മുപ്പത്തെട്ടാമത്തെ മിനുറ്റിൽ ഓസ്ട്രിയൻ പോസ്റ്റിലേക്ക് കിലിയൻ മ്പാപ്പേയുടെ കിടിലൻ ഷോട്ട്. ഓസ്ട്രിയയുടെ മാക്സിമിലിയൻ വൂബർ അത് തലകൊണ്ട് തടുക്കാൻ ശ്രമിക്കുന്നു. പന്ത് സ്വന്തം വലയിൽ. ആ സ്കാറിൽ 0-1, ഫ്രാൻസിന് ജയം. മ്പാപ്പേക്കു പുറമെ ങ്കോളോ കാൻറ്റേയും നിറഞ്ഞാടിയ കളിയിൽ പന്തിന്റെ പൊസെഷൻ 53 ശതമാനം സമയവും ഓസ്ട്രിയയുടെ കയ്യിലായിരുന്നെങ്കിലും കളിയുടെ മേധാവിത്തം ഫ്രാൻസിന്റെ മികവിനായിരുന്നു. കളിക്കിടെ മൂക്കിനു പരിക്കേറ്റ മ്പാപ്പേ അടുത്ത കളിയിൽ ഇറങ്ങുന്നത് സംശയം.
ഈ യൂറോകപ്പിലെ ആദ്യ രണ്ടു ഷോക്കുകൾ ഇന്നലെയായിരുന്നു.
ലോക ഫുട്ബോളിലെ മൂന്നാം റാങ്കുകാരായ ബെൽജിയത്തെ 48-ാം റാങ്കുകാരായ സ്ലൊവാക്യ ഒരൊറ്റ ഗോളിന് അട്ടിമറിച്ചു. ഇവാൻ ഷ്രാൻസിന്റെ ഏഴാം മിനുറ്റ് ഗോളിനെ സ്ലൊവാക്കിയൻ ഡിഫൻഡമാർ അത്യുജ്ജലമായി തന്നെ കളിയിലുടനീളം കാത്തുരക്ഷിച്ചു. രണ്ടു തിരിച്ചടി ഗോളുകളും വീഡിയോ റഫറിയിംഗ് ടെക്നോളജി റദ്ദാക്കി. രണ്ടും അടിച്ചത് റൊമേലു ലുക്കാക്കു.ഒന്ന് പാസിലെ ഹാൻഡ്ബോൾ കാരണം. മറ്റൊന്ന് ലുക്കാക്കു അണുമാത്രയിൽ ഓഫ് സൈഡ് ആയതുകൊണ്ട്.
മറ്റൊരു മത്സരത്തിൽ, ഉക്രൈനിനെ 3-0 ന് റൊമേനിയ തകർത്തു. മുമ്പത്തെ ഏതോ കമ്യൂണിസ്റ്റ് റൊമേനിയൻ ടീമിനെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ കളി.
29-ാം മിനുറ്റിൽ നിക്കോളായ് സ്റ്റാൻഷ്യൂ, 53 ൽ റസ്വാൻ മാറിൻ, 57 ൽ ഡെന്നിസ് ഡ്രാഗസ്.
ഇന്ന് രണ്ടു കളികൾ. ആദ്യം തുർക്കിയും ജോർജിയയും. രണ്ടാമത്തേത് പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും. രണ്ടും ലൈവാണ് സോണി ലിവിൽ.