1.The dream is over, Nightmare persists...
2014 -ൽ, ബൊലോ ഹൊറിസോണ്ടയിൽ 7-1 ന് ജർമനിയോട് തോറ്റ് പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രമെഴുതിയത് അങ്ങനെയാണ്. മാരക്കാനയിലെ ചരിത്രപരമായ കളങ്കം മായ്ച്ച് കപ്പുയർത്തുക എന്നതായിരുന്നു അതിലവരുടെ സ്വപ്നം. അതേ മാരക്കാനയിൽ അർജന്റീന കപ്പെടുക്കുന്നത് കാണുകയെന്നത് ദുഃസ്വപ്നവും. സ്വപ്നം തകർത്തവർ തന്നെ ദുഃസ്വപ്നത്തിൽ നിന്നവരെ തട്ടിയുണർത്തി ആ ലോകകപ്പുകൊണ്ട് യൂറോപ്പിലേക്ക് വിമാനം കേറി.
2.കൃത്യം 100 വർഷം മുന്നേ, 1914 ൽ Roca cup കളിക്കാൻ റിയോഡിജനീറൊയിൽ നിന്ന് ബ്യൂണസ് ഐറസിലേക്ക് ബ്രസീലുകാർ കപ്പൽ കേറുന്നതോടെ, അർജന്റീന - ബ്രസീൽ കാൽപ്പന്ത് കഥ ഔദ്യോഗികമായി തുടങ്ങുന്നു. കപ്പലെത്താൻ ഒരാഴ്‍ച വൈകിയതോടെ സൗഹൃദമൽസരത്തിൽ അർജന്റീനയും അടുത്താഴ്‍ച നടന്ന റീമാച്ചിൽ ബ്രസീലും ജയിക്കുന്നതോടെ ആ റിവൽറിക്ക് നീതിപൂർണമായ കിക്കോഫ്.
3.അങ്ങനെ ആദ്യ കളിക്കുതന്നെ റിവൽറി ഉണ്ടാവണമെങ്കിൽ അവിടെ കളിയല്ലാത്തൊരു കാര്യമുണ്ടാവണം, കാരണമുണ്ടാവണം, തമ്മിൽത്തല്ലുണ്ടാവണം. അങ്ങനെ നോക്കിയാൽ ഇന്ന് ഫുട്ബോൾ ലോകത്തെ പ്രധാന പവർഹൗസുകളിൽ പലരും ആ തല്ലിന്റെ ടൂർണമെന്റിൽ കളിച്ചിട്ടുണ്ട്, ഗോളടിച്ചിട്ടുണ്ട്, കാർഡ് കിട്ടിയിട്ടുണ്ട്, സമനിലയും ജയപരാജയവും അറിഞ്ഞിട്ടുണ്ട്.
4. സൗത്തമേരിക്കയിലെ ഏതാണ്ട് മുഴുവൻ ജനതയേം ആയുധം കൊണ്ടും വാക്സിൻ അവർക്കവൈലബിളാവാത്ത പ്ലേഗും സ്പാനിഷ് ഫീവറും പരത്തി കൊന്നും ആഫ്രിക്കനടിമകളെക്കൊണ്ടുവന്ന് പണിയെടുപ്പിച്ചും സ്വർണ്ണവും വെള്ളിയും വിളകളും കൈക്കലാക്കി യൂറോപ്പിലേക്ക് കടത്തിയതിനൊപ്പം അവർക്ക് സ്വന്തമായ സംസ്കാരവും ഭാഷയും ഇല്ലാതാക്കി ലാറ്റിനിൽ നിന്നുരുത്തിരിഞ്ഞ സ്പാനിഷും പോർച്ചുഗീസും സംസാരിക്കുന്നൊരു പ്രദേശമായി ബാക്കിവക്കുന്നതോടെയാണ് അത് ലാറ്റിനമേരിക്കയാവുന്നത്. അർജന്റീനയും ബ്രസീലും ലാറ്റിനമേരിക്കൻ ടീമുകളാവുന്നത്..
5. യൂറോപ്പിൽ അധികാര വടംവലിയിൽ ഓൾറെഡി റിവൽറിയിലായിരുന്ന സ്പെയിനിന്റെ കോളനി അർജന്റീനയും പോർച്ചുഗലിന്റെ കോളനി ബ്രസീലും, സൂചിസ്പേസിൽ തൂമ്പ കേറ്റുന്ന ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള ഇമ്പീരിയൽ ശക്തികളുടെ, "റിയോ ഡി പ്ലാറ്റ' എന്നറിയപ്പെടുന്ന, ശേഷം സ്വതന്ത്ര അർജന്റീനക്കും ബ്രസീലിനും താൽപ്പര്യമുണ്ടായ, ഇന്നത്തെ ഉറുഗ്വയുടെ ഒരതിരുകൂടെയായ ആഴിതീരം പിടിക്കാനുള്ള, കച്ചവട ഭൂമി കൈക്കലാക്കാനുള്ള നൂറ്റാണ്ടുകളുടെ അടിയാണ്, യുദ്ധമാണ്, ചോരക്കളിയാണ് ഈ റിവൽറിയുടെ കാതൽ.
6. ആ തർക്കം മൂത്ത്, തമ്മിൽ കോർത്ത്, തല്ലിത്തീർക്കുന്ന സംഘർഷങ്ങളുടെ, പ്ലാറ്റീൻ യുദ്ധത്തിന്റെ അന്തിമം, സിസ്പ്ലാറ്റിനഎന്ന പ്രദേശം 1828 ൽ സ്വതന്ത്രമായി, ഉറുഗ്വയായി. തമ്മിൽത്തല്ലിയ മുറിവുണക്കാൻ ബ്രസീലിനെ അർജന്റീനൻ സ്ഥാനപതി ജൂലിയ റോകാ അങ്ങേരുടെ പേരിൽ 1914 ൽ റോകാ കപ്പ് തുടങ്ങി. ഭൂമിത്തർക്കത്തിൽ പുറത്തുവന്ന ഭൂതത്തെ ഭൂമിയെപ്പോലുരുണ്ട തുകൽപ്പന്തിൽ ആവാഹിക്കാമെന്നയാൾക്ക് തോന്നി. പന്തുകളി പിന്നെയും വളർന്നു, ലോകകപ്പുണ്ടായി. യുദ്ധാനന്തരമുണ്ടായ ഉറുഗ്വ ബ്രസീലിനും അർജന്റീനക്കും സ്പെയിനിനും ഇംഗ്ലണ്ടിനും ഫ്രാൻസിനും മുന്നേ ആദ്യത്തെ ഫുട്ബോൾ രാജാക്കന്മാരായി, 30 ലെ ഫൈനലിൽ അർജന്റീനയെ തകർത്ത്. 50 ൽ വീണ്ടുമായി, മാരക്കാനയിൽ ബ്രസീലിനെ കരയിച്ച്.
കാൽപ്പന്തുകളിയിലെ കാവ്യനീതികൾ.
7.ഭൂഖണ്ഡങ്ങൾക്കിപ്പുറത്ത് മലബാർ കോസ്റ്റിൽ കപ്പലിറങ്ങിയവർ തീരത്ത് പന്ത് തട്ടുന്ന കണ്ട്, മലയാളികൾ കിട്ടിയതുകൊണ്ട് പന്തുണ്ടാക്കി വൈകുന്നേരം തീരത്തേക്കിറങ്ങി. ക്രിക്കറ്റ് പോലെ ജനാധിപത്യമില്ലാത്ത, കൂടുതൽ സമയവും കളിക്കാർ തന്നെ കാണികളായി നിൽക്കേണ്ട, ഫിസിക്കലായി വലിയ ഇൻവോൾവ്മെൻറില്ലാത്ത, സ്റ്റമ്പും ബാറ്റും ബോൾ കുത്തിയാൽ തിരിയാത്ത പിച്ചും മെറ്റീരിയൽസും വേണ്ട കളി വിട്ട് ഭൂമിയിലവസാന രണ്ട് മനുഷ്യരായാലും കളിക്കാനാവുന്ന ഫുട്ബോൾ അവർക്കിടയിൽ ഇരുപതാം നൂറ്റാണ്ടിന്റെ പാതിയോടെ കേറിക്കൊളുത്തി. താൽപ്പര്യമുള്ളതിനെപ്പറ്റി അറിയാൻ പണ്ടേ കുതുകികളായവർ ലോകഫുട്ബോളിനെപ്പറ്റി അപ്ഡേറ്റഡായിത്തുടങ്ങി.
8. യൂറോപ്യന്മാരൊരുപാട് കപ്പലിറങ്ങുകയും കന്നംതിരിവ് അനുഭവിച്ചറിയുകയും ചെയ്തവർക്ക്, സാമ്രാജ്യത്വവിരുദ്ധത അസ്ഥിയിലുണ്ടായിരുന്ന മനുഷ്യർക്ക്, സ്വഭാവികമായും ലാറ്റിനമേരിക്കൻ ടീമുകളോട് പഥ്യമായി. അവരുടെ താരങ്ങളിൽ വ്യവസ്ഥിതിക്കെതിരെ, അധികാരഗർവിനെതിരെ പോരാടുന്ന വിപ്ലവകാരികളെ കണ്ടു. അവരുടെ കുറിയ പാസുകൾ അവരുടെ പരിമിതികൾ പരുവപ്പെടുത്തിയതാണെന്നും അത് തങ്ങളുടേതിന് സമാനമാണെന്നും കണ്ടു, ഡ്രിബിൾ ചെയ്ത കുതറിയോട്ടങ്ങളിൽ ആവേശം പൂണ്ടു, വലനിറച്ചപ്പോ ആരവം കൊണ്ടു.
9. പെലെയെ, ഗരിഞ്ചയെ, സീകോയെ, ഡിസ്റ്റിഫാനോയെ, കെമ്പസിനേ വായിച്ചും കേട്ടും ചിത്രം കണ്ടും മാത്രമറിഞ്ഞപ്പോൾ എൺപതുകളിലെ മറഡോണയുടെ മാജിക്കാണ് മലയാളികൾ ആദ്യമായി ലോകഫുട്ബോളിൽ ലൈവായി കാണുന്നത്. കളിക്കളത്തിലും അതിനുപുറത്തും ആരേയും ഭ്രമിപ്പിക്കുന്ന അയാളുടെ ശൈലിയാണ് ആകാശനീലക്കുപ്പായത്തിന്, അർജന്റീനക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരെയുണ്ടാക്കിക്കൊടുക്കുന്നത്. ബാക്കിയെന്ത് കാരണവും അതിനെല്ലാം ഒരുപാട് പിന്നിലാണ്, ഐക്കണുകളാൽ രാജ്യത്തിന് ആരോപിക്കുന്ന കടകവിരുദ്ധമായ ‘ഇടത്' രാഷ്ട്രീയവും.
10. വായിച്ചാരാധന കൊണ്ട മറു ടീം, തുടർച്ചയായി മൂന്ന് ലോകകപ്പ് ഫൈനൽ കളിക്കുന്നതും ബെബറ്റോയും റൊമാരിയോയും പെനാൽട്ടിബോക്സിൽ പട്ട് നെയ്യുന്നതും കോർണർ പോയിന്റിൽ അത് കെട്ടി തൊട്ടിലാട്ടുന്നതും ലോകവും മലയാളിയും ഒന്നിച്ചു കണ്ടു, R-Trio സുപ്രീമസി കണ്ടു. ആ ഒന്നര പതിറ്റാണ്ടിൽ ഇന്റർനാഷനൽ ഫുട്ബോളിലെ ഏത് സൂചികക്കും മേലെ അവർ കൊടിനാട്ടിയത് കണ്ടു. ബ്രസീൽ ആരാധകർ എണ്ണം കൊണ്ടുമാത്രം നാട്ടിൽ രണ്ടാമതായി.
11. എല്ലാം തികഞ്ഞ ഫുട്ബോളർ സിദാനും സ്കില്ലുകളുടെ ഒടേതമ്പുരാൻ റോണാൾഡിന്യോയും രാജ്യാതിർത്തിക്കുമപ്പുറത്തേക്ക് ആരാധകരെ സൃഷ്ടിച്ചപ്പോൾ ഇന്നത് ചെയ്യുന്നത് മെസ്സിയും റൊണാൾഡോയുമാണ്. അതാണേൽ മറ്റൊരു റിവൽറിയും. ഹിസ്റ്റോറിക്കലി റിയോ ഡി പ്ലാറ്റക്ക് വേണ്ടി അടികൂടിയവരുടെ അതേ ഭാഷകൾ തന്നെയാണവർ സംസാരിക്കുന്നത്, അതേ ശക്തികളുടെ ഭൂമിയിൽ പന്ത് തട്ടിയാണ് രണ്ടുപേരും വളർന്നതും.
12. ഒരിഷ്ടം, ആരാധന, ആശയം ഉള്ളിൽ കേറുകയും അതൊരു മാസിനെ നയിക്കുകയും ചെയ്താൽ പിന്നെയതൊരു ഭൗതികശക്തിയാണ്. പങ്കുവക്കാനാവാത്ത ഒന്നിനായി മൽസരിച്ചാൽ ആദ്യത്തെ രണ്ടുപേർ തമ്മിലതൊരു അൺ-ഡിനൈയബിൾ റിവൽറിയും. അതിപ്പോ നിയമസഭ പിടിക്കാനായാലും ആകാശത്തേക്ക് സാറ്റലൈറ്റ് വിടാനാണെലും കളിച്ച് കപ്പെടുക്കാനായാലും. അതേസമയം ലാറ്റിനമേരിക്കൻ പുച്ഛവുമായി വരുന്ന ‘നവ-യൂറോപ്യൻ' ആരാധകരോട് അവർ ഒന്നിച്ച് നിന്നടിക്കും. 5:14 എന്ന് ടീമുകളുടെ അനുപാതത്തിൽ വന്ന് 9:12 എന്ന നിലക്ക് ലോകകപ്പെടുത്ത, ഭൂഖണ്ഡങ്ങളുടെ പോരാട്ടത്തിൽ മൃഗീയാധിപത്യമുള്ള അവരുടെ സ്റ്റാറ്റിസ്റ്റിക്സ് ഫിനാൻഷ്യൽ കാപ്പിറ്റലെങ്ങനെ ഫുട്ബോളിനേയും നയിക്കുന്നു എന്ന പൊളിറ്റിക്സിനോട് ചേർത്ത് പറഞ്ഞ് വായടപ്പിക്കും.
13. കളിയുടെ റിവൽറി കളിയോടെ തീരണം എന്ന സാരോപദേശത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. 4 കൊല്ലം കൂടുമ്പോ ഒരുമാസം ഒന്നുരണ്ടടി പൊട്ടിയാലും ഒരാവശ്യമുണ്ടായാൽ ഓടിക്കൂടാനും പന്തല് കെട്ടാനും ഈ രണ്ട് ഫാൻസുമുണ്ടാവും വിധം ഡിസ്ട്രിബ്യൂഷൻ അവിടുണ്ടെന്ന് അവർക്കെല്ലാവർക്കുമറിയാം. ആ പന്തലിന്റെ മൂലയിൽ അതിലെണ്ണം കൊണ്ട് കൂടുതലുള്ള ആൽബിസെലസ്റ്റുകളോട് കപ്പെണ്ണം കൊണ്ട് കാനറികൾ തല്ലിനിൽക്കുമെന്നുമറിയാം.!