GOAT Tour to India 2025: ഒരു ദിവസം മെസിക്കൊപ്പം, ചെലവ് 9.95 ലക്ഷം മുതൽ 95 ലക്ഷം വരെ

അർജൻറീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിൽ എത്തുമ്പോൾ വ്യവസായികൾക്കും പൊതുജനങ്ങൾക്കും മെസിയെ കാണുന്നതിനും ഒപ്പം നിന്ന് ചിത്രമെടുക്കുന്നതിനും വൻതുകയുടെ പാക്കേജുകൾ.

News Desk

ഫുട്ബോൾ ആരാധകരുടെ വലിയ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അർജൻറീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിൽ എത്തുകയാണ്. ‘GOAT Tour to India 2025’ൻെറ ഭാഗമായി മെസി ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിൽ സന്ദർശനം നടത്തും. ഡിസംബർ 13-ന് രാവിലെ കൊൽക്കത്തയിലെത്തുന്ന മെസി അന്ന് തന്നെ വൈകീട്ട് ഹൈദരാബാദിലും എത്തും. 14ന് മുംബൈയിലും 15-ന് ന്യൂഡൽഹിയിലും മെസി പങ്കെടുക്കുന്ന പരിപാടി നടക്കും.

വ്യവസായികൾക്കും പൊതുജനങ്ങൾക്കും മെസിയെ കാണുന്നതിനും ഒപ്പം നിന്ന് ചിത്രമെടുക്കുന്നതിനും മറ്റുമായുള്ള വമ്പൻ തുകയുടെ പാക്കേജുകൾ ഇതിനോടകം പുറത്ത് വന്നിരിക്കുകയാണ്. 9.95 ലക്ഷം രൂപ മുതൽ 95 ലക്ഷം രൂപ വരെ ചെലവ് വരുന്ന പാക്കേജുകളാണുള്ളത്. മുംബൈ - ഡൽഹി ഇവൻറുകളുടെ ഭാഗമായിട്ടാണ് ഇപ്പോൾ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

The Goat Fan Experience - എന്ന ആദ്യ പാക്കേജിൽ മെസിയെ കാണാനും ഹസ്തദാനം ചെയ്യാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ക്ഷണിക്കപ്പെട്ട അതിഥികൾക്കൊപ്പം മെസിക്കൊപ്പമുള്ള ലഞ്ചിൽ പങ്കെടുക്കാനും അവസരം ലഭിക്കും. ബോളിവുഡ് സെലബ്രിറ്റികളും ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കുന്ന മെസിയുടെ ഇവൻറ് കാണാനും സാധിക്കും. ഒപ്പം മെസി കയ്യൊപ്പിട്ട അർജൻറീന ജഴ്സിയും സ്വന്തമാക്കാം. മെസിയുടെ പെനാൽറ്റി സ്കില്ലുകളും കാണാം. ഈ പാക്കേജിന് 9.95 ലക്ഷം രൂപയാണ് ഒരാൾക്ക് ചെലവ് വരിക.

Father and Son Experience - അച്ഛനും മകനും, അതായത് രണ്ട് പേർക്ക് മെസിക്കൊപ്പം സമയം ചെലവഴിക്കാനുള്ള അവസരമാണിത്. 12.50 ലക്ഷം രൂപയാണ് ഈ പാക്കേജിനായി നൽകേണ്ടത്. The Goat Fan Experience-ലെ എല്ലാ അവസരങ്ങളും ഇതിലുണ്ടാവും.

The Family Experience - ഒരു കുടുംബത്തിലെ നാല് പേർക്ക് വരെ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന പാക്കേജാണിത്. 25 ലക്ഷമാണ് ഇതിനുള്ള തുക. Goat Fan Experience-ലെ എല്ലാ അവസരങ്ങളും ഇതിലും ലഭിക്കും.

Corporate Felicitation Package - ഇതാണ് കൂട്ടത്തിൽ ഏറ്റവും ചെലവേറിയ പാക്കേജ്. 95 ലക്ഷം രൂപ വരുന്ന ഇത് വൻകിട കമ്പനികളെ ഉദ്ദേശിച്ചുള്ളതാണ്. കമ്പനി സി.ഇ.ഒയ്ക്ക് മെസിക്ക് മെമൻേറാ നൽകാൻ അവസരം ലഭിക്കും. അതിൻെറ ചിത്രം ഫ്രെയിം ചെയ്ത് ലഭിക്കുകയും ചെയ്യും. 10 പേരടങ്ങുന്ന കോർപ്പറേറ്റ് സംഘത്തിന് മെസിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ സാധിക്കുമെന്നതാണ് ഇതിൻെറ പ്രത്യേകതയായി സംഘാടകർ പറയുന്നത്.

Comments