അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം ക്രിസ്റ്റിയാനോ അല്ല, ബ്രസീലിന്റെ മാർത്തയാണ്

അഞ്ച് ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ പ്ലെയർ വനിതാ ഫുട്‌ബോളിന്റെ ഇതിഹാസതാരം ബ്രസീലിന്റെ മാർത്ത വിയേര ഡ സിൽവയെന്ന മാർത്തയാണ്. കാനഡയുടെ ക്രിസ്റ്റീൻ സിൻക്ലെയറും അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടിയിട്ടുണ്ട്. റൊണാൾഡോ, ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ മാത്രം പ്ലെയറും എന്നലാദ്യത്തെ പുരുഷതാരവുമാണ്. മാർത്തയെ മറന്നുവെങ്കിലും ഈ ലോകകപ്പ് വനിതകളും കാല്പന്തും തമ്മിലുള്ള സ്റ്റേറ്റ്മെന്റ് ആയി മാറിയിരിക്കുന്നു. ഖത്തർ 2022 ൽ വനിതകൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നു.

2022 ഫിഫ ലോകകപ്പിൽ പോർച്ചുഗൽ - ഘാന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചപ്പോൾ, അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യത്തെ താരമെന്നാണ് പരക്കെ അതറിയപ്പെട്ടത്. വാസ്‌തവത്തിൽ, അഞ്ച് ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ പ്ലെയർ വനിതാ ഫുട്‌ബോളിന്റെ ഇതിഹാസതാരം ബ്രസീലിന്റെ മാർത്ത വിയേര ഡ സിൽവയെന്ന മാർത്തയാണ്. കാനഡയുടെ ക്രിസ്റ്റീൻ സിൻക്ലെയറും അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടിയിട്ടുണ്ട്. റൊണാൾഡോ, ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ മാത്രം പ്ലയെറും എന്നലാദ്യത്തെ പുരുഷതാരവുമാണ്.

വനിതകളുടെ കാല്പന്തുകളി അവഗണനയുടേതും, അത്തരമവഗണനയോടുള്ള പെണ്ണുങ്ങളുടെ അചഞ്ചലമായ പോരാട്ടത്തിന്റെയും ചരിത്രം കൂടിയാണ്. 1890 കാലഘട്ടത്തിൽ തന്നെ വനിതകൾ ഇംഗ്ലണ്ടിൽ കാല്പന്ത് തട്ടിയിരുന്നുവെങ്കിലും 1914 ലെ യുദ്ധകാലഘട്ടം മുതലാണ് അതിന്റെ അനിവാര്യമായ വളർച്ച കണ്ടത്.

ഒന്നാം ലോകമഹായുദ്ധസമയത്ത് സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് പൊടുന്നനെ മാറിമറിഞ്ഞു. യുദ്ധം ചെയ്യാൻ പുരുഷന്മാർ നിർബന്ധിതരായതോടെ പകരം അവരുടെ തൊഴിലിടങ്ങളിൽ സ്ത്രീകൾ വന്നു. യുദ്ധകാല ആവശ്യങ്ങളാൽ നിലവിൽ വന്ന പല ജോലികളും സ്ത്രീകളാൽ നികത്തപ്പെട്ടു. ഇതേ തുടർന്ന് ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 1914 ജൂലൈയിൽ 32, 24,600 ൽ നിന്ന് 1918 ജനുവരിയിൽ ആയപ്പോഴേക്കും 48, 14,600 ആയി ഉയർന്നു. ഏകദേശം 200,000 സ്ത്രീകൾ സർക്കാർ വകുപ്പുകളിൽ മാത്രം ജോലി ചെയ്തു. അരലക്ഷത്തോളം പേർ സ്വകാര്യ ഓഫീസുകളിലെ ക്ലറിക്കൽ ജോലിക്കാരായി. ട്രാമുകളിലും ബസുകളിലും കണ്ടക്ടർമാരായി സ്ത്രീകൾ ജോലി ചെയ്തു, കാൽലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ എഞ്ചിനീയറിംഗ് മേഖലയിൽ ജോലിയെടുത്തു. ഇവരിൽ 700,000-ത്തിലധികം സ്ത്രീകളാവട്ടെ വളരെ അപകടകരമായ യുദ്ധോപകരണ വ്യവസായത്തിൽ ജോലി ചെയ്തിരുന്നു. ഇങ്ങനെ വ്യവസായിക തൊഴിലിടങ്ങളിൽ നിന്നും പെണ്ണുങ്ങളുടെ 150 - ലധികം ടീമുകളന്ന് നിലവിൽ വന്നു. യുദ്ധകാലത്തു തൊഴിലാളികളുടെ മനോവീര്യം കൂട്ടാനും, യുദ്ധത്തിനും, അവശ്യവിഭാഗക്കാർക്കുള്ള ഫണ്ട്‌ സ്വരൂപണത്തിനും പെണ്ണുങ്ങളുടെ കാല്പന്തുകളി അന്നാട്ടുകാർക്ക് അത്താണിയായി മാറി. ഫാക്ടറികളിലെ ഉച്ചഭക്ഷണയിടവേളകളിൽ പെണ്ണുങ്ങൾ നിരന്തരം കാല്പന്ത് തട്ടി.

ഒന്നാം ലോകമഹായുദ്ധത്തിലുടനീളം സൈനിക വെടിമരുന്ന് ഉൽപ്പാദിപ്പിച്ച ഡിക്ക്, കെർ ആൻഡ് കോ ഫാക്ടറിയിലെ സ്ത്രീ തൊഴിലാളികൾ പുരുഷ തൊഴിലാളികൾക്കെതിരെ ഫുട്ബോൾ കളിക്കാനിറങ്ങി, വിജയം കണ്ടു. വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവർ ഡിക്ക്, കെർ ലേഡീസ് എഫ്.സി. രൂപീകരിച്ചു. അവരുടെ ആദ്യ ഗെയിമുകൾ പോലും ആയിരക്കണക്കിന് ആരാധകരെ ആകർഷിച്ചിരുന്നു. പാരീസിൽ നിന്നുള്ള ഫ്രഞ്ച് വനിതകളുടെ ടീമിനെതിരെ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യത്തെ വനിതാ ടീം ആയിരുന്നു ഡിക്ക് കെറിന്റെ ടീം.

മാർത്ത വിയേര ഡ സിൽവ
മാർത്ത വിയേര ഡ സിൽവ

ആദ്യകാല കാല്പന്തുകളി ആണുങ്ങളുടെ കൂവി വിളികൾക്കും പരിഹാസങ്ങൾക്കും മൈതാനകയ്യേറ്റങ്ങൾക്കുമിടയിൽ നടന്നു. വിക്ടോറിയൻ സദാചാര ബോധത്തിന്റെ ചെവിക്കല്ല് നോക്കി ആഞ്ഞടിച്ചത് ആദ്യ ഇന്റർനാഷണൽ മത്സരത്തിൽ കളിച്ച ഇംഗ്ലീഷ് - ഫ്രഞ്ച് ടീമിന്റെ നായികമാർ ആയിരുന്നു. ക്യാപ്റ്റന്മാരായ ആലിസ് കെല്ലും മാദിലിൻ ബ്രാക്ക്മൗണ്ടും കാണികളുടെ മുന്നിൽ ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിച്ചു നിന്നത് വനിതാ കാല്പന്തുകളിയുടെ എക്കാലത്തെയും വലിയ സ്റ്റേറ്റ്മെന്റ് ആയിരുന്നു.

പെണ്ണുങ്ങൾ ഫുട്ബോൾ കളിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത പുരുഷമേലാളന്മാരുടെ എഫ് എ 50 വർഷമാണ് വനിതകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നേരിട്ട്, തെറികൾ കേട്ട്, കളിച്ചു ജയിച്ച്, ചുംബിച്ചു ജയിച്ച്, പൊരുതി പൊരുതിയാണ് വനിതാ ഫുട്ബോൾ ഇന്നീ കാണുന്ന നിലയിൽ എത്തിയത്. അവഗണിക്കപെട്ടപ്പോഴൊക്കെയും അതിശക്തമായി തിരിച്ചു വന്നിട്ടുണ്ട് വനിതകളുടെ കാല്പന്തുകളി.

മാർത്തയെ മറന്നുവെങ്കിലും ഈ ലോകകപ്പ് വനിതകളും കാല്പന്തും തമ്മിലുള്ള സ്റ്റേറ്റ്മെന്റ് ആയി മാറിയിരിക്കുന്നു. ഖത്തർ 2022 ൽ വനിതകൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നു. ഈ പുരുഷ ലോകകപ്പിലെ ആദ്യ വനിതാ റെഫറി ആയി ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട് ചരിത്രം സൃഷ്ടിച്ചു. തൊട്ട് പിന്നാലെ ആദ്യ ആഫ്രിക്കൻ റഫറിയായി റുവാണ്ടയുടെ സലിമ മുകൻസംഗയും ചരിത്രത്തിൽ തന്റെ പേര് കൊത്തിവെച്ചു. ജപ്പാന്റെ യമഷിത യോഷിമിയും ഇത്തവണ റെഫറി പാനലിലുണ്ട്. ബ്രസീലിന്റെ നുവേസ ബാക്ക്, മെക്സിക്കോയുടെ കരൻ ഡിയസ് മെഡിനയും അമേരിക്കയുടെ കാതെറിൻ നെസ്ബിറ്റ് എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ചരിത്രത്തിൽ ഇടം നേടും.

തേച്ചു മായ്ച്ചു കളഞ്ഞാലും കലയും കലാപവും ദൈവീകാനുപാതത്തിൽ പങ്ക് വെക്കുന്ന വനിതാ ഫുട്ബോൾ ഉയർന്നു വരും. ആരുണ്ടതിനെ വെല്ലാൻ?


Summary: അഞ്ച് ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ പ്ലെയർ വനിതാ ഫുട്‌ബോളിന്റെ ഇതിഹാസതാരം ബ്രസീലിന്റെ മാർത്ത വിയേര ഡ സിൽവയെന്ന മാർത്തയാണ്. കാനഡയുടെ ക്രിസ്റ്റീൻ സിൻക്ലെയറും അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടിയിട്ടുണ്ട്. റൊണാൾഡോ, ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ മാത്രം പ്ലെയറും എന്നലാദ്യത്തെ പുരുഷതാരവുമാണ്. മാർത്തയെ മറന്നുവെങ്കിലും ഈ ലോകകപ്പ് വനിതകളും കാല്പന്തും തമ്മിലുള്ള സ്റ്റേറ്റ്മെന്റ് ആയി മാറിയിരിക്കുന്നു. ഖത്തർ 2022 ൽ വനിതകൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നു.


ഹരികുമാർ സി.

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ ഡിപ്പാർട്ടുമെൻറ്​ ഓഫ്​ കൊമേഴ്​സ്​ ആൻറ്​ മാനേജുമെൻറ്​ സ്​റ്റഡീസിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. സ്​പോർട്​സ്​ വിഷയങ്ങളിൽ പഠനം നടത്തുന്നു.

Comments