ഫുട്ബോൾ അനിശ്ചിതത്വങ്ങളുടെ കളിയാണ്. ഒരു മത്സരത്തിൻെറ ഗതി മാറുന്നത് നിനച്ചിരിക്കാത്ത നിമിഷങ്ങളിലായിരിക്കും. അപ്രതീക്ഷിതമായിട്ടായിരിക്കും നമ്മൾ തോറ്റുവെന്ന് ഉറപ്പിച്ചവർ മുന്നോട്ട് കുതിക്കുക. നോക്കി നോക്കിയിരിക്കെയായിരിക്കും ആരാലും മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ഒരു കളിക്കാരൻ ഗോൾവല കുലുക്കി നമ്മളെ അത്ഭുതപ്പെടുത്തുക. ആരാധകരെ നിരാശപ്പെടുത്തി ഗോളെന്നുറപ്പിച്ച ഒരു പന്ത് ബാറിൽ തട്ടി പുറത്തേക്ക് പോവുന്നത്. ഏറ്റവും പ്രിയപ്പെട്ട താരം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പെനാൽറ്റി കിക്ക് പുറത്തേക്കടിക്കുന്നത്. സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിക്കാത്തൊരാൾ ടീമിനായി വിജയഗോൾ നേടുന്നത്. ആവേശകരമായ ഒരു 90 മിനിറ്റ് ഫുട്ബോൾ മത്സരത്തിൽ സംഭവിക്കാൻ സാധ്യതയുള്ള എല്ലാ അനിശ്ചിതത്വങ്ങളും ആശ്ചര്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞതാണ് 2025-ലെ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ഒസ്മാൻ ഡെംബലെയുടെ കരിയർ.
2015-ൽ 18ാം വയസ്സിൽ റെന്നസ് എന്ന ഫ്രഞ്ച് ക്ലബ്ബിലൂടെയാണ് ഡെംബലെ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. തൊട്ടടുത്ത വർഷം 2016-ൽ തോമസ് ടുചേൽ എന്ന കോച്ചിന് കീഴിൽ ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയതോടെ അയാളെ ലോകമറിയാൻ തുടങ്ങി. 2017-ൽ തൻെറ 20ാം വയസ്സിലാണ് ലോകഫുട്ബോളിലെ റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ഡെംബലെ ബാഴ്സലോണയിലേക്ക് എത്തുന്നത്. ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് പകരക്കാരനായിട്ടായിരുന്നു ക്യാമ്പ് നൗവിലേക്ക് ഡെംബലെയുടെ വരവ്. ലയണൽ മെസിയും ഇനിയെസ്റ്റയുമൊക്കെ കളം നിറഞ്ഞ് കളിച്ചിരുന്ന കാലത്ത് ബാഴ്സലോണ ഡെംബലെയെ എത്തിക്കുന്നത് ടീമിൻെറ ഭാവിപ്രതീക്ഷയെന്ന നിലയിലായിരുന്നു. എന്നാൽ ക്ലബ്ബിൻെറ നിലവാരത്തിലേക്ക് ഉയരാൻ താരത്തിന് സാധിച്ചില്ലെന്ന് മാത്രമല്ല പരിക്കുകൾ വേട്ടയാടിയതോടെ കൂടുതൽ മത്സരങ്ങൾ കളിക്കാനും സാധിച്ചില്ല. ബാഴ്സലോണയ്ക്ക് ഒപ്പമുണ്ടായിരുന്ന കാലത്ത് രണ്ട് വർഷത്തോളം താരത്തിന് കളത്തിലിറങ്ങാനേ സാധിച്ചില്ല. 14 തവണ അദ്ദേഹത്തിന് മസിലിന് പരിക്കേറ്റു. 784 ദിനങ്ങൾ കളിക്കളത്തിന് പുറത്തിരുന്നു. അക്കാലത്ത് തന്നെ താരത്തിൻെറ പെരുമാറ്റത്തെക്കുറിച്ചും വലിയ പരാതികളുയർന്നിരുന്നു. ബാഴ്സലോണയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും കൂടുതൽ പിഴശിക്ഷ ഏറ്റുവാങ്ങിയ കളിക്കാരിലൊരാളായും ഡെംബലെ മാറി. വലിയ പ്രതീക്ഷയോടെ ബാഴ്സയിലെത്തിയ താരത്തിന് അവിടെ തൻെറ പ്രതിഭയോട് നീതി പുലർത്താനായില്ല.

സ്പാനിഷ് ലീഗിൽ ദുരന്തമായി തുടങ്ങിയ ഡെംബലെയുടെ കരിയർ പിന്നെ എങ്ങനെയാണ് മാറിമറിയുന്നത്? അച്ചടക്കമുള്ള, വളരെ ഫോക്കസ്ഡായ ഒരു പ്രൊഫഷണൽ ഫുട്ബോളറായുള്ള ഡെംബലെയുടെ വളർച്ചയ്ക്ക് അടിത്തറ പാകുന്നത് കാമുകി റിമയുമായുള്ള വിവാഹമാണെന്ന് താരത്തോട് അടുപ്പമുള്ളവരും സുഹൃത്തുക്കളുമൊക്കെ പറയുന്നുണ്ട്. 2021 ഡിസംബറിൽ മൊറോക്കോയിൽ വെച്ചായിരുന്നു ഡെംബലെയുടെ വിവാഹം. വൈകാതെ കുഞ്ഞ് കൂടി പിറന്നതോടെ കുടുംബജീവിതം അദ്ദേഹത്തെ കൂടുതൽ ഉത്തരവാദിത്വമുള്ളവനാക്കി. ഡെംബലെ ശരീരം ശ്രദ്ധിക്കാൻ തുടങ്ങി. പഴയപോലെ പരിക്കുകൾ വേട്ടയാടാതായി. തൻെറ ഫിസിയോ തെറാപ്പിസ്റ്റിൻെറയും ന്യൂട്രീഷ്യനിസ്റ്റിൻെറയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു. ഇടക്കിടെ ജൻമനാടായ ഫ്രാൻസിൽ പോയി ആരോഗ്യപരിചരണത്തിൽ ശ്രദ്ധിച്ചു. കരിയറിൽ അതിൻെറ ഗുണവുമുണ്ടായി. ബാഴ്സലോണയിലെ അവസാനത്തെ രണ്ട് സീസണുകൾ അദ്ദേഹത്തിന് മെച്ചപ്പെട്ടതായിരുന്നു. കരിയറിൽ പിന്നെയും വഴിത്തിരിവുണ്ടായി. 100 മില്യൺ യൂറോയ്ക്ക് ബാഴ്സലോണയിലേക്ക് പോയ താരം 43.5 മില്യൺ യൂറോയ്ക്ക് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്കെത്തി. ജൻമനാട്ടിലേക്കുള്ള തിരിച്ചുവരവ്.
മെസിയും നെയ്മറും എംബാപ്പെയുമടക്കം സൂപ്പർതാരങ്ങളുടെ ബാഹുല്യമുണ്ടായിരുന്ന പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം കിട്ടാക്കനിയായിരുന്നു. പ്രതിഭാശാലികൾക്ക് ഒരുമിച്ച് ടീമെന്ന നിലയിൽ ഒരു വലിയ കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. 2023-ൽ മെസിയും നെയ്മറുമൊന്നുമില്ലാത്ത പി.എസ്.ജിയിലേക്കാണ് ഡെംബലെ എത്തുന്നത്. ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിക്കുകയും 2022-ൽ റണ്ണേഴ്സ് അപ്പാക്കുന്നതിൽ നിർണായകപങ്ക് വഹിക്കുകയും ചെയ്ത കിലിയൻ എംബാപ്പെയുടെ നിഴലിൽ ഡെംബലെ ഒന്നുമല്ലാതെ ഒതുങ്ങിപ്പോവുമെന്ന് ആശങ്കപ്പെട്ടവരുണ്ട്. പി.എസ്.ജിയിൽ എത്തിയ ആദ്യ സീസണിൽ 6 ഗോളുകളും 14 അസിസ്റ്റുകളുമടക്കം വരവറിയിച്ച പ്രകടനമാണ് ഡെംബലെ നടത്തിയത്. എന്നിട്ടും, 44 ഗോളുകൾ നേടിയ എംബാപ്പെയേക്കാൾ വളരെ പിന്നിലായിരുന്നു ഡെംബലെ.

എന്നാൽ, ഇപ്പോഴത്തെ ബാലൺ ഡി ഓർ നേട്ടത്തിൽ ഡെംബലെ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എംബാപ്പെയോട് തന്നെയാണ്. പി.എസ്.ജിയുടെ മുഖമായിരുന്ന എംബാപ്പെ താൻ എക്കാലത്തും സ്വപ്നം കണ്ടിരുന്ന റയൽ മാഡ്രിഡ് കുപ്പായത്തിലേക്ക് മാറുന്നു. സ്വാഭാവികമായും പി.എസ്.ജിയിൽ ആ റോളിലേക്ക് ഒരു താരത്തെ വേണം. ഡെംബലെ അതിന് യോഗ്യനാണെന്ന് കോച്ച് ലൂയിസ് എൻറിക്വെയ്ക്ക് ഉറപ്പായിരുന്നു. എന്നാൽ, എൻറിക്വെ ഒരുകാര്യം ഡെംബലെയോട് ആവശ്യപ്പെട്ടിരുന്നു, “പുതിയ സീസണിൽ കൂടുതൽ ഗോളുകൾ നേടണം…” പാസ്സുകളിലൂടെ അസിസ്റ്റുകൾ നടത്തിയിരുന്ന എംബാപ്പെ ഗോളടിക്കാൻ വേണ്ടി അൽപം സെൽഫിഷായി കളിക്കാൻ തുടങ്ങിയെന്നത് ശരിയായിരിക്കാം. എന്നാൽ എൻറിക്വെ വെട്ടിയ ആ പുതിയ വഴി പി.എസ്.ജിക്ക് ഗുണം ചെയ്തു. 2024-25 സീസണിലെ ഡെംബലെയുടെയും ഒപ്പം പി.എസ്.ജിയുടെയും നേട്ടങ്ങൾ കണക്കുകൾ കൃത്യമായി പറയും. ലിഗ് വൺ, ചാമ്പ്യൻസ് ലീഗ് അടക്കം നാല് കിരീടങ്ങളാണ് ക്ലബ്ബ് സ്വന്തമാക്കിയത്. കളിച്ച 60 മത്സരങ്ങളിൽ നിന്ന് താരം 37 ഗോളുകൾ അടിക്കുകയും 14 അസിസ്റ്റുകൾ നടത്തുകയും ചെയ്തു. ഫ്രഞ്ച് ലീഗിലെയും യൂറോപ്യൻ ചാമ്പ്യൻസ് ലീഗിലെയും മികച്ച ഫുട്ബോളർക്കുള്ള പുരസ്കാരത്തിന് പിന്നാലെ ബാലൺ ഡി ഓറിലൂടെ ഇപ്പോൾ അദ്ദേഹം ലോകഫുട്ബോളറായും മാറുന്നു.
തൻെറ ഫുട്ബോൾ കരിയറിലെ ഉയർച്ചകളുടെയും വീഴ്ച്ചകളുടെയും ഉത്തരവാദിത്വം ഡെംബലെയ്ക്ക് തന്നെയാണ്. പതറിപ്പോവുമായിരുന്ന കരിയറിനെ തിരിച്ചുപിടിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന നേട്ടം. റഷ്യയിൽ 2018-ൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫ്രാൻസ് ലോകകിരീടം നേടുമ്പോഴും 2022-ൽ അർജൻറീനയോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പാവുമ്പോഴും ഡെംബലെ ടീമിലുണ്ടായിരുന്നു. അർജൻറീനക്കെതിരെ ഫൈനലിൽ കളിക്കളത്തിലിറങ്ങി നിരാശപ്പെടുത്തി കൊണ്ടാണ് അദ്ദേഹം മടങ്ങിയത്.

“പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഇപ്പോൾ ഞാൻ അനുഭവിക്കുന്നു. 2023-ൽ എന്നെ ഏറ്റെടുക്കാൻ തയ്യാറായ പി.എസ്.ജിയോട് നന്ദി പറയുന്നു. നമ്മൾ എല്ലാം ഒന്നിച്ചാണ് നേടിയത്. കഠിനമായ കാലത്തും നല്ല കാലത്തും നിങ്ങളെനിക്ക് പിന്തുണ തന്നു. വ്യക്തിപരമായ ഈ ട്രോഫി ടീമിന് മൊത്തതിൽ ലഭിച്ചതാണെന്ന് ഞാൻ കരുതുന്നു. സംസാരിക്കുമ്പോൾ ഞാൻ ഇടറുന്നുണ്ട്. ഈ കിരീടത്തിലേക്ക് താണ്ടിയ ദൂരം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല,” റൊണാൾഡീഞ്ഞോയെന്ന ഇതിഹാസ ബ്രസീലിയൻ ഫുട്ബോളറിൽ നിന്ന് 2025-ലെ ബാലൺ ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ കണ്ഠമിടറി, കണ്ണീരണിഞ്ഞ് ഡെംബലെ പറഞ്ഞു. 28-കാരനായ ഡെംബലെയുടെ കരിയർ ഇനിയുമേറെ നേട്ടങ്ങളിലേക്ക് സഞ്ചരിക്കാനുണ്ട്, താണ്ടിയ ദുർഘടപാത അതാണ് സാക്ഷ്യം പറയുന്നത്…

