സിൽവ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളുടെ അകമ്പടിയോടെ യാത്രയാകും

കപ്പിലേക്ക് ആരവങ്ങൾ നിറയ്ക്കേണ്ട സ്റ്റേഡിയങ്ങളൊക്കെയും നിശബ്ദമായിക്കിടക്കുന്നു. ആർപ്പുവിളികളാലും വാദ്യഘോഷങ്ങളായും ആവേശം പരന്നൊഴുകേണ്ട ഇരിപ്പിടങ്ങൾ മുമ്പെപ്പഴോ പൂശിയ ചായത്തിൽ മുങ്ങിക്കിടക്കുന്നു. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് നിർത്തിവെച്ച കായിക മത്സരങ്ങളിൽ ചിലത് പുനരാരംഭിച്ചട്ടുണ്ട്. കാണികളില്ലാത്ത കളിക്കളങ്ങൾ കളിക്കാരിലുണ്ടാക്കുന്ന ഏകാന്തതയെ കുറിച്ച് സ്‌പോർട്‌സ് ജേർണലിസ്റ്റായ ബാസു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിന്റെ ഫിക്സ്ചർ ലിസ്റ്റ് കഴിഞ്ഞ വേനൽക്കാലത്ത് തയ്യാറാക്കിയപ്പോൾ, മാഞ്ചസ്റ്റർ സിറ്റിക്ക്​ ഏപ്രിലിൽ അവരുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂളിനെതിരായ മത്സരം കിരീടപ്പോരാട്ടം ആയിരിക്കുമെന്ന് ആരാധകരും നിരീക്ഷകരും കരുതിയിരുന്നു. എന്നാൽ ഈ ജൂലൈയിൽ, പതിവിലും നിശബ്ദനായ ഡേവിഡ് സിൽവ ആളൊഴിഞ്ഞ സ്റ്റാൻഡുകളിൽ ഇരുന്ന്, മൂന്നുമാസത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം തന്റെ ടീമംഗങ്ങൾ ലിവർപൂളിനെ നേരിടുന്നത് കാണുമ്പോൾ, അത് ഒരു പ്രാധാന്യവുമില്ലാത്ത കളിയായി മാറിയിരുന്നു. കളിച്ച 31 ൽ 28 ലും വിജയിച്ച് എതിരാളികൾ 30 വർഷത്തിനുശേഷം ലീഗ് ചാമ്പ്യൻമാരായി അതും, കഴിഞ്ഞ രണ്ട് സീസണിലും റെക്കോർഡ് ഭേദിച്ച് ചാമ്പ്യന്മാരായ സിറ്റിയെ 23 പോയിന്റ് പിന്നിലാക്കിക്കൊണ്ട്.
2010ൽ ലോകകപ്പ് നേടിയ സ്‌പെയിൻ ടീം അംഗവും യൂറോ 2008, യൂറോ 2012 എന്നിവ ഉയർത്തിയ സ്പാനിഷ് സുവർണ തലമുറയുടെ ഭാഗവുമായ സിൽവ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച കളിക്കാരിൽ ഒരാളായി ചരിത്രത്തിൽ ഇടം നേടുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലായിരുന്നു. 2010 വേനൽക്കാലത്ത് അദ്ദേഹം മാഞ്ചസ്റ്ററിലെത്തിയപ്പോൾ, സിറ്റി അപ്പോഴും- മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗൂസന്റെ വാക്കുകളിൽ- ‘ഒച്ചക്കാരായ അയൽക്കാർ' മാത്രം ആയിരുന്നു. കാരണം 42 വർഷം മുമ്പായിരുന്നു അവർ അവസാനമായി ഇംഗ്ലീഷ് ലീഗ് കിരീടം നേടിയത്. മാത്രമല്ല, ഏതെങ്കിലും പ്രധാന ട്രോഫി അവർ നേടുന്നത് കാണാൻ മൂന്ന് പതിറ്റാണ്ടിലേറെ പിന്നോട്ട് പോകേണ്ടിയിരുന്നു.

കാൽപന്തുകളിയുടെ ദൈവങ്ങൾക്ക് അല്പമെങ്കിലും നീതിബോധമുണ്ടെങ്കിൽ, ഒരു ചാമ്പ്യൻസ് ലീഗ് വിജയിയുടെ മെഡലും കൊണ്ടായിരിക്കും ഈ സീസണിന്റെ അവസാനം ഡേവിഡ് സിൽവ വിട വാങ്ങുക

ഈ സീസണിന്റെ അന്ത്യത്തിൽ സിൽവ സ്പെയിനിലേക്ക് മടങ്ങുമ്പോൾ, ഒരു സീരിയൽ വിജയിയായാണ്​ അദ്ദേഹം ഓർക്കപ്പെടുക. സെർജിയോ അഗ്യൂറോ, വിൻസെന്റ് കൊമ്പനി, യായാ ടൂറെ എന്നിവരടങ്ങിയ പ്രധാന ഗ്രൂപ്പിനൊപ്പം ചേർന്ന്, മാഞ്ചസ്റ്ററിലെ പ്രധാന ടീമായി മാത്രമല്ല, ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും പ്രബല ശക്തിയായും സിറ്റിയെ സ്ഥാപിക്കാൻ സിൽവക്ക് കഴിഞ്ഞു. കഴിഞ്ഞ ദശകത്തിൽ സിറ്റി നേടിയ നാല് ലീഗ് കിരീടങ്ങൾ അതിന് തെളിവാണ്. കാൽപന്തുകളിയുടെ ദൈവങ്ങൾക്ക് അല്പമെങ്കിലും നീതിബോധമുണ്ടെങ്കിൽ, ഒരു ചാമ്പ്യൻസ് ലീഗ് വിജയിയുടെ മെഡലും കൊണ്ടായിരിക്കും ഈ സീസണിന്റെ അവസാനം അദ്ദേഹം വിട വാങ്ങുക.
സിൽവയെ ആരാധിക്കുന്നത് മാഞ്ചസ്റ്റർ സിറ്റി ആരാധകർ മാത്രമല്ല. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരുമാണ്. കാരണം പന്തിനെ തന്റെ കാൽസ്പർശം കൊണ്ട് കീഴ്പ്പെടുത്തുന്നതിലെ വൈദഗ്ദ്ധ്യവും, കളിയുടെ ഒഴുക്ക് മനസ്സിലാക്കാനുള്ള ദീർഘദൃഷ്ടിയും കൊണ്ട് അദ്ദേഹം ഇംഗ്ലീഷ് ഗെയിമിന്റെ അലങ്കാരമായിരുന്നു. സ്റ്റാൻഡുകൾ കോവിഡ് ശൂന്യമാക്കിയിരുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ, ഇംഗ്ലണ്ടിൽ അദ്ദേഹം കളിക്കുന്നിടത്തെല്ലാം ആരാധകരുടെ ആരവം മുഴങ്ങുമായിരുന്നു. പകരം, സിൽവ ആളൊഴിഞ്ഞ സ്റ്റേഡിയങ്ങളിലെ മാറ്റൊലികളുടെ അകമ്പടിയോടെ യാത്രയാകും. ആരാധകരുടെ പോർവിളികൾക്കും പാട്ടുകൾക്കും പകരം, ശൂന്യമായ ഭീമൻ സ്റ്റാൻഡുകളിൽ മുഴങ്ങുന്നത് ടീമംഗങ്ങളുടെയും പരിശീലകരുടെയും അലർച്ചകളായിരിക്കും. എത്തിഹാദിന് 55,000 ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. എന്നാൽ സിൽവ തന്റെ അവസാന മത്സരം അവിടെ കളിക്കുമ്പോൾ, അത് കാണാൻ അവിടെ നൂറിലേറെ ആളുകൾ മാത്രമേ ഉണ്ടാകൂ - കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, ടി.വി ക്യാമറക്കാർ, പത്രപ്രവർത്തകർ, പിന്നെ കുറച്ച് സ്റ്റേഡിയം വോളന്റിയർമാരും.

കോഴിക്കോട്ടുകാരന്റെ സ്വന്തം ബാഴ്‌സലോണ
ഒരു കായികതാരവും ആരാധകനും തമ്മിലുള്ള ബന്ധം സിനിമയിലേതിൽനിന്ന് വ്യത്യസ്തമാണ്. വെള്ളിത്തിരയിൽ കാണുന്ന കാര്യങ്ങളിൽ സിനിമ കാണാൻ പോകുന്നയാൾക്ക് സ്വാധീനമില്ല. സിനിമാതാരങ്ങളുമായി എത്ര അടുപ്പം തോന്നിയാലും, ഒരു സിനിമാ ആരാധകന്റെ യഥാർത്ഥ ജീവിതവും, സിനിമാതാരങ്ങളുടെ അഭ്രപാളികളിലെ ജീവിതവും തമ്മിൽ കേവലം പ്രൊജക്ഷൻ റൂമിനേക്കാൾ കൂടുതൽ അകലമുണ്ട്. സിനിമതാരങ്ങൾ ആരാധകരുടെ പ്രശംസ ആസ്വദിക്കുമെങ്കിലും, അവർ ആരാധകരുമായി പങ്കിടുന്ന ബന്ധം പ്രച്​ഛന്നമായ ഒന്നാണ്​.
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കാൽപന്തുകളിയുടെ ഹൃദയഭൂമികളിൽ, ആ കളി വിശ്വാസത്തിന്റെ ആധാരശിലയാണ്. ആൺ, പെൺ മക്കൾ ഒരേപോലെ മാതാപിതാക്കളുടെയോ മുൻതലമുറകളുടെയോ പാത പിന്തുടരുന്നു. എന്നാൽ ആ വിശ്വാസത്തിന്റെ അതിരുകൾ കല്ലിൽ പതിച്ച ഒന്നല്ല. ഒരേ കുടുംബത്തിൽ തന്നെ സിറ്റിയുടെയോ യുണൈറ്റഡിന്റെയോ ആരാധകർ ഉണ്ടാകാം. ലിവർപൂളിനായി കളിക്കുന്ന ഒരാൾ ബാല്യകാലത്ത് എവർട്ടൺ ആരാധകൻ ആയിരുന്നിരിക്കാം.

കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം
കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം

കോഴിക്കോട്ടുള്ള ഒരാൾക്ക്​ ബാഴ്‌സലോണയെ അയാളുടെ ടീമായി സ്വീകരിക്കുന്നതിന് തടസ്സമില്ല. സ്വന്തം കുട്ടിയ്ക്ക് ലിയോ, മെസുട്ട് അല്ലെങ്കിൽ സിദാൻ എന്നൊക്കെ പേരിടുന്നതിനും വിലക്കില്ല. ജനിച്ച് വീഴുന്നത് എവിടെയാണെന്ന് നിയന്ത്രിക്കാൻ ആർക്കുമാകില്ലെങ്കിലും കായിക കുടുംബങ്ങളെ തിരഞ്ഞെടുക്കാൻ എല്ലാവർക്കും കഴിയും. മാത്രമല്ല, ഇത്തരത്തിൽ രൂപംകൊണ്ട ബന്ധങ്ങൾ ജീവിതകാലം നീണ്ടുനിൽക്കുകയും ചെയ്യും.

കളിക്കാർ എങ്ങനെ കളിക്കുന്നു എന്നതിൽ സ്റ്റേഡിയത്തിനകത്തെ ആരാധകർക്ക് നല്ല പങ്കുണ്ട്. ഒരു സംഗീത മേളയുടെയോ നൃത്തപരിപാടിയുടെയോ മികവ്, പ്രേക്ഷകരെ ആശ്രയിച്ച് വ്യത്യാസപ്പെടില്ല. ഒരു പരിധിവരെ കലാകാരന്റെതായ ഇടപെടലുകൾ ഉണ്ടായേക്കാം, പക്ഷേ അത് അയാളുടെ/അവളുടെ മികവിനെ ആശ്രയിച്ചിരിക്കും. പ്രേക്ഷകന് പ്രകടനക്കാരന്റെ മാനസികാവസ്ഥയെയും പ്രകടനത്തെയും വരെ സ്വാധീനിക്കാൻ കഴിയുന്ന ഒരേയൊരു മേഖലയാണ് സ്പോർട്സ്. അതുകൊണ്ടാണ്

കോഴിക്കോടുള്ള ഒരാൾക്കു ബാഴ്‌സലോണയെ അയാളുടെ ടീമായി സ്വീകരിക്കുന്നതിന് തടസ്സമില്ല. സ്വന്തം കുട്ടിയ്ക്ക് ലിയോ, മെസുട്ട് അല്ലെങ്കിൽ സിദാൻഎന്നൊക്കെ പേരിടുന്നതിനും വിലക്കില്ല

ഓട്ടക്കാരും ചാട്ടക്കാരും പോൾ വോൾട്ടുകാരും ഒക്കെ ഗാലറികളിലേക്ക് തിരിയുന്നതും, കാണികളോട് പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടുന്നത്. കാണികളുടെ കൈയടികളുടെ ഇരമ്പം സൃഷ്ടിക്കുന്ന അഡ്രിനാലിൻ ആയിരിക്കും, പലപ്പോഴും ഒരു സാധാരണ റണ്ണിനെയോ കുതിച്ചുചാട്ടത്തെയോ റെക്കോർഡ് ഭേദിക്കാൻ പ്രാപ്തമാക്കുന്നത്. എന്നാൽ ടീം സ്പോർട്സിനെക്കാൾ കൂടുതലായി ഈ കൂട്ടായ്മയുടെ പ്രഭാവം മറ്റൊരിടത്തും അനുഭവപ്പെടില്ല, കാണികൾ പ്രചോദിപ്പിക്കുന്നത് ടീമിലെ ഏതെങ്കിലും ഒരു പ്രത്യേക കളിക്കാരനെ മാത്രമാണെങ്കിൽ കൂടി.

സാ-ച്ചിൻ, സാ-ച്ചിൻ
കാൽനൂറ്റാണ്ടോളം ""സാ-ച്ചിൻ, സാ-ച്ചിൻ'' എന്ന മന്ത്രമില്ലാതെ ലോകത്തെവിടെയും ഒരു ഇന്ത്യൻ ക്രിക്കറ്റ് മത്സരം കാണാൻ കഴിയില്ലായിരുന്നു. 2013 നവംബറിൽ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന തന്റെ അവസാന ടെസ്റ്റിൽ സച്ചിൻ 74 റൺസ് നേടി ഡാരൻ സാമിക്ക് സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്തായി. ക്ഷണനേരം സ്റ്റേഡിയത്തിലുണ്ടായ നിശബ്ദത പേടിപ്പെടുത്തുന്നതായിരുന്നു. സ്റ്റാൻഡുകളിലെ ആരാധകനെന്നോ, പ്രസ് ബോക്സിലെ മാധ്യമപ്രവ

ർത്തകനെന്നോ, കോർപ്പറേറ്റ് ആതിഥ്യം ആസ്വദിക്കുന്ന സെലിബ്രിറ്റിയെന്നോ, ആ നിമിഷം ഒരു വ്യത്യാസവും ഉണ്ടായിരുന്നില്ല, എല്ലാവരും എഴുന്നേറ്റ് കൈയടിക്കുകയായിരുന്നു. ഗ്രൗണ്ടിലെ ഇരമ്പം, കാണികളുടെ കൈയടിയും ആരവങ്ങളും തേങ്ങലുകളും ചേർന്നതായിരുന്നു.
പിന്നീട് സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത സച്ചിൻ, ‘ഞാൻ ശ്വാസമെടുക്കുന്ന കാലത്തോളം സച്ചിൻ-സച്ചിൻ എന്ന ആരവം എന്റെ കാതുകളിൽ പ്രതിഫലിക്കും' എന്നാണ് പറഞ്ഞത്. ഒരു വർഷത്തിനുശേഷം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിൽ ഒരാളായി ഞാൻ അദ്ദേഹത്തെ കണ്ടു. കളിയുടെ ഹാഫ് ടൈമിൽ അദ്ദേഹം സ്റ്റേഡിയത്തിലേക്കു പോയപ്പോൾ പഴയ ആ മന്ത്രം വീണ്ടും ആരംഭിച്ചു. അല്പം വീർപ്പുമുട്ടലോടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് കാണാമായിരുന്നു.

ആൻഫീൽഡ് സ്റ്റേഡിയം / Photo: Wikimedia Commons
ആൻഫീൽഡ് സ്റ്റേഡിയം / Photo: Wikimedia Commons

ആരാധകരും കളിക്കാരും തമ്മിലുള്ള ഈ പാവന ബന്ധം ഏറ്റവും പ്രകടമാകുന്നത്, ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡ്, അഥവാ ജർഗൻ ക്ലോപ്പ് ഇപ്പൊൾ പ്രധാന പുരോഹിതനായ ഫുട്ബോൾ കത്തീഡ്രലിലാണ്. 1960കളുടെ തുടക്കത്തിൽ, ബിൽ ഷാങ്ക്ലി ഇംഗ്ലീഷ് ഫുട്ബോളിലെ അനിഷേധ്യ നേതാക്കളായി ക്ലബ്ബിനെ പുനസ്ഥാപിച്ചപ്പോൾ മുതൽ, ആൻഫീൽഡിലെ ‘കോപ്പ്' എന്നറിയപ്പെടുന്ന - എല്ലാക്കാലത്തെയും ലിവർപൂൾ ടീമുകൾ ഹോം മത്സരങ്ങളുടെ രണ്ടാം പകുതിയിൽ ആക്രമിക്കാൻ ഇഷ്ടപ്പെടുന്ന സ്റ്റാൻഡ് - ആരാധകരുടെ ഭ്രാന്തമായ ആവേശത്താൽ ടീമിന്റെ ‘പന്ത്രണ്ടാമത്തെ കളിക്കാരൻ' എന്ന നിലയിൽ ഐതിഹാസിക പദവി നേടിയിട്ടുണ്ട്.

കൊരിന്ത്യൻസ്, 'ഡെമോക്രേഷ്യ'
2019 മേയിൽ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ, ആദ്യ പാദത്തിലെ 3-0 ന്റെ അപര്യാപ്തത മറികടന്ന് മെസ്സിയുടെ ബാഴ്‌സലോണയെ പരാജയപ്പെടുത്തി മുന്നേറി. മുമ്പ് കറ്റാലൻ ഭീമൻമാർക്കൊപ്പം രണ്ടുതവണ ട്രോഫി നേടിയ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയ്ക്ക്, ബാഴ്‌സയുടെ ദയനീയമായ കീഴടങ്ങലിൽ ആൻഫീൽഡ്വേദി വഹിച്ച പങ്ക് വളരെ വലുതാണ്. കളിക്കാരെ പിച്ചിലേക്ക് നയിക്കുന്ന തുരങ്കത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, എല്ലാവർക്കും കാണാവുന്ന രീതിയിൽ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്: ‘ഇതാണ് ആൻഫീൽഡ്'. ഗ്വാർഡിയോള തന്നെ പിന്നീട് കാറ്റലോണിയൻ പ്രസിദ്ധീകരണമായ ‘അറാ'യോട് പറഞ്ഞിട്ടുണ്ട്; ‘അതൊരു മാർക്കറ്റിംഗ് വാചകം അല്ല', എന്ന്. ‘ലോകത്തിലെ മറ്റൊരു സ്റ്റേഡിയത്തിലും നിങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ അവിടെയുണ്ട്. അവർ ഒരു ഗോൾ നേടിയാൽ, അടുത്ത അഞ്ച് മിനിറ്റിനുള്ളിൽ നിങ്ങൾക്കെതിരെ മറ്റൊരു നാല് ഗോളുകൾ കൂടെ വരുമെന്ന്​ തോന്നിപ്പോകും. നിങ്ങൾ ചെറുതായതായും, എതിരാളികൾ എല്ലായിടത്തുമുണ്ടെന്നും'

1982 ൽബ്രസീൽ സൈനിക ഭരണത്തിലായിരിക്കെ, കൊരിന്ത്യൻസ് തങ്ങളുടെ ജഴ്‌സിയുടെ മുൻഭാഗത്ത് ‘ഡെമോക്രേഷ്യ'(ജനാധിപത്യം)എന്ന വാക്ക് പ്രദർശിപ്പിച്ചു കൊണ്ടാണ്​ സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയത്

ഇത്തരം ഉത്സാഹവും ആവേശവും പിച്ചിനു പുറത്തേക്കും പ്രവഹിക്കാം. ബ്രസീലിൽ, സാവോ പോളോയുടെ കൊരിന്ത്യൻസ് ഏറ്റവും മികച്ച പിന്തുണയുള്ള ക്ലബ്ബുകളിൽ ഒന്നാണ്. 1982 ൽബ്രസീൽ സൈനിക ഭരണത്തിലായിരിക്കെ, കൊരിന്ത്യൻസ് തങ്ങളുടെ ജഴ്‌സിയുടെ മുൻഭാഗത്ത് ‘ഡെമോക്രേഷ്യ'(ജനാധിപത്യം)എന്ന വാക്ക് പ്രദർശിപ്പിച്ചു കൊണ്ടാണ്​ സാവോ പോളോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് നേടിയത്​. ആ വർഷം ലോകകപ്പിൽ ബ്രസീലിന്റെ ക്യാപ്റ്റനായിരുന്ന മിഡ്ഫീൽഡർ സോക്രട്ടീസായിരുന്നു അവരുടെ പ്രധാന പ്രേരകശക്തി. ‘ഞാൻ കളിച്ച ഏറ്റവും മഹത്തായ ടീം അതായിരുന്നു, കാരണം അത് കളിയേക്കാൾ കാര്യമുള്ള ഒന്നായിരുന്നു' എന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പറഞ്ഞു. ‘ഒരു പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ ഞാൻ നേടിയ വിജയത്തേക്കാൾ പ്രധാനമാണ് എന്റെ രാഷ്ട്രീയ വിജയങ്ങൾ. ഒരു മത്സരം 90 മിനിറ്റിനുള്ളിൽ അവസാനിക്കുന്നു, പക്ഷേ ജീവിതം പിന്നെയും തുടർന്നു പോകും'; 1984 ൽ ഇറ്റലിയിൽ ഒരു വർഷം കളിക്കാൻ പോകുന്നതിനുമുമ്പ്​ ദശലക്ഷത്തിലധികം ആളുകളുടെ റാലിയിൽ സോക്രട്ടീസ് പറഞ്ഞ വാചകങ്ങളാണിത്. സ്റ്റേഡിയങ്ങളുടെ ടെറസുകളിൽ രൂപംകൊണ്ട ഇത്തരം ബന്ധങ്ങൾ അതിനു പുറത്തേക്കും വളരെയധികം വ്യാപിക്കാറുണ്ട്. ഒരു കായിക മത്സരത്തിന്റെ സകല അടിസ്ഥാന സ്വഭാവങ്ങളെയും ആരാധകർക്ക് മാറ്റാൻ കഴിയുന്ന സന്ദർഭങ്ങളുണ്ട്. അത്തരമൊന്നായിരുന്നു 2005 മേയിൽ ഇസ്താംബൂളിൽ നടന്ന എസി മിലാനും ലിവർപൂളും തമ്മിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഏറ്റുമുട്ടൽ. ആ രാജ്യത്തെ തന്നെ ഏറ്റവും വലിയ മൂന്ന് ക്ലബുകളായ ഗലറ്റാസരെ, ഫെനെർബാഷെ, ബെസിക്ടാസ് എന്നിവയുടെ സ്റ്റേഡിയങ്ങൾക്ക് പകരം നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത്, ഈ മത്സരം നടത്തണമെന്നഒറ്റ ഉദ്ദേശ്യത്തോടെ നിർമ്മിച്ച അറ്റാറ്റുർക്ക് സ്റ്റേഡിയമായിരുന്നു മത്സരവേദി. അന്ന് സ്റ്റേഡിയത്തിന് 76,000 ലേറെകാണികളെ ഉൾക്കൊള്ളാൻ കരുത്തുണ്ടായിരുന്നു.
ഫൈനലിന് രണ്ട് വർഷം മുമ്പായിരുന്നു എസി മിലാൻ ആറാം ചാമ്പ്യൻസ് ലീഗ് ട്രോഫി നേടിയത്, പക്ഷേ ലിവർപൂളിനെ സംബന്ധിച്ച് അവരുടെ 20 വർഷത്തിലെ ആദ്യ ഫൈനലായിരുന്നു. ടൂർണമെന്റ് സംഘാടകരായ യുവേഫ, ഓരോ ക്ലബിനും 20,000 ടിക്കറ്റു വീതവും, ബാക്കി സ്പോൺസർമാർക്കും, മറ്റു ഫുട്ബോൾ ആരാധകവൃന്ദത്തിനുമായി വിതരണം ചെയ്തിരുന്നു. പക്ഷേ ലിവർപൂൾ ആരാധകർക്ക് ആ ടിക്കറ്റിനോടുള്ള ആഗ്രഹം വളരെ വലുതായത് കൊണ്ട് - ചിലർ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള ദൂരസ്ഥലങ്ങളിൽ നിന്നു വരെ എത്തിച്ചേർന്നിരുന്നു - 35,000ത്തിൽപ്പരംആരാധകർ കിക്ക് ഓഫിന് മുമ്പ് പ്രിയ ടീമിനെ പിന്തുണക്കാൻ സ്റ്റേഡിയത്തിൽ കയറിപ്പറ്റി.

പക്ഷേ ലിവർപൂൾ ആരാധകരുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതായിരുന്നു, ആദ്യ പകുതിയിലെ കളിയുടെ ഗതി. ആദ്യപകുതിയുടെ വിസിൽ മുഴങ്ങുമ്പോൾ കളം നിറഞ്ഞാടിയ മിലാൻ ടീം 3-0 ന് മുന്നിലെത്തിയിരുന്നു. കളി കൈ വിട്ടു പോയെന്ന് അറിയാമെങ്കിലും, പ്രതീക്ഷ അണയാതെ നിർത്താൻ ലിവർപൂൾ ആരാധകർ ഇടവേളയിൽ ‘യൂ വിൽ നേവർ വോക്ക് അലോൺ ' എന്ന അവരുടെ ക്ലബിന്റെ ഗാനം ഹൃദയത്തിൽ തട്ടുംവിധം പാടാൻ തുടങ്ങി . കളിക്കാർ ഡ്രസ്സിംഗ് റൂമിൽ നിന്ന് പിച്ചിലേക്ക് വരുമ്പോൾ അവർ ആ ഗാനം നിർത്താതെ പാടിക്കൊണ്ടിരുന്നു. രണ്ടാം പകുതി തുടങ്ങി ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോൾ, സ്റ്റീവൻ ജെറാർഡ് - ക്യാപ്റ്റൻ ചുമതലയേന്തിയ ലിവർപൂൾ നഗരത്തിന്റെ സ്വന്തം പുത്രൻ - മിലാൻ കീപ്പർ ഡിഡയെ മറികടന്ന് ഒരുഗ്രൻ ഹെഡ്ഡർ സ്‌കോർ ചെയ്തു. ഗോൾ വലയിലെ പന്തും എടുത്ത് സെന്റർ സർക്കിളിലേക്ക് തിരികെ ഓടുന്നതിനിടയിലും ജെറാർഡ് ലിവർപൂൾ ആരാധകരുടെ ദിശയിലേക്ക് തിരിഞ്ഞ് നോക്കി, കൈകൾ ഉയർത്തി, ഉറക്കെയുറക്കെ പാടാൻ ആവശ്യപ്പെട്ടു.

ഒരു വർഷത്തിനുശേഷം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിൽ ഒരാളായി ഞാൻ അദ്ദേഹത്തെ കണ്ടു. ഹാഫ് ടൈമിൽ അദ്ദേഹം സ്റ്റേഡിയത്തിൽ പോയപ്പോൾ പഴയ ആ മന്ത്രം വീണ്ടും ആരംഭിച്ചു. അല്പം വീർപ്പുമുട്ടലോടെ ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം തെളിഞ്ഞ് കാണാമായിരുന്നു

പിന്നെ അവിടെ വിശീയത് ഒരു കൊടുങ്കാറ്റായിരുന്നു. സ്റ്റാന്റുകളിലെ ലിവർപൂൾ ആരാധകരുടെ ഇരമ്പം ഉയർന്നുയർന്നു വന്നപ്പോൾ, അതുവരെ വൈദഗ്ധ്യത്തോടെയും സമചിത്തതയോടെയും കളിച്ചിരുന്ന മിലാൻ ടീം അക്ഷരാർഥത്തിൽ മരവിച്ചു. അടുത്ത ആറ് മിനിറ്റിനുള്ളിൽ ലിവർപൂൾ രണ്ടു ഗോളുകൾ കൂടി നേടി, മിലാനോട് ഒപ്പമെത്തി. തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയിച്ച് ട്രോഫി നേടുകയും ചെയ്തു. കളി നടന്ന സ്റ്റേഡിയം ആരും തിരിഞ്ഞു നോക്കാത്ത വിജനപ്രദേശത്തായിരുന്നിരിക്കാം, പക്ഷേ അവിസ്മണീയമായ കുറച്ച് മണിക്കൂറുകളിലേക്കെങ്കിലും, ആരാധകർ അതിനെ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.

കോഴിക്കോട്ടെ കോർപറേഷൻ സ്റ്റേഡിയത്തിലെ ആവേശത്തിരമാല
ചിലപ്പോൾ, അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇരു ടീമിന്റെയും ആജീവനാന്ത ആരാധകർ തന്നെ വേണമെന്നില്ല. 1987 ൽ കോഴിക്കോട് നെഹ്‌റു കപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ, ഡെൻമാർക്ക് തങ്ങളുടെ പ്രാദേശിക ലീഗിൽ കളിച്ചിരുന്ന യുവ കളിക്കാരടങ്ങിയ ടീമിനെ അയച്ചു. 1986 ലോകകപ്പിലെ താരങ്ങളിലൊരാളായ മൈക്കിൾ ലോഡ്രപ്പിന്റെ ഇളയ സഹോദരൻ ബ്രയാൻ ലോഡ്രപ്പായിരുന്നു അതിലൊരാൾ. ചൈനീസ് ബി ടീമിനെതിരെ ഇളയ ലോഡ്രപ്പ് മികച്ച ഗോൾ നേടിയപ്പോൾ, മുള കൊണ്ട് നിർമിച്ച ആ താൽക്കാലിക ഗാലറി അണപൊട്ടിയ ആഹ്ലാദത്താൽ ഇടിഞ്ഞ് വീഴുമെന്ന് ഒരു നിമിഷത്തേക്കെങ്കിലും ഭയപ്പെടുത്തി. ഒലെക്‌സി മൈഖെയ്‌ലി ചെങ്കോ ആയിരുന്നു ഫൈനലിൽ ബൾഗേറിയയ്‌ക്കെതിരെ വിജയമുറപ്പാക്കിയ ഗോൾ നേടിയത് - അദ്ദേഹം പിന്നീട്, 1988 യൂറോയിൽ നെതർലാൻഡിനോട് റണ്ണറപ്പായ സോവിയറ്റ് യൂണിയൻ ടീമിലും അംഗമായിരുന്നു - ഫൈനലിൽ ആ ഗോൾ പിറന്നപ്പോൾ, സോവിയറ്റ് യൂണിയൻ കളിക്കാർ ഒരു നിമിഷം, തങ്ങൾ മോസ്‌കോ നഗരത്തിന്റെ തന്നെ ചൂടും ഈർപ്പവും കൂടിയ ഏതോ ഒരു പതിപ്പിലാണെന്ന് വിചാരിച്ചുപോയെങ്കിൽ അവരെ കുറ്റം പറയാനാവില്ലായിരുന്നു. കാരണം അത്രക്കുണ്ടായിരുന്നു പഴയ കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ടെറസുകളിൽ അലയടിച്ച ആവേശത്തിരമാല.

കാണാനാവില്ല കളി നിശ്ശബ്​ദമായി
ഫുട്ബോളിന്റെ അത്രനാടകീയതയില്ലാത്ത മത്സരങ്ങളിൽ പോലും ആരാധകർക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയും. അധികം കാണികളൊന്നും ഇല്ലാതെ ദിവസങ്ങൾ കൊണ്ട് കളിച്ച് തീർക്കുന്ന വിരസമായ ടെസ്റ്റ് മത്സരങ്ങൾ വരെ ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. 2008 നവംബറിൽ നടന്ന മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് ടെസ്റ്റ് കളിച്ചു. ആദ്യത്തേത്, ചെന്നൈയിൽ. കളിയുടെ ആദ്യ മൂന്നര ദിവസം സന്ദർശകരുടെ ആധിപത്യമായിരുന്നു. നാലാം ദിനം ഉച്ചതിരിഞ്ഞ് ഇംഗ്ലണ്ട് ഇന്നിംഗ്സ് മതിയാക്കിയപ്പോൾ, ഇന്ത്യ 387 എന്ന കൂറ്റൻ ലക്ഷ്യത്തെയാണ് നേരിട്ടത്. ഇന്ത്യൻ മണ്ണിലെ 75 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ, ഒരു ടീമും അവസാന ഇന്നിംഗ്സിൽ 276 റണ്ണിൽ കൂടുതൽ നേടി വിജയിച്ചിട്ടുണ്ടായിരുന്നില്ല.
അവസാന സെഷനായപ്പോളേക്കും സാമാന്യം നല്ല ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. വീരേന്ദർ സെവാഗ് ഇംഗ്ലണ്ടിന്റെ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കാൻ തുടങ്ങിയതോടെ ഗ്രൗണ്ടിലെ ശബ്ദത്തിന്റെ തോതും ഉയരാൻ തുടങ്ങി. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 131 റൺസ് നേടിയിരുന്നു, അഞ്ചാം ദിനത്തിൽ അത്ഭുതകരമായ ഒരു വിജയത്തിനുള്ള സാധ്യതയും. പിറ്റേന്ന് രാവിലെ, തന്റെ ഭാഗ്യഗ്രൗണ്ടിൽ സച്ചിൻ ബാറ്റ് ചെയ്യുന്നത് കാണാൻ മൈതാനം നിറഞ്ഞു. ആദ്യ പന്തു മുതലുള്ള ആരാധകരുടെ പിന്തുണ അമ്പരപ്പിക്കുന്നതായിരുന്നു. നാലാം ദിവസം വരെ കളി ജയിക്കാൻ എല്ലാവരും സാധ്യത കൽപിച്ചിരുന്ന ഇംഗ്ലണ്ട് ടീം അതോടെ തളർന്നു. സച്ചിൻ 100 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ജയം സമ്മാനിച്ചു.

‘ആരാധകർ ഇല്ലാതെ ഫുട്ബോൾ ഒന്നുമല്ല.' എന്ന് പറഞ്ഞത് ജോക്ക് സ്റ്റെയ്ൻ ആയിരുന്നു

ഇംഗ്ലണ്ടിന്റെ മനോവീര്യം കെടുത്താൻ വഴിമരുന്നിട്ട സെവാഗിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു, പക്ഷേ അദ്ദേഹം അത് സന്തോഷത്തോടെ കാണികളുമായി പങ്കിട്ടു, കാരണം അത്രത്തോളം ആയിരുന്നു വിജയത്തിൽ കാണികളുടെ പ്രോത്സാഹനത്തിന്റെ പങ്ക്. ആ അനുഭവം നഷ്ടപ്പെടുത്തിയിരുന്നെങ്കിൽ തങ്ങൾക്ക് ഒരിക്കലും സ്വയം പൊറുക്കാൻ കഴിയില്ലായിരുന്നുവെന്ന് അന്ന് അവിടെ ഉണ്ടായിരുന്ന ആരാധകർ പറയാറുണ്ട്.

ബാറ്റു ചെയ്യുന്ന സച്ചിൻ / Photo: Wikimedia Commons
ബാറ്റു ചെയ്യുന്ന സച്ചിൻ / Photo: Wikimedia Commons

ജൂലൈയിൽ സതാംപ്ടണിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്​- വെസ്റ്റ് ഇൻഡീസ്​ ടെസ്റ്റ് മത്സരം ആരംഭിക്കുമ്പോൾ അത് ആഗോള ലോക്ക്ഡൗണിനുശേഷം കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരിക്കും. ഇസ്താംബൂളിലെ അറ്റാറ്റുർക്ക് സ്റ്റേഡിയം പോലെ, 'റോസ് ബൗൾ' സ്റ്റേഡിയവും നഗര കേന്ദ്രത്തിൽ നിന്ന് അകലെയാണ്. അത് കൊണ്ട് തന്നെ അത് ഒരു 'ബയോസെക്യൂർ' ലൊക്കേഷനുമാണ്. പക്ഷേ കളിക്കാർ എന്തിനാണ് ചടങ്ങു പോലെ ഈ കളി കളിക്കുന്നത് എന്ന് ആരാധകരില്ലാത്ത മൈതാനത്തിന്റെ വിരസാന്തരീക്ഷം കണ്ടാൽ ആരായാലും ആശ്ചര്യപ്പെടും.
2011 ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ, ലോർഡ്‌സിലെ ആദ്യ ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ കളി എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന അവസ്ഥയായിരുന്നു. കളി തുടങ്ങിയിട്ടും, ടിക്കറ്റിനായുള്ള ക്യൂ ഗ്രൗണ്ടിന്റെ കവാടത്തിൽ നിന്ന് നൂറു കണക്കിനു മീറ്റർ നീണ്ടിരുന്നു, കാരണം തങ്ങൾക്ക് സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ എന്നീ ഇതിഹാസതാരങ്ങൾ ബാറ്റേന്തുന്നത് അവസാനമായി കാണാനുള്ള അവസരം അതായിരിക്കുമെന്ന് ആരാധകർക്ക് അറിയാമായിരുന്നു. കളി ഇന്ത്യ തോറ്റു. പക്ഷേ നിരവധി ഇന്ത്യൻ കളിക്കാർ, തോറ്റെങ്കിലും അത്തരമൊരു അവസരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
‘ആരാധകർ ഇല്ലാതെ ഫുട്ബോൾ ഒന്നുമല്ല.' എന്ന് പറഞ്ഞത് ജോക്ക് സ്റ്റെയ്ൻ ആയിരുന്നു. 1967 ൽ ഗ്ലാസ്ഗോ കെൽറ്റിക്കിനെ യൂറോപ്യൻ കപ്പ് വിജയത്തിലേക്ക് നയിച്ചആദ്യത്തെ ബ്രിട്ടീഷ് ടീമിന്റെപരിശീലകൻ ജോക്ക് സ്റ്റെയ്ൻ.പക്ഷെ ആ വാചകം ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല ബാധകം. ഏതൊരു കായിക വിനോദവും അതിനെ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ആൾക്കൂട്ടമില്ലെങ്കിൽ വെറുമൊരു നിറം മങ്ങിയ അനുകരണമായി മാറും. എല്ലാ കായികതാരങ്ങളും ജനങ്ങൾക്ക് മുമ്പിൽ പ്രകടനം നടത്തുന്നവരാണ്. അവർക്ക് നല്ല പ്രകടനം കാഴ്ച വെക്കാൻ ജനക്കൂട്ടത്തിന്റെ ആവേശം പകർന്നു നൽകുന്ന അഡ്രിനാലിൻ ആവശ്യമാണ്.

കളിക്കാർ എന്തിനാണ് ചടങ്ങു പോലെ ഈ കളി കളിക്കുന്നത് എന്ന് ആരാധകരില്ലാത്ത മൈതാനത്തിന്റെ വിരസാന്തരീക്ഷം കണ്ടാൽ ആരായാലും ആശ്ചര്യപ്പെടും

വെസ്റ്റ് ഇൻഡീസ് ലോക ക്രിക്കറ്റിൽ ഭയപ്പെടേണ്ട ഒരു ടീമായിരുന്ന കാലത്തെ, ജമൈക്കയിലെ കിംഗ്സ്റ്റണിലെ സബീന പാർക്കിനെക്കുറിച്ച് സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെയാണ്. ‘സ്റ്റേഡിയത്തിന്റെ ചുറ്റുമുള്ള മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ആരാധകർ, എതിരാളികളെ നശിപ്പിക്കാൻ കിൽ ദേം, മാൻ! എന്ന് ആക്രോശിക്കുന്ന ജനക്കൂട്ടം, ഒപ്പം ഏറ്റവും കഠിനരായ അതിഥി ടീമുകളെ പോലും ഭയപ്പെടുത്തുന്ന കാർണിവൽ അന്തരീക്ഷം, ഇതൊക്കെ അവിടെ എപ്പോഴുമുണ്ടായിരുന്നു. ഇപ്പോൾ, പല അന്താരാഷ്ട്ര മത്സരങ്ങളിലും സ്റ്റേഡിയത്തിലെ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ ആ സ്റ്റേഡിയത്തിന് പഴയ പ്രഭാവമൊന്നുമില്ല.'

റാഫേൽ നദാൽ, റോജർ ഫെഡറർ
റാഫേൽ നദാൽ, റോജർ ഫെഡറർ

വിംബിൾഡണിലും ഓസ്‌ട്രേലിയൻ ഓപ്പണിലും അരങ്ങേറിയ റോജർ ഫെഡററും റാഫേൽ നദാലും തമ്മിലുള്ള ക്ലാസിക് മത്സരങ്ങളെക്കുറിച്ച് ഓർത്തു നോക്കൂ. ടെന്നീസ് കോർട്ടിൽ കാണികൾക്ക് മുന്നിൽ കാഴ്ചവെക്കാൻ ബാക്കിയൊന്നും വെക്കാതെയുള്ള ഇരുവരുടെയും പോരാട്ടങ്ങൾ എന്നെന്നും ഓർക്കപ്പെടും. പക്ഷേ തങ്ങളുടെ ഓരോ ഷോട്ടും ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകൾ ഇല്ലായിരുന്നുവെങ്കിൽ, തളർന്നു വീഴേണ്ടതിന് പകരം അത്രയും വൈദഗ്ധ്യവും നിശ്ചയദാർഢ്യവും പുറത്തെടുക്കാൻ അവർക്ക് കഴിയുമായിരുന്നോ.

മുഹമ്മദ് അലിയെയും റംബിൾ ഇൻ ദ ജംഗിളിനെയും കുറിച്ചും ആലോചിച്ച് നോക്കൂ. നിലവിലെ ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന ജോർജ്ജ് ഫോർമാൻ, 32-കാരനായ അലിയെ പുഷ്പം പോലെ തോൽപ്പിക്കാൻ പ്രാപ്തനായിരുന്നു. എന്നാൽ ‘20 വേ ഓഫ് മെയ്' സ്റ്റേഡിയത്തിലെ 60,000 വരുന്ന കാണികൾ മത്സരത്തിൽ വിജയസാധ്യതയില്ലാത്ത അണ്ടർഡോഗിനെ പിന്തുണച്ച്​ ശബ്ദമുയർത്തി. കാണികളിൽ ഭൂരിഭാഗവും ‘അലി, ബൂമാ യേ അലി, അവനെ കൊല്ലുക' എന്ന് ആക്രോശിക്കാൻ തുടങ്ങിയതോടെ, ചാമ്പ്യന്റെ പഞ്ചുകളുടെ പതിവ് രൗദ്രതയും ശക്തിയും പടിപടിയായി കുറയാൻ തുടങ്ങി, അതേസമയം വെറ്ററൻ ആയ അലി ശക്തി പ്രാപിക്കാനും തുടങ്ങി. ഒടുവിൽ കാണികളുടെ പിന്തുണയോടെ എട്ടാം റൗണ്ടിൽ അലി തന്റെ ശക്തനായ എതിരാളിയെ വീഴ്ത്തി.

ആൻഫീൽഡിന്റെ ചെകിടടപ്പിക്കുന്ന അലർച്ചയോ, ‘കോഹ്ലി - കോഹ്ലി' ആരവങ്ങളോ ഇല്ലാതെയുള്ള, ദൃശ്യാനുഭവം നിറം മങ്ങിയതായിരിക്കും

ഈ മഹാമാരിയുടെ കാലത്ത് വിംബിൾഡൺ ഉൾപ്പെടെ നിരവധി കായിക മത്സരങ്ങൾ റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് ആലോചിച്ചാൽ നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. അതിൽ ചില മത്സരങ്ങളെങ്കിലും അടച്ച വാതിലുകൾക്ക് പിന്നിൽ നടത്താമായിരുന്നു, പക്ഷേ അവയുടെ ആത്യന്തികലക്ഷ്യം എന്താവുമായിരുന്നു? ആരും കാണാതെയുള്ള ഒരു നദാൽ - ഫെഡറർ മത്സരം, വെറും ഒരു പരിശീലന സെഷൻ ആകുമായിരുന്നു. അടുത്ത സീസണിൽ കിരീടം നിലനിർത്താൻ ലിവർപൂളിന് എത്രമാത്രം കഷ്ടപ്പെടേണ്ടി വരും എന്ന് വ്യക്തമാക്കുന്ന രീതിയിൽ സിറ്റി 4-0ന് ലിവർപൂളിനെ തോൽപ്പിച്ചപ്പോൾ, എല്ലാർക്കും കേൾക്കാനാകുന്ന ഒരേയൊരു ആരവം സിറ്റി കളിക്കാരിൽ നിന്നും കോച്ചിംഗ് സ്റ്റാഫിൽ നിന്നും മാത്രമായിരുന്നു. സിറ്റി ആരാധകർക്ക് തങ്ങളുടെ ‘ബ്ലൂ മൂൺ' എന്ന ഗാനം എത്തിഹാദിന്റെ സ്റ്റാൻഡുകളിൽ നിന്ന് ഉറക്കെയുറക്കെ പാടിക്കേൾക്കുന്നതിന് പകരം, അവരുടെ വീടുകളിൽ ഒറ്റക്കുപാടേണ്ടിവന്നു.
ഇതാണ് പുതിയ യാഥാർത്ഥ്യം. മനുഷ്യജീവിതം മുന്നോട്ടുപോകും, അതിനൊപ്പം കായികലോകവും. എന്നാൽ ആൻഫീൽഡിന്റെ ചെകിടടപ്പിക്കുന്ന അലർച്ചയോ, പഴയ ‘സച്ചിൻ - സച്ചിൻ' വിളികൾക്ക് പകരമായി വന്ന ‘കോഹ്ലി - കോഹ്ലി' ആരവങ്ങളോ ഇല്ലാതെയുള്ള ദൃശ്യാനുഭവം നിറം മങ്ങിയതായിരിക്കും. ഒരു സിനിമ നിശബ്ദമായി കാണാനും, കഥ മനസ്സിലാക്കാനും കഴിയും, പക്ഷേ ആ അനുഭവം ഒരിക്കലും പൂർണമായിരിക്കുകയില്ല.


Summary: Some of the sporting events that were suspended due to the spread of the Covid-19 disease have resumed. Bhasu, a sports journalist, talks about the loneliness caused by stadiums without spectators.


Comments