ഫ്രീലാൻസ് ഫോട്ടോഗ്രഫർ ജോൻ മോൺഫോർട്ടിന് ജീവിതത്തിലെ അസുലഭ സുദിനമായിരുന്നു ഇന്നലെ. വർഷങ്ങൾക്കു മുമ്പെടുത്ത ഒരു ഫോട്ടോ ഇന്നലെയാണ് വൈറലായത്. യൂനിസെഫിന്റെ ചാരിറ്റി കലണ്ടറിനു വേണ്ടി അർജൻ്റീനയുടെ ലയണൽ മെസ്സി ഒരു കുഞ്ഞിനോടൊപ്പം ഉള്ളതായിരുന്നു കലണ്ടറിനു വേണ്ട ഫോട്ടോകൾ. അന്ന് ഇന്നത്തെയൊന്നും പ്രശസ്തി നേടിയിട്ടില്ലാത്ത 20 കാരൻ മെസ്സി കലണ്ടറിൽ പോസ് ചെയ്തത് ബാർസലോണയുടെയും ഇപ്പോൾ സ്പെയിനിന്റെയും വണ്ടർ ബാലനായി മാറിയ ലാമീൻ യമാലിനൊപ്പം ആണെന്നത് ഫോട്ടോഗ്രഫറും ലോകവും തിരിച്ചറിഞ്ഞത് യമാലിന്റെ പിതാവ് ഇൻസ്റ്റാഗ്രാമിലിട്ട കുഞ്ഞു മകന്റെ ചിത്രങ്ങളിലൂടെയാണ്.
ലോകപ്രശസ്ത വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് ആണ് ചിത്രങ്ങളുടെ കാലിക പ്രാധാന്യം ഇന്നു പുറത്തുവിട്ടത്. സ്വതവേ ഇൻട്രോവേർട്ടായ മെസ്സിയെ വെച്ച് മോഡലിംഗ് നടത്തുക ശ്രമകരമായ ജോലിയാണെന്ന് അസോസിയേറ്റഡ് പ്രസിനു വേണ്ടിയും ബാർസലോണക്കു വേണ്ടിയും ഫ്രീലാൻസ് ഫോട്ടോഗ്രഫി നടത്തുന്ന മോൺഫോർട്ട് പറയുന്നു. ഒരു ഫോട്ടോയിൽ യമാലിനും മെസ്സിക്കുമൊപ്പമുള്ളത് യമാലിന്റെ മാതാവ് ഷെയ്ല എബാനയാണ്.
ലാമീൻ യമാൽ ഇന്നലത്തെ സെമിയിൽ ഫ്രാൻസിനെതിരെ നേടിയ ഗോളോടെ യൂറോ ചരിത്രത്തിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി റെക്കോർഡിട്ടു.