ഇന്നലെ നിക്കോ വില്യംസ്, ഇതാ വരുന്നു സ്പെയിൻ, നിരാശാഭരിതം ഇംഗ്ലണ്ട്

Think

ഈ യൂറോ കപ്പിൽ കളി തുടങ്ങുന്നതിന് മുമ്പ് ഒരു ഫുട്ബോൾ പണ്ഡിറ്റിൻ്റെയും ലിസ്റ്റിംഗിൽ സ്പെയിൻ ഉണ്ടായിരുന്നില്ല. എന്നാലിന്നലെ സ്ഥിതി മാറി. കളിയിൽ ഉടനീളം ആധിപത്യം പുലർത്തി,നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപ്പിച്ച് സ്പെയിൻ യൂറോ 2024 ൽ പുതിയ ചാപ്യൻഷിപ്പ് സാധ്യതകൾ തുറന്നു 16 വയസുകാരൻ ലാമീൻ യമാൽ ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ, ക്രൊയേഷ്യയെ 3-0 ന് തോൽപ്പിച്ചപ്പോൾ കളിയിലെ താരകം. ഇത്തവണ 21 കാരൻ നിക്കോ വില്യംസ് ആയിരുന്നു നിറഞ്ഞു കളിച്ചത്. യമാലും നിക്കോയും നാളത്തെ മാറഡോണയോ മെസ്സിയോ റൊണാൾഡോയോ ആകുമെന്ന് നേരത്തെ നിരൂപണങ്ങൾ രചിക്കപ്പെട്ടിരുന്നു.

ഇത് പുതിയ സ്പെയിൻ സൂര്യോദയം ആണെന്നാണ് പ്രശസ്ത ഫുട്ബോൾ നിരൂപകനായ ഗില്ലെം ബാലേഗ് പറയുന്നത്." 2012 നു ശേഷം ലോകം കണ്ട മികച്ച സ്പാനിഷ് ടീം”. ശരിയാണ് : 2008 മുതൽ 2012 വരെ എന്തായിരുന്നു സ്പാനിഷ് ഡോമിനൻസ് ! രണ്ട് യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ഒരു വേൾഡ് കപ്പ്. ഇന്നലെ സ്പെയിൻ കളിച്ച ഫോമിൽ ഒന്നിലേറെ ഗോളുകൾ സ്പെയിൻ കളിക്കാരിൽ നിന്നു തന്നെ പിറക്കേണ്ടതാണ്. വിജയ ഗോൾ പക്ഷേ, അൽവാരോ മൊറോട്ടോയുടെ നീക്കം തടയുന്നതിനിടെ ഇറ്റലിയുടെ റിക്കാർഡോ കാലാഫിയോറിയുടെ കാൽ മുട്ടിൽ നിന്നു പിറന്ന സെൽഫ് ഗോൾ ആണ്. അമ്പത്തിയഞ്ചാം മിനുട്ടിൽ.

ഈ വിജയത്തോടെ, സ്പെയിൻ അവസാന 16 ലേക്ക് സ്ഥാനമുറപ്പിച്ചു. ഇറ്റലിക്ക് സാധ്യത പൂർണമായടഞ്ഞിട്ടില്ല. തിങ്കളാഴ്ച ക്രൊയേഷ്യയുമായിട്ടാണ് കളി കഴിഞ്ഞ രണ്ടു ലോകകപ്പിലും ആദ്യ മൂന്നിൽ ഇടം പിടിച്ച ടീമാണ് ക്രൊയേഷ്യ. ഇറ്റലിയാവട്ടെ ആ രണ്ടു കപ്പിലും കളിക്കാൻ പോലും യോഗ്യത നേടിയിരുന്നില്ല.

മറ്റൊരു കളിയിൽ കളിക്കുന്നതിനു മുമ്പേ കപ്പടിച്ചു എന്ന് ഇംഗ്ലീഷ് ഫുട്ബോൾ- മീഡിയ തമ്പുരാക്കന്മാർ ദിവസവും വീര കഥകളെഴുതുന്ന ഇംഗ്ലീഷ് ടീമിനെ ഡെൻമാർക്ക് പിടിച്ചു കെട്ടി. മാത്രമല്ല, അമ്മാതിരി മികച്ച ഒരു ടീമൊന്നുമല്ല ഇംഗ്ലണ്ട് എന്ന് കളിക്കളത്തിൽ കാണിച്ചും കൊടുത്തു. കളി നടന്ന ഫ്രാങ്ക്ഫർട്ട് അറീനയിൽ നിന്ന് ദ ഗാർഡിയൻ്റെ ബാർനി റോനെയ് സമ്മതിച്ചു: England look terrified and they have no functioning midfield. പ്രശസ്ത ഫുട്ബോൾ ലേഖകനായ ജോനാഥൻ ല്യൂ എഴുതി: England hit new low with dire performance too bad to be boring. ഹാരി കെയ്ൻ 18-ാം മിനുറ്റിൽ നേടിയ ഇംഗ്ലീഷ് ഗോളിന് ഡെൻമാർക്കിൻ്റെ മോർട്ടൺ ഹ്യൂൽമാൻഡിൻ്റെ ഗോളിലൂടെ 34-ാം മിനുറ്റിൽ മറുപടി.

ചരിത്ര വിജയത്തിന് അടുത്തെത്തിയ സ്ലൊവേനിയയെ സെർബിയയുടെലൂക്കാ ജോവിക് അവസാന നിമിഷം നേടിയ ഗോളിലൂടെ സമനിലയിൽ പിടിച്ചു. 1-1

ഇന്ന് ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടരക്ക് നെതർലാൻഡ്സ് ഫ്രാൻസിനെ നേരിടും. പരിക്കു പറ്റിയ കിലിയൻ മ്പാപ്പേ കളിക്കുമോ എന്ന് ഉറപ്പായിട്ടില്ല. മറ്റു രണ്ടു കളികൾ ഉക്രൈൻ /സ്ലൊവാക്യ, പോളണ്ട് /ഓസ്ട്രിയ. മത്സരങ്ങൾ തത്സമയം സോണി ലിവിൽ

Comments