പന്തിനുള്ളിൽ​ചരിത്രം നിറച്ചവൻ,

1942ൽ ജനിച്ച മുഹമ്മദ് അലി വർണവെറി സ്വാഭാവിക നിയമമായിരുന്ന യു.എസ്സിൽ ഉണ്ടാക്കിയ സ്വാധീനം പിന്നീട് ഒരു സ്‌പോർട്‌സ് പേഴ്‌സണ് ഇത്രമേൽ ചെയ്യാനാവുന്നത് പെലെയിലൂടെ ബ്രസീലിലാണ്.

മരിക്കാത്തവൻ

നീണ്ട ജേണലിസം ജീവിതം, തിരക്കൊക്കെ വഴി മാറി ഇരുത്തത്തിലേക്ക് നീങ്ങുന്ന കരിയർ ദിവസങ്ങളിൽ പലരും തിരിഞ്ഞുനോട്ടം എന്ന മാനസിക വ്യായാമത്തിലേക്ക് എത്തിപ്പെടും. ജോലിയുടെ ഭൂതകാലത്തിലൂടെ സഞ്ചരിച്ച്, ആ ‘സംഭവം' റിപ്പോർട്ട് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് നിങ്ങൾ സുഹൃത്തുക്കളോട് പറയും. ഒരു സ്‌പോർട്‌സ് റൈറ്റർ എന്ന നിലയിൽ എന്റെ കാര്യത്തിൽ ഇത്തരം ഒരു ഭൂതകാലാഭിനിവേശം ഒന്നിനോടേയുള്ളൂ, 1970 ലെ ഫുട്ബാൾ ലോകകപ്പ് ഫൈനൽ.

മെക്‌സിക്കോ സിറ്റിയിലെ ഭീമാകാരമായ എസ്സ്‌റ്റേഡിയോ അസ്സ്‌റ്റേക്കാ.
1,07,412 കാണികൾ. മലമുകളിലെ കണ്ണടപ്പിക്കുന്ന വെയിൽ. അത്യസാധാരണമായ ബ്രസീലിയൻ ടീം മൂന്നാമതൊരു കപ്പ് നേടാനെത്തുന്നു. ഫുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പോരാട്ടങ്ങളിലൊന്നിൽ കരുത്തരായ ജർമനിയെ അതിലേറെ കരുത്തോടെ 4-3 എന്ന് കെട്ടുകെട്ടിച്ച ഇറ്റലിയാണ് എതിരാളികൾ.

1958 ലെ ബ്രസീലിയൻ ഫുട്ബോൾ ടീം
1958 ലെ ബ്രസീലിയൻ ഫുട്ബോൾ ടീം

1958ൽ, നോക്ക് ഔട്ട് മത്സരങ്ങളിലെ ഓരോന്നിലും ഗോളുകൾ സ്‌കോർ ചെയ്ത് ഫുട്ബാളിലെ അത്ഭുതബാലൻ എന്ന ഖ്യാതി നേടിയ പെലെ. 1962 ൽ ബ്രസീൽ തുടർച്ചയായി കപ്പുയർത്തിയപ്പോൾ അരയ്ക്ക് പരിക്കുമായി സൈഡ് ബെഞ്ചിലിരുന്ന് കളി കണ്ട പെലെ. 1966 ലോകകപ്പിൽ ബൾഗേറിയയുടെ ഡൊബ്രോമീർ ഷെച്ചേവും പോർച്ചുഗലിൻറെ ജോ മോറിസും ക്രൂരമായ ടാക്‌ളിംഗിലൂടെ പെലെയെ തൊഴിച്ചു പുറത്താക്കി. ഇനിയൊരു കളിക്കുമില്ലെന്ന് അതിനു ശേഷം പെലെ പ്രഖ്യാപിച്ചു.

1970 ൽ സഗാല്ലോ മെക്‌സിക്കോയിലേക്ക് കൊണ്ടുപോയ ടീം ആണ് ഏറ്റവും മികച്ച ഫുട്ബാൾ ടീം എന്നത് ഈ പ്രപഞ്ചത്തിൽ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പെലെ ഒഴികെ, എന്നതാണ് വിരോധാഭാസം!

1967ൽ പെലെ, സ്വയം പ്രഖ്യാപിച്ച അജ്ഞാതവാസത്തിലായിരുന്നു. ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ എന്ന് ഫുട്‌ബോൾ ലോകം ആശങ്കിച്ച വർഷം. 1968- 69 സീസണിൽ പക്ഷേ, പെലെ ഒരു വമ്പൻ തിരിച്ചുവരവ് നടത്തി. 16 കളികളിൽ 11 ഗോളുകൾ. ജോ സാൽദാനയാണ് അന്ന് ബ്രസീലിയൻ കോച്ച്. പെലെയെ ആരാധിക്കുന്ന കോച്ച്. പക്ഷേ, എങ്ങനെയാണെന്നറിയില്ല, പെലെയെ ടീമിൽ എടുക്കണ്ട എന്നൊരു വട്ടൻ ഐഡിയ അദ്ദേഹത്തിനുണ്ടായിരുന്നു. എന്തായാലും ആ ഐഡിയ വിജയിച്ചില്ല. മറ്റൊരു കോച്ച്, സാൽദാനയുടെ ഗെയിം ടാക്ക്റ്റിക്‌സിനെ വിമർശിച്ച് രംഗത്തുവന്നപ്പോൾ റിവോൾവർ ചൂണ്ടിയാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഫലം: ബ്രസീലിയൻ ഫുട്ബാൾ ഫെഡറേഷൻ പുതിയ കോച്ചിനെ വെച്ചു. മാരിയോ സഗാല്ലോ, 1958 വിജയത്തിൽ പെലെയുടെ ടീം മേറ്റ്.

1970 ലെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന പെലെ
1970 ലെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന പെലെ

70 ൽ സഗാല്ലോ മെക്‌സിക്കോയിലേക്ക് കൊണ്ടുപോയ ടീം ആണ് ഏറ്റവും മികച്ച ഫുട്ബാൾ ടീം എന്നത് ഈ പ്രപഞ്ചത്തിൽ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.
പെലെ ഒഴികെ, എന്നതാണ് വിരോധാഭാസം!
പെലെയ്ക്ക് വ്യക്തി മികവിന്റെ കാര്യത്തിൽ 1958ലെ ടീമാണ് ടീം. ഗോൾകീപ്പറായി ഗിൽമാർ, ഇടത് ഡിഫൻസിൽ നിൽട്ടൺ സാന്റോസ്, മിഡ്ഫീൽഡിൽ ദിദിയും സിറ്റോയും. ഗരിഞ്ചയും സഗാല്ലോയും വാവയും താനുമുൾപ്പെട്ട നാലംഗ മുൻനിര.

പെലെ എപ്പോഴും ആവേശവാനായിട്ടുള്ളത് 1958ൽ ഫൈനലിൽ സ്വീഡനെതിരെ നേടിയ ഗോളുകളിൽ ഒന്നിനെ പറ്റിയാണ്. ബ്രസീലുകാർ അതിനെ ‘ദ ഹാറ്റ്’ എന്നാണ് വിളിക്കുന്നത്.

പെലെ പറയുന്നതും ശരിയായിരിക്കാം. പക്ഷേ, 58 ലോകകപ്പ് ലോകത്ത് വളരെ കുറച്ച് രാജ്യങ്ങളിലുള്ളവരേ ടെലിവിഷനിൽ കണ്ടിട്ടുള്ളൂ, അതും 1970 ലെപ്പോലെ അഭൂതപൂർവമായ ടെക്‌നികളറിൽ അല്ല താനും. 70 ടീം വ്യക്തിഗത മികവിന്റെ കാര്യത്തിലും എന്തെങ്കിലും കുറവു കാണിച്ചില്ല. 12 കൊല്ലം മുമ്പ് ദിദി കാണിച്ച മികവിൽ ജേഴ്‌സൺ മിഡ്ഫീൽഡ് നിയന്ത്രിച്ചു. റിവലീനോയുടെ മൂന്നു ഗോളുകൾ. ടൊസ്റ്റാവോയുടെ രണ്ട്. എല്ലാ റൗണ്ടിലും സ്‌കോർ ചെയ്ത ജെയർസീനോ. പലപ്പോഴും പെലെയോടൊപ്പം കാന്തത്തിനോട് മൊട്ടുസൂചികൾ എന്ന പോലെ ഡിഫന്റർമാർ ഒട്ടി നിൽക്കുന്നതുകൊണ്ട് ധാരാളി ആയത് ജെയർസീനോ ആണ്.

പെലെയുടെ ബൈസിക്കിൾ കിക്ക്
പെലെയുടെ ബൈസിക്കിൾ കിക്ക്

പെലെയുടെ കാര്യമോ? ഗ്രൂപ്പ് ഫേസിൽ മൂന്ന്. പണ്ടത്തെ ടീം മേറ്റ് ദിദി കോച്ച് ചെയ്ത പെറുവിനെതിരെ ക്വാർട്ടറിലും ഉറുഗ്വായ്‌ക്കെതിരെ സെമിയിലും നൽകിയ ഉജ്വല അസിസ്റ്റുകൾ പുറമെ. പക്ഷേ, ആ കപ്പിൽ പെലെയ്ക്ക് പിറക്കാതെ പോയ ഗോളുകളാണ് ഫുട്ബാൾ പ്രേമികൾ ഓർക്കുന്നത്. ചെക്കോസ്ലാവാക്യക്കെതിരെ 180 അടി ഇപ്പുറത്ത് നിന്ന്​ നൽകിയ തകർപ്പൻ ലോബ് ഒരു രോമത്തിന്റെ വ്യത്യാസത്തിന് ഗോളാവാതിരുന്നത്. ജെയർസീനോയുടെ ക്രോസിൽ പെലെ തൊടുത്ത ഹെഡ്ഡർ ഇംഗ്ലീഷ് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്‌സ് അത്യൽഭുതകരമായി രക്ഷപ്പെടുത്തിയത്. അങ്ങനെയങ്ങനെ...

പെലെ എപ്പോഴും ആവേശവാനായിട്ടുള്ളത് 1958ൽ ഫൈനലിൽ സ്വീഡനെതിരെ നേടിയ ഗോളുകളിൽ ഒന്നിനെ പറ്റിയാണ്. ബ്രസീലുകാർ അതിനെ ‘ദ ഹാറ്റ്’ എന്നാണ് വിളിക്കുന്നത്. അന്തം വിട്ട ഡിഫൻഡറുടെ തലയ്ക്കു മുകളിലൂടെ ഫ്ലിക്ക് ചെയ്ത ശേഷം അയാളെ മറികടന്നോടി വലയുടെ മൂലയിലേക്ക് വോളി ചെയ്ത് നിർമിച്ച ഗോൾ. അത്, 5 - 2 വിജയത്തിലെ മൂന്നാമത്തെ ഗോൾ ആയിരുന്നു.

1958 ലെ വേൾഡ് കപ്പ് ഫൈനലിൽ പെലെ
1958 ലെ വേൾഡ് കപ്പ് ഫൈനലിൽ പെലെ

വർഷങ്ങൾക്കുശേഷം ‘ദ ഹാറ്റി’ന്റെ നൊസ്റ്റാൾജിയയോടെ സ്റ്റോക്‌ഹോമിലെ റാസിൻഡാ സ്റ്റേഡിയത്തിന് അര ഭൂഗോളം അപ്പുറത്തുള്ള അസ്റ്റേക്കായിൽ എത്തുന്ന പെലെ. 1970 ഫൈനലിൽ പെലെയാണ് സ്‌കോറിംഗ് തുറക്കുന്നത്. എണ്ണം പറഞ്ഞ ആ ഹെഡ്ഡറിലുണ്ട് പെലെയുടെ ഫുട്ബാളിന്റെ സംക്ഷിപ്തചരിത്രം. അത് വായിക്കുമ്പോൾ ഈ സുന്ദര ഗെയിമിന്റെ നാല് അധ്യായങ്ങളും കാണാം;
പവർ. അത്​ലെറ്റിസിസം. ബാലൻസ്. ടൈമിംഗ്.

1958ലെ വിജയത്തിലെ പെലെയുടെയുടെ റോൾ ബ്രസീലിന് ഫുട്ബാളിന്റെ മാത്രം ചരിത്രത്തിൽ എഴുതിയിടാൻ പറ്റുന്നതല്ല. ബ്രസീലിലെ നല്ലൊരു ശതമാനം വരുന്ന കറുത്ത വർഗക്കാരുടെ വിമോചനസ്വപ്നങ്ങളിലും പെലെയുടെ ഗോളുകൾ ചരിത്രമെഴുതി.

അൽഭുതകരമായ വ്യക്തിഗത മികവുള്ള നിരവധി ടീമുകൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. 2010 ലെ സ്‌പെയിൻ. നിരവധി പ്രതിഭകൾ. പക്ഷേ, ട്രോഫി നേടിയ അവർക്ക് ആ ടൂർണമെന്റിൽ ആകെ എട്ടു ഗോളുകൾ മാത്രമാണ് നേടാനായത്. 1970 ൽ മൂന്ന് നോക്ക് ഔട്ട് ഗെയിമിൽ മാത്രം ബ്രസീൽ 11 ഗോളുകൾ നേടി. കളർ ടെലിവിഷനിൽ ഇതാദ്യമായി കളി കണ്ട ലക്ഷങ്ങൾക്ക് ബ്രസീൽ കാണിച്ചു കൊടുത്തത് കേവലം ഫുട്ബാൾ ആയിരുന്നില്ല.It was poetry by another name.

അതിൽ കളിക്കാരുടെയും കാണികളുടെയും ആനന്ദനിർവൃതിയുടെ സംക്ഷേപകൻ, പെലെ അല്ലാതെ മറ്റാരുമായിരുന്നില്ല.

മോസിർ ബർബോസ
മോസിർ ബർബോസ

1958ലെ വിജയത്തിലെ പെലെയുടെ റോൾ ബ്രസീലിന് ഫുട്ബാളിന്റെ മാത്രം ചരിത്രത്തിൽ എഴുതിയിടാൻ പറ്റുന്നതല്ല. ബ്രസീലിലെ നല്ലൊരു ശതമാനം വരുന്ന കറുത്ത വർഗക്കാരുടെ വിമോചനസ്വപ്നങ്ങളിലും പെലെയുടെ ഗോളുകൾ ചരിത്രമെഴുതി. 1950 ലെ ലോകകപ്പിലെ ഫൈനലിൽ ഉറൂഗ്വായോട് തോറ്റതിന് എല്ലാ കുറ്റവും കറുത്ത ഗോളിയായ മോസിർ ബർബോസയുടെ മേൽ ചുമത്തുക മാത്രമല്ല, കറുത്ത ജനതയെ മുഴുവൻ വിശ്വസിക്കാൻ കൊള്ളാത്തവരായി വിധിക്കുകയായിരുന്നു അവിടത്തെ പൊതുബോധം. 1942ൽ ജനിച്ച മുഹമ്മദ് അലി, വർണവെറി സ്വാഭാവിക നിയമമായിരുന്ന യു.എസ്സിൽ ഉണ്ടാക്കിയ സ്വാധീനം, പിന്നീട് ഒരു സ്‌പോർട്‌സ് പേഴ്‌സണ് ഇത്രമേൽ ചെയ്യാനായത് പെലെയിലൂടെ ബ്രസീലിലാണ്.

മുഹമ്മദ് അലിയോടൊപ്പം പെലെ
മുഹമ്മദ് അലിയോടൊപ്പം പെലെ

ട്രസ് കരാക്കോസിലെ തെരുവിൽ പത്രക്കടലാസ് ചുരുട്ടിയുണ്ടാക്കിയ പന്തുപോലൊരു സാധനം തട്ടിക്കളിച്ച ഒരു പയ്യൻ, പോപ്പും രാഷ്ട്രത്തലവൻമാരും ആവേശത്തോടെ കാത്തിരുന്ന കളിക്കാരനായി മാറിയ കഥ അടിച്ചമർത്തപ്പെട്ട എല്ലാവർക്കും ആവേശഭരിതമായ പ്രതീക്ഷകളുണ്ടാക്കും. ബോക്‌സിംഗ് റിംഗിന് പുറത്ത് അലിയെപ്പോലെ, സ്വാഭിമാനത്തിന്റെയും അന്തസ്സിന്റെയും പുതിയ ആഗോളതുറസ്സുകൾ പെലെയും തുറന്നുകൊടുത്തു. അലിയെപ്പോലെ പ്രത്യക്ഷ രാഷ്ട്രീയം പറഞ്ഞില്ല പെലെ. പക്ഷേ, തുല്യമായ രാഷ്ട്രീയ ചിന്തകൾ പേറുന്ന, ജമൈക്കൻ റെഗ്ഗെ താരകം ബോബ് മാർലിയെപ്പോലുള്ളവർ പെലെയെ ആരാധിച്ചു. പെലെയെപ്പോലെ പെലെയുടെ ക്ലബ്ബായ സാന്റോസിന്റെയും ആരാധകനായിരുന്നു മാർലി. മാർലി അകാലത്തിൽ അന്തരിച്ചു. മാർലിയുടെ മക്കളോട് പിന്നീടൊരിക്കൽ പെലെ പറഞ്ഞു: എപ്പോഴെങ്കിലും നേരിട്ട് കണ്ടിരുന്നെങ്കിൽ ഞങ്ങൾ ഒന്നിച്ച് സംഗീതം ഉണ്ടാക്കുമായിരുന്നു.

ബോബ് മാർലി
ബോബ് മാർലി

മാർട്ടിൻ ലൂതർ കിംഗ്, മാൽക്കം എക്‌സ്, നെൽസൺ മണ്ടേല എന്നിങ്ങനെ കറുത്തവരുടെ മനുഷ്യാവകാശങ്ങളുടെയും അംഗീകാരത്തിനു വേണ്ടിയുള്ള സമരങ്ങളുടേയും ഐക്കണുകൾ നമുക്കുണ്ട്. അങ്ങനെ വേർതിരിച്ചു കാണേണ്ടതല്ലാത്ത ഐക്കണുകൾ വേറെയും ഉണ്ട്. പെലെ, അലി, ജസ്സി ഒവൻസ്, മാർലി, സിഡ്‌നി പൊയ്‌റ്റിയർ എന്നിങ്ങനെ കറുത്ത നിറം അധമ നിറമല്ലെന്ന് ലോകത്തെക്കൊണ്ട് വൈകിയെങ്കിലും അംഗീകരിപ്പിച്ച ഐക്കണുകൾ, രാഷ്ട്രീയ നേതാക്കൾക്ക് പുറത്തും ഉണ്ട്.

ഗാർഡിയനിൽ റിച്ചാർഡ് വില്യംസ് എഴുതി. പല രാഷ്ട്രങ്ങളിലെ പല ആരാധകരെ സംബന്ധിച്ചും അവർ ഓർമയിൽ സൂക്ഷിച്ച ഇത്രക്ക് സങ്കീർണമായ ഒരു വിദേശ നാമം എഡ്‌സൺ അരാന്റസ് ഡൊ നാസിമെന്റോ എന്നതുപോലെ വേറെയൊന്നുണ്ടാവില്ല. അസ്റ്റേക്കാ സ്റ്റേഡിയത്തിലെ മൂന്നാം ബ്രസീൽ വിജയത്തിനും കാൽനൂറ്റാണ്ട് കഴിഞ്ഞ് ഉറുഗ്വൻ ചിന്തകനായ എഡ്വേർഡോ ഗലീനോ എഴുതി: പെലെ കളിക്കുന്നത് കാണാൻ ഭാഗ്യമുണ്ടായ നമുക്ക് അത്യപാരമായ സൗന്ദര്യം ദാനം കിട്ടിയതുപോലെ തോന്നും. അമരമായതെന്ന് തീർത്തും പറയാവുന്ന നിമിഷങ്ങൾ. അമരത്വം ശരിക്കും ഉണ്ടെന്ന് നമ്മെ വിശ്വസിപ്പിക്കുന്ന നിമിഷങ്ങൾ.

മാർട്ടിൻ ലൂതർ കിംഗ്, മാൽക്കം എക്‌സ്, നെൽസൺ മണ്ടേല
മാർട്ടിൻ ലൂതർ കിംഗ്, മാൽക്കം എക്‌സ്, നെൽസൺ മണ്ടേല

ഗലീനോ പറഞ്ഞത് ശരിയാണ്. പെലെക്ക് മരിക്കാൻ പറ്റില്ല.
ഫുട്ബാൾ എന്ന സുന്ദര പ്രതിഭാസമുള്ളിടത്തോളം പെലെയും ഉണ്ടാവും,
​സൗന്ദര്യമായി.
അമരത്വമായി.
സന്തോഷാതിരേകമായി. ▮

(വിവർത്തനം: കമൽറാം സജീവ്)


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments