യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഗോൾ പിറന്നത് യൂറോ 2004 ലാണ്. ഇരുപതു വർഷം മുമ്പ്. സ്വിറ്റ്സർലൻഡ് ടീമിലെ ജൊഹാൻ വോൺലാൻഥൻ ഫ്രാൻസിനെതിരെ നേടിയ തകർപ്പൻ ഈക്വലൈസർ. അന്ന് ജനിച്ചിട്ടു പോലുമില്ല, ലാമീൻ യമാൽ.
ഇന്നലെ യൂറോ സെമിയിൽ കളി തുടങ്ങി എട്ടാം മിനുറ്റിൽ തന്നെ ഫ്രാൻസിന്റെ റൻഡാൽ കോളോ മുആനി ആദ്യ ഗോൾ നേടി. പതിമൂന്ന് മിനുറ്റ് കഴിഞ്ഞു. ഫുട്ബോൾ ഭൂഖണ്ഡത്തിലെ പുതിയ ഇതിഹാസ സ്പാനിഷ് ബാലൻ, യമാൽ, എണ്ണം പറഞ്ഞ ഈക്വലൈസറിലൂടെ മറുപടി നൽകി. ജൊഹാന്റെ റെക്കോർഡ് തകർന്നു.
യൂറോ ചരിത്രത്തിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ യമാൽ ആയി.
ആ ഗോൾ സമയത്ത് യമാലിന്റെ പ്രായം 16 വർഷം 362 ദിവസം. മുമ്പത്തെ റെക്കോഡുകാരൻ ജൊഹാന്റെ റെക്കോഡ് ഗോൾ സമയത്തെ പ്രായം 18 വർഷം 141 ദിവസം. എക്കാലത്തെയും വലിയ ഫുട്ബോൾ ലെജൻഡുകളിൽ ഒരാളായ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ യൂറോ ഗോൾ പിറക്കുമ്പോൾ (2004 ൽ , ഗ്രീസിനെതിരെ) പ്രായം 19 വർഷം 128 ദിവസം.
പ്രായത്തിന്റെ കണക്കുകളിലോ റെക്കോഡുകളിലോ മാത്രം ഒതുങ്ങുന്നതല്ല യമാലിന്റെ ഗോൾ. ഫ്രാൻസ് പോലെ ശക്തമായ ഒരു ടീമിനോട്,ഗോൾ നിലയിൽ തുടക്കത്തിലേ പിറകിലായിപ്പോയ സ്പെയിൻ ഉജ്വലമായി തിരിച്ചു വന്നു ( 2-1 ). ഫൈനലിലേക്ക് കടന്നു. മ്യൂണിക്ക് ഫുട്ബോൾ അറീനയിൽ ഇന്നലെ കണ്ടത് പുതിയ സ്പാനിഷ് സൂര്യോദയമായിരുന്നു.
യമാലിന്റെ ഈക്വലൈസർ കഴിഞ്ഞ് നാലു മിനുറ്റുകളേ വേണ്ടി വന്നുള്ളൂ ഡാനി ഒൽമോയുടെ വിന്നറിന്. യൂറോ തുടങ്ങും മുമ്പ് ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ആരും പ്രവചിച്ചിട്ടില്ലാത്ത സ്പെയിൻ, 2010 ലെ ലോക ചാമ്പ്യന്മാർ, അക്കാലത്തെ പ്രതാപം വീണ്ടെടുത്താണ് ഞായറാഴ്ച ബെർലിനിലെത്തുന്നത്. ഇറ്റലി, ക്രൊയേഷ്യ, ജർമനി, ഫ്രാൻസ്’: ഫൈനലിലെത്താൻ ഈ ടൂർണമെൻ്റിൽ സ്പെയിൻ തോൽപ്പിച്ചത് ഈ ടീമുകളെയാണ് എന്നോർക്കുമ്പോൾ യൂറോ 2024 കിരീടം സ്പെയിൻ നേടും എന്നാരെങ്കിലും ആഗ്രഹിച്ചാൽഅവരെ കുറ്റം പറയാനാവില്ല. കളി കഴിഞ്ഞ് സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫൊണ്ടേ പറഞ്ഞത് കൂടി ഓർക്കാം: “ I am grateful for being able to lead 26 geniuses on the pitch”.