തിരിവായിരുന്നു ഇത്. ഫുട്ബോൾ വിപണിയെ മാത്രമല്ല, കളിയുടെ വംശീയവും സാംസ്കാരികവുമായ അടിത്തറയെത്തന്നെ ഈ വിധി മാറ്റിമറിച്ചു. ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിയന്ത്രണങ്ങളെ തകർത്ത് ഫുട്ബോളിനെ ആഗോള വ്യവസായമാക്കി മാറ്റിയ ഈ സുപ്രധാന നിയമപരമായ ഇടപെടൽ, കായികരംഗത്ത് വലിയൊരു ചലനം തന്നെയാണ് സൃഷ്ടിച്ചത്.

ബോസ്മാൻ റൂളിംഗ് യൂറോപ്യൻ ലീഗുകളുടെ വംശീയ ഘടനയെ താഴെത്തട്ടിൽ നിന്ന് പുനർനിർമ്മിച്ച്, "ആഗോളവൽക്കരിക്കപ്പെട്ട അക്കാദമി" (globalized academy) മാതൃകയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടി. യൂറോപ്യൻ യൂണിയൻ കളിക്കാർക്കുമേലുള്ള ക്വാട്ടകൾ നീക്കം ചെയ്തതും സഞ്ചാരസ്വാതന്ത്ര്യം വർദ്ധിച്ചതും പ്രാദേശികവും ഏകരൂപമുള്ളതുമായ പ്രതിഭകളിൽ മാത്രം നിക്ഷേപം നടത്താനുള്ള ക്ലബ്ബുകളുടെ താൽപ്പര്യം കുറച്ചു. പകരം, പടിഞ്ഞാറൻ ആഫ്രിക്കയിലും കരീബിയൻ മേഖലകളിലും ഉപഗ്രഹ അക്കാദമികൾ സ്ഥാപിച്ച് യുവാക്കളായ കറുത്തവർഗ്ഗക്കാരെ കണ്ടെത്താനും വളർത്താനുമുള്ള "പോസ്റ്റ് കൊളോണിയൽ പൈപ്പ് ലൈനുകളിലേക്ക്" (post-colonial pipelines) ക്ലബ്ബുകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം കളിക്കാരെ വളരെ നേരത്തെ ടീമിലെത്തിക്കുന്നതിലൂടെ യുവേഫ (UEFA) നിയമങ്ങൾ പ്രകാരം അവരെ "ഹോം ഗ്രൗൺ" (homegrown) താരങ്ങളായി തരംതിരിക്കാൻ ക്ലബ്ബുകൾക്ക് സാധിച്ചു. ഇതോടെ ആധുനിക ഫുട്ബോളിന്റെ മുഖമുദ്രയായ കുടിയേറ്റ മാതൃകകൾക്ക് വ്യവസ്ഥാപിത രൂപം കൈവന്നു. ഇതിന്റെ തുടർച്ചയായി കളിക്കാർ രാജ്യത്തിന്റെ പ്രതിനിധികൾ എന്നതിലുപരി ആഗോള വിപണിയിലെ തൊഴിലാളികളായി പുനർനിർവചിക്കപ്പെട്ടു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലടക്കം നിലനിന്നിരുന്ന വംശീയമായ വേതനവിവേചനം ഇല്ലാതാക്കാൻ ഈ വിധിക്ക് സാധിച്ചു. വിധിക്കുമുമ്പ് വെള്ളക്കാരായ താരങ്ങളെ അപേക്ഷിച്ച് കറുത്ത വർഗക്കാരായ താരങ്ങൾക്ക് കുറഞ്ഞ പ്രതിഫലം നൽകിയിരുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ വിപണി തുറന്നതോടെ കഴിവിനനുസരിച്ചുള്ള മൂല്യം താരങ്ങൾക്ക് ലഭിക്കാൻ തുടങ്ങി. എന്നിരുന്നാലും, കോച്ചിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ നേതൃസ്ഥാനങ്ങളിൽ ഇപ്പോഴും കറുത്ത വർഗക്കാരുടെ സാന്നിധ്യം കുറവാണെന്നത്, ഫുട്ബോൾ ലോകത്ത് ഇനിയും സാംസ്കാരികമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കുന്നു. കളിക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും, അവരെ കേവലം ലാഭമുണ്ടാക്കാനുള്ള 'ആസ്തികൾ' മാത്രമായി കാണുന്ന വിപണിയുക്തികൾ ശക്തമാവുകയും അത് പ്രതിഭകളുടെ ചൂഷണത്തിന് കാരണമാവുകയും ചെയ്തു.
കറുത്ത വർഗക്കാരനായ ഫുട്ബോൾ താരം തന്റെ കായിക പ്രാവീണ്യം മാത്രമല്ല, കരിയറിന്റെ ഔചിത്യം കൂടി നിരന്തരം തെളിയിക്കാൻ നിർബന്ധിതനാകുന്നു. മറ്റുള്ളവരിൽനിന്ന് അപൂർവ്വമായി മാത്രം ആവശ്യപ്പെടുന്ന അമിതമായ അച്ചടക്കവും വിനയവും കൃതജ്ഞതയും ഇവർ പ്രകടിപ്പിക്കേണ്ടിവരുന്നു.
വ്യക്തിഗത മികവുകൾക്കുമാത്രം മുൻഗണന നൽകുന്ന 'മെറിറ്റോക്രസി' (Meritocracy) കായികലോകം കെട്ടിപ്പൊക്കിയ ഏറ്റവും വലിയ മിത്തുകളിലൊന്നാണ്. നിലവിലുള്ള അധികാരഘടനകളെ അദൃശ്യമാക്കുക എന്നതാണ് ഇത്തരം മിത്തുകളുടെ രാഷ്ട്രീയദൗത്യം. വിജയം കേവലം വ്യക്തിഗത നേട്ടമായി ചുരുക്കപ്പെടുമ്പോൾ, വ്യവസ്ഥാപിതമായ അസമത്വങ്ങൾ വിസ്മരിക്കപ്പെടുകയും പരാജയങ്ങൾ വ്യക്തിപരമായ പോരായ്മകളായി മാത്രം മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.
കറുത്ത വർഗക്കാരായ താരങ്ങളെ സംബന്ധിച്ച്, അവരുടെ വിജയങ്ങൾ ആഘോഷിക്കപ്പെടുമ്പോഴും, അവരുടെ പരാജയങ്ങളെ നിലനിൽക്കുന്ന വിവേചനങ്ങളെ സാധൂകരിക്കാനുള്ള മാർഗമായി വ്യവസ്ഥിതി ഉപയോഗപ്പെടുത്തുന്നു. കറുത്ത വർഗക്കാരനായ ഫുട്ബോൾ താരം തന്റെ കായിക പ്രാവീണ്യം മാത്രമല്ല, കരിയറിന്റെ ഔചിത്യം കൂടി നിരന്തരം തെളിയിക്കാൻ നിർബന്ധിതനാകുന്നു. മറ്റുള്ളവരിൽനിന്ന് അപൂർവ്വമായി മാത്രം ആവശ്യപ്പെടുന്ന അമിതമായ അച്ചടക്കവും വിനയവും കൃതജ്ഞതയും ഇവർ പ്രകടിപ്പിക്കേണ്ടി വരുന്നു. ഇവരുടെ സന്തോഷപ്രകടനങ്ങൾ പോലും പലപ്പോഴും നിയന്ത്രിക്കപ്പെടുന്നു; ആത്മവിശ്വാസം അഹങ്കാരമായി മുദ്രകുത്തപ്പെടുന്നു. ശാരീരികമായ കരുത്ത് ആരാധിക്കപ്പെടുമ്പോഴും അവരുടെ സ്വതന്ത്രശബ്ദം പലപ്പോഴും ശ്വാസംമുട്ടിക്കപ്പെടുന്നു. അവരുടെ കരിയർ അസാധാരണമായ വ്യക്തിഗത വിജയങ്ങളും മാറ്റമില്ലാതെ തുടരുന്ന ഘടനാപരമായ അസമത്വങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തിലാണ് 2026-ലെ ഫിഫ ലോകകപ്പിൽ ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളുടെ വർദ്ധിച്ച സാന്നിധ്യത്തിന് സവിശേഷമായ ഒരു രാഷ്ട്രീയമാനം (Political Dimension) കൈവരുന്നത്.

2026 ലോകകപ്പിൽ മ്പാപ്പെ, ഡെംബെലെ, സാലിബ തുടങ്ങിയ വിശ്വപ്രസിദ്ധ താരങ്ങളടങ്ങിയ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം, കരുത്തുറ്റ സാന്നിധ്യമായി പത്ത് ആഫ്രിക്കൻ ടീമുകളും മത്സരരംഗത്തുണ്ട്. യൂറോപ്പിലെ പ്രമുഖ ലീഗുകളിൽ തിളങ്ങിനിൽക്കുന്ന നിരവധി താരങ്ങളാണ് ഈ ലോകകപ്പിൽ ആഫ്രിക്കൻ ടീമുകളുടെ കരുത്ത്: ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ, പി.എസ്.ജിക്കു വേണ്ടി കളിക്കുന്ന മൊറോക്കോയുടെ അഷ്‌റഫ് ഹക്കിമി, റയൽ മാഡ്രിഡിന്റെ ബ്രഹിം ഡിയാസ്, ചെൽസിയുടെ സെനഗൽ താരം നിക്കോളാസ് ജാക്സൺ, വെസ്റ്റ് ഹാമിനായി കളിക്കുന്ന ഘാനയുടെ മുഹമ്മദ് കുഡൂസ്, ബ്രൈറ്റന്റെ ഐവറി കോസ്റ്റ് താരം സൈമൺ അഡിംഗ്ര എന്നിവർ ഇതിൽ പ്രധാനികളാണ്.
കേവലം വിജയങ്ങൾക്കപ്പുറം, വൈവിധ്യങ്ങൾ എങ്ങനെ മാനവസമൂഹത്തിന്റെ ചാലകശക്തിയാകുന്നു എന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാൻ കൂടിയാണ് ഓരോ മത്സരത്തിലും ഇവർ ബൂട്ടണിയുന്നത്. യൂറോപ്യൻ ലീഗുകളിലെ കേവലം 'കായിക തൊഴിലാളികൾ' എന്ന നിലയിൽ നിന്ന് മാറി, ആഗോള ഫുട്ബോളിന്റെ ഗതിനിർണ്ണയിക്കുന്ന ചാലകശക്തികളായി ഇവർ മാറുന്നു എന്നത് ശ്രദ്ധേയമാണ്.
കുടിയേറ്റ വിരുദ്ധ വികാരങ്ങളും വംശീയ പ്രവണതകളും ആഗോളതലത്തിൽ ശക്തിയാർജ്ജിക്കുന്ന ഈ കാലഘട്ടത്തിൽ, ഓരോ ആഫ്രിക്കൻ താരവും തന്റെ സ്വത്വവും തനിമയും മൈതാനത്ത് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ പ്രവർത്തനമായി വിലയിരുത്തേണ്ടതുണ്ട്. അവരുടെ ഓരോ മുന്നേറ്റവും മൈതാനത്തെ വൈവിധ്യവൽക്കരിക്കുക മാത്രമല്ല, ലോകം പടുത്തുയർത്തിയ അദൃശ്യമായ വിവേചന മതിലുകളെ അനാവരണം ചെയ്യുന്നുകൂടിയുണ്ട് . അതിനാൽ, ഉയർന്ന ആഫ്രിക്കൻ സാന്നിധ്യം ഈ ലോകകപ്പിനെ വെറുമൊരു കായിക മാമാങ്കത്തിനപ്പുറം, വിഭജനത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിനെതിരായുള്ള പ്രതീകാത്മക പ്രതിരോധമാക്കി മാറ്റുന്നുണ്ട്.
