മെസ്സി മാറഡോണ ആയിരുന്നില്ല, ബ്യൂണസ് ഐറിസിലെ മറഡോണയെന്ന വികൃതിപ്പയ്യന് ഫുട്ബോൾ മത്സരങ്ങളെ വിചാരിക്കുന്ന പോലെ മടക്കി വളച്ചൊടിക്കാൻ അസാമാന്യമായ കഴിവുണ്ടായിരുന്നു. പക്ഷേ, വിമർശനങ്ങളുടെ അമ്പേറ്റു വിരണ്ട മെസ്സിയാവട്ടെ, ബാഴ്സലോണയിൽ നിന്ന് നീല - വെള്ള വരയൻ ഷർട്ടിലേക്ക് മാറുമ്പോൾ പരാജയം എന്ന ആശങ്കയാൽ ദുഃഖിതനായിരുന്നു.
അർജന്റീൻ ഫുട്ബോളിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ജ്വലിക്കുന്ന പ്രതീക്ഷയായ മെസ്സിയുടെ തോൽവികൾ നോക്കൂ:
2014-ലെ ലോകകപ്പ് ഫൈനൽ തോൽവി, 2007-ലെയും 15-ലെയും പതിനാറിലെയും കോപ്പാ അമേരിക്കാ ഫൈനൽ തോൽവികൾ. തോൽവികൾ, തോൽവികൾ! അതുവരെയുള്ള കുശുകുശുക്കലുകൾ ഉച്ചത്തിലായി.
അന്താരാഷ്ട്ര ഫുട്ബാളിൽ, തീർന്നു, എന്ന് മെസ്സി തന്നെ ആലോചിച്ചു തുടങ്ങി.
ഒരു ആൾക്കൂട്ടത്തിനിടയിൽ ഒരിക്കലും മെസ്സിയെ തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ബാഴ്സലോണയുടെ ജൂനിയർ ടീമുകൾക്ക് കളിക്കുമ്പോൾ തുടക്കത്തിൽ മെസ്സിക്ക് മിണ്ടാൻ കഴിവില്ലെന്ന് കൂട്ടുകാർ തെറ്റിദ്ധരിക്കുക പോലും ചെയ്തു. അർജന്റീനയിൽ, ചെ ഗുവേര ജനിച്ച റൊസാരിയോവിൽ തന്നെ പിറന്ന മെസ്സിയുടെ മൈതാനത്തിലെ കഴിവുകൾ സൃഷ്ടിപരമായിരുന്നെങ്കിലും വ്യക്തി എന്ന നിലയിൽ ലജ്ജാലുവായിരുന്നു ഇയാൾ.
പത്താമത്തെ വയസ്സിലാണ് മെസ്സിക്ക് ഗ്രോത്ത് ഹോർമോൺ ഡഫിഷ്യൻസി ഉണ്ടെന്ന് തിരിച്ചറിയപ്പെടുന്നത്. ചികിത്സാ ചെലവുകൾ നൽകാനാവില്ലെന്ന് ന്യൂ എൽസ് അധികൃതർ പറഞ്ഞപ്പോൾ മാത്രമാണ് മെസ്സിയുടെ മാതാപിതാക്കൾ മറ്റു സാധ്യതകൾ തേടിത്തുടങ്ങിയത്. പതിമൂന്നാമത്തെ ജന്മദിനത്തിനു ശേഷമാണ് മെസ്സി ബാഴ്സലോണയിൽ പരിശീലനത്തിനെത്തുന്നത്.
ഫുട്‌ബോൾ ഇതിഹാസമായ ജൊഹാൻ ക്രയ്ഫ് നട്ടുവളർത്തി പെപ്പ് ഗാർദിയോളയെപ്പോലുള്ള ധിഷണാശാലികൾ വെള്ളമൊഴിച്ച് നിലനിർത്തിയ ബാഴ്സലോണ രീതികളാണ് മെസ്സിയിലെ പ്രതിഭയ്ക്ക് വളർന്നുപന്തലിക്കാനുള്ള വേദിയൊരുക്കിയത്. ബാല്യകാലത്തു തന്നെ ഫുട്ബോളിലെ അടിസ്ഥാനബോധ്യങ്ങളും ടാക്റ്റിക്സും ശക്തമാക്കി വേറിട്ട കളിക്കാരനായി മെസ്സിയെ മാറ്റിയത് ലാ മാസിയ അക്കാദമി ആണ്.
ബാഴ്സലോണയുടെ ആദ്യ ടീം ഡയറക്ടർ കാർലസ് റെഷാക്ക്, ഒരു റസ്റ്റോറന്റ്‌നാപ്കിനിൽ ധൃതിയിലെഴുതിക്കൊടുത്ത ആ കരാർ ഇല്ലായിരുന്നെങ്കിൽ ലോകഫുട്ബാളിന്റെ ഗതി വേറെയാകുമായിരുന്നു. 2000 ആയപ്പോൾ മെസ്സിയുടെ കുടുംബം ക്ഷമയുടെ അങ്ങേയറ്റത്ത് എത്തിയിരുന്നു. യൂറോപ്പിൽ ശൈത്യമെത്തുന്നു. ബാഴ്സലോണ കരാർ നൽകുകയും മെസ്സിയുടെ ഹോർമോൺ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാതിരിക്കുകയും ചെയ്താൽ അർജന്റീനയിലേക്ക് തിരിക്കാൻ കുടുംബം റെഡിയാവുന്നു.
പ്രതിഭാശാലിയായ വിങ്ങർ കൂടിയായ റെഷാക്ക് ക്രയ്ഫിന്റെ ടീംമേറ്റ് കൂടിയായിരുന്നു. ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച കളിക്കാരെയത്രയും പിന്നിലാക്കാൻ പോന്ന ഒരു അസാധാരണ പ്രതിഭയുമായാണ് കരാറുണ്ടാക്കുന്നതെന്ന് റെഷാക്ക് തിരിച്ചറിഞ്ഞിരുന്നു. റെഷാക്കിന്റെ ഒപ്പുപതിഞ്ഞ ആ റെസ്റ്റോറന്റ് നാപ്കിന് പിന്നീട് എന്തു സംഭവിച്ചു എന്ന് നമുക്ക് അറിഞ്ഞുകൂടാ. അതൊരു മില്യൺ ഡോളർ കടലാസാണെന്ന് ഇന്ന് നമുക്കറിയാം. അത് ബാഴ്സലോണയുടെയും ഫുട്ബോളിന്റെയും ചരിത്രം എന്നേക്കുമായി മാറ്റിയെഴുതി.
ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാം | ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 107
ജനലും വാതിലുമില്ലെങ്കിൽ ചിലർ ചുമരിലൂടെ നടക്കും, പുറത്തു കടക്കും | ദിലീപ് പ്രേമചന്ദ്രൻ