മെസ്സി ആയിരുന്നോ ബാഴ്സലോണയുടെ പ്രശ്നം?

ഒരു മഹാ പ്രസ്ഥാനത്തെ കെടുകാര്യസ്ഥത കൊണ്ട് എങ്ങനെ തകർക്കാം എന്നതിനുദാഹരണമായി ബിസിനസ്സ് സ്കൂളുകൾ ഭാവിയിൽ ചൂണ്ടിക്കാണിക്കാൻ പോകുന്ന ഉദാഹരണമാണ് ബാഴ്സലോണ ഫുട്ബാൾ ക്ലബ്. ആറു സീസണുകൾ കൊണ്ട് ബാഴ്സലോണ എങ്ങനെ തകർന്നു തരിപ്പണമായെന്ന് പരിശോധിക്കുന്നു.

ക്കഴിഞ്ഞ ജൂണിലാണ് ലയണൽ മെസ്സിക്ക് 33 തികഞ്ഞത്. ഫുട്​ബോൾ യാത്രയിലെ അവസാനത്തെ ദശാസന്ധിയിലാണിപ്പോൾ മെസ്സി എത്തിച്ചേർന്നിട്ടുള്ളത്. പൊട്ടിപ്പാളീസാവുന്ന ബാഴ്സലോണയെ കരകയറ്റാൻ നിൽക്കുമോ അതോ കീർത്തിയും പ്രതാപവും തേടി മറ്റെവിടെയെങ്കിലും ചേക്കേറുമോ എന്നതായിരുന്നു ചോദ്യം. ഇൻസ്റ്റന്റ് മെസേജുകളുടെ കാലമാണിപ്പോൾ. എന്നാൽ ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്നറിയിച്ചു കൊണ്ട് മെസ്സിയുടെ പാളയത്തിൽ നിന്ന്​ ബാഴ്സലോണയിലേക്കു പോയത് അത്തരമൊരു ഇ-മെസേജ് അല്ല. ഫാക്സ് ആണ്. കാലഹരണപ്പെട്ട ഒരു യന്ത്രമാണിപ്പോൾ ഫാക്സ്. ഈയൊരൊറ്റ ഉദാഹരണം മതി കഴിഞ്ഞ കുറേ വർഷങ്ങളായി സംഭവിക്കുന്ന ബാഴ്സലോണയുടെ വീഴ്ചയുടെ ആഘാതം മനസിലാക്കാൻ.

"മഹാതാരകങ്ങളുടെ കൂട്ടം മാത്രമല്ല ഞങ്ങൾ, സ്വപ്നം നിറഞ്ഞു കവിഞ്ഞ കേവലമൊരു സ്റ്റേഡിയവുമല്ല ഞങ്ങൾ. ഇതുവരെയടിച്ച ഗോളുകൾ മാത്രമല്ല ബാഴ്സലോണ. വാരിക്കൂട്ടിയ ട്രോഫികൾ മാത്രവുമല്ല ഞങ്ങൾ." Mes Que Un Club, എന്നു വെച്ചാൽ കേവലമൊരു ക്ലബ്ബിനേക്കാൾ മഹത്തായത്. ബാഴ്സലോണയും ആരാധകരും അങ്ങനെയാണ് അഹങ്കരിച്ചിരുന്നത്.

ആഗസ്റ്റ് 14 ന് Mes Que Un Club എന്ന ആവേശോജ്വലമായ മുദ്രാവാക്യത്തിനു മേൽ ബയേൺ മ്യൂണിക്ക് പുതിയൊരു വാക്കു കൊണ്ട് ഗ്രാഫിറ്റി വരച്ചു. ‘Rendicio' - കറ്റാലൻ ഭാഷയിൽ പറഞ്ഞാൽ അടിയറവ്; 8 -2 എന്ന ഗോൾ വ്യത്യാസത്തിലെ തോൽവിക്ക് ഇതിലും നല്ലൊരു തൊങ്ങൽ വേറെ ചാർത്തിക്കിട്ടാനില്ല. ഒരു കാലഘട്ടത്തിന്റെ അന്ത്യം, അല്ലെങ്കിൽ കർട്ടൻ വീഴുന്നു എന്നൊക്കെ പറഞ്ഞാൽ ഒന്നുമാകില്ല. ഇവിടെ അരങ്ങുതന്നെ തകർന്നു തരിപ്പണമായിരിക്കുന്നു. ഒരു കാലത്ത് അജയ്യമായിരുന്ന ബാഴ്സലോണ ഇതാ കിടക്കുന്നു കല്ലും ചരലുമായി.

വൻമരങ്ങൾ കടപുഴകുമ്പോൾ വ്യസനം സാധാരണം.
പക്ഷേ, ബാഴ്സലോണയുടെ വീഴ്ചയിൽ സംതൃപ്തിയും സന്തോഷവും മാത്രമേ ഉണ്ടാവാൻ തരമുള്ളൂ. ഇത്തരമൊരു വിധി ആരെങ്കിലും അർഹിച്ചിരുന്നെങ്കിൽ അത് ബാഴ്സലോണ മാത്രമാണ്. കതകു തുറക്കുമ്പോൾ തലയിൽ വീഴാൻ അതീവ സൂക്ഷമതയോടെ കെണി വെക്കുക, എന്നിട്ട് ആ കെണി കൊണ്ടു തന്നെ വീട് ആകാശത്തേക്ക് പൊട്ടിത്തെറിപ്പിക്കുക. ബാഴ്സലോണക്കല്ലാതെ മറ്റാർക്ക് കഴിയും ഇതൊക്കെ.

ബാഴ്സലോണയെപ്പറ്റിയുള്ള എന്തു കാര്യവും അവജ്ഞയോടെയും നിന്ദയോടെയും മാത്രമേ നമുക്ക് കാണാൻ കഴിയൂ. 2014 മുതൽ ക്ലബ് പ്രസിഡൻറായി തുടർന്ന ജോസപ് മാരിയ ബർതോമ്യൂവിന് വളരെ മുമ്പേ സ്ഥാനത്യാഗം ചെയ്യാമായിരുന്നു. വേണ്ട, ക്ലബ്ബിന്റെ മൂട് ചീയാൻ തുടങ്ങിയപ്പോഴെങ്കിലും നല്ല ഉപദേശകരെ ബോർഡിലേക്ക് കൊണ്ടുവരാനുള്ള ചെറിയൊരു വിനയമെങ്കിലും കാണിക്കാമായിരുന്നു. പക്ഷേ, സ്വജനപക്ഷപാതത്തിന്റെ ഈറ്റില്ലത്തിലിരിക്കുന്ന ബാഴ്സലോണ ഉടമസ്ഥർ
ഞങ്ങൾ നിയമിച്ച കാര്യസ്ഥർ ഗംഭീരമാരാണെന്നങ്ങ് വിചാരിച്ചു കളഞ്ഞു.

ആർത്തുറോ വിഡാൽ
ആർത്തുറോ വിഡാൽ

ഒടുവിൽ, ചീർത്ത പ്രതിഫലത്തിന്റെ അലസതയിൽ കളിക്കാനിറങ്ങിയ ബാഴ്സലോണയുടെ കളിക്കാർ ബയേണിനു മുന്നിൽ തൊലിയുരിക്കപ്പെട്ടു. നിരാശയിലൊരു പ്രത്യാശയെന്നു പറയാവുന്ന കറുത്തമുത്ത് അൻസു ഫാറ്റിക്കു പോലും ബാഴ്സലോണക്കു വേണ്ടി കളി പുറത്തെടുക്കാനായില്ല.

ലിസ്ബണിൽ ബാഴ്സലോണ കാഴ്ചവെച്ച നാണക്കേടിന്റെ
റോൾ കാൾ നോക്കൂ! മെസ്സി വയസ് 33, ലൂയി സുവാരസും ജെറാർഡ് പിക്യൂവും ആർത്തുറോ വിഡാലും സെയിം ഏജ്! സെർജിയോ ബസ് കെറ്റ്സ് 32, ജോർദി ആൽബ 31. ബയേണിനെ എതിരിട്ട ബാഴ്സലോണ കളിക്കാരുടെ ആവറേജ് പ്രായം 30 ആയിരുന്നു. തോൽവിയിൽ നിന്നു രക്ഷപ്പെടുക അസാധ്യമായിരുന്നു എന്നർത്ഥം.

മെസ്സി ബാഴ്സലോണയിലെത്തിയിട്ട് രണ്ടു ദശകങ്ങളായി. അർജൻറീനയിൽ മെസ്സിയുടെ ഗ്രോത്ത്ഹോർമോൺ ട്രീറ്റ്മെൻറിന് അന്ന്​ മെസ്സിയുടെ അഛനമ്മമാർക്ക് കഴിവില്ലായിരുന്നു.

പെലെ
പെലെ

പെലെയെയും മൈക്കൽ ഓവന്റെയും പോലെ വളരെ കുഞ്ഞിയായിരിക്കുമ്പോഴേ ലോകകപ്പിൽ അൽഭുതം കാണിക്കാനൊന്നും മെസ്സിക്ക് കഴിഞ്ഞില്ല. 2006 ൽ 19-ാം ജന്മദിനത്തിനു മുൻപും പിമ്പുമായി നിരാശപ്പെടുത്തുന്ന രണ്ടു കാര്യങ്ങൾ മെസ്സിക്ക് സംഭവിച്ചു. ഹാംസ്ട്രിംഗ്‌ ഇഞ്ചുറിയിൽ നിന്ന് മുക്തനായിട്ടും ആഴ്‌സനലനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രാങ്ക് റെയ്ക്കാർഡ് മെസ്സിയെ കളിപ്പിച്ചില്ല. ബാഴ്സലോണ 2 - 1 ന് ജയിച്ചെങ്കിലും മെസ്സി വിജയാഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. ഒരു മാസം കഴിഞ്ഞില്ല, ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ജർമനിയോട് അർജന്റീന പെനാൽറ്റിയിൽ തോൽക്കുന്നത് ബഞ്ചിലിരുന്ന് നോക്കിക്കാണാനായിരുന്നു മെസ്സിയുടെ വിധി. കളിയുടെ സാധാരണ സമയത്തി​ന്റെ അവസാന നിമിഷങ്ങളിൽ ജോസ് പെക്കർമാൻ ഒരു അറ്റാക്കിംഗ് സബ്സ്റ്റിറ്റ്യൂഷൻ അർജന്റീനയ്ക്കുവേണ്ടി നടത്തി. കുഞ്ഞിതിഹാസം ബെഞ്ചിലിരുന്നു. അതികായ താരം ജൂല ക്രൂസ് കളത്തിലിറങ്ങി.

പിന്നീടുള്ള കാലം, മഹത്വത്തിലേക്കുള്ള മുന്നേറ്റത്തിൽ മെസ്സിക്ക് മറക്കാൻ എളുപ്പമുള്ളതല്ല ഫ്രസ്ട്രേഷന്റെ ആദ്യകാലം. പിന്നീടുവന്ന രണ്ടു സീസണുകളിൽ റയാൽ മാഡ്രിഡ് ലാലിഗയിൽ ചിരവൈരികളായ ബാഴ്സലോണയെ നിഷ്പ്രഭരാക്കിയെങ്കിലും കളിയിലെ പ്രതിഭയായി വിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞു. ബാഴ്സലോണയുടെ കോച്ചായിഅപ്പോൾ അതാ വരുന്നു പെപ്പ് ഗാർ ദിയോള, 2008 ലെ സമ്മറിൽ. ആ സീസണിൽ മെസ്സിയായിരുന്നു താരം. ബാഴ്‌സലോണ തൊട്ടതെല്ലാം പൊന്നാക്കിയ സീസൺ.

ഫ്രാങ്ക് റെയ്ക്കാർഡും മെസിയും
ഫ്രാങ്ക് റെയ്ക്കാർഡും മെസിയും

അതെ, അക്ഷരാർത്ഥത്തിൽ സുവർണ വർഷങ്ങൾ! ഗാർദിയോളയുടെ ബാഴ്സലോണയുമായി താരതമ്യം ചെയ്യാൻ പറ്റിയ ഫുട്ബോൾ ടീമുകൾ വേറെയില്ല. ടീമിലെല്ലാം നക്ഷത്രങ്ങൾ. ഏറ്റവും തിളക്കം മെസ്സിക്ക്. ചാമ്പ്യൻസ് ലീഗിലെ മൂന്നു സീസണുകളിൽ രണ്ടെണ്ണത്തിൽ ബാഴ്സലോണക്ക് ജയം. 2011 സെപ്തംബറിൽ അർജന്റീന ടീമിനൊപ്പം മെസ്സി ഇന്ത്യയിലെത്തുന്നുണ്ട്. 1980 കളിലെ ദീഗോ മറഡോണക്കു ശേഷം ലോകം കണ്ട, ചോദ്യം ചെയ്യാനാവാത്ത ഫുട്ബോൾ പ്രതിഭാസം തന്നെയാണ് മെസ്സി .

മെസ്സി വാഴ്ത്തുകളുടെയും സ്തുതികളുടെയും ഉത്തുംഗശൃംഗമാണ് കൊൽക്കത്തയിൽ കാണാനായത്. വെനസ്വേലയുമായി സൗഹൃദ മത്സരം സംഘടിപ്പിക്കാൻ ചെലവാക്കിയത് 22 കോടി രൂപ. പക്ഷേ, വൻ ടിക്കറ്റ് വില മൂലം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ മുന്നിൽ രണ്ടേ നിറഞ്ഞുള്ളൂ. പക്ഷേ, രണ്ടാഴ്ചയോളം കൊൽക്കത്ത മെസ്സിയെപ്പറ്റി മാത്രം മിണ്ടിക്കൊണ്ടിരുന്നു. ഹയാത്ത് റെസിഡൻസിയിലെ നീന്തൽകുളത്തിൽ കിടക്കുന്ന മെസ്സി പോലും മാധ്യമങ്ങളെ ആവേശം കൊള്ളിച്ചു.

ലയണൽ മെസ്സി
ലയണൽ മെസ്സി

2014 ലോകകപ്പിന് മുമ്പ് അലയാൻഡ്രോ സാബെല്ല കോച്ചായി വരുന്നു. മെസ്സിക്ക് ക്യാപ്റ്റന്റെ ആം ബാൻഡ് ആദ്യം കെട്ടിക്കൊടുക്കുന്നത് സാബെല്ലയാണ്. അർജന്റീന 1-0ന് ജയിച്ച നിറം മങ്ങിയ ഒരു കളിക്കുശേഷം മാധ്യമങ്ങളോട് സംസാരിച്ച സാ ബെല്ലയുടേത് കോച്ചിനേക്കാൾ ആരാധകന്റെ
ശബ്ദമായിരുന്നു; "ഫുട്​ബോളിന്റെ ചരിത്രത്തിൽ ഇത്തരം കളിക്കാർ എപ്പോഴും ഉണ്ടാവുന്നില്ല, മെസ്സി ഒരു പ്രതിഭാസമാണ്, അസാധാരണമായ ഒന്ന്. എവിടെക്കളിച്ചാലും, മെസ്സിയുടെ കളി കാണാൻ ആളുകളെത്തും.’

എല്ലാ ഉയർച്ചകളിലും വീഴ്ചകളിലും മെസ്സിയും ബാഴ്സലോണയും വേർപിരിക്കാനാവാത്ത ബന്ധത്തിലായിരുന്നു, മീൻ കൂട്ടാനും ചോറും പോലെ. 20 വർഷം നീണ്ട ബന്ധമാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. 13-ാം വയസ്സിൽ അർജന്റീനയിൽ നിന്ന് കുടിയേറിയ ക്ലബ്ബ് മാറാനായില്ലെങ്കിൽ മെസ്സിക്കൊരിക്കലുമൊരു ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയില്ല. ഒരു ലാ ലിഗ സീസൺ കഷ്ടിച്ച് കയറിപ്പറ്റാനുള്ള സ്ക്വാഡ് ബാഴ്സലോണക്കുണ്ട്. പക്ഷേ, യൂറോപ്പിലെ മികച്ച ടീമുകൾ ബയേൺ ഇപ്പോൾ ചെയ്തതതുപോലെ, ലിവർപൂളും യുവന്തസും പണ്ടു ചെയ്തതുപോലെ ബാഴ്സലോണയെ തേച്ചൊട്ടിക്കുമെന്നതിൽ സംശയം വേണ്ട. എഞ്ചിനും പെയിന്റും ടയറും മാറ്റിയാൽ പുതുക്കിയെടുക്കാവുന്ന ഓട്ടോമൊബൈൽ പോലല്ല ബാഴ്‌സലോണ, അതൊരു പോക്കു കേസാണ്.

അമിത ആത്മവിശ്വാസവും ധാർഷ്ട്യവും വലിയ സ്ഥാപനങ്ങളെ എങ്ങനെയില്ലാതാക്കുന്നുവെന്ന് പഠിക്കാൻ ബിസിനസ് സ്കൂളുകൾ 2015-20 ലെ ബാഴ്‌സലോണയെയാവും മാതൃകയായി മുന്നിൽ വെക്കുക.

നെയ്മർ
നെയ്മർ

മെസ്സിയും സുവാരസും നെയ്മറുമടങ്ങുന്ന ടീം 2015ലെ ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ പുതിയ യുഗപ്പിറവി മുന്നിൽ കണ്ടവരുണ്ട്. പക്ഷേ, പിന്നീടൊരിക്കലും അവർ ഫൈനലുകൾ കണ്ടില്ല. റയൽ മാഡ്രിഡാവട്ടെ തുടർച്ചയായ മൂന്നു സീസണുകളിൽ ചാമ്പ്യന്മാരുമായി. 2015 നുശേഷം ബാഴ്സലോണ നടത്തിയ ഉന്നത ട്രാൻസ്ഫറുകൾ നോക്കിയാൽ ക്ലബ് ശരീരത്തിലെ സുഷിരങ്ങൾ മനസ്സിലാവും. ആ സമ്മറിലെ വമ്പൻ വരവ് അത് ലെറ്റിക്കോ മാഡ്രിഡിൽ നിന്നുള്ള അർഡാ ടുറാനോയുടേതായിരുന്നു. ടുറാനന്ന് 28 വയസ്. രണ്ടു സീസണുകളിലെ 55 കളികളിൽ നിന്ന് ടുറാൻ നേടിയത് 15 ഗോൾ. അവസാനത്തെ രണ്ടു വർഷം, ഗാലറ്റസാറെയിലേക്ക് മാറുന്നതിനു മുമ്പുള്ള, പരിതാപകരമായിരുന്നു ടുറാന്റെ അവസ്ഥ .

2016ൽ വലൻസിയയിൽ നിന്ന് ആന്ദ്രേ ഗോമസിനെയും പാക്ക അൽകാസെറിനെയും ബാഴ്സലോണ വാങ്ങി. എന്നാൽ ടീമിൽ എന്തെങ്കിലും സാന്നിധ്യം കാണിക്കാൻ പറ്റാതെ ഗോമസ് എവർട്ടണിലേക്കും അൽകാസെർ വില്ലറിയലിലേക്കും മാറി. 2017ൽ നെയ്മർ ലോക റിക്കാർഡിട്ട വിൽപ്പനയിൽ പാരിസ് സെയിൻറ്​ ജർമൈനിലേക്കു മാറിയപ്പോൾ 138 മില്യൺ യൂറോ കൊടുത്ത് ഡോർട്ട്മുണ്ടിൽ നിന്ന് ഓസ്മൻ ഡെംബെലിനെ ബാഴ്സലോണ വാങ്ങി.

ഓസ്മൻ ഡെംബെലെ
ഓസ്മൻ ഡെംബെലെ

കുറച്ച് മാസങ്ങൾ കഴിഞ്ഞ് വിൻറർ ട്രാൻസ്ഫറിൽ 145 മില്യൺ യൂറോ കൊടുത്ത് ലിവർപൂളിൽ നിന്ന് ഫിലിപ്പ് കുടിഞ്ഞോയെയും വാങ്ങി. ഡെംബെൽ 74 കളികളിൽ നിന്ന് 19 ഗോളും കുടിഞ്ഞോ 76ൽ നിന്ന് 21 ഗോളും നേടി. ഡെം ബലിനെ ട്രാൻസ്ഫർ ചെയ്യണമെന്ന് ബാഴ്സലോണക്കുണ്ട്. കുടീഞ്ഞോ ലോൺ അടിസ്ഥാനത്തിൽ ബയേണിനുവേണ്ടിയാണ് കഴിഞ്ഞ സീസണിൽ കളിച്ചത്. ബാഴ്സലോണക്കെതിരെ രണ്ടു ഗോളുകളാണ് കുടീഞ്ഞോ അടിച്ചത്. രണ്ടു ഗോളും സെലിബ്രേറ്റ് ചെയ്യാൻ താരം തയ്യാറായില്ല എന്നിരിക്കലും ബാഴ്സലോണയുടെ പരിഹാസ്യമായ അവസ്ഥ കൂടുതൽ വെളിപ്പെടുകയായിരുന്നു.

2018ലെ സമ്മറിൽ കുടിഞ്ഞോയുടെ സഹ ബ്രസീലിയൻ മാൽക്കത്തെ ബാഴ്സ വാങ്ങി. ഇപ്പോൾ റഷ്യയിലെ സെനിത്തിനുവേണ്ടിയാണ് മാൽക്കം കളിക്കുന്നത്. ഒരു വർഷം കൂടിക്കഴിഞ്ഞപ്പോൾ അത് ലെററിക്കോയുടെ അൻറോയിൻ ഗ്രീസ് മാനെ 120 മില്യൺ ഡോളറിന് വാങ്ങി. അത് ലെറ്റിക്കോക്കു വേണ്ടി 257 കളികളിൽ നിന്ന് 133 ഗോളുകൾ നേടിയ ഗ്രീസ് മാൻ ബാഴ്സക്കു വേണ്ടി 48 കളികളിൽ നിന്നായി 15 ഗോളുകളാണ് നേടിയത്. അടുത്ത മാർച്ചിൽ 30 വയസാകും ഇയാൾക്ക്.

വേറെയുമുണ്ട് ട്രാൻസ്ഫറുകൾ. 2018ൽ വന്ന ആർതർ ഇപ്പോൾ യുവന്തസിലേക്ക് പോയി. പകരം വന്നത് 30 കാരനായ മിറാലെം പാനിക്. 75 മില്യൺ യൂറോ കൊടുത്ത് അയാക്സിൽ നിന്നു വാങ്ങിയ മിഡ്ഫീൽഡർ ഫ്രെങ്കി ഡെജോംഗ് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ പരുങ്ങുന്നു. 31-ാം വയസിലാണ് വിഡ വരുന്നത്. 29-ാം വയസിൽ എത്തിയ പോളീഞ്ഞോക്ക് ചെലവായത് 40 മില്യൺ യൂറോ.

ബാഴ്സ വാങ്ങിയ കളിക്കാരെല്ലാം 30 മില്യൺ യൂറോക്ക് മുകളിലുള്ളവരാണ്. 2014ൽ ലിവർപൂളിൽ നിന്ന് സുവാരസ് വന്നപ്പോൾ ഉണ്ടായ ഓളമൊന്നും ആവർത്തിക്കാൻ ആർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. മെസ്സിയെ കുറ്റപ്പെടുത്തി ഇവരുടെ കൂടെ ഇണങ്ങിക്കളിക്കാൻ കഴിയാത്തതാണ് ടീമിന്റെ പരാജയങ്ങൾക്ക് കാരണം എന്നു പറയാൻ എളുപ്പമാണ്. പക്ഷേ, നിലവിലുള്ള ശക്തി പരമാവധി പ്രയോജനപ്പെടുത്തേണ്ടത് കോച്ചിംഗ് റിക്രൂട്ട്മെന്റ് വിഭാഗങ്ങളുടെ ഉത്തരവാദിത്തമാണ്.

2017ൽ യുവ ന്തസിനോടും 2018 ൽ റോമയോടും 3-0ന് തോറ്റ കളികൾ, അല്ലെങ്കിൽ 2019ലെ 4-0 ന്റെ ആൻഫീൽഡ് ദുരന്തം ഒക്കെ പരിശോധിക്കുമ്പോൾ ഡിഫൻസിലും മിഡ്ഫീൽഡിലും ബാഴ്സക്കുള്ള പരാധീനതകൾ മനസ്സിലാകും. ലിയോണിൽ നിന്ന്​ 2016ൽ വന്ന സാമുവൽ ഉംറ്റിറ്റി സൈഡ്ലൈൻ ചെയ്യപ്പെട്ടിരിക്കുന്നു. 2018 സമ്മറിൽ വന്ന ക്ലെമൻറ്​ ലെംഗ് ലെറ്റിന് ഇതുവരെ ആദ്യ അഞ്ച് സെൻറർ ബാക്കുകളുടെ ലിസ്റ്റിൽ ഇടം പിടിക്കാനായിട്ടില്ല.

കുടീഞ്ഞോയെ വിറ്റുകിട്ടിയ പണം കൊണ്ട് ലിവർപൂൾ ലോകത്തിലെ ഏറ്റവും മികച്ച സെൻറർ ബാക്ക് ആയവേർട്ടിൽ വൻ ഡിജിക്കിനെയും പ്രീമിയം ഗോൾകീപ്പറായ ആലിസണെയും വാങ്ങുകയാണ് ചെയ്തത്. 2008ൽ 30 മില്യൺ പൗണ്ട് കൊടുത്ത് ഫബീഞ്ഞോയെയും ലിവർപൂൾ വാങ്ങി. ഈ മൂന്നു സൈനിങ്ങുകളും ലിവർപൂളിനെ യൂറോപ്പിലെ ബെസ്റ്റ് ടീമാക്കി ഉയർത്തി, ആൻ ഫീൽഡിൽ മാർച്ചിലുണ്ടായ അത് ലെറ്റിക്കോയുടെ ഫ്ലൂക്ക് വിജയം ഈ അവസ്ഥക്ക് മാറ്റമൊന്നും ഉണ്ടാക്കുന്നില്ല.

ഇവിടെയാണ് ചില ചോദ്യങ്ങൾ ഉയരുന്നത്. എന്തുകൊണ്ടാണ് ബാഴ്സ വാൻ ഡിജിക്കിനെ വാങ്ങാൻ ശ്രമിക്കാത്തത്? അയ്മെറിക് ലാപ്പോർട്ടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകും മുമ്പ് എന്തുകൊണ്ട് ബാഴ്സക്ക് കിട്ടിയില്ല? നെപ്പോളിയിൽ നിന്നും കാലിഡോ കൗളി ബാലിയെ എപ്പോഴെങ്കിലും ബാഴ്സ ആഗ്രഹിച്ചിട്ടുണ്ടോ? ഫബീഞ്ഞോ എപ്പോഴെങ്കിലും ബാഴ്സയുടെ റഡാറിൽ വന്നിട്ടുണ്ടോ? കോച്ചുമാരെ പിരിച്ചുവിട്ടാൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ് ടീമിനുള്ളത്.

നന്നായി നടക്കുന്ന ടീമുകൾ പ്രശ്നം പെട്ടെന്നു കണ്ടെത്തി പരിഹരിക്കുന്നു. ബയേണിനെയും ബാഴ്സലോണയെയും താരതമ്യം ചെയ്തു നോക്കൂ. ബുണ്ടസ് ലീഗ ഒന്നാം സ്ഥാനത്തിന് നാലു പോയിൻറ്​ പിന്നിൽ നിൽക്കുമ്പോഴാണ് കോച്ച് നിക്കോ കൊവാക്കിനെ ബയേൺ തഴയുന്നത്. കൊവാക്കിന് ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ കരുതി, പകരം പ്രശസ്തരുടെ പുറകേ പോയതുമില്ല. കൊവാക്കിന്റെ അസിസ്റ്റന്റ് ഹാൻസി ഫ്ലിക്കിനെ ചുമതലയേൽപ്പിച്ചു.

ഫ്ലിക്ക് 24 ബുണ്ടസ് ലീഗ ഗെയിമുകൾ വിജയിപ്പിച്ചു.13 പോയിൻറുമായി ബയേൺ കുതിച്ചു. കഴിഞ്ഞ സീസണിൽ ലിവർപൂളിനോടേറ്റ കനത്ത പരാജയത്തിനു ശേഷം തുടർച്ചയായ 11 ഗെയിമുകളാണ് ബയേൺ ജയിച്ചത്. 43 ഗോളുകൾ. ഇതിനു ശേഷം ജോഷ്വാ കിമ്മിച്ചിനെയും അൽഫോൻസോ ഡേവീസിനെയും ഫുൾ ബാക്കുകളായി വാങ്ങി. ലിവർപൂളിന്റെ ട്രെൻറ് അലക്സാണ്ടർ ആർ നോൾഡ് ആൻഡ്രൂ റോബർട്ട്സൺ കോമ്പിനേഷൻ പോലെ മനോഹരമായ ഒരു പെയർ. യൂത്ത് -പേസ് - എനർജി കോമ്പിനേഷൻ കൊണ്ടുള്ള ഇഞ്ചക്ഷനുകൾ ടീമിലെ മറ്റു സെക്ഷനുകളിലും ബയേൺനടത്തി. ബുണ്ടസ് ലീഗയിൽ ആധിപത്യമുണ്ട് എന്നതുകൊണ്ട് ബയേൺ കയ്യും കെട്ടിയിരുന്നില്ല എന്നർത്ഥം.

ട്രാൻസ്ഫറുകൾ എപ്പോഴും എക്സാറ്റ് സയൻസ് ആയിക്കൊള്ളണം എന്നില്ല. പലപ്പോഴും കണക്കുകൂട്ടലുകൾ പിഴയ്ക്കാം. വളരെ ശരിയെന്നു തോന്നിയിരുന്നത് യമണ്ടൻ ദുരന്തമായി മാറാം. പക്ഷേ, തുടർച്ചയായി ആറു സീസണിലും മഹാദുരന്തമായി മാറണമെങ്കിൽ ബാഴ്സലോണക്കു മാത്രമേ അതു കഴിയൂ. ഇത് ബാഴ്സയുടെ കാര്യം മാത്രമല്ല റയൽ മാഡ്രിഡിന് ഇത്തവണത്തെ ലാലീഗ ജയിക്കാമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് പോയതോടെ കോണ്ടിനെന്റൽ സ്റ്റേജിൽ തന്നെ റയൽ മുടന്താൻ തുടങ്ങി. പ്രായം കുടിയ കളിക്കാരെ വാങ്ങിക്കുട്ടി അവരെ എവിടെ കളിപ്പിക്കണമെന്നറിയാതെ യുവന്റസും ബാഴ്സയെപ്പോലെ മറ്റൊരു ജിറിയാട്രിക് ടീം ആയി. മാഞ്ചസ്റ്റർ സിറ്റിയും വർഷങ്ങളായി വിമർശിക്കപ്പെടുകയായിരുന്നു. ഹാരി മാഗ്വറിന്റെയും ബ്രൂണോ ഫെർണാണ്ടസിന്റെയും സൈനിങ്ങ് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിയുടെ പെട്രോ ഡോളറിനെയും അവരുടെ വിജയംവാങ്ങൽ തന്ത്രങ്ങളെയും വിമർശിക്കുന്നത് ഒരു ഫാഷനാണിന്ന്. പക്ഷേ, സമ്പത്തിനെ ശാസ്ത്രീയമായ ഒരു സിസ്റ്റത്തിലേക്കാണ് അവർ കൊണ്ടുവരുന്നത്.

പെപ് ഗാർദിയോള
പെപ് ഗാർദിയോള

ഗാർദിയോളയെ മാനേജറായി കൊണ്ടുവരും മുമ്പ് ഒന്നാം തരം റിക്രൂട്ട്മെൻറ്​ അവർ പൂർത്തിയാക്കിയിരുന്നു, ഡിഫന്റർമാരുടെ കാര്യത്തിൽ ചില പിഴവുകൾ സംഭവിച്ചെങ്കിലും. വിൻസെന്റ കൊമ്പനിയെ റീപ്ലേസ് ചെയ്യുന്നതിൽ കഴിഞ്ഞ സീസണിൽ കാണിച്ച അലംഭാവം ബോൺമൗത്തിൽ നിന്ന് നഥാൻ ആകെയെ വാങ്ങി പരിഹരിച്ചു. ബയേണിലേക്കുള്ള ലെറോയ് സെയിനിന്റെ കൂടുമാറ്റത്തെ വലൻസിയയിൽ നിന്ന് ഫെറാൻ ടോറസിനെ വാങ്ങി പരിഹരിച്ചു. ഒക്ടോബറിനു മുമ്പ് കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

വ്യക്തിപരമായ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകി അത്യാവശ്യമായ മാറ്റങ്ങൾക്ക് പ്രാധാന്യം നൽകാതിരിക്കുക വഴി ബാഴ്സലോണ എത്തിച്ചേർന്നിരിക്കുന്ന നില പരിതാപകരമാണ്. റൊസാരിയോവിലോ ടോക്കിയോവിലോ മലപ്പുറത്തോ ആവട്ടെ, ബാഴ്സലോണയുടെ ജേഴ്സിയണിയാൻ സ്വപ്നം കണ്ട കുട്ടികളുടെ തലമുറകളുണ്ട്. കടലോരത്തും തെരുവുകളിലും ക്യാമ്പ് നൗവിലെ ആർടിഫിഷ്യൽ ടർഫുകളിലും മെസ്സിയാവാൻ പന്തുതട്ടിക്കളിക്കുന്ന കുട്ടികളുണ്ട്. അവരുടെ ഹീറോ എടുക്കുന്ന ഏതു തീരുമാനവും ബാഴ്സലോണ വെറുമൊരു ക്ലബ് മാത്രമാണോ എന്ന ചോദ്യത്തിന് വിശദമായ ഉത്തരമായി മാറും.


Summary: ഒരു മഹാ പ്രസ്ഥാനത്തെ കെടുകാര്യസ്ഥത കൊണ്ട് എങ്ങനെ തകർക്കാം എന്നതിനുദാഹരണമായി ബിസിനസ്സ് സ്കൂളുകൾ ഭാവിയിൽ ചൂണ്ടിക്കാണിക്കാൻ പോകുന്ന ഉദാഹരണമാണ് ബാഴ്സലോണ ഫുട്ബാൾ ക്ലബ്. ആറു സീസണുകൾ കൊണ്ട് ബാഴ്സലോണ എങ്ങനെ തകർന്നു തരിപ്പണമായെന്ന് പരിശോധിക്കുന്നു.


Comments