ലയണൽ മെസ്സി

ഭൂമിപ്പന്താകെ മൂടുന്ന നീലനിലാപ്പെയ്ത്തിനെക്കുറിച്ച്
എഴുതാതെയെങ്ങനെ?

‘‘പ്രിയപ്പെട്ട സ്‌പെയിൻ, നീ എന്നെ കുത്തി, ഞാൻ ചത്തെന്ന് ഉറപ്പാക്കി - കുഴിച്ചിട്ട് അതിന്റെ മേലെ ഒരു ചുടലത്തെങ്ങും വച്ച്, അതിന് പൊടിപ്പുണ്ടോ എന്ന് ഉറപ്പാക്കി മാത്രമേ പോകാവു, ഇല്ലെങ്കിൽ ഞങ്ങൾ ആ കുഴിയിൽ നിന്നെഴുന്നേറ്റ് വരുക തന്നെ ചെയ്യും’’- ലോകകപ്പ് ഫൈനൽ കളിക്കാൻ പോകുന്ന അർജന്റീനയ്ക്കുവേണ്ടി ഒരു ഫാൻ കുറിപ്പ്- ആനന്ദ് ഗംഗൻ എഴുതുന്നു.

റ്റ്ലാൻഡാ സ്റ്റേഡിയത്തിൽ നിന്നുള്ള ലൈവ് ഫീഡുകളെല്ലാം അവസാനിക്കുന്ന അർധരാത്രി അത്യാനന്ദസാഗരത്തിലാറാടി ഒരു അർജന്‍റീന ഫാൻ ഉറങ്ങാൻ കിടക്കുന്നു. ഉറക്കപ്പായയിൽ, നീ എന്നെ കുത്തി, ഞാൻ ചത്തെന്നുറപ്പാക്കി - കുഴിച്ചിട്ട് അതിന്റെ മേലെ ഒരു ചുടലത്തെങ്ങും വച്ച്, അതിന് പൊടിപ്പുണ്ടോ എന്ന് ഉറപ്പാക്കിമാത്രമേ പോകാവൂ, ഇല്ലെങ്കിൽ ഞാൻ ആ കുഴിയിൽ നിന്നെഴുന്നേറ്റ് വരും എന്ന ഡയലോഗ്, ‘തീർന്നെടാ നീ തീർന്ന്’ എന്നു ഘോഷിച്ച സകല സാമ്പാർ മുന്നണിയോടും രണ്ടാവർത്തി പറഞ്ഞ് ഉറങ്ങിയാൽ മതിയെന്ന് തീരുമാനിക്കുന്നു.

ഫോണെടുത്ത് ആ കൃത്യം ഭംഗിയായി നിർവഹിച്ച് പുറത്തുപെയ്ത മഴയെക്കോൾ അകത്തുപെയ്ത പേമാരിയെ വീണ്ടുമോർത്ത് പുതപ്പിലേക്ക് വലിയാനൊരുങ്ങുമ്പോൾ, അതാ വാട്സാപ്പ് സ്റ്റാറ്റസുകളെ ഒരു നീലനിലാവ് പൊതിയുന്നത് കാണുന്നു. ഭൂമിപ്പന്താകെ മൂടുന്ന നീലനിലാപ്പെയ്ത്ത്. മൈതാനത്ത് പൂക്കുന്ന ഈ നീലക്കുറിഞ്ഞിപ്പൂക്കളെ, നാലാനാലുവർഷങ്ങൾ കാത്തുകാത്തിരുന്നു കണ്ട്, ഇതെത്ര കാലമായി നാം നിർവൃതിയടയുന്നു. അർജന്‍റീന അവരെന്തൊരു ആനന്ദദായക ആഘോഷക്കൂട്ടമാണ്! ഈ പകൽ ആ ആരാധനയെക്കുറിച്ച് എഴുതാതെയെങ്ങനെ?

ആരാധകജീവിതവും
അവതാരപ്പിറവികളും

ഒരു വിസിലിനവസാനം, വെള്ളവരയ്ക്കപ്പുറംനിന്ന് നമ്മൾ ജയ് വിളിച്ചവരുടെ തോൽവിയാണ് കാണുന്നതെങ്കിൽ ആ തോൽവി നമ്മെ നിത്യനിരാശയുടെ നിലയില്ലാക്കയത്തിൽ പൂഴ്ത്തണം. ജയമെങ്കിലോ, അത് ഉന്മാദത്തിന്റെ ഉത്തുംഗശ്യംഗത്തിലേക്ക് നമ്മെ ഉയർത്തിക്കൊണ്ടുപോകണം. കേവലം അടുത്തപടി ചാടികയറുന്ന സ്കോർ ബോർഡ് ഗെയിമുകൾക്ക് ഒരു കായികയിനത്തിലും പ്രസക്തിയില്ലെന്നുതന്നെ വിശ്വസിക്കുന്നു. വിരസമൈതാനങ്ങൾ വീര്യമില്ലാത്ത വീഞ്ഞുപോൽ അപ്രിയം. ആവർത്തിക്കുന്നു, ഇരുത്തിപ്പൊറുപ്പിക്കുന്നതാകരുത് കളിക്കളങ്ങളിലെ ഒരു ജയവും തോൽവിയും. ജയിക്കാതെ, തോൽക്കാതെപോയ സമനിലപ്പോരുകൾപോലും നിലതെറ്റിക്കണം. കളിയുടെ കമ്പക്കെട്ട് കാണുന്ന മത്സരം ഉത്സവമാകുന്ന മൈതാനങ്ങളാണ് എന്നും എക്കാലവും ഫേവറേറ്റ്. ആരാധകരുടെ ആഘോഷകമ്മിറ്റികളാണ് ഓരോ പന്തിലും പ്രാണൻ നിറക്കുന്നത്. ആരാധകരുടെ ആരവങ്ങളോളം വരില്ല മറ്റൊതൊരു ആർപ്പും ആവേശവും ആഘോഷവും.

കളിയുടെ കമ്പക്കെട്ട് കാണുന്ന  മത്സരം ഉത്സവമാകുന്ന മൈതാനങ്ങളാണ് എന്നും എക്കാലവും ഫേവറേറ്റ്.  ആരാധകരുടെ ആഘോഷകമ്മിറ്റികളാണ് ഓരോ പന്തിലും പ്രാണൻ നിറക്കുന്നത്.
കളിയുടെ കമ്പക്കെട്ട് കാണുന്ന മത്സരം ഉത്സവമാകുന്ന മൈതാനങ്ങളാണ് എന്നും എക്കാലവും ഫേവറേറ്റ്. ആരാധകരുടെ ആഘോഷകമ്മിറ്റികളാണ് ഓരോ പന്തിലും പ്രാണൻ നിറക്കുന്നത്.

ആരാധന ബാധയോ, ഭൂതമോ കയറുന്നതു പോലെയാണ്. എവിടെനിന്ന് എപ്പോൾ മുതൽ നമ്മൾ ആരാധകനായി മാറിയതെന്ന് ആലോചിച്ചെടുക്കുക എളുപ്പമല്ല. പ്രപഞ്ചം മറന്നുള്ള പ്രണയത്തിൽപ്പോലും ഒരു സ്റ്റാർട്ടിംഗ് പോയന്‍റ് തപ്പിയെടുക്കുക സാധ്യമായേക്കും. എന്നാൽ ആരാധനയുടെ ആദ്യ 'കിക്ക്' അന്വേഷിച്ചുപോയാൽ ദിക്കറിയാതെ ദിശ തെറ്റും. കർണൻ- നെപ്പോളിയൻ- ഭഗത് സിംഗ് എന്നതുപോലെ ഇതിഹാസത്തിൽ- ചരിത്രത്തിൽ-രാഷ്ട്രീയത്തിൽ- സിനിമയിൽ- സ്പോർട്സിൽ പലതിൽ പലരിലും നമ്മൾ പൂജിതരാകും. താരങ്ങളിൽ നിന്ന് അവതാരങ്ങളിലേക്ക് അവർക്ക് സ്ഥാനം കയറ്റി നൽകി, കാണിക്കുപ്പായമൂരി ഭക്തജനജേഴ്സിയിലേക്ക് നമ്മൾ മാറിയിരിക്കും. ശേഷം, ഒരു പക്ഷം മാത്രം, ഒരു ശരി മാത്രം. ഒരു നീതി മാത്രം. ഒരു നിയമം മാത്രം. അല്ലെങ്കിലും ജയം കൊണ്ട് മാത്രം ശമിക്കുന്ന വിശപ്പുമായി ജീവിക്കുന്ന ഒരു ആരാധകനെ ആരാണ് അവനവനകം തീറ്റിപ്പോറ്റാത്തത്.

ഒരു കായികപ്രേമി നിശ്ചയമായും ഒരു ഫാൻബോയ് കൂടിയായിരുക്കും. അതൊരു പ്രകൃതിനിയമമാണ്. ഒരു കാൽപ്പന്തുപ്രേമിയോ തീർച്ചയായും അയാൾ ഒരു ഫയർബ്രാൻഡ് ഫാൻബോയ് ലൈഫ് ആസ്വദിക്കുന്നുണ്ടാകും. ഓർക്കുന്നുണ്ടോ, ഏതുകാലമാണ് നിങ്ങൾ ഒരു അർജന്‍റീന ഫാനായി മാറിയത്? സേതുമാധവന് വഴിവെട്ടുന്ന ഹൈദ്രോസിനെപ്പോലെ അർജ​ൈന്റൻ ആരാധനയുടെ തിടമ്പേറ്റി നിങ്ങൾ തെരുവിലിറങ്ങിയത് ഏകദേശം ഏത് തണുത്ത വെളുപ്പാൻ കാലത്തായിരുന്നു?

കളർടി.വിക്കാലത്ത്
ലോകകപ്പ് കിട്ടാത്തവർ

അർജന്‍റീനയുടെ കാര്യത്തിൽ ഒരു ദേശത്തോടുള്ള ആരാധനയാണ്, താരങ്ങളിലേക്ക് പടർന്നത്. കവലകൾ ജി- 20 ഉച്ചകോടികളുടെ വേദിപോലെ പലദേശപ്പതാകകൊണ്ട് പന്തലുകെട്ടുന്ന ഒരു ലോകകപ്പുകാലം. പന്തുരുളന്നത് അങ്ങ് ജപ്പാനിലും കൊറിയയിലും. പുതിയ നൂറ്റാണ്ടിലെ ആദ്യലോകകപ്പ്. വർഷം 2002. ഫാൻവാർ അന്ന് പ്രധാനമായും ബ്രസീൽ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി, ഇറ്റലി, ഹോളണ്ട് എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു. പോർച്ചുഗലിനും സ്പെയിനിനും ഒരു ഫാൻ ബേസ് ഉണ്ടെങ്കിലും അതൊരു മിതവാദിക്കൂട്ടമായിരുന്നു.

കൈകൊണ്ടുനേടിയ കാൽപ്പന്തുകപ്പ്, കളർടി.വിക്കാലത്തെ കപ്പുകിട്ടാക്കൂട്ടം തുടങ്ങിയ ആരോപണശരങ്ങൾക്ക് ബാറ്റിസ്റ്റ്യൂട്ടോയും സംഘവും മറുപടി നൽകുമെന്ന് ധരിച്ചെങ്കിലും അയാളും കൂട്ടരും ആദ്യ റൗണ്ടിൽ തന്നെ മടങ്ങി. അങ്ങേര് കരഞ്ഞുകൊണ്ട് കളംവിട്ടതിനേക്കാൾ നിരാശ അവസാനം കപ്പ് ഉയർത്തിയത് ബ്രസീലായിരുന്നു എന്നതിലാണ്. അഞ്ചാംകപ്പിന്റെ നക്ഷത്രം അവരുടെ കുപ്പായത്തിൽ തുന്നിചേർക്കപ്പെട്ടത് അന്നായിരുന്നു.

റൊണാൾഡീഞ്ഞോയുടെ മഴവിൽ ഗോൾ കണ്ട് ഇയാളെന്തൊരു ജിന്നെന്നോർത്ത ലോകകപ്പ്. കഫു, കാർലോസ്, റൊണാൾഡോ, സത്യത്തിൽ അക്കാലമഞ്ഞപ്പട സാംബാ ലെഗസിയുടെ കണ്ണാടിക്കാഴ്ചയായിരുന്നു. ഒളിവർ ഖാന്റെ, ബല്ലാക്കിന്റെ, ക്ലോസെയുടെ ജർമനി ബ്രസീലിനോട് തോറ്റുതീർന്ന് ആ ലോകകപ്പ് ആരവം അങ്ങനെയവസാനിച്ചു.

കൂടിയ കളിപ്രാന്തൻമാർ ലോകകപ്പ് കഴിഞ്ഞ് ക്ലബ് മത്സരങ്ങളിലേക്ക് കയറും. മാച്ചിന് പിന്നാലെ മാച്ചുകൾ ചാർട്ട് ചെയ്ത് ഫുട്ബോൾ കലണ്ടറുകൾ അവർക്ക് ആവോളം കളിക്കളങ്ങൾ നൽകും. ക്ലബ് ഫുട്ബോളുകളെ വിരളമായി മാത്രം കാണാറുള്ള ഞാനടക്കമുള്ള കാൽപ്പന്തുപ്രേമികൾ അടുത്ത വേൾകപ്പ് വിൻഡോ നോക്കിയിരിക്കും. കൊച്ചിയിൽ മെസിയെ കാത്തിരുന്നപോലൊരു വിൻഡോ. ലോകകപ്പിന് ശേഷം വരുന്ന യൂറോ-കോപ്പ മത്സരങ്ങളിൽ ഞങ്ങൾ കളിപ്രാന്ത് പൊടിതട്ടിയെടുക്കും. ബാക്കി ആരാധന നാട്ടിലെ സന്തോഷ ട്രോഫികളിൽ അയനിവളപ്പിൽ വിജയനും ആസിഫ് സഹീറിനും ബേണി ഇഗ്നേഷ്യസിന് കൊടുക്കും.

റൊണാൾഡീഞ്ഞോയുടെ മഴവിൽ ഗോൾ കണ്ട് ഇയാളെന്തൊരു ജിന്നെന്നോർത്ത ലോകകപ്പ്. കഫു, കാർലോസ്, റൊണാൾഡോ, സത്യത്തിൽ അക്കാലമഞ്ഞപ്പട സാംബാ ലെഗസിയുടെ കണ്ണാടിക്കാഴ്ചയായിരുന്നു.
റൊണാൾഡീഞ്ഞോയുടെ മഴവിൽ ഗോൾ കണ്ട് ഇയാളെന്തൊരു ജിന്നെന്നോർത്ത ലോകകപ്പ്. കഫു, കാർലോസ്, റൊണാൾഡോ, സത്യത്തിൽ അക്കാലമഞ്ഞപ്പട സാംബാ ലെഗസിയുടെ കണ്ണാടിക്കാഴ്ചയായിരുന്നു.

2002- ൽ നിന്ന് കാലം അതിവേഗം കാൽപ്പന്തുപോലുരുണ്ട് 2006- ലെത്തി. ആ കാത്തിരിപ്പിനിടയിൽ ബാറ്റിസ്റ്റ്യൂട്ടോ പോയെങ്കിലും റിക്വൽമി ജനിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. മെസിയെ ലോകകപ്പ് വേദിയിൽ ആദ്യം കാണുന്നത് അന്നുതന്നെ. ഇരുപതിലധികം പാസിൽ സെർബിയക്കെതിരെ പിറന്ന ഗോളും മെക്സിക്കോയ്ക്ക് എതിരെ കണ്ട റോഡ്രിഗസിന്റെ അത്യുഗ്രൻ ഗോളും രോമാഞ്ചിഫിക്കേഷൻ പരിപാടിയായിരുന്നുവെങ്കിലും കളിയധികം മുന്നോട്ടുപോയില്ല. ജർമനി ചെക്ക് വച്ചു. സിദാൻ ഇടനെഞ്ചിലൊരുനോവായി അവസാനിച്ച ലോകകപ്പ് ഇറ്റലിയെടുത്തു. കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് പറഞ്ഞ് വീണ്ടും നാലുവർഷം ഞങ്ങൾ പുറകോട്ടിറങ്ങി കളിച്ചു. സാക്ഷാൽ മാറഡോണയെ ആശാനാക്കിയാണ് സൗത്താഫ്രിക്കയിലേക്ക് ഞങ്ങളെത്തിയതെങ്കിലും അവിടേയും ജർമനിയെ തട്ടിവീണു.

വിശ്വവേദികളിലെ കഷ്ടകാല കാർമേഘം പെയ്തൊഴിയാതെ നിന്നെങ്കിലും കളർ ടിവി കാലത്ത് കപ്പുണ്ടോ മക്കളേ എന്ന ചോദ്യത്തിന് മറുപടി നൽകാൻ ജനിച്ച തിരുപ്പിറവിയാണ് മെസിയുടേതെന്ന് അപ്പോഴേക്കും ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അയാളുടെ ഉടൽനൃത്തം കൂടുതൽ കൂടുതൽ ഉന്മാദികളെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. സ്വൽപ്പം കാത്തിരുന്നാലും ലോകകപ്പ് കിട്ടാക്കനിയല്ലെന്നുറപ്പിച്ച് അടുത്ത നാലുവർഷം അടങ്ങിയിരിക്കാൻ അങ്ങനെ ആഗോള അർജന്‍റീനാ ഫാൻസ് തീരുമാനമെടുത്തു. ബ്രസീൽ ആതിഥേയരായ 2014- ലെ ലോകകപ്പിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പുതിയ അർജന്റീന പിറന്നു. എട്ടുവർഷങ്ങൾക്കിപ്പുറം 2022 ലെ വിശ്വവിജയത്തിന് ഇന്ധനമായത് ആ ലോകകപ്പിലെ വിയർപ്പും ചോരയും തന്നെയായിരുന്നു.

മഷറാനോയുടെ മെസിയിൽ നിന്ന് സ്കലോണിയുടെ മെസിയിലേക്ക്

മെസി ഒരു താരശരീരത്തിനപ്പുറം ഒരു ദേശശരീരമെന്നതാണ് ശരി. ക്ലബ് ജേഴ്സികളിൽ കാണുന്ന മെസിയും അർജന്‍റീനയുടെ ജേഴ്സിയിൽ കാണുന്ന മെസിയും തീർത്തും രണ്ടാണ്. മെസി എന്ന വികാരത്തേക്കാൾ അർജന്റീന എന്ന വികാരമാണ് ഗ്യാലറിയുടേതെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിൽനിന്ന് അയാൾ രൂപപ്പെടുത്തിയ സംഘത്തെ തോൽപ്പിക്കാൻ കേവലം മെസിയെ പൂട്ടാനിറങ്ങുന്നവർക്ക് സാധ്യമാകില്ല. കാരണം മെസിയെ നിങ്ങൾക്ക് മെസിയിൽ മാത്രമല്ല കാണാനാകുന്നത്. നിക്കോളസ് ഒറ്റമെൻഡിയിലും ജൂലിയൻ അൽവാരസിലും ലൌട്ടേര മാർട്ടിനസിലും എൻസോ ഫെർണാണ്ടസിലുമെല്ലാം മെസിയുണ്ടെന്നതാണ് സത്യം. മെസിക്ക് മാത്രം മണിച്ചിത്രത്താഴ് പണിയുന്നവർക്ക് പാളുന്നതും അതുകൊണ്ടുതന്നെ.

ഏറ്റവുമൊടുവിൽ ഈജിപ്തിനും ഇംഗ്ലണ്ടിനും പറ്റിയ അബദ്ധവും മെസിയെ വരിഞ്ഞ് മറ്റുള്ളവർക്ക് വലകീറാൻ നൽകിയ വിടവ് തന്നെ. സ്കലോണിയുടെ സംഭാവനയാണ് ഈ പുതിയ അർജന്‍റീനയെങ്കിലും ആ ഒരു പരിണാമത്തിലേക്ക് കഴിഞ്ഞ വ്യാഴവട്ടക്കാലത്തെ മൈതാനങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നുവെന്നതാണ് സത്യം. അതിന്റെ തുടക്കമായിരുന്നു 2014 ലോകകപ്പ്.

 ബ്രസീൽ ആതിഥേയരായ 2014- ലെ ലോകകപ്പിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പുതിയ അർജന്റീന പിറന്നു. എട്ടുവർഷങ്ങൾക്കിപ്പുറം 2022 ലെ വിശ്വവിജയത്തിന് ഇന്ധനമായത് ആ ലോകകപ്പിലെ വിയർപ്പും ചോരയും തന്നെയായിരുന്നു.
ബ്രസീൽ ആതിഥേയരായ 2014- ലെ ലോകകപ്പിൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പുതിയ അർജന്റീന പിറന്നു. എട്ടുവർഷങ്ങൾക്കിപ്പുറം 2022 ലെ വിശ്വവിജയത്തിന് ഇന്ധനമായത് ആ ലോകകപ്പിലെ വിയർപ്പും ചോരയും തന്നെയായിരുന്നു.

ജന്മഭൂഖണ്ഡത്തിലെ അശ്വമേധത്തിന് അവസാന ആണിയടിച്ച് ജർമനി പറഞ്ഞുവിട്ടെങ്കിലും ആ ലോകകപ്പിൽ പുതിയ ഒത്തിണക്കത്തിന്റെ മിന്നലാട്ടങ്ങളുണ്ടായിരുന്നു. ഒരു അർജന്‍റീന ഫാനിന്റെ നെഞ്ചിടിപ്പ് കുറക്കാൻ മെസിയോളം പോന്നവർ അക്കാലമുണ്ടായിരുന്നു. മെസിക്ക് പിന്നിൽ മഷറാനോ എന്നത് ചില്ലറ ധൈര്യമായിരുന്നില്ല. കിതപ്പുപേറാൻ ഡി മരിയയോളം വലുതായൊരു കൂട്ടുവേണോ? ലാവോസി, റോജോ, അഗ്യൂറോ സബ്ബെല്ലയുടെ സംഘത്തെ ഗോഡ്സെ നിറയൊഴിച്ചു വീഴ്ത്തിയെങ്കിലും പ്രതാപകാലക്കസേര കൈമോശം വന്നില്ലെന്ന് അന്ന് ഞങ്ങൾ ഫാൻബോയ്സ് തിരിച്ചറിഞ്ഞു.

2018- നെ മറന്നാലും സ്കലോണിയുടെ വരവ് അർജന്‍റീനയെ കൂടുതൽ കരുത്തരുടെ കൂട്ടമാക്കി മാറ്റി. ആ താളത്തിന്റെ തിറയാട്ടവേദിയായി 2022 ലോകകപ്പ്. അതിനോളം പോന്നൊരു ആനന്ദ കളിയാട്ടം ഈ കാൽനൂറ്റാണ്ടിൽ വേറെ നാം കണ്ടിരുന്നോ? എംബാപ്പെയുടെ ഫ്രാൻസ്, മോൻഡ്രിച്ചിന്റെ ക്രോയേഷ്യ, വെഗോർസ്റ്റയുടെ നെതർലാൻഡ്സ് വീഴ്ത്തിയ മല്ലൻമാരെത്ര! മൊന്‍റേൽ തൊടുത്ത ഒടുവിലെ ഷൂട്ടൗട്ട് ഗോൾ, ലുസൈലിലെ ആ രാത്രി അതുമതി ഒരു അർജന്‍റീനൻ ആരാധകന് ഏറെ ദൂരം പോകാൻ. ഖത്തർ തീർന്നുപോകാത്തൊരു അത്തർ അർജന്‍റീനാ ആരാധകന് കയ്യിൽ നൽകിയെന്ന് സാരം.

സ്പെയിൻ, ഞങ്ങളിതാ വരുന്നു;
അവസാന വിസിൽ വരെ കരുതുക

ഒന്നും പ്രതീക്ഷിച്ചാകില്ല, അമേരിക്കൻ ലോകകപ്പിന് ഒരു അർജന്‍റീനാ ആരാധകനും തയ്യാറെടുത്തത്. കയ്യിലുള്ള കാൽപ്പന്തുകപ്പ് മെസിയും കൂട്ടരും അറ്റ്ലാൻഡയിൽ ആർക്ക് കൊടുത്തുപോന്നാലും ഞങ്ങൾ ഹാപ്പിയായിരുന്നു. എന്നാൽ പോകപോകെ ഈ വരവ് അത്രമേൽ ഉള്ളംനിറക്കുന്നു. സകലചേരുവകളുടേയും ചേരുംപടികാണുന്ന വിജയഭേരികൾ. ഞങ്ങൾ തീർന്നെന്നും തിരിച്ചുവരില്ലെന്നും ധരിപ്പിച്ച് വിസിലൂതാൻ നിമിഷങ്ങൾ ശേഷിക്കെ എതിരാളിയെ കൊതിപ്പിച്ചുകടന്നുകളയുന്ന ഗെയിംപ്ലാൻ. കളിയഴകുനോക്കിയാലും കളിയടവുനോക്കിയാലും ഈ ത്രാസിന്റെ തട്ട് താണേ നിൽക്കൂവെന്ന് ഈ അർജന്‍റീനയും പറയുന്നു. ഇതിലപ്പുറം ഒരു ആരാധകന് എന്തുവേണം. കരുത്തർ നിങ്ങളല്ലെന്ന് കുറിച്ചവർ എല്ലാംതന്നെ നാട്ടിലെത്തി. പതിയെ ഒരു നീലനദിപോലൊഴുകി ഫ്രാൻസിനും കുഴിയെടുത്ത് ഞങ്ങൾ ഇതാ കലാശക്കളിക്കൊരുങ്ങുന്നു. സ്കലോണിയെ, മെസിയെ ഒരുമിച്ച് കാണുന്ന വേളയിൽ എല്ലാം ഓർമയിൽ ജോൺ റൈറ്റിന്റെ - ഗാംഗുലിയുടെ ടീം ഇന്ത്യയുടെ ചിത്രം തെളിയുന്നു. പ്രതിഭകൾക്കും പദ്ധതികൾക്കുമെല്ലാം മുകളിൽ തോൽക്കില്ലെന്ന വാശിയായിരുന്നു റൈറ്റിന്റെ - ഗാംഗുലിയുടെ ടീം ഇന്ത്യയും. ചക്രവ്യൂഹം കണ്ട എത്ര പിച്ചുകളിൽ ആ ടീം ഇന്ത്യ തിരിച്ചുവരവുനടത്തി. അഡിലെയ്ഡ് മുതൽ ലോഡ്സ് വരെ എത്രയെത്ര മൈതാനങ്ങൾ. സ്കലോണി ജോൺ റൈറ്റിനെ പോലെ തന്നെ, ശാന്തൻ. ജയപരാജയങ്ങളിലും ഒരുപോലെ വികാരങ്ങളെ വിജയിച്ചവൻ. മെസി ഷർട്ടൂരി വീശുന്നില്ലെങ്കിലും ശരിക്കും ദാദയെപ്പോൽ വിട്ടുതരാത്ത വിജയദാഹി!

സ്കലോണി,  മെസി. സ്കലോണി  ജോൺ റൈറ്റിനെ പോലെ തന്നെ, ശാന്തൻ. ജയപരാജയങ്ങളിലും ഒരുപോലെ വികാരങ്ങളെ വിജയിച്ചവൻ. മെസി ഷർട്ടൂരി വീശുന്നില്ലെങ്കിലും ശരിക്കും ദാദയെപ്പോൽ വിട്ടുതരാത്ത വിജയദാഹി!
സ്കലോണി, മെസി. സ്കലോണി ജോൺ റൈറ്റിനെ പോലെ തന്നെ, ശാന്തൻ. ജയപരാജയങ്ങളിലും ഒരുപോലെ വികാരങ്ങളെ വിജയിച്ചവൻ. മെസി ഷർട്ടൂരി വീശുന്നില്ലെങ്കിലും ശരിക്കും ദാദയെപ്പോൽ വിട്ടുതരാത്ത വിജയദാഹി!

പണ്ട് ഒരു കൈവിട്ട കളിയുടെ മധ്യ മെസിയെ, അർജന്‍റീനയെ കണ്ടാൽ നെഞ്ചിടിക്കുമെങ്കിൽ ഇന്നത് വിഷയമല്ലാതായി മാറിയിരിക്കുന്നു. മെസി ബോക്സിനകത്തോ പുറത്തോ എന്നത് വിഷയമേയല്ലാതായിരിക്കുന്നു. പൊസിഷനും വിംഗും മറക്കുക. പതറിയോ, പുറകിലോ എന്നതും മറക്കുക. പ്രിയപ്പെട്ട സ്പെയിൻ, നീ എന്നെ കുത്തി, ഞാൻ ചത്തെന്ന് ഉറപ്പാക്കി - കുഴിച്ചിട്ട് അതിന്റെ മേലെ ഒരു ചുടലത്തെങ്ങും വച്ച്, അതിന് പൊടിപ്പുണ്ടോ എന്ന് ഉറപ്പാക്കി മാത്രമേ പോകാവു, ഇല്ലെങ്കിൽ ഞങ്ങൾ ആ കുഴിയിൽ നിന്നെഴുന്നേറ്റ് വരുക തന്നെ ചെയ്യും.


Summary: As Argentina prepares for the FIFA World Cup final, Anand Gangan shares a fan's heartfelt reflection on the team's inspiring journey and the emotions surrounding the title clash.


ആനന്ദ് ഗംഗൻ

24 ന്യൂസിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും മനോരമ ന്യൂസിൽ അസ്സി. പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ.

Comments