എന്തുകൊണ്ട് കേരളത്തിൽ അർജന്റീനയ്ക്ക് ഇത്രയധികം ആരാധകർ

അർജന്റീനക്കൊപ്പം നിന്ന് തോൽക്കുന്നതിൽ സങ്കടപ്പെടുന്നതിലും ഒരാനന്ദം കണ്ടെത്താൻ ഞങ്ങൾ, അർജന്റീനിയൻ ആരാധകർക്ക് കഴിയുന്നതിനുപിന്നിൽ ജയിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതിനപ്പുറം തോൽക്കുന്നവർക്കും നിന്ദിതർക്കും മർദ്ദിതർക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളിൽ ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്.

ദ്യമായി ടെലിവിഷനിൽ ലോക നിലവാരമുള്ള കളി കണ്ടതോടെ ഞങ്ങളുടെ ഫുട്ബോൾ സങ്കൽപ്പങ്ങൾ വിപ്ലവകരമായി മാറിമറിഞ്ഞു. സന്തോഷ് ട്രോഫിയ ടക്കമുള്ള ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ കാണാനുള്ള താൽപര്യം കുറഞ്ഞു. താരതമ്യം മുഴുവൻ ലോകോത്തര കളിക്കാരും ടീമുമായിട്ടായി. ലോകോത്തര താരങ്ങളെല്ലാം വീട്ടുകാരെയും നാട്ടുകാരെയും പോലെ ദൈനംദിന സംഭാഷണ വിഷയങ്ങളായി. അവരുടെ വിശേഷങ്ങൾ ഞങ്ങളുടെയും വിശേഷങ്ങളായി. എന്റെയും അനിയൻ ബ്രിജേഷിന്റെയും നോട്ടുബുക്കുകൾ മുഴുവൻ അവരുടെ പേരും കളിക്കുന്ന പൊസിഷനും മറ്റ് വിവരങ്ങളും കൊണ്ട് നിറഞ്ഞു. ഞങ്ങൾ സ്വന്തം നിലയ്ക്ക് ഡ്രീം ഇലവനുകളുണ്ടാക്കി. ആ സ്വപ്നടീമുകൾ തമ്മിൽ കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് സ്വപ്നം കണ്ടു.

വളരെ അവികസിതമായിരുന്ന ഞങ്ങളുടെ നാട്ടിൻപുറത്തും ടെലിവിഷനിൽ കണ്ട ലോകകപ്പ് മാറ്റങ്ങൾ കൊണ്ടുവന്നു. ഇത്ര ചടുലമായും മാന്ത്രിക വൈദഗ്ധ്യത്തോടെയും വശ്യതയോടെയും പന്തു കളിക്കാമോ എന്ന് ഗ്രാമീണ കായികപ്രേമികൾ അന്തംവിട്ടു. ഗോളടിച്ചാലും ജയിച്ചാലുമൊക്കെ പല രാജ്യക്കാരും ഭൂഖണ്ഡക്കാരും നടത്തുന്ന സവിശേഷ ആഘോഷങ്ങൾ ഞങ്ങളുടെ കളിപ്പറമ്പുകളിൽ അനുകരിക്കപ്പെട്ടു. റോജർമില്ലയെന്നും സ്‌കിലാച്ചിയെന്നും ഡോണാ ഡോണിയെന്നുമൊക്കെ പലർക്കും വിളിപ്പേര് വീണു. (മറഡോണയെന്നു മാത്രം ചെല്ലപ്പേര് ആർക്കും നൽകാൻ ധൈര്യമുണ്ടായില്ല. ഒരേയൊരു മറഡോണ മാത്രം!) ചുരുക്കിപ്പറഞ്ഞാൽ ഞങ്ങളുടെ കയിലിയാടും ഒരു ഫുട്ബോൾ സാർവദേശീയതയുടെ ഭാഗമായിക്കഴിഞ്ഞു. ലോകകപ്പുകൾ ഓരോന്നും പിന്നിടുമ്പോഴും ആ ഫുട്ബോൾ സാർവദേശീയത ശക്തിപ്പെട്ടു. കേരളത്തിലാകെ പ്രകടമായ മാറ്റങ്ങൾ തന്നെയാണിവ. ജാതിക്കും മതത്തിനുമെല്ലാം അതീതമായ ഒരു ഫുട്ബോൾ സാഹോദര്യവും വളർന്നു വന്നു. ദേശാതിർത്തികളെ ഉല്ലംഘിക്കുന്ന ഇഷ്ടാനിഷ്ടങ്ങളും ആരാധക സംഘങ്ങളും സൗഹാർദ്ദപൂർണമായ സഹവർത്തിത്വം പുലർത്തി. ആ ഫുട്ബോൾ സാർവദേശീയത കേരളത്തെ സംബന്ധിച്ച് സാമ്രാജ്യത്വ വിരുദ്ധവും മതനിരപേക്ഷവുമാണ്. മറഡോണയേയും മെസ്സിയേയും റൊണാൾഡോയേയും എംബാപ്പെയേയും സിദാനെയുമെല്ലാം മലയാളി ആരാധകർ ഭ്രാന്തമായി ഇഷ്ടപ്പെട്ടത് അവരുടെ മതമോ നിറമോ സ്വത്വത്തിന്റെ ഏതെങ്കിലും അടയാളമോ നോക്കിയിട്ടല്ല. കളി മാത്രമായിരുന്നു ഘടകം.

കേരളത്തിൽ കളർ ടെലിവിഷൻ വന്ന ശേഷം ഒരിക്കലും ജയിച്ചിട്ടില്ലാത്ത ടീം എന്ന് പരിഹസിക്കപ്പെടുന്ന അർജന്റീനക്ക് കേരളത്തിൽ ഇത്രമേൽ ആരാധകരുണ്ടാവാനുള്ള കാരണമോ, ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ ചന്തമോലുന്ന ഗംബീത്തയുടെ പ്രയോക്താക്കളെന്നതിനൊപ്പം തികച്ചും വൈകാരികവും ആത്മനിഷ്ഠവുമായ കാരണങ്ങൾ കൂടിയാണുള്ളത്. 86 മുതൽ അടിയുറച്ച അർജന്റീന ആരാധകരായി തുടരുന്ന എന്നെപ്പോലുള്ള പതിനായിരങ്ങൾ ജയസാധ്യതയുടെ അടിസ്ഥാനത്തിലേയല്ല അർജന്റീനയോട് ഉലയാത്ത പ്രതിബദ്ധത പുലർത്തുന്നത്. "ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ' എന്ന് ചുള്ളിക്കാട് എഴുതിയതുപോലെ അർജന്റീനക്കൊപ്പം നിന്ന് തോൽക്കുന്നതിൽ സങ്കടപ്പെടുന്നതിലും ഒരാനന്ദം കണ്ടെത്താൻ ഞങ്ങൾ, അർജന്റീനിയൻ ആരാധകർക്ക് കഴിയുന്നതിനുപിന്നിൽ ജയിക്കുന്നവർക്കൊപ്പം നിൽക്കുക എന്നതിനപ്പുറം തോൽക്കുന്നവർക്കും നിന്ദിതർക്കും മർദ്ദിതർക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളിൽ ഒരു പോലെ പ്രവർത്തിക്കുന്നുണ്ട്. രാജീവ് രാമചന്ദ്രൻ എഴുതുന്നതു പോലെ ആ ഐക്യപ്പെടലിൽ ചെ ഗുവേരയുടെ രക്ത സാക്ഷിത്വവും മറഡോണയുടെ കളത്തിനകത്തും പുറത്തുമുള്ള ജീവിതവും നിലപാടുകളും പോരാട്ടങ്ങളും റൊസാരിയോയും മെസ്സിയുമെല്ലാമുണ്ട്.

Photo : Sreejith P. Nair

കളിമികവിലും ജയപ്രവചനങ്ങളിലും മുന്നിൽ നിൽക്കുന്ന യൂറോപ്യൻ ടീമുകൾക്കുള്ളതിനേക്കാൾ ആരാധകർ അർജന്റീന, ബ്രസീൽ തുടങ്ങിയ ലാറ്റിനമേരിക്കൻ ടീമുകൾക്ക് ഉണ്ടാകുന്നതിന്റെ കാരണം ഫുട്ബോളിനേക്കാൾ ചരിത്രപരവും രാഷ്ട്രീയവുമാണ്. അവിടത്തെ ടീമുകളെയും താരങ്ങളെയും മുൻനിർത്തി കേരളത്തിലെ ആരാധകർ യഥാർഥത്തിൽ ഐക്യപ്പെടുന്നത് അവിടത്തെ ചൂഷിത ജനതയോടാണ്. ആ ചൂഷിത ജനതയുടെ ആഗ്രഹാഭിലാഷങ്ങളെയും ആഹ്ലാദങ്ങളെയും പ്രതിനിധീകരിക്കുന്ന ടീമിനൊപ്പം നിൽക്കുമ്പോൾ ഇവിടത്തെ മനുഷ്യർ അറിഞ്ഞോ അറിയാതെയോ വൻകരകൾക്കപ്പുറമുള്ള ആ മനുഷ്യരുടെ വിമോചനകാംക്ഷക്കൊപ്പം അണിനിരക്കുകയാണ്. അറിയപ്പെടാത്ത മനുഷ്യരുമായി അതെനിക്ക് സാഹോദര്യം നൽകിയെന്ന് വിശ്വമഹാകവി പാബ്ലോ നെരൂദ കമ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ച് പറഞ്ഞത് ഫുട്ബോളിനെക്കുറിച്ചും പറയാം. അതുകൊണ്ടൊക്കെയാണ് യൂറോപ്യൻ ടീമുകളേക്കാൾ ലാറ്റിനമേരിക്കൻ ടീമുകൾ കേരളത്തിൽ ജനപ്രിയമാകുന്നത്.

പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസിനെ കണ്ടുമുട്ടിയപ്പോൾ 'ഹൃദയം കൊണ്ട് ഞാനൊരു പലസ്തീൻകാരനാ'ണെന്നും ഇറാഖിലെ കൂട്ടക്കുരുതിയുടെ പേരിൽ ബുഷ് ചോരക്കൊതിയനാണെന്നും ധീരമായി പ്രഖ്യാപിക്കുന്ന, ശരീരത്തിൽ ചെയേയും ഫിദലിനെയും പച്ചകുത്തിയ മറഡോണയെ മലയാളി തങ്ങളെപ്പോലെ ചിന്തിക്കുന്ന, ഏറ്റവും പ്രിയപ്പെട്ട ആളായും അയാളുടെ രാജ്യത്തെ സഹോദര രാജ്യവും ടീമുമായും കാണുകയും ആ ടീം തോറ്റുപോകരുതെന്ന് ആഗ്രഹിക്കുകയും അഥവാ തോറ്റുപോയാലും തോൽവിയിലും ഉപേക്ഷിക്കില്ലെന്ന് നിശ്ചയിച്ചുറപ്പിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം കളിമൈതാനങ്ങൾക്കുമപ്പുറം ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് നീളുന്നതാണ്. യഥാർഥത്തിൽ അർജന്റീന തോൽക്കുമ്പോഴും ഒപ്പം നിൽക്കുന്ന ആരാധകർ ഒരു ടീമിനെ മാത്രമല്ല ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നത്; നിലപാടുകളെക്കൂടിയാണ്. ഒരുപക്ഷേ, പ്രത്യക്ഷത്തിൽ അവർ പോലും അത് തിരിച്ചറിയുന്നുണ്ടാവണമെന്നില്ല.

Photo : Muhammed Hanan

ഞാനെന്നും അർജന്റീനക്കൊപ്പമാണ്. അവർ ജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോൾ പോലും അവർക്കൊപ്പമേ നിന്നിട്ടുള്ളൂ. ഇനിയും അങ്ങനെ മാത്രമേ നിൽക്കുകയുള്ളൂ. ബുദ്ധി മറ്റ് ടീമുകൾക്കൊപ്പം പോകുമ്പോൾപ്പോലും എന്റെ ഹൃദയത്തിന് വെള്ളയിൽ നീല വരകളാണുള്ളത്. അർജന്റീനയേക്കാൾ നന്നായി കളിക്കുന്ന ടീമുകളുടെ പ്രകടനത്തെ അംഗീകരിക്കാനും മാനിക്കാനും മടിയൊട്ടുമില്ല. അത് ആസ്വദിക്കാൻ തടസ്സവുമില്ല.

ഞാനൊരു അന്ധനായ അർജന്റീനിയൻ ആരാധകനല്ല. പക്ഷേ ഭ്രാന്തമായ ഒരു അർജന്റീനിയൻ പക്ഷപാതിയാണ്. ആരാധകരിൽ മഹാഭൂരിപക്ഷത്തിനും അർജന്റീനയെന്നാൽ ഒരു രാഷ്ട്രമോ അതിരുകളോ അതിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു ഫുട്ബോൾ ടീമോ ഒന്നുമല്ല. മനുഷ്യന്റെ അതിരുകളില്ലാത്ത വിമോചനാഭിവാഞ്ഛകളുടെ ചരിത്രത്തെയാകെ ചുരുക്കിയെഴുതാവുന്ന ഒരു പദമാണ്. അവർ കളിക്കുന്ന മൈതാനങ്ങളെല്ലാം നീതിക്കും അതിജീവനത്തിനുമുള്ള പടനിലങ്ങളായിട്ടും കൂടിയാണ് ഞാൻ വിഭാവനം ചെയ്യുന്നത്. തിരിച്ചടികളിൽ തകരാതെയും തളരാതെയും അന്തിമ വിജയം സ്വപ്നം കണ്ടു കൊണ്ട് അടിയുറച്ചു നിൽക്കുന്നത് മനുഷ്യ വംശത്തിന്റെ അണമുറിയാത്ത ചരിത്രത്തിനൊപ്പമാണെന്ന ഭാവനയാണെന്നെ നയിക്കുന്നത്. ഫുട്ബോൾ വെറുമൊരു കളിയല്ല. അണമുറിയാത്ത ആ ചരിത്രത്തിന്റെ തീവ്രാവിഷ്‌കാരമാണ്.
ട്രൂകോപ്പി വെബ്സീനിൽ പ്രസദ്ധീകരിച്ച ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം - എന്റെ ഹൃദയത്തിന് വെള്ളയിൽ നീല വരകളാണുള്ളത് | എം.ബി. രാ​ജേഷ്​

Comments