EURO: 2024 ബെല്ലിങ്‌ഹാം, ജൻസ, വെഹോസ്റ്റ്: ഇന്നലത്തെ താരങ്ങൾ,ഇന്ന് മ്പാപ്പേയുടെ ആദ്യകളി

Think

ഇംഗ്ലണ്ട്: റാങ്ക് 4, സെർബിയ : റാങ്ക് 33. റാങ്കിലെ ഈ വ്യത്യാസത്തേക്കാൾ വലുതായിരുന്നു ഇംഗ്ലീഷ് മീഡിയ സ്വന്തം ടീമിനു നൽകിയ വലുപ്പം. എന്നാൽ മീഡിയ മനക്കോട്ടകളെ വെല്ലുന്ന പ്രകടനമായിരുന്നു സെർബിയയുടേത്, പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. പതിമൂന്നാം മിനുട്ടിൽ റിയൽ മാഡ്രിഡിന്റെ സൂപ്പർസ്റ്റാർ ജൂഡ് ബെല്ലിങ്ഹാം അതിസുന്ദര ഹെഡ്ഡറിലൂടെ നേടിയ ഗോളിന്റെ ബലത്തിൽ ഇംഗ്ലണ്ട്, പക്ഷേ പെരുമ നിലനിർത്തി. 0-1. രണ്ടാം പകുതിയിൽ ടീം ഇംഗ്ലണ്ട് അസാമാന്യമായി വിയർത്തു.

21-ാം റാങ്കുള്ള ഡെൻമാർക്ക് 57-ാം റാങ്കുള്ള സ്‌ലൊവീനിയയെ നേരിട്ടതായിരുന്നു മറ്റൊരു കളി. മൂന്നു വർഷം മുമ്പ് യൂറോ കപ്പിനിടെ കളിക്കളത്തിൽ ഹൃദ്രോഗത്താൽ ബോധരഹിതനായ ക്രിസ്റ്റ്യൻ എറിക്സൺ ആയിരുന്നു കളിക്കു മുൻപേ തന്നെ ശ്രദ്ധാ കേന്ദ്രം. എറിക്സൺ 17-ാം മിനുറ്റിൽ നേടിയ ഗോൾ അൽഭുതകരമായ ഡെൻമാർക്ക് ആധിപത്യത്തിലേക്കൊന്നും നീങ്ങിയില്ല. സ്ലൊവീനിയ സമർത്ഥമായി എതിരിട്ടു. സമയത്തിന്റെ 64 ശതമാനവും പന്ത് ഡെൻമാർക്കിന്റെ കാലിലായിരുന്നിട്ടും. ആ സാമർഥ്യം 77-ാം മിനുറ്റിൽ എറിക് ജൻസയിലൂടെ സ്ലൊവീനിയൻ ഗോളായി, സ്കോർ 1-1.

ലുസൈൽ യുദ്ധം എന്നറിയപ്പെടുന്ന ഒരു ഇതിഹാസ കളിയുണ്ട് ഫുട്ബോളിന്റെ സമകാലിക ചരിത്രത്തിൽ. മറക്കാനിടയില്ല ആ യുദ്ധം. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ കഴിഞ്ഞ ലോകകപ്പിൽ, ക്വാർട്ടർ ഫൈനലിൽ അർജൻ്റീനിയൻ വിജയം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീട്ടിക്കൊടുത്ത ഒരു കളിക്കാരനുണ്ടതിൽ: വൗട്ട് വെഹോസ്റ്റ്. നെതർലൻഡ്സ് സൈഡിൽ നിന്നും രണ്ടു ഗോളുകളായിരുന്നു മൂപ്പരുടെ സംഭാവന. അതിൽ രണ്ടാമത്തേത് സ്കോർ ഈക്വലൈസർ. ഇന്നലെ, പോളണ്ടുമായുള്ള കളിയിൽ കളിതീരാൻ ഏഴു മിനുറ്റുള്ളപ്പോൾ സ്കോർ 1-1 ആയിരുന്നു. 16-ാം മിനുറ്റിൽ ആദം ബുക്സ നടത്തിയ പോളിഷ് ഞെട്ടിക്കലിനു 15 മിനുറ്റിനു ശേഷം കോഡി ഹപ്കോ നൽകിയ മറുപടിയിൽ സമനില ഭീതിയിൽ തൂങ്ങിയ ഡച്ച് ടീമിന് വൗട്ട് വെഹോസ്റ്റിന്റെ 83-ാം മിനുറ്റ് ഗോൾ. സ്കോർ 1-2

ഇന്ന് കിലിയൻ മ്പാപ്പേ കളിക്കുന്ന ദിവസമാണ്. ഫ്രാൻസ്- ഓസ്ട്രിയ. മറ്റു രണ്ടുകളികൾ: റൊമാനിയ - ഉക്രൈൻ, ബെൽജിയം - സ്ലൊവാക്കിയ. മൂന്നും സോണി ലിവിൽ കാണാം.

Comments