ഫുട്‌ബോളിൽ തീർച്ചയായും ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്.
ആണ് എന്നു പറഞ്ഞാൽ ആയിരുന്നു എന്നല്ല അർഥം, ആണ് എന്നുതന്നെയാണ്.
അവരുടെ കളിയോടുള്ള പ്രണയം ഉടലെടുത്തത് ഏതെങ്കിലും ഒരു കളി കണ്ടതുകൊണ്ടോ അതല്ലെങ്കിൽ ആരെങ്കിലും ഒരു ദിവസത്തിൽ പറഞ്ഞുകേട്ടതുകൊണ്ടോ ആയിരുന്നില്ല. പ്ലാസ്റ്റിക്ക് ചാക്കും കനത്ത തടിയുള്ള ചാക്കുനൂലും കൊണ്ട് കട്ടവെച്ച് കെട്ടുപന്തുണ്ടാക്കി ചരൽഗ്രൗണ്ടിൽ കളിക്കുന്ന കാലത്ത് ടി.വി.യിലേക്ക് എത്തിനോക്കാറുള്ള ഒരു സ്കൂൾ കുട്ടിക്ക് മഞ്ഞജഴ്‌സിക്കാരോട് തുടർച്ചയായി തോന്നിയ കൗതുകത്തിന്റെ പുറത്തായിരുന്നു.
വല്ലാത്തൊരു താളത്തിൽ ഗ്രൗണ്ടിലുടനീളം പന്ത് കൊത്തിപ്പെറുക്കി നടക്കുകയും സമയമാവുമ്പോൾ മറ്റുള്ളവർക്ക് കൃത്യമായി വീതംവെച്ച് നൽകുകയും ചെയ്യുന്ന മാജിക് കണ്ടിട്ടായിരുന്നു. അറ്റാക്കിങ്ങിനിടയിൽ കൂട്ടത്തോടെ എതിർടീമിലെ കളിക്കാർക്ക് പിടികൊടുക്കാതെ ഗോൾപോസ്റ്റിലേക്ക് പന്തരിയാൻ പാകത്തിൽ അവനവന്റെ സ്പെയ്‌സ് ഉറപ്പിക്കുന്ന കളിക്കാരുടെ താളം വല്ലാതെയങ്ങ് ബോധിച്ചിട്ടായിരുന്നു.
അതെ, ബ്രസീലിയൻ ഫുട്‌ബോളിന് വല്ലാത്തൊരു താളമുണ്ട്. ആ താളം ഒത്തുവരുമ്പോൾ അവരെ പിടിച്ചുകെട്ടുക പ്രയാസമാണ്. മുന്നേറ്റത്തിലേക്ക്, പാസിങ്ങിലേക്ക്, ഫ്രീകിക്കിലേക്ക്, കോർണർ കിക്കിലേക്ക്, അങ്ങനെ തൊടുന്നതിലേക്കെല്ലാം ആ താളം നീണ്ടുനീണ്ടുപോകും. അത് സൂക്ഷ്മവും ഒരേസമയം ശക്തവുമാണ്. തൊണ്ണൂറ്റിയെട്ടിൽ ഫ്രാൻസിനെതിരെ റോബർട്ടോ കാർലോസ് ഗ്രൗണ്ടിന്റെ ഏകദേശം മധ്യരേഖയിൽ നിന്ന് തൊടുത്തുവിട്ട വെടിയുണ്ട പോലുള്ള ആ ബനാനാ കിക്കിൽ അതുണ്ട്, റൊണാൾഡീഞ്ഞോ എതിർ ഗോൾപോസ്റ്റിന്റെ ഏതെങ്കിലും ഒരു മൂലയിലേക്ക് ഉറ്റിച്ചിടുന്ന മഴവിൽകിക്കിലും, ഉയരം വകവെക്കാതെയുള്ള റൊമാരിയോയുടെ വേഗമാർന്ന മുന്നേറ്റത്തിലും, റിക്കാർഡോ കക്കായുടെ ഡ്രിബ്ലിങ് സൗന്ദര്യത്തിലും, റൊണാൾഡോയുടെ ഫിനിഷിങ് മികവിലും ഏറ്റവും ഒടുവിൽ സംഭവിച്ച റിച്ചാലിസണിന്റെ സിസർകട്ടിലും അവരുടെ ആ താളം ഒളിഞ്ഞുകിടക്കുന്നുണ്ട്.
ആദ്യ ഗോൾവീഴ്ചയും പൈനാൽട്ടി ഷൂട്ടൗട്ടും ബ്രസീലിന് മാത്രമല്ല അർജന്റീനയ്ക്കും അൽപം ആശങ്കയുണർത്തുന്ന ഒന്നാണ്. ബ്രസീലിന്റെ അടുത്ത കാലത്തെ ചരിത്രമെടുക്കുകയാണെങ്കിൽ ആദ്യഗോൾ നേടിയശേഷമാണ് അവർ അധികവും വിജയം നേടിയിട്ടുള്ളത്.
ഇവയൊക്കെ ഉദാഹരണങ്ങളിൽ ചിലതുമാത്രം. എന്തിന് പറയുന്നു, ഗ്രൗണ്ടിലെ അവരുടെ വെറുതെയുള്ള അനക്കത്തിനുപോലും താളമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ക്വാർട്ടറിൽ തോറ്റുകരയുന്ന നെയ്മറെ കാണാനും ആശ്വസിപ്പിക്കാനും ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ മകൻ കുഞ്ഞുലിയോ ഓടിവന്നപ്പോഴുണ്ടായ രംഗം ഓർമയില്ലേ, ഇല്ലെങ്കിൽ ഒന്നുകൂടി സൂക്ഷ്മമായി ഓർത്തുനോക്കൂ. അവനെ അണച്ചുപിടിക്കാൻ നെയ്മർ മുന്നോട്ടുവന്നതിൽ പോലും ഒരു താളമുണ്ടായിരുന്നു. ഫാനിസത്തിന് അടിമപ്പെടാതെ പുറത്തുനിന്നുള്ള ഒരാൾ എന്ന നിലയിൽ നോക്കിയാൽ നമുക്കത് തിരിച്ചറിയാനാവും.
2022-ലെ ലോകകപ്പ് ആസ്വാദകൻ എന്ന നിലയിൽ അത്തരത്തിലുള്ള ഒരു താളവും മുന്നേറ്റവും ബ്രസീൽ ടീമിൽ നിന്നുണ്ടായോ എന്നുചോദിച്ചാൽ ഇല്ല എന്നാണ് എന്റെ ഉത്തരം. ശൈലിയിൽ വമ്പൻ മാറ്റം വരുത്തിയതുപോലെയാണ് തോന്നിയത്. സ്പെയിനിനെ പോലെ കൂടുതൽ സമയം പന്ത് കൈവശം വെക്കാനാണ് ബ്രസീൽ ആദ്യകളി മുതൽ ശ്രമിച്ചത്. ആദ്യകളിയിൽ എഴുപതാം മിനുട്ട് മുതലാണ് യഥാർഥ ബ്രസീലിനെ കണ്ടതെങ്കിൽ രണ്ടാം കളിയിൽ സെക്കൻറ് ഹാഫ് മുതലാണ് അവർ ഫോമിലേക്കെത്തിയത്. മൂന്നാമത്തെ കളിയിൽ സ്വന്തം നിഴൽ പോലും ആകാൻ ബ്രസീലിന് കഴിഞ്ഞതുമില്ല. പ്രീ- ക്വാർട്ടറിലാവട്ടെ യഥാർഥ ബ്രസീലിയൻ ശൈലി ഉടലെടുത്തപ്പോൾ ക്വാർട്ടറിൽ അത് കാണാൻ എക്‌സ്ട്രാ ടൈം വരെ കാത്തുനിൽക്കേണ്ടിയും വന്നു.
ലോകകപ്പിൽ ടിറ്റെ പയറ്റിയ തന്ത്രങ്ങളെല്ലാം പാളിപ്പോയതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. കളി ഏറെനേരം കാലിൽ കുരുക്കിവെച്ചുകൊണ്ട് ആക്രമണ സ്വഭാവമുള്ള ഫുട്‌ബോളല്ല കാഴ്ചവെക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും ആദ്യപകുതിയിൽ ഡിഫെൻഡിങ്ങിന് പ്രാധാന്യം നൽകുകയും പ്രധാന കളിക്കാരെ നേരം വൈകി കളിക്കളത്തിലിറക്കുകയും ചെയ്യണമായിരുന്നു. കാരണം, അവർ ഉദ്ദേശിക്കുന്ന തരത്തിലുള്ള കളി ചിലപ്പോൾ എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടുപോയേക്കും. കിക്കെടുക്കാൻ പാകത്തിലുള്ള കളിക്കാർ അന്നേരം വേണ്ടത് ഇലവന് പുറത്തല്ല, അകത്താണ്. ക്വാർട്ടറിൽ ക്രൊയേഷ്യക്കെതിരെ ആദ്യ കിക്ക് പരിചയസമ്പത്തുള്ള ഒരാളായിരുന്നു എടുത്തിരുന്നതെങ്കിൽ ഒരുപക്ഷേ കളിയുടെ റിസൽട്ട് തന്നെ മറ്റൊന്നാകുമായിരുന്നു.
ലോകകപ്പ് കളിച്ചുതുടങ്ങിയ അർജന്റീന പക്ഷേ, അവരുടെ കളി ഓരോ തവണയും മെച്ചപ്പെടുത്തി മുന്നേറിയപ്പോൾ ബ്രസീൽ ആക്രമണസ്വഭാവമുള്ള അവരുടെ താളബോധം എവിടെയോ മറന്നുവെച്ചതുപോലെ തോന്നി. ക്ലബ് ഫുട്‌ബോളിന്റെ തട്ടകങ്ങളിൽ താരങ്ങളായി വിലസുന്ന ഒരുപറ്റം കളിക്കാർ ബ്രസീൽ ടീമിലുണ്ടുതാനും.
എക്കാലവും ആദ്യ ഗോൾവീഴ്ചയും പെനാൽട്ടി ഷൂട്ടൗട്ടും ബ്രസീലിന് മാത്രമല്ല അർജന്റീനയ്ക്കും അൽപം ആശങ്കയുണർത്തുന്ന ഒന്നാണ്. ബ്രസീലിന്റെ അടുത്ത കാലത്തെ ചരിത്രമെടുക്കുകയാണെങ്കിൽ ആദ്യഗോൾ നേടിയശേഷമാണ് അവർ അധികവും വിജയം നേടിയിട്ടുള്ളത്. ആദ്യഗോൾ വഴങ്ങി പിന്നീട് തിരിച്ചുവന്ന മത്സരങ്ങളുടെ എണ്ണം ഒരുപക്ഷേ കുറവുമായിരിക്കും. സമ്മർദം ഇരുടീമിനെയും നന്നായി ബാധിക്കാറുണ്ട് എന്നാണ് ഒരു കാണി എന്ന നിലയിലുള്ള അഭിപ്രായം. പക്ഷേ ഫ്രാൻസിന്റെയും ജർമനിയുടെയും നെതർലൻഡ്സിന്റെയും കാര്യം അങ്ങനെയല്ല. എത്ര ഗോളിന് പിന്നിൽ നിന്നാലും ഏതുനിമിഷവും തിരിച്ചടിക്കും എന്ന വിധത്തിലുള്ള അറ്റാക്കിങ്ങാണ് അവരുടെ കൈമുതൽ. ഇത്തവണത്തെ ലോകകപ്പിലേക്ക് മികവുറ്റ കളിയുമായി വന്ന ടീമുകളല്ല അർജന്റീനയും ബ്രസീലും എന്നാണ് വ്യക്തിപരമായ അഭിപ്രായം. മൊത്തത്തിലുള്ള റെക്കോർഡുകളിലെ വിജയകണക്കുകൾ അതിന് ഒരുപക്ഷേ എതിരുനിന്നേക്കാം.
ലോകകപ്പ് കളിച്ചുതുടങ്ങിയ അർജന്റീന പക്ഷേ, അവരുടെ കളി ഓരോ തവണയും മെച്ചപ്പെടുത്തി മുന്നേറിയപ്പോൾ ബ്രസീൽ ആക്രമണസ്വഭാവമുള്ള അവരുടെ താളബോധം എവിടെയോ മറന്നുവെച്ചതുപോലെ തോന്നി. പറയുമ്പോൾ ക്ലബ് ഫുട്‌ബോളിന്റെ തട്ടകങ്ങളിൽ താരങ്ങളായി വിലസുന്ന ഒരുപറ്റം കളിക്കാർ ബ്രസീൽ ടീമിലുണ്ടുതാനും. ആദ്യറൗണ്ടിൽ പതുക്കെ പതുക്കെ തങ്ങളുടെ കളി തിരിച്ചുപിടിച്ച അർജന്റീന പക്ഷേ ക്വാർട്ടറും സെമിയും എത്തിയപ്പോഴേക്കും അപാരഫോമിലേക്ക് കുതിച്ചുയരുക തന്നെ ചെയ്തു എന്ന് പറയാതിരിക്കാനാവില്ല. അതുകൊണ്ടായിരിക്കണം എന്റെ കാഴ്ചകളത്രയും ആദ്യ രണ്ട് കളികൾ കഴിഞ്ഞതോടെ മെസ്സിയിൽ മാത്രം ഉടക്കിനിന്നത്.
ഈ മുപ്പത്തിയഞ്ചിന്റെ തികവിൽ എത്ര സുന്ദരമായിട്ടാണ് മെസ്സി ടീമിനെ മുന്നോട്ടുനയിച്ചത്. എന്തൊരു പക്വതയോടെയാണ് പാസിങ്ങും ഡ്രിബ്‌ളിങ്ങും ഫിനിഷിങ്ങും നടത്തിയത്.
എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ ലോകകപ്പിനെ സമീപിച്ചതെന്ന് ഓർത്തുനോക്കൂ. ഒരുപക്ഷേ ഇനിയൊരു വേൾഡ് കപ്പിന് അദ്ദേഹം ബൂട്ട് കെട്ടുമോ എന്നൊന്നും നമുക്ക് തീർച്ചയില്ല. പക്ഷേ ഈ മുപ്പത്തിയഞ്ചിന്റെ തികവിൽ എത്ര സുന്ദരമായിട്ടാണ് ടീമിനെ മുന്നോട്ടുനയിച്ചത്. എന്തൊരു പക്വതയോടെയാണ് പാസിങ്ങും ഡ്രിബ്‌ളിങ്ങും ഫിനിഷിങ്ങും നടത്തിയത്. പോളണ്ടിനെതിരെയുള്ള പെനാൽട്ടി മിസ്സാക്കിയത് ഒഴിച്ചാൽ ബാക്കിയെല്ലാം ഏറെക്കുറെ കൃത്യമായിത്തന്നെ വലയിലെത്തിക്കുകയും ചെയ്തു. മെസ്സിയെ നിങ്ങൾക്ക് പൂട്ടാം. പക്ഷേ പൂട്ടുമ്പോൾ ഏതെങ്കിലും ഒരു ചങ്ങലക്കണ്ണി അയഞ്ഞാൽ, അതുമതി അദ്ദേഹത്തിന് പന്ത് വളരെ ഭംഗിയായി ഗോളാക്കി മാറ്റാൻ എന്നതാണ് സത്യം. ആസ്ത്രേലിയക്കെതിരെയുള്ള ആദ്യഗോൾ അതിന് മികച്ച ഉദാഹരണമാണ്. ഒരു നിമിഷം ഡിഫൻഡർമാരുടെ ശ്രദ്ധതെറ്റിയപ്പോഴേക്കും വളരെ കൂളായി പന്ത് വലയിലെത്തിച്ച് കാണികൾക്ക് നേരെ കൈകൾ വിരിച്ചു പായുന്ന ആ കാഴ്ച! അർജന്റീനയുടെ ആരാധകരായ എന്റെ ചങ്ങാതിമാരുടെ ആരവങ്ങൾക്കിടയിലിരുന്ന് ഞാനന്ന് ഓർത്തത് മുഴുവൻ അദ്ദേഹത്തെ പൂട്ടാൻ വിട്ടുപോയ ആസ്ത്രേലിയൻ കളിക്കാരുടെ ആ ഒരൊറ്റ സെക്കൻഡിനെ കുറിച്ചായിരുന്നു.
ബ്രസീൽ പുറത്തായശേഷം ആർക്കൊപ്പം എന്നത് വലിയൊരു ടാസ്കായിരുന്നു. സെമിഫൈനലിസ്റ്റുകളായി മുന്നിൽ കനംവെച്ച നാലു ടീമുകൾ. പതിഞ്ഞ രീതിയിൽ തുടങ്ങി സ്വതസിദ്ധമായ ശൈലിയിലേക്ക് കുതിക്കുന്ന അർജന്റീന, ടൂർണമെന്റിലുടനീളം സ്ഥിരത കൈവരിച്ച് മാരകഫോമിലുള്ള ഫ്രാൻസ്, ആരെയും ഞെട്ടിച്ച് ആക്രമണത്തിന് പ്രത്യാക്രമണം എന്ന രീതിയിൽ കൗണ്ടർ അറ്റാക്ക് കൈവശമുള്ള മൊറാക്കോ... ആരെയും ഒഴിവാക്കാൻ വയ്യ.
ക്രൊയേഷ്യക്കെതിരെ അവസാന ഗോളിലേക്കെത്തിയ ആ ബോൾ കണക്ട് ചെയ്തത്, ഡ്രിബിൾ ചെയ്ത് പിടികൊടുക്കാതെ മുന്നേറിയത്, പ്രതിരോധിച്ചയാളെ ഒന്ന് മുന്നോട്ടാഞ്ഞ് കബളിപ്പിച്ച്, കാലുകൾക്കിടയിലൂടെ നൊടിയിടെ കൊടുത്ത ആ പാസ്... ഒന്നും പറയാനില്ല. ലോകകപ്പിലെ ഏറ്റവും മനോഹരമായ അസിസ്റ്റ്. അത് മെസ്സിക്ക് മാത്രം കഴിയുന്ന ഒന്നാണ്.
ഇതിനുള്ളിൽ എത്രയെത്ര നിമിഷങ്ങൾ കടന്നുപോയി. പലരും പ്രതീക്ഷയർപ്പിച്ച പോർച്ചുഗൽ ക്രിസ്റ്റ്യാനോയുടെ കണ്ണീര് പുതഞ്ഞ് പുറത്തായി. അധികസമയം ബോള് കൈവശം വെച്ചതുകൊണ്ടുമാത്രം ജയിക്കാനാവില്ല എന്ന തിരിച്ചറിവ് സ്പെയിനിനും ഈ ലോകകപ്പോടെ ഉണ്ടായിക്കാണണം. സെനഗലും ഘാനയും ജർമനിയും നിറംമങ്ങി. നെതർലൻഡ്സ് പൊരുതിതോറ്റു. പ്രതീക്ഷ നൽകിയ ജപ്പാനും പാതിവഴിയിൽ വീണു. മോശം പ്രകടനം കൊണ്ട് ഖത്തറും ശ്രദ്ധാകേന്ദ്രമായി.
ഒരിക്കൽക്കൂടി പറയുന്നു, തീർച്ചയായും ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്. ആണ് എന്നു പറഞ്ഞാൽ ആയിരുന്നു എന്നല്ല അർഥം, ആണ് എന്നുതന്നെയാണ്.
പക്ഷേ, ക്രൊയേഷ്യക്കെതിരെ അവസാന ഗോളിലേക്കെത്തിയ ആ ബോൾ കണക്ട് ചെയ്തതും ഡ്രിബിൾ ചെയ്ത് പിടികൊടുക്കാതെ മുന്നേറിയതും പ്രതിരോധിച്ചയാളെ ഒന്ന് മുന്നോട്ടാഞ്ഞ് ചീറ്റ് ചെയ്തുകൊണ്ട് കാലുകൾക്കിടയിലൂടെ നൊടിയിടെ കൊടുത്ത ആ പാസും! ഒന്നും പറയാനില്ല. ലോകകപ്പിലെ ഏറ്റവും മനോഹരമായ അസിസ്റ്റ്. അത് മെസ്സിക്ക് മാത്രം കഴിയുന്ന ഒന്നാണ്. ടീമിനുവേണ്ടി മരിച്ചുകളിക്കുന്ന മനുഷ്യന് മാത്രം കഴിയുന്ന ഒന്ന്. ഞാനിനി എംബാപ്പെയെ തേടി പോകുന്നില്ല. ഇത്രയും ആത്മാർഥതയും ശാന്തതയും നിഷ്ഠയും കാത്തുസൂക്ഷിക്കുന്ന താങ്കളുള്ളപ്പോൾ ഞാനെന്തിന് മറ്റൊരു ടീമിനെ തിരയണം. ആ കപ്പ് എത്ര ആഗ്രഹിക്കുന്നുണ്ടാവും താങ്കളുടെ വിരലുകളെ ഒന്ന് തൊടാൻ.
ഈ കുറിപ്പ് പ്രസിദ്ധീകരിച്ചുവരുമ്പോഴേക്കും ലോകകപ്പിന്റെ ആരവങ്ങൾ ഏറെക്കുറെ കെട്ടടങ്ങിയിരിക്കും, ഫാൻസുകാർ ഒരുമിച്ച് പുഞ്ചിരിയോടെ ഒരു ടേബിളിനപ്പുറവും ഇപ്പുറവും ചായയോ കാപ്പിയോ കഴിച്ച് സൗഹൃദപ്പെട്ടിരിക്കും, ബൂട്ടുകൾ തത്കാലത്തേക്ക് വിശ്രമകാലവും ആരംഭിച്ചിരിക്കും.
എങ്കിലും ലവ് യൂ മെസ്സി, റിയലി ലവ് യൂ...
ഈ ലോകകപ്പ് മികച്ചൊരു കാഴ്ചയാക്കി മാറ്റിയതിന്. ▮