ഡി മരിയക്കുവേണ്ടി, മെസ്സിക്കും വേണ്ടി, ഈ മാർട്ടിനെസ് ഗോൾ

മെസ്സിയെ മാത്രം ആശ്രയിച്ച് ജയിച്ചുകയറുന്ന ടീമെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ അർജന്റീനയുടെ കോപ്പ കിരീടം.

Think Football

കോപ്പയിൽ അർജന്റീന വിശ്വകിരീടം നേടിയിരിക്കുന്നു. ലോകചാമ്പ്യൻമാരുടെ പതിനാറാം കോപ്പ കിരീടം. ഇത്തവണത്തെ ഫൈനൽ മത്സരത്തിന് മറ്റൊരഴകു കൂടിയുണ്ട്: മെസ്സിയെ മാത്രം ആശ്രയിച്ച് ജയിച്ചുകയറുന്ന ടീമെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇത്തവണത്തെ അർജന്റീനയുടെ കോപ്പ കിരീടം. പരുക്കേറ്റ് നായകൻലയണൽ മെസ്സി കളം വിട്ടിട്ടും അടിപതറാത്ത ടീമിനെയാണ് ഇത്തവണ ഫുട്‌ബോൾ ലോകം കണ്ടത്.

അർജന്റീനയുടെ തുടർച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. ലൗതാരോ മാർട്ടിനസിന്റെ ഗോളിലൂടെയാണ് അർജന്റീനയുടെ വിജയം. ഗോൾ രഹിതമായ മുഴുവൻ സമയവും കഴിഞ്ഞ് 112ാം മിനിറ്റിലാണ് ലൗതാരോ മാർട്ടിനസ് അർജന്റീനക്കായി വിജയഗോൾ നേടിയത്. ഡീ പോൾ നൽകിയ പന്ത് ലോ സെൽസോയിലൂടെ ലൗതാരോയിലേക്കും അവിടുന്ന് കൊളംബിയൻ ഗോളിയെയും മറികടന്ന് ഗോൾ വലയിലേക്കും എത്തുകയായിരുന്നു. വിജയഗോൾ നേടിയ ലൗതാരോ മാർട്ടിനസ് ഗ്രൗണ്ടിന്റെ വലയവും കടന്ന് ഒടുക്കം പരുക്കേറ്റ് പുറത്തിരിക്കുന്ന മെസ്സിയെ കെട്ടിപ്പിടിച്ചാണ് ഗോളാരവം അവസാനിപ്പിച്ചത്. ടീമിന്റെ വിജയഗോൾ നേട്ടം എന്നതോടൊപ്പം ലൗതാരോ അഞ്ച് ഗോളുകളുമായി ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.

അർജന്റീന ടീം കോപ്പ അമേരിക്ക കിരീടവുമായി
അർജന്റീന ടീം കോപ്പ അമേരിക്ക കിരീടവുമായി

ആക്രമണങ്ങളും പ്രത്യാക്രമങ്ങളുമായിട്ടാണ് കളി തുടക്കം മുതൽ മുന്നോട്ടുപോയിരുന്നത്. പന്തടക്കത്തിലും പാസിലും എല്ലാം കൊളംബിയ തന്നെ മുന്നിട്ടുനിന്നു. അർജന്റീനക്കെതിരെ കൂടുതൽമുന്നേറ്റങ്ങൾ നടത്താനും കൊളംബിയക്കായി. അക്ഷരാർഥത്തിൽ അർജന്റീനിയൻ പ്രതിരോധപ്പടയെ വെള്ളംകുടിപ്പിക്കാൻ കൊളംബിയക്ക് സാധിച്ചിട്ടുണ്ട്. കടുത്ത മത്സരത്തിൽ നിരനിരയായി കൊളംബിയൻ താരങ്ങൾ അർജന്റീനയുടെ ഗോൾവലക്കുമുന്നിലേക്ക് ഇരച്ചെത്തി.

ആറാം മിനിറ്റിൽ കൊളംബിയൻ താരം ലൂയിസ് ഡിയാസിന്റെ ഷോട്ട് എമിലിയാനോ തടുത്തിട്ടു. തൊട്ടടുത്ത നിമിഷം ഏഴാം മിനിറ്റിൽ ജോൺ കോർഡോബയുടെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു. എമിലിയാനോ മാർട്ടിനസെന്ന കാവൽക്കാരനെ ഭേദിച്ച് ഗോൾ നേടാൻ കൊളംബിയക്ക് സാധിക്കാതെ പോയെന്നാണ് യാഥാർഥ്യം.

അർജന്റീനയിൽ നിന്ന് അനായാസം പന്ത് കൈക്കലാക്കാനും ഗോൾവലക്ക് മുന്നിൽ ഡിഫന്റേഴ്‌സിനെ പ്രതിരോധത്തിലാക്കാനും കൊളംബിയക്ക് സാധിച്ചിട്ടുണ്ട്. മുന്നേറ്റവും പ്രതിരോധവുമായി മുഴുവൻ സമയവും ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു. ഗ്രൗണ്ടിൽ ഗോൾ കണ്ടെത്താനായില്ലെങ്കിലും പെനാൽറ്റിയിലേക്ക് കടന്നാൽ എമിലിയാനോ രക്ഷിക്കും എന്ന ഓവർ കോൺഫിഡൻസ് അർജന്റീനയുടെ താരങ്ങൾക്കും സ്‌കലോണിക്കും ഉണ്ടായിരുന്നോ എന്നടക്കം സംശയിച്ചു പോകുന്നതായിരുന്നു മത്സരം.

30 മിനിറ്റ് പിന്നിട്ടപ്പോൾ ലയണൽ മെസ്സി പരുക്കേറ്റ് കളത്തിൽ വീണു. എന്നാൽ പെട്ടന്നുതന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തി. 63ാം മിനിറ്റിൽ മെസ്സി വീണ്ടും കളത്തിലേക്ക് വീണു. പിന്നീട് കളിയുടെ 65ാം മിനിറ്റിൽ അപ്രതീക്ഷിതമായി പരുക്കേറ്റ മെസ്സിയെ സ്‌കലോണി പിൻവലിക്കുകയായിരുന്നു.

കോപ്പ വിജയം ആഘോഷിക്കുന്ന മെസിയും ഡി മരിയയും ഓട്ടമൺഡിയും
കോപ്പ വിജയം ആഘോഷിക്കുന്ന മെസിയും ഡി മരിയയും ഓട്ടമൺഡിയും

കളമൊഴിയുന്ന മെസ്സിയെ കൈകൂപ്പിയും കൈയ്യടിച്ചുമാണ് ഗാലറിയിലെ അർജന്റീനിയൻ ആരാധകർ ഇരിപ്പിടത്തിലേക്കയച്ചത്. ഓരോ ഫുട്‌ബോൾ ആരാധകരുടെയും കണ്ണുനിറച്ചുകൊണ്ടു തന്നെയാണ് ഇതിഹാസ നായകൻ കളമൊഴിഞ്ഞത്. കരഞ്ഞുകൊണ്ട് ബൂട്ട് വലിച്ചെറിഞ്ഞ് ഇരിപ്പിടത്തിലേക്കുപോയ കാഴ്ച അങ്ങേയറ്റം വേദനാജനകമായിരുന്നു. ഇരിപ്പിടത്തിലേക്ക് എത്തിയിട്ടും കരയുന്ന മെസ്സിയെ സഹതാരങ്ങൾ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. ഇരിപ്പിടത്തിലെത്തി ബൂട്ടഴിച്ച മെസ്സിയുടെ കണങ്കാലിലെ പരുക്ക് ഫുട്‌ബോൾ ആരാധകരുടെ ഉള്ളുലച്ചിട്ടുണ്ടാകുമെന്ന് തീർച്ചയാണ്. ഗോൾ രഹിതമായ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നപ്പോൾ ടീമിനരികിലെക്ക് വളരെ ബുദ്ധിമുട്ടിയാണ് മെസ്സി നടന്നെത്തിയത്.

75-ാം മിനിറ്റിൽ മെസ്സിയുടെ പകരക്കാരനായി കളത്തിലെത്തിയ നിക്കോളസ് ഗോൺസാലസ് കൊളംബിയൻ ഗോൾ വലകുലുക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. 87ാം മിനിറ്റിൽ ഗോൺസാലസിന്റെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്തു.

പരുക്കേറ്റ് മെസ്സി പുറത്തുപോയതിന് ശേഷം അർജന്റീനിയൻ നിരയെ നയിച്ചത് ടീമിന്റെ സ്വന്തം മാലാഖയായ ഡി മരിയ ആയിരുന്നു. കോപ്പക്ക് ശേഷം വിരമിക്കുന്ന ഡി മരിയക്കുവേണ്ടി ഈ കോപ്പ കിരീടം നേടുമെന്ന് മെസ്സി മത്സരത്തിന് മുന്നേ പറഞ്ഞത് കൂടി ചേർത്തുവായിച്ചാൽ മരിയ ടീമിനെ നയിച്ചപ്പോഴാണ് ഇത്തവണത്തെ കിരീടത്തിലേക്കുള്ള വിജയഗോൾ പിറന്നത്. 117 മിനിറ്റു വരെ പന്ത് കളത്തിൽ നിറഞ്ഞാടിയാണ് ഡി മരിയ കളമൊഴിഞ്ഞത്. ഗാലറിലേക്ക് നോക്കി കൈ വീശിയ ശേഷം നിറകണ്ണുകളോടെയാണ് അർജന്റീനയുടെ സ്വന്തം വിശ്വസ്തനായ മാലാഖ പുറത്തേക്കുപോയത്. തന്റെ 36ാം വയസ്സിലും 120 മിനുറ്റോളം കളത്തിൽ നിറഞ്ഞാടിയാണ് മരിയയുടെ പടിയിറക്കം. എല്ലാം ഫൈനൽ മത്സരങ്ങളിലും ടീമിനായി ഗോൾ നേടുന്ന മരിയക്ക് പക്ഷേ ഇത്തവണ ഗോൾ നേടാനായില്ല. 58-ാം മിനിറ്റിൽ മരിയയുടെ ഷോട്ട് കൊളംബിയൻ ഗോൾകീപ്പർ തട്ടിയകറ്റി.

15 കിരീടവുമായി ഉറുഗ്വയോടൊപ്പമായിരുന്ന അർജന്റീന 16ാം കിരീടവും നേടി കോപ്പയിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരാകുന്ന ടീമെന്ന റെക്കോർഡും സ്വന്തമാക്കി. മെസ്സി നേരത്തെ പറഞ്ഞതുപോലെ ഡി മരിയക്ക് വേണ്ടി അർജന്റീന വീണ്ടുമൊരു കോപ്പ കിരീടം നേടിയിരിക്കുന്നു. അങ്ങനെ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽനിന്ന് റൊസാരിയോയിലേക്ക് ഒരു കപ്പും കൂടി...

Comments