പ്രണയം ജയിക്കട്ടെ!
തണുപ്പുകാലത്തൊരു കാൽപന്ത് ലോകോത്സവം, അതും യൂറോപ്പിലെ കളിമൂർഛക്കാലത്ത്. അതോ, മരുഭൂമിയിലും!
ആ ഭൂമിക്കാവട്ടെ ഒരു ഫുട്ബാൾ പൊങ്ങച്ചവും പറയാനുമില്ല, 2019 ൽ ഏഷ്യൻ കപ്പ് ജയിച്ചു എന്നതൊഴിച്ചാൽ. ഇവിടുത്തെ പല സ്റ്റേഡിയങ്ങളും കളിക്ക് ശേഷം ഡിസ്മാൻഡിൽ ചെയ്യപ്പെടും, അതിൽ പലതും ആഫ്രിക്കയിലെ പല പല മേഖലകളിൽ റീ-അസംബിൾ ചെയ്യപ്പെടും.
ഇന്നൂറ്റാണ്ടിലെ കേമൻ കളിക്കാരായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വേണ്ടി പല നാടുകളിലെ ജനങ്ങൾ ഒന്നായിരുന്ന് മുഴക്കുന്ന അവസാനത്തെ ആർപ്പുവിളികൾ. അങ്ങനെയങ്ങനെ, ഒരുതരത്തിലല്ല, പല തരത്തിൽ ഖത്തറിൽ തുടങ്ങുന്ന ലോകകപ്പ് വ്യത്യസ്തമാണ്. യൂറോപ്പിതര ഭൂഗോളത്തിന് ഇതൊരു കിടിലൻ ചാൻസുമാണ്. യൂറോപ്പിന്റെ കപ്പിലെ അള്ളിപ്പിടുത്തം അവസാനിപ്പിക്കാൻ. 2002 ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകോത്സവത്തിൽ ബ്രസീൽ കപ്പു നേടിയതൊഴിച്ചാൽ, അവരുടെ അങ്ങട്ടയിലെ അർജന്റീന 2014ൽ ഫൈനലിൽ എത്തിയതുമാത്രമാണ് ഫുട്ബോൾ ഗ്ലോബോത്സവത്തിലെ അ-യൂറോപ്പ് പ്രസൻസ്. 2010 ലെ സ്‌പെയിൻ, 2014 ലെ ജർമനി, 2018ലെ ഫ്രാൻസ് .... ഇപ്പോൾ ഇല്ല, അതുപോലൊരു അസാമാന്യ യൂറോപ്യൻ ടീം.
നാലു തവണത്തെ ചാമ്പ്യന്മാർ, ഇറ്റലി, ഇത്തവണയും കപ്പിലേക്കില്ല.
സ്‌പെയിനും ജർമനിയുമാവട്ടെ, അവരുടെ പഴയ കാലത്തിന്റെ, ടോണർ തീർന്ന ഫോട്ടോ കോപ്പി പോലെയാണ്. കിലിയൻ മ്പാപ്പെ മുടിഞ്ഞ ഫോമിലാണെങ്കിൽ, ഇപ്പോൾ കപ്പ് അലമാരയിലുളള ഫ്രാൻസിന് എത്താൻ പറ്റാത്ത ദൂരങ്ങളില്ല, പക്ഷേ, അടുത്തകാലത്തെ ഫ്രാൻസ് കളികൾ അതിദയനീയമാണ്. ങ്കോളോ കാന്തേ എന്ന മധ്യനിര പർവ്വതം പരിക്കോടെ പുറത്തായതോടെ നാലു കൊല്ലം മുമ്പു കണ്ട ഫ്രാൻസല്ല ഇപ്പഴത്തേത് എന്ന് ഉറപ്പായും പറയാം.
സദിയോ മാനെ, നയിക്കുന്ന സെനഗൽ ആണ് ആഫ്രിക്കൻ വിജയി എന്നു തോന്നിക്കും, പക്ഷേ, എളുപ്പമല്ല. സെനഗലും മൊറോക്കോയും കാമറൂണും ഉജ്വല പരിശ്രമികൾ! പക്ഷേ, നടക്കൂല! ആരെയും പേടിപ്പിക്കുന്ന ആ Indomitable Lions, അല്ലെങ്കിൽ 94 ലെയും 98 ലെയും നൈജീരിയൻ സൂപ്പർ ഈഗിൾ ഇഫക്ട്. എന്തിന്, 2002 ലെ സെനഗലും എട്ടു കൊല്ലം കഴിഞ്ഞുള്ള ഘാനയും, എന്റമ്മോ എന്തായിനും കഥ? പക്ഷേ, ഇപ്പോൾ അതല്ല സ്ഥിതി.
ഏഷ്യേന്ന് നോക്കിയാൽ ഖത്തറും ജപ്പാനും കൊറിയയും, വേണേൽ ഇറാനും സൗദിയും. പക്ഷേ, 2002 ആവർത്തിക്കില്ല, കൊറിയ അവസാനനാലിലേക്ക് എത്തിയതുപോലെ. 2010 ലെ ഉറായ്‌ഗേ, ആ മുടിഞ്ഞ പോരാളി, സൗത്ത് അമേരിക്കേന്ന്, അവിടെ കിടക്കുന്നുണ്ട്, വാശിക്കാർ വീരർ. ഓർമയില്ലേ ലൂയി സുവാരസിന്റെ കൈബാൾ, സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാഷ്ട്രമെന്ന ഖ്യാതി ഘാനയ്ക്ക് നിഷേധിച്ചത്. ഇനി പറയാം, മലയാളികളുടെ എക്കാലത്തേയും ‘ആർപ്പോയ്, ആർപ്പോയ്, കൂ' എന്ന രണ്ടു ടീമുകൾ അവിടെയുണ്ട്, ജയസാധ്യത, നിശ്ചയമായുമുള്ളവർ!
നാൽപ്പത് വയസ്സായിട്ടുണ്ടോ നിങ്ങൾക്ക്? ആ രണ്ടു ടീമുകളും ലോകകപ്പ് നാട്ടിൽ കൊണ്ടുപോവുന്നത് കണ്ടിട്ടുണ്ടോ? ഉം. റൊണാൾഡോ, റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നൊക്കെ അമ്പരപ്പിക്കുന്ന കളിക്കാർ. എന്നിട്ടും, 2002 ൽ ബ്രസീൽ പോലും അഞ്ചാം തവണ കപ്പ് എത്തിപ്പിടിച്ചില്ലല്ലോ?
യാഥാർത്ഥ്യത്തേക്കാൾ നൊസ്റ്റു പിടികൂടിയവരാണീ കാണികൾ! യക്ഷിക്കഥകളിൽ അഭിരമിക്കുന്ന ഒരു ജനാവലിയുടെ, പണ്ടെങ്ങാണ്ടോ മരിച്ചുപോയ ടീമുകളോടും കളിശൈലികളോടുമുള്ള മിത്തിക്കൽ ഒബ്‌സഷൻ.
എനിക്കോർമയുണ്ട്. 2002 ലെ സമ്മറിൽ ബംഗളൂരുവിൽ നിന്ന് അതിരാവിലെ കോഴിക്കോടിരുന്ന് കളി കാണണം എന്ന ആഗ്രഹത്തിൽ ഇറങ്ങിത്തിരിച്ചത്. ലോകോത്സവത്തിന്റെ ആദ്യ കളി. ഡിഫൻഡിംഗ് ചാമ്പ്യൻ ഫ്രാൻസ്. സെനഗലുമായിട്ടാണ് കളി, പഴേ ഫ്രഞ്ച് കോളനി! സിനദീൻ സിദാന്റെ മികവിൽ 2000 ലെ യൂറോ കപ്പ് ജയിച്ച മികവിലാണ് ഫ്രാൻസ്.
കോഴിക്കോട്ടെ ഫുട്ബാൾ അന്തരീക്ഷത്തിൽ സുപരിചിതനായ ഡോ. കെ.പി. ഗോവിന്ദൻ, എന്റെ അമ്മയുടെ അമ്മാവനാണ് ഫുട്ബാൾ കാലത്തെ യാത്ര നിർദേശിച്ചത്. ഇംഗ്ലണ്ടിലെ നോർത്ത് വെസ്റ്റിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ വൈകുന്നേരങ്ങളിലും ഒരുപോലെ വളർന്നതാണ് എന്റെ ബാല്യകാല ഫുട്ബാൾ പ്രണയം. ഫുട്ബാൾ മത്സരങ്ങളുടെ ഷോപീസ് ഇവന്റിന്റെ തൊട്ടുമുമ്പ് ഞാനാദ്യമായി അങ്ങനെ കേരളത്തിലേക്ക് ഒരു ഡ്രൈവ് നടത്തി. ബംഗളൂരു വിട്ട് കർണാടകത്തിന്റെ പീഠഭൂമിയിലൂടെ ചരിക്കുമ്പോൾ ഒരു ലോകകപ്പ് ഇതാ കിക്കോഫ് ചെയ്യാൻ പോകുന്നു എന്നൊരു തോന്നലുണ്ടാക്കുന്ന അടയാളങ്ങൾ ഏതുമേ കാണാനില്ല.
കേരളത്തിലേക്ക് കടന്നതും കഥ മാറി. ഓരോ നൂറു മീറ്ററിലും പോസ്റ്ററുകളും കാർഡ് ബോർഡ് കട്ടൗട്ടുകളും കൊടിതോരണങ്ങളും. ടീം കളറുകളിൽ ഉല്ലസിക്കുന്ന ഓട്ടോറിക്ഷകളും കാറുകളും! അതിലേറെയും ബ്രസീലിന്റെ മഞ്ഞയും പച്ചയും. പിന്നെ, അർജന്റീനയുടെ ആകാശനീല. ചില തുരുത്തുകളിൽ പോർച്ചുഗീസ് നിറവും കണ്ടു, അത് ലൂയി ഫിഗോ തലമുറയുടെ കാലമായിരുന്നു, അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ ഏറ്റവും ആരാധകരുള്ള കളിക്കാരനായിട്ടില്ല. പക്ഷേ, കേരളത്തിലെ ഒരു ചെറിയ യാത്രയിൽ പോലും നമ്മൾ അതിശയിക്കും: മുടിഞ്ഞ പോരാട്ടം രണ്ടു സൗത്ത് അമേരിക്കൻ ടീമുകൾ തമ്മിലാണോ എന്ന്! കളിക്കാലത്ത് പലപ്പോഴുമായി ഞാൻ വന്നും പോയുമിരുന്നു. ബാനറുകളും ചുമർചിത്രങ്ങളും മാത്രമല്ല, കളിക്കാരുടെ അമ്പരപ്പിക്കുന്ന അതേ ഹെയർ കട്ടുമായി തെരുവോരങ്ങളിൽ നിരവധി യുവജനങ്ങൾ! മത്സരത്തിനെത്തുമ്പോൾ, കാലിനേറ്റ പരുക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ റൊണാൾഡോ കണ്ടെത്തിയ ഹെയർ സ്‌റ്റൈലിലും ചിലർ!
ഫുട്ബാൾ ചരിതത്തിൽ ബ്രസീൽ കയറിയ എവറസ്റ്റ്, 1970 ആണ്. ലോക ചരിത്രത്തിലെ ഏറ്റവും മികച്ച സോക്കർ ടീമിന്റെ വർണോജ്വലമായ കളികൾ. ആ കളികൾ കാണാൻ ഭാഗ്യമുണ്ടായ ബ്രസീലുകാർക്ക് 1982 ജൂലൈ 5 മറക്കാനാവില്ല. ഫുട്ബാൾ മരിച്ച ദിവസമാണന്ന്. നാടകീയത തോന്നാം. എന്നാൽ സത്യമതാണ്.
രണ്ടു ദശാബ്ദങ്ങൾ. വീണ്ടുമിതാ ലോകോത്സവം ഏഷ്യയിലെത്തുന്നു. ആവേശകോഷ്യൻറ് പതിൻമടങ്ങാവും. കൊറിയയും ജപ്പാനും പോലെയല്ല, നമ്മളുടെ ബന്ധുരാഷ്ട്രം മാതിരിയാണ് ഖത്തർ. എന്തൊക്കെ ആയാലും, കാലമേറെക്കഴിഞ്ഞിട്ടും 2002 ൽ റൊണാൾഡോ നിറഞ്ഞാടിയ ഒരു തെക്കൻ വീരഗാഥയോടുള്ള ഒബ്‌സഷൻ മലയാളി വിട്ടിട്ടില്ല. ആയിരക്കണക്കിന് മലയാളികൾ ഖത്തറിൽ സ്റ്റേഡിയങ്ങളിൽ നേരിട്ടിരുന്ന് കളി കാണും. അവരിലേറെയും ബ്രസീലിനും അർജന്റീനക്കും വേണ്ടി ആർപ്പുവിളിക്കും.
എന്തിനാണ് ഈ ആരവം എന്ന് അവരോട് ചോദിച്ചാൽ കൃത്യമായ ഒരുത്തരം അവർക്കുമില്ലെന്ന് മനസിലാവും. കളിയുടെ ശൈലിയെക്കുറിച്ച് ചിലർ പക്ഷം പിടിക്കും. വേറെ ചിലർ, "ഓ ജോഗോ ബോണിറ്റോ', അതായത് പോർച്ചുഗീസ് ഭാഷയിൽ ദ ബ്യൂട്ടിഫുൾ ഗെയിം എന്ന് ആവേശം കൊള്ളും. സത്യം ഇതൊന്നുമല്ല. യാഥാർത്ഥ്യത്തേക്കാൾ നൊസ്റ്റു പിടികൂടിയവരാണീ കാണികൾ! യക്ഷിക്കഥകളിൽ അഭിരമിക്കുന്ന ഒരു ജനാവലിയുടെ, പണ്ടെങ്ങാണ്ടോ മരിച്ചുപോയ ടീമുകളോടും കളിശൈലികളോടുമുള്ള മിത്തിക്കൽ ഒബ്‌സഷൻ.
ബ്രസീൽ വീഴ്ച, കളിയഴക് മാറിയ കഥ
ഫുട്ബാൾ ചരിതത്തിൽ ബ്രസീൽ കയറിയ എവറസ്റ്റ്, 1970 ആണ്. ലോക ചരിത്രത്തിലെ ഏറ്റവും മികച്ച സോക്കർ ടീമിന്റെ വർണോജ്വലമായ കളികൾ. ആ കളികൾ കാണാൻ ഭാഗ്യമുണ്ടായ ബ്രസീലുകാർക്ക് 1982 ജൂലൈ 5 മറക്കാനാവില്ല. ഫുട്ബാൾ മരിച്ച ദിവസമാണന്ന്. നാടകീയത തോന്നാം. എന്നാൽ സത്യമതാണ്. ബാഴ്‌സലോണയിലെ എസ്റ്റാഡി ഡി സാറിയയിൽ അന്നുച്ചക്കുശേഷം നടന്നത് അന്നുവരേക്കും ഫുട്ബാൾ കളിച്ച ശീലങ്ങളെത്തന്നെ മാറ്റിക്കളഞ്ഞു.
ഒരു ഡ്രോ മതി ബ്രസീലിന് സെമിയിലെത്താൻ. ഇറ്റലിക്ക് ജയം അനിവാര്യം. ആദ്യം സ്‌കോർ ചെയ്തത്, ബ്രസീലുമായി തട്ടിച്ചുനോക്കുമ്പോൾ, നിഷ്പ്രഭന്മാർ! അന്റോണിയോ കബ്രീനി കൊടുത്ത ഒരു കിടിലൻ ക്രോസ് പൗലോ റോസി ഹെഡ് ചെയ്യുന്നു. മാച്ച് ഫിക്‌സിംഗിന്റെ പേരിൽ കളിക്കുപുറത്തിരുന്ന് രണ്ടു കൊല്ലം കഴിഞ്ഞ് എത്തിയിട്ടേയുള്ളൂ റോസി. അത്യസാമാന്യമായി ടെലി സാന്റാന കോച്ച് ചെയ്ത ആ ബ്രസീലിയൻ ടീമുണ്ടല്ലോ, ഒരു പിച്ചിലെ മാജിക്കൽ റിയലിസമായിരുന്നു എന്നാർക്കണം.
ഇക്കളിയിലെ എക്കാലത്തെയും മികച്ച സെന്റർ ബാക്ക് എന്നു പറയാവുന്ന ഗെയ്റ്റാനോ സീറിയ, ഉജ്വല പിന്തുണയുമായി ക്ലോഡിയോ ജെന്റീൽ... ബ്രസീലിനറിയാം മാജിക്ക് തന്നെ വേണം ഇനി എന്ന്. ഇതിഹാസതാരമായ ഡീനോ സോഫിന്റെ തകർപ്പൻ ഗോൾ മറികടക്കണം. ബ്രസീൽ അൽഭുതം അതാ സംഭവിക്കുന്നു. പത്താംനമ്പർ സീക്കോ, തൊടുക്കുന്നു, മടമ്പു തിരിഞ്ഞൊരു അന്ധാളിപ്പൻ പാസ്. സോക്രട്ടീസ് അത് ഗോളാക്കുന്നു. അന്തം വിട്ട കമന്റേറ്റർ പറയുന്നു: ഇതാ, ഇതാണ് ബ്രസീലിയൻ ഫുട്ബാളിന്റെ ഫിലോസഫി!
അർജന്റീനാനുകൂല പിരാന്ത് മിത്തിക്കലും യക്ഷിക്കഥാപരവുമാണെന്ന് പറയാനൊക്കില്ല. ചിലപ്പോളെങ്കിലും അത് വ്യക്തിപൂജാധിഷ്ഠിതമാണുതാനും.1986 ൽ ഒറ്റക്ക് ദീഗോ മറഡോണ ചെയ്തത് ഫുട്ബാളിൽ ഒരാളും പിന്നെ ചെയ്തിട്ടില്ല
1970 ൽ, ഇറ്റലിയും ബ്രസീലും മെക്‌സിക്കോ സിറ്റിയിൽ ഏറ്റപ്പോൾ ക്ലൊഡാൾഡോ വരുത്തിയ ഒരു മിസ്റ്റേക്ക് ഇറ്റലിക്ക് സമനില നൽകിയിരുന്നു. 1982ൽ അതുപോലൊരു അബദ്ധം മികവുറ്റ ടൊറീഞ്ഞോ ആണ് വരുത്തിയത്. അശ്രദ്ധമായ ഒരു സ്‌ക്വയർ ബാൾ. ദൂരത്തുനിന്നുള്ള ആ പാസ്, വാൾഡിർ പെരെസിന് ഒരു ചാൻസും കൊടുത്തില്ല. കളിയുടെ കാൽഭാഗം ബാക്കി. തുല്യം. ബ്രസീലിന്റെ അക്രമി ലെഫ്റ്റ് ബാക്ക്, ജുനിയർ, മധ്യനിരയിലെ ഫൽക്കാവോയെ കണക്ട് ചെയ്യുന്നു. ഗോൾ കീപ്പർ ഡീനോ സോഫിനെ വെട്ടിച്ച് ഒരു ഇടിമിന്നൽ ‘ഇടതുകാൽ ഷോട്ടിലൂടെ വലയുടെ മൂലയ്ക്ക് ഒരു ഗോൾ! (ഈ ഫൽക്കാവോ തൊട്ടടുത്ത കൊല്ലം എഎസ് റോമയെ സീരീ എ ടൈറ്റിലിൽ എത്തിക്കുന്നതിലും കാര്യമായി കളിച്ചു.)
ഇനി നടന്നതാണ് ബ്രസീലിയൻ ഫുട്ബാളിന്റെ ഭാവി നിശ്ചയിച്ചത്. ഫുട്ബാൾസ് ഗ്രേറ്റസ്റ്റ് ടീംസ് എന്ന ഡോക്യുമെന്ററിയിൽ സെർജീഞ്ഞോ എന്ന സെർജിയോ ക്ലാഡിയോ ഡോസ് സാൻറ്റോസ് അത്യധികം കുറ്റബോധത്തോടെ കുമ്പസാരിക്കുന്നുണ്ട്, അന്നേരം ഞങ്ങൾ ചിന്തിക്കണമായിരുന്നു... എല്ലാവരും ഡിഫൻസിലേക്ക് മാറണമായിരുന്നു. എന്നാൽ ഇറ്റലി വീണ്ടുമൊരു ഗോൾ അടിക്കില്ലായിരുന്നു. ഞങ്ങൾക്ക് ‘ഇന്റലിജൻസ്' നഷ്ടപ്പെട്ടു. അതാണ് എനിക്ക് പറയാവുന്ന വാക്ക്. സെന്റർ ബാക്ക്, ലൂസീഞ്ഞോ അതിൽ തന്നെ പറയുന്നു: 2 - 2 ആയപ്പോൾ ഞാനും ഓസ്‌കാറും കൂവിവിളിക്കുന്നുണ്ട്. ലിയാൺട്രോയോടും ജൂനിയറിനോടും, അവിടെനിക്ക് അവിടെനിക്ക് എന്ന്. പക്ഷേ, അവർക്ക് ജയിക്കണമായിരുന്നു. ടെലി സാന്റാനക്കും ജയമായിരുന്നു ആവശ്യം. ടീം മാനേജ്‌മെന്റ് മുതൽ കളിക്കാർ വരെ ആ ഒരു അനാവശ്യ ആവേശത്തിലായിരുന്നു.സമനിലക്കുള്ള രണ്ട് ചാൻസ് ഞങ്ങൾക്കുണ്ടായിരുന്നു, പക്ഷേ, ടീം ഞങ്ങൾ ജയിക്കണമെന്ന വാശിയിലായിരുന്നു.
ഫാൽക്കാവോയുടെ ഗോളിന് ഏഴു മിനിട്ട് ശേഷം മാർക്കോ ടാർഡെല്ലിയുടെ ഒരു കോർണർ, വൈഡ് ആയി ബോക്‌സിന്റെ കോർണറിലെത്തി. പക്ഷേ, പൗലോ റോസി ബാൾപിടിയൻ വാൾഡിർ പെരെസിനെ അമ്പരപ്പിച്ച് അതു തന്റെ ഹാറ്റ്ട്രിക്ക് ഗോളാക്കി മാറ്റി. അവിടെ ബ്രസീലിയൻ സ്വപ്നം തീർന്നു.
അർജന്റീനയിൽ ഇന്നും രണ്ട് ഫുട്ബാൾ ധാരകളുണ്ട്. ഒന്ന്, മെനോറ്റിയുടെ ഇടതു ... പക്ഷം. മറ്റേത് ബിലാർദോ പക്ഷം. ബിലാർദോയ്ക്ക് കെട്ടുറപ്പുള്ള ഒരു സ്ട്രാറ്റജി ഉണ്ടായിരുന്നു. അതാണ്, കളത്തിലെ മറഡോണ പ്രതിഭയുടെ നിറഞ്ഞാട്ടക്കഥയായി രൂപപ്പെട്ടത്.
എന്നാൽ, അതേ ഡോക്യുമെന്ററിയിൽ ജൂനിയർ അത്ര പ്രായശ്ചിത്തനല്ല: ആ ടീമുണ്ടല്ലോ ഫുട്ബാൾ ഇൻ ഇറ്റ്‌സ് കളങ്കമറ്റ ഫോം ആണ്. അന്ന് ബ്രസീൽ ജയിച്ചു എന്ന് വിചാരിക്ക്, പിന്നെ എല്ലാവരും ആ വഴി പിന്തുടരും. ആരാണോ ജയിക്കുന്നത് അതാവും ശരി. ഇറ്റലി ജയിച്ചു. പിന്നെ എല്ലാവരും ഇറ്റലിയെ പിന്തുടർന്നു.
ന്യായ- അന്യായങ്ങൾ എന്തായാലും ഫുട്ബാൾ ആഖ്യാനത്തെ ആ തോൽവി മാറ്റിയെഴുതി. ആ കളികളിൽ 5 മത്സരങ്ങളിൽ നിന്നായി 15 ഗോൾ ബ്രസീൽ നേടി. ലോകകപ്പിലെ എക്കാലത്തെയും ഏറ്റവും മികച്ച നാലോ അഞ്ചോ ഗോളുകൾ അതിലുണ്ട്. പക്ഷേ, അതു കൊണ്ട് കാര്യമില്ലല്ലോ. ഇടത്തേക്കാൽ മാന്ത്രിക ക്കാലായ ലെഫ്റ്റ് വിംഗർ ഏദിർ അലെയ്ക്‌സോ പറയുന്നു: ആ കളി ഓർക്കുമ്പോൾ സങ്കടം വരും. അത് ബ്രസീലിയൻ ഫുട്ബാളിനെ മാത്രമല്ല മാറ്റിയത്. ലോകഫുട്ബാൾ തന്നെ അതോടെ മാറി. ഞങ്ങൾ നോക്ക് ഔട്ട് ആയപ്പോൾ എല്ലാ സ്പാനിഷ് പത്രങ്ങളും എഴുതി: ലോകകപ്പ് അവസാനിച്ചു. ഞങ്ങൾ ആ കളിയിൽ ജയിച്ചില്ല, സെമിഫൈനൽ കണ്ടില്ല. പക്ഷേ, 82 മുതൽ ബ്രസീൽ മാത്രമല്ല, ലോകം മുഴുവൻ ആ ടീമിനെ ഓർക്കുന്നു. അത് മാത്രമാണ് സന്തോഷം.
ഏദിർ പറയുന്നതിലും കാര്യമുണ്ട്. ആ ഡോക്യുമെന്ററി വിജയികളെ ക്കുറിച്ചുള്ളതായിരുന്നു, വിജയം തെന്നിപ്പോയ ചാമ്പ്യന്മാരെക്കുറിച്ചും. 1974 ലെ നെതർലാൻഡ്‌സും അതിനും രണ്ടു ദശകം മുമ്പുള്ള ഹംഗറിയും. പക്ഷേ, സെമി പോലും കാണാത്ത ഒരു ടീമേ അതിലുള്ളൂ. 1982 ലെ ബ്രസീൽ. ആ തോൽവിക്കു ശേഷം കോച്ച് സാന്റാന പത്രസമ്മേളനത്തിനെത്തിയപ്പോൾ നൂറിലേറെ ജേണലിസ്റ്റുകൾ എഴുന്നേറ്റുനിന്നു, കയ്യടിച്ചു. ഒരു തോൽവിക്ക് ഇങ്ങനെയൊരു അംഗീകാരം ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും.
അതുല്യ കളിക്കാരനും പ്രതിഭാധനനായ ക്യാപ്റ്റനുമായിരുന്നു 2011 ൽ മരിച്ച സോക്രട്ടീസ്. ‘ബ്രസീൽ എന്ന രാജ്യത്തിന്റെ ദൃഷ്ടാന്തവും സംക്ഷിപ്തവുമായിരുന്നു ആ ടീം, രാജ്യത്തെ അങ്ങനെ പ്രതിനിധീകരിച്ച അവസാനത്തെ ടീമായിരിക്കാം അത്, ഒരു പക്ഷേ. "ഒഴുകുന്ന സുന്ദരസ്വപ്നമായിരുന്നു' അതെന്ന് സോക്രട്ടീസ് ഓർമിക്കുന്നുണ്ട്.
ശരിയാണ്. അവർ പിന്നെ അതുപോലായില്ല. അനുഗ്രഹീതരായ നിരവധി കളിക്കാർ പിന്നെയും വന്നുകൊണ്ടേയിരുന്നു. റൊമാരിയോയും ബെബറ്റോയും തൊട്ട് റൊണാൾഡോയും നെയ്മറും വരെ. പക്ഷേ, പെലെ - സോക്രട്ടീസ് കാലത്തെ ഗാനാത്മക കാൽപന്തുവിളയാട്ടം പിന്നീട് ഒരു ടീമെന്ന നിലയിൽ ബ്രസീലിന് പുറത്തെടുക്കാനായിട്ടില്ല. 1970 ൽ റൊബർട്ടോ റിവെലിനോ എന്ന മാരക ഇടതുകാൽ പ്രഹരൻ, കൗശലക്കാരൻ എഡ്വേഡോ ഗോൺസാൽവസ് ഡി ആന്ദ്രേദ് എന്ന ടൊസ്റ്റാവോ, ഗോളടി മെഷീനുകളായ പെലെ, ജെയിർസീനിയോ. ജെർസൺ ക്ലൊഡോൾഡോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ‘ഒരു ചീട്ടുപെട്ടിയിൽ നാല് എയ്‌സേ കാണൂ, ഞങ്ങളുടെ പെട്ടിയിൽ അത് അഞ്ചാണ്.'
ഏഞ്ചൽസ് വിത്ത് ഡേർട്ടി ഫേസസ്. ഒരു സംശയവും വേണ്ട, അമ്മാതിരി സ്‌കിൽ ഉള്ള ടീം തന്നെയാണ് അർജന്റീന. പക്ഷേ,കുരുത്തംകെട്ട എന്തോ ഒന്ന്, അതായത് മറഡോണയിൽ മൂർത്തീഭവിച്ചത്, 1986 ക്വാർട്ടർ ഫൈനലിലെ ആ ഒരൊറ്റ ഗോൾ പോലും ആ നാസ്റ്റിമുന പേറുന്നുണ്ട്!
താരാധിപത്യ അർജന്റീന
അർജന്റീനാനുകൂല പിരാന്ത് മിത്തിക്കലും യക്ഷിക്കഥാപരവുമാണെന്ന് പറയാനൊക്കില്ല. ചിലപ്പോളെങ്കിലും അത് വ്യക്തിപൂജാധിഷ്ഠിതമാണുതാനും.1986 ൽ ഒറ്റക്ക് ദീഗോ മറഡോണ ചെയ്തത് ഫുട്ബാളിൽ ഒരാളും പിന്നെ ചെയ്തിട്ടില്ല, സത്യം വളരെ സിമ്പിളാണ്. 1978ൽ സ്വന്തം നാട്ടിൽ ലോകകപ്പ് നേടിയ അർജന്റീനയുടെ നാലകലത്ത് എത്തില്ല 86 ലെ ടീം. സീസർ ലൂയി മെനോറ്റിക്ക് 78ൽ കുഞ്ഞു മറഡോണയിൽ അത്ര താൽപര്യവും ഇല്ലായിരുന്നു. യൂറോപ്പിലെ ലീഡിംഗ് ക്ലബ്ബുകൾക്ക് പോലും യോർഗ് വാൾഡാനോ എന്ന സെന്റർ ഫോർവേഡിനെ മാത്രമായിരുന്നു നോട്ടം. പക്ഷേ, കോച്ച് കാർലോസ് ബിലാർദോ ഉദ്ദേശിച്ചപോലെ ടീം സൈനികമായി തന്നെ മുന്നേറി. മെനോറ്റിയുടെ ലിബറൽ ഒഴുക്കൊന്നുമില്ലാതെ തന്നെ.
അർജന്റീനയിൽ ഇന്നും രണ്ട് ഫുട്ബാൾ ധാരകളുണ്ട്. ഒന്ന്, മെനോറ്റിയുടെ ഇടതു ... പക്ഷം. മറ്റേത് ബിലാർദോ പക്ഷം. ബിലാർദോയ്ക്ക് കെട്ടുറപ്പുള്ള ഒരു സ്ട്രാറ്റജി ഉണ്ടായിരുന്നു. അതാണ്, കളത്തിലെ മറഡോണ പ്രതിഭയുടെ നിറഞ്ഞാട്ടക്കഥയായി രൂപപ്പെട്ടത്. ജോനാഥൻ വിൽസൺ അർജന്റീനയുടെ ഫുട്ബാൾ ചരിത്രം എഴുതിയപ്പോൾ അതിനിട്ട പേര് 1930 ലെ ഹോളിവുഡ് ഗാംഗ്സ്റ്റർ മൂവിയുടേതാണ്. ഏഞ്ചൽസ് വിത്ത് ഡേർട്ടി ഫേസസ്. ഒരു സംശയവും വേണ്ട, അമ്മാതിരി സ്‌കിൽ ഉള്ള ടീം തന്നെയാണ് അർജന്റീന. പക്ഷേ,കുരുത്തംകെട്ട എന്തോ ഒന്ന്, അതായത് മറഡോണയിൽ മൂർത്തീഭവിച്ചത്, 1986 ക്വാർട്ടർ ഫൈനലിലെ ആ ഒരൊറ്റ ഗോൾ പോലും ആ നാസ്റ്റിമുന പേറുന്നുണ്ട്!
ഇത്തവണ മറ്റൊരു വ്യക്തിയുടെ പ്രഭാവത്തിലാണ് അർജന്റീൻ ആരാധകർ മനസാ വാതുവെക്കുന്നത്: 2014ൽ എക്‌സ്ട്രാ ടൈമിൽ ഒരു ജർമൻ ഗോളിൽ തകർന്ന ആ സ്വപ്നം മറഡോണയോട് കിടപിടിച്ച് ലയണൽ മെസ്സി വീട്ടിലെത്തിക്കും. ഖത്തറിലേത് മെസ്സിയുടെ ലാസ്റ്റ് ചാൻസുമാണ്. കോവിഡ്കാല 2021 ലെ കോപ്പ അമേരിക്ക വിജയം, മൂന്നു ദശാബ്ദക്കാലത്തിനിടയിലുണ്ടായ ഒരു ഭൂഖണ്ഡാന്തരവിജയം അവരുടെ കോൺഫിഡൻസ് ബൂസ്റ്റ് ചെയ്യുമെന്നതിൽ തർക്കമില്ല. യൂറോപ്യൻ ഫുട്ബാൾ രാഷ്ട്രങ്ങൾക്ക് അത്ര സുസ്ഥിരമായ പ്രകടനം അടുത്തകാലത്ത് എടുത്തു പറയാൻ ഇല്ലാത്തതിനാൽ, മലയാളികളുടെ ഫേവറിറ്റ് ടീമുകൾ രണ്ടിനും സാധ്യത കൂടുതലാണ് ഈ ഫുട്ബാൾ ലോകോത്സവത്തിൽ.
1982 ലെ പ്രതിഭോൽസവം കൂടി കാണൂ. ആ ഫ്ലിക്കുകൾ, ബാക്ക് ഹീൽസ്, ഡമ്മീസ്, ഫ്രീ കിക്ക്‌സ്. വിജയം എന്ന അശ്ലീലത്തിൽ നമ്മൾ കുടുങ്ങിപ്പോയിട്ടില്ലെങ്കിൽ, ഇപ്പോൾ, യു ട്യൂബിൽ കാണുന്ന അത്രയൊന്നും വ്യക്തമല്ലാത്ത ഫൂട്ടേജിൽ നിന്നു പോലും ബ്രസീലിനുവേണ്ടി ഒരു കൂവിയാർക്കൽ പുറത്തുവരും.
നിങ്ങൾ ചെറുപ്പമാവാം. മധ്യവയസുള്ളയാളാവാം വൃദ്ധരുമാവാം. എപ്പോഴുമെപ്പോഴും ആ മറഡോണ ഗോൾ, പ്രത്യേകിച്ചും രണ്ടു കൊല്ലം മുമ്പ് അയാൾ മരിച്ചശേഷം ആലോചിച്ചുകൊണ്ടേ ഇരിക്കുന്നുമുണ്ടാവാം. പക്ഷേ, നിങ്ങൾ ഒരു യഥാർത്ഥ ഫുട്‌ബോൾ പ്രണയി ആണെങ്കിൽ 1970 ലെ, ആ ഫൈനലിലെ, ആ അവസാന ഗോൾ ഒന്നു കാണൂ. വ്യക്തിയുടെ ജീനിയസ് നല്ലതുതന്നെ, പക്ഷേ, ടീം പ്ലേ അത്യുന്നതങ്ങളിൽ എത്തുന്നതിന്റെ ഉദാത്ത മാതൃകയാണ് ആ ഗോൾ.
ക്ലൊഡോൾഡോ ബ്രസീലിയൻ ഹാഫിൽ തന്നെ നാല് ഇറ്റാലിയൻ കളിക്കാർക്കിടയിലൂടെ മനോഹരമായി പന്ത് ഡ്രിബ്ൾ ചെയ്യുന്നു. ഇടത്തേ ടച്ച് ലൈനിലുള്ള റിവെലീനോക്ക് പന്ത് കൊടുക്കുന്നു. ജെയിർസീനിയോ ..... അഞ്ചടിക്ക് അപ്പുറത്ത് അതാ പെലെ.... തളർന്ന ഇറ്റാലിയൻ ഡിഫൻഡർമാർ കുതിക്കുന്നു ..... പെലെയുടെ വലം പാസ് .... കാർലോസ് ആൽബെർട്ടോ ..... ഗോൾ..
1982 ലെ പ്രതിഭോൽസവം കൂടി കാണൂ. ആ ഫ്ലിക്കുകൾ, ബാക്ക് ഹീൽസ്, ഡമ്മീസ്, ഫ്രീ കിക്ക്‌സ്. വിജയം എന്ന അശ്ലീലത്തിൽ നമ്മൾ കുടുങ്ങിപ്പോയിട്ടില്ലെങ്കിൽ, ഇപ്പോൾ, യു ട്യൂബിൽ കാണുന്ന അത്രയൊന്നും വ്യക്തമല്ലാത്ത ഫൂട്ടേജിൽ നിന്നു പോലും ബ്രസീലിനുവേണ്ടി ഒരു കൂവിയാർക്കൽ പുറത്തുവരും. എസ്റ്റാഡി ഡി സാറിയ 1997ൽ പൊളിച്ചുമാറ്റപ്പെട്ടു. പക്ഷേ, ആ കളിക്കളം കണ്ട ഏറ്റവും മികച്ച മത്സരം നമ്മുടെ കൂടെയുണ്ട് ഇപ്പോഴും. ടെലിവിഷനിലെ നേർക്കാഴ്ച ഇല്ലാതെയാണ് ഇന്ത്യയിലെ ബ്രസീൽ ആരാധകർ പെലെയെയും ഗരിഞ്ചയെയും മനസ്സേററിയത്. തോറ്റു തുന്നം പാടിയ 1982 ലെ ബ്രസീൽ ടീം ആണ് ഇന്നും ലോകത്തിന്റെ ഹൃദയത്തിൽ ഒളിച്ചുപാർക്കുന്നത്.
മെക്‌സിക്കോയിലെ സുവർണ സമ്മറിനുശേഷം വർഷങ്ങൾ കഴിഞ്ഞ് മറഡോണ പറയുന്നുണ്ട്, ഞാൻ തെറ്റുകൾ ചെയ്തിട്ടുണ്ട്. അതിന് വലിയ വില നൽകിയിട്ടുമുണ്ട്. ബട്ട് ദ ബാൾ ഈസ് സ്റ്റിൽ PURE. അസീഫ് കപ്പാഡിയ നിർമ്മിച്ച മനോഹരമായ ഡോക്യുമെന്ററിയിൽ മറഡോണ പറയുന്നതായി കേൾക്കാം, പിച്ചിലിറങ്ങിയാൽ നിങ്ങൾ ജീവിതം മറക്കും, പ്രശ്‌നങ്ങൾ മറക്കും, എല്ലാം മറക്കും.
സോക്രട്ടീസ് ബാളിനും പിച്ചിനും കുറച്ചു കൂടി അപ്പുറത്തേക്ക് നോക്കി. 2010 ൽ ഫോർ ഫോർ റ്റു മാഗസിനു നൽകിയ അഭിമുഖത്തിൽ സോക്രട്ടീസ് തന്നെത്തന്നെ ചെ- ഗുവേരയോട് ഉപമിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘സമൂഹത്തിന് അതേസ്ഥിതി നിലനിർത്തുന്നവരെയല്ല, ആവശ്യം. സ്റ്റാറ്റസ്‌കോ തിരുത്തുന്ന, ചിന്തിക്കുന്ന മനുഷ്യരെയാണ് ആധുനിക സമൂഹം ആവശ്യപ്പെടുന്നത്. പരിചിതവും സ്ഥാപിതവുമായ ആശയങ്ങളെ ചോദ്യം ചെയ്യുന്നവരെയാണ് സമൂഹത്തിന് വേണ്ടത്, എന്നെപ്പോലെ. അനേകം പേർക്ക് ഈ ആശയം ഉണ്ടാവട്ടെ എന്നാണ് എന്റെ ആഗ്രഹം.'
അതു കഴിഞ്ഞ് സോക്രട്ടീസ് ഇങ്ങനെ കൂടി പറഞ്ഞു: ‘ജീവിതത്തിലെ നമ്മുടെ അനുഭവങ്ങളാണ് വിജയം.1982 ലെ ആ ബ്രസീലിയൻ ടീമിൽ കളിക്കുക എന്നാൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയെ പ്രണയിക്കുക എന്നതു പോലെയാണ്.'
ഖത്തറിൽ ഈ കാൽപനികത പുനർജനിക്കുമായിരിക്കും. ▮