ഏതു ഫുട്ബോൾ ആരാധകർക്കും അവർ എത്ര കടുത്ത അർജൻ്റീന ഫാൻ ആയിരുന്നാൽ പോലും ബ്രസീൽ ഇല്ലാത്ത ഒരു ലോകകപ്പ് സഹിക്കാനാവില്ല. അർജൻ്റീനയോട് കനത്ത തോൽവിക്കിരയായ ബ്രസീൽ ഇക്വഡോറിനും താഴെ പരാഗ്വെയ്ക്ക് ഒപ്പമാണ് ഇപ്പോൾ യോഗ്യതാ റൗണ്ടിൽ. ഇതിഹാസതാരം മെസ്സി ടീമിൽ ഇല്ലെങ്കിൽ തന്നെ അടുത്ത ലോകകപ്പിലേക്കുളള കരുത്തുറ്റ ടീമാണ് അർജൻ്റീനയെന്ന് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം 48 ആക്കിയിട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ബ്രസീൽ ഇല്ലാത്ത ലോകകപ്പ് അടുത്ത വർഷം നമുക്ക് കാണേണ്ടി വന്നേനെ. ബ്രസീലിനെ അങ്ങനെയങ്ങ് എഴുതിത്തള്ളാമോ? 2002-ൽ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ ക്വാളിഫയിങ് റൗണ്ടിൽ ആറു തോൽവികളായിരുന്നു ബ്രസീൽ ഏറ്റുവാങ്ങിയത്. കഷ്ടിച്ചു കടന്നു കൂടിയ അവർ പക്ഷേ, 2002-ൽ ലോകകപ്പ് നേടി. വിനിഷ്യസ് ജൂനിയറും നെയ്മർ ജൂനിയറും പോലുള്ള കളിക്കാരടങ്ങിയ ബ്രസീലിൻ്റെ ഭാവി എന്താണ്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു