ഗലിയാനോയുടെയും കുസ്തൂറിക്കയുടെയും

റിബലുകളുടെ നീണ്ട ലിസ്റ്റുകൾ നമുക്കുണ്ടാക്കാം. എന്നാൽ, കഠിന ചോദ്യങ്ങളുടെ പ്രയോക്താവായി നിന്ന് ഫുട്‌ബോൾ കോർപ്പറേറ്റുകളുടെ നിതാന്ത ശത്രു എന്ന ശിരോമാല്യത്തിലേക്ക് ഉയർത്തപ്പെട്ട ശേഷം ദുരൂഹമായ ഹേതുക്കൾ കൊണ്ട് അന്തർദ്ധാനം ചെയ്ത മഹാപ്രതിഭ ഒന്നേയുള്ളൂ. മറഡോണ.

മറഡോണ

God is the only being who, in order to reign, doens't even need to exist.​​​​​​​ചാൾസ് ബോദ്‌ലയറിന്റെ ഈ വാചകത്തോടെയാണ് സെർബിയൻ സംവിധായകനായ എമിൽ കുസ്തൂറിക്കയുടെ മറഡോണ തുടങ്ങുന്നത്. അതിദീർഘമായ സംഭാഷണങ്ങളിലൂടെ ഡീഗോ അർമാന്ദോ മറഡോണയുടെ രാഷ്ട്രീയ ബോധത്തെ ചരിത്രമാക്കി ശേഖരിക്കുന്ന മാസ്റ്റർപീസാണ് ഈ ഡോക്യുമെന്ററി. മിസൈൽ പോലുള്ള ഉത്തരങ്ങൾക്കിടയിൽ ആത്മഗതം പോലെ കുസ്തൂറിക്കയുടെ നറേഷൻ ഇങ്ങനെ: ഇയാൾ ഒരു ഫുട്‌ബോളർ ആയിരുന്നില്ലെങ്കിൽ തീർച്ചയായും ഒരു വിപ്ലവകാരിയാകുമായിരുന്നു. ശരിയാണ്, മറഡോണയെപ്പോലെ കാൽപന്തുകലയിലെ മറ്റൊരിതിഹാസമായ ലയണൽ മെസ്സിയുടെ നഗരമായ റൊസാരിയോവിൽ പിറന്ന ചെ ഗുവേര രാഷ്ട്രീയത്തിൽ ചെയ്തതുതന്നെയാണ് ഇയാൾ ഫുട്‌ബോളിന്റെ കലയിലും സയൻസിലും നിർവഹിച്ചത്.

അത് കൈപ്പന്തു തന്നെയാണെന്ന് എനിക്കറിയാം, പക്ഷേ, ഇംഗ്ലീഷ് ടീമിനെ പോക്കറ്റടിച്ച സുഖമായിരുന്നു എനിക്ക്. മറഡോണ പറയുകയാണ്: ഇംഗ്ലണ്ടുമായുള്ള കളിയിൽ ഞങ്ങൾ കളിക്കാർ ഞങ്ങളുടെ മരിച്ചവരെയാണ് പ്രതിനിധീകരിച്ചത്.

ചാൾസ് രാജകുമാരന് ഹസ്തദാനം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'രക്തം പുരണ്ട ആ കൈകളിൽ ഞാൻ ഒരിക്കലും എന്റെ കൈ കൊണ്ട് തൊടില്ലെന്ന്' ഉറപ്പിച്ചുപറയുന്ന മറഡോണ;  സെർബിയൻ സംവിധായകൻ എമിൽ കുസ്തൂറിക്കയുടെ ഡോക്യുമെന്ററിയിൽനിന്ന്
ചാൾസ് രാജകുമാരന് ഹസ്തദാനം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'രക്തം പുരണ്ട ആ കൈകളിൽ ഞാൻ ഒരിക്കലും എന്റെ കൈ കൊണ്ട് തൊടില്ലെന്ന്' ഉറപ്പിച്ചുപറയുന്ന മറഡോണ; സെർബിയൻ സംവിധായകൻ എമിൽ കുസ്തൂറിക്കയുടെ ഡോക്യുമെന്ററിയിൽനിന്ന്

കാൽപന്തുകളത്തിൽ അറിഞ്ഞുചെയ്ത കൈപ്പന്തുകളിയിലൂടെ ഇംഗ്ലണ്ടിനെ ഇല്ലാതാക്കിയപ്പോൾ ഫുട്‌ബോളിലെ വെള്ള സമുദായം തുന്നിക്കൊടുത്ത കള്ളൻ കുപ്പായം പത്താംനമ്പർ ജഴ്‌സിയേക്കാൾ അഭിമാനമുള്ള പതക്കമായാണ് മറഡോണ അവസാനം വരെ കൊണ്ടുനടന്നത്. അത് കൈപ്പന്തു തന്നെയാണെന്ന് എനിക്കറിയാം, പക്ഷേ, ഇംഗ്ലീഷ് ടീമിനെ പോക്കറ്റടിച്ച സുഖമായിരുന്നു എനിക്ക്. മറഡോണ പറയുകയാണ്: ഇംഗ്ലണ്ടുമായുള്ള കളിയിൽ ഞങ്ങൾ കളിക്കാർ ഞങ്ങളുടെ മരിച്ചവരെയാണ് പ്രതിനിധീകരിച്ചത്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ 1982 ൽ നടന്ന ഫോക്ക്‌ലൻഡ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരെയാണ് ഇവിടെ മറഡോണ ഉദ്ദേശിച്ചത്. It was like a war, a football war എന്നായിരുന്നു മറഡോണയുടെ എക്‌സാക്റ്റ് വാചകം.

മറഡോണ ഫുട്‌ബോൾ പറഞ്ഞു നടന്നില്ല, കളിച്ചു നടന്നു. എന്നാൽ ഒരു കാലത്ത് ചെ ഗുവേരയും മാവോ സേ തൂങ്ങും പറഞ്ഞ പോലുള്ള പഴുത്തിരുമ്പു രാഷ്ട്രീയം എപ്പോഴും പകൽ വെളിച്ചം പോലെ പ്രസരിപ്പിച്ചു. ഒരിടത്ത് മറഡോണ പറയുകയാണ്: എല്ലാവരും അമേരിക്കയെ അനുകൂലിക്കുകയാണ്. ഞാൻ പക്ഷേ, ക്യൂബയുടെ ഭാഗത്താണ്. ക്യൂബയെപ്പറ്റി പറയുമ്പോൾ കുസ്തൂറിക്ക ഇടപെടുന്നുണ്ട്. ‘ഗാർസിയാ മാർകേസ് പറഞ്ഞിട്ടുണ്ട്. കാസ്‌ട്രോച്ചങ്ങാതി ഇല്ലാതിരുന്നെങ്കിൽ ഈ ലാറ്റിനമേരിക്കയിലെല്ലാവരും ഇംഗ്ലീഷായിരുന്നേനെ മിണ്ടുക' എന്ന്. ലോകത്തെവിടെയും നോക്കൂ. അമേരിക്ക മനുഷ്യരെ കൊന്നു തീർക്കുകയാണ്. യുഗോസ്ലാവിയയിൽ, അഫ്ഗാനിസ്ഥാനിൽ അമേരിക്കയല്ലാത്ത മറ്റിടത്തെല്ലാം അമേരിക്ക ആളുകളെ കൊല്ലുന്നു. നാമതു കണ്ടിരിക്കുന്നു. സി.എൻ.എന്നും ഫോക്‌സ് ന്യൂസും ഡോളറുകൾ വാരുന്നു. Stop Bush എന്ന് ആലേഖനം ചെയ്ത ടി-ഷർട്ട് ഇട്ട് അമേരിക്കയുടെ ചൂഷണത്തിനെതിരെ വെനസ്വേലയിലിരുന്ന് ഹ്യൂഗോ ഷാവേസോ ഇപ്പോൾ നിക്കോളാസ് മഡൂരയോ പറയുന്നതിനേക്കാൾ രൂക്ഷമായ അമേരിക്കൻ വിമർശനമുള്ള തെരുവുപ്രസംഗങ്ങൾ.

ബോളുകൊണ്ട് അതുവരെയില്ലാത്ത ട്രാജക്ടറികൾ തീർത്ത കാലുകളൊന്നിൽ ഫിദൽ കാസ്‌ത്രോയെയും വലത്തേ കൈയുടെ മുകൾ ഭാഗത്ത് ചെ ഗുവേരയെയും ആയിരുന്നു മറഡോണ ടാറ്റൂ ചെയ്തത്. ഇംഗ്ലണ്ടിൽ എല്ലാ സെലിബ്രിറ്റികളും ചാൾസ് രാജകുമാരന്റെ വിരുന്നിൽ പങ്കെടുക്കുന്നതും ഹസ്തദാനം ചെയ്യുന്നതും സ്വകാര്യ അഹങ്കാരങ്ങളായി ആഗ്രഹിക്കുമ്പോൾ രക്തം പുരണ്ട ആ കൈകളിൽ ഞാൻ ഒരിക്കലും എന്റെ കൈ കൊണ്ട് തൊടില്ലെന്ന് മറഡോണ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. 2014ൽ 3000ത്തിലധികം ഫലസ്തീൻകാരെ ഇസ്രായേൽ ഗാസാ ചിന്തിൽ കൊലപ്പെടുത്തിയപ്പോൾ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയ ലോകതാരകം മറഡോണ ആയിരുന്നു. രണ്ടു വർഷം മുമ്പ് മോസ്‌കോയിൽ വെച്ച് ഫലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെ ആശ്ലേഷിച്ചശേഷം മറഡോണ ഉറക്കെ പറഞ്ഞു: In my heart I am Palestinian.

തന്റെ പടം പച്ചകുത്തിയ മറഡോണയുടെ കാൽ കൗതുകത്തോടെ നോക്കുന്ന ഫിദൽ കാസ്​ട്രോ
തന്റെ പടം പച്ചകുത്തിയ മറഡോണയുടെ കാൽ കൗതുകത്തോടെ നോക്കുന്ന ഫിദൽ കാസ്​ട്രോ

​​​​​​​ഒരു ചേരിയിലെ വീട്ടിലെ പാവപ്പെട്ട കുട്ടിയായിരുന്നു അവൻ. പത്രക്കാരുടെ "ഭാവിയിൽ എന്താകണം' എന്ന സ്ഥിരം ചോദ്യത്തിന് അവൻ മറുപടി പറഞ്ഞത് ഒരു ഇൻഡസ്ട്രിയൽ എഞ്ചിനീയറാവണം എന്നായിരുന്നു!

ഫുട്‌ബോൾ കളിയിലും ഫുട്‌ബോൾ ജീവിതത്തിലും രാഷ്ട്രീയ ശാഠ്യം പേറുന്ന പരിണാമങ്ങൾക്കടിപ്പെട്ടിട്ടുണ്ട് മറഡോണ. ഒരു ട്രിക്കും മറഡോണ ആവർത്തിക്കില്ല. അതുകൊണ്ടു തന്നെ കമ്പ്യൂട്ടറുകൾ ഓഫ്‌ ട്രാക്ക് ആകും. ആകസ്മികതകളുടെ കണ്ടുപിടുത്തക്കാരനാണിയാൾ. കളിയിൽ ഇയാൾ സ്വപ്നം കണ്ടു വെച്ചിരിക്കുന്ന പിശാചിന്റെ തന്ത്രങ്ങൾ എന്താണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ ഇടതുപക്ഷ സൗന്ദര്യശാസ്ത്രകാരൻ കൂടിയായ എഡ്വാർദോ ഗലിയാനോ 1994 ലെ ലോകകപ്പ് മത്സരങ്ങളിൽ നിന്ന് അത്യന്തം ജ്വലനശേഷിയും സ്‌ഫോടനപരതയുമുള്ള ഈ കളിക്കാരൻ പുറത്താക്കപ്പെട്ടപ്പോൾ എഴുതിയ കുറിപ്പ് ഏതാണ്ട് ഇങ്ങനെയാണ് അവസാനിച്ചത്: ഫുട്‌ബോളിന് അതിന്റെ ഏറ്റവും പരുക്കനായ റിബലിനെ നഷ്ടപ്പെട്ടിരിക്കുന്നു, ഭ്രമാത്മക കളിക്കാരനെയും.

സംസാരിക്കാൻ തുടങ്ങിയാൽ ഒരു നിയന്ത്രണവുമില്ല മറഡോണക്ക്, കളിക്കാൻ തുടങ്ങിയാൽ പറയണ്ട. അത്ര വേഗതയുള്ള കളിക്കാരനൊന്നുമല്ല മറഡോണ. ശരിക്കും പറഞ്ഞാൽ കാലിനു നീളമില്ലാത്ത മൂരി. പക്ഷേ, എന്തുചെയ്യാം, പന്ത് കാലിനോട് തുന്നിച്ചേർത്തിട്ട് ശരീരം മുഴുവൻ കണ്ണുകളുള്ള ഒരു ജീവി മെല്ലെ ഓടിയാലും മതിയല്ലോ. അക്രോബാറ്റിക്‌സിലൂടെ മൈതാനത്തെ മറഡോണ പ്രകാശിപ്പിച്ചു. "ആയിരം ശത്രുകാലുകൾക്കിടയിലൂടെ അകലെ നിന്നെത്തുന്ന അസാധ്യമായ ഒരു പാസ്സിനെ ഗോളാക്കാൻ കഴിവുള്ളവൻ', "അപ്ഫീൽഡിൽ ഡ്രിബ്ൾ ചെയ്യാൻ തുടങ്ങിയാൽ ലോകത്തൊരു ശക്തിക്കും തടുക്കാൻ കഴിയാത്തവൻ' എന്നൊക്കെ മറഡോണയെ വിശേഷിപ്പിച്ചതും ഗലിയാനോ തന്നെ.

1973 ലെ ടെലിവിഷൻ പകർത്തിയിട്ടില്ലാത്ത ഒരു കളി ഗലിയാനോ എഴുതുണ്ട്. അർജന്റീനോസ് ജൂനിയേഴ്‌സും റിവർ പ്ലേറ്റും ബ്യൂണസ് ഐറീസിൽ ഏറ്റുമുട്ടുന്നു. അർജന്റീനോസിന്റെ പത്താം നമ്പർ കളിക്കാരന് ഗോൾകീപ്പറിൽ നിന്ന് പന്ത് കിട്ടുന്നു. റിവർ പ്ലേറ്റിന്റെ സെൻട്രൽ ഫോർവേഡിനെ വെട്ടിച്ച് കുതിക്കുന്നു. നിരവധി കളിക്കാർ വഴിമുടക്കുന്നു. ആദ്യത്തെ എതിരാളിയുടെ തലക്കു മുകളിലൂടെ, രണ്ടാമത്തെയാളുടെ കാലുകൾക്കിടയിലൂടെ, മൂന്നാമത്തെയാളെ പുറങ്കാൽ കൊണ്ട് പറ്റിച്ച്, ഒട്ടും താമസിക്കാതെ ഡിഫൻഡർമാരെ സ്തബ്ധരാക്കി, ഗോൾകീപ്പറെ ഗോൾ പോസ്റ്റിനരികിൽ നീണ്ടുനിവർന്ന് കിടക്കാൻ വിട്ട് മെല്ലെ ബോൾ നെറ്റിലേക്ക് തട്ടിയിടുന്നു.

ഗോളടിച്ച ആ കുട്ടിയുടെ ലോക്കൽ ടീമിന്റെ പേര് സെബോല്ലിത്താസ് എന്നായിരുന്നു. തുടർച്ചയായി 100 ഓളം കളികൾ ജയിച്ച കുഞ്ഞന്മാരുടെ ടീം. അതു കൊണ്ടു തന്നെ പത്രക്കാർ വളഞ്ഞു. 13 വയസുള്ള പോയ്‌സൺ എന്ന കളിക്കാരൻ പത്രക്കാരോട് നയം വ്യക്തമാക്കി. ഞങ്ങൾ തമാശക്ക് കളിക്കുന്നതാണ്. കാശിനു വേണ്ടി ഞങ്ങൾ ഒരിക്കലും കളിക്കില്ല. കളിയിൽ കാശ് എപ്പോ വരുന്നോ അന്നേരം എല്ലാവരും സ്റ്റാറാവാൻ നോക്കും. അസൂയയും സ്വാർത്ഥതയും വരും. അതു വേണ്ടാ. പോയ്‌സൺ ഇത് പറയുമ്പോൾ ആ ടീമിലെ ഏറ്റവും പ്രിയങ്കരനും ഏറ്റവും സന്തോഷവാനും ഏറ്റവും ഉയരം കുറഞ്ഞവനുമായ കുട്ടിയെ ചേർത്ത പിടിച്ചിരുന്നു. ദീഗോ അർമാൻദോ മറഡോണ. വയസ് 12. അവനായിരുന്നു നേരത്തെ പറഞ്ഞ അതിസാഹസിക ഗോളിന്റെ ശിൽപി. ഒരു ചേരിയിലെ വീട്ടിലെ പാവപ്പെട്ട കുട്ടിയായിരുന്നു അവൻ. പത്രക്കാരുടെ "ഭാവിയിൽ എന്താകണം' എന്ന സ്ഥിരം ചോദ്യത്തിന് അവൻ മറുപടി പറഞ്ഞത് ഒരു ഇൻഡസ്ട്രിയൽ എഞ്ചിനീയറാവണം എന്നായിരുന്നു!

മറഡോണ, ഫിദൽ കാസ്‌ട്രോ, ഹ്യൂഗോ ഷാവേസ്​
മറഡോണ, ഫിദൽ കാസ്‌ട്രോ, ഹ്യൂഗോ ഷാവേസ്​

കുഞ്ഞുപോയ്‌സൺ പ്രഖ്യാപിച്ച ഫുട്‌ബോൾ ഫിലോസഫി മറഡോണക്കെന്നല്ല ഒരു കായിക താരത്തിനും കരിയറിലുടനീളം പാലിക്കാൻ കഴിയില്ല. The most famous football players are products who sell products, എന്നു ഗലിയാനോ തന്നെ പിന്നീടെഴുതുന്നുണ്ട്. പെലെയുടെ കാലത്ത് കളിക്കാരൻ കളിച്ചാൽ മാത്രം മതിയായിരുന്നു. മറഡോണയുടെ കാലമായതോടെ ടെലിവിഷൻ കളിനിയന്ത്രണമേറ്റെടുത്തു. എന്നു പറഞ്ഞാൽ പരസ്യങ്ങൾ കാര്യങ്ങൾ നിശ്ചയിച്ചു തുടങ്ങി. Maradona charged a high price and paid one as well. He charged for his legs and paid with his legs എന്നാണ് 1998 ൽ ഗലിയാനോ തന്നെയെഴുതിയത്. ഫുട്‌ബോൾ ക്ലബ്ബുകൾക്ക് വാങ്ങുന്ന ഓരോ താരവും ഒരു പുതിയ മെഷീൻ മാത്രമായി. നാപ്പോളിയുടെ പ്രസിഡന്റ് സ്ഥിരം പറഞ്ഞു കൊണ്ടിരുന്നു: Maradona ia an investment.

ചാർലി ചാപ്ലിന്റെ മോഡേൺ ടൈംസിലെ ചാപ്ലിൻ ആവുകയാണ് പോയ്‌സൺ അല്ലാതെ ജീവിക്കാനുള്ള ബദൽ. മറഡോണ അതു ചെയ്തു. മെക്സിക്കോയിലും യു.എസ്സിലും മറഡോണ, സർവ്വശക്തൻ ടെലിവിഷനെ ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അന്താരാഷ്ട്ര തൊഴിൽ നിയമങ്ങൾ ഫുട്‌ബോൾ കളിക്കാർക്കും ബാധകമാക്കാത്തത് എന്നലറി. ഫുട്‌ബോൾ എന്ന മൾട്ടിനാഷണലിനെതിരെ ചെ ഗുവേരയെപ്പോലെ സംസാരിച്ചു. റിബലുകളുടെ നീണ്ട ലിസ്റ്റുകൾ നമുക്കുണ്ടാക്കാം. എന്നാൽ, കഠിന ചോദ്യങ്ങളുടെ പ്രയോക്താവായി നിന്ന് ഫുട്‌ബോൾ കോർപ്പറേറ്റുകളുടെ നിതാന്ത ശത്രു എന്ന ശിരോമാല്യത്തിലേക്ക് ഉയർത്തപ്പെട്ട ശേഷം ദുരൂഹമായ ഹേതുക്കൾ കൊണ്ട് അന്തർദ്ധാനം ചെയ്ത മഹാപ്രതിഭ ഒന്നേയുള്ളൂ. മറഡോണ. അയാൾക്ക് ഫിഫ ബ്യൂറോക്രാറ്റുകളായ ഹവലാഞ്ചും സെപ് ബ്ലാറ്ററും എന്തായിരുന്നോ അതു തന്നെ ആയിരുന്നു ജോർജ് ബുഷും മാർഗരറ്റ് താച്ചറും.


ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 01-ൽ പ്രസിദ്ധീകരിച്ചത്.

Comments