ഒരു ലോകകിരീടം (2022). രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ (2021, 2024). ഒരു ഫൈനലിസിമ കിരീടം. ഒരു ഒളിമ്പിക്സ് കിരീടം. രണ്ട് തവണ ലോകകപ്പിൽ റണ്ണേഴ്സ് അപ്പ് (2014, 2026). രണ്ട് തവണ ഫിഫ ഗോൾഡൻ ബോൾ, ഒരു തവണ ഗോൾഡൻ ബൂട്ട്, രണ്ട് കോപ്പ അമേരിക്ക ഗോൾഡൻ ബൂട്ട്. എട്ട് ബാലൺ ദ്യോർ, മൂന്ന് ഫിഫ ദി ബെസ്റ്റ്. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ, 65 അസിസ്റ്റ്, 11 ഹാട്രിക്, 25 പെനാൽറ്റി ഗോളുകൾ, 12 ഫ്രീകിക്ക് ഗോളുകൾ. 2005 മുതൽ 2026 വരെ തൻെറ 18ാം വയസ്സ് മുതൽ 39 വയസ്സ് വരെ 21 വർഷത്തിനിടയിൽ 1712 മിനിറ്റ് കളിച്ച ലയണൽ മെസ്സിയെന്ന അർജൻറീനിയൻ ഇതിഹാസ ഫുട്ബോളറുടെ അന്താരാഷ്ട്ര ഫുട്ബോൾ കരിയറിനെ കണക്കുകളിൽ പരമാവധി ചുരുക്കിയെഴുതാൻ ശ്രമിച്ചാൽ അത് ഇങ്ങനെയൊക്കെയായിരിക്കും അവസാനിക്കുക.
റൊസാരിയോയുടെ തെരുവോരങ്ങളിൽ ഫുട്ബോൾ തട്ടിക്കളിച്ച് വളർന്ന പയ്യനെ 13ാം വയസ്സിൽ ബാഴ്സലോണയുടെ ലാ മാസിയയെന്ന യൂത്ത് അക്കാദമി റാഞ്ചിയെടുക്കുന്നതോടെയാണ് ചരിത്രത്തിൽ ഒരു ഇതിഹാസപ്പിറവി സംഭവിക്കുന്നത്. ബാഴ്സലോണയുടെ സ്പോട്ടിങ് ഡയറക്ടറായിരുന്ന കാർലോസ് റെഷാക്ക്, ഒരു റസ്റ്റോറൻറ് നാപ്കിനിൽ ധൃതിയിലെഴുതിക്കൊടുത്ത കരാറായിരുന്നു എല്ലാത്തിനും നിമിത്തമായത്. 2004 ഒക്ടോബർ 16-ന് സ്പെയിനിലെ മോഞ്ചുയിക്ക് മലനിരകളിലുള്ള ഒളിമ്പിക് സ്റ്റേഡിയത്തിൽ എസ്പാന്യോളിനെതിരായ മത്സരത്തിൻെറ 82ാം മിനിറ്റിൽ പോർച്ചുഗൽ താരം ഡെക്കോയ്ക്ക് പകരക്കാരനായി നീളൻ തലമുടിയുമായി 17-കാരൻ പയ്യൻ 30ാം നമ്പർ കുപ്പായത്തിൽ ക്ലബ്ബ് ഫുട്ബോളിൽ കളിക്കളത്തിലേക്ക് ഇറങ്ങി. തൊട്ടടുത്ത വർഷം 2005 ആഗസ്ത് 17-നായിരുന്നു അർജൻറീനക്കായി അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം. ഹംഗറിക്കെതിരായ സൗഹൃദമത്സരത്തിൻെറ 63ാം മിനിറ്റിൽ ലിസാന്ദ്രോ ലോപ്പസിന് പകരക്കാരനായി 18ാം നമ്പർ കുപ്പായത്തിലായിരുന്നു ഇറങ്ങിയത്. അന്ന് കളത്തിലിറങ്ങി പന്തുമായി മുന്നേറിയ മെസ്സി ഹംഗേറിയൻ കളിക്കാരൻ വിൽമോസ് വാൻസാക്കിൻെറ ടാക്കിളിനോട് വളരെ സ്വാഭാവികമായി തിരിച്ച് പ്രതികരിച്ചതിന് ചുവപ്പുകാർഡ് കണ്ട് കളം വിടേണ്ടി വരുന്നു. അതും ഒന്നോ രണ്ടോ മിനിറ്റുകൾക്കുള്ളിൽ. ആ ചുവപ്പുകാർഡ് കാണിച്ച റഫറിയുടെ തീരുമാനം ശരിയല്ലെന്ന് പിന്നീട് ചർച്ചകളുണ്ടായി. അങ്ങനെ ദുരന്തമായൊരു ചുവപ്പുകാർഡിലായിരുന്നു വരാൻ പോവുന്ന സുന്ദരനിമിഷങ്ങളുടെ തുടക്കം. ആ ചുവപ്പുകാർഡ് അങ്ങനെ മെസ്സിയുടെ അന്താരാഷ്ട്ര കരിയറിൻെറ തുടക്കത്തെ അടയാളപ്പെടുത്തുന്നു.

2006 മാർച്ചിൽ ക്രൊയേഷ്യക്കെതിരെ, തൻെറ ആറാം അന്താരാഷ്ട്ര മത്സരത്തിലായിരുന്നു മെസ്സി ആദ്യത്തെ ഗോൾ നേടിയത്. 20കാരനായ, പിന്നീട് ക്രൊയേഷ്യൻ ഇതിഹാസമായി മാറിയ ലൂക്ക മോഡ്രിച്ച് അന്താരാഷ്ട്ര കരിയറിൽ അരങ്ങേറ്റം നടത്തിയ മത്സരത്തിലായിരുന്നു മെസ്സിയുടെ ആദ്യ അന്താരാഷ്ട്ര ഗോളെന്നത് മറ്റൊരു യാദൃശ്ചികത. ക്രൊയേഷ്യൻ പ്രതിരോധനിരയുടെ പിഴവിൽ നിന്ന് കിട്ടിയ പന്ത് കാലിൽ കൊരുത്ത മെസ്സി ബോക്സിന് പുറത്ത് നിന്ന് ഇടങ്കാല് കൊണ്ട് തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയിലേക്ക് ഊർന്നിറങ്ങുന്നു. ഗോളടിച്ച ശേഷം തൻെറ പ്രിയതാരം കൂടിയായ അർജൻറീന ഇതിഹാസം റിക്വൽമിയുടെ തോളിലേക്ക് ചാടിക്കയറുന്നുണ്ട് മെസ്സി. 2006-ൽ ഹോസെ പെക്കർമാൻെറ കീഴിൽ അർജൻറീനയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ടീമുകളിലൊന്ന് ജർമ്മനിയിൽ കളിച്ചപ്പോഴായിരുന്നു മെസ്സിയുടെ ലോകകപ്പ് അരങ്ങേറ്റം. ഐവറി കോസ്റ്റിനെതിരെ ബെഞ്ചിലിരുന്ന മെസ്സി സെർബിയക്കെതിരെ മാക്സി റോഡ്രിഗസിന് പകരക്കാരനായി ഇറങ്ങി. മെസ്സി കളക്കളത്തിൽ ഇറങ്ങുമ്പോൾ അന്ന് സാക്ഷാൽ ഡീഗോ മറഡോണ ഗ്യാലറിയിൽ നിന്ന് ആരവം മുഴക്കുന്നുണ്ടായിരുന്നു.
ഡീഗോ മറഡോണ കോച്ചും മെസ്സി പത്താം നമ്പർ കുപ്പായത്തിലും കളിച്ച കാലം ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു.
2007 ആവുമ്പോഴേക്ക് മെസ്സി അർജൻറീന ദേശീയടീമിൻെറ അവിഭാജ്യഘടകമായി മാറുന്നുണ്ട്. അത്തവണ കോപ്പ അമേരിക്കയിൽ അർജൻറീന ഫൈനലിലെത്തി. പക്ഷേ, എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീലിനോട് തോറ്റു. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിൽ ഫുട്ബോളിൽ അർജൻറീന സ്വർണം നേടിയതാണ് അന്താരാഷ്ട്ര കരിയറിൽ മെസ്സിയുടെ ആദ്യത്തെ വലിയ നേട്ടം. 2009-ൽ റിക്വൽമി വിരമിച്ചതോടെ അർജൻറീനയുടെ 10ാം നമ്പർ കുപ്പായത്തിലേക്ക് മെസ്സിയെത്തുന്നു. അക്ഷരാർത്ഥത്തിൽ ഡീഗോ മറഡോണയുടെ പിൻഗാമിയായി.
പത്താം നമ്പർ കുപ്പായത്തിൽ മെസ്സി കളിച്ച ആദ്യമത്സരത്തിൽ അർജൻറീന എതിരില്ലാത്ത നാല് ഗോളുകൾക്ക് വെനസ്വേലയെ തോൽപ്പിച്ചു. മെസ്സി ഒരു ഗോൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. ഡീഗോ മറഡോണ കോച്ചും മെസ്സി പത്താം നമ്പർ കുപ്പായത്തിലും കളിച്ച കാലം ഫുട്ബോൾ ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. 2010-ലെ ലോകകപ്പിലാണ് ആദ്യമായി അർജൻറീനയുടെ ക്യാപ്റ്റനാവുന്നത്. ഗ്രീസിനെതിരായ മത്സരത്തിൽ. ആ ലോകകപ്പിൽ ക്വാർട്ടറിൽ ജർമ്മനിയോട് തോറ്റാണ് അർജൻറീന പുറത്തായത്. 2011-ൽ 24ാം വയസ്സിൽ മെസ്സിയെ ദേശീയ ടീമിൻെറ ക്യാപ്റ്റൻ സ്ഥാനം പൂർണമായി ഏൽപ്പിക്കുന്നുണ്ട് പുതിയ പരിശീലകൻ അലെസാന്ദ്രോ സബേല.

2014-ൽ ബ്രസീലിലെ ലോകകപ്പിലും അർജൻറീനയെ നയിച്ചത് മെസ്സിയായിരുന്നു. അസിസ്റ്റുകളും ഗോളുകളുമായി മെസ്സി നയിച്ച് തന്നെ കളിച്ച ലോകകപ്പ്. ജർമ്മനിക്കെതിരായ ഫൈനൽ വരെ ടീമെത്തി. എന്നാൽ മരിയോ ഗോട്സെ നേടിയ ഒരൊറ്റഗോളിന് മുന്നിൽ അർജൻറീന കീഴടങ്ങി. സങ്കടം കൊണ്ട് വിങ്ങിയ മുഖവുമായി മൈതാനത്ത് നിന്ന മെസ്സി, അയാളൊരു ലോകകപ്പ് അർഹിക്കുന്നുവെന്ന് നമ്മളോട് പറയുന്നുണ്ടായിരുന്നു. 2015-ലെ കോപ്പ അമേരിക്ക മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ ബാഴ്സലോണയിൽ പീക്ക് കരിയറിലൂടെ കടന്ന് പോവുമ്പോഴും ദേശീയ ഫുട്ബോളിൽ ഒരു അന്താരാഷ്ട്ര കിരീടം നേടാൻ സാധിക്കാത്തതിൻെറ നിരാശ അയാളെ വല്ലാതെ ബാധിക്കുന്നുണ്ടായിരുന്നു. 2016-ലെ കോപ്പ അമേരിക്ക ഫൈനലിൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ചിലിയോട് തോറ്റതോടെ മെസ്സിയെന്ന മനുഷ്യൻ വികാരഭരിതനായി ആകെ തകർന്ന് പോയി. 29ാം വയസ്സിൽ തൻെറ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കുകയാണെന്ന് അയാൾ പ്രഖ്യാപിച്ചു. വല്ലാത്ത മാനസികാവസ്ഥയിൽ എടുത്ത ആ തീരുമാനം പിന്നീട് മാറ്റി. അതിന് ശേഷമാണ് അർജൻറീനയും മെസ്സിയും ലോകഫുട്ബോളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കാലം സംഭവിക്കുന്നത്.
39ാം വയസ്സിൽ ഇനി മെസ്സി എന്ത് ചെയ്യുമെന്നായിരുന്നു 2026-ലെ ലോകകപ്പിലേക്ക് അർജൻറീന വരുമ്പോൾ പലരും ചോദിച്ചിരുന്നത്. എന്നാൽ പ്രായം കൂടുന്തോറും വീര്യമേറുകയായിരുന്നു അയാൾക്ക്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസ്സി, ഫൈനൽ വരെയുള്ള അർജൻറീനയുടെ യാത്രയിൽ നിർണായകപങ്ക് വഹിച്ചു.
മെസ്സി തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ 2018-ലെ റഷ്യ ലോകകപ്പിൽ ഒരുപക്ഷേ അർജൻറീന ക്വാളിഫൈ പോലും ചെയ്യില്ലായിരുന്നു. ലാറ്റിനമേരിക്കൻ ക്വാളിഫയറിൽ വല്ലാതെ വിയർത്താണ് ടീം യോഗ്യത നേടിയത്. ഇക്വഡോറിനെതിരായ അവസാന ക്വാളിഫയർ മത്സരത്തിൽ ഹാട്രിക്ക് നേടിയ മെസ്സി ടീമിനെ ഒറ്റയ്ക്ക് മുന്നോട്ട് നയിച്ചു. റഷ്യ ലോകകപ്പിലും ടീമിൻെറ പ്രകടനം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ഫ്രാൻസിനോട് തോറ്റുള്ള ആ പുറത്താവലിന് ശേഷം മെസ്സി കളിക്കളത്തിൽ നിന്ന് ചെറിയകാലത്തേക്ക് ബ്രേക്കെടുത്തിരുന്നു. 2019 കോപ്പ അമേരിക്കയും മെസ്സിക്ക് ഓർമ്മിക്കാൻ നല്ലതൊന്നുമല്ല നൽകിയത്. ചിലിക്കെതിരായ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ മെസ്സി വീണ്ടും ചുവപ്പുകാർഡ് കണ്ടു. അന്താരാഷ്ട്ര കരിയറിലെ തന്നെ രണ്ടാമത്തെ മാത്രം ചുവപ്പുകാർഡ്.
എന്നാൽ ആ കോപ്പ അമേരിക്കയ്ക്ക് മുമ്പും ശേഷവുമായി മെസ്സിയുടെ അന്താരാഷ്ട്ര ഫുട്ബോൾ കരിയർ വേണമെങ്കിൽ രണ്ടായി വിഭജിക്കാവുന്നതാണ്. ലയണൽ സ്കലോണി അർജൻറീനയുടെ കോച്ചായതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മെസ്സിക്ക് ചുറ്റും കളിച്ചിരുന്ന ഒരുകൂട്ടം കളിക്കാരെന്ന നിലയിൽ നിന്ന് സ്കലോണിയുടെ കാലത്ത് അർജൻറീന ഒത്തിണക്കമുള്ള ടീമായി. സഹകളിക്കാർ നൽകിയ പിന്തുണയും കോച്ച് നൽകിയ ഊർജ്ജവും പിന്നീടുള്ള വർഷങ്ങളിൽ മെസ്സിയുടെ കരിയറിനെ വേറിട്ടതാക്കി.

2021-ലെ കോപ്പ അമേരിക്ക നടക്കേണ്ടിയിരുന്നത് അർജൻറീനയിലും കൊളംബിയയിലുമായിട്ടായിരുന്നു. എന്നാൽ കോവിഡ് കാരണം ടൂർണമെൻറ് ബ്രസീലിലേക്ക് മാറ്റി. നാട്ടിൽ കളിക്കുന്നതിൻെറ മുൻതൂക്കം ഇതോടെ അർജൻറീനയ്ക്ക് നഷ്ടമായി. എന്നാൽ, അതുവരെ കരിയറിൽ സംഭവിച്ച എല്ലാ ദുരന്തങ്ങളെയും മറികടന്ന് മാരക്കാനയിൽ മെസ്സിയും കൂട്ടരും കപ്പുയർത്തി. ലയണൽ മെസ്സിയുടെ കരിയറിലെ ആദ്യത്തെ സീനിയർ അന്താരാഷ്ട്ര കിരീടം. അടുത്തത് ഫൈനലിസിമയായിരുന്നു. കോപ്പ അമേരിക്ക വിജയികളായ അർജൻറീന വെംബ്ലിയിൽ യൂറോകപ്പ് ജേതാക്കളായ ഇറ്റലിയെ തോൽപ്പിച്ച് കിരീടം നേടി. 3-0ന് നേടിയ ആധികാരികവിജയത്തിൽ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.
സ്റ്റേഡിയത്തിൽ കണക്കുകൾക്കും റെക്കോർഡുകൾക്കും അപ്പുറത്ത് മെസ്സിയെന്ന ഇതിഹാസം സൃഷ്ടിച്ച ഫുട്ബോൾ നിമിഷങ്ങളുണ്ട്. കാലമെത്ര മുന്നോട്ട് പോയാലും ഓരോ ഫുട്ബോൾ പ്രേമിയും അത് ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കും.
ഒരു ലോകകിരീടം ഇല്ലാതെ ലോകഫുട്ബോളിലെ ഇതിഹാസത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വരുമോയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു 2022-ലെ ഖത്തർ ലോകകപ്പ്. ആദ്യമത്സരത്തിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ തളർന്നുപോയ ടീമിനെ മെസ്സി പിന്നീട് ഒറ്റയ്ക്ക് തോളിലേറ്റുന്ന കാഴ്ചയാണ് കണ്ടത്. ലുസൈലിൽ അർജൻറീനയുടെ കിരീടത്തിലേക്കുള്ള യാത്ര ചരിത്രമായിരുന്നു.
മെസ്സിക്കുവേണ്ടി ഒരു കിരീടം നേടണമെന്ന നിശ്ചയദാർഢ്യത്തോടെ ടീം ഒത്തിണക്കത്തോടെ കളിക്കുകയും സ്കലലോണി കൃത്യമായി തന്ത്രങ്ങൾ ഏകോപിപ്പിക്കുകയും മെസ്സി തൻെറ കരിയറിലെ എക്കാലത്തെയും വലിയ നേട്ടത്തിനായി മൈതാനത്ത് കളിമികവിൻെറ ഏറ്റവും ഔന്നത്യത്തിലെത്തുകയും ചെയ്തതോടെ അത് സംഭവിച്ചു. ഡീഗോ മറഡോണയുടെ കാലം കഴിഞ്ഞ് 36 വർഷത്തിന് ശേഷം അർജൻറീന ലോകജേതാക്കളായി. മെസ്സി സമ്പൂർണനായെന്ന് കളിയെഴുത്തുകാർ വാഴ്ത്തി. അർജൻറീനയുടെ വെള്ളയും നീലയും കുപ്പായത്തിൽ മെസ്സി പിന്നെയും നേട്ടങ്ങളുമായി മുന്നോട്ട് കുതിച്ച് കൊണ്ടേയിരുന്നു. 2023-ൽ ദേശീയടീമിനായി 100 ഗോൾ നേടുന്ന ആദ്യ അർജൻറീന താരമായും ലോകത്തെ മൂന്നാമത്തെ (ക്രിസ്റ്റ്യാനോ റൊണാൾഡോ, അലി ദേയി) കളിക്കാരനായും മെസ്സി മാറി.

39ാം വയസ്സിൽ ഇനി മെസ്സി എന്ത് ചെയ്യുമെന്നായിരുന്നു 2026-ലെ ലോകകപ്പിലേക്ക് അർജൻറീന വരുമ്പോൾ പലരും ചോദിച്ചിരുന്നത്. എന്നാൽ പ്രായം കൂടുന്തോറും വീര്യമേറുകയായിരുന്നു അയാൾക്ക്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയ മെസ്സി, ഫൈനൽ വരെയുള്ള അർജൻറീനയുടെ യാത്രയിൽ നിർണായകപങ്ക് വഹിച്ചു. തുടർച്ചയായ രണ്ടാം കിരീടത്തിൻെറ തൊട്ടടുത്ത് വരെ അദ്ദേഹം ടീമിനെയെത്തിച്ചു. അമേരിക്കയിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ സ്പെയിനോട് തോറ്റതിൻെറ നിരാശയിൽ കണ്ണീരൊഴുക്കി നിന്ന മെസ്സിയാണ് അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന കാഴ്ച. ഒരു ചുവപ്പുകാർഡിൽ നിന്ന് കണ്ണീർത്തുള്ളി വരെയുള്ള യാത്ര. സ്റ്റേഡിയത്തിൽ കണക്കുകൾക്കും റെക്കോർഡുകൾക്കും അപ്പുറത്ത് മെസ്സിയെന്ന ഇതിഹാസം സൃഷ്ടിച്ച ഫുട്ബോൾ നിമിഷങ്ങളുണ്ട്. കാലമെത്ര മുന്നോട്ട് പോയാലും ഓരോ ഫുട്ബോൾ പ്രേമിയും അത് ആവർത്തിച്ച് കണ്ടുകൊണ്ടേയിരിക്കും. മൈതാനത്ത് അയാളുടെ തലയിൽ കൂടെ പൊയ്ക്കൊണ്ടിരുന്ന ചിന്തകളെക്കുറിച്ച്, കാൽവേഗങ്ങളെക്കുറിച്ച്… കളിപ്രേമികൾ ചിന്തിച്ച് കുഴങ്ങിക്കൊണ്ടേയിരിക്കും… പ്രിയപ്പെട്ടവർ സ്നേഹത്തോടെ La Pulgaയെന്ന് വിളിച്ചിരുന്ന റൊസാരിയോ തെരുവിലെ ആ കുട്ടി വളർന്ന് 39ാം വയസ്സിലെത്തുമ്പോൾ ലോകമാകെയുള്ള മനുഷ്യരുടെ മനം കവർന്ന് കളി അവസാനിപ്പിച്ചിരിക്കുന്നു.
ഇനിയെല്ലാം ചരിത്രത്തിലേക്ക്…

